നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

Patient 27 - Part 1


പ്രിയ സുഹൃത്തുക്കളേ!
ഒരിക്കൽ കൂടി ഞാനൊരു പുതിയ നോവലുമായി വരികയാണ്. ‘പേഷ്യന്റ്-27’ ഒരു സ്പൈ നോവലാണ്. അധികം ഭാഗങ്ങളില്ല. ‘മാൻ ഫ്രം ല്യൂസിയാന’യിലൂടെ നിങ്ങൾക്ക് സുപരിചിതയായ ‘നതാലിയ മിഷേലെന’യുടെ ഒരു മിഷൻ സ്റ്റോറിയാണിത്.
പ്രത്യേകം ശ്രദ്ധിക്കുക. കുട്ടികൾക്ക് വായനായോഗ്യമല്ല ഈ നോവൽ!
Contains Strong Language & Mild sexual references! എവിടെയെങ്കിലും ഞാൻ പരിധി ലംഘിക്കുന്നുണ്ടെന്നു തോന്നിയാൽ മാന്യവായനക്കാർ കമന്റിലൂടെ ഓർമ്മിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
കൂടാതെ, മറ്റൊരു പ്രധാന കാര്യം. ഇത് എഴുതി പൂർത്തിയാക്കിയ കഥയല്ല. അതിനാൽ, പാർട്ടുകൾ തമ്മിൽ നാലു മുതൽ അഞ്ചു ദിവസങ്ങൾ വരെ ഗ്യാപ്പ് വന്നേക്കാം. സുഹൃത്തുക്കൾ സഹകരിക്കുമല്ലോ.
നന്ദി.
Alex John
^^^^^^^^^^^^^^
പേഷ്യന്റ്-27
^^^^^^^^^^^^^^
************
Prologue
************
ന്യൂറോ-വെൽ സൈക്കിയാട്രിക്ക് ക്ലിനിക്ക്, ഭാണ്ഢൂപ് - മുംബൈ - 11:00 AM
രണ്ടു കൈകളിലും മുഖം താങ്ങി, കണ്ണുകളിൽ വിരലുകൾ മൃദുവായി അമർത്തി ഡോക്ടർ രഘുചന്ദ്ര ചിന്തയോടെ ഇരിക്കുകയാണ്. വിരലുകൾക്കിടയിലൂടെ, മേശപ്പുറത്ത് നിവർത്തി വെച്ചിരിക്കുന്ന ലാപ്പ്ടോപ്പ്പിലെ സ്ക്രീനിലേക്ക് ഇടക്കിടെ നോക്കുന്നുമുണ്ട് അദ്ദേഹം.
മേശക്കെതിർവശത്തായി ഒരു യുവാവിരിക്കുന്നുണ്ട്. ഏതാണ്ട് 30 വയസ്സ് പ്രായം തോന്നിപ്പിക്കുന്ന, വളരെ അസ്വസ്ഥനായി കാണപ്പെട്ട ഒരു ചെറുപ്പക്കാരൻ. ഏതു നിമിഷവും പൊട്ടിത്തെറിച്ചേക്കാമെന്നു തോന്നിപ്പിച്ചു അയാളുടെ മുഖഭാവം.
“സുജിത്ത്! ഞാൻ പറയുന്നത് ശ്രദ്ധിച്ച് കേൾക്കണം. താങ്കൾക്ക് യാതൊരു തരത്തിലുള്ള മാനസീക പ്രശ്നങ്ങളുമില്ല. ഒരല്പ്പം ദേഷ്യക്കാരനാണെന്നു മാത്രം. കൂടാതെ, ഞാൻ അന്നു തന്ന മരുന്നുകൾ മുടങ്ങാതെ കഴിക്കുന്നുമില്ല.പിന്നെ എനിക്കെങ്ങനെ താങ്കളെ ഹെല്പ് ചെയ്യാനാകും ?”
“പ്രശ്നങ്ങളില്ലെങ്കിൽ പിന്നെ ഞാനെന്തിനാ മരുന്നു കഴിക്കുന്നത് ?”
“ശ്രദ്ധിക്കൂ സുഹൃത്തേ...താങ്കൾക്ക്-”
“ഡോക്ടർ! ഈ പുറകിൽ കാണുന്ന ഡിഗ്രിയൊക്കെ നിങ്ങൾക്ക് ശരിക്കും ഉള്ളതു തന്നെയാണോ ?“ അയാൾ പെട്ടെന്നാണ് കോപാകുലനായത്. “എന്റെ ജീവിതം നശിപ്പിച്ചു നിങ്ങൾ. അറിയാമോ ?”
“കാം ഡൗൺ സുജിത്ത്! നമുക്ക് സംസാരിക്കാം. നിങ്ങൾക്കെന്തൊക്കെയോ തെറ്റിദ്ധാരണകളാണ്.”
“എങ്കിൽ എനിക്ക് എല്ലാം വിശദമായി പറഞ്ഞു തരൂ. എന്താണ് നിങ്ങളുടെ ഉദ്ദേശം ? എന്തിനാണെന്നെ ഇവിടെ അഡ്മിറ്റ് ചെയ്തിരിക്കുന്നത് ? ഹൂ ദ ഫക്ക് ആർ യൂ ? ” അയാൾ ഇരു കൈകളും മേശമേൽ അമർത്തിക്കൊണ്ട് പതിയെ എഴുന്നേറ്റു നിന്നു.
പന്തികേടാണെന്നു മനസ്സിലായതും ഡോക്ടർ മേശക്കടിയിലുള്ള ഒരു സ്വിച്ചമർത്തി.
സുജിത്തിന്റെ ചുണ്ടുകൾ വിറക്കുന്നുണ്ടായിരുന്നു. കണ്ണുകളിൽ നിന്ന് തീ പാറുന്നതു പോലെ.
“യൂ ആർ നോട്ട് എ സൈക്കിയാട്രിസ്റ്റ്! എനിക്കതുറപ്പാണ്. നിങ്ങൾ മറ്റെന്തൊക്കെയോ ആണിവിടെ ചെയ്യുന്നത്. ഞാൻ നിങ്ങൾക്ക് ഒരു ഗിന്നി പിഗ്ഗ് മാത്രം.” അസ്വഭാവികമാം വിധം തുറിച്ചു നിന്ന അവന്റെ കണ്ണുകളിൽ കൃഷ്ണമണിയുടെ വലുപ്പം കൂടി വന്നു.
അപ്പോഴേക്കും വാതിൽ തുറന്ന് കുറേ അറ്റൻഡർമാർ അകത്തേക്ക് ഇരച്ചു കയറിയിരുന്നു.
“ഡോണ്ട് ടച്ച് മി!” സുജിത്ത് അലറിക്കൊണ്ട് തിരിഞ്ഞു നിന്നു. “ഞാൻ പൊയ്ക്കോളാം. ആരും പേടിക്കണ്ട.ഇനി എനിക്ക് നിങ്ങളുടെ സഹായം ആവശ്യമില്ല! പക്ഷേ ഡോക്ടർ ഒന്നോർത്തോളൂ, എന്റെ ഈ അവസ്ഥക്കു കാരണം നിങ്ങളാണെങ്കിൽ... ഉറപ്പായിട്ടും നിങ്ങളെ ഞാൻ കൊല്ലും. ഏതു പാതാളത്തിൽ പോയൊളിച്ചാലും!”
“ലോക്ക് ഹിം അപ്പ്!” ഡോക്ടർ ശാന്തനായി അറ്റൻഡർമാരോട് കല്പ്പിച്ചു. “ഒരു സ്റ്റ്രെയിറ്റ് ജാക്കറ്റിടുവിച്ച് മുകളിൽ ഒരു സെല്ലിൽ ഇട്ടേക്കൂ. ഒരു 12 മണിക്കൂർ ഭക്ഷണം പോലും കൊടുക്കണ്ട!”
നിർവ്വികാരതയോടെ അതു കേട്ടു നിന്ന സഹായികൾ സുജിത്തിനു നേരേ തിരിഞ്ഞതും, ഒരലർച്ചയോടെ സുജിത്ത് മുൻപിൽ നിന്നവനെ അടിച്ചു നിലത്തിട്ടു. .പക്ഷേ അപ്പോഴേക്കും വാതില്ക്കൽ നിന്നിരുന്ന ഒരുത്തൻ പോക്കറ്റിൽ നിന്നും ഒരു ‘ടേസർ ഗൺ’ എടുത്തു മുൻപോട്ടു കുതിച്ചു കഴിഞ്ഞിരുന്നു.
അതു കണ്ടതും ഡോക്ടറുടെ നേരേ തിരിഞ്ഞ അവൻ മുഷ്ടി ചുരുട്ടി ഒരൊറ്റ ഇടിയായിരുന്നു.
മേശപ്പുറത്ത് വിരിച്ചിരുന്ന ഗ്ലാസ്സ് പാനൽ വലിയ ശബ്ദത്തോടെ വിണ്ടു കീറി. അതിൽ നിന്നും ഒരു നീണ്ട ഗ്ലാസ്സ് കഷണം വലിച്ചൂരിയെടുത്തുകൊണ്ട് അവൻ ആ മേശപ്പുറത്തേക്ക് ചാടിക്കയറി. പക്ഷേ ഡോക്ടർ രഘുചന്ദ്ര അനങ്ങിയില്ല. അക്ഷോഭ്യനായി അയാൾ നിലകൊണ്ടു.
“എനിക്കു പോകണം! ഇറക്കി വിടടാ പട്ടീ എന്നെ!” സുജിത്ത് മലയാളത്തിൽ - തന്റെ മാതൃഭാഷയിലാണത് വിളിച്ചു പറഞ്ഞത്. മുടിക്കുത്തിനു പിടിച്ച് അയാൾ മൂർച്ചയേറിയ ആ ഗ്ലാസ്സ് കഷണം ഡോക്ടറുടെ കൃഷ്ണമണിയെ ലക്ഷ്യമാക്കി ചൂണ്ടി.
അടുത്ത നിമിഷം തന്നെ ആ അറ്റൻഡറുടെ കയ്യിൽ ടേസർ ഗൺ ശബ്ദിച്ചു. ഒരു സീല്ക്കാരത്തോടെ പാഞ്ഞു വന്ന ഇലക്ട്രോഡുകൾ സുജിത്തിന്റെ കഴുത്തിനു പുറകിൽ തറച്ചു. ഒപ്പം ഏതാണ്ട് 1200 വോൾട്ട്സ് വൈദ്യുതി സുജിത്തിന്റെ ശരീരത്തിലൂടെ പ്രവഹിച്ചതോടെ നിമിഷങ്ങൾക്കുള്ളിൽ നിലത്തേക്കു വീണ അവൻ ശരീരത്തിലെ സകല പേശികളും തളർന്ന് ഒരു പഴന്തുണിക്കെട്ടു പോലെയായി.
നേരത്തെ അവൻ അടിച്ചു താഴെയിട്ട അറ്റൻഡർ തികച്ചും ബോധരഹിതനായിപ്പോയിരുന്നു. എല്ലാവരും ചേർന്ന് മലർത്തിക്കിടത്തിയപ്പോളാണതു കണ്ടത്. ആ മനുഷ്യന്റെ മുഖം ഒരു വശത്തേക്ക് കോടിപ്പോയിരിക്കുന്നു! സുജിത്തിന്റെ അടി അയാളുടെ താടിയെല്ല് തകർത്തിരിക്കുന്നുവെന്ന് വ്യക്തം!
“ഇവനെ മുകളിലേക്കു കൊണ്ടു പൊയ്ക്കോളൂ. ഞാൻ പറഞ്ഞത് മറക്കരുത്. നാളെ രാവിലെ ഞാൻ വന്നു കണ്ടോളാം. അതുവരെ ഭക്ഷണമൊന്നും കൊടുക്കണ്ട.”
അവിടെവെച്ചു തന്നെ അവർ സുജിത്തിനെ ഒരു സ്ട്രെയ്റ്റ് ജാക്കറ്റ് ഇടുവിച്ചു. കൈകൾ ശരീരത്തോട് ചേർത്തു ബന്ധിച്ചിരിക്കുന്ന തരം ഒരു മേലുടുപ്പാണത്. പരസഹായമില്ലാതെ കൈകളെ സ്വതന്ത്രമാക്കാനാവില്ല പിന്നെ.
അപ്പോഴേക്കും അറ്റൻഡർക്ക് ബോധം തെളിഞ്ഞിരുന്നു. അസഹനീയമായ വേദനയിൽ ആ തടിയൻ മുരണ്ടു. ഡോക്ടർ ഫോണിൽ ആംബുലൻസിന്റെ നമ്പർ ഡയൽ ചെയ്തു കൊണ്ട് അയാളുടെ കാതിൽ മന്ത്രിച്ചു “വലിയൊരു നേട്ടത്തിനു കൊടുക്കേണ്ടി വരുന്ന ചെറിയൊരു വില... അത്ര മാത്രം. വിഷമിക്കണ്ട. നിനക്കൊന്നും സംഭവിക്കില്ല.”
സുജിത്തിനെ പിടിച്ചെഴുന്നേല്പ്പിച്ച സഹായികൾ പതിയെ അവനെ താങ്ങിപ്പിടിച്ച് പുറത്തേക്കിറക്കി ലിഫ്റ്റിനടുത്തേക്കു നീങ്ങി.
“വൈ ആർ യൂ ഡൂയിങ്ങ് ദിസ് ?” സുജിത്ത് പതിയെ കുതറി. “ഞാൻ എന്തു തെറ്റു ചെയ്തിട്ടാ എന്നെ...” ഇലക്ട്രിക്ക് ഷോക്കിന്റെ ആഘാതത്തിൽ നിന്ന് അവൻ അസാധാരണ വേഗത്തിൽ മുക്തനാകുന്നതവർ അത്ഭുതത്തോടെയാണ് തിരിച്ചറിഞ്ഞത്.
അറ്റൻഡർമാരിലൊരുവൻ അവന്റെ തലമുടിയിൽ കുത്തിപ്പിടിച്ച് അടഞ്ഞു കിടന്ന ലിഫ്റ്റിന്റെ വാതിലിലേക്കമർത്തിപ്പിടിച്ചു. “ചുപ്പ്! സാലേ! ബഹൻ‍്$%!”
എന്നാൽ അവരറിഞ്ഞിരുന്നില്ല… സ്ട്രെയ്റ്റ് ജാക്കറ്റിനടിയിൽ... തന്റെ ഉള്ളം കയ്യിൽ മറച്ചു പിടിച്ചിരുന്ന ചെറിയ ഒരു കഷണം ഗ്ലാസ്സ് കൊണ്ട് സുജിത്ത് തന്റെ ജോലി തുടങ്ങിക്കഴിഞ്ഞിരുന്നു!
ഈ സമയം മുറിക്കുള്ളിൽ ഡോ. രഘുചന്ദ്ര തന്റെ ലാപ്ടോപ്പ് തുറന്നു.
പേഷ്യന്റ് 27 എന്നെഴുതിയ ഒരു ഫയൽ തുറന്ന അദ്ദേഹം സ്ക്രീനിൽ തെളിഞ്ഞ വിവിധ കോളങ്ങളിലൂടെ കണ്ണോടിച്ചു.
പേഷ്യന്റ് 27
പേര്: സുജിത്ത് പാളയത്തിൽ
പ്രായം : 28
സ്റ്റേറ്റ്: കേരള
റാങ്ക് : സുബേദാർ മേജർ - ഇൻഡ്യൻ ആർമി
തുടർന്ന് താഴേക്ക് സ്ക്രോൾ ചെയ്ത് അദ്ദേഹം ഏറ്റവും ഒടുവിലത്തെ കോളത്തിലെത്തി.
കണ്ടീഷൻ : (ആ കോളം കാലിയായിരുന്നു.)
അല്പ്പ നേരം ആലോചിച്ചതിനു ശേഷം അവിടെ ‘അൺസ്റ്റേബിൾ’ എന്നെഴുതി ചേർത്ത് അദ്ദേഹം ലാപ്ടോപ്പ് അടച്ചു. മുഖം നിരാശ നിറഞ്ഞിരുന്നു.
പെട്ടെന്നാണ് സീലിങ്ങിലെ ചുവന്ന അപായ ലൈറ്റ് ഓണായത്! ഒപ്പം കാതടപ്പിക്കുന്ന സ്വരത്തിൽ സൈറണുകളും മുഴങ്ങാൻ തുടങ്ങി.
“ഷിറ്റ്!!”
ചാടി എഴുന്നേറ്റ് വാതിൽ തുറന്ന് ലോബിയിലേക്കിറങ്ങിയ ഡോക്ടറെ എതിരേറ്റത് രക്തത്തിൽ കുളിച്ചു കിടക്കുന്ന രണ്ട് ശരീരങ്ങളായിരുന്നു!
“വാട്ട് ദ ഫക്ക് ഹാപ്പെൻഡ് ??” അലറിക്കൊണ്ട് ഡോക്ടർ പോക്കറ്റിൽ നിന്നും ഒരു പിസ്റ്റൾ വലിച്ചെടുത്തു.
അപ്പോൾ!
“അനങ്ങിപ്പോകരുത്!” തന്റെ ഇടത്തേ ചെവിയിൽ സുജിത്തിന്റെ നിശ്വാസം അദ്ദേഹത്തെ നിശ്ചലനാക്കിക്കളഞ്ഞു.
“ദിസ് ഫെസിലിറ്റി ഈസ് ക്ലോസ്ഡ് ഡോക്ടർ!!” ചോരയിൽ കുതിർന്ന, സാമാന്യം വലുപ്പമുള്ളൊരു ഗ്ലാസ്സ് കഷണം അവൻ ഡോക്ടറുടെ കഴുത്തിലേക്കടുപ്പിച്ചു.
“ആർ യൂ റെഡി ?” പല്ലിളിച്ച് ചിരിച്ചു കൊണ്ട്, തികച്ചും സമനില നഷ്ടപ്പെട്ടതു പോലെയായിരുന്നു അവന്റെ ചോദ്യം.
“റെഡി ഫോർ വാട്ട് ?” ഡോക്ടറുടെ ചുണ്ടുകൾ വിറച്ചു.
അടുത്ത നിമിഷം ആ കെട്ടിടം ഒന്നു കുലുങ്ങി.
“വാട്ട് ദ ഫക്ക് ഡി യു ഡു സുജിത്ത് ?” ഞെട്ടിത്തിരിഞ്ഞ ഡോക്ടറുടേയും സുജിത്തിന്റേയും കണ്ണുകൾ തമ്മിലിടഞ്ഞു. കഴുത്തിൽ നിന്നും ചോര പൊടിഞ്ഞു.
അടുത്ത നിമിഷം ഒരു ആക്രോശത്തോടെ അവനെ പിന്നിലേക്ക് തള്ളിവീഴ്ത്തിക്കൊണ്ട് ഡോക്ടർ തിരിഞ്ഞോടി.
മുറിക്കുള്ളിൽ കയറിയതും വാതിൽ വലിച്ചടച്ച് ലോക്ക് ചെയ്ത് അദ്ദേഹം തന്റെ ലാപ്ടോപ്പ് നെഞ്ചോടു ചേർത്തു പിടിച്ചുകൊണ്ട് ഭീതിയോടെ കാതോർത്തു.
വാതിലിൽ ഒരു കാളക്കൂറ്റനേപ്പോലെ മുക്രയിട്ടുകൊണ്ട് സുജിത്ത് ആഞ്ഞാഞ്ഞ് ചവിട്ടുന്നുണ്ടായിരുന്നു. പക്ഷേ അതിനേക്കാളുച്ചത്തിൽ കെട്ടിടത്തിന്റെ നാനാ ഭാഗത്തു നിന്നും കേട്ട പൊട്ടിത്തെറികളാണ് ഡോക്ടറെ നടുക്കിക്കളഞ്ഞത്.
“ഓ മൈ ഗോഡ്! എല്ലാം നശിച്ചു!” അദ്ദേഹം കണ്ണുകൾ ഇറുക്കിയടച്ചു.
പെട്ടെന്ന്!
എല്ലാം നിലച്ചു! വാതിലിൽ സുജിത്തിന്റെ പരാക്രമം അവസാനിച്ചിരിക്കുന്നു. ഒരു വല്ലാത്ത നിശബ്ദത! ഡോക്ടർ കണ്ണുകൾ തുറന്നു.
“സംത്തിങ്ങ് ഈസ് റോങ്ങ്!” അദ്ദേഹത്തിന്റെ ചുണ്ടുകൾ പിറുപിറുത്തു.
അടുത്ത നിമിഷം!
ഭയാനകമായ ഹുങ്കാരത്തോടെ ഒരു സ്ഫോടനം!
ബേസ്മെന്റിൽ നിന്നും ഉത്ഭവിച്ച ഒരു വലിയ അഗ്നിഗോളം ആ ഇരു നിലക്കെട്ടിടത്തെ മൊത്തമായി വിഴുങ്ങിക്കളഞ്ഞു!
***** ***** ***** ***** ***** ***** ***** *****
കഫേ - മോക്കാ കോഫീ ഷോപ്പ് - ന്യൂ ഡെൽഹി നഗരാതിർത്തിയിലുള്ള ഏതോ ഒരു ചെറു പട്ടണം – ഡിസംബറിലെ ഒരു തണുത്ത സായാഹ്നം.
നതാലിയ മിഷേലേന!
ആ സുന്ദരി പെൺകുട്ടി അക്ഷമയായി തന്റെ വാച്ചിൽ നോക്കി. സമയം വൈകിത്തുടങ്ങിയിരിക്കുന്നു. തന്റെ മുൻപിലിരുന്ന ഓറഞ്ച് ജ്യൂസെടുത്ത് ഒറ്റ വലിക്ക് കുടിച്ച ശേഷം അവൾ വെയ്റ്ററെ നോക്കി
“ബില്ലു കൊണ്ടു വന്നോളൂ. എന്റെ സുഹൃത്ത് ഇതുവരെ വന്നില്ല. ഇനി വരുമെന്നു തോന്നുന്നില്ല.”
തല കുനിച്ച് ഉപചാരത്തോടെ അയാൾ തിരിച്ചു നടന്നു.
മുഖത്ത് ഇച്ഛാഭംഗം നിഴലിച്ചിരുന്നു. അവൾ പേഴ്സിൽ നിന്നും ഏതാനും നൂറു രൂപാ നോട്ടുകളെടുത്ത് മേശപ്പുറത്തെ ഫ്ലവർ വേസിനടിയിലേക്ക് തിരുകി വെച്ചുകൊണ്ട് എഴുന്നേറ്റു തിരിഞ്ഞു.
അപ്പോളതാ വാതില്ക്കൽ താൻ പ്രതീക്ഷിച്ചിരുന്ന ആ മുഖം! അവളുടെ മുഖം വിടർന്നു. മനോഹരമായ ഒരു പുഞ്ചിരിയോടെ നതാലിയ കൂട്ടുകാരിക്കരികിലേക്കോടി.
“വാട്ട് ഹാപ്പെൻഡ് റ്റു യൂ മാൻ ? എത്ര നേരമായി ഞാൻ കാത്തിരിക്കുന്നു ?”
ആ പെൺകുട്ടിയുടെ മുഖത്ത് ഒരു വല്ലാത്ത ഭാവം. നതാലിയായുടെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കി നില്ക്കുകയാണവൾ.
“ആകാൻഷ!...” നതാലിയ പുഞ്ചിരിച്ചുകൊണ്ട് അവളുടെ കവിളിൽ തട്ടി. “എല്ലാം നമുക്ക് സംസാരിക്കാം. നിന്റെ എല്ലാ സംശയങ്ങളും നമുക്ക് പരിഹരിക്കാം.” അവൾ ആ പെൺകുട്ടിയെ കൈ പിടിച്ച് നടത്തി താനിരുന്ന മേശക്കരികിലിരുത്തി.
കുറേ നേരത്തെ നിശബ്ദതക്കു ശേഷമാണ് ആകാൻഷ സംസാരിച്ചു തുടങ്ങിയത്.
“... എനിക്ക്... ഒന്നും കേൾക്കണ്ട! നീയെന്നോട് പറയുന്നത് മുഴുവൻ കള്ളമാണ്. നിന്റെ പേരു പോലും എനിക്കറിയില്ല. എന്താണു നിന്റെ ജോലിയെന്നോ, നീയെങ്ങോട്ടാണ് ഇടക്കിടക്ക് അപ്രത്യക്ഷയാകുന്നതെന്നോ ഒന്നും എനിക്കറിയില്ല. എനിക്കിതു പറ്റില്ല . മാത്രമല്ല...“ ആകാൻഷ ഒരു നിമിഷം നിർത്തി. കിതക്കുന്നുണ്ടവൾ.
“ഇന്നലെ....അവർ എന്റെ വിവാഹം ഉറപ്പിച്ചു!“
”വാട്ട്!!“ നതാലിയായുടെ സ്വരം അവൾ പോലുമറിയാതെ ഉയർന്നു പോയി. ”വാട്ട് ദ ഹെൽ ആർ യു ടോക്കിങ്ങ് എബൗട്ട് ? ഒരു മാസമല്ലേ ആയിട്ടുള്ളൂ... അപ്പോഴേക്കും ? ഭ്രാന്തായോ നിനക്ക് ആക്ഷാ ??“
”ഞാൻ...“ അവൾ വിക്കി ”ഞാൻ പറഞ്ഞിരുന്നു ഇതൊരു പരീക്ഷണമാണെന്ന്. നമ്മുടെ ഈ ബന്ധം...“
”ഓഹോ...“ നതാലിയായിൽ നിന്നും ഒരു ദീർഘനിശ്വാസമുതിർന്നു.
” നിന്നെ വച്ച് ഒരു പരീക്ഷണമല്ല...അങ്ങനെയല്ല ഞാൻ ഉദ്ദേശിച്ചത്... എനിക്ക് നിന്നെ എത്ര ഇഷ്ടമായിരുന്നു എന്നു നിനക്കറിയാം. പക്ഷേ... എന്താണ് നമ്മുടെ ഈ ബന്ധത്തിനൊരു ഫ്യൂച്ചറുള്ളത് ? ചിന്തിച്ചു നോക്കൂ. ഇനി അഥവാ ഞാൻ എല്ലാവരേയും വെറുപ്പിച്ച് നിന്റെ കൂടെ വന്നാൽ തന്നെ, എനിക്കു തോന്നുന്നില്ല നീയെന്നെ അത്രമാത്രം കെയർ ചെയ്യുന്നുണ്ടെന്ന്. നിന്റെയീ ജോലി... അതെന്തുമായിക്കൊള്ളട്ടെ, അത് ഒരിക്കലും നമ്മളെ ഒരുമിപ്പിക്കാൻ സമ്മതിക്കില്ല. കഴിഞ്ഞ വട്ടം, ഒരുമിച്ചിരുന്ന് സംസാരിച്ചു കൊണ്ടിരുന്നപ്പോൾ ഒരു ഫോൺ വന്നതാണ് നിനക്ക്. പിന്നെ നിന്നെ ഞാൻ കാണുന്നത് ഇപ്പോളാണ്.“
” അതൊരു പുതിയ കാര്യമല്ലല്ലോ. ആദ്യം കണ്ട അന്നു തന്നെ ഞാൻ നിന്നോടതു പറഞ്ഞിരുന്നതാണ്. പക്ഷേ ഞാൻ ആയുഷ്കാലം മുഴുവൻ ഈ ജോലി ചെയ്യാനൊന്നും ഉദ്ദേശിച്ചിട്ടില്ല. എനിക്കും ഒരു ജീവിതം വേണം. ഞാൻ അതിനെപ്പറ്റി സീരിയസായി ആലോചിച്ചുകൊണ്ടിരിക്കുകയാണ്. അതിനെപ്പറ്റി നിന്നോടു സംസാരിക്കാനാണ് വരാൻ പറഞ്ഞത്. പക്ഷേ... നിനക്ക് ഇതൊരു പരീക്ഷണമാണെങ്കിൽ വേണ്ട. എല്ലാം അവസാനിപ്പിക്കാം നമുക്ക്. ഒരു റിക്വസ്റ്റ് ഉണ്ട്. ദയവു ചെയ്ത് ആ കല്യാണം കഴിക്കാൻ പോകുന്ന മനുഷ്യനോട് എല്ലാം തുറന്നു പറയണം. വെറുതേ അയാളുടെ ജീവിതം കൂടി നശിപ്പിക്കരുത്.“
ആകാൻഷ ഏങ്ങിക്കരയാൻ തുടങ്ങി. “എന്റെ പാവം പാരന്റ്സ്... അവർക്ക് ഒരിക്കലും ഇതുൾക്കൊള്ളാനാകില്ല. ഒരു പക്ഷേ ആത്മഹത്യ ചെയ്തുകളയും അവർ.”
“അതൊക്കെ നിന്റെ തോന്നലല്ലേ ആക്ഷാ... അവർക്കോ നിനക്കോ വിചാരിച്ചാൽ മാറ്റാനാകുന്നതാണോ ഇത് ? സാവധാനം പറഞ്ഞു മനസ്സിലാക്കിയാൽ എല്ലാം ശരിയാകും.”
നിഷേധാർത്ഥത്തിൽ തലയാട്ടിക്കൊണ്ട് അവൾ നതാലിയായുടെ കണ്ണുകളിലേക്കു തന്നെ നോക്കി ഇരുന്നു.
“ഞാൻ കുറച്ചു കാര്യങ്ങൾ ചോദിക്കട്ടേ ?”
“ഷുവർ!” നതാലിയ ഒന്നിളകിയിരുന്നു.
പതിയെ ആകാൻഷയുടെ ചൂണ്ടുവിരൽ നതാലിയായുടെ അരക്കെട്ടിലമർന്നു.
“വൈ ആർ യൂ കാരിയിങ്ങ് എ ഗൺ ?”
നതാലിയ പെട്ടെന്ന് ജാഗരൂഗയായി. അത് ആകാൻഷ ശ്രദ്ധിക്കുകയും ചെയ്തു.
“നിന്റെ യതാർത്ഥ പേരെന്താണ് ? ആരാണീ ‘ഏജന്റ് നതാലിയ’ ? നിന്റെ നാടെവിടെ ? എന്താണ് നിന്റെ ഈ ജോലി ? സദാ സമയവും രണ്ടു തോക്കുകളും കത്തികളുമൊക്കെ കൊണ്ടു നടക്കേണ്ടുന്ന ഈ ജോലി ? ഹൂ ആർ യൂ ? അറ്റ് ലീസ്റ്റ് അത്രയെങ്കിലും എന്നോട് പറഞ്ഞു തരൂ. എങ്കിൽ മാത്രം നമുക്ക് തുടർന്നു സംസാരിക്കാം.”
കുറേ നേരത്തേക്ക് പിന്നീട് നിശബ്ദതയായിരുന്നു. എങ്ങനെ ഈ സംഭാഷണം തുടരണം എന്നാലോചിക്കുകയായിരുന്നു നതാലിയ എന്നു തോന്നി. ഒടുവിൽ ഒരു ദീർഘനിശ്വാസത്തോടെ അവൾ സംസാരിച്ചു തുടങ്ങി
“ഈ ചോദ്യങ്ങൾക്കൊന്നും ഒരിക്കലും നിനക്കുത്തരം കിട്ടാൻ പോകുന്നില്ല ആക്ഷാ. നീ പറഞ്ഞത് ശരിയാണ്. എന്റെ ജോലിയെപ്പറ്റി എല്ലാമറിയണം എന്നാണ് നിന്റെ തീരുമാനമെങ്കിൽ, ഒരിക്കലും നമ്മൾ അടുക്കാൻ പോകുന്നില്ല. പക്ഷേ, ആദ്യമായി കണ്ടുമുട്ടിയ ദിവസം തന്നെ ഞാനതു നിന്നോട് പറഞ്ഞിരുന്നു.”
“സോറി... അങ്ങനെയാണെങ്കിൽ...എനിക്ക് വയ്യ ഇതു തുടരാൻ.“ ആകാൻഷയുടെ ശബ്ദം ഉറച്ചതായിരുന്നു. ” ഐ തിങ്ക് , യൂ ആർ എ ക്രിമിനൽ! “
നതാലിയായുടെ മുഖത്ത് വിഷാദഛവിയുള്ള ഒരു പുഞ്ചിരി വിടർന്നു.
”എന്നെ ഒഴിവാക്കാൻ വേണ്ടി കാരണങ്ങൾ കണ്ടുപിടിക്കുകയാണ് നീ. ധൈര്യമില്ല നിനക്ക്.സാരമില്ല ആക്ഷാ... നമുക്ക് പിരിയാം.”
നതാലിയയാണ് ആദ്യം എഴുന്നേറ്റത്. ആകാൻഷ ഇരു കൈകളാലും മുഖം പൊത്തി അവിടെ തന്നെയിരുന്നതേയുള്ളൂ. ഇടക്ക് ഏങ്ങലടിക്കുന്നുണ്ടായിരുന്നു.
“നിന്റെ ചോദ്യങ്ങളിൽ ഒന്നിനു മാത്രം ഞാൻ ഉത്തരം പറയാം.” നതാലിയ കുനിഞ്ഞ് അവളുടെ കാതിൽ മന്ത്രിച്ചു. “ഐ ആം നോട്ട് എ ക്രിമിനൽ. ആ ഒരു കാര്യമോർത്ത് നീ പേടിക്കണ്ട. പിന്നെ, ഈ കരച്ചിലും ആശ്വസിപ്പിക്കലും ഒന്നും എന്നെക്കൊണ്ടാവില്ല എന്ന് നിനക്കറിയാമല്ലോ. സോ... സീ യു ആക്ഷാ! ഈ സങ്കടമൊക്കെ ഏതാനും ദിവസങ്ങൾ കൊണ്ട് മാറും. പക്ഷേ, നീ നിന്റെ വ്യക്തിത്വം പണയം വെച്ച് ആ വിവാഹത്തിനു സമ്മതിക്കുകയാണെങ്കിൽ... ആയുഷ്കാലം മുഴുവനും ഈ കരച്ചിൽ നിന്നെ പിൻതുടരും… പോകട്ടെ കൂട്ടുകാരി… ഗുഡ് നൈറ്റ്!” അവസാന ഭാഗമായപ്പോഴേക്കും നതാലിയായുടെ സ്വരം വല്ലാതെ ദൃഢമായിക്കഴിഞ്ഞിരുന്നു.
പുറത്തേക്കിറങ്ങിയ അവൾ നേരേ പാർക്കിങ്ങ് ലോട്ടിലേക്കാണ് നടന്നത്. നടക്കുന്ന വഴിയിൽ തന്നെ, ആ ഇരുട്ടിൽ ബ്ലാക്ക് സഫയർ മെറ്റാലിക്ക് കളറിൽ തിളങ്ങി നിന്ന തന്റെ BMW 4 സീരീസ് കൺവെർട്ടബിൾ റിമോട്ട് ഉപയോഗിച്ച് അവൾ സ്റ്റാർട്ട് ചെയ്തു. ലൈറ്റുകളെല്ലാം തെളിയിച്ച് ഒരു കരിമ്പുലിയേപ്പോലെ ആ കാർ അവളെ നോക്കി ഒന്നു മുരണ്ടു.
ഒരു വട്ടം കൂടി തിരിഞ്ഞ് നോക്കിയിട്ടാണ് അവൾ കാറിനുള്ളിലേക്ക് കടന്നിരുന്നത്. ആകാൻഷ ഇതുവരെ അവിടെ നിന്നെഴുന്നേറ്റിട്ടില്ല.
“ഇറ്റ്സ് നോട്ട് മെന്റ് റ്റു ബി !!” അവൾ പറഞ്ഞത് തന്റെ കാറിനോടായിരുന്നു. വല്ലാത്ത അറ്റാച്ച്മെന്റാണവൾക്ക് ആ വാഹനത്തോട്. ജോലിയുടെ ഭാഗമായി ദൂരയാത്രകൾ കഴിഞ്ഞു വരുന്ന അവളെയും പ്രതീക്ഷിച്ച് ആ കാർ കാത്തിരിക്കുകയാണെന്ന് പലപ്പോഴും പറയാറുണ്ട് നതാലിയ.
“പ്ലീസ് ഓപ്പൺ മെസേജസ്” അവൾ ശബ്ദം താഴ്ത്തി മന്ത്രിച്ചു.
“ഓപ്പണിങ്ങ് മെസേജസ് വൺ ഓഫ് ത്രീ” കാറിനുള്ളിലെ വോയ്സ് അസിസ്റ്റന്റ് മറുപടി നല്കി. ഒപ്പം തന്നെ സ്ക്രീനിൽ ഒരു എസ്. എം. എസ്. പ്രത്യക്ഷപ്പെട്ടു.
“സ്പെഷ്യൽ ഏജന്റ് നതാലിയ! നാളെ നിങ്ങൾ മുംബൈക്കു പുറപ്പെടുന്നു! മീറ്റ് മി റ്റുമാറോ അറ്റ് 10.30 AM. ഹൈ പ്രയോരിറ്റി മിഷൻ!”
(TBC...)
To be continued.........

Written by :- Alex John

Read All parts here - Click here - https://goo.gl/YQ1SLm



No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot