നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നിശാഗന്ധി പൂക്കുന്ന രാവുകൾ.... (കഥ)

Image may contain: 1 person, beard and closeup
പൂവുറങ്ങുന്ന നിശ്ശബ്ദതയെ വകഞ്ഞുമാറ്റി ഉണ്ണിമായ ജാലകവാതിൽ പതിയേ തുറന്നു. ചാന്ദ്ര വിരഹത്താൽ കൺചിമ്മുന്ന നക്ഷത്രങ്ങളാൽ അലംകൃതമായ അമാവാസി.....ഇരുളിന്റെ കമ്പളം പുതച്ച് സുഖനിദ്രയെ പുൽകുന്ന പ്രകൃതിയോടവൾക്ക് അസൂയ തോന്നി. താൻ ഒന്നുറങ്ങിയിട്ട് ദിവസങ്ങളേറയായി ...
വൈധവ്യത്തിന്റെ വാറോലകൾ തനിക്ക് ചുറ്റും തീർത്ത അന്ധകാരം വളർന്ന് വലുതായി ഒരു വ്യാളീരൂപം പൂണ്ടിരിക്കുന്നു .
നിത്യരോഗിയും ക്ഷീണിതനുമായ ഭർത്താവിനോടൊത്ത്കഴിഞ്ഞ വിരലിലെണ്ണാവുന്ന ദിനങ്ങൾ .. ഒരുമരണത്തിനും മരണാനന്തര ചടങ്ങുകൾക്കും വേണ്ടി മാത്രം വിവാഹിതയായ ഹതഭാഗ്യ ...!
"എന്തായാലെന്താ ... തറവാടിന്റെ പേര് മാറീല്ലേ ... അതന്നെ മഹാഭാഗ്യം ."
സപിണ്ഡി കഴിഞ്ഞ് ഭർതൃഗൃഹത്തിൽ നിന്നും പടിയിറങ്ങി സ്വന്തം തറവാട്ടിലെത്തിയ അവളുടെ കാതിൽ പതിഞ്ഞ ആദ്യ വാക്കുകൾ ,
അതെ.... താനിനിയെന്നും ആ തറവാട്ടിലെ അംഗമാണ് .. വിവാഹത്തോടെ നഷ്ടമാവുന്ന സ്വന്തം അസ്തിത്വം ...!
ഇരുട്ടിനോടിന്നവൾക്ക് ഈർഷ്യയില്ല. കുട്ടിക്കാലത്ത് ഭയപ്പെടുത്താറുള്ള അന്ധകാരം ഇന്നവൾക്ക് ആശ്വാസമാണ് . ഇനിയൊരു വെളിച്ചം ഉണ്ടാവില്ല എന്നുള്ള തിരിച്ചറിവ് അവളിൽ നിറച്ച മരവിപ്പ് അത്രത്തോളം ഗാഢമായിരുന്നു ..പാടത്ത് മിന്നാമിന്നികൾ തീർക്കുന്ന വർണ്ണരാജികളും പാടത്തിനക്കരെ വാര്യത്ത് അങ്ങിങ്ങായി മുനിഞ്ഞ് കത്തുന്ന വിളക്കുകളും മാത്രം നക്ഷത്രങ്ങൾക്ക് കൂട്ടായി പ്രഭ ചൊരിയുന്നു. ..
ഉണ്ണിമായ ജനലഴികളിൽ മുഖമമർത്തി ...സമ്പന്നതയുടെയും ആരവങ്ങളുടെയും രശ്മികൾ ആവോളം തഴുകിയുണർത്തിയ ആ അഴികളിൽ
ശൂന്യതയുടെ മെഴുക്കുപിടിച്ചിരിക്കുന്നു.... വാര്യത്തൂന്ന് വരുന്ന ശബ്ദങ്ങൾ അവളുടെ ചിന്തകളെ ഉണർത്തി ... ഗന്ധർവ്വൻ കൂടിയ വാരസ്യാരുടെ ദിവസം തുടങ്ങുന്നത് അർദ്ധരാത്രിയിലാണ്..
അവർക്ക് രാത്രി പകലും പകൽ രാത്രിയുമാണെന്ന് പണ്ട് പറയാറുള്ളത് അവളോർത്തു. ... അർദ്ധരാത്രിയിൽ ഉണരും ... കുളത്തിൽ പോയി വിസ്തരിച്ച് കുളിക്കും .. പൂമുഖത്തിരുന്ന് മുടി ഈറനുണക്കും .. ശേഷം അണിഞ്ഞൊരുങ്ങി ഊട്ടുപുരയിലേക്ക് പോവും ..
ഈ സമയത്തൊക്കെ അവരുടെ ഒപ്പം ഗന്ധർവനും ഉണ്ടാവുമത്രെ. ..! പരീക്ഷിക്കാൻ ചെന്നവരൊക്കെ പിറ്റേന്ന് പാടത്ത് ബോധമില്ലാതെ കിടക്കാൻ തുടങ്ങിയതോടെ പിന്നെ ആരും ശ്രമിച്ചില്ല .അവരോട് കൂട്ടുകൂടാൻ എല്ലാവരും ഭയന്നു. .. അവരുടെ ലോകത്ത് അവർ ഗന്ധർവ്വ ലീലകളാടി ... സുന്ദരിയായ ശ്രീദേവി വാരസ്യാർ വാര്യത്ത് സ്വച്ഛന്ദമായി പകലറുതികളെ വരവേറ്റു.
തന്റെ കുട്ടിക്കാലത്ത് വാര്യത്ത് ഗന്ധർവ്വൻതുള്ളലും നക്ഷത്ര വൃക്ഷത്താൽ പ്രതിമയുണ്ടാക്കി ലിപിന്യാസവും പ്രാണപ്രതിഷ്ഠയും അജ്യാഹുതിയും ചെയ്തതായി ഓർമ്മയുണ്ട് .. പ്രായമായ വാര്യരുടെ ഏകമകളാണ് ശ്രീദേവി ... പക്ഷെ വാര്യരുടെ മരണത്തോടെ ബാധ വീണ്ടും പ്രകടമായി ...
ബ്രാഹ്മമുഹൂർത്തത്തിൽ വാര്യത്തെവിളക്കുകൾ അണഞ്ഞു ... ഇനി വാരസ്യാർ ഉറങ്ങും ... തന്നെ അവഗണിച്ച നിദ്രാദേവി അവിടെ നിറഞ്ഞാടും ..ഉണ്ണിമായ അമ്മയുടെ മുഖത്തേക്ക് പാളി നോക്കി. .. കഷ്ടപ്പാടുകളുടെ ദൈന്യത ആ മുഖത്ത് തെളിഞ്ഞു കാണാം ... ശ്വാസഗതിയുടെ ചൂളം വിളികൾ മുഖരിതമായ മുറിയിൽ അവളുടെ പാദനിസ്വനങ്ങൾ മുഴങ്ങിയില്ല. അവൾ അമ്മയുടെ നെറ്റിയിൽ പതിയേ തലോടി ... സ്വന്തമെന്ന് പറയാൻ തനിക്ക് അമ്മയും അമ്മയ്ക്ക് താനും മാത്രം ... തന്റെ ദുര്യോഗത്തിൽ അമ്മയുടെ ആര്യോഗ്യം നന്നേ വഷളായി ... എപ്പോഴും കിടപ്പു തന്നെ ...
പുറത്ത് ആരുടേയോ കാൽപ്പെരുമാറ്റം ഉണ്ണിമായയുടെ ചിന്തകളെ വർത്തമാനവീഥികളിലേക്ക് നയിച്ചു ... ഇരുട്ടിന്റെ ആശ്വാസ കിരണങ്ങൾക്ക് മീതെ കരിനിഴൽ പരത്തുന്ന അജ്ഞാതസാന്നിദ്ധ്യം... കഴിഞ്ഞ ദിവസങ്ങളിലെ തുടർച്ച പക്ഷെ ഇന്നവളിൽ തെല്ലു ഭീതിയുണർത്തി.
ഉദയാസ്തമയങ്ങൾ നിറം പകരാത്ത അവരുടെ സായന്തനത്തിൽ അവിചാരിതമായ വന്ന അതിഥിയെ കണ്ടപ്പോൾ ഉണ്ണിമായ അമ്പരന്നു. ..
ശ്രീദേവി വാരസ്യാർ ... പകൽ അവരെ കാണുന്നത് ആപൂർവ്വമാണ്..
"ഉണ്ണിമായയെ കാണണന്ന് ശ്ശി യായി നിരീക്കുണു.... ഇന്നേ തരായുള്ളൂ .."
വാർദ്ധക്യം തൊട്ടു തീണ്ടാത്ത ആ മേനിയഴകിൽ നിന്നും ഉതിർന്നു വീഴുന്ന സൗരഭ്യം അവിടയാകെ പരന്നു. ...
പൂമുഖത്തെ ചാരുപടിയിൽ വിരലുകളാൽ താളം പിടിക്കുന്ന വാരസ്യാരെ ഉണ്ണിമായ അതിശയത്തോടെ നോക്കി
ഉണ്ണിമായയുടെ കൈപ്പത്തിയിൽ അവർ പകർന്ന നവോൻമേഷം പതിയേ ചിരിയിൽ പ്രകടമായി.
" ഉണ്ണിമായ കഴിഞ്ഞതൊക്കെ ഒരു ദു:സ്വപ്നം പോലെ മറക്കണം ... അമ്മയ്ക്ക് വേറെയാരാണുള്ളത് .. ?"
പുറത്താളത്തിലേക്ക് കടന്ന വാരസ്യാരെ ഉണ്ണിമായ അനുഗമിച്ചു. അവരുടെ സാമീപ്യം അവളിൽ അവാച്യമായൊരനുഭൂതി നിറച്ചു.
"എന്നെപ്പോലെയാവരുത് കുട്ട്യേ നീയ്യും ... വിധവയാണെങ്കിലും നീ കന്യകയാണ് അത് മറക്കണ്ട. കൂടാതെ സുന്ദരിയും ... നിന്നെത്തേടി രാവിന്റെ മറപറ്റി അവൻ വരും .. ഗന്ധർവ്വ തന്ത്രികളിലെ മാസ്മരികത നിന്നെ പ്രലോഭിച്ചേക്കാം ... കാലാതിവർത്തിയാണവൻ ... ഏതു രൂപവും സ്വീകരിക്കും .. മധുരമായി മൊഴിയും, പരിചിത മുഖങ്ങളവൻ എടുത്തണിഞ്ഞേക്കാം ... ഒരിക്കൽ കീഴ്പെട്ടാൽ പിന്നെ നിന്നെ അടിമയാക്കും .."
ഉണ്ണിമായ സംശയത്തോടെ അവരെ നോക്കി ... തലേന്നത്തെ കാൽ പെരുമാറ്റം പെട്ടന്നവൾക്കോർമ്മ വന്നു. ...
"രാത്രിയിൽ നിന്റെ സാന്നിദ്ധ്യം ജനലരുകിൽ ഞാൻ കാണാറുണ്ട് ... നിദ്ര ഒരു മരീചിക പോലെയാണ് .. അതിനെ കീഴ്പെടുത്തണം .... സമയം കിട്ടുമ്പോൾ വാര്യത്തേക്ക് വരൂ ... സന്ധ്യയ്ക്കു മുന്നേ വന്നോളൂ. ... ഇവിടെത്തന്നെയിരുന്ന് മനസ്സ് മടുക്കേണ്ട .. അമ്മ അറിയേണ്ട ട്ടോ ഞാൻ വന്നത് .. ഇഷ്ടാവില്ല്യ. ദുർന്നടപ്പുകാരിയെന്നാ അവരൊക്കെ എന്നെ വിളിക്കുന്നത് "
അവർ പോവുന്നത് നോക്കി നിൽക്കേ ഉണ്ണിമായയുടെ മനസ്സിൽ ഒരാശ്വാസകിരണം ഉദിച്ചു. പതിയേ അതവളിൽ പടർന്നലിഞ്ഞു ചേർന്നു.
അന്നു രാത്രിയിലും അവളുടെ കാതുകളിൽ കാൽപ്പെരുമാറ്റം മുഴങ്ങി .. എന്തോ അവൾ വല്ലാതെ ഭയന്നു. .. വാരസ്യാരുടെ മുഖം അവളിൽ തെളിയാൻ തുടങ്ങി. ...
"പോണം .. അമ്മയറിയാതെ അവരെപ്പോയി കാണണം ..!" അവൾ മന്ത്രിച്ചു.
കൂടണയാൻ വെമ്പുന്ന പറവകളുടെ ശബ്ദത്താൽ മുഖരിതമായ പാടവരമ്പുകൾ താണ്ടി ഉണ്ണിമായ വാര്യം ലക്ഷ്യമാക്കി നടന്നു. കാക്കപ്പൂവുകൾ അവളുടെ
പാദങ്ങളെ ചുംബിച്ചുണർത്തി.
ഇണകളെത്തിരയുന്ന തവളകൾ പാടത്തേക്കെടുത്തുചാടി അവളെ തുറിച്ചുനോക്കുന്നുണ്ടായിരുന്നു.പാലപ്പൂവിന്റെ സുഗന്ധം പടിപ്പുരയിൽ അവളെ എതിരേറ്റു...
പ്രശാന്തമായ നിശ്ശബ്ദത അവളെ വന്നുമൂടി ...ആളനക്കമില്ലാത്ത ആ നാലുകെട്ടിൽ കരിന്തിരി കത്തിയ തൂക്കുവിളക്കുകൾ പ്രകാശത്തിന്റെ പൊൻകിരണങ്ങൾ തേടുന്നുണ്ടായിരുന്നു. കരിയില മൂടിയ മുറ്റവും ആടാൻ മറന്ന ഊഞ്ഞാലും അവളെ വരവേറ്റു. .. പാദങ്ങളാൽ കരിയിലകൾ ഞെരിച്ച് അവൾ വാരസ്യാരെത്തേടി നടന്നു.
"ഉറക്കമാവും.... ഇനിയൊരിക്കലാവാം ..! "
ഗന്ധർവ്വ തന്ത്രികൾ പൊഴിക്കുന്ന മാന്ത്രിക രാഗം അലയടിക്കുന്ന പോലെ തോന്നി. ഉണ്ണിമായ പാദങ്ങളിൽ ഊർജ്ജം നിറച്ച് പാടത്തേക്കിറങ്ങി ...
"തമ്പ്രാട്ടി ഏട്ന്നാ ...? "
നെറ്റിയിൽ കൈപ്പത്തി വെച്ച് തന്നെ സൂക്ഷിച്ചു നോക്കുന്ന ചീരുവിന്റെ രൂപം പെട്ടന്നവളെ ഭയപ്പെടുത്തി...
"ഞാൻ വാര്യത്തൂന്നാ .. "
"ആടേക്കിപ്പം ആരും പോവാറില്ല .. ഓറ് ഇന്നാള് കൊളത്തില് വീണ് ചത്തില്ലേ ...! പിന്നെ ആരെ കാണാനാ ...?
കൊന്നതോ... ചത്തതോ ... ആര്ക്കറ്യാം..."
വഴി മാറി നടന്നു പോയ ചീരുവിനെ ഉണ്ണിമായ കണ്ടതേയില്ല. ... സർവ്വനാഡിയും തളർന്ന അവളുടെ വേരുകൾ പാടത്തെ ചെളിയിൽ ആഴ്ന്നിറങ്ങി ...
"ശ്രീദേവി വാരസ്യാർ ...? അപ്പോ താൻ കണ്ടത് ...? "
സ്ഥലകാലബോധം വീണ്ടെടുത്ത അവൾ സർവ്വ ശക്തിയുമെടുത്തോടി ...
"എവിടെ ആയിരുന്നു കുട്ട്യേ നീയ്യ് ..? പാടത്തേക്കും വാര്യത്തിന്റെ ഭാഗത്തേക്കും സന്ധ്യയ്ക്കൊന്നും പോവരുതെന്ന് പറയാൻ ഞാൻ മറന്നു ... "
പടിപ്പുരയിൽ തന്നെ കാത്ത് നിൽക്കുന്ന അമ്മയെ കണ്ടതോടെ ഉണ്ണിമായയുടെ ശ്വാസം വീണു.
സന്ധ്യാ ദീപം പൂമുഖത്ത് ചൊരിഞ്ഞ പ്രഭയിൽ ഉണ്ണിമായ ചാരുപടിയിൽ മിഴിയൂന്നി... വാരസ്യാരുടെ ഗന്ധം അപ്പോഴും അവിടെത്തങ്ങിനിൽക്കുന്ന പോലെ ... കിഴക്കിനിയിൽ അവ്യക്തമായി നാമം ജപിക്കുന്ന അമ്മയുടെ ചാരത്ത് ചെന്ന് നിർന്നിമേഷയായി അവളിരുന്നു ...
"ശ്രീദേവിയെ കാലത്ത് കുളത്തിൽ കിടക്കുന്നത് പണിക്കാരാ കണ്ടത് ... പാവം അതിന്റെ ഒരു യോഗം ... നിന്റെ വിവരം അറിയാനായി ഇന്നാളൊരു ദിവസം വന്നിരുന്നു. ... കുറേ സങ്കടങ്ങൾ പറഞ്ഞു.
ചെറുപ്പത്തിലേ അതിനെ എല്ലാരൂടീം ഗന്ധർവ്വൻ കൂടി എന്ന് പറഞ്ഞു കുറേ ഒഴിപ്പിക്കലൊക്കെ നടത്തി ... അതാവും അതിനെ ആരും കൊണ്ടോയതും ഇല്ല്യ....
ഒറ്റയ്ക്കായപ്പോൾ ഒളിസേവ തേടി വന്നോരെപ്പേടിച്ച് അത് രാവ് പകലാക്കി .. എന്താ ചെയ്യാ ... സുകൃതക്ഷയം ... സുകൃതക്ഷയം "
അനന്തതയിലേക്ക് മിഴിനട്ട് അമ്മ ഒന്നു ദീർഘമായി നിശ്വസിച്ചു.
"ഞാനൊന്നു കിടക്കട്ടെ ... എന്തോ ഒരു വയ്യായ്ക ..."
ഇരുട്ടിന്റെ തീവ്രതയേറുതോറും ഉണ്ണിമായയ്ക്ക് വേവലാതിയേറി വന്നു. ... എവിടെയോ ഒരു കാൽപ്പെരുമാറ്റം കേൾക്കുന്ന പോലെ ...ഉമ്മറ വാതിലിൽ ആരോ മുട്ടുന്നു. ... അവൾ തളർന്നുറങ്ങുന്ന അമ്മയെ നോക്കി .... ഇപ്പോൾ ശബ്ദം വടക്കുഭാഗത്തു നിന്നായി ... പല ദിക്കിൽ നിന്നും മാറി മാറി വരുന്നു. ... കിളിവാതിലിലൂടെ അവൾ പാളി നോക്കി .. ചുറ്റിലും അങ്ങിങ്ങായി പരിചിതമുഖങ്ങൾ .. മേൽമുണ്ട് തലയിൽ കെട്ടിയും മുറുക്കി ചുവപ്പിച്ചും കൈയ്യിൽ റാന്തൽ വെളിച്ചവുമായും പല പല മുഖങ്ങൾ .... അവർ വാതിൽ തള്ളിത്തുറന്ന് അകത്ത് കടന്നിരിക്കുന്നു . അവരുടെ നടുവിൽ താനൊറ്റയ്ക്ക് .... അട്ടഹാസങ്ങളും ആക്രോശങ്ങളും .
ദൂരെയെവിടെനിന്നോ ശ്രീദേവി വാരസ്യാരുടെ കരച്ചിൽ കേൾക്കുന്നു ... ഇഴഞ്ഞൊഴുകി വരുന്ന ഗന്ധർവസംഗീതം അവളുടെ കാതിൽ പ്രകമ്പനങ്ങൾ തീർത്തു.
രണ്ടു കാതും പൊത്തിപ്പിടിച്ച് ഉണ്ണിമായ അലറി .
ചന്ദ്രോദയം അന്തരീക്ഷത്തിൽ അലയൊളികൾ തീർത്തു. നിശാഗന്ധി
പൂത്ത് രതി പാർവ്വണങ്ങൾക്കായി പ്രകൃതിയൊരുങ്ങി ,
നേർത്ത നിലാവ് അവളെ മെല്ലെ തലോടി...
എല്ലാം ശാന്തമായിരിക്കുന്നു. ... അകലെ നിന്നുള്ള സംഗീതം പൂർണ്ണത കൈവരിച്ച് മധുരമൂറിയിരിക്കുന്നു. ... അവൾ പൂമുഖവാതിൽ പതിയേത്തുറന്നു ... സുഖശീതളമാർന്നൊരു മന്ദമാരുതൻ അവളെത്തലോടി .... പാലപ്പൂവിന്റെ ഗന്ധം നാസികയെ പുളകമണിയിച്ചു ... ഉണ്ണിമായ തൂക്കുവിളക്കുകൾ ഒന്നൊന്നായി തെളിയിച്ചു ... കുത്തുവിളക്കിൽ ദീപം പകർന്ന് പുതുവസ്ത്രങ്ങൾ കൈയ്യിലെടുത്ത് കുളപ്പുര ലക്ഷ്യമാക്കി നടന്നു ....അനന്തമായ അന്ധകാരം അവൾക്കായി വഴിമാറി ... അവളുടെ രാവുകൾ പുതിയൊരു ചരിത്രം രചിക്കാനായി തൂലികയൊരുക്കി .....
അവസാനിച്ചു
✍️ ശ്രീധർ .ആർ. എൻ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot