
>
'"ഒരു നഴ്സിനെ കെട്ടാൻ എനിക്കു താൽപര്യമില്ല... അമ്മ നിർബന്ധിച്ചതുകൊണ്ടു മാത്രമാണ് ഞാൻ പെണ്ണുകാണാൻ വന്നത്. " - ഞാൻ അറുത്തുമുറിച്ചവളോട് പറഞ്ഞു.
തന്നെ പെണ്ണു കാണാൻ വന്ന ചെക്കനിൽ നിന്നും കേൾക്കേണ്ടി വന്ന ഈ വാക്കുകൾ അവളെ നന്നായി വേദനിപ്പിച്ചു.
എങ്കിലും പതറാതെ പുഞ്ചിരിയോടെ ഒരു മൂളൽ മാത്രമായിരുന്നു അവളുടെ മറുപടി.
അവളെ വേണ്ടായെന്നു വച്ചതിനേക്കാൾ അവൾ വേദനിച്ചത് കഷ്ടപ്പാടും ബുദ്ധിമുട്ടും ഒരുപാടുണ്ടെന്നറിഞ്ഞിട്ടും അവൾ സ്വയം തിരഞ്ഞെടുത്ത നഴ്സ് ജോലിയോടുള്ള എന്റെ സമീപനമായിരുന്നു എന്നെനിക്കു തോന്നി.
എന്നും മാറാ രോഗികളോടും മരുന്നുകളോടും പലവിധ അസുഖങ്ങളോടും മറ്റും ഇടപഴകുന്ന ഒരു നഴ്സിനെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ ഞാൻ മടിയായിരുന്നു.
ഓർമ വയ്ക്കും മുൻപേ മരിച്ചതാ അച്ഛൻ. അതിൽ പിന്നെ അച്ഛനില്ലാത്ത കുറവറിയിക്കാതെ ഒരുപാടു കഷ്ടപ്പെട്ടും ബുദ്ധിമുട്ടിയുമാണ് അമ്മ എന്നെയും അനിയത്തിയെയും വളർത്തിയെടുത്തത്.
അതു കൊണ്ടു തന്നെ അമ്മയാണ് എനിക്കെല്ലാം. അമ്മയെ എതിർക്കാനും വിഷമിപ്പിക്കാനും എനിക്ക് കഴിഞ്ഞിരുന്നില്ല. അതു കൊണ്ടാണ് ഇഷ്ടമല്ലാതിരുന്നിട്ടു കൂടി ആ പെണ്ണു കാണലിനു ഞാൻ പോയത്.
തിരികെ വന്ന് അമ്മയോട് പെണ്ണുകാണലിന്റെ വിശേഷമെല്ലാം പറഞ്ഞപ്പോൾ കരണമടച്ചൊരു അടിയായിരുന്നു എനിക്കു കിട്ടിയത്.
"നഴ്സിനു എന്താടാ ഒരു കുറവ്... നീ അങ്ങനെ പറഞ്ഞപ്പോ ആ പാവം കുട്ടിക്ക് എത്ര മാത്രം വേദനിച്ചു കാണും... " - അമ്മ ദേഷ്യത്തോടെ ചോദിച്ചു.
" അമ്മ എന്നെ തല്ലിയാലും എത്ര വഴക്കു പറഞ്ഞാലും കണ്ട വിസർജ്യങ്ങളിലും രോഗങ്ങളിലും കഴിയുന്ന ഒരു നഴ്സിനെ എനിക്കു വേണ്ട..."
അതിൽപിന്നെ അമ്മ എന്നെ വിവാഹത്തിനധികം നിർബന്ധിച്ചില്ല.
കുറച്ചു മാസങ്ങൾക്കു ശേഷമാണ് അമ്മ മുറ്റത്തൊന്നു വീണത്.ആദ്യമൊന്നും അമ്മ അത് കാര്യമായെടുത്തില്ലയെങ്കിലും ദിവസങ്ങൾക്കുള്ളിൽ അമ്മയ്ക്ക് നടക്കാൻ പോലും ബുദ്ധിമുട്ടുണ്ടാവുകയും ചെയ്തു.
വിശദമായ സ്കാനിങ്ങിലാണ് കാര്യങ്ങൾ വ്യക്തമായത്.നടുവിനും വലതുകൈക്കും പൊട്ടലുണ്ട്.
എന്റെ എല്ലാമെല്ലാമായ അമ്മയുടെ പെട്ടെന്നുള്ള വീഴ്ച എന്നെ എല്ലാ അർത്ഥത്തിലും തകർത്തു കളഞ്ഞു.
"കുറച്ചു നാൾ അമ്മയ്ക്ക് പൂർണമായ ബെഡ് റെസ്റ്റ് വേണം... നല്ല പരിചരണത്തിലൂടെ മാത്രമേ അമ്മയെ ഇനി പഴയപടി കൊണ്ടുവരാൻ കഴിയൂ... ഒരു കൊച്ചു കുഞ്ഞിനെ നോക്കുന്നതു പോലെ അമ്മയെ നോക്കണം.... എല്ലാത്തിനും കൂടെ ആളു വേണം... ഒന്നിനും സ്ട്രൈൻ കൊടുക്കരുത്...." - ഡോക്ടർ വിധിയെഴുതി.
അമ്മയ്ക്കു വേണ്ടി എന്തും ചെയ്യാനും എത്ര പണം മുടക്കാനും ഞാൻ തയ്യാറായിരുന്നു.അങ്ങനെ പട്ടണത്തിലെ ആശുപത്രിയിൽ അമ്മയെ അഡ്മിറ്റ് ആക്കി.
അങ്ങനെയാണ് അമ്മയെ പരിചരിയ്ക്കാൻ വന്ന ആ നഴ്സിനെ ഞാൻ ശ്രദ്ധിച്ചത്. അന്നു പെണ്ണുകാണാൻ ചെന്ന അതേ കുട്ടി.
അമ്മയുടെ എല്ലാ കാര്യങ്ങളും നോക്കേണ്ട ജോലി അവൾക്കായിരുന്നു. പഴയ കാര്യങ്ങൾ മനസ്സിൽ വച്ച് എന്നോടുള്ള ദേഷ്യത്തിന് അമ്മയുടെ കാര്യങ്ങളിൽ വീഴ്ച വരുത്തുമോ എന്നു ഞാൻ ഭയന്നു.
എന്നാലെന്റെ ഭയം അസ്ഥാനത്തായിരുന്നു. സ്വന്തം മകൾ നോക്കുന്നതിനേക്കാളേറെ സ്നേഹത്തോടെ അമ്മയെ അവൾ നോക്കി.
ഉള്ളതു പറഞ്ഞാൽ എന്റെ അനിയത്തിയെക്കാൾ നന്നായി അമ്മയുടെ എല്ലാ കാര്യങ്ങളും അവൾ നോക്കി.
ആ കട്ടിലിൽ മാത്രമായി കഴിയുന്ന അമ്മയെ താങ്ങിയെടുത്തിരുത്താനും ഭക്ഷണം നല്കാനും മറ്റാവശ്യങ്ങൾക്കും അവൾ ഉണ്ടായിരുന്നു.
സ്വന്തം മക്കളും ബന്ധുക്കളും ചെയ്യാൻ മടിക്കുന്ന കാര്യങ്ങൾ പോലും അന്യർക്ക് ചെയ്തു കൊടുക്കുന്ന അവളോടും അവളുടെ ജോലിയോടും വല്ലാത്ത ബഹുമാനം തോന്നി.
പലപ്പോഴും ഭക്ഷണം പോലും കഴിക്കാതെ യാതൊരു പരിചയോമില്ലാത്തോർക്കായി ഓടി നടക്കുന്ന അവളെ പല തവണ ഞാൻ കണ്ടിട്ടുണ്ട്.
ഞാനുറങ്ങുമ്പോഴും രാത്രി ഒരു പോള കണ്ണടക്കാതെ എന്റെ അമ്മയ്ക്കു കാവലിരിന്നിരുന്നു അവൾ.
മാറാരോഗികൾക്കും പകർച്ചവ്യാധികൾക്കും ഇടയിലാണു ജീവിതമെങ്കിലും സ്വന്തം ആരോഗ്യം നോക്കാതെ മറ്റുള്ളോർക്കായാണവൾ ജീവിക്കുന്നതെന്നോർത്തപ്പോൾ സങ്കടം തോന്നി.
ഉള്ളതിനും ഇല്ലാത്തതിനും ഡോക്ടറുമാരുടെയും രോഗികളുടെ ബന്ധുക്കളുടെയും വഴക്കും ശകാര വർഷങ്ങളും ഏറ്റുവാങ്ങിയിട്ടും ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള ശമ്പളമില്ലാതിരുന്നിട്ടും അവളാരോടും പരാതി പറഞ്ഞില്ല.
വീട്ടു പ്രാരാബ്ദം കാരണം നഴ്സിങ് പഠനത്തിനായെടുത്ത വായ്പ പോലും തിരിച്ചടക്കാനാവാതെ ഒറ്റയ്ക്കൊരു കുടുംബത്തിന്റെ ഭാരവും പേറി നടക്കുന്ന അവളുടെ കഥ അമ്മയോടവൾ പറയുമ്പോൾ ആ കണ്ണുകൾ നിറഞ്ഞിരുന്നു.
തന്റെ വീട്ടുകാരെയും വയ്യാത്ത സ്വന്തം അച്ഛനെ ഒരു നോക്കു കാണാനും പരിചരിക്കാനുമാവാതെ അവധിയില്ലാതെ ആ ആശുപത്രിയിലെ രോഗികൾക്കായി മാത്രം അവളുടെ ഇഷ്ടങ്ങളെ അവൾ മാറ്റി വച്ചു.
പല തരം രോഗങ്ങൾക്കും മലമൂത്ര വിസർജ്യങ്ങൾക്കുമിടയിൽ ജീവിതം ഹോമിക്കുന്ന അവളെപ്പോലുള്ളവരുടെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും ഞാൻ കണ്ണീരോടെ തിരിച്ചറിഞ്ഞു.
നഴ്സുമാരെപ്പറ്റിയുള്ള എന്റെ ധാരണകളെ പാടെ അവൾ പൊളിച്ചെഴുതിക്കളഞ്ഞു.
സ്നേഹവും പരിചരണവും കൊണ്ടു എന്റെ അമ്മയെ പഴയതിനേക്കാൾ ആരോഗ്യവതിയായി അവൾ തിരിച്ചു കൊണ്ടുവന്നു.
അവളെ അന്നു വേണ്ടാന്നു വച്ചതിലും വേദനിപ്പിച്ചതിലും സങ്കടവും അതിലേറെ കുറ്റബോധവും തോന്നി.
ഇപ്പൊ അവളോടും അവളുടെ ജോലിയോടും എനിയ്ക്ക് പെരുത്തിഷ്ടമാണ്. ഇഷ്ടം അവളെ അറിയിച്ചപ്പോൾ. നീട്ടി വലിച്ച ഒരു "നോ " ആയിരുന്നു മറുപടി.
അന്നു ഞാൻ അവളെ വേണ്ടാന്നു വച്ചപ്പോഴവൾ അനുഭവിച്ചതിന്റെ നൂറിരട്ടി വേദന ഞാനിന്നനുഭവിയ്ക്കുന്നു കൺ മുന്നിൽ കിട്ടിയ മാണിക്യത്തെ അന്നു വേണ്ടാതെ വലിച്ചെറിഞ്ഞതിന്.
എന്നാലും ഞാനൊന്നു മനസിലുറപ്പിച്ചു. കെട്ടുണ്ടെങ്കിൽ അതിവളെ തന്നെ. അതിനി എത്ര കാത്തിരുന്നിട്ടായാലും.//
P. Sudhi P
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക