Slider

കുസൃതിക്കാരി

0
Image may contain: 1 person, sitting and indoor
കുസൃതിക്കാരി [കഥ]
"ഹലോ, പാലേരിയിലല്ലേ ഇറങ്ങേണ്ടത്?...ദേ, സ്റ്റോപ്പെത്തി."
മയക്കത്തിൽ തട്ടിയുണർത്തി ബസ്സിൽ അടുത്തിരിക്കുന്ന ആ പെൺകുട്ടി വിളിച്ചപ്പോൾ കണ്ണു തിരുമ്മി ഞാൻ ചാടിയെഴുന്നേറ്റു.പെട്ടന്ന് സ്ഥലകാലബോധമൊന്നുമുണ്ടായില്ലെങ്കിലും അവളുടെ പിന്നാലെ ചെന്നു.വേറെ യാത്രക്കാരൊന്നും ആ സ്റ്റോപ്പിൽ ഇറങ്ങിയിട്ടില്ല.
നാട്ടിൻ പുറം.ചെറിയ കവല.ഏതാനും കടകൾ.രണ്ടു മൂന്നു ഓട്ടോറിക്ഷകൾ.ഞാൻ വേഗം തന്നെ അമ്മായിയെ വിളിച്ചു.റിങ് ചെയ്യുന്നുണ്ട്.ഫോണെടുക്കുന്നില്ല. ഇനി എന്തുചെയ്യും?!.
"ഞാൻ തട്ടി വിളിച്ചില്ലായിരുന്നേ ചേട്ടനിപ്പോ ചുരം കയറി വയനാട്ടിലെത്തിപ്പോയേനെ!...ആകെ സീനായിട്ടുണ്ടാകും...വലിയൊരു ദുരന്തത്തിൽ നിന്നാണ് ഞാൻ നിങ്ങളെ രക്ഷിച്ചത്!...എനിക്ക് ചെലവ് ചെയ്യണം കേട്ടോ..."
അപ്പോഴാണ് ഞാനാ പെൺകുട്ടിയെ ശരിക്കും ശ്രദ്ധിച്ചത്.പാന്റും ഷർട്ടുമാണ് വേഷം. സുന്ദരിയാണ്. മുഖത്ത് മൂക്കുത്തിയുടെ തിളക്കം.വലിയ കണ്ണുകൾ.ഇരുപത്തിയഞ്ചിൽ താഴെ പ്രായം.പുറകിലൊരു ബാഗുണ്ട്.
"ചേട്ടനെന്താ നിന്നു പരുങ്ങുന്നത്?.. എവിടെക്കാ പോകേണ്ടത്?!..".ദിക്കറിയാതെ നട്ടം തിരിയുന്ന എനിക്ക് അവളുടെ ആ ചോദ്യം ഇഷ്ടപെട്ടു.ഞാൻ സ്ഥലം പറഞ്ഞു.അവളും അങ്ങോട്ടാണെന് പറഞ്ഞപ്പോൾ ആശ്വാസം തോന്നി.ഞാൻ കവലയിൽ നിന്ന് ഒരു ഓട്ടോ വിളിച്ചു.
"ഇയാളുടെ പേരെന്താണ്?". ഓട്ടോയിലിരുന്ന് ഞാനവളോട് ചോദിച്ചു.എന്തെങ്കിലുമൊക്കെ ചോദിക്കണമല്ലോ.
"ഓർമ്മിയ മേധക്ക്‌..."
"ഓർമ്മിയാ മേധക്കോ...അതെന്തു പേരാണ്?!". ഞാൻ അത്ഭുതപ്പെട്ടുപോയി.
"എന്താ കേട്ടിട്ടില്ലേ...ഓർമ്മിയ മേധക്ക്‌ എന്റെ ഫേസ്ബുക് ഐഡി കണ്ടിട്ടില്ലേ...ഭയങ്കര വൈറലാണ് !!".
"ഞാൻ കണ്ടിട്ടില്ല."
അവളുടെ മുഖത്ത് നിരാശ.
"കാണണോ?."
"വേണ്ട."
മൗനം.
"ചേട്ടന്റെ പേരെന്താ?."
"വിപിൻ."
"വിപിൻന്ന് മാത്രേ ഉള്ളൂ?!."
"വിപിൻ വട്ടോളിന്നുണ്ട്."ഞാൻ അഭിമാനത്തോടെ പറഞ്ഞു.
"വട്ടോളി അച്ഛന്റെ പേരാണോ?!."
"അല്ല. സ്ഥലപ്പേരാണ്."
"ഓ...എന്തായാലും തല്ലിപ്പൊളി പേരാണ്."
അതെനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല.ഓട്ടോ ഏറെ ദൂരം മുന്നോട്ടു പോയിട്ടുണ്ട്.ഗ്രാമം.പച്ചപ്പുകൾ.
"വിപിനെട്ടോ,അവിടെ ആരെ കാണാൻ പോവുകയാണ്?"
അച്ഛന്റെ അകന്ന ബന്ധത്തിലുള്ള ഒരു സഹോദരിയുടെ വീട് വരെ പോകണം.അമ്മായിയുടെ അയൽവാസിയായ ഒരു പെൺകുട്ടിയെ പെണ്ണുകാണുകയാണ് ഉദ്ദേശം.ഞാൻ അമ്മായിയുടെ വിവരങ്ങൾ പറഞ്ഞു.
"ഓ!...ചന്ദ്രികചേച്ചിയെ കാണാനാണോ...ഞങ്ങൾ അടുത്താണ്."
"ഓഹോ?!"
"അതേ...ചന്ദ്രികചേച്ചിയും എന്റെ വീട്ടുകാരും വലിയ സ്നേഹത്തിലാ...മുൻപ് ഞങ്ങളെ പറമ്പിൽന്ന് തേങ്ങ കട്ടതിന് അച്ഛൻ ചന്ദ്രികചേച്ചിയുടെ ഭർത്താവിനെതിരെ പോലീസിൽ കേസുകൊടുത്തിട്ടുണ്ടെന്നേയുള്ളൂ...വലിയ ഇഷ്ട്ടമാ!...".
ഞാൻ ചമ്മിപ്പോയി.നേരായിരിക്കുമോ ഇവള് പറഞ്ഞത്!...ഏയ്‌...
പതിനഞ്ചുമിനിറ്റിലെ ഓട്ടോ യാത്രക്കിടയിൽ അവളുപിന്നെയും പലതും ചറ പറാ പറഞ്ഞുകൊണ്ടിരുന്നു.ഞാനപ്പോൾ നെറ്റ് കുറവായതിനാൽ ഗുജറാത്ത്‌ തെരഞ്ഞെടുപ്പ്ന്റെ റിസൾട്ടെന്തെന്നറിയാത്തതിലുള്ള ആധിയിലായിരുന്നു.
ഏതോ പട്ടിയുടെയും പൂച്ചയുടെയുമൊക്കെ കഥയാണ് അവളു പറയുന്നത്.അവളുടെ വീട്ടിലെ പട്ടിയും പൂച്ചയുമൊക്കെ വലിയ കൂട്ടാണത്രേ!.
ഓട്ടോ നിന്നു.വിജനമായ ഒരു പ്രാദേശം.ഞങ്ങൾ ഇറങ്ങിയ റോഡിനിരുവശത്തും ഇറിഗേഷൻ കനാലിനോരത്തായി നീണ്ടുപരന്നു കിടക്കുന്ന നാട്ടുവഴിപാത.ഓർമ്മിയ വലതുവശത്തേക്കു നടന്നു.
ഞാൻ അമ്മായിയെ വിളിക്കാൻ ഡയൽ ചെയ്തു.നാശം ഇവിടെ BSNLനു സിഗ്നലുമില്ല.
പാത തുടങ്ങുന്നതിനു വലതുവശത്തായി ഒരു കടയുണ്ട്.അവൾ പടികൾ ചാടിക്കടന്ന് ആ കടയിലേക്ക് കയറി.ഞാനും കൂടെ ചെന്നു.ഓലമേഞ്ഞ ചെറിയ ഒരു കട.നാലു കോഴിമുട്ടയും ഒന്നരക്കിലോ കദളിപ്പഴവുമൊക്കെയാണ് വിൽക്കാനായിട്ടുള്ളത്.'സൂപ്പർ മാർക്കറ്റ്'എന്നാണ് കടയുടെ പേര്!.
"വിപിനേട്ടനെനിക്ക് ചെലവു ചെയ്യാമെന്ന് പറഞ്ഞതല്ലേ...ചോക്ലേറ്റ് വാങ്ങിത്തരാമോ?."
ഞാനെപ്പപ്പറഞ്ഞു!.എന്തെങ്കിലുമാകട്ടെ ശരിയെന്നു തലയാട്ടി.
"ഇതാരാ കുഞ്ഞി കാണാത്തൊരാള്?!". എന്നെ ഉദ്ദേശിച്ച് കടക്കാരന്റെ ചോദ്യം.
കുഞ്ഞിയോ!...ഓഹോ ഇവൾക്ക് വേറെയും പേരുണ്ടോ?!.
"ഓ...ഇത് വീട്ടിലെ പുതിയ ജോലിക്കാരനാണ് കുമാരേട്ടാ...".
തകർന്നുപോയി ഞാൻ.അവൾക്കൊരു ഭാവഭേദവുമില്ല!. ഞെട്ടറ്റുവീണളിഞ്ഞ പഴുത്തചക്ക പോലെയായിപ്പോയി അപ്പോൾ എന്റെ മുഖം.പക്ഷെ പ്രതികരിക്കാനൊന്നും പോയില്ല.അല്ലേലും നിലവാരമില്ലാത്ത ആരോപണങ്ങൾക്ക് മറുപടി പറയുന്നത് പണ്ടേ എനിക്കിഷ്ടമല്ല!.
ഇനി അവള് പറഞ്ഞത് അയാൾ വിശ്വസിച്ചുകാണുമോ?!...ഏയ്‌...
കുറെ ചോക്ലേറ്റ്,മിടായികൾ,പൌഡർ,കണ്മഷി അവളങ്ങനെ കണ്ണിൽ കണ്ടതെന്തൊക്കെയോ വാങ്ങിച്ചു കൂട്ടുന്നുണ്ട്.എല്ലാം വാങ്ങി ബാഗിൽ വച്ചു.
"വിപിയേട്ടോ പൈസ കൊടുക്ക്... എനിക്ക് കുമാരേട്ടൻ കടം തരൂല..."
ഞാൻ കടക്കാരനെ ചോദ്യഭാവത്തിൽ നോക്കി.അയാൾ ഭയങ്കര കണക്കുകൂട്ടലിലാണ്.ഇത്രയും വലിയ ബിസിനസ് ആദ്യമായിട്ടായിരിക്കും!.ഷർട്ടൊന്നുമിടാതെ ഒരു കൈലിമുണ്ട് മാത്രം ധരിച്ചാണ് കടക്കാരന്റെ നിൽപ്പ്.ഇയാൾക്ക് നാണമില്ലേ ഒരു പെൺകുട്ടിയുടെ മുൻപിൽ അർദ്ധനഗ്നനായി നിൽക്കാൻ.
"245രൂപ.". ഞാൻ ഇരുന്നൂറ്റി അമ്പത് രൂപ എടുത്തുകൊടുത്തു.
"അഞ്ചുരൂപ ചില്ലറയില്ലല്ലോ.ബാക്കിക്ക് സിഗരറ്റ് തരട്ടെ?."അയാളുടെ വളിച്ച ചിരി.
"വേണ്ട.ഞാൻ വലിക്കാറില്ല."ഗൗരവം വിട്ടില്ല.
രണ്ടു പേരുടെയും മുഖത്ത് എന്നോട് പുച്ഛം.ഇതെന്താ ഈ ഒരു ചെറുപ്പക്കാരന് സൽസ്വഭാവിയായി ജീവിക്കാനും പാടില്ലേ!..
ഞങ്ങൾ പാതയോരത്തിറങ്ങി നടന്നു തുടങ്ങി.
"ചേട്ടൻ കാണാൻ പോകുന്ന പെൺകുട്ടിയുടെ പേരെന്തായിരുന്നെന്ന് ചന്ദ്രികചേച്ചി പറഞ്ഞായിരുന്നോ?". ഓർക്കാപ്പുറത്ത് ഓർമ്മിയയുടെ ചോദ്യം.
"സിനുജ രാമചന്ദ്രൻ."
"ഓഹോ,സിനുജയാണോ?!...". എന്നുമാത്രം ചോദിച്ചവൾ നടത്തം തുടർന്നു.വലതുവശത്തു കനാൽ നിശബ്ദമായി ഒഴുകുന്നുണ്ട്.ഒരു പോപ്പിൻസും നുണഞ്ഞുകൊണ്ടാണ് അവളുടെ നടത്തം.ചെറിയ കുട്ടിയാണെന്നാ ഈ പെണ്ണിന്റെ വിചാരം.എനിക്ക് തീരെ ഇഷ്ട്ടപ്പെട്ടില്ല.
അവള് ഈമ്പിക്കൊണ്ടിരിക്കുന്ന പോപ്പിൻസ് കാണിച്ച് എന്നോട് വേണോന്ന് ചോദിച്ചു.പിന്നേ!...അവള് നുണഞ്ഞുകൊണ്ടിരിക്കുന്ന പോപ്പിൻസ്ന്റെ ബാക്കി തിന്നലല്ലേ എന്റെ പണി!. ഞാൻ വേണ്ടെന്നു പറഞ്ഞു.
നടന്നുകൊണ്ടിരിക്കെ എന്റെ ശരീരത്തിനടുത്തേക്ക് വന്ന് സ്വകാര്യം പറയുന്നതുപോലെ മൊഴിഞ്ഞു.
"വിപിയേട്ടാ,ഇങ്ങളെനിക്ക് ചോക്ലേറ്റ്ഒക്കെ വാങ്ങിത്തന്നതിന് നന്ദിയുള്ളതുകൊണ്ട് പറയുകയാ...ആ സിനുജയുടെ കാര്യമറിയുമോ?!...ചേട്ടൻ കാണാൻ പോകുന്നകുട്ടി...അവൾക്കേ മൂന്നു പ്രേമമുണ്ട്..."
ഞാൻ ഞെട്ടിപ്പോയി.ഈ പെണ്ണെന്തൊരു പാരയാണ്.മൂർഖൻ പാമ്പിനെയാണല്ലോ ഞാൻ ചോക്ലേറ്റ് കൊടുത്തു വളർത്തിയത്.
ഒന്നും മിണ്ടാൻ പോയില്ല.വീണ്ടും വീണ്ടും ഫോണിൽ റെയിഞ്ചു നോക്കി.അത് തദൈവ.എങ്ങനെയെങ്കിലും അമ്മായിയെ വിളിക്കാൻ സാധിച്ചിരുന്നെങ്കിൽ ഇവളുടെ കൈയ്യിന്നു രക്ഷപ്പെടാമായിരുന്നു.
"ഇവിടെ BSNLന് റെയിഞ്ചില്ലേ...ഇവിടെയാരാ എം.എൽ.എ?"
അവളെന്നെ സൂക്ഷിച്ചു നോക്കി."എനിക്കറിയൂല അതൊന്നും."
ഞാൻ അന്തം വിട്ടു.
"എനിക്ക് രാഷ്ട്രീയമൊന്നും അറിയില്ല.ചേട്ടൻ രാഷ്ട്രീയക്കാരനാണോ?..."
"ആണെങ്കിൽ?!..."
"അപ്പൊ ചേട്ടൻ എം.എൽ.എയാണോ?!"
എനിക്ക് ചിരിവന്നു. "അല്ല."
"ഉം..ഉം..നന്നായി.എനിക്ക് രാഷ്ട്രീയക്കാരെയൊന്നും ഇഷ്ട്ടമല്ല."
"അതെന്താ?!..."
"നിങ്ങൾക്ക് സിനിമയിൽ ഭീമൻ രെഘുവിനെ ഇഷ്ട്ടമാണോ? "
"ഇല്ല!...".
അവൾ പെട്ടന്ന് അടുത്തുള്ള പൊന്തക്കാട്ടിലേക്ക് നടന്നു.ഞാനും പിന്നാലെ ചെന്നു.അവിടെ എന്തോ തിരയുകയാണ്.
"എന്ത് പറ്റി?!"
"കഴിഞ്ഞയാഴ്ച ഞാൻ വരുമ്പോൾ ഇവിടെ കുഞ്ചു പ്രസവിച്ചു കിടക്കുന്നുണ്ടായിരുന്നു...വീട്ടിലെ ടൈഗറിന്റെ ലൈനാ...നല്ല ക്യൂട്ടായ മൂന്നു പട്ടിക്കുട്ടികലുണ്ടായിരുന്നു...എവിടെപോയോ ആവോ?!...". അവളുടെ മുഖത്ത് നിരാശ.
പൊന്തക്കാട്ടിൽ നിന്നും വീണ്ടും മൺപാതയിലേക്ക് ഇറങ്ങി നടന്നു.ഒരു തണൽമരത്തിനടുത്തെത്തിയപ്പോൾ ഓർമ്മിയ അതിലേക്ക് സാഹസപ്പെട്ട് കയറുകയാണ്.
താഴെഞാൻ അവളേൽപ്പിച്ച ബാഗും കൊണ്ട് ശ്വാസം പിടിച്ചുനിന്നു.അവൾ അവിടെ എന്തൊക്കെയോ പരതി തിരിച്ചിറങ്ങി.കഴിഞ്ഞയാഴ്ച അവള് പോകുമ്പോൾ മരത്തിന്റെ കുരുവി മുട്ട ഇട്ടിരുന്നത്രേ.വിരിഞ്ഞിട്ടുണ്ടെന്ന്!.ഇനി ഇവൾക്ക് വട്ടായിരിക്കുമോ!...
പിന്നേയും നടന്നു കുറെ ദൂരത്ത് ചെന്നപ്പോൾ പാതവക്കത്തെ മാർക്സിസ്റ്റ്‌ പാർട്ടിയുടെ ചെറിയ കൊടിമരത്തിനടുത്തേക്ക് ഓടിച്ചെന്നു.ഒന്ന് ചുറ്റിലും നോക്കിയശേഷം കഷ്ട്ടപ്പെട്ട് അവളത് ഇളക്കിയെടുത്തു.ഞാൻ തരിച്ചു നിന്നുപോയി.ചുവന്ന പാർട്ടി പതാകയോടുകൂടിയ കൊടിമരം എടുത്തുകൊണ്ടുപോയി എതിർ ദിശയിലുള്ള കോൺഗ്രസ്കാരുടെ ഫ്ലെക്സ് ബോർഡിനോടോപ്പം കെട്ടിക്കൊടുത്തു.
അരുതെന്നു പറയുവാൻ ഭയം കാരണം എനിക്ക് ശബ്ദം തൊണ്ടയിൽ നിന്ന് പുറത്തുവരുന്നില്ല.
അവളടുത്ത കലാപരിപാടി തുടങ്ങി.ബേഗിൽ നിന്നും മാർക്കർ പേനയെടുത്ത് ഉമ്മൻ ചാണ്ടിക്ക് താടി വരച്ചുകൊണ്ടിരിക്കുകയാണ്!!.
ദൈവമേ...തിരിച്ചു പോകുവാനുള്ള വഴിയും മറന്നുപോയി.ഞാൻ ബേജാറോടെ ചുറ്റിലും നോക്കി കഴുത്ത് കഴച്ചു.
വീണ്ടും നടന്നു.
വഴിയിലൊരു പൂച്ചക്കുട്ടിയെ കണ്ടപ്പോൾ കുറെ അതിന്റെ പിന്നാലെ ഓടി.അത് ജീവനുംകൊണ്ട് രക്ഷപെട്ടു.ഓടി തളർന്ന നമ്മുടെ കഥാ നായികവഴിവക്കിലെ തണൽ മരങ്ങൾക്കു പിന്നിലെ ഒരു പാറയുടെ മുകളിലേക്ക് ചാടിക്കയറി.അവിടെനിന്നും പ്രസംഗം തുടങ്ങി.
"പ്രിയപ്പെട്ട നാട്ടുകാരെ........"
പതിനായിരങ്ങൾ പ്രസംഗം കേൾക്കാനുണ്ടെന്ന ഭാവമാണവൾക്ക്.ആകെ ഞാനെയുള്ളൂ...ഹും...
പ്രസംഗം നിർത്തി വീണ്ടും നടന്നു. നടക്കുമ്പോൾ അവളെന്തൊക്കെയോ എന്നോട് കലപില സംസാരിക്കുന്നുണ്ട്.ഞാനൊന്നും ശ്രദ്ധിക്കാൻ പോയില്ല.എനിക്ക് ജീവിതം തന്നെ മടുത്തുപോയി!.
കടന്നുപോകുമ്പോൾ വഴിയിലെങ്ങും ഒരു മനുഷ്യനെയും കാണാനില്ല.ഇനി ഇവള് വരുന്നതറിഞ്ഞു നാട്ടുകാരൊക്കെ വഴിമാറി നടക്കുന്നതാവുമോ!.
കാറ്റിനോടും മരങ്ങളോടും കുയിലിനോടുമെല്ലാം കിസ്സപറഞ്ഞവൾ എന്നെയും കൂട്ടി ഏറെ ദൂരം മുന്നോട്ടുപോയിരിക്കുന്നു.
കനാൽ വക്കത്തെ പണിതീരാത്ത ഒരു ചെറിയ വീടിനടുത്തെത്തിയപ്പോൾ ഓർമ്മിയ കുറുകെയുള്ള പാലം കടന്ന് ആ വീട്ടിലേക്കു നടന്നു.അവളെ അനുഗമിക്കുക ഇതിനിടയിൽ ഒരു ശീലമായതുകൊണ്ട് ഞാനും ചെന്നു.വീടിനുമുറ്റത്തു വിറക് വെട്ടുകയായിരുന്ന മധ്യവയസ്കയായ സ്ത്രീ അവളെ കണ്ട് സന്തോഷത്തോടെ ഓടിവന്നു.
"എന്റെ കുഞ്ഞീ...നീ വരുന്ന വഴിയാണോ?!...". സ്ത്രീയുടെ മുഖത്ത് സന്തോഷം.ഓർമ്മിയ മറുപടിയൊന്നും പറയാതെ അവരെ കെട്ടിപിടിച്ചു.രണ്ടുപേരും ചേർന്ന് വീടിനകത്തേക്ക് കയറിപ്പോയി.ദാരിദ്ര്യങ്ങളുടെ അടയാളങ്ങൾ മാത്രമേ അവിടെ കാണാനുള്ളൂ.ഞാൻ എന്ത് ചെയ്യണമെന്ന് അറിയാതെ പൂമുഖത്ത് നിന്ന് വട്ടം ചുറ്റി.അവരെന്നെ ശ്രദ്ധിച്ചതുപോലുമില്ല.
പൂമുഖത്തെ തുറന്നിട്ട ജെനലഴിലൂടെ അകത്തെ മുറി കാണാം.ഞാൻ പതുക്കെ ശ്രദ്ധിച്ചു.
ഓർമ്മിയ അവിടെ കട്ടിലിൽ ഇരിക്കുകയാണ്.അവളുടെ പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടി അവിടെ കിടക്കുന്നുണ്ട്.കിടപ്പിലായ രോഗിയായിരിക്കണം.മൂത്രസഞ്ചിയൊക്കെ കാണാനുണ്ട്.ആ പെൺകുട്ടിയുടെ കൺപീലികൾ മാത്രം അനങ്ങുന്നുണ്ട്.സ്നേഹത്തോടെ ഓർമ്മിയ ആ പെൺകുട്ടിയുടെ മുടിയിഴകളിൽ വിരലോടിക്കുകയാണ്.
"മീനൂ,നിനക്കുവേണ്ടിഞാൻ എന്തൊക്കെയാ കൊണ്ടുവന്നിരിക്കുന്നതെന്നു നോക്കൂ!..."
ഓർമ്മിയ നേരത്തെ കടയിൽ നിന്നും വാങ്ങിയ സാധനങ്ങൾ മുഴുവൻ ആ കട്ടിലിൽ വിതറി.ചോക്ലേറ്റ്കൾ,പൌഡർ,കണ്മഷി,പൊട്ടുകൾ,വളകൾ,മുത്തുമാല...
അവൾ രോഗിയായ പെൺകുട്ടിയെ അണിയിച്ചു.പൌഡറിട്ടു.കണ്ണെഴുതി,പൊട്ടുതൊട്ടു,കണ്ണാടിയിൽ അവളുടെ മുഖം കാണിച്ചു.ഓർമ്മിയയുടെ മുഖത്ത് സന്തോഷം.ചോക്ലേറ്റ് പൊടിച്ച് കൂട്ടുകാരിയുടെ വായിൽ വച്ചു.ആ അമ്മ സാരിത്തലപ്പുകൊണ്ട് കണ്ണുതുടച്ച് അരികിൽ നിന്നു.എനിക്ക് കണ്ടുനിൽക്കാൻ അസ്വസ്ഥത തോന്നി.പതുക്കെ പൂമുഖത്തുനിന്നും മുറ്റത്തെക്കിറങ്ങി നിന്നു.മുറ്റത്ത് മുല്ലപ്പൂവിന്റെ സുഗന്ധം.ഞാനവിടെയൊക്കെ ചുറ്റി നടന്നു.എന്തായിരിക്കും ആ പെൺകുട്ടിക്ക് സംഭവിച്ചിട്ടുണ്ടാവുക?!...
തിരിച്ചുവന്ന അവൾ മൗനിയായിരുന്നു.എനിക്കത്ഭുതം തോന്നി.ഞാൻ വെറുതെ ചിലതൊക്കെ പറഞ്ഞു.എല്ലാറ്റിനും മൂളൽ മാത്രമാണ് മറുപടി.
"ഹേയ് ഓർമ്മിയ,തന്റെ ആരാണാ പെൺകുട്ടി...അവൾക്കെന്താണ് സംഭവിച്ചത്?!..."
മൗനം തന്നെ.എന്നെ തിരിഞ്ഞുനോക്കുന്നു പോലുമില്ലാതെ അവൾ നടക്കുകയാണ്.ഞാൻ അവളെ മറികടന്നു തടസ്സമായി നിന്നു.
"എന്താ,പറയാൻ പ്രയാസമുള്ള കാര്യമാണോ?!"
അവളുടെ നിറഞ്ഞ മിഴികൾ.ചുണ്ടുകൾ വിറച്ചു.
"അത്...അവൾ...അവളായിരുന്നു എന്റെ ഏറ്റവും വലിയ കൂട്ട്...മീനു ഇല്ലാതെ ഞാൻ ഒരിടത്തും പോകുമായിരുന്നില്ല.ഞങ്ങൾ ക്ലാസ്സലും എവിടെയും ഒന്നിച്ചായിരുന്നു.മീനുവായിരുന്നു എന്നേക്കാൾ മിടുക്കി,സുന്ദരി...അന്നുഞങ്ങള് ചെറിയ കുട്ടികളല്ലേ...ചിലപ്പോളെനിക്ക് അസൂയ വരും...ഞങ്ങളൊന്നിച്ച് മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്കൂൾ വാർഷികത്തിന് നൃത്തത്തിൽ അവൾക്കായിരുന്നു ഒന്നാം സമ്മാനം...ഞാൻ രണ്ടാമതായിപ്പോയി...എനിക്കെന്തോ അന്നവളോട് വല്ലാതെ ദേഷ്യം വന്നു...വീട്ടിലേക്ക് തിരിച്ചുപോരുമ്പോൾ അന്നുഞാൻ അവള് കാണാതെ പോന്നു...ഞങ്ങൾ കൂട്ടുകാരികളൊക്കെ ഒന്നിച്ച്...അവളതൊന്നുമറിയാതെ കുറെ നേരമെന്നെ കാത്തുനിന്നു...ഒടുവിൽ ഒറ്റയ്ക്ക് പോന്നു..."
എന്റെ മുഖത്തുനിന്നും ദൃഷ്ടിമാറ്റി കനാലിന് അഭിമുഖമായി നിന്നു.
"സ്കൂളീന്നു വീട്ടിലേക്കു വരുന്ന വഴി ചെറിയൊരു കാടുണ്ട്...അന്നവള് തനിച്ചല്ലേ...ആ കുറ്റിക്കാട്ടിൽവെച്ച് രണ്ടുമൂന്നുപേർ ചേർന്നവളെ...". ഓർമ്മിയ കിതക്കുകയായിരുന്നു.
"കാട്ടിൽ ഇടിഞ്ഞുപൊളിഞ്ഞ പഴയൊരു കെട്ടിടത്തിനു പിന്നിൽ മരിച്ചെന്നു കരുതി ഉപേക്ഷിച്ചുപോയതാ...".
ഓർമ്മിയ പൊട്ടിക്കരഞ്ഞു.ഞാൻ വിറങ്ങലിച്ചുപോയി.
"ജീവിക്കുമെന്ന് കരുതിയതല്ല...ഒക്കെയും ഞാൻ കാരണമാണ്...എന്റെ നശിച്ച സ്വഭാവം കാരണമാണ്...അവളെത്ര സഹിച്ചുകാണും ദൈവമേ...ഞാനെത്ര തവണ അവളോട്‌ മാപ്പ് പറഞ്ഞിട്ടുണ്ടെന്നോ...ഒന്നവളെന്നോട് സംസാരിച്ചിരുന്നെങ്കിൽ...അവള് കൊച്ചായിരുന്നില്ലേ...കുഞ്ഞല്ലേ...എന്തിനാ നിങ്ങളാണുങ്ങള് ഇങ്ങനെയൊക്കെ ചെയ്യുന്നത്?!...". അവളെന്റെ ഷർട്ട്ൽ പിടിച്ചു വലിച്ചു പൊട്ടിക്കരഞ്ഞു.നിലത്താഞ്ഞാഞ്ഞു ചവിട്ടി.ബാഗ് വലിച്ചെറിഞ്ഞു.ഒടുവിൽ നിലത്തിരുന്നു തേങ്ങി.
ഞാൻ തരിച്ചു നിന്നുപോയി.ഉരുകിയൊലിച്ചുപോയി.ഒന്നും പറയാൻ കഴിഞ്ഞില്ല.ശബ്ദം വറ്റിപ്പോയി.കണ്ണുനിറഞ്ഞ് ഒഴുകി.എനിക്കപ്പോൾ ലോകത്തിന്റെ ഏതെങ്കിലുമൊരു മൂലയിലേക്ക് ഓടിപോകണമെന്ന് തോന്നി.അവള് പറഞ്ഞതൊക്കെ ഞാനാണ് ചെയ്തതെന്നതുപോലെ തോന്നി...ഞാൻ തലകുമ്പിട്ട് നിന്നു.
കുറെ കരഞ്ഞു മതിയായപ്പോൾ അവൾ പതുക്കെ എഴുന്നേറ്റു.മുഖം തുടച്ചു.ബാഗ് എടുത്തു. പൊടി തട്ടി.പതുക്കെ വീണ്ടും നടന്നു.എന്നെ ഒന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്യുന്നില്ല.ആ സമയങ്ങൾ ഒരു മിനിറ്റ് ഒരു മണിക്കൂർ പോലെ അനുഭവിച്ചു.
കുറെ നടന്ന ശേഷം അവൾ നിന്നു.പതുക്കെ കനാലിനു വക്കത്തേക്കിറങ്ങി.ഞാൻ ഭയന്നു.ഇനി കനാലിൽ ചാടാനെങ്ങാനും!...
കനാൽ വെള്ളത്തിൽ നിന്നും മുഖം കഴുകി.ശരീരത്തിലെ പൊടികൾ തട്ടിതുടച്ചു.മുടിയിഴകൾ നേരെയെന്ന് ഉറപ്പുവരുത്തി തിരിച്ചു മൺപാതയിലേക്ക് കയറിവന്നു.
"പൂവ്വാം..."
ഞാൻ തലയാട്ടി.
അധികദൂരം നടന്നില്ല.ഒരു ഇരുനില വീടിന്റെ ഗേറ്റിനടുത്തെത്തിയപ്പോൾ അവൾ വീണ്ടും നിന്നു.ഗേറ്റിൽ നിന്നും വീട്ടിലേക്ക് അല്പം ദൂരമുണ്ട്.
"ഇതാണ് വീട്." അവൾ ചിരിച്ചു.
"ആരുടേത്?!..."
"സിനുജ രാമചന്ദ്രന്റെ വീട്!...സിനുജയെ കാണാനല്ലേ വന്നത്?!...ചേട്ടൻ വാ..."
ഓർമ്മിയ എന്റെ കൈക്ക് പിടിച്ചു വലിച്ചു.ഞാൻ കുതറി.
"ഹേയ്,പറ്റില്ല.അമ്മായി വരണം.ഞാൻ തനിച്ചൊന്നും വരൂല...". ഞാൻ ശഠിച്ചു.
"ഈ മനുഷ്യനെന്താ ഇങ്ങനെ...ചേട്ടനെന്താ തനിച്ചാണോ...ഞാനില്ലേ കൂടെ...ചന്ദ്രികചേച്ചി ഇവിടടുത്തു തന്നാ,വന്നോളും...വാ...". അവൾ പിടിച്ചപിടിയാലെ എന്നെയും വലിച്ചു നടന്നു.ഞാൻ പെട്ടു.വിയർത്തു.ഗെറ്റ് കടന്നു മുറ്റത്തേക്ക് നടന്നു തുടങ്ങിയപ്പോൾ ഒരു ചെറിയ പെൺകുട്ടി ഓടി വന്നു.കുട്ടി ആഹ്ലാദത്തോടെ അകത്തേക്ക് വിളിച്ചു പറഞ്ഞു. "വല്ല്യമ്മേ,ദേ സിനുജചേച്ചി വന്നൂ!..."
ഞാൻ ഞെട്ടി.അവൾക്ക് ഭാവവ്യത്യാസമൊന്നുമില്ല.അകത്ത് നിന്ന് ഒരു സ്ത്രീ പൂമുഖത്തേക്ക്.അമ്മയാണെന്ന് തോന്നുന്നു.പുറത്തു പറമ്പിൽ പണിയെടുക്കുകയായിരുന്ന സ്ത്രീയും പുരുഷനും ഞങ്ങളെകണ്ട് അരികിലേക്ക് വന്നു.
"എടീ കുഞ്ഞീ,നീ എന്താ ഇത്ര വൈകിയേ...ഇതാരാ?!...".എന്നെ ചൂണ്ടി ആ അമ്മ.അപ്പോഴേക്കും വേറെയും ചിലരൊക്കെ അകത്തു നിന്നും വന്നു.
"അമ്മേ, ഇതാ എന്നെക്കാണാൻ വരുമെന്ന് ചന്ദ്രികചേച്ചി പറഞ്ഞയാള്!...ഞങ്ങളൊന്നിച്ചാ വന്നേ!...".
'ഈശ്വരാ.....'.ഇSപ്പോൾ കേട്ടത് ആ സമയത്തെ എന്റെ നിലവിളിയായിരുന്നു.
പിൻകുറിപ്പ് : മാന്യവായനക്കാരേ, എന്റെ പ്രിയപ്പെട്ട ഭാര്യ ഓർമ്മിയ മേധക്ക് എന്ന് സ്വയം വിശേഷിപ്പിക്കുന്ന സിനുജാരാമചന്ദ്രൻ എന്ന എന്റെ കുഞ്ഞി ഞാൻ എഴുതികൊണ്ടിരിക്കുന്ന പേന തട്ടിപ്പറിച്ചോടിയിരിക്കുകയാൽ കഥയുടെ ബാക്കി എഴുതുവാൻ സാധിച്ചില്ലെന്ന വിവരം വ്യസനപൂർവ്വം അറിയിക്കട്ടെ!!.
കഥ - വിപിൻ വട്ടോളി.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo