
ബാല്യം
*************
*************
"" ഈ അമ്മെക്കൊണ്ടു വലിയ പാടായല്ലോ ...എന്തിനാ അമ്മെ അതൊക്കെ തട്ടിമറിച്ചിടുന്നത് ....എന്തേലും ആവശ്യമുണ്ടെങ്കിൽ എന്നോട് പറഞ്ഞാൽ പോരെ ... "" അകത്തു മുറിയിൽ പാത്രങ്ങൾ തട്ടിവീഴുന്ന ശബ്ദം കേട്ട ദിവ്യ അലക്കിയ തുണി പിഴിഞ്ഞുകൊണ്ടു തന്റെ ഭർത്താവിന്റെ അമ്മയോടായി ക്ഷോഭിച്ചു ..
തുണികളെല്ലാം അലക്കി ,കുളിയും കഴിഞ്ഞാണ് ദിവ്യ ശബ്ദം കേട്ടത് എന്താണെന്നറിയാൻ അമ്മയുടെ മുറിയിലേക്ക് ചെന്നത് .മുറിയിലേക്കെത്തിയപ്പോൾ താഴെ വീണുകിടക്കുന്ന അമ്മയെ ആണ് കാണുന്നത് . ഉടൻതന്നെ അവൾ അമ്മയെ പിടിച്ചെഴുന്നേല്പിച്ചു കട്ടിലിൽ കിടത്തികൊണ്ടു പറഞ്ഞു ...
"വയസ്സായാലെങ്കിലും ഒരിടത്തു അടങ്ങിക്കിടന്നുടെ നിങ്ങൾക്ക്." .അങ്ങേരിന്നു വരട്ടെ ഇന്നിതിനൊരു തീരുമാനം ണ്ടാക്കണം.എത്രയായി മനുഷ്യൻ ക്ഷമിക്കുന്നു ...""
"" അമ്മയെന്തിനാ ഇപ്പോൾ ഈ സാഹസം കാണിച്ചത് ...?
കുസൃതികാട്ടിയ ഒരു കുഞ്ഞിനെപ്പോലെ ഒരു കള്ളച്ചിരിയുമായി 'അമ്മ തന്റെ ചുണ്ടുകൾ മെല്ലെ അനക്കാൻ തുടങ്ങി ..."" മ ...മ....മന്നു....""
"" ഓ ...മരുന്നോ ? അപ്പൊ ഓർമ്മയില്ലെന്നൊക്കെ വെറുതെ അഭിനയിക്കയാണല്ലേ ? സ്വന്തം കാര്യങ്ങളൊക്കെ നല്ല ഓർമ്മയാണല്ലോ നിങ്ങക്ക് ?""
മേശപ്പുറത്തായി വച്ചിരുന്ന സിറഫ് തുറന്നുകൊണ്ടു അവൾ പറഞ്ഞു ...
മേശപ്പുറത്തായി വച്ചിരുന്ന സിറഫ് തുറന്നുകൊണ്ടു അവൾ പറഞ്ഞു ...
മരുന്ന് അമ്മയുടെ വായിലേക്ക് ഒഴിച്ചുകൊടുത്തു...
"" ദേ ഞാൻ അടുക്കളയിലേക്കു പോകുവാ ...നിങ്ങള് മൃഷ്ടാന്ഭോജനം കഴിഞ്ഞു കിടക്കയല്ലേ ...ഇനി ഉച്ചക്കലത്തേക്കു ഞാൻ എന്തെങ്കിലും വയ്ക്കട്ടെ ..പിന്നെ ഇന്നലത്തെപോലെ കട്ടിലിൽ മൂത്രമൊഴിച്ചാൽ എന്റെ തനിക്കൊണം നിങ്ങൾ കാണും ...""
അത്രയും പറഞ്ഞു അവൾ അടുക്കളയിലേക്കുപോയി ,അപ്പോഴും അമ്മയുടെ മുഖത്തു ആ കുസൃതിച്ചിരി മായാതെ നിന്നു...
ഒരുവശത്തായി അവൾ ടെലിവിഷൻ ഓൺ ചെയ്തു വച്ചു, തലേദിവസം രവി കണ്ടു കഴിഞ്ഞിട്ട് മാറ്റാൻ മറന്നുപോയ ഫാഷൻചാനൽ മാറ്റി ഫുൾടൈം പാട്ടു മാത്രമോടുന്ന ചാനൽ വച്ചു അടുക്കളയിലേക്കു പോയി ...
സമയം കഴിഞ്ഞുകൊണ്ടേയിരുന്നു ,ഒരു കയ്യിൽ മൊബൈലും മറു കൈകൊണ്ട് കറിയും ഇളക്കി അവൾ ചാനലിലെ പാട്ടു ഏറ്റുപാടിക്കൊണ്ടു നിന്നു ...
ഉച്ചക്കഞ്ഞിയുമായി അമ്മയുടെ മുറിയിലേക്കെത്തിയ അവൾ ശ്വാസം ആഞ്ഞെടുക്കാൻ തുടങ്ങി ...
"" ഹോ ..ഈ വൃത്തികെട്ട കെളവിയെക്കൊണ്ട് തോറ്റല്ലോ ദൈവമേ ...ഇന്നും ഇതിൽത്തന്നെ മൂത്രമൊഴിച്ചു അല്ലെ ....അതിൽത്തന്നെ കിടന്നോ , നിങ്ങളെ പട്ടിണിക്കിട്ടാലേ മനസ്സിലാക്കു , അകത്തേക്കെന്തെങ്കിലും പോയാലല്ലേ പുറത്തേക്കൊഴിക്കയുള്ളു ..."" എന്നുപറഞ്ഞു ദേഷ്യത്തിൽ അവൾ ആ കഞ്ഞി അമ്മയ്ക്ക് നൽകാതെ തിരികെക്കൊണ്ടുപോയി ..
നേരം സന്ധ്യയായി , കടയുംപൂട്ടി രവി എത്തി ..രവിക്ക് ചായ നൽകി അവൾ അയാൾക്കൊപ്പം സോഫയിലിരുന്നു ... "" അതെ നിങ്ങടെ അമ്മയെക്കൊണ്ട് വലിയ ബുദ്ധിമുട്ടാണ് ട്ടോ ..ഇന്നലെ കട്ടിലിൽ മൂത്രമൊഴിച്ചെന്നു ഞാൻ പറഞ്ഞില്ലായിരുന്നോ ദേ ഇന്നും അതുതന്നെ ചെയ്തുവച്ചിട്ടുണ്ട് ...ഇന്നലത്തെ തുണിയും വിരിയും ഇന്ന് കഴുകിയിട്ടതേയുള്ളു ...ഇനിയെനിക്ക് കഴിയില്ല ...വേണേൽ ചെന്ന് വൃത്തിയാക്കികൊടുക്കു ....""
"" ശ്ശെ ..ഈ 'അമ്മ മനുഷ്യനെ നാണം കെടുത്തുമല്ലോ "" എന്നും പറഞ്ഞു അവൻ അമ്മയുടെ മുറിയിലേക്ക് ചെന്നു...ഉറങ്ങാതെ അവനെക്കാണാനായി കാത്തിരുന്നുവെന്നോണം , 'അമ്മ വാത്സല്യത്തോടെ ചിരിച്ചു ...
"" അമ്മെ നിങ്ങൾക്കെന്തിന്റെ കുഴപ്പമാ , അവളെ എന്തിനാ ഇങ്ങിനെ ബുദ്ധിമുട്ടിക്കുന്നത് ...കട്ടിലിൽ മൂത്രമൊഴിക്കരുതെന്നു ഇന്നലെ ഞാൻ പറഞ്ഞതല്ലേ ...പിന്നെന്തിനാ ഇന്നും ചെയ്തത് ...?""
അപ്പോഴും ഒരു കള്ളചിരിമാത്രമായിരുന്നു അമ്മയുടെ മുഖത്തു ...
""എന്ത് പറഞ്ഞാലും തള്ളയ്ക്ക് ഈ ചിരിയാ"" മുറിയിലേക്ക് കടന്നുവന്ന ദിവ്യ ക്ഷോഭിച്ചു ....""
"" ദേ എന്നെക്കൊണ്ട് പറ്റില്ല ട്ടോ ഇവരെ നോക്കാൻ ..നിങ്ങടെ ഏട്ടനോട് പറയ് അല്ലെങ്കിൽ വല്ല വൃദ്ധസദനത്തിലെ കൊണ്ടിട് ....""
പെട്ടെന്ന് അത് കേട്ടപ്പോൾ രവി അവളെ ഒന്ന് നോക്കി ...
""എന്നെ നോക്കിപ്പേടിപ്പിക്കണ്ട...ഉള്ള കാര്യമാ ഞാൻ പറഞ്ഞത് ...എനിക്ക് വയസ്സ് അമ്പത്ല്ല ഇരുപത്തെട്ടാണ് , ജീവിതം ഇപ്പഴേ ഇങ്ങിനെ നരകിപ്പിക്കാൻ എനിക്കുവയ്യ ...കാലത്തെഴുന്നേറ്റാൽ തുടങ്ങുന്നത് തള്ളയുടെ മൂത്രവും തീട്ടവും കോരാൻ....ഇനി പറ്റില്ല ...""
നിസ്സഹായനായി അത് കേൾക്കാൻ മാത്രേ രവിക്ക് കഴിഞ്ഞുള്ളു ,അവൾ പറഞ്ഞതിലും ന്യായമുണ്ട് ..അവളെ കെട്ടിക്കൊണ്ടുവന്നു അധികമാകും മുന്നേ വീണതാണ് 'അമ്മ . ആദ്യമൊക്കെ ഏട്ടൻ ഇവിടെയായതുകൊണ്ട് ഏടത്തിയും ഉണ്ടായിരുന്നു .പക്ഷെ ഇന്ന് ഇവൾ ഒറ്റയ്ക്ക് ...ഇതുവരെ കുഞ്ഞുമായിട്ടുമില്ല , അവൾ ചെറുപ്പവുമാണ് ...
"' ഉം...നാളെ എന്തായാലും ഞാൻ ഏട്ടനുമായി സംസാരിക്കാം ."" .എന്നുപറഞ്ഞു രവി അയാളുടെ മുറിയിലേക്കുപോയി ...ആ ഒരു വാക്ക് കേട്ടപ്പോൾത്തന്നെ ദിവ്യയ്ക്ക് സന്തോഷമായി അവളും അയാൾക്കൊപ്പം മുറിയിലേക്ക് പോയി ... അപ്പോഴും ഒരു കുസൃതിച്ചിരി മാത്രമായിരുന്നു അമ്മയുടെ മുഖത്തു പക്ഷെ ഇത്തവണ അതിനു അകമ്പടിയായി ഒരുതുള്ളി കണ്ണുനീരും പൊടിഞ്ഞിരുന്നു ...
അടുത്തദിവസം കാലത്തുതന്നെ രവി ഏട്ടനായ ചന്ദ്രനെ വിളിച്ചു അവിടംവരെ ഒന്ന് വരണമെന്ന് പറഞ്ഞു ...ഉച്ച കഴിഞ്ഞു വീട്ടിലേക്കു വരാമെന്നു പറഞ്ഞു ചന്ദ്രൻ ഫോൺ വച്ചു ....
ഉച്ചക്ക് ശേഷം വീട്ടിലെത്തിയ ചന്ദ്രൻ നേരെപോയതു അമ്മയുടെ അടുക്കലേക്കാണ് , മുറിയിൽ പ്രവേശിച്ചപ്പോൾ തന്നെ മൂത്രവും മരുന്നും കുമിഞ്ഞ ഗന്ധം അവനു മനസ്സിലായി .രവി വിളിച്ച കാര്യവും അയാൾക്ക് മനസ്സിലായി.
അമ്മയുടെ അടുക്കലേക്കിരുന്നു ,മെല്ലെ കൈകളാൽ ഒന്ന് തലോടി ...'"" അമ്മ ആഹാരം കഴിച്ചോ ...? "" ആ ചിരിയോടെ 'അമ്മ തല മെല്ലെ അനക്കി ...കുഞ്ഞുങ്ങളെവിടെ എന്നോണം അമ്മയുടെ ചുണ്ടു അനങ്ങി ...
"" കുഞ്ഞുങ്ങൾ വന്നിലമ്മേ ,ഇന്ന് സ്കൂൾ ഉണ്ടല്ലോ ...ഈ ഞായറാഴ്ച ഞാൻ കൊണ്ടുവരാം .."" അൽപനേരം അമ്മയെ തലോടി അമ്മയുടെ അടുത്തായി ചന്ദ്രൻ അങ്ങിനെ ഇരുന്നു ...
അപ്പോഴേക്കും രവി എത്തി ..."" ഏട്ടൻ ഊണ് കഴിച്ചോ ? ""
"" ഉവ്വ് ...കഴിച്ചിട്ടാണ് ഇറങ്ങിയത് ...നീ എന്താ വരൻ പറഞ്ഞത് ...?""
""ഏട്ടൻ ഇരിക്ക് ...ഞാൻ ഇതൊന്നു മാറിയിട്ട് വരാം ...""
പിറകെ പോയ ദിവ്യയോടായി ചന്ദ്രൻ ചോദിച്ചു ...""സുഖമല്ലേ മോളെ നിനക്ക് ..?""
""അതെ ഏട്ടാ ...അവിടെ ഏടത്തിയും ,കുഞ്ഞുങ്ങളും ?""
""സുഖം ...ഇളയവന് ഇത്തിരി പനി ണ്ടായിരുന്നു ...ഇപ്പൊ കുഴപ്പില്ല ..ഇന്ന് സ്കൂളിൽ പോയിട്ടുണ്ട് ...""
""ഉം ..എല്ലാരുടെ ഇങ്ങോട്ടൊക്കെ ഇറങ്ങിക്കൂടെ ?""
""ഇറങ്ങണം ..അമ്മയെ കാണണമെന്ന് എന്നും കരു്തും ...രണ്ടു അറ്റംകൂടെ കൂട്ടിമുട്ടിക്കണ്ടേ മോളെ ....വീട് വച്ചതിന്റെ കടങ്ങൾ ഇനിയുമുണ്ട് ...""
""ഉം ..."" ഒരു മൂളക്കത്തിൽ അവൾ നിർത്തി ...
വസ്ത്രം മാറി വന്ന രവി ഏട്ടനെ തൊടിയിലേക്കു വിളിച്ചു , ""ഏട്ടൻ വാ നമുക്ക് തൊടിയിലിരുന്നു സംസാരിക്കാം "" രവി തൊടിയിലേക്കു നടന്നു പിറകെ ചന്ദ്രനും ...""
"" നമ്മൾ എന്തോരം ഓടിക്കളിച്ചു തൊടിയാണ് അല്ലേടാ, അച്ഛന്റെ ആകെ സമ്പാദ്യം , അമ്മയുടെ അധ്വാനം "" ....ചന്ദ്രൻ ഓർമ്മകൾ അയവിറക്കി ...
"'ഉം ..."" ന്നൊരു മൂളൽ മാത്രമായിരുന്നു രവിയുടെ മറുപടി...
""നീ കാര്യം പറയ് രവി ...""
""ഏട്ടാ ...ഓരോ ദിവസം കഴിയും തോറും അമ്മയുടെ നില വല്ലാണ്ട് മോശമാകുകയാണ് ...""
"'അതേടാ ഞാൻ കണ്ടു ...എന്ത് സുന്ദരിയായിരുന്നു നമ്മുടെ 'അമ്മ ,ഇപ്പൊ തൊലിയൊക്കെ ചുളിഞ്ഞു ...സംസാരിക്കാനും കഴിയാതെ ..അൽപനേരം ഒരിടത്തു ഇരിക്കാൻ മടിയുള്ള അമ്മയാണ് ഇപ്പോൾ ഇങ്ങിനെ കിടന്നുപോയതു ..സഹിക്കാൻ കഴിയുന്നില്ല ..."" കണ്ണിലുതിർന്ന കണ്ണുനീര് തുടച്ചുകൊണ്ട് ചന്ദ്രൻ പറഞ്ഞു ..
'" ഞാൻ അതല്ല ഏട്ടാ പറഞ്ഞത് ...'അമ്മ ..'അമ്മ ,,, ഇപ്പോൾ കുട്ടികളെക്കാൾ കഷ്ടമാണ് , കിടക്കയിൽ മൂത്രമൊഴിക്കുക ,വിസർജിക്കുക ...ദിവ്യയെ ഒരുപാട് ബുദ്ധിമുട്ടിക്കുന്നുണ്ട് ...എത്രയെന്നു കരുതിയ അവൾ സഹിക്കുക ...കൊച്ചുപെണ്ണല്ലേ ...""
'"ഹ്മ്മ് ... ചന്ദ്രൻ മൂളി ... പ്രായമായില്ലേടാ , പിന്നെ അന്ന് കാലുതെന്നിയ വീഴ്ചയിൽ നട്ടെലിനുള്ള ക്ഷതവും ....നമ്മളെന്താ ചെയ്യാ ...വിധി തന്നെ ""
""ചെയ്യണം ...എന്തെങ്കിലും ചെയ്യണം ...ഏട്ടന്റെ ബുദ്ധിമുട്ടുകളൊക്കെ എനിക്കറിയാം മനസ്സിലാകും ...അതുകൊണ്ടുടെ തന്നെയാ ഇങ്ങിനൊന്ന് ഞാൻ ചിന്തിച്ചത് ...""
"എന്ത്" ?
""അമ്മയെ ...നമുക്കമ്മയെ ...ഒരു സദനത്തിൽ ആക്കാം, എല്ലാ ചിലവുകളും നോക്കാം , അവിടെ അമ്മയെ പ്രത്യേകമായി പരിഗണിക്കാൻ അല്പം ക്യാഷ് കൂടുതലും കൊടുക്കാം ..."" രവി പറഞ്ഞു ...
അൽപനേരം ഒന്നും പറയാൻ ചന്ദ്രന് കഴിഞ്ഞില്ല ...ഒന്ന് തിരിഞ്ഞു, കുലച്ചു നിൽക്കുന്ന ഒരു വാഴയുടെ ഇലയിൽ മെല്ലെ കൈകളോടിച്ചു ചന്ദ്രൻ ചോദിച്ചു..
"" ഇത് കുലച്ചു അല്ലേടാ ? ഈ കായ് ഒന്ന് വിളയുന്നവരെ എന്നും നോക്കണം ട്ടോ , അണ്ണാനും കിളികളും കൊത്താതെ .... എന്നിട്ടു വിളഞ്ഞ കുല വെട്ടിയിട്ടു ,ദേ ഇവിടെ ഈ കടയ്ക്കലിൽ ആഞ്ഞുവെട്ടണം ....""
""ഏട്ടൻ എന്താ ഇങ്ങനൊക്കെ പറയുന്നേ ..."" ?
"" നീ വിളിച്ചപ്പോൾ ഞാൻ കാര്യങ്ങൾ ഏകദേശം ഊഹിച്ചിരുന്നു ...പക്ഷെ ഞാൻ കരുതിയതിലും മേലെയായിപ്പോയി ഇത് ..."" ചിരിച്ചുകൊണ്ടാണ് ചന്ദ്രൻ അത് പറഞ്ഞത് ....
"" ഏട്ടൻ കളിയാക്കുകയാണോ ? അനുഭവിക്കുന്നവർക്കേ അതിന്റെ ഭീകരത അറിയുള്ളു ...""
"" എന്നാലും രവി ...ഞാൻ കരുതിയത് അമ്മയെ ഞാൻ കൊണ്ടുപോണമെന്നു നീ പറയുമെന്നാണ് , പക്ഷെ ഇത്....""
"" ഏട്ടന്റെ നന്മകൂടെ ചിന്തിച്ചിട്ടാണ് ഞാനിങ്ങനെ തീരുമാനിച്ചത് ...""
"' ആഹാ ...തീരുമാനിച്ചോ ? ആര് ? അങ്ങിനെ അമ്മയെ ഏതെങ്കിലും അനാഥാലയത്തിൽ കൊണ്ട് തള്ളിയിട്ടുള്ള ഒരു നന്മയും എനിക്ക് വേണ്ട രവി ....""
"" എന്നാൽ ഏട്ടൻ കൊണ്ടുപൊക്കൊളു എന്തായാലും എനിക്കും അവൾക്കും ഇനി വയ്യ ഇത് ചുമക്കാൻ ..."" അല്പം ക്ഷോഭത്തോടെ രവി പറഞ്ഞു ...
"" കൊണ്ടുപോകുവാടാ മോനെ .... അല്ലെങ്കിലും എന്റെ പ്രശ്നങ്ങളൊക്കെ ഒന്ന് തീർന്നിട്ട് അമ്മയെ എനിക്കൊപ്പം കൊണ്ടുപോകണമെന്ന് തന്നെയായിരുന്നു ആലോചന ...ഇതിപ്പോ ഇത്തിരി നേരത്തെയാക്കി ....നീയെനിക്കു ടൗണിൽ ന്നു ഒരു വണ്ടി വിളിച്ചു തരൂ , ദിവ്യയോട് അമ്മയുടെ സാധനങ്ങളൊക്കെ എടുത്തുവയ്ക്കാനും പറയ് ... "" അത്രയും പറഞ്ഞുകൊണ്ട് ചന്ദ്രൻ അച്ഛനെ അടക്കിയിടത്തേക്കു നടന്നു .....
വീട്ടിലേക്കു തിരികെ നടന്ന രവി ഫോണെടുത്തു ആരെയോ വിളിച്ചു ...ദിവ്യയോട് അമ്മയുടെ സാധനങ്ങളൊക്കെ ഒരു ബാഗിൽ എടുത്തുവയ്ക്കാൻ പറഞ്ഞു ...
അൽപനേരം കഴിഞ്ഞു വണ്ടി എത്തി ....അത് പറയാനായി ചന്ദ്രനെ അന്വേഷിച്ചു രവി തൊടിയിലേക്കു പോയി ..അവിടെ അച്ഛനെ അടക്കിയിടത്തു നിൽക്കുന്ന ചന്ദ്രനെ വിളിച്ചു ...
"" ഏട്ടാ ..വണ്ടി വന്നിട്ടുണ്ട് ...""
" ഹ ...ചന്ദ്രൻ കണ്ണുതുടച്ചുകൊണ്ടു തിരിഞ്ഞു ....ഡാ രവി ....നിനക്കോർമ്മയുണ്ടോ അച്ഛൻ മരിക്കുന്നതു ? ണ്ടാവില്ല ...കാരണം നീ അന്ന് തീരെ കുഞ്ഞാണ്...നമ്മുടെ അമ്മയ്ക്ക് നിന്റെ ഭാര്യയുടെ ഇപ്പോഴത്തെ പ്രായവും ....കടയിൽ നിന്നു ഉച്ചക്ക് ഊണ് കഴിക്കാൻ വന്ന വഴി ഒരു വണ്ടി തട്ടി ...അച്ഛൻ മരിച്ചു എന്ന വാർത്ത അറിഞ്ഞ 'അമ്മ നിശ്ചലയായിപോയി ...അച്ഛനെ അടക്കുമ്പോഴൊന്നും 'അമ്മ കരഞ്ഞിട്ടില്ല ....ആ ഒരു ഷോക്കിൽ നിന്നും 'അമ്മ പുറത്തുവന്നപ്പോൾ നമ്മളെ രണ്ടിനെയും കെട്ടിപിടിച്ചു കരഞ്ഞു ...അച്ഛന്റെ ആകെയുള്ള സമ്പാദ്യമായിരുന്നു ഈ തൊടി ...ഇവിടെ കഴിയുംവിധം കൃഷികൾ ചെയ്തും ...കട നോക്കിയും ,'അമ്മ നമ്മളെ വളർത്തി...
നീ സ്കൂളിൽ പോകാറായിട്ടില്ല , ഞാൻ ആറാം ക്ലാസ്സിലും ...കാലത്തു എന്നെ സ്കൂളിലേക്ക് പറഞ്ഞുവിടാൻ 'അമ്മ വെളുപ്പിനെ എഴുന്നേൽക്കും ...എനിക്കുള്ള ചോറും കറിയും പൊതിഞ്ഞു , നിനക്കും അമ്മയ്ക്കുമുള്ളതും പൊതിഞ് നമ്മളോരുമിച്ചു ടൗണിലേക്ക് പോകും ...എന്നെ സ്കൂളിലാക്കി നിന്നെയുംകൊണ്ട് കടയിലേക്ക് പോകും ...ഈ വഴികളിലൊക്കെയും നിന്നെ ഇങ്ങിനെ അമ്മയുടെ എളിയിൽ തന്നെ വച്ചുകൊണ്ടാണ് പാവം നടക്കുക ...
അക്കാലത്തൊക്കെ ഒരു രണ്ടാം കല്യാണത്തിനായി അമ്മയ്ക്ക് നല്ല നല്ല ആലോചനകളും വന്നിരുന്നു ...പക്ഷെ നിന്നെ ഓർത്തു എന്നെ ഓർത്തു 'അമ്മ അതിനു പോയില്ല ....
നീ പറഞ്ഞില്ലേ രവി അമ്മയുടെ വിസർജ്യം കോരാൻ വയ്യെന്ന് ....നീ എന്നാണ് രവി സ്വന്തമായി ഒന്ന് ചന്തി കഴുകാൻ തുടങ്ങിയത് ...കുഞ്ഞുന്നാളിൽ നിനക്കൊരു അസുഖമുണ്ടായിരുന്നു , വയറുവേദനയെടുത്തു കരയുന്ന നിന്നെ നോക്കി ഒരുപോള കണ്ണടയ്ക്കാതെ എത്രനാളാണ് ആ 'അമ്മ ഇരുന്നതെന്നു അറിയോ ...നിന്റെ വിഴുപ്പുകൾ കഴുവി , കുളിപ്പിച്ചും കഴുകിയും 'അമ്മ ...."" അത് പറയുമ്പോൾ ചന്ദ്രന്റെ കണ്ണുകൾ നിറഞ്ഞൊഴികിയിരുന്നു ...
"" ആ മുഖത്തു ഒന്ന് നോക്കിയിട്ടുണ്ടോ നീ ഈ ഇടക്കെപ്പോഴെങ്കിലും ? ...ഒരു കുസൃതി ചിരിയുണ്ടടാ ആ മുഖത്തു ...കിടക്കയിൽ വിസർജിക്കുമ്പോൾ നിങ്ങൾ വഴക്കു പറയുമ്പോൾ നീ പണ്ട് കിടക്കയിൽ വിസർജിച്ചതൊക്കെ ഓർത്തു ചിരിക്കുന്നതാവും പാവം...
ആ അമ്മയുടെ ത്യാഗമാണെടാ നീയും ഞാനുമൊക്കെ ...ആ അമ്മയുടേതല്ല ...ഓരോ സ്ത്രീയുടെയും ത്യാഗമാണ് നമ്മളോരുത്തരും ...കൗമാരവും , യൗവ്വനവും , വാർദ്ധക്യവും എന്തിനു പതിനഞ്ചു വയസ്സ് കഴിഞ്ഞു ഒരു ആയുസ്സു തന്നെ ത്യാഗം ചെയുന്ന അമ്മമാരുടെ കരുണയാണെടാ നമ്മൾ അനുഭവിക്കുന്ന സുഖവും സമാധാനവും ...
നാളെ ചിലപ്പോൾ ദിവ്യയും ഗർഭിണിയാകും അവളുമൊരു അമ്മയാകും ....ആ കുഞ്ഞിനെ നമ്മുടെ 'അമ്മ നമ്മളെ വളർത്തിയപോലെ അല്ലെങ്കിൽ അതിലും നന്നായി നിങ്ങൾ വളർത്തുമായിരിക്കും ...അവന്റെ മലവും മൂത്രവും നിങ്ങൾക്ക് ആനന്ദം പകരുന്നതായിരിക്കും ...പക്ഷെ കാലം കഴിയുമ്പോൾ നിങ്ങളുടെ വിസർജ്യങ്ങൾ അവനൊരു മനംമറിപ്പു ആകാതിരിക്കട്ടെ ....
രവി ...ഞാൻ അമ്മയെ കൊണ്ടുപോകുന്നു ...നിനക്ക് എപ്പോൾ വേണമെങ്കിലും അവിടെ വന്നു അമ്മയെ കാണാം ...നീ വിഷമിക്കണ്ട ...'അമ്മ കഴിച്ചതിനു ശേഷം മാത്രമേ ഞാനും ന്റെ കുട്ടികളും കഴിക്കുള്ളു ....രണ്ടാം ബാല്യമാണെടാ വാർദ്ധക്യം ...സ്വന്തം അമ്മയെ ഒരു കുഞ്ഞിനെപ്പോലെ പരിപാലിക്കാൻ കഴിയുന്നത് പുണ്ണ്യമാണ് ....ഒരായുസ്സിന്റെ പുണ്യം ...""
ചന്ദ്രൻ അമ്മയുടെ മുറിയിലേക്കുപോയി , 'അമ്മ ധരിച്ചിരുന്ന ദുർഗന്ധം വമിക്കുന്ന ആ മുണ്ടു മാറ്റി അവിടെനിന്നും നല്ലൊരു മുണ്ടെടുത്തു ഉടുപ്പിച്ചു അമ്മയെ എടുത്തു അവൻ കാറിലേക്ക് കൊണ്ടിരുത്തി , രവിയോട് യാത്ര പറഞ്ഞു ചന്ദ്രനും കയറി ...കാർ മെല്ലെ മുന്നോട്ടായി നീങ്ങിത്തുടങ്ങി .....
ഒരായുസ്സിലെ നല്ല നിമിഷങ്ങളും ,നഷ്ടങ്ങളും ഒരുപോലെ അനുഭവിച്ച ആ വീട്ടിൽ നിന്നും പോകേണ്ടി വരുന്നതിന്റെ ദുഖമോ അതോ തന്റെ കുഞ്ഞിനെ ഒറ്റയ്ക്കാക്കിപ്പോകുന്നു എന്ന കുറ്റബോധമോ ഇപ്പോൾ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു ..........
കിരൺ കൃഷ്ണൻ ....
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക