Slider

വർഷപാതം I കഥ I Mohammed Ali
സ്കൂളിലെ ഇടവേളകളിൽ കഴുത്തൊപ്പമുള്ള മതിലിനോട് ചേർന്ന് നിന്ന് മൂത്ര മൊഴിക്കുമ്പോൾ മഴച്ചാറലിന്റെ നേർത്ത കണങ്ങൾ കണ്ണിലും നെറ്റിയിലും പതിക്കുമ്പോളുള്ള സൂചിക്കുത്ത് പോലത്തെ തണുപ്പിനെ വകവെക്കാതെ തൊട്ടുമുന്നിൽ റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ കാഴ്ച്ചയിൽ നിന്നും കണ്ണെടുക്കാൻ അവർക്ക് തോന്നാറില്ല.

പതിനഞ്ചു മിനിറ്റ് ഇടവേള. ആദ്യത്തെ പരിപാടി മൂത്രമൊഴിക്കൽ. പിന്നെ അതേ മതിലിൽ തന്നെ കൈകൾ ഊന്നി ദൂരേക്ക് നോക്കി നിൽക്കുക.

വിസ്മയക്കാഴ്ചകൾ ഏറെയുണ്ട്. റോഡിന്റെ വശങ്ങളിലുള്ള തൊട്ടടുത്ത സിനിമാ ശാല കളിലെ പരസ്യബോഡിലെ സിനിമയിലെ മനോഹര രംഗങ്ങൾ. അതേ റോഡിൽ നിന്നു തന്നെയാണ് അക്കരയ്ക്കു പോകാനായി നദിക്ക് കുറുകെയുള്ള പാലവും.

മഴക്കാലമായതുകൊണ്ട് പാലം തൊട്ടു തൊട്ടില്ല എന്ന നിലയ്ക്കാണ് നീരൊഴുക്കുള്ളത്. ശക്തമായ മഴയിൽ ഒന്നുരണ്ട് തവണ പാലം കവിഞ്ഞൊഴുകി യിട്ടുണ്ട്. അപ്പോൾ അക്കരയിലുള്ള കുട്ടികൾക്ക് സ്കൂളിൽ വരാൻ പറ്റാറില്ല. അങ്ങനെയുള്ള ദിവസങ്ങളിൽ സ്കൂൾ നേരത്തെ വിടുകയും, പിന്നെ വെള്ളം താഴുന്നതുവരെ സ്കൂൾ അടച്ചിടുകയുമാണ് പതിവ്.

അലിക്കും സക്കീറിനും ആധിയായിരുന്നു. സ്കൂൾ വിടുന്നതിന് മുമ്പ് എങ്ങാനും ശക്തമായ ഒരു മഴ വന്ന് പുഴ നിറഞ്ഞൊഴുകി യാൽ എങ്ങിനെ വീട്ടിലെത്തുമെന്നതായിരുന്നു അവരുടെ പ്രശ്നം. മറ്റേ ഭാഗത്തുനിന്നും പാടം കടന്നുവരുന്ന കുട്ടികൾക്കും പാടത്ത് വെള്ളം നിറഞ്ഞാൽ എങ്ങനെ പോകുമെന്ന പേടി. ഗഫൂറിന് ചോർന്നൊലിക്കുന്ന ഒരു വീടാണത്രേ..മഴപെയ്താൽ അന്ന് രാത്രി മുഴുവൻ ഉറങ്ങാൻ പറ്റില്ലത്രേ...ചോർന്നോലി ക്കുന്ന ഭാഗത്ത് പാത്രങ്ങൾ വെച്ച് മഴതീരുന്നത് വരെ കാത്തിരിക്കണം.

മഴ ശക്തമാകുമ്പോൾ കുഞ്ഞു മനസ്സിന്റെ പേടികൾ പങ്കുവയ്ക്കുന്ന കൂട്ടുകാർക്കിടയിൽ മുജീബിന് മാത്രം മഴ ഇഷ്ടമാണ്. കാരണം മഴക്കാലമായാലാണ് അവന്റെ ഉപ്പാക്ക് നല്ല പണി ഉണ്ടാവുന്നത്. കുട നന്നാക്കലും കുട കച്ചവടവുമാണ് അവന്റെ ഉപ്പാടെ ജോലി.

മഴക്കാലത്ത് മാത്രമാണ് അവന് റേഷനരിയുടെ ചോറ് കഴിക്കേണ്ടാത്തത്. ആ സമൃദ്ധിയുടെ കാലത്താണ് ആ ഒരു വർഷത്തേക്ക് അവന് പഠിക്കാനുള്ള സാമഗ്രികളൊക്കെ അവന്റെ ഉപ്പ വാങ്ങിച്ചു കൊടുക്കുന്നത്. മഴക്കാലം കഴിഞ്ഞാൽ പിന്നെ കഷ്ടപ്പാടാണ് പിന്നെ എന്തു പറഞ്ഞാലും അവനു വാങ്ങിച്ചു കൊടുക്കില്ലത്രേ...റേഷനരിയുടെ രൂക്ഷ ഗന്ധവും ചുട്ടുപൊള്ളുന്ന വെയിലും അവന് അസഹനീയമാണ് എപ്പോഴും.

എല്ലാം കേട്ടു നിൽക്കുന്ന സുരേഷിന് മാത്രം ഇത്തരം പ്രശ്നങ്ങളൊന്നുമില്ല. അവനു വരാൻ പുഴയോ തോടോ കടക്കേണ്ട, വീടും ഓടിട്ട നല്ല വീട്. വീട്ടിൽ പട്ടിണിയും ഇല്ല. എങ്കിലും അവന് മുജീബിനോട് യോജിപ്പില്ല. മുജീബിന്റെ ഇത്തരം നിലപാടുകളോട് യോജിപ്പില്ലാത്തതുകൊണ്ടുതന്നെ അവനോട് അധികം കൂട്ട് കൂടാറുമില്ല.
അവന്റെ മനസ്സ് മഴ കനക്കുമ്പോൾ ആധിയുള്ള കൂട്ടുകാരോടൊപ്പമാണ്.

കാരണം മഴയും അമ്മയുടെ കണ്ണുനീരും ഒരുപോലെയാണവന്. ഇടയ്ക്ക് കണ്ണുകൾ നിറഞ്ഞൊഴുകുകയും, പിന്നെ മുടികെട്ടിയ കാർമേഘം പോലെ ദുഃഖം ഖനീഭവിച്ച മുഖഭാവം. അങ്ങനെയല്ലാതെ അമ്മയെ കണ്ടിട്ടേയില്ല.

ഇടുക്കി റിസർവോയറിൽ എക്സിക്യൂട്ടീവ് എൻജിനീയറായ അച്ഛൻ വല്ലപ്പോഴും മാത്രമേ വീട്ടിൽ വരാറുള്ളൂ. അച്ഛൻ വരുന്ന രാത്രികളിൽ അമ്മ ഉറങ്ങാറില്ല. ഒരു നിലക്കാത്ത മഴപോലെ അമ്മയുടെ കണ്ണുനീർ തോരാറുമില്ല.

മഴയുള്ള രാത്രികളിലാണ് അച്ഛൻ മിക്കപ്പോഴും വരാറ്. വരുന്നതുതന്നെ നിലത്തുറക്കാത്ത കാലുകളോടെ യിരിക്കും. പിന്നെ തൊട്ടതിനും പിടിച്ചതിനുമൊക്കെ അമ്മയ്ക്ക് കുറ്റങ്ങൾ മാത്രം. സുരേഷിന് താഴെ ഒരു അനിയനും ഒരു അനിയത്തിയും കൂടി ഉണ്ട്. അച്ഛൻ തളർന്നുറങ്ങുമ്പോൾ അടുത്ത മുറിയിൽ അമ്മ മൂന്ന് മക്കളെയും കെട്ടിപ്പിടിച്ച് കണ്ണീർവാർത്തിരിക്കും.

ആ ദിവസങ്ങളിൽ ഏറെ വൈകിയും മുത്തശ്ശിയുടെ പരിഭവം പറച്ചിലും നാമജപവും ഉയർന്നു കേൾക്കാം. ഇടയ്ക്ക് "കുട്ടികൾ ഉറങ്ങിയോ തങ്കം" എന്ന് വിളിച്ചു ചോദിക്കും... ആരോഹണാവരോഹണ ക്രമത്തിലുള്ള മുത്തശ്ശിയുടെ നാമജപങ്ങൾക്കും, അമ്മയുടെ ഗദ്ഗതത്തിനും തേങ്ങലുകൾക്കു മിടയിൽ എപ്പോഴെങ്കിലും ഉറങ്ങിപ്പോകും.


ഇടവേളയ്ക്കു ശേഷം ക്ലാസ്സ് തുടങ്ങിയപ്പോൾ പുറത്ത് കാർമേഘങ്ങൾ ഇരുട്ടുകുത്തി നിൽക്കുന്നതിന്റെ ആധി മുജീബ് ഒഴിച്ച് എല്ലാരുടെ മുഖത്തും പ്രകടമായിരുന്നു. എന്നാൽ ചെറിയൊരു മഴച്ചാറ്റലിൽ ഇരുട്ടുകുത്തിയ മേഘങ്ങൾ എങ്ങോ പോയി മറയുകയും വെയിൽ ദൃശ്യമാവുകയും ചെയ്തു.

"വെയിലും മഴയും കുറുക്കന്റെ കല്യാണം" എന്ന് രവി അറിയാതെ വിളിച്ചു പറഞ്ഞപ്പോൾ ടീച്ചർ അവനെ തുറിച്ചു നോക്കി. അപ്പോൾ ചൂളി പതുങ്ങിയിരുന്ന അവനെ നോക്കി "കുറുക്കന്റെ കല്യാണത്തിന് അച്ചാർ വിളമ്പാൻ നീ പോയിട്ടുണ്ടോ ടാ...?" എന്ന ടീച്ചറുടെ ചോദ്യം ക്ലാസ്സിൽ ചിരിപടർത്തി.

സ്കൂൾ വിടാൻ കൂട്ടമണി അടിച്ചപ്പോൾ മഴച്ചാറൽ മാറി വെയിൽ ചിരിതൂകി നിൽക്കുകയായിരുന്നു.

സുരേഷും താഴെയുള്ള അനിയനും വീട്ടിലെത്തിയപ്പോൾ പതിവുതെറ്റിച്ചു അച്ഛൻ വീട്ടിൽ എത്തിയിരിക്കുന്നു. സദാ ഗൗരവമുള്ള അച്ഛന്റെ മുഖത്തെ കൊമ്പൻ മീശക്ക് താഴെയുള്ള ചുണ്ടുകളിൽ ഒരു ചെറിയ മന്ദഹാസം ദൃശ്യമായിരുന്നു. അന്ന് പതിവ് പോലെ അച്ഛൻ അമ്മയെ വഴക്ക് പറഞ്ഞില്ല. മാത്രമല്ല എല്ലാവരും ഒന്നിച്ചിരുന്ന് അത്താഴം കഴിച്ചു. അച്ഛനും അമ്മയും ഒരു മുറിയിലാണ് ഉറങ്ങിയത്. പിന്നീടുള്ള രണ്ടു ദിവസങ്ങളിലും സുരേഷും അനിയനും സ്കൂൾ വിട്ടു വരുമ്പോൾ അച്ഛൻ ഉമ്മറക്കോലായിൽ ഉണ്ടായിരുന്നു. അച്ഛന്റെ മടിയിലിരുന്ന് അനിയത്തി അമ്മു കിന്നാരം പറയുന്നുണ്ടായിരുന്നു. അച്ഛൻ രണ്ടു പേരെയും സ്നേഹപൂർവ്വം അടുത്തേക്ക് വിളിച്ച് വിശേഷങ്ങൾ ചോദിക്കുകയും ചെയ്തു.

അമ്മ കൂടുതൽ സുന്ദരി ആയതു പോലെ തോന്നി. പുറത്തേ വെയിലിനും അമ്മയുടെ മുഖത്തിനും ഒരേ ശോഭ.

രണ്ടു ദിവസം കഴിഞ്ഞപ്പോൾ അച്ഛൻ പോയി. അന്തരീക്ഷം അപ്പോഴും വെയിലിൽ ചിരിതൂകി നിന്നു. അമ്മയുടെ മുഖവും പ്രസന്നമായിരുന്നു. ക്ലാസിൽ എല്ലാവരുടെ മുഖത്തും മഴയില്ലാതെ പുറത്ത് കളിക്കാൻ കഴിയുന്നതിന്റെ ആഹ്ലാദമായിരുന്നു.

മുജീബിന്റെ മുഖത്ത് മാത്രം വിഷാദം നിഴലിച്ചു കിടന്നു.
മഴക്കാലം മാറി എന്ന് മുജീബ് കരുതിക്കാണുമെന്ന് സുരേഷിന് തോന്നി. അവൻ എപ്പോഴും പറയുന്നത് "എടാ ഈ റേഷനരിക്ക് വല്ലാത്തൊരു കുത്താ.. കൂട്ടാനായിട്ട് ആണെങ്കിൽ ആകെ ഒരു ചമ്മന്തി മാത്രമേ ഉണ്ടാവൂ. അരിയുടെ മണം മൂക്കിലേക്ക് അടിച്ചു കയറിയാൽ അപ്പ തല വേദന തുടങ്ങും. നല്ല അരി യാണെങ്കിൽ ഉള്ളി സ്സമ്മന്തിയും ഉണക്കമീൻ ചുട്ടതും മാത്രം മതി. എന്നാ അപ്പൊ കറികൾ ഒരുപാട് ഉണ്ടാവുകയും ചെയ്യും റേഷനരി ആണെങ്കിൽ ഒന്നും ഉണ്ടാവേം..ല്ല."
റേഷനരിയും വേനൽക്കാലവും അവന്റെ പേടിസ്വപ്നങ്ങൾ ആണല്ലോന്നു സുരേഷ് ഓർത്തു.

വീണ്ടും ഇരുട്ടുകുത്തി മഴ പെയ്തപ്പോൾ മറ്റു കൂട്ടുകാരുടെ മുഖം മ്ലാനമാകുന്നതും, മുജീബിന്റെ മുഖത്ത് സന്തോഷം വിടരുന്നതും സുരേഷ് ഈർഷ്യയോടെ നോക്കിയിരുന്നു. അവന്റെ ഉള്ളിൽ അപ്പോൾ എന്തോ ഒരു അഘാത ദുഃഖം ഉറവ എടുത്തു.

സുരേഷും അനിയനും അന്നു മഴനനഞ്ഞാണ് വീട്ടിലെത്തിയത്. അമ്മ പിടിച്ച് രണ്ടുപേരുടെയും തല തുവർത്തിക്കുമ്പോഴും അമ്മയുടെ മുഖം പ്രസന്നമായി ക്കണ്ടത് സുരേഷിന് ചെറിയൊരു ആശ്വാസം ഉണ്ടെങ്കിലും ഉള്ളിൽ അപ്പോഴും അച്ഛൻ പഴയതുപോലെ വരുമോ എന്ന പേടിയായിരുന്നു

അന്നുരാത്രിയും കനത്ത മഴയായിരുന്നു. തുടർന്നുള്ള ദിവസങ്ങളിലും നല്ല മഴ തന്നെ. അച്ഛൻ പഴയതുപോലെ വരുമോ എന്ന പേടി സുരേഷിന്റെ മനസ്സിനെ വല്ലാതെ വേട്ടയാടിക്കൊണ്ടിരുന്നു.

അമ്മ പഴയതിലും ചെറുപ്പമായതു പോലെ സുരേഷിനു തോന്നി. അമ്മയുടെ മുഖത്ത് നല്ല പ്രസന്നതയും, ചുറുചുറുക്കോടെ കാര്യങ്ങൾ ഓടിനടന്ന് ചെയ്യുന്നതും കണ്ടപ്പോൾ വല്ലാത്തൊരു ആശ്വാസമാണ് തോന്നിയത്. അന്നു രാത്രിയും നല്ല മഴയായിരുന്നു. മഴയുടെ തണുപ്പിൽ തള്ള കോഴിയുടെ ചിറകിനുള്ളിൽ കുഞ്ഞുങ്ങൾ കിടക്കുന്നതുപോലെ അമ്മയോടൊട്ടി കിടക്കുമ്പോൾ സുരേഷിന്റെ മനസ്സിന് വല്ലാത്ത ധൈര്യമായിരുന്നു. ആ ആശ്വാസ സുഷുപ്തിയിൽ ഉറങ്ങിപ്പോയതറിഞ്ഞില്ല. എഴുന്നേൽക്കുമ്പോഴും നല്ല മഴയുണ്ടായിരുന്നു.

പതിവിലും വൈകിയാണ് എഴുന്നേറ്റതെന്നു സുരേഷിനു മനസ്സിലായി. കൂടെയുള്ള അനിയനും അനിയത്തിയും അപ്പോഴും ഉറക്കം തന്നെയായിരുന്നു.

അവന് തോന്നി "ഇന്നെന്താ സ്കൂളിൽ പോകണ്ടേ അമ്മ എന്തേ വിളിക്കാതിരുന്നത്..?" എഴുന്നേറ്റ് നേരെ മുത്തശ്ശിയുടെ മുറിയിലേക്ക് ചെന്നു. കട്ടിലിൽ കാൽ നീട്ടി ഇരുന്ന മുത്തശ്ശിയുടെ പതിവു നാമ:ജപത്തിന് അപ്പോൾ വളരെ നേർത്ത ശബ്ദമായിരുന്നു. കണ്ണിൽനിന്നും കണ്ണുനീർ ധാരയായി ഒഴുകുന്നുണ്ട്. അമ്മ അടുത്ത് ചുരുണ്ടുകൂടി കിടക്കുന്നു. അമ്മയും കരയുകയാണ് എന്നു മനസ്സിലായി. രാത്രിയിൽ "അച്ഛനെങ്ങാനും വന്നോ.." പാതി തുറന്നിട്ട അച്ഛന്റെ മുറിയിൽ മെല്ലെ എത്തി നോക്കി. അച്ഛൻ വന്ന ലക്ഷണങ്ങൾ ഒന്നും കാണുവാനില്ല. വീണ്ടും അമ്മയുടെയും മുത്തശ്ശിയുടെയും അടുത്തേക്ക് പോയി. അമ്മയെ തൊട്ടുവിളിച്ചു. അമ്മ സുരേഷിനെ ചേർത്തുപിടിച്ചു നിറുകയിൽ ഉമ്മ വെച്ചു അപ്പോഴും അമ്മയുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകിക്കൊണ്ടിരുന്നു. അപ്പോൾ മുത്തശ്ശി പറഞ്ഞു "മക്കൾ ഇന്ന് സ്കൂളിൽ പോകണ്ട. കുറച്ചുകഴിയുമ്പോൾ അച്ഛനെ കൊണ്ടുവരും..."

അപ്പോഴേക്കും സുരേഷിന്റെ താഴെയുള്ള ഉണ്ണിയും അമ്മുവും എഴുന്നേറ്റു വന്നു. അവരും കാര്യമറിയാതെ ആ കട്ടിലിൽ അവരോട് ചേർന്നിരുന്നു.

കുറച്ചു കഴിഞ്ഞപ്പോൾ ചിറ്റയും അമ്മാമയും വന്നു. ചിറ്റയും കരയുന്നുണ്ടായിരുന്നു. പക്ഷേ ചിറ്റ വന്ന് സുരേഷിനും കുട്ടികൾക്കും ചായ ഇട്ടു കൊടുത്തു.

പിന്നെ കുടുംബക്കാർ ഓരോരുത്തരായി വന്നു. ഒന്ന് രണ്ട് മണിക്കൂറിനുള്ളിൽ വീട് നിറയെ ആളുകളായി. ആരൊക്കെയോ ചേർന്ന് മുറ്റത്തൊരു ടാർപായ വലിച്ചു കെട്ടി. ചെറിയൊരു വണ്ടിയിൽ കുറെ കസേരകൾ കൊണ്ടുവന്ന് ഇറക്കി.

കുറച്ചു കഴിഞ്ഞപ്പോൾ അച്ഛനെ ഒരു ആംബുലൻസിൽ കൊണ്ടുവന്നു. പൂമുഖത്ത് വെള്ള പുതച്ചു കിടത്തി. തല ഭാഗത്ത് ഒരു നിലവിളക്ക് കൊളുത്തി വെച്ചു. പിന്നെ ചന്ദനത്തിരികളും, സുഗന്ധദ്രവ്യങ്ങളും കത്തിച്ചുവെച്ചു.

അകത്തു നിന്നും സ്ത്രീകളുടെ കരച്ചിൽ ഉയർന്നു. സുരേഷിന്റെ അമ്മയെയും അമ്മൂമ്മയെയും ആരൊക്കെയോ കൊണ്ടുവന്നു അടുത്തിരുത്തി. പിന്നെ ചിറ്റയും അടുത്ത ബന്ധുക്കളും ഒപ്പം ഇരുന്നു. സുരേഷും താഴെയുള്ള കുട്ടികളും അവരോടൊപ്പം ചേർന്നിരുന്നു.

കുറച്ചു കഴിഞ്ഞപ്പോൾ ചിത തയ്യാറാക്കി അച്ഛനെ അതിനു മുകളിൽ കിടത്തി. അപ്പോഴും മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ ചെറിയ ചാറ്റൽ മഴയും ഇളം കാറ്റും ഉണ്ടായിരുന്നു. കുളിച്ച് ഈറനോടെ അച്ഛന്റെ ചിതക്കുമുമ്പിൽ നിൽക്കുമ്പോൾ രാജേഷിന്റ ചുണ്ടുകൾ കൂട്ടിയിടിക്കാൻ തുടങ്ങി. തന്റെ അച്ചന്റെ ചിതക്ക്‌ കൊള്ളി വെക്കാനുള്ള നിയോഗം തിരിച്ചറിഞ്ഞ നിമിഷത്തിൽ ഉള്ളിലെ തേങ്ങൽ പുറത്തുവന്നു. എല്ലാം വിട്ട് വീട്ടിനുള്ളിലേക്ക് ഓടിക്കയറി , അമ്മയെ കെട്ടിപ്പിടിക്കാൻ അവനു തോന്നി.

പക്ഷെ ചുറ്റും നിൽക്കുന്ന ബന്ധുക്കളുടെയും കർമ്മികളുടെയും നിർബന്ധകൊണ്ട് അവനതിനായില്ല. അച്ഛന്റെ ചിതയ്ക്ക് തീ കൊളുത്തുമ്പോൾ അവന്റെ ഉള്ളൊന്നു പിടച്ചു.

തന്റെ സ്കൂളിലെ അധ്യാപകരും ക്ലാസ്സിലെ കുട്ടികളും എല്ലാവരും വന്നിരുന്നു.. പക്ഷേ സുരേഷിന് അവരോടൊന്നും മിണ്ടാൻ തോന്നിയില്ല. അമ്മയും മുത്തശ്ശിയും ഇരിക്കുന്ന മുറിയിൽ പോയി ജനലിലൂടെ കത്തിയെരിയുന്ന അച്ഛന്റെചിത നോക്കി നിന്നു. അമ്മയുടെ തേങ്ങലുകൾ അവനു പിറകിൽ കേൾക്കാമായിരുന്നു.

തണുത്ത ഒരു കരസ്പർശം അവന്റെ തോളിൽ തട്ടിയപ്പോൾ സുരേഷ് തിരിഞ്ഞു നോക്കി. കൂട്ടുകാരൻ മുജീബായിരുന്നു. കുറച്ചുനേരം അവൻ സുരേഷിന്റെ മുഖത്തുനോക്കി നിന്നു. പിന്നെ തന്റെ ട്രൗസറിന്റെ പോക്കറ്റിൽ നിന്നും ഒരു മിഠായിയെടുത്ത് സുരേഷിന് നേരെ നീട്ടി. തന്റെ ദുഃഖത്തിൽ അവന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കണ്ടപ്പോൾ സുരേഷിന് അത് വാങ്ങാതിരിക്കാൻ കഴിഞ്ഞില്ല.
both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo