Slider

മീസാൻ കല്ലുകൾ I ചെറുകഥ I ദിൽഷാദ് ജഹാൻ

1
 


മാവൂരിൽ നിന്നും അവസാന വണ്ടിയും കയറി ചങ്ങനാശേരി നാൽക്കവലയിൽ വന്നിറങ്ങുമ്പോൾ സമയം രാത്രി രണ്ട് കഴിഞ്ഞിരുന്നു. ഇരുൾ വീണ കവലയിൽ രണ്ടു ചാവാലി പട്ടികൾക്കൊപ്പം എന്നെ തനിച്ചാക്കി ചെറിയൊരു മുരളലോടെ കിതച്ചും നിരങ്ങിയും ആ ബസ്സും പോയി കഴിഞ്ഞു. ഇരുട്ടിൽ തപ്പിയും തടഞ്ഞും മെല്ലെ പള്ളിക്കാട്ടിലേക്ക് നടന്നു. അവിടെയാണ് മുപ്പതു കൊല്ലം മുമ്പ് വീട് മാറിയ ഉപ്പക്കൊപ്പം കഴിഞ്ഞ ആറു മാസത്തോളമായി ഉമ്മ പാർത്തു വരുന്നത്.
           ഉമ്മയെ പറ്റിയോർത്തപ്പോൾ ഓർമ്മകളിൽ ആദ്യം വന്നത് വടക്കേത്തിലെ കാട് കയറിയ വീടും അതിനകത്തെ വെളിച്ചം കാണാത്ത ഇരുണ്ട മുറിയുമാണ്. ശൂന്യതയിലേക്ക് കണ്ണും നട്ട് ഇരുട്ടിനോട് കിന്നാരം പറയുന്ന ഉമ്മയുടെ ഇരുണ്ട മുഖം ഓർമ്മകളെ തന്നെ വേദനിപ്പിച്ചു.
         "ഉമ്മ പൂതി പറഞ്ഞപ്പോ അൻറെ ഉപ്പാക്ക് സാധിപ്പിച്ചു കൊടുക്കാതിരിക്കാൻ കഴിഞ്ഞില്ല. അത്രയ്ക്ക് ഇഷ്ഖായിരുന്നു മൂപ്പർക്ക് പാത്തുനോട്. ഇവിടുള്ള പെണ്ണുങ്ങളൊക്കെ അതുകണ്ട് അസൂയയോടെ അടക്കം പറയുന്നത് ഞാനെത്ര കേട്ടതാ... പച്ചേ, ഓള് പറഞ്ഞ തട്ടം വാങ്ങാൻ പോയ മൂപ്പര് ചീമനോടെ തിരിച്ചുവന്നില്ല. ഇന്നാലില്ലാഹ്.... ഓൻ്റെ വിധി ആർക്കേലും തട്ക്കാൻ കഴിയോ... എന്ത് നല്ല മൻസനായിരുന്നു..."ഒരുപാട് കൊഞ്ചലുകൾക്ക് ശേഷം സഹികെട്ട് ജമീലുമ്മ പറഞ്ഞു തന്നിരുന്ന പാതിരാ ഖിസ്സകൾ വഴിയാണ് നാട്ടിലെ സുമുഖനും സുന്ദരനുമായ മൊയ്തീൻ എന്ന എൻറെ ഉപ്പയെ കുറിച്ച് ഞാനറിയുന്നത്. ഉമ്മാൻറെ ചിരിയും ഖൽബും കൂട്ടിനെടുത്ത് ഉപ്പ ഉമ്മയോട് യാത്ര ചോദിക്കുമ്പോൾ ഞാൻ ഏഴ്മാസം ഉമ്മാക്ക് ഗർഭമായിരുന്നു.
        ഉപ്പ പോയതോടെ ഉമ്മാൻറെ ഇരുളിലെ വിളക്കും പകലിലെ തണലും മാഞ്ഞു. നാടുനീളെ സൊള്ളാൻ ഇറങ്ങിയിരുന്ന ഉമ്മ പിന്നീട് അടച്ചിട്ട മുറിയിൽ ഇരുളിൽ പടച്ചോനോട് മാത്രം ഉള്ള് തുറന്നു.
       ഉപ്പ പോയി രണ്ടുമാസം കഴിഞ്ഞപ്പോൾ ഉമ്മാൻറെ നിശബ്ദതകളുടെയും നിഗൂഢതകളുടെയും ഇരുട്ടുനിറഞ്ഞ ലോകത്തിൽ നിന്ന് ഒരു ചെറുകരച്ചിലോടെ ഞാൻ മോചിതനായി. അന്ന് ഉമ്മ സന്തോഷം കൊണ്ട് ചിരിച്ചില്ല, വേദന കൊണ്ട് കരഞ്ഞതുമില്ല. വേദനകളോടും സങ്കടങ്ങളോടും പൊരുത്തപ്പെടാൻ അതിനകം തന്നെ ഉമ്മ പഠിച്ചു കഴിഞ്ഞിരുന്നു.
          ഉമ്മയുടെ ലോകത്തപ്പോഴും ഉപ്പ മാത്രമായിരുന്നു. ഉപ്പയെ തനിച്ചാക്കി അവിടം വിട്ടു വരാൻ ഉമ്മയൊരിക്കലും കൂട്ടാക്കിയില്ല. അകത്തെ ഇരുളിൽ സ്വയം ബന്ധിച്ച് അനന്തമായ ഓർമ്മകളുടെ നേർത്ത നൂലിലൂടെ ഉപ്പയിലേക്ക് ഉമ്മ നടന്നടുക്കുമ്പോൾ പുറത്ത് വരാന്തയിൽ കൂട്ടിനാരുമില്ലാതെ ഏകനായി ഞാൻ കരഞ്ഞു തകർക്കുകയായിരുന്നു. അന്നൊക്കെയെൻറെ അലറി കരച്ചിലുകൾ അകത്തെ നരച്ച ചുമരുകളും അപ്പുറത്തെ വീട്ടിലെ ജമീലുമ്മയും മാത്രം കേട്ടു.
            ജമീലുമ്മയെന്നെ കാടുകയറി തുടങ്ങിയ ആ നിശബ്ദ ലോകത്തിൽ നിന്നും ചെറുതാണെങ്കിലും വെളിച്ചവും വായുവുമുള്ള തൻ്റെ ചെറിയ ചെറ്റകുടിലിലേക്ക് പറിച്ചുനട്ടു. അവരെന്നെ മുസാഫിറെന്നു വിളിച്ചു. ഉമ്മ തീർത്ത നൊമ്പരങ്ങളുടെ മുറിപ്പാടുകൾ അവർ തൻറെ ലാളനകളാൽ മുറിവൂട്ടിയുണക്കി. എൻറെ ഉമ്മ വിളികളെ അവർ സ്നേഹപൂർവ്വം ഏറ്റു വിളിച്ചു. പകലിൽ അവരെൻ്റെ കൊച്ചു പരിഭവങ്ങളുടെ പരിഹാരങ്ങളായി മാറി. ഇരുളിലവരെൻ്റെ കൊഞ്ചലുകൾക്കൊടുവിലെ ഖിസ്സകളായും. സ്വതവേ കരച്ചിലുകൾ മാത്രം കേട്ട് തഴമ്പിച്ച വടക്കേതിലെ ഇടുങ്ങിയ ഊടുവഴികൾ പിന്നീട് എൻറെ ചിരികൾ കൊണ്ടും കളികൾ കൊണ്ടും മുഖരിതമായി. അങ്ങനെ ജമീലുമ്മാൻറെ വിളർത്ത വിരൽ തുമ്പ് പിടിച്ച് ഞാനും എൻറെ ജീവിതത്തിലേക്കും സ്വപ്നങ്ങളിലേക്കും മെല്ലെ പിച്ച വെച്ചു. വടക്കേതിലെയാ കുടുസുമുറിയിലപ്പോഴും ഇരുളും നിശബ്ദതയും തളം കെട്ടി കിടന്നു.
       ജീവിതത്തിനും ആർത്തിക്കും പിറകെയോടി എല്ലാം നഷ്ടപ്പെട്ട് നിസ്സഹായനായി മീരാ പൂരിലെ ഇടുങ്ങിയ ആ ലോഡ്ജ് മുറിയിൽ ഒരു മുഴം കയറിൽ എല്ലാം അവസാനിപ്പിക്കാനിരിക്കെയാണ് ഒരു പിൻവിളിയെന്നോണം അപ്രതീക്ഷിതമായി ജമീലുമ്മാൻ്റെ കത്തെനിക്ക് കിട്ടുന്നത്. മാസങ്ങൾക്കു മുമ്പ് വടക്കേതിലെ ഇരുളും വെളിച്ചവും നിറച്ച് മൈലുകൾ സഞ്ചരിച്ച് അനേകം പേരുടെ കൈകളിലൂടെ കടന്നു പോയി മുഷിഞ്ഞും മടങ്ങിയും ചുരുണ്ടും അതെൻറെ കൈകളിലെത്തുമ്പോൾ ചങ്ങനാശ്ശേരിയിലെ നിശബ്ദ സായാഹ്നങ്ങളിൽ നിന്നും തൂതപ്പുഴയുടെ അടക്കിപിടിച്ച തേങ്ങലുകളിൽ നിന്നും ബന്ധങ്ങളിൽ നിന്നും ഓർമ്മകളിൽ നിന്നും എന്നിൽ നിന്നും തന്നെ ഒളിച്ചോടി ദില്ലിയിലെ ഈ ആൾക്കൂട്ടത്തിലെത്തപ്പെട്ടിട്ട് ഏകദേശം ആറു വർഷത്തോളമായിരുന്നു. 

      ഉമ്മാൻ്റെയും നാട്ടിലെയും വിശേഷങ്ങൾ ചോദിച്ച് മാസംതോറും ജമീലുമ്മക്കയച്ചിരുന്ന അഞ്ചും ആറും കത്തുകൾ പിന്നീട് ജീവിത നെട്ടോട്ടങ്ങൾക്കിടയിൽ ഒന്നും രണ്ടുമായി ചുരുങ്ങുകയും ക്രമേണ ക്രമേണ ഒന്നുമില്ലാതാവുകയും ചെയ്തു. വടക്കേതിലെ വിണ്ടുതുടങ്ങിയ ഉമ്മറത്തറയിൽ താൻ അയച്ച കത്തുകൾക്ക് മറുപടി കിട്ടാതെ ജമീലുമ്മ വീർപ്പുമുട്ടിയിരിക്കുമ്പോൾ അകലെ ഫതഹ്പൂരിലെ ശീതീകരിച്ച ഹോട്ടൽ മുറിയിൽ അടുത്ത മാസം തുടങ്ങാനിരിക്കുന്ന പുതിയ ബിസിനസിൻ്റെ അവസാന അന്തിചർച്ചയിലായിരുന്നു ഞാൻ.


"മോനെ,
        ഉമ്മ ഇന്നലെ പോയി. ഇനി നീ ആരെ തോൽപ്പിക്കാനാണ് നോക്കുന്നത്. ഇനിയെങ്കിലും നീ വരണം. കാത്തിരിക്കുന്നു."
          ഗംഗയുടെ തീരത്ത് ഇരുളിൽ ജമീലുമ്മാൻറെ വികൃതമായ കൈപ്പടയിലുള്ള ആ രണ്ടുവരി കത്ത് പൊട്ടിച്ച് വായിക്കുമ്പോൾ വർഷങ്ങൾക്കുമുമ്പ് വടക്കേതിലെ ഇരുൾ വിട്ടിറങ്ങുമ്പോൾ എടുക്കാൻ മറന്നു വച്ച നിശബ്ദതയും ഏകാന്തതയും ഒരിക്കൽ കൂടി എന്നിലേക്ക് ഇഴഞ്ഞു കേറുന്നത് ഞാനറിഞ്ഞു. കുറ്റബോധത്താൽ ശ്വസിക്കാനും ചലിക്കാനുമാകാതെ ഞാൻ തളർന്നിരിക്കുമ്പോഴും ഗംഗ എനിക്ക് മുന്നിൽ നിശബ്ദമായൊഴുകി. എത്ര നേരമങ്ങനെ ഇരുന്നെന്നറിയില്ല. ഗംഗയുടെ തേങ്ങലിന് ശബ്ദം കൂടി കൂടി വന്നു. ആ തേങ്ങലുകൾക്കിടയിൽ ഇടയ്ക്കെപ്പയോ ഞാൻ തൂതപ്പുഴയുടെ ഓളങ്ങൾ കണ്ടു. വടക്കേതിലെ ഒറ്റ മുറി വിട്ട് പള്ളിക്കാട്ടിലെ ഉപ്പയിലേക്ക് ഓടിയടുക്കുന്ന ഉമ്മയെ കണ്ടു. വേവലാതികൾക്കിടയിൽ ചിരിക്കാൻ മറന്നുപോയ ജമീലുമ്മാൻറെ വരണ്ട ചുണ്ടുകൾ കണ്ടു. പക്ഷേ, ആ ഒഴുക്കിൽ നിഴലുപോലെ പ്രതിഫലിച്ചു കണ്ട ആ രൂപം എൻ്റേതല്ലായിരുന്നു. ഗംഗയുടെ ഓളങ്ങളിൽ ആ രൂപമെന്നെ തുറിച്ചുനോക്കി.
           മരണം പോലെ മൂകമായ പള്ളിക്കാട്ടിൽ എണ്ണമറ്റ മീസാൻ കല്ലുകൾക്കിടയിൽ ഒടിഞ്ഞു കുത്തിയ നിഴലുപോലെ ഉമ്മാൻറെ ഖബറരികിൽ നിശബ്ദം ഞാനിരുന്നു. കരഞ്ഞുകലങ്ങിയ കണ്ണുകൾ തുടക്കാൻ മെനക്കെടാതെ, കഞ്ഞി പശയുടെ മണം വിട്ടുമാറാത്ത വക്കുകളിൽ ലേസുകൾ തുന്നിപ്പിടിപ്പിച്ച കൊല്ലങ്ങൾക്കുമുമ്പ് ഉപ്പാക്ക് നൽകാൻ കഴിയാത്ത ഉമ്മ പൂതി പറഞ്ഞ തട്ടം ഞാൻ ഖബറിൻ മീതെ വെച്ചു മെല്ലെ തിരിഞ്ഞു നടന്നു.
      വർഷങ്ങൾക്കുമുമ്പ് വടക്കേതിൽ ഉമ്മറക്കോലായിൽ എന്നെയും കാത്ത് കത്താൻ തുടങ്ങിയ ഓട്ടുവിളക്കും ഒരു പിഞ്ഞാണം ചോറും ആധിപൂണ്ട കണ്ണുകളും അന്നും ഉറക്കം മറന്നിരുന്നു.


ദിൽഷാദ് ജഹാൻ 
1
( Hide )
  1. നല്ല കഥ അഭിനന്ദനങ്ങൾ! .. ഇനിയും എഴുതുക

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo