Slider

തീർച്ച

0


രജനി ജനലിലൂടെ പുറത്തേക്കു നോക്കി നില്പു തുടങ്ങിയിട്ട് നേരമേറെയായിരുന്നു ... കാക്കകൾ കരയുന്ന ശബ്ദം കേൾക്കുന്നുണ്ടോ ?..... അവൾ കാതു കൂർപ്പിച്ചു ..
പുറത്തെ ഇരുട്ടിന്റെ കരിമ്പടത്തിനു മീതെ അവിടവിടെയായ് നിലാവിന്റെ നേർത്ത പാടകൾ ...
ഉണ്ണിയേട്ടനും ,സോനു മോനും ഇനിയും മടങ്ങിയെത്തിയിട്ടില്ല .എന്താണവർ വൈകുന്നത് ? ... എപ്പോഴാണവർ പോയത് ? എന്തിനാണ് പോയത് ?... ബൈക്കിൽക്കയറിയാണ് പോയതെന്ന് മാത്രമറിയാം ... ബാക്കിയെല്ലാം അവ്യക്തമായ പുകമറക്കുള്ളിലെ നിറമില്ലാത്ത ചിത്രങ്ങൾ .....
പോകുമ്പോൾ ഉണ്ണിയേട്ടൻ തന്നെ നോക്കി കൈ വീശിയിരുന്നോ ?... സോനു ഇറുക്കെപ്പിടിച്ചിരിക്കുകയായിരുന്നോ അച്ഛനെ ?...
എന്തൊക്കെയോ ഓർത്തെടുക്കാൻ ശ്രമിച്ച് പരാജയപ്പെട്ടപ്പോൾ അവൾ ആ ശ്രമങ്ങളെല്ലാം ഉപേക്ഷിച്ച് വീണ്ടും കാത് കൂർപ്പിക്കാൻ തുടങ്ങി ....
ഈയിടെയായ് ഉറക്കവും നന്നേ കുറവാണ് .. കണ്ണടച്ചാൽ കാക്ക കരയുന്ന ശബ്ദമാണ് കാതുകളിൽ .. ആദ്യം ഒരു കാക്കയുടെ കരച്ചിലിൽ നിന്നാവും തുടങ്ങുക . പിന്നീടത് വളർന്ന് നിരവധി കാക്കകളുടെ, കാക്കക്കൂട്ടങ്ങളുടെ നിലയ്ക്കാത്ത കൂട്ടക്കരച്ചിലായ് കാതിൽ മുഴങ്ങും ... അങ്ങനെ കരച്ചിൽ അസഹ്യമായപ്പോഴാണ് എഴുന്നേറ്റ് ജനൽ തുറന്ന് പുറത്തേക്കു നോക്കി നില്ക്കാൻ തുടങ്ങിയത് .....
മുറ്റത്തെ മൂവാണ്ടൻ മാവിൽ കാക്കകൾ കൂട് കെട്ടിയിട്ടുണ്ടാവണം .... നാളെത്തന്നെ ആ ഗോപാലനെ വിളിച്ച് എല്ലാ കൂടുകളും നശിപ്പിക്കണം ...
ചുവർ ഘടികാരത്തിലെ രണ്ട് തടിയൻ സൂചികളും ഒട്ടിയൊട്ടി പന്ത്രണ്ടിനു നേരെ നില്ക്കുകയാണ് .. കണ്ണെത്താൻ പാകമുള്ള റോഡിലെങ്ങാനും ബൈക്കിന്റെ ഹെഡ് ലൈറ്റ് വെളിച്ചം കടന്നു വരുന്നുണ്ടോ എന്നറിയാൻ കണ്ണുകൾ പാഞ്ഞു ....
" മോളെന്താ അവിടെ നിന്നാലോചിക്കുന്നത് ? " അവളുടെ യമ്മ വിലാസിനിയമ്മയുടെ ശബ്ദമായിരുന്നു അത് .. പുതപ്പു മാറ്റി എഴുന്നേറ്റ് അയാസപ്പെട്ട് അവർ അവളുടെയടുത്തേക്ക് ചെന്നു ........
മകരമാസത്തിലെ തണുപ്പൻ കാറ്റ് ജനലിലൂടെ അവളുടെ മുടിയിഴകൾ തഴുകി ... നേർത്ത നിലാവെളിച്ചം തട്ടിയ തെങ്ങോലകളിലെവിടെയോ ഇരുന്നാവാം ഒരു പുള്ള് കരഞ്ഞു കൊണ്ടിരുന്നു ...
"വാ വന്ന് കിടക്കാൻ നോക്ക് " .... ജനൽ അടച്ച് കുറ്റിയിടുന്നതിനിടയിൽ വിലാസിനിയമ്മ പറഞ്ഞു ...
" ഉണ്ണിയേട്ടനും മോനും ഇതുവരെ വന്നില്ലല്ലോ അമ്മേ ? "
അവളോടെന്ത് പറയണമെന്നറിയാതെയവർ കുഴങ്ങി ...
ചില നേരങ്ങളിൽ അവളങ്ങനെയാണ് കഴിഞ്ഞതെല്ലാം മറന്നു പോകും .. ചിലപ്പോൾ ഒരു വേദാന്തിയുടെ മട്ടും ,ഭാവവും..
തന്റെ ഏക മകളെ ഇത്തരത്തിൽ കാണേണ്ടി വന്നതിൽ ആ മാതൃഹൃദയം അത്യധികം വ്യസനിച്ചിരുന്നു ... എത്രയും വേഗം അവളെ നല്ല ഒരു ഡോക്ടറെ കാണിക്കണം ....
രജനിയെ കട്ടിലിൽ കിടത്തി പുതപ്പിച്ച് തന്നോട് ചേർത്തു പിടിച്ചു വിലാസിനിയമ്മ ..... അവൾ കണ്ണുകൾ ഇറുക്കിയടച്ച് ഒരു കൊച്ചു കുട്ടിയെന്നവണ്ണം അമ്മയോട് പറ്റിക്കിടന്നു ...
വിലാസിനിയമ്മുടെ മനസ്സിലേക്ക് കഴിഞ്ഞു പോയ സംഭവങ്ങൾ ഒരു തിരശ്ശീലയിലെന്ന പോലെ തെളിയാൻ തുടങ്ങി ..
ഒരു മാസം മുൻപ് ....... സോനുവിന്റെ അഞ്ചാം പിറന്നാളിൻറെ തലേന്ന് രാത്രിയാണ് ഉണ്ണിയുടെ ബൈക്ക് അപകടത്തിൽ പെടുന്നത് ... ഓർഡർ ചെയ്ത കേക്ക് വാങ്ങാൻ വേണ്ടി അച്ഛനും മകനും കൂടി പോയ പോക്കാണ് ...
തിരികെ വരുന്നത് വെള്ളത്തുണിയിൽ പൊതിഞ്ഞ രണ്ട് ചേതനയറ്റ ശരീരങ്ങൾ ! ..
ആ നടുക്കം ഇപ്പോഴും വിട്ടുമാറിയിട്ടില്ല. പക്ഷെ രജനിക്കതൊന്നും ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല.
"അമ്മേ ,പുറത്തെ വിടെയോ കാക്ക ക്കൂടുണ്ട് എന്റെ കാതിൽ കാക്കകളുടെ കരച്ചിൽ മുഴങ്ങിക്കൊണ്ടേ ഇരിക്കുന്നു .... "
"കൂടുണ്ടെങ്കിൽ നാളെത്തന്നെ ആ ഗോപാലനെ വിളിച്ച് എല്ലാമെടുത്ത് കളയാം ..... മോളുറങ്ങ് ... "
അവളുടെ മുടിയിഴകളിൽ തഴുകവേ വിലാസിനിയമ്മയോർത്തു ..
മുൻപിവിടെ കാക്കകൾ ഉണ്ടായിരുന്നു .. വീടിനു പിൻഭാഗത്ത് ഒരേക്കറോളം വരുന്ന പറമ്പിലെ വ്യ ക്ഷങ്ങളിൽ കാക്കകൾ കൂട് കെട്ടിയിരുന്നു ..പക്ഷെ ഇപ്പോൾ കുറെക്കാലമായ് ഒന്നിനെപ്പോലും കാണാനില്ല .ഒരു കരച്ചിൽ പോലും കേൾക്കാനുമില്ല . അവറ്റകൾക്കും വംശനാശം സംഭവിച്ചുവോ എന്തോ ?.....
എന്തായാലും മാധവനെ രാവിലെ തന്നെ വിളിച്ച് രജനിയെ ഒരു ഡോക്ടറെ കാണിക്കുന്നതിനുള്ള ഏർപ്പാട് ചെയ്യണം .....
രജനിയുടെ അച്ഛന്റെ മരണശേഷം അവളുടെയും ,അമ്മയുടെയും എല്ലാ കാര്യങ്ങളും നോക്കി നടത്തിയിരുന്നത് മാധവമ്മാമ ആയിരുന്നല്ലോ ?....
ചുവരിലെ ഘടികാര സൂചികൾ ചലിച്ചു കൊണ്ടേയിരുന്നു ....
പിറ്റേന്ന് പ്രഭാതത്തിൽ തെങ്ങുകയറ്റക്കാരൻ ഗോപാലനെത്തി ... വിലാസിനിയമ്മ പറഞ്ഞതനുസരിച്ച് അയാൾ തന്റെ ആയുധമായ മടവാളുമേന്തി വൃക്ഷത്തലപ്പുകളിലേക്ക് നോക്കി തൊടിയിലേക്ക് പോയി .....
മാധവമ്മാമ വന്നപ്പോൾ എട്ടു മണിയോടടുത്തിരുന്നു .. അയാൾ അയൽവാസിയായിരുന്ന കൊണ്ട് ഏതു സമയത്തും വിളിപ്പുറത്തുണ്ട് ... രജനി അയാളോട് രാത്രിയിൽ നിർത്താതെ കരയുന്ന കാക്കകളെ കുറിച്ച് പറഞ്ഞു ... എന്നിട്ട് തൊടിയിലേക്കിറങ്ങി .....
രജനി പോയിക്കഴിഞ്ഞപ്പോൾ മാധവമ്മാമ വിലാസിനിയമ്മയെ നോക്കിപ്പറഞ്ഞു ...
" പാവം കുട്ടി " ..
"ഈയിടെയായ് അതിനു രാത്രീല് ഉറക്കോമില്ല മാധവാ ... രാത്രീല് ജനലും തുറന്നിട്ട് പുറത്തേക്കു നോക്കി ഒരേ നില്പ് തന്നെ " ...
" ടൗണിൽ നല്ല ഒരു ഡോക്ടറുണ്ട് ....പക്ഷെ മുൻ കൂട്ടി ബുക്ക് ചെയ്യണം .. വേണ്ട ഏർപ്പാടുകൾ ചെയ്യാം.... "
" ചില നേരത്ത് ഉണ്ണീം ,മോനും മരിച്ചതൊന്നും അവൾക്കോർമ്മയില്ല ... "
" ചേച്ചി വിഷമിക്കാതിരിക്കിൻ ,എല്ലാം നേരെയാകും "...
" അതു മാത്രമല്ല ,രാത്രി കാക്ക കരയുന്ന ശബ്ദമാണ് അതിന്റെ കാതിൽ ... ഞാൻ കുറെ നാളായി ഒരെണ്ണം കൂടി ഈ തൊടിയിൽ കണ്ടിട്ട് " ...
ആ വൃദ്ധ സ്ത്രീ വിതുമ്പാൻ തുടങ്ങി ..... വിലാസിനിയമ്മക്ക് ഉറപ്പുണ്ടായിരുന്നിട്ടും രജനിയെ ബോധിപ്പിക്കാൻ വേണ്ടി മാത്രമാണ് ഗോപാലനെ വിളിപ്പിച്ചത് ....
"എല്ലാം അവളുടെ തോന്നലാവും .. ഞാനുമൊന്ന് തൊടിയിലേക്കിറങ്ങിയിട്ട് വരാം " ...
മാധവമ്മാമ മുറ്റത്തിറങ്ങി ... അവിടെയെങ്ങും രജനിയെ കണ്ടില്ല .... വീടിനു പിറകിലുള്ള ഒരേക്കർ പറമ്പിലേക്കയാൾ നടന്നു .. നീണ്ടു കിടക്കുന്ന പുരയിടത്തിൽ തെങ്ങും ,മാവും ,കവുങ്ങും ,പേരയും,പുളിയുമെല്ലാമുണ്ട്....
" രജനിയെവിടെ '' ? മാധവമ്മാമയുടെ കണ്ണുകൾ പരതി ... നാട്ടുമാവിന്റെ താഴെയുള്ള ചില്ലയൊടിഞ്ഞ് വീഴുന്ന ശബ്ദം കേട്ടാണ് മാധവമ്മാമ തിരിഞ്ഞു നോക്കിയത് ... ഒടിഞ്ഞ ചില്ലക്കൊപ്പം ഗോപാലനും നിലം പതിച്ചിരിക്കുന്നു ! .....
"ഗോപാലാ ,എടാ ഗോപാലാ എന്താടാ പറ്റീത് " ....
അയാൾ പരിഭ്രമത്തോടെ ഗോപാലനരികിലേക്കോടിച്ചെന്നു ....
" കാക്ക കൊത്തീതാ "
വേദന കൊണ്ട് പുളയുന്നതിനിടയിൽ ഗോപാലൻ വിളിച്ചു പറഞ്ഞു ...
ഭാഗ്യം .വല്യ അപകടമൊന്നും പറ്റിയില്ല ... മാധവമ്മാമ മാവിന്റെ ശിഖരങ്ങളിലേക്ക് ദൃഷ്ടി പായിച്ചു .അവിടെങ്ങാനും ഒരു തള്ളക്കാക്ക ഇരിപ്പുണ്ടോ ? ..
പൊടുന്നനെയാണ് രജനിയുടെ നിലവിളി കേട്ടത് ... അവൾ വാഴക്കൂട്ടങ്ങൾക്കിടയിലൂടെ ഓടി വരികയാണ് .ഇടക്കിടക്ക് കൈകൾ വീശി ആക്റോശിക്കുന്നുമുണ്ട്...
"പോ കാക്കേ പോ "...
അവളുടെ ശരീരവും മുഖവും മുറിഞ്ഞ് രക്തമൊഴുകുന്നുണ്ട് ..
എവിടെയൊക്കെയോ തട്ടി വീണിട്ടുണ്ടാവണം ... തീർച്ച !....

krishna kumar 25 .10. 2016
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo