എന്റെ വല്ലിപ്പ എന്റെ ചെറുപ്പത്തില്‍ പറഞ്ഞുതന്ന ഒരു സംഭവമാണ്.
നാട്ടിലെ റോഡിന് സമാന്തരമായി ഒഴുകുന്ന പുഴകടന്ന് കുറെ ദൂരം നടന്നുപോയിട്ടാണ് അന്ന് ഞങ്ങളുടെ നാട്ടുകാർ മലയില്‍ പോയി ഈറ്റകളും മുളകളുമൊക്കെ ശേഖരിച്ചിരുന്നത്.പുഴക്ക് ഇക്കരെയുള്ള ആളുകള്‍ക്ക് പുഴകടന്ന് തലച്ചുമടുമായി റോഡിലെത്താന്‍ ബുദ്ധിമുട്ടായിരുന്നു.കാരണംകേശവന്‍ നായർ എന്ന ജന്‍മിയുടടെ പറമ്പിലൂടെയുള്ള ഇടുങ്ങിയ നടവഴിയിലൂടെ പുഴയിലേക്കിറങ്ങുന്നത്ര എളുപ്പമല്ലായിരുന്നു തിരിച്ച് തലച്ചുമടുമായി നടന്നുകയറുന്നത്.
അത്‌കൊണ്ട് കേശവന്‍ നായരുടെ ആഭൂമിയിലൂടെയുള്ള ഇടുങ്ങിയ നടവഴി വീതികൂട്ടാന്‍ അഌമതി തേടി നാട്ടുകാർ അയാളുടെ വീട്ടിലെത്തി.അതിലൂടെ പുഴയിലേക്കുള്ള നടവഴി തന്നെ വേലികെട്ടിയടക്കണമെന്ന തീരുമാനത്തിലായിരുന്ന കേശവന്‍നായർക്ക് ഇതുകൂടി കേട്ടതോടെ ഹാലിളകിയെന്ന് പറയേണ്ടതില്ലല്ലോ.
വന്നവരെ ചീത്തവിളിച്ച് ആട്ടിയിറക്കവെ കൂട്ടത്തില്‍ അല്‍പം ഉശിരനായിരുന്ന മമ്മദ് കേശവന്‍നായരോട് ഇങ്ങനെ പറഞ്ഞു.
"നിങ്ങളുടെ അഌമതിയില്ലാതെതന്നെ ഞങ്ങള്‍ രണ്ടുദിവസത്തിഌള്ളില്‍ അതിലൂടെ റോഡ് വെട്ടിയിരിക്കും".പറഞ്ഞാല്‍ അതുപോലെ ചെയ്യുന്നയാളാണ് മമ്മദ് എന്ന് എല്ലാവർക്കുമറിയാം.
അന്ന് വൈകുന്നേരം തന്നെ ഈറ്റ വെട്ടാന്‍പോകുന്നവർ മമ്മദിന്റെ നേതൃത്വത്തില്‍ ഒരുമിച്ചുകൂടി രാത്രി തന്നെ നാട്ടുകാരെപ്പോലും അറിയിക്കാതെ റോഡ് വെട്ടാന്‍ തീരുമാനിച്ചു.
രാത്രി അങ്ങാടിയില്‍ ആളൊഴിഞ്ഞപ്പോള്‍ എല്ലാവരും റോഡ് വെട്ടാഌള്ള പിക്കാസും മണ്‍വെട്ടിയുമൊക്കെയായി അവിടെ ഒരുമിച്ചുകൂടി.ഇരുട്ടില്‍ വെളിച്ചം പകരാനായി ആകെയുള്ളത് മമ്മദ്‌തന്നെ സംഘടിപ്പിച്ചുകൊണ്ടുവന്ന ഒരു പെട്രോമാക്‌സ്.പണിയെടുക്കാന്‍ അല്‍പം ആരോഗ്യക്കുറവുള്ളത് കൊണ്ട് പെട്രോമാക്‌സ് പിടിക്കാനായി ഏല്‍പിച്ചത് ഐ ദ്രുവിനെയായിരുന്നു.
അങ്ങനെ പണിതുടങ്ങി.മമ്മദിന്റെ സ്വഭാവത്തെക്കുറിച്ച് കേട്ടറിഞ്ഞ കേശവന്‍നായർ തന്റെ സ്‌ഥലത്ത് അരുതാത്തതെന്തെങ്കിലും നടക്കുന്നുണ്ടോയെന്നറിയാന്‍ ഒരാളെ പറമ്പില്‍ ഒളിപ്പിച്ചു നിർത്തിയിരുന്നു.അയാള്‍ വിവരമറിയിച്ചതഌസരിച്ച് കേശവന്‍നായർ അപ്പോള്‍തന്നെ ആളെവിട്ട് പോലീസില്‍ വിവരമറിയിച്ചു.
വിവരമറിഞ്ഞാല്‍ കേശവന്‍നായർ തന്റെ സ്വാധീനമുപയോഗിച്ച് പോലീസിനെക്കൊണ്ട് പിടിപ്പിക്കാന്‍ ശ്രമിക്കുമെന്നും അങ്ങിനെയൊരു നീക്കമുണ്ടായാല്‍ പിടികൊടുക്കാതെ പുഴയിലേക്ക് ചാടുകയൊ കുറ്റിക്കാട്ടിലൊളിക്കുകയൊ ചെയ്യണമെന്ന് മമ്മദ് ആദ്യമേ എല്ലാവർക്കും നിർദ്ദേശം നല്‍കിയിരുന്നു.
റോഡുവെട്ടി പാതിയാകുന്നതിഌ മുമ്പെ പോലീസെത്തി.എല്ലാവരും രക്ഷപ്പെടാഌള്ള തത്രപ്പാടിലായി.മമ്മദടക്കമുള്ള കുറെയാളുകള്‍ പുഴയിയിലേക്ക് എടുത്ത് ചാടി.ചിലർ കുറ്റിക്കാട്ടിലൊളിച്ചു.കുരാക്കൂരിരുട്ടില്‍ ഇവരെത്തിരഞ്ഞ്‌പിടിക്കാന്‍ പോലീസിന്റെ കൈയിലുള്ളത് ഒരു രണ്ട്‌കട്ട ടോർച്ചുമാത്രം.എന്നിട്ടും ആ കൂരിരുട്ടില്‍ ടോർച്ചുതെളിക്കാതെ തന്നെ എസ് ഐ ഏമാന്‍ ഒരാളെ ക്ലീനായി പൊക്കി.അത് നമ്മുടെ ഐ ദ്രുവായിരുന്നു.പോലീസ് എന്ന് കേട്ടപാടെ ഐദ്രു കുട്ടറ്റിക്കാട്ടിലൊളിച്ചത് കൈയില്‍ കത്തിനില്‍ക്കുന്ന പെട്രോമാക്‌സുമായിട്ടായിരുന്നു.നേരം വെളുത്തതോടെ മറ്റുള്ളവരെയെല്ലാം പോലീസ് പൊക്കിയെന്നത് പ്രതേ്യകം പറയേണ്ടതില്ലല്ലോ.
By: sakkeer hussain

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക