Slider

പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയം.

0


പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയം.
നവോദയ സകൂളിൽ പഴയ മെസ്സിനു പുറമേ ഓലമേഞ്ഞ പുതിയ ഷെഡും കൂടി പണിതു.
പഴയ നല്ല കെട്ടിടം തരുണീ മണികൾക്കും പുതിയ ഓലപ്പുര പുരുഷ കേസരികൾക്കും .
അല്ലേലും അന്നും ഇന്നും ഈ പുരുഷ വർഗം അധഃസ്ഥിതി വിഭാഗമാണല്ലൊ!!!
ഓലഷെഡിന്റെ അങ്ങേ അറ്റത്തുള്ള മൂലയിലാരുന്നു മാന്യന്മാർ ആയിരുന്ന പന്ത്രണ്ടാം ക്ലാസ്സിലെ ചേട്ടൻമാർ ഇരുന്നിരുന്നത്.
മൂലയിലുള്ള മൂന്നു നാലു ഡെസ്കുകൾ അവർക്കായ് മാത്രം പണിതിട്ടതാണ് എന്നായിരുന്നു അവരുടെ ഭാവം.
മെസ്സിനു തൊട്ടടുത്തായി ഒരു വേസ്റ്റ് കുഴിയുണ്ട്.
ഭക്ഷണം കഴിച്ചു കഴിഞ്ഞവർ അവശിഷ്ടം നിക്ഷേപിച്ചിരുന്നത് ഈ കുഴിയിലായിരുന്നു.
വേസ്റ്റുകുഴിക്ക് പ്രത്യേക സംവരണം ഒന്നും ഇല്ലായിരുന്നതിനാൽ സ്ത്രീപുരുഷ ഭേദമന്യേ എല്ലാവരും അവരവരുടെ മാലിന്യങ്ങൾ ഈ കുഴിയിൽ നിക്ഷേപിച്ചു പോന്നു.
വെസ്റ്റിടാൻ വരുന്ന സുന്ദരികളെ തൊട്ടടുത്തായി വീക്ഷിക്കുക എന്ന പരമപുണ്യ പ്രവർത്തിക്കു വേണ്ടിയാണ് ഈ മഹാൻമാർ മെസ്സിന്റെ ഒഴിഞ്ഞ മൂലയിൽ തന്നെ നിലയുറപ്പിച്ചിരുന്നത്.
ഒട്ടുമിക്കവർക്കും തന്നെ പ്രത്യേകം പ്രത്യേകം പ്രണയിനികൾ ഉണ്ടെങ്കിൽ കൂടിയും അല്പം പോലും വിവേചനം കാണിക്കാതെ ഒരു സംയുക്ക സംരംഭമായിട്ടാണ് അവർ ഈ വായിനോട്ട പ്രക്രിയ കൊണ്ടുപോയിരുന്നത്.
വെസ്റ്റിടാൻ വരുന്ന കോമളാംഗികൾ ഈ പ്രത്യേക മേഖല എത്തുമ്പോൾ അല്പം കരുതൽ എടുത്തിരുന്നു എന്ന് എടുത്ത് പറയേണ്ടതില്ലല്ലോ !!.....
ഓലമേഞ്ഞ ആ കൂരയ്ക്കു ചുറ്റും ഓല കൊണ്ടു തന്നെ കെട്ടിയുയർത്തിയ ചുവരുകളാരുന്നു.
ഒരാൾ പൊക്കം മാത്രം ഉണ്ടായിരുന്ന ആ പാതി ചുവരുകൾക്ക് മീതെ സ്ഥിരപ്രതിഷ്ഠയായ തലകളിൽ നിന്നെത്തുന്ന നിർദോഷകരമായ കമന്റുകളോട് ചിലർ മന്ദഹസിച്ചും നാണം കുണുങ്ങിയും പ്രതികരിക്കുമ്പൊൾ മറ്റു ചിലർ ക്രൂദ്ധരായി മുഖം വീർപ്പിച്ചു മടങ്ങും .
രണ്ടും നയനാഭിരാമമായി കണ്ടിരുന്ന ആ പൂവാല സംഘം പൂർവ്വാധികം ഭംഗിയോടെ അവരുടെ കലാപരിപാടികൾ തുടർന്നു പൊന്നു.
പരസ്യമായി വായി നോക്കാൻ മടിയുള്ള ചില പഠിപ്പിസ്റ്റ് സൂർത്തുകൾക്കായി ഓലക്കീറുകൾക്കിടയിൽ ചെറു സുഷിരങ്ങൾ ഇട്ടിരുന്നു.
അതിൽ കൂടെ ആ വിഭാഗത്തിൽ പെട്ടവരും യഥേഷ്ടം ദർശന സുഖം ആസ്വദിച്ചു പോന്നു.
നിത്യം നടക്കുന്ന ഈ സംഭവവികാസങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ് ഞങ്ങൾ പിൻമുറക്കാർ.
ഒരു ദിവസം പതിവില്ലാതെ ചേട്ടൻമാർ ഒക്കെയും നേരത്തേ കഴിച്ചിട്ടു പോയി. ലാബിൽ എന്തോ അത്യാവശ്യമുണ്ടായിരുന്നതിനാൽ എല്ലാവരെയും നേരത്തേ ടീച്ചർ വിളിച്ചിരിക്കുകയാണ്.
ഒഴിഞ്ഞുകിടക്കുന്ന ഡെസ്ക്കും ബെഞ്ചും ഞങ്ങളെ വല്ലാതെ പ്രലോഭിപ്പിക്കാൻ തുടങ്ങി.
പലരും പാത്രങ്ങൾ എടുത്ത് അവിടെ നിലയുറപ്പിച്ചു.
വേസ്റ്റുകളുമായുള്ള സുന്ദരികളുടെ ജൈത്രയാത്ര നടന്നുകൊണ്ടിരിക്കുന്നു.
വീരൻമാരായ ചിലർ സധൈര്യം ചുവരുകൾക്കു മീതെ ശിരസ്സുയർത്തി നിന്നപ്പൊൾ ദുർബലൻമാരായ ഞാനുൾപ്പെടുന്ന സംഘം ഓലക്കിടയിലെ സുഷിരങ്ങളെയാണ് ആശ്രയിച്ചത് .....
ആഹാ!! ... എത്ര മനോഹരമാണീ ദൃശ്യഭംഗി ... !!!!
നേരിട്ടു കാണുന്നതിനെക്കാൾ കൂടുതൽ സൗന്ദര്യം ഓലക്കീറിലെ ആസൂക്ഷ്മദർശനത്തിലൂടെ പ്രാപ്യമാകുന്നു.!!
കണ്ടവർ കണ്ടവർ കാണാത്തവർക്കായി അവസരം കൊടുത്ത് പരസ്പര സേനഹത്തിന്റെ ഉദാത്ത മാതൃകകളായി .... !!!
" എന്തടാ ... ഇവിടെ കാണിക്കുന്നത് ....????
കരടി അമറും പൊലെയുള്ള ഒരു ശബ്ദം!!!
ഞെട്ടിത്തിരിഞ്ഞു നോക്കുമ്പോൾ ക്രോദ്ധത്താൽ ചുണ്ടുകൾ വിറപ്പിച്ചു കൊണ്ട് ഒരു ചീറ്റപ്പുലിയെപ്പോൽ നിൽക്കുകയാണ് മോഹൻസാർ എന്ന ഞങ്ങളുടെ സ്വന്തം ഡോക്ടർ സാർ ...!!
എഴുന്നേറ്റു നിന്നവർ കാന്തികശക്തി കയറിയെന്നവണ്ണം ബഞ്ചുകളിലേക്ക് ഒട്ടിപ്പിടിച്ചു ...
പക്ഷെ ... മാളത്തിൽ തലയിട്ടു നിന്നിരുന്നവരെ കയ്യോടെ പിടികൂടി ...
കോപം കൊണ്ട് ജ്വലിച്ച മോഹൻ സാർ ഒച്ചയെടുത്ത് അതുവഴി പോയ നന്ദകുമാർ സാറിനെ വിളിച്ചുവരുത്തി.
ഞങ്ങളെ ഫിസിക്സ് പഠിപ്പിച്ചിരുന്ന നന്ദകുമാർ സാറിനെ എല്ലാവർക്കും വല്യ പേടിയാരുന്നു.
ആറാംതമ്പുരാനിലെ ജഗന്നാഥനെപ്പോലെ തോളും ചരിച്ചു മീശയും പിരിച്ചു കൈകൾ ചുരുട്ടിയെത്തിയ സാറിനെ കണ്ടപ്പോൾ തന്നെ പകുതി ജീവൻ പോയി .... !!
സാർ വന്നു ചുറ്റുപാടും നിരീക്ഷിച്ചു ...
ചുവരുകൾ മുഴുവൻ തുളച്ചു തുളച്ച് അരിപ്പപോലെ ആക്കി വെച്ചിരിക്കുന്നു !!!
""എന്തോന്നടേയ് ഇത് .... ??
നാണമില്ലേടെയ് ..നിനക്കൊക്കെ ... മുട്ടയിൽ നിന്നും ഒരു വിരിയട്ടെ ... എന്നിട്ടു പോരെ ചെറ്റ പൊളിക്കൽ ..!!!!
മം ..മം. എല്ലാം ക്ലാസ്സിലൊട്ട് വന്നേക്ക് ... കാണിച്ചു തരാം ..!!!
നാണക്കേടിൽ മനംനൊന്ത് തല കുമ്പിട്ടിരിക്കുകയാണ് എല്ലാവരും ...
ലാബിൽ ടെലസ്കോപ്പും പെരിസ്കോപ്പും ഒക്കെ പഠിപ്പിച്ചപ്പോൾ പൊലും കാണിച്ചിട്ടില്ലാത്ത ഞങ്ങളുടെ വീക്ഷണ വൈഭവത്തിൽ സാർ അമ്പരന്നിട്ടുണ്ടാവാം.!!
""കഴിച്ചു കഴിഞ്ഞെങ്കിൽ എണീറ്റു
പോയിനെടാ ... എല്ലാം ... ""
കൂനിൻ മേൽ കുരു പൊലെ മോഹൻ സാറിന്റെ ആക്രോശം!!!
പല്ലിറുമിക്കൊണ്ട് എല്ലാവരും എണീറ്റു പോയി.
ഡോർമിട്ടറിയിൽ ചർച്ച പുരോഗമിക്കുന്നു.
"എല്ലാവരേയും ഒരുമിച്ച് അല്ലെ ..പൊക്കിയതു ..
അപ്പോ പിന്നെ പേടിക്കണ്ട കാര്യമില്ലെന്നെ ...
ബാക്കി നമുക്ക് വരുന്നിടത്ത് വെച്ച് കാണാം .."
കൂട്ടത്തിലെ പുരോഗമനവാദി അഭിപ്രായപ്പെട്ടു.
എല്ലാവരും അത് ശിരസാവഹിച്ചു ... എന്തുവന്നാലും ഒരുമിച്ചു നിൽകുക ... ഹല്ല....പിന്നെ.!!!!
സ്റ്റഡി ക്ലാസ് തുടങ്ങാൻ ഇനിയും സമയമുണ്ട്.
പലരും കട്ടിലിൽ ശയിച്ചു ...
ചിലർ തുണി കഴുകിയിടുന്നു ...
കൂട്ടത്തിലെ കായിക പ്രേമിയായ കൂട്ടുകാരന് അപ്പോഴാണ് അന്നു നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യാ ദക്ഷിണാഫ്രിക ക്രിക്കറ്റ് മാച്ചി നെക്കുറിച്ച് ഓർമ്മ വന്നത് ...
പ്രാദേശിക സമയപ്രകാരം കളി തുടങ്ങയതെയുള്ളൂ ..
സച്ചിനും ഗാംഗുലിയും തകർപ്പൻ ഫോമിലുള്ള കാലഘട്ടമാണ്.
ഇതറിഞ്ഞതോടെ എല്ലാവർക്കും ഇരിക്കപ്പൊറുതി ഇല്ലാണ്ടായി .
കളി കാണാൻ എന്താണൊരു പോംവഴി ...?
കുലങ്കഷമായി ചിന്തിച്ചു ...
"സ്കൂൾ വാൻ ഓടിക്കുന്ന ചേട്ടന്റെ കോർട്ടേഴ്സിൽ കളി സ്ഥിരമായി വെക്കാറുണ്ട് ...
അവിടെ പോയി തൽക്കാലം നിജസ്ഥിതി അറിഞ്ഞിട്ടു വരാം ..."
കൂട്ടത്തിലൊരുവന്റെ അഭിപ്രായം...
പിന്നെ അമാന്തിച്ചില്ല.
ചെറു സംഘമായി ഡ്രൈവർ ചേട്ടന്റെ ക്വാർട്ടേഴ്സ് ലക്ഷ്യമാക്കി പുറപ്പെട്ടു.
പുരോഗമനവാദികളാണ് നയിക്കുന്നത് ...
എന്തു വന്നാലും ഒരുമിച്ചു നിൽക്കണം എന്ന ആഹ്വാനം സംഘത്തിന് പുതിയ ഉണർവ് നൽകിയിരിക്കുന്നു.
വീടിന്റെ മുമ്പിൽ എത്തി ...
വാതിൽ അടഞ്ഞു കിടക്കുകയാണ്.
അകത്തു നിന്നും കേട്ട ഇംഗ്ലീഷ് കമന്ററിയും കാണികളുടെ ആരവങ്ങളും ഞങ്ങളെ കൂടുതൽ ഉദ്വേഗജനകരാക്കി!!!!!
പിന്നെ മടിച്ചില്ല ...
കോളിംഗ് ബെല്ലിൽ വിരൽ ആഞ്ഞമർത്തി.
വാതിൽ തുറന്നെത്തിയത് ഡ്രൈവർ ചേട്ടന്റെ ഭാര്യയാണ്.
ഞങ്ങളെ കണ്ടതും അവർ തെല്ല് അമ്പരന്നു. !!
ആവേശത്തിരമാലയിൽ അമർന്നിരുന്ന ഞങ്ങൾ ഒട്ടും മടിക്കാതെ ചോദിച്ചു.
'' സ്കോർ എന്തായി ചേച്ചീ"....????
അല്പനേരം ചിന്തിച്ചു നിന്ന ചേച്ചി പതിയെ അകത്തോട്ട് കടന്നു ഉറക്കെ ചോദിച്ചു.
'ചേട്ടാ ...ഒന്നിങ്ങു വന്നേ ...
ദേ കുറച്ചു പിള്ളേർ ചോറ് ചോദിച്ചു വന്നിരിക്കുന്നു'......
കറണ്ട് അടിച്ചതു പോലെ ആയി ഞങ്ങൾ!!
ദൈവമേ ...ചോറോ !!...
ഇവർ എന്താണീ വിളിച്ചു കൂവുന്നത് !!
വിറങ്ങലിച്ചു നിൽക്കുന്ന ഞങ്ങൾക്ക് ഡ്രൈവർ ചേട്ടന്റെ കൂടെ പുറത്തേക്കിറങ്ങി വന്നവരെ കൂടി കണ്ടപ്പോൾ ഇരുട്ടടി കിട്ടിയതു പോലെയായി!!
മോഹൻ സാറും നന്ദകുമാർ സാറും!!!
അവർ ഒരുമിച്ചു കളി കാണുകയായിരുന്നു.!!!
ആർക്കാ ഡാ ഇവിടെ ചോറു വേണ്ടത് ...!!
ഓട്രാ എല്ലാം...!!!
എന്ന് സാറ് അലറുന്നതിനു മുന്നേ ... ഞങ്ങൾ നാലു കാലിൽ ഓടീ ...
പൊന്നു സാറെ ... ചോറല്ല ... സ്കോർ അറിയാൻ വന്നതാണേ ...
മുന്നേ ഓടിയ പുരോഗമനവാദി വിളിച്ചു കൂവി ...!!!!
----/////

By: 
Sajeev Surendran
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo