Slider

രക്തത്തിന്റെ കഥ

0

ഹൃദയമിടിപ്പിന്റെ പെരുമ്പറ മുഴക്കങ്ങളെ തൊട്ടറിഞ്ഞു കാതോർത്ത് മലർന്നു കിടക്കുകയായിരുന്നു അയാൾ.
ചോരകുടിച്ചു വിശപ്പുമാറാത്ത ഒരു കൊതുകിന്റെ മൂളിപ്പാട്ട് ചെവിയിലൂടെ തലച്ചോറിനകത്ത് തിരയിളക്കമൊരുക്കിയപ്പോൾ കൈവീശി കൊതുകിനേ കവിളോട് ചേർത്തതും ഹൃദയസ്പന്ദനങ്ങൾ അയാൾക്ക് അറിയാതെയായി.
60 വാട്ടിന്റെ ചെമ്പിച്ച വെളിച്ചത്തിൽ അയാൾ നനവാർന്ന കൈപ്പടത്തിലേക്ക് നോക്കി. രക്തം . ആരുടെയോ , ഒരു പക്ഷേ തന്റെ തന്നെ ആകാം . രക്തത്തിന്റെ ചുവപ്പ് അയാളുടെ കണ്ണുകൾക്കുള്ളിലേക്കും വ്യാപിച്ചു.
ആദ്യ രാത്രി കഴിഞ്ഞു ധവളവർണ്ണമാർന്ന കിടയ്ക്കവിരിയിൽ കണ്ട ചുവപ്പു നിറത്തിന്റെ ചൂടിലേക്ക് അയാളുടെ മനസ്സ് ഇറങ്ങിച്ചെന്നു .
വർഷമെത്ര കഴിഞ്ഞിരിക്കുന്നു നല്ലപാതി പ്രയോഗങ്ങളുടെ അസ്ഥിരത വെളിവാക്കുന്ന വിധിയുടെ ക്രൂരത എത്ര നിഷ്ഠതയോടെയാണ് ജീവിതത്തിലേക്കാഴ്ന്നിറങ്ങിയത്.
.അയാളുടെ ഒരേ ഒരു മകളുടെ വിവാഹമായിരുന്നു ഇന്ന് .
മറ്റൊരുകൊതുക് അരികെ പാറിപ്പോകുന്നത് കണ്ട് രണ്ടാമത്തെ കൈപ്പടത്തിനുള്ളിൽ അയാളതിനേ ഞെരുക്കി . രക്തം കുറവാണ് അധികനേരമായിട്ടില്ല തീറ്റതുടങ്ങിയിട്ട് ചെറുപ്പമാവാനും മതി .
ചെറുതിന്റെ രക്തം അതെന്നാണ് കണ്ടത് അന്ന് ആ മഴ മുക്കിയ ഒറ്റ രാത്രി മാത്രം . അന്ന് മാത്രമേ ചെറുതിന്റെ രക്തഭീകരതയിൽ അലറിക്കരഞ്ഞിട്ടുള്ളു. നശിച്ച ആ രാത്രി.
"എടാ ഒന്നു വേഗം വരണം ഒരു സ്ഥലത്തു പോകാനുണ്ട്"
ഭാര്യയുടെയും മകളുടെയും കൂടെയിരുന്ന് അത്താഴം കഴിക്കുമ്പോഴാണ് മുതലാളിയുടെ വിളി വന്നത്.
എങ്ങോട്ടാണ് ഇൗ നേരത്ത്? അയാൾ ചോദിച്ചു
"അതൊന്നും നീ അറിയണ്ട എളുപ്പം എന്റെ ഗസ്റ്റ് ഹൗസിലേക്കും വാ "
സംഭാഷണം മുറിഞ്ഞു.
അയാൾ ഭക്ഷണം മതിയാക്കി എഴുന്നേറ്റതും ഭാര്യ ചോദിച്ചു "
"ഇൗ മുതലാളി എന്ന് പറഞ്ഞാൽ ഇങ്ങടെ കളിക്കൂട്ടുകാരനല്ലേ
ഉം കള്ളും കുടിച്ചിങ്ങോട്ട് വന്നാൽ വീട്ടീ കേറ്റില്ല പറഞ്ഞേക്കാം "
ഒരിളിഭ്യച്ചിരി ചിരിച്ചു വസ്ത്രം മാറി അയാൾ കാറെടുത്തു.
"എന്തൊ സംഭവിച്ചിട്ടുണ്ട് ഇല്ലെങ്കിൽ അവൻ ഇങ്ങനെ ആജ്ഞാപിക്കില്ല കാലം കുറേ ആയില്ലേ അവന്റെ ടാക്സി താൻ ഒാടിക്കാൻ തുടങ്ങിയിട്ട് ആദ്യമായാണ് ഇങ്ങനെ ഒരു അനുഭവം "
അയാളുടെ മനസ്സിൽ ഭീതിയുടെ മുഴക്കങ്ങൾ കേട്ടുകൊണ്ടിരുന്നു.
ചെറുപ്പത്തിൽ അവന്റെ ഏറ്റവും വലിയകൂട്ട് താനായിരുന്നു എന്നതയാൾ ഒാർത്തു .
പില്ക്കാലത്ത് പണത്തിന്റെ പ്രഭാവലയത്തിനുള്ളിൽ അകപ്പെട്ടതിനു ശേഷം ഒരുപാട് പുതിയ സൗഹൃദങ്ങളുണ്ടാവുകയും പുതിയ കേളികൾ ഉടലെടുക്കുകയും ചെയ്തപ്പോഴും ആ പഴയ സൗഹൃദം അവൻ മറന്നില്ല . ജീവിതം ഗതിമുട്ടിയ സമയത്താണ് അവൻ പുതിയ ഒരു കാറെടുത്തു തന്ന് ടാക്സിയായി ഒാടിച്ചോളാൻ പറഞ്ഞത്. അതിലൂടെയാണ് ഇപ്പോഴത്തേ സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം തനിക്ക് ലഭിച്ചതെന്ന് നന്ദിയോടെ അയാൾ സ്മരിച്ചു.
വർദ്ധിച്ച ഹൃദയമിടിപ്പോടെ അയാൾ അതിഥിമന്ദിരത്തിലേക്ക് പ്രവേശിച്ചു. ഹാളിൽ മുതലാളി തലയ്ക്ക് കൈയ്യുംകൊടുത്തിരിക്കുന്നു.
എന്താ എന്തുപറ്റി?
മുതലാളി അയാളെ ദയനീയമായി ഒന്നു നോക്കി എന്നിട്ടു പറഞ്ഞു .
"നിനക്കെന്നോട് എന്തെങ്കിലും സ്നേഹവും കടപ്പാടും ഉണ്ടെങ്കിൽ അത് കാണിക്കേണ്ട സമയമാണിത്"
എന്താ എന്തുപറ്റി ?
മുതലാളി അകത്തേ മുറിയിലേക്ക് നോക്കി . കണ്ണുകളിലേ സൂചന മനസ്സിലാക്കി അയാൾ മുറിയിലേക്ക് കയറി.
ഭീകരമായ ആ കാഴ്ചകണ്ട് ഒരാർത്തനാദം അയാളുടെ തൊണ്ടയിൽ കുരുങ്ങി.
മകളുടെ പ്രായമുള്ള ഒരരുമക്കുട്ടി നഖദന്ത ദംശനങ്ങളേറ്റ് രക്തം പൊഴിച്ച് നഗ്നയായി കിടക്കുന്നു.
എന്താടാ ഇത് ? അയാൾ മുതലാളിയെ നോക്കി ആക്രോശിച്ചു.
"പറ്റിപ്പോയി ! ഇങ്ങനെയൊക്കെ ആകും എന്ന് വിചാരിച്ചില്ല .നീ എന്നെ സഹായിക്കണം നിനക്ക് വേണ്ടതെല്ലാം ഞാൻ തരും"
അയാളുടെ കാലുപിടിച്ച് മുതലാളി കരഞ്ഞു .
പെട്ടന്നെങ്ങനെയോ കൃതജ്ഞതയുടെ ഒരു ധീരത അയാളിൽ ആവേശിച്ചു .
അയാൾ ഒന്നും മിണ്ടാതെ മുറിയിലേക്ക് കയറി വിരിപ്പോടുകൂടി ആകുട്ടിയെ ഉള്ളം കൈയ്യിലേന്തി പുറത്തേക്ക് നടന്നു.അകലേ പുഴയുടെ കൈവഴിയിലേക്ക് ആ ശരീരം വലിച്ചെറിയുമ്പോൾ അയാളുടെ കണ്ണീരുപോലെ മഴ ആർത്തലച്ചു പെയ്യുന്നുണ്ടായിരുന്നു.
ആ രക്തത്തിന്റെ മണം ഇപ്പോഴും ഇവിടെ തങ്ങി നില്കുന്നതായി അയാൾക്ക് തോന്നി കൈയ്യിലേ കൊതുകിന്റെ രക്തം അയാൾ മണത്തു നോക്കി . അതേ എല്ലാ രക്തത്തിനും ഇപ്പോഴൊരേ മണമാണ്
അയാൾ ഭീതിയോടെ കൈ തുടയില്‍ ചേർത്തു തുടച്ചു.
വർഷങ്ങളെത്രകഴിഞ്ഞു പുഴയിൽ നിന്നും തൂവലൊഴിഞ്ഞാ കുഞ്ഞു കിളിയുടെ ശരീരം കണ്ടെടുത്തിട്ട്
പോലീസ് കോടതി മാധ്യമങ്ങളെല്ലാം സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ കുറ്റക്കാരനെന്ന് വിധിച്ചപ്പോഴൊന്നും അയാളുടെ മനസ്സ് തളർന്നിരുന്നില്ല.
തലേന്ന് ജയിൽ മോചിതനായി ഭാര്യയെ കാണാൻ ചെന്നപ്പോളാണ് ഹൃദയഭാരമേറ്റിയ ആ സത്യത്തിനു മുന്നിൽ അയാൾ തളർന്നത്.
ഒരേ ഒരു മകളുടെ വിവാഹം അയാൾ അറിഞ്ഞിരുന്നില്ല സ്നേഹത്തോടെ അനുഗ്രഹിക്കാൻ ചെന്നതും അവൾ ഭയത്തോടെ അലറിവിളിച്ചു.
ആരെല്ലാമോ താങ്ങിയെടുത്ത് റോഡിലേക്കെറിയപ്പെട്ടപ്പോൾ ശരീരത്തിനേറ്റ മർദ്ദനത്തേക്കാൾ അയാളെ വേദനിപ്പിച്ചത് അവിശ്വസിക്കപ്പെട്ടതിന്റെ വേദനയായിരുന്നു.
ചേതനയറ്റ് തുറിച്ചു നോക്കുന്ന മുതലാളിയുടെ കണ്ണുകളിലേക്ക് അയാളൊന്നു നോക്കി. ആ കണ്ണുകളിൽ ചതിയുടെ എല്ലാ ലക്ഷണങ്ങളും മാഞ്ഞുപോയിരുന്നു.
അയാളെഴുന്നേറ്റ് കുപ്പിയിലവശേഷിച്ച കറുത്ത റം ഗ്ളാസ്സിലേക്കൊഴിച്ചു
കീശയിൽ ബന്ധിതപ്പെട്ട കടലാസ്സുടുപ്പു തുറന്ന് അതിലെ മുഴവൻ വെളുത്ത പൊടിയും റമ്മിലേക്കൊഴിച്ചു.
നുരഞ്ഞു പൊന്തുന്ന വിഷമത്തിന്റെ ചതിയുടെ അവിശ്വാസത്തിന്റെ പതയെ ചൂണ്ടുവിരലിട്ടിളക്കി ഒടുക്കി മുഴുവാനായി അണ്ണാക്കിലേക്കൊഴിച്ചു.
കൊതുകുകൾ പിന്നെയും പാറിക്കൊണ്ടിരുന്നു. വേദനയൊരുപാട് തിന്ന ആ ശരീരത്തെ കുത്തി നോവിക്കാനുള്ള മനസ്സില്ലാത്തതിനാകണം അവയൊന്നും പിന്നെ ആ ദേഹത്ത് പറന്നിറങ്ങിയില്ല.
മിടിക്കാത്ത ഹൃദയത്തിന്റെ താളം തേടിയെന്നോണം അയാളുടെ കൈ നെഞ്ചിനുമുകളിൽ വിശ്രമിച്ചു.
_____________,__,_,,,,__________
രമേഷ് കേശവത്ത്.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo