Slider

വിധിശില്പം

0
Image may contain: 1 person

വരികയെന്നെത്തലോടുക കാറ്റേയെൻ
വിരലുനോവുമീ സായന്തനത്തിൽ
വിധിലീനമാമൊരു ശില്പം ചമച്ചെന്റെ
വിരലു നൊന്തു വിയർപ്പൊഴുകീടെ.
സംസ്കൃതലോക മേലാടയില്ലാതെ
കൂർമ്മഭാവേനയുൾവലിഞ്ഞിത്രനാൾ
നിർലീനനിയതിരൂപം ചമയ്ക്കുവാനു-
ഴറി തോറ്റു തളർന്നു ഞാൻ മിത്രമേ,
.
സൂക്ഷ്മചിത്തസ്മൃതിയിലെങ്ങും ഞാൻ
കണ്ടതില്ലെൻ പിഴവൊന്നുപോലും.
കർമ്മജ്ഞാനേന്ദ്രിയങ്ങളാലൊന്നുമേ
കളവെറിഞ്ഞതില്ലൊരുമാത്ര പോലും
പഴിപറഞ്ഞില്ല പതം പറഞ്ഞിട്ടില്ല
പകലും രാവിലും പതിരു തേടീട്ടില്ല
ചെറിയജീവിതക്കാഴ്ചകൾ കൊണ്ടൊരു
വലിയലോകം പടയ്ക്കാനുമില്ല ഞാൻ.
നിയതി തീണ്ടാത്തൊരുശില്പമെങ്കിലും
ധരണി ചൂടണമെൻ കൈകളാലെ
സ്വാർത്ഥമോഹമാവാമതെങ്കിലും
ജന്മലക്ഷ്യത്തുടിപ്പതുമാത്രം.
കാറ്റുപയ്യെപ്പതുങ്ങിവന്നെന്നുടെ
ഇരുകരങ്ങളെ തണുപുതച്ചീടവെ
സൂര്യവിരഹാഗ്നിതാപം കുറയ്ക്കുവാനാ-
കാശമേഘങ്ങൾ തേൻ ചുരത്തീടവെ
കതിരുപൂക്കുന്ന പാടത്തിലൊറ്റയ്ക്ക്
കരിയണിഞ്ഞു തുടങ്ങുന്ന മാനത്ത്
ഇരുകിളികൾ ഒരുമിച്ചു പാറുന്ന
പ്രണയകവിതയ്ക്ക് സാക്ഷിയാകുന്നു ഞാൻ.
പൊടുന്നനൊരിടിമിന്നലമ്പുകൊണ്ടയ്യോ
അവനിപൂകുന്നു പതിയൊ പാതിയോ.
മിഴിനീരുചുംബിച്ചമർന്ന മണ്ണിൽ ഞാൻ
നിഴലുപറ്റിയുറങ്ങിക്കിടന്നുപോയ്
ആദികവിയുടെയുള്ളുപൊള്ളിച്ചൊരു
വേടനാം വിധി സ്വപ്നമായ് വന്നിട്ടു
തരികയില്ലൊരുനിമിഷവുമെന്നുടെ
കറപുരളാതെയെന്നു പറഞ്ഞിതാ
പലശ്ശതം വിധിനാട്യ കാഴ്ചകളെന്നുടെ
കാണാമറയത്തിരുന്നവയൊക്കെയും
നിശയിലുണരുന്ന താരകമൊട്ടുപോൽ
മിന്നിമിന്നിത്തെളിഞ്ഞുശിർ കാട്ടുന്നു.
ബുദ്ധ്യബോധസംഘട്ടനത്തിലൂടൊരു
പുതുപിറവിയ്ക്കു പ്രാപ്തനാകുന്നു ഞാൻ
മനമലിഞ്ഞുപുഴയായൊഴുകിയൊരു
ബോധിവൃക്ഷച്ചുവട്ടിലേക്കെത്തുന്നു.
വിധിയെവെല്ലുവാനാകില്ലയെങ്കിലാ
വിധിയുമായി രമ്യത്തിലെത്തിടാം
വിധിയിലൂടൊരുശില്പമായ് മാറിടാം
വിധിപുരളാത്ത വിധിയായിത്തീർന്നിടാം
___________________,,,__
രമേഷ് കേശവത്ത്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo