നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഖജുരാഹോ


'പണ്ടു പണ്ടു പണ്ടൊരു രാജകുമാരിയുണ്ടായിരുന്നു.ഹേമവതി...കാശിയിലെ പൂജാരിയുടെ മകൾ'
അവന്റെ മുഖം നന്നായി കുനിഞ്ഞു അവളുടെ കാതോരമുള്ള മുടിയിഴകളെ മാടിയൊതുക്കി
'എന്റെ പ്രാണേശ്വരിയോളം സുന്ദരി'....
ഉദയസൂര്യകിരണങ്ങൾ അവളുടെ കവിളിലൊരു തെങ്ങോലയുടെ ചിത്രം വരച്ചു...
അതിലൂടെ ചൂണ്ടുവിരലിന്റെ അഗ്രം പതിയെ നിരക്കി നീക്കിക്കൊണ്ട് അവനവളുടെ കണ്ണിലേക്കു നോക്കി.
തടാകം സ്വച്ഛമായിരുന്നു.ഓളങ്ങളില്ലാതെ ... തൂവെള്ള നിറമുള്ള രണ്ടരയന്നങ്ങൾ തടാകത്തിൽ നീന്തി മടുത്തിട്ടെന്നോണം കുണുങ്ങി കുണുങ്ങി അവളുടെ അടുത്തേക്കെത്തി .അവന്റെ മടിയിൽ നിന്നും മുഖമുയർത്തി അവൾ അവയെ നോക്കി.
'എന്നിട്ട് ?'
'എന്നിട്ട്...അവളുടെ സൗന്ദര്യത്തിൽ ആകൃഷ്ടരായ ദൈവങ്ങൾ ചെറുപ്പത്തിലേ അവളെ വിധവയാക്കി'
'ശ്ശോ കഷ്ടം...എന്തേ ഈ ദൈവങ്ങളിങ്ങനെ അസൂയക്കാരായത്...?
'സൃഷ്ടിച്ചത് മനുഷ്യരായതിനാലാവും'
അവൾ എഴുന്നേറ്റ് അവനഭിമുഖമായിരുന്നു.
'നീ സൃഷ്ടിയുടെ സിദ്ധാന്തങ്ങളെ തിരുത്തുകയാണോ..'
കൈയിൽ തടഞ്ഞ വെള്ളനിറമുള്ളൊരു കല്ല് ആയത്തിൽ വീശി അവനാ തടാകത്തിലേക്കെറിഞ്ഞു.അത് ഒരു ചെറുചുഴിയിലൂടെ തടാകത്തിനടിയിലെ വിസ്മൃതിയിലേക്കു മറഞ്ഞു.
'തടാകങ്ങളുടെ നഗരം ...'
'അതെ,തടാകങ്ങളുടെ നഗരം...നഗരത്തിന്റെ ജലസ്രോതസ്സ് ഈ തടാകങ്ങൾ തന്നെ'
കുഞ്ജ്ബിഹാരി...നിനക്കാരാണ് കാന്നാ ഈ പേരിട്ടത്?
'അമ്മ...കൃഷ്ണഭക്ത...അപരിചിതമായ കൃഷ്ണനാമം നൽകിയതാവാം'
തടാകത്തിൽ മുഖം നോക്കി നിൽക്കുന്ന കൃഷ്ണമന്ദിറിൽ ആരതിയുടെ മണി മുഴങ്ങുന്നു.
" ആരതി കുഞ്ജ്ബിഹാരി കി ശ്രി ഗിരിധര കൃഷ്ണമുരാരി കീ..."
'എപ്പോഴും നീയിങ്ങനെയാണ് തപ്തി, കഥയിൽ നിന്നു വഴുതി മാറിക്കൊണ്ടിരിക്കും.'
അവന്റെ സ്വരത്തിലൊരു പരിഭവം.
'ക്ഷമിക്കൂ കാന്നാ നീ പറയൂ...സുന്ദരിയായ ഹേമാവതിയെ കുറിച്ച്...ഈശ്വരൻമാരുടെ അസൂയ കൊണ്ടു വൈധവ്യം വിധിക്കപ്പെട്ടവൾ...പറയൂ അവൾക്കെന്തു സംഭവിച്ചു...'
മോഹങ്ങളുടെ തീക്ഷ്ണതയിൽ അവളുരുകി കൊണ്ടിരുന്നു.അംഗലാവണ്യം പൂർണ്ണമായിത്തുടങ്ങുന്നതേയുള്ളൂ...ഉഷ്ണം...
ഉള്ളുലയ്ക്കുന്ന ഉഷ്ണമവളെ ഉരുക്കിയൊരുക്കി കൊണ്ടേയിരുന്നു...രാത്രിയുടെ മോഹനസൗന്ദര്യത്തിൽ ആകൃഷ്ടയായി പാതിരാവിലവൾ നിലാവിലേക്കിറങ്ങി.
എങ്ങും നിറയുന്ന പാൽനിലാവ്...കുഞ്ഞോളങ്ങളവളെ പ്രലോഭിപ്പിക്കും വിധം കാൽപ്പാദങ്ങളിൽ തൊട്ടു ചിരിച്ചിട്ടു തിരിച്ചോടി.
മേഘങ്ങളുടെ മറവിലൊളിഞ്ഞും തെളിഞ്ഞും ചന്ദ്രദേവനവളെ കൺപാർത്തു കൊണ്ടിരുന്നു.ഹേമാവതി പതിയെ തടാകത്തിലേക്കിറങ്ങി.മുട്ടോളം...അരയോളം...മാറോളം...മുങ്ങിനിവർന്ന് അവൾ നീന്തിത്തുടിച്ചു കൊണ്ടിരുന്നു...മലർന്നും കമിഴ്ന്നും ...ഓളങ്ങളവളെ ഒന്നു തൊടാൻ കൊതിച്ച് ഓടിയണഞ്ഞു.
മേഘപാളികളെ വകഞ്ഞൊതുക്കി ശീതളസൗന്ദര്യത്തിന്റെ പുരുഷഭാവം കൈക്കൊണ്ട ചന്ദ്രൻ തടാകത്തിലെ ഓളങ്ങളിലേക്കൊരു പാൽനിറമായി കലർന്നു...ഹേമാവതി സ്വയം മറന്നു.
'നീയൊരു ശില്പി മാത്രമല്ല, നല്ല കഥാകാരൻ കൂടിയാണ്...എത്ര സുന്ദരമായാണ് നീ കഥ പറയുന്നത് '
കണ്ണിലെ നാണം മറയ്ക്കാനൊരു ശ്രമമെന്നോണം അവളൊന്നു മുഖമമർത്തി തുടച്ചു.
"ചന്ദ്രൻ തിരികെ ആകാശപാളികളിലേക്കു മറയാനൊരുങ്ങവേ ഹേമാവതിയിൽ അപരാധ, അപമാന ബോധങ്ങളുണർന്നു.
അച്ഛനില്ലാത്തൊരു കുഞ്ഞ്...
അഭയത്തിനായവൾ ചന്ദ്രനോടു കേണു.
കാശി വിട്ട് ഖജുരാഹോയിലേക്കു പോകുക...നിനക്കു പിറക്കുന്ന തേജസ്വിയായ പുത്രനിൽ നിന്ന് ഒരു രാജവംശം ഉടലെടുക്കും...നിന്റെ നാമം എക്കാലവും ഓർമ്മിക്കപ്പെടും.
എന്നരുളിച്ചെയ്ത് ചന്ദ്രൻ മറഞ്ഞു.
ഭോഗാസക്തിയെ ചിതയിലെരിച്ച് മോക്ഷമാർഗത്തിലേക്കുള്ള യാത്ര തുടങ്ങാൻ ആത്മാവിനെ സജ്ജമാക്കുന്ന കാശിയിൽ നിന്നും ഹേമാവതിയുടെ വിട വാങ്ങൽ... ഖജുരാഹോ എന്ന ശില്പനഗരത്തിന്റെയും ഒപ്പം ചന്ദേല രാജവംശത്തിന്റെയും ചരിത്രം അവിടെ തുടങ്ങുന്നു.
ഒരിക്കൽ നമുക്കു പോകണം തപ്തി ... രതിയുടെ ദൃശ്യവിസ്മയത്തിലേക്ക്...
ഖജുരാഹോയിലേക്ക്"
അവളുടെ കണ്ണുകൾ വല്ലാതെ വിടർന്നു...
'എന്താ..'
"അതെ...അമ്മയുടെയും ചന്ദ്രദേവന്റെയും സ്മരണാർത്ഥം ചന്ദ്രവർമ്മമഹാരാജാവു പണി കഴിപ്പിച്ച എൺപത്തഞ്ചു ക്ഷേത്രങ്ങൾ ...രതിയുടെ നഗ്നമായ ചിത്രീകരണം കൊണ്ടും ശില്പഭംഗി കൊണ്ടും ലോകശ്രദ്ധ പിടിച്ചു പറ്റിയ കലാസൃഷ്ടിയാണത് .കാലങ്ങളോളം മഹാവനത്തിനുള്ളിൽ മറഞ്ഞു കിടക്കുകയായിരുന്നു ഈ ദൃശ്യവിസ്മയം.ഇന്നിപ്പോ ലോകപൈതൃകകേന്ദ്രങ്ങളിലൊന്നായി ഉയർത്തപ്പെട്ടിരിക്കുന്നു...ഉദാത്തമായ കലാസൃഷ്ടികൾ കാലത്തിനപ്പുറം നിലനിൽക്കുക തന്നെ ചെയ്യും"
എന്തോ പറയാനായി കണ്ണിൽ കുസൃതി നിറയ്ക്കുകയായിരുന്നു അവൾ.പക്ഷേ അവന്റെ മുഖത്തെ തികഞ്ഞ ഗൗരവം കണ്ടതു കൊണ്ടാവാം പറയാൻ വന്നതവൾ വേണ്ടെന്നു വെച്ചത്.
അവൾക്കു തണുക്കുന്നുണ്ടായിരുന്നു...ചന്ദനക്കളറിൽ മെറൂൺ സിൽക്ക് നൂലു കൊണ്ടു ചിത്രശലഭങ്ങൾ തുന്നിച്ചേർത്ത കശ്മീരി പശ്മിന ഷോൾ ഒന്നു കൂടി തോളിലേക്കു വലിച്ചിട്ടിട്ട് അവളവനെ നോക്കി.
"പോകാം കാന്നാ ...ഈ കൊച്ചു വെളുപ്പാൻ കാലത്ത് തടാകക്കരയിലിരുന്നു മഞ്ഞു കൊള്ളാമെന്ന് നേർച്ചയുണ്ടോ നിനക്ക്?"
പാന്റിന്റെ പുറകിലെ മണ്ണു തട്ടിക്കളഞ്ഞ് അവനെഴുന്നേറ്റു.
'അതാ ഏഴാം നമ്പർ മെറ്റഡോർ ... വാ ..'
കോളേജിലേക്കുള്ള വണ്ടിയാണ് .ഓടിക്കയറി വിൻഡോ സീറ്റിലേക്കിരുന്നിട്ട് അവൾ തിരിഞ്ഞു നോക്കി .പതുക്കെ നിസംഗമായ പാദചലനങ്ങളോടെ നടന്ന് അവനവൾക്കരികിലിരുന്നു...
പുറത്ത് വെയിൽ നാളങ്ങൾ വിരുന്നു വന്നു തുടങ്ങുന്നതേയുള്ളു.ശൈത്യം അങ്ങനെയാണ്...മൂടിപ്പുതച്ചു മടി തൂങ്ങിയിരിക്കും പ്രകൃതി പോലും.
മസ്ജിദിനു മുന്നിലെ അരഭിത്തിയിൽ ചമ്രം പടിഞ്ഞിരിക്കുകയാണ് ബാബ...അയാൾക്കു മുന്നിൽ വരിയായി നിൽക്കുന്ന കുറേ ആളുകൾ...കൂടുതലും കുട്ടികളെയും കൊണ്ടു വന്ന അമ്മമാരാണ്...അരികിലൊരു വലിയ പാത്രത്തിൽ വെച്ചിരിക്കുന്ന ജലത്തിൽ വേപ്പിലകൾ കൂട്ടിപ്പിടിച്ച് മുക്കി അതുകൊണ്ട് മുന്നിൽ വരുന്നവരുടെ തലയിൽ മൂന്നു വട്ടമടിക്കും ബാബ.പേടി മാറാനും പ്രേതഭയം ഇല്ലാതിരിക്കാനുമാണെന്ന് പറഞ്ഞുതന്നത് ജഗ്താർ ഭാഭിയാണ്.മെറ്റഡോർ നീങ്ങിയകലും വരെ അവൾ ആ ബാബയെ തിരിഞ്ഞു നോക്കിക്കൊണ്ടേയിരുന്നു.
എന്നും അതവളുടെ പതിവായതിനാൽ അവനും കൗതുകത്തോടെ പുറത്തേക്കു കണ്ണയച്ചു.
മെറ്റഡോറിനുള്ളിൽ ഒരഴുക്കു മണം നിറഞ്ഞു നിൽപ്പുണ്ട്...പാൻമസാലയും ഹുക്കയും കഞ്ചാവു ബീഡിയും കൂടിച്ചേർന്നുണ്ടാക്കുന്നതാണ് ആ ഗന്ധം.പാൻ വായ്ക്കകത്തില്ലാത്ത യാത്രക്കാർ നന്നേ കുറവ്.
മുഷിഞ്ഞ വേഷവും എണ്ണമയമില്ലാതെ പാറികിടക്കുന്ന ചെമ്പിച്ച തലമുടിയും പുകയിലക്കറ പിടിച്ച പല്ലുകളും...ഒരു ശരാശരി ഭോപ്പാലിയുടെ രൂപം ഇതാണ്.ആദ്യനാളുകളിൽ ഈ മെറ്റഡോർ യാത്ര തനിക്കെത്ര മാത്രം മാനസികബുദ്ധിമുട്ടുണ്ടാക്കിയിരുന്നു എന്നവളോർത്തു.ഇത് ആസ്വദിക്കാൻ പഠിപ്പിച്ചത് കുഞ്ജ്ബിഹാരിയാണ്.
നാം ക്യാ ഹേ എന്ന ചോദ്യവുമായി അരികിൽ വന്നിരുന്ന് ഒരു നാൾ ഹൃദയവാതിലിൽ മുട്ടിയ കുഞ്ജ്ബിഹാരി എത്ര പെട്ടെന്നാണ് എന്റെ കണ്ണനായത്.പക്ഷേ ആ വിളിയിലെ ഉച്ചാരണം അവന്റെ ഭാഷ തന്നെയാവണമെന്ന് അവനു നിർബന്ധമായിരുന്നു.കണ്ണാടിയിൽ നോക്കി കാന്നാ എന്നു പറഞ്ഞു പറഞ്ഞു പഠിച്ചതോർത്തപ്പോൾ അവളുടെ മുഖത്തൊരു നിലാച്ചിരി തെളിഞ്ഞു.
വീതിയുള്ള ഡിവൈഡറിനുമേൽ ഇന്നുമുണ്ട് ഉടുതുണിയില്ലാത്ത കുട്ടികളുടെ ഒരു കൂട്ടം...നിരന്നിരുന്നു പരസ്പരം മത്സരിച്ച് പ്രാഥമികകർമ്മം നിർവഹിക്കുകയാണവർ.അറിയാതെ അവളുടെ മൂക്കൊന്നു ചുളിഞ്ഞു.
' ഉം? ' അവന്റെ മുഖത്തു ചോദ്യഭാവം.
മുഖം കൊണ്ടു തന്നെ ആ കാഴ്ച്ച ചൂണ്ടിക്കാണിച്ചു.
അതിലേക്കൊന്നെത്തി നോക്കിയതും അവന്റെ മുഖമൊരു പുഞ്ചിരിയായി വിടർന്നു ...ശെയ്ത്താൻ ബച്ചേ...വികൃതിക്കുട്ടൻമാർ.
'പിന്നേ..പട്ടാപ്പകൽ പാതയോരത്തിരുന്നു പണി പറ്റിക്കുന്നതല്ലേ വികൃതി...സംസ്കാരമില്ലായ്മയാ ഇത്'
അവന്റെ മുഖം വല്ലാതെ ചുവന്നു...കണ്ണുകളിലെ ഞരമ്പുകൾ ചോരനിറത്തിൽ എഴുന്നു നിന്നു.
'നിന്നെ പോലുള്ളവർക്കു സഞ്ചരിക്കാനാണ് വി.ഐ.പി റോഡുകളുണ്ടാക്കിയിട്ടുള്ളത്.ഭോപ്പാലിന്റെ മറ്റൊരു മുഖമാണത്.സ്വന്തമായൊരു കാർ വാങ്ങിക്കൂ...യാത്ര അതു വഴിയാക്കു'
'പിണങ്ങിയോ.. ഞാൻ കുറ്റപ്പെടുത്തിയതല്ല കാന്നാ...രാവിലെ വിസർജ്ജ്യം കണി കാണേണ്ടി വരുന്നതിന്റെ ബുദ്ധിമുട്ട് പറഞ്ഞെന്നേയുള്ളൂ '
അവനൊന്നും മിണ്ടിയില്ല.ഉള്ളിൽ പടരുന്ന അസ്വസ്ഥതയോടെ അവൾ അവനെ തന്നെ നോക്കിയിരുന്നു.കാണെക്കാണെ മുഖം ശാന്തമായി.കൺഞരമ്പുകളിലെ ചുവപ്പു നിറം ഇളംനീലയിലേക്കു പകരുന്നതും ശാന്തമായൊരു തടാകം പോലെ അവ സ്വച്ഛമാകുന്നതും അവൾ കണ്ടു.
"നിനക്കു മനസ്സിലാവില്ല തപ്തി...ഹൃദയത്തിൽ മുറിവേറ്റ നഗരമാണിത്.മനുഷ്യരാൽ ഏൽപ്പിക്കപ്പെട്ട മുറിവ് ...ഒരു രാവും പകലും വിഷം കലർന്ന പ്രാണവായു ശ്വസിക്കേണ്ടി വന്നവന്റെ ദുരവസ്ഥ സങ്കൽപ്പിക്കാനാവുമോ നിനക്ക്?
ശ്വാസമില്ലാതാവുക...ഉള്ളിലേക്കെടുക്കുന്ന പ്രാണവായു ശ്വാസനാളിയെ കത്തിച്ചുകളയുക...ആന്തരാവയവങ്ങൾ പുകഞ്ഞു പുകഞ്ഞു നിൽക്കക്കള്ളിയില്ലാതെ എങ്ങോട്ടെന്നറിയാതെ പരക്കം പായേണ്ടി വരിക...മുപ്പത്തിനാലു വർഷം മുൻപു കണ്ട ആ പേടിസ്വപ്നത്തിൽ നിന്ന് ഇനിയും പൂർണ്ണമായി ഉണർന്നിട്ടില്ല ഭോപ്പാൽ...'
കേട്ടറിവു മാത്രമുള്ള ആ ദുരന്തചിത്രങ്ങൾ അവളുടെ മനസ്സിലേക്കും പാഞ്ഞെത്തി .പൂർണ്ണമായും മണ്ണിൽ പുതഞ്ഞ വിളറിവെളുത്തൊരു കുഞ്ഞുമുഖത്തെ ഇനിയുമടഞ്ഞിട്ടില്ലാത്ത കണ്ണുകളിൽ തെളിഞ്ഞ ശൂന്യത ഓർത്ത് അവളൊന്നു നടുങ്ങി.
"ഈ ലോകത്ത് രണ്ടു തരം മനുഷ്യരേ ഉള്ളൂ തപ്തി...പണക്കാരും ...പാവപ്പെട്ടവരും.ജാതിയും മതവും നിറവും ഭാഷയും ദൈവങ്ങളുടെ പേരിലുള്ള രക്തച്ചൊരിച്ചിലും ഒക്കെ അതിന്റെ ഉപോൽപ്പന്നങ്ങൾ മാത്രമാണ്.
സ്ഥാപിത താത്പര്യങ്ങൾക്കു വേണ്ടി മനപൂർവ്വം
സൃഷ്ടിക്കപ്പെടുന്ന ഉപോൽപ്പന്നങ്ങൾ"
ഓരോ വാക്കുച്ചരിക്കുമ്പോഴും അവന്റെ തോളെല്ലുകൾ തെളിയുകയും മറയുകയും ചെയ്യുന്നത് കൗതുകത്തോടെയവൾ നോക്കിയിരുന്നു.പറയുന്നതിൽ പകുതിയും അവൾക്കു മനസ്സിലാവുന്നുണ്ടായിരുന്നില്ല.
പക്ഷേ അതു പറയുമ്പോൾ അവനിലുണ്ടാകുന്ന ഭാവവിത്യാസങ്ങൾ അവളെ പിടിച്ചിരുത്താൻ മാത്രം ശക്തമായിരുന്നു.
'ഇന്ന് ലോകം ഭരിക്കുന്നത് പണമാണ്.ചിലരിലേക്കു മാത്രം കുമിഞ്ഞു കൂടുന്ന പണം.ചിലരുടെ പ്രാർത്ഥനകളിൽ മാത്രം കണ്ണു തുറക്കുന്ന ദൈവങ്ങൾ...നീ ശ്രദ്ധിച്ചിട്ടുണ്ടോ തപ്തി ...ചിലരെ ദൈവം സൃഷ്ടിക്കുന്നത് സങ്കടപ്പെടാൻ മാത്രമാണ്.ചിലരെ ധൂർത്തടിക്കാനും'
അവളെ ഒന്നു നോക്കിയിട്ട് ദീർഘമായി ഒന്നു ശ്വസിച്ചു അവൻ.
'സൃഷ്ടിക്കുന്നത് ശരിക്കും ദൈവമാണെങ്കിൽ'
'നാക... നാക...കോയി ഉതർനാ ഹേ?'
അവിചാരിതമായി അവർക്കിടയിൽ ചൂഴ്ന്നിറങ്ങിയ നിശ്ശബ്ദതയിലേക്ക് കണ്ടക്ടറുടെ പരുക്കൻ സ്വരമുയർന്നു.
'ഇറങ്ങാം...കാന്നാ'
അന്നു കോളേജിലേക്കു നടക്കുമ്പോൾ അവൾ നിശ്ശബ്ദയായിരുന്നു.അവനും.
...
എന്തു കൊണ്ടാണ് ഖജുരാഹോ
ഇത്ര മാത്രം തന്നെ ഭ്രമിപ്പിക്കുന്നതെന്ന് കുഞ്ജ്ബിഹാരിക്ക് മനസ്സിലായതേയില്ല.
കുലത്തൊഴിൽ ശില്പം കൊത്തലാണ്.
എങ്കിലും വിദ്യാഭ്യാസം നേടി മറ്റെന്തെങ്കിലും ജോലിയിലേക്ക് തിരിയട്ടെ എന്നു കരുതിയിട്ടാണ് അപ്പാ കോളേജിൽ ചേരാൻ നിർബന്ധം പിടിച്ചതെന്ന് അറിയാതെയല്ല.
ശില്പവിദ്യ ഒരുപാടൊന്നും തന്നെ ആകർഷിച്ചിട്ടുമില്ല.എന്നിട്ടുമെന്തേ കേട്ടറിവു മാത്രമുള്ള ഈ ശില്പസമുച്ചയം ഇത്രയേറെ തന്നെ ആകർഷിക്കുന്നത്...
കുതിരവണ്ടി വല്ലാതൊന്നുലഞ്ഞു.അവന്റെ ചിന്തകളുടെ ചരടുകളെ മുറിച്ചുകൊണ്ട്.
'ഖജുരാഹോ ആ ഗയാ ഭായ്സാബ്...ഹമേ ജാനേ ദോ...'
വണ്ടിക്കാരന് പണം കൊടുത്ത് ഖജുരാഹോയുടെ മണ്ണിലേക്ക് കാലു കുത്തുമ്പോൾ ഹൃദയത്തിലെങ്ങോ പുതിയൊരു നീർച്ചാലിന്റെ ഉറവ കിനിഞ്ഞുതുടങ്ങുന്നത് അവനറിയുന്നുണ്ടായിരുന്നു.
പുലർവെയിലിൽ തിളങ്ങുകയാണ് ഖജുർ നദി...
ഈന്തപ്പനകൾ തണലൊരുക്കിയൊരു ഗതകാലം ഉണ്ടായിരുന്നതിനാലാവുമോ
അതോ ഈന്തപ്പഴമധുരമുള്ള കുളിർജലമായതിനാലോ നദിക്കീ പേരു കിട്ടിയത്.
ഓളങ്ങളിൽ തട്ടി വെളിച്ചം പ്രതിഫലിക്കുന്നു...
ഇവിടെ നിന്നു തുടങ്ങുകയാണ് ഖജുരാഹോയുടെ വിസ്മയക്കാഴ്ച്ച.
ചെങ്കല്ലിൽ തീർത്ത വിസ്മയലോകം
കുഞ്ജ്ബിഹാരിയുടെ കണ്ണിലും മനസ്സിലും ആഴത്തിൽ പതിഞ്ഞു.
ചുവർശില്പങ്ങൾ പറയാതെ പറയുന്ന കഥകൾ ...ഹൈന്ദവ-ജൈന-ബുദ്ധ ദൈവങ്ങളെ തുല്യപ്രാധാന്യത്തോടെ കൊത്തിവെച്ചിരിക്കുകയാണ്.
ഓരോ ശില്പവും എത്ര സൂക്ഷ്മമായാണ് കടഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
ആ ശില്പിയുടെ വിരൽത്തുമ്പുകൾ ത്രസിച്ചു.
ഓരോ ശില്പങ്ങളെയും തൊട്ടു തലോടി ആ വിരലുകൾ സഞ്ചരിച്ചു.
അവയുടെ പൂർണ്ണത,അവയുടെ ചാരുത,അവയുടെ മനോഹാരിത...
ശില്പി ശില്പത്തിലേക്കിറങ്ങി...
ശില്പി ശില്പത്തിലേക്കാഴ്ന്നു..
ശില്പി ശില്പമായിത്തീർന്നു.
മഹേശ്വരനും മഹാദേവിയും വിഷ്ണുവും ലക്ഷ്മിയും ബുദ്ധനും മഹാവീരനും
വസ്ത്രത്തിന്റെ ഭാരമില്ലാത്ത മുഗ്ദ്ധബിംബങ്ങളായി ക്ഷേത്രച്ചുമരിൽ പുഞ്ചിരി തൂകി നിൽക്കുന്നു.
വരാഹമൂർത്തിക്കരികിൽ തളർന്നിരിക്കുമ്പോൾ ശില്പി തപ്തിയെയോർത്തു.
അവൾ കൂടെയുണ്ടായിരുന്നെങ്കിൽ...
വരണം അവളെയും കൊണ്ടൊരുനാൾ...ലൗകികതയുടെ ഈ വിസ്മയലോകത്തേക്ക്...ജീവിതത്തിന്റെ ആഘോഷത്തിലേക്ക്.
ശില്പിക്കു കാലുറച്ചില്ല...ഇനിയുമുണ്ടേറെ...കാണാനൊരുപാട്...
ക്ഷേത്രങ്ങളിൽ നിന്നു ക്ഷേത്രങ്ങളിലേക്ക് ... ശില്പത്തിൽ നിന്നു ശില്പത്തിലേക്ക്...
അമൂർത്തമായ ഓരോ കൊത്തുപണിയും അവനിലെ ശില്പിയെ ഉത്തേജിപ്പിച്ചു കൊണ്ടേയിരുന്നു..
മണ്ഡപത്തിൽ മണിപ്രവാളം കഥക് നൃത്തമായി അവതരിപ്പിക്കുകയാണ് അനുഗ്രഹീതരായ കലാകാരൻമാർ...
നൃത്തോത്സവത്തിന്റെ ഒരുക്കങ്ങളിലേക്കോ...അലങ്കാരങ്ങളിലേക്കോ...
തിരക്കുകളിലേക്കോ...
അവന്റെ ശ്രദ്ധ ചെന്നതേയില്ല.
അവനാ ശില്പഭംഗിയിലേക്ക് അലിഞ്ഞുചേരുകയായിരുന്നു.
അതോ ആ ശിലാശില്പങ്ങൾ അവനിലേക്ക് ഒഴുകി നിറയുകയായിരുന്നോ.
ഒരു ദിവസം മുഴുവൻ ...ഉദയം മുതലുദയം വരെ ...കുഞ്ജ്ബിഹാരി ആ ക്ഷേത്രസമുച്ചയങ്ങൾക്കിടയിലൂടെ നടന്നുകൊണ്ടേയിരുന്നു.
ഓരോ ശില്പത്തിന്റെയും രൂപഭംഗി ആത്മാവിലേക്കാവാഹിച്ചു.
വിന്ധ്യാപർവതത്തിന്റെ,ബുന്ദേൽഖണ്ഡ് മഹാവനത്തിന്റെ,ഖജുർനദിയുടെ എല്ലാ വന്യപ്രൗഢസൗന്ദര്യവും
ആ പ്രതിമകളിലേക്കാവാഹിക്കപ്പെട്ട കാഴ്ച്ച കണ്ടിട്ടും കണ്ടിട്ടും മതിവരാത്തൊരു മോഹനദൃശ്യമായി അവനെ പ്രലോഭിപ്പിച്ചു കൊണ്ടിരുന്നു.
അതെ...പ്രകൃതിയുടെ സൗന്ദര്യം ...ആവരണങ്ങളില്ലായ്മയിലാണ്...
ആരാധനാമൂർത്തികളെ നഗ്നരായി ചിത്രീകരിക്കാൻ ...
ഇത്രയും സ്പഷ്ടമായി ലൗകികജീവിതം അവരിലൂടെ ചിത്രീകരിക്കാൻ ചന്ദേലരാജാക്കൻമാരെ പ്രേരിപ്പിച്ചതെന്താവും...?
അടുത്ത നിമിഷം അവനാ ചിന്ത തിരുത്തി.
എന്തു കൊണ്ടു പാടില്ല...
സൃഷ്ടിയിലൂടെ നിലനിർത്തപ്പെടുന്ന പ്രപഞ്ചത്തെ കുറിച്ച് സ്രഷ്ടാക്കളിലൂടെ പറയുക...സ്ത്രീപുരുഷസംയോഗം അതിന്റെ എല്ലാ പവിത്രതയോടെയും അംഗീകരിക്കപ്പെടേണ്ടതാണെന്ന് കലയിലൂടെ വിളിച്ചോതുക...
കലയുടെ പരമമായ ധർമ്മം...കലയുടെ പൂർണ്ണത...കലയുടെ ശ്രേഷ്ഠത....
ആ നൂറുവർഷങ്ങളിൽ ജനിച്ചില്ലല്ലോ എന്ന വേദന ഒരു മിന്നൽപ്പിണർ പോലെ അവന്റെ ആത്മാവിനെ പിളർത്തി.
എന്തു കൊണ്ട് ഈ കാലത്തു പാടില്ല എന്ന ചിന്ത ഇടിമുഴക്കമായി അവന്റെ പ്രഞ്ജയെ ഉണർത്തി.
അവൻ സ്വയമുരുകിത്തീരുകയായിരുന്നു...
അവൻ വീണ്ടും രൂപപ്പെടുകയുമായിരുന്നു.
അവനിലെ ശില്പി ആധുനികലോകത്തെ സാമൂഹ്യസദാചാര നിയമങ്ങളെയൊക്കെ തച്ചുടച്ച് പ്രഞ്ജയെ കീഴടക്കുന്നതറിഞ്ഞു കൊണ്ടു തന്നെയാണ് ഖജുർനദിയിലൊന്നു കാൽ നനച്ച് അവനാ നഗരത്തോടു യാത്ര ചോദിച്ചത്.
ഇനിയൊന്നും പഴയതു പോലെയാവില്ലെന്ന് ആ നിമിഷം അവനോടാരോ പറയുന്നുണ്ടായിരുന്നു.
അതേ അർത്ഥത്തിൽ തന്നെ അവനത് ഉൾക്കൊള്ളുകയും ചെയ്തു.
...
"കാന്നാ...നീയേതു ലോകത്താ...എന്നെ കൂട്ടാതെ നീയെന്തിനാ ഖജുരാഹോയിലേക്കു പോയത്"
അവൾ പരിഭവിക്കാൻ ശ്രമിച്ചു.പക്ഷേ അവന്റെ കണ്ണുകളിൽ കാലം ഉറങ്ങിക്കിടന്നു.അവനാ പരിഭവം മനസ്സിലായതേയില്ല.
'ഞാനൊരു ശില്പസമുച്ചയം സൃഷ്ടിക്കാൻ പോകുന്നു ...ഖജുരാഹോ ഒരു നിമിത്തമാണ് തപ്തി...ഞാനെന്ന ശില്പിയുടെ നിയോഗത്തിലേക്കുള്ള ചൂണ്ടുപലക.ഞാനെന്ന ശില്പിയുടെ സാക്ഷാത്ക്കാരത്തിലേക്കുള്ള വഴി...ഞാനെന്ന ശില്പി......'
'എന്താണ് സൃഷ്ടിക്കാൻ പോകുന്നത്...?
നിന്റെ വാക്കുകളുടെ ആഴം എന്നെ ഭയപ്പെടുത്തുന്നല്ലോ കാന്നാ...എന്തോ
വിപത് സൂചന ...എന്റെ ഹൃദയമിടിപ്പുകളുടെ താളം എനിക്കു നിയന്ത്രിക്കാവുന്നതിലും വേഗത്തിലാവുന്നു...'
വേപഥുവോടെ അവൾ അവനെ നോക്കി...അവന്റെ കണ്ണുകളിൽ അനിർവചനീയമായൊരു മുഗ്ദ്ധഭാവം തെളിയുന്നതവൾ കണ്ടു.
"രാസലീല ... വൃന്ദാവനത്തിലെ രാസലീലാദൃശ്യങ്ങൾ വാഗ്മയചിത്രത്തിന്റെ അതേ പൂർണ്ണതയോടെ ഞാൻ കല്ലിൽ കൊത്തും..."
'എന്നു വെച്ചാൽ...?'
അവളുടെ സ്വരം വിറയാർന്നിരുന്നു.
'പ്രകൃതി നഗ്നമാണ് തപ്തി...കല ചിത്രീകരിക്കുന്നത് പ്രകൃതിയെ അല്ലേ....'
'ചന്ദേലരാജാക്കൻമാരുടെ കാലമല്ലിത്.ഈ കാലത്തിൽ ഇങ്ങനെയൊരു സൃഷ്ടി...അതും ഒരു ദൈവത്തിന്റെ രൂപം.അതിലെ വെല്ലുവിളി നിനക്കറിയില്ലേ...ആരും നിന്നെ വെറുതെ വിടില്ല.നിന്റെ ജീവനും ജീവിതവും നഷ്ടപ്പെടുത്തിയിട്ടു വേണോ ഈ മഹത്തായ കലാസൃഷ്ടി?'
'ഖജുരാഹോ ഒരോർമ്മപ്പെടുത്തലാണ് തപ്തി...കലയെ കലയായി അംഗീകരിച്ചിരുന്ന ഒരു സംസ്കാരം ഭാരതം പിൻതുടർന്നിരുന്നു എന്ന ഓർമ്മപ്പെടുത്തൽ...കലയെ ആയുധമായി കാണരുത് എന്ന മുന്നറിയിപ്പ്..
ബുദ്ധജൈനഹിന്ദു സംസ്ക്കാരങ്ങളുടെ സമന്വയം...നാനാത്വത്തിലെ ഏകത്വത്തിന്റെ മഹനീയത വിളിച്ചോതുന്നു.ഒന്നിനെയും നശിപ്പിക്കലല്ല...ഒന്നിനെ മറ്റൊന്നിനു മുന്നിൽ ഇടിച്ചു താഴ്ത്തലല്ല ...എല്ലാത്തിനെയും ഒരേ മനസ്സോടെ അംഗീകരിക്കലാണ് ...അതിലെ നൻമയെ സ്വാംശീകരിക്കലാണ് നമ്മുടെ സംസ്ക്കാരം.
മൂല്യബോധമില്ലാതെ വളരുന്ന ഒരു തലമുറയെ ആ സാംസ്കാരിക പൈതൃകം ഓർമ്മിപ്പിക്കലാണ് എന്റെ ജൻമോദ്ദേശ്യമെന്ന് ഉള്ളിലിരുന്നാരോ മന്ത്രിക്കുന്നു.അത് ഞാൻ പൂർത്തിയാക്കുക തന്നെ ചെയ്യും'
നടന്നകലുന്ന അവന്റെ കാലടികളിലേക്കു കണ്ണു നട്ട് എന്തു ചെയ്യണമെന്നറിയാതെ തപ്തി നിന്നു.അവളുടെ വലംകണ്ണ് ഒരാപത്സൂചനയെന്ന പോലെ നിർത്താതെ തുടിച്ചുകൊണ്ടേയിരുന്നു.
...
ആ ശബ്ദങ്ങൾക്ക് രൂപമില്ലായിരുന്നു...അത് ഇരുട്ടിൽ മാത്രം കാതുകളിൽ നിന്നു കാതുകളിലേക്കു പകരുന്നൊരു പിറുപിറുക്കലായി കുഞ്ജ്ബിഹാരിക്കു ചുറ്റും ഊറിക്കൂടിക്കൊണ്ടിരുന്നു.അത് സംഹാരത്തിന്റെ ആഹ്വാനവുമായി അവനു ചുറ്റും വേലി തീർത്തുകൊണ്ടിരുന്നു.
ആ ശബ്ദത്തിന് ചോരയുടെ മണമുണ്ടായിരുന്നു...
തനിക്കു ചുറ്റും കനത്തുവരുന്ന കൂരിരുട്ടിലേക്കു മുഖമുയർത്താൻ പോലും മെനക്കെടാതെ ശില്പി തന്റെ ശില്പത്തിൽ മുഴുകി.അവസാനത്തെ മിനുക്കുപണികൾ കൂടി...അതു കൂടി പൂർണ്ണമായാൽ രാധാമാധവം ലോകത്തിനു മുന്നിൽ സമർപ്പിക്കാം.
കരിങ്കല്ലിൽ തീർത്ത കൃഷ്ണൻ വെണ്ണക്കല്ലിൽ കൊത്തിയ രാധയിൽ സ്വയം മറന്ന ആ മോഹചിത്രം...ചുറ്റും നിരന്ന ഗോപികമാർക്ക് ചെങ്കല്ലുകളാൽ മിഴിവു നൽകി.
മൂടിയിട്ട വസ്ത്രം പതിയെ മാറ്റി ആ മനോഹരശില്പത്തിന്റെ ഭംഗിയാസ്വദിച്ച് ഒരു നിമിഷം ശില്പി സ്വയം മറന്നു നിന്നു...ജൻമസാഫല്യത്തിന്റെ സന്തോഷം അവന്റെ കണ്ണുകളിൽ തെളിഞ്ഞു നിന്നു.
അതേ നിമിഷം തന്നെയാണ് ഇരുളിലെ ശബ്ദങ്ങൾക്കു കൈ മുളച്ചത്.
അതേ നിമിഷം തന്നെയാണ് അതിൽ നിന്നൊരു കല്ല് ചീറിപ്പാഞ്ഞത്.
അതേ നിമിഷം തന്നെയാണ് തലയ്ക്കു പിറകിൽ നിന്നു കുതിച്ചു ചാടിയ ചോരച്ചാലിലേക്കു കൈ ചേർത്ത് ശില്പി ഒരാർത്തനാദത്തോടെ നിലം പതിച്ചത്.
കല്ലുകൾ തുടരെത്തുടരെ പറന്നു വന്നുകൊണ്ടിരുന്നു...ശില്പത്തിന്റെ ഭാഗങ്ങളോരോന്നായി അടർന്നു വീണുകൊണ്ടേയിരുന്നു...ആ രാത്രി മുഴുവൻ അതങ്ങനെ തുടരുകയായിരുന്നു.
....
തപ്തിയുടെ കാലുകൾ മുന്നോട്ടു നീങ്ങാൻ ഭയന്നു...കറുപ്പും ചുവപ്പും വെള്ളയും നിറമുള്ള ചെറുചീളുകളായി ശില്പം അവിടെ ചിതറിക്കിടന്നിരുന്നു.അവയ്ക്കിടയിലെങ്ങോ പൂർത്തിയാകാതെ പോയ മറ്റൊരു ശില്പമായി അവളുടെ കണ്ണനും.
ഒരിക്കൽക്കൂടി നോക്കാൻ ഭയന്ന് അവൾ പതിയെ തിരിഞ്ഞുനടന്നു...കാലുകളുടെ വേഗം കൂടി...അവ അവൾക്കു സങ്കൽപ്പിക്കാവുന്നതിനേക്കാൾ വേഗത്തിൽ അവളെയും വഹിച്ചു മുന്നോട്ടു നീങ്ങി...ലക്ഷ്യമില്ലാതെ മാർഗമറിയാതെ അവൾ ഓടിക്കൊണ്ടേയിരുന്നു.പുറത്തുവരാൻ മറന്നു പോയൊരാർത്തനാദം അപ്പോഴും അവൾക്കുള്ളിൽ ചുഴറ്റിയടിച്ചുകൊണ്ടേയിരുന്നു.
...............
അവസാനിച്ചു.
🖋ദിവിജ.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot