നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ലൗവ് ഡേയിൽ ഇൻ - Part 5


- ഭാഗം 5
ബെഡ്ഡിൽ അല്പം മുന്നോട്ട് ചാഞ്ഞിരുന്ന മീര അരവിന്ദിനോട് ഷെൽഫിൽ നിന്നും അവരുടെ ഹാൻഡ് ബാഗ് എടുക്കാൻ ആവശ്യപ്പെട്ടു... വാതിലിനരികിൽ നിന്നും ഷെൽഫിന് നേർക്ക് നടന്ന അവൻ ഷെൽഫ് തുറന്ന്, ബാഗെടുത്ത് മീരക്ക് നൽകി...വേഗം തന്നെ ബാഗിന്റെ സിബ്ബ് തുറന്ന മീര അതിനുള്ളിൽള്ളിൽ സൂക്ഷിച്ചിരുന്ന ഒരു ഡയറി വെളിയിലേക്കെടുത്തു... എന്നിട്ട് അതിന്റെ താളുകൾ സൂക്ഷ്മതയോടെ മറിച്ച് അതിനിടയിൽ നിന്നും, ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ പുറത്തേക്കെടുത്തു ആ ഫോട്ടോയിലേക്ക് ഒരു വട്ടം കൂടി നോക്കിയിട്ട് മീര അത് അരവിന്ദിന് കൈമാറി... എന്നിട്ട് അവനെ നോക്കി പറഞ്ഞു:
“ ഇതിൽ ആദ്യം നിൽക്കുന്ന തൊപ്പി ധരിച്ച ആൾ എന്റെ ജ്യേഷ്ഠൻ രവിവർമ്മയാണ് അരവിന്ദ്... അതിനരികിൽ നിൽക്കുന്ന ആളെയാണ് നമുക്ക് കണ്ടെത്തേണ്ടത് .
കാലപ്പഴക്കം കൊണ്ട് നിറം മങ്ങിത്തുടങ്ങിയ ആ ഫോട്ടോയുമായി അരവിന്ദ് ജാലകത്തിനരികിലേക്ക് നടന്നു ... ജനാലയുടെ വിരിപ്പ് മാറ്റിയ അവൻ ആ വെളിച്ചത്തിൽ ഫോട്ടോയിലേക്ക് നോക്കി... രണ്ട് പേർ നിൽക്കുന്ന ചിത്രമായിരുന്നു ആ ഫോട്ടോയിൽ ഉണ്ടായിരുന്നത്... തൊപ്പി ധരിച്ച് കൈയ്യിൽ തോക്കും പിടിച്ച് നിൽക്കുന്ന ആളോടൊപ്പം, വേട്ടയാടിപ്പിടിച്ച മാനുമായി കൂടെ നിന്നിരുന്ന ആളുടെ ചിത്രം കണ്ട അരവിന്ദിന്റെ കൈകളിലിരുന്ന് ആ ഫോട്ടോ വല്ലാതെ വിറച്ചു... ഒരു പതർച്ചയോടെ അവന്റെ ചുണ്ടുകൾ "അപ്പാ..." എന്ന് ഉരുവിട്ടു... ഒരു നിമിഷം സ്തബ്ദനായിപ്പോയ അവന്റെ മനസ്സിലേക്കപ്പോൾ കുറെ ചോദ്യങ്ങൾ ഓടിയെത്തി
“ അപ്പായെ ആണ് മീരാമ്മ തിരക്കുന്നതെങ്കിൽ... ഇവർ വളർത്താൻ നല്കിയ ആ കുഞ്ഞ് ... അത് താനല്ലെ…? അപ്പോൾ ഇവർ ...ഇവരെന്റെ അമ്മയല്ലെ... ? വല്ലാത്തൊരു തളർച്ചയോടെ അവൻ പിന്നിലെ ചുവരിലേക്ക് ചാരി…
ഹാളിലുണ്ടായിരുന്ന പെൻഡുലം ക്ലോക്കിൽ അപ്പോൾ മണി പത്തടിച്ചു... ഒരു നിമിഷം മുകളിലേക്ക് നോക്കി ആ ശബ്ദം ശ്രദ്ധിച്ചിരുന്ന മീരയെ… തനിക്കുണ്ടായ ഭാവമാറ്റം അറിയിക്കാതെ ഒളിപ്പിച്ച അരവിന്ദ്…. അവരുടെ കൈയ്യിൽ നിന്നും ആ ബാഗു വാങ്ങി തിരികെ ഷെൽഫിൽ കൊണ്ടുപോയ് വെച്ചു.
എന്നിട്ട് മീരക്ക് മുഖം കൊടുക്കാതെ ആ ഷെൽഫിന്റെ വാതിലിൽ പിടിച്ച് നിന്ന് പതറിയ ശബ്ദത്തിൽ പറഞ്ഞു :
" മീരാമ്മ ഒന്നുകൊണ്ടും വിഷമിക്കേണ്ട... ഞാൻ ആ മനുഷ്യനെ എങ്ങനെയെങ്കിലും കണ്ടെത്താം... ഇപ്പോൾ ഞാൻ വീടു വരെ ഒന്ന് പോകട്ടെ...മീരാമ്മക്ക് വയ്യാത്തതല്ലെ, ഒരു സഹായത്തിന് മണിയെ ഞാൻ ഇങ്ങോട്ട് അയക്കാം.... എന്നിട്ട് എത്രയും വേഗം മഞ്ഞയിലേക്ക് പോകാം... തിരിച്ച് വരുന്നത് അയാളേക്കുറിച്ചുള്ള
എന്തെങ്കിലും ഒരു വിവരവുമായിട്ടായിരിക്കും... "
ഒരു വിധത്തിൽ ഇത്രയും പറഞ്ഞൊപ്പിച്ച അവൻ ആ ഫോട്ടോയും കൈയ്യിൽ പിടിച്ച് റൂമിൽ നിന്നും തിടുക്കത്തിൽ വെളിയിലേക്ക് കടന്നു...റൂമിന്റെ വാതിൽ ചാരാൻ നേരം മീര അറിയാതെ ഒരു വട്ടം കൂടി അവരെ നോക്കിയിട്ട്, അരവിന്ദ് വേഗത്തിൽ കോട്ടേജിന്റെ പുറത്തേക്ക് നടന്നു.
ഹാളിന്റെ വാതിലും ചാരി വരാന്തയിലേക്കിറങ്ങിയ അരവിന്ദിന്, തന്റെ കാലുകൾ തളരുന്നതു പോലെ തോന്നി... ഉടലാകെ വല്ലാത്തൊരു വിറയൽ അവന് അനുഭവപ്പെട്ടു.
"ഈ സ്ത്രീ ഇവരാണ് തന്റെ അമ്മയെന്നോ....? അവനത് വിശ്വസിക്കാനെ സാധിച്ചില്ല... അപ്പോൾ "അപ്പാ...! അദ്ദേഹം എന്റെ വളർത്തച്ഛൻ മാത്രമായിരുന്നോ...? എങ്കിൽ എന്റെ യഥാർത്ഥ അച്ഛനാരാണ് ....? അയാളും ജീവിച്ചിരിപ്പുണ്ടോ...?
അവനൊകെ ചിന്താക്കുഴപ്പത്തിലായി!. “
“ഒരു പക്ഷെ അങ്ങനെ ആണെങ്കിൽ തന്നെ.... ഇവർ ഒരു ദുഷ്ടയായ സ്ത്രീയല്ലെ...?,ഒരിക്കൽ ഉപേക്ഷിച്ച് പോയിട്ട്... ആവശ്യം വന്നപ്പോൾ തേടി ഇറങ്ങിയിരിക്കുന്നു … അതും മകനായി അംഗീകരിച്ച് കൂടെക്കൊണ്ടു പോകാനല്ല.... അവരുടെ നിധിയായ പ്രിയ പുത്രന്റെ ജീവൻ രക്ഷിക്കാനാൻ ... അതിന് തന്നെ വിലക്ക് എടുക്കാൻ ...അവന് മീരയോട് വല്ലാത്ത വെറുപ്പ് തോന്നി. “
അടുത്ത ക്ഷണം അവന്റെ ചിന്തയിലേക്ക് മറ്റൊരു സംശയം തെളിഞ്ഞ് വന്നു:
ഒരു പക്ഷെ ഇവർ വളർത്താൻ ഏൽപ്പിച്ച ആ കുഞ്ഞ് ഞാനല്ലെങ്കിലോ…? അങ്ങനെയും ആവാമല്ലോ...? വല്ലാത്ത മാനസ്സിക വ്യഥയും പേറി ഇടറിയ കാൽവെപ്പുകളോടെ അവൻ വരാന്തയിൽ നിന്നും മുറ്റത്തേക്കിറങ്ങി ജീപ്പിന്റെ അരികിലേക്ക് ചെന്നു ...
"അരവിന്ദ് സാർ ഇന്ത മരുന്തെല്ലാ നല്ലാ കുളമ്പ് മാതിരി അരച്ച് മുടിഞ്ചാച്ച്... അമ്മാ കാലിലെ പോടട്ടുമാ...?"
അരികിലേക്ക് വന്ന മുനിച്ചാമിയുടെ ശബ്ദം അവനെ ആ ചിന്തകളിൽ നിന്നും ഉണർത്തി...
തിടുക്കത്തിൽ ജീപ്പിലേക്ക് കയറിക്കൊണ്ട് അവൻ ചാമിയോട് പറഞ്ഞു: "ചാമി എനിക്ക് അർജൻറാ ഒരിടം വരേക്ക് പോണം... അമ്മാവുക്ക് തുണയായ് മണിയേയും, കുഞ്ഞിനെയും ഞാൻ ഇവിടെ എത്തിക്കാം ... അപ്പുറം മരുന്ത് പോടലാം. അവർ വന്ന് കഴിഞ്ഞാൽ വേറെ ഏതെങ്കിലും ഒരു കുക്കിനെ കെടക്കുമോ എന്ന് ചാമി പോയി തിരക്കണം."
ഇതും പറഞ്ഞ് അവൻ ജീപ്പ് സ്റ്റാർട്ട് ചെയ്ത് ചാമിയുടെ അരികിലൂടെ ഗേറ്റിന് വെളിയിലേക്ക് ഓടിച്ച് പോയി...
**********************
അരവിന്ദ് പുറത്തേക്കിറങ്ങിയപ്പോൾ കട്ടിലിലേക്ക് കിടന്ന മീരക്ക് ചെറു മയക്കം വരുന്നതായ് തോന്നി.. കാലിൽ അനുഭവപ്പെട്ടു കൊണ്ടിരുന്ന വേദനയെക്കാൾ...കടുത്ത ചിന്താഭാരവും, മാനസിക സമ്മർദ്ദവും മീരയെ വല്ലാതെ കുഴക്കിയിരുന്നു... എന്നാൽ അരവിന്ദിനോട് എല്ലാം തുറന്ന് പറഞ്ഞപ്പോൾ എന്തെന്നില്ലാത്ത ഒരു ആശ്വാസം അവർക്ക് അനുഭവപ്പെട്ടു …! മനസ്സിലെ ഭാരം കുറെ ഒഴിഞ്ഞത് പോലെ ...തന്റെ മകനെ രക്ഷിക്കാൻ അവൻ തുണയാകും എന്നൊരു വിശ്വാസം അവരുടെ ഉള്ളിന്റ ഉള്ളിൽ അലയടിച്ചു.
ആ ചിന്ത നല്കിയ ആശ്വാസത്തിൽ അവർ പതിയെ ഉറക്കത്തിലേക്ക് വഴുതി.
കുറെ സമയം കഴിഞ്ഞപ്പോൾ ...തന്റെ നെറ്റിയിൽ ഒരു നനുത്ത കര സ്പർശം അനുഭവപ്പെട്ട മീര ആ ഉറക്കത്തിൽ നിന്നും ഞെട്ടി കണ്ണ് തുറന്നു... അപ്പോൾ ഓമനത്വം തുളുമ്പുന്ന, മൂന്ന് വയസ്സോളം പ്രായം വരുന്ന ഒരു ആൺകുഞ്ഞ് തന്റെ അരികിലായ് കിടക്കയിൽ ഇരിക്കുന്ന കാഴ്ച അവർ കണ്ടു…!കണ്ണു തുറന്ന മീരയെ നോക്കി അവൻ പുഞ്ചിരിക്കുന്നത് കണ്ട് മീരയുടെ ചുണ്ടിലും ചെറു മന്ദഹാസം വിടർന്നു...
പെട്ടെന്ന് തന്നെ ആ മുറിയിലേക്ക് ഒരു യുവതി കടന്നു വന്നു... കട്ടിലിനരുകിലെത്തിയ അവൾ മീരക്കരികിൽനിന്നും കുഞ്ഞിനെ എടുത്തിട്ട് ക്ഷമാപണ സ്വരത്തിൽ മീരയോടായി പറഞ്ഞു :
" മന്നിക്കണം അമ്മ, ഏൻ പേർ മണിമേഖല... അരവിന്ദനുടെ മനൈവി...ഒങ്കിളുക്ക് തുണയാകെ അണ്ണൻ താൻ എങ്കെളെ ഇങ്കെ കൊണ്ടുവന്തത് .. അമ്മാ തൂങ്കതിനാലെ അണ്ണൻ ഉങ്കളെ പാക്കാമെ പോയാച്ച്... പാപ്പ ഇങ്കെവന്ത് ഉങ്കളെ കിണ്ടൽ പണ്ണിയാച്ചാ...?"
എന്നിട്ട് അല്പം ശബ്ദം ഉയർത്തി കുഞ്ഞിനെ ശാസിക്കും വണ്ണം പറഞ്ഞു:
" അങ്കിത് ... നാൻ ഒങ്കിട്ടെ സൊല്ലല്ലേ, അമ്മ തൂങ്കിയിട്ടിറുക്ക് കിണ്ടൽ പണ്ണാതെന്ന്."
കട്ടിലിൽ നിന്നും ആയാസപ്പെട്ട് എഴുന്നേറ്റ മീര അവളോട് പറഞ്ഞു:
"സാരമില്ല അവനെ വഴക്ക് പറയണ്ട... കൊച്ച് കുഞ്ഞല്ലെ ... മോൻ ഇങ്ങ് വന്നെ ഞാൻ ഒരു കാര്യം ചോദിക്കട്ടെ ... "
ഇതും പറഞ്ഞ് മീര വാത്സല്യത്തോടെ അവന്റെ നേർക്ക് കൈകൾ നീട്ടി...
കുഞ്ഞിനെ മീരയുടെ അരികിൽ ഇരുത്തിയിട്ട് മണി പറഞ്ഞു:
"അമ്മാ ഒങ്കിളുക്ക് ടിഫൻ കൊണ്ടു വന്തിറുക്ക്... ഇഢലിയും, ചട്നിയും ... കാലെയിലേ ഒന്നുമേ നീങ്കെ ശാപ്പിട്ടെ ഇല്ലയേ.... മണി പതിനൊന്ന് ആച്ച്... ഇങ്കേന്ന് എന്തിരിക്കവേണ്ട നാൻ എടുത്തിട്ട് വറേൻ...
ഇതും പറഞ്ഞ് അവൾ കിച്ചണിലേക്ക് പോയി.
അവൾ പോയതും മീര ആ കുഞ്ഞിനെ ഓമനിക്കാൻ തുടങ്ങി ... വിടർന്ന കണ്ണുകളും ചുരുൾമുടിയുമൊക്കെയുള്ള ഒരു അരുമക്കുഞ്ഞ്. അരവിന്ദിന്റെ തനിപ്പകർപ്പ് ...പെട്ടെന്ന് തന്നെ മീരയുമായി ഇണങ്ങിയ അവന്റെ, ചിരിയും, കൊഞ്ചലും, കുസൃതികളും കൊണ്ട് കുറച്ച് നേരത്തേക്കെങ്കിലും മീര മറ്റെല്ലാം മറന്നു... അവളുടെ മനസ്സിന്റെ അടിത്തട്ടിൽ സ്നേഹത്തിന്റെ തെളി നീരുറവ പൊട്ടി വിടർന്നു ... സ്ഥായീ ഭാവമായ് അവരിലുണ്ടായിരുന്ന ആഭിജാത്യത്തിന്റെ ഗർവ്വിനെ അലിയിച്ചു കൊണ്ട് എന്തോ ഒരു ആത്മബന്ധം മീരക്ക് ആ കുഞ്ഞിനോട് തോന്നാൻ തുടങ്ങി…!
കുറച്ച് കഴിഞ്ഞപ്പോൾ പാത്രത്തിൽ ചൂട് ഇഡ്ഢലിയും, ആവി പറക്കുന്ന ചട്ണിയും, സാമ്പാറുമൊക്കെയായി മണി അവിടേക്ക് വന്നു ... ഒരു പാത്രത്തിൽ ഇളം ചൂടുവെള്ളം കൊണ്ടുവന്ന് അവൾ മീരയുടെ കൈ അതിൽ കഴുകാൻ സഹായിച്ചു ... പിന്നെ അവരുടെ മടിയിൽ ഒരു തലയിണ വെച്ച് അതിന് മുകളിലായി ഒരു ന്യൂസ്പേപ്പർ അവൾ വിരിച്ചു. എന്നിട്ട് ഇഡ്ഡലിയുടെ പാത്രം ആ പേപ്പറിന് മുകളിൽ വെച്ച് അതിലേക്ക് സാമ്പാറും, ചട്ണിയും പകർന്നു നല്കി... ഇതിനകം തന്നെ മീരയുമായി സൗഹൃദത്തിലായ അങ്കിതിനും മീര ഭക്ഷണം പങ്കിട്ടു... വളരെക്കാലത്തിന് ശേഷം അവർ രുചിയോടെയും, സന്തോഷത്തോടെയും ഭക്ഷണം കഴിച്ചു.
***********************
മണിയേയും കുഞ്ഞിനേയും കോട്ടേജിൽ കൊണ്ട് പോയ് വിട്ടിട്ട് ...ജീപ്പുമായി അരവിന്ദ് നേരെ പോയത് സ്വാമി വൈദ്യരുടെ അടുത്തേക്കായിരുന്നു...
തന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ വൈദ്യർക്ക് കഴിയും എന്ന് അവന് ഉറച്ച വിശ്വാസമുണ്ടായിരുന്നു ... അപ്പാ മരണസമയത്ത് പറഞ്ഞതും, ഇവിടെ എത്തി വൈദ്യരെ കാണണമെന്നാണ്... വൈദ്യർക്ക് അറിയാത്തതായി അപ്പാക്ക് ഒരു രഹസ്യവും ഉണ്ടാവില്ല ... അത് അന്നത്തെ അപ്പായുടെ വാക്കുകളിൽ നിന്നും തനിക്ക് മനസ്സിലായതാണ്...അങ്ങനെയെങ്കിൽ മീരാമ്മ വളർത്താൻ ഏൽപ്പിച്ച ആ കുഞ്ഞ് താനാണോ എന്ന് അറിയണം... ആണെങ്കിൽ എന്റെ യഥാർത്ഥ അച്ഛനാരെന്നും, അയാൾക്ക് എന്ത് സംഭവിച്ചു എന്നും അറിയണം.
അവന്റെ പാദങ്ങൾ യാന്ത്രികമായി ആക്സിലേറ്ററിൽ അമർന്നു... അവനേയും കൊണ്ട് ആ ജീപ്പ് വൈദ്യമഠം ലക്ഷ്യമാക്കി കുതിച്ച് പാഞ്ഞു ... അതിന്റെ ചക്രങ്ങൾ ഉയർത്തിയ പൊടി പടലങ്ങൾക്ക് അവന്റെ മനസ്സിലെ ചിന്താ ഭാരത്തിന്റെ അത്ര ഇരുളിമ ഉണ്ടായിരുന്നു…
വൈദ്യ മഠത്തിന് മുന്നിലേക്കെത്തിയ അരവിന്ദിന്റെ ജീപ്പ് ഇരമ്പിക്കിതച്ച് ആ മുറ്റത്ത് നിന്നു... പൂമുഖത്തെ ചാരുകസേരയിലപ്പോൾ സ്വാമി വൈദ്യർ ഇരിപ്പുണ്ടായിരുന്നു... നീളൻ കസേരയുടെ മുന്നോട്ടുള്ള കൈവരിയിൽ കാലുകൾ ഉയർത്തി വെച്ച് വിശ്രമിച്ചിരുന്ന അയാളുടെ നെഞ്ചിൽ പാതി തുറന്ന് കമിഴ്ത്തി വെച്ച നിലയിൽ അഷ്ടാംഗ ഹൃദയത്തിന്റെ ഗ്രന്ഥവും കിടന്നിരുന്നു.
അരവിന്ദിനെ കണ്ടതും അയാൾ ഗ്രന്ഥം അരികിലെ പീഠത്തിൽ വെച്ച് കസേരയിൽ നിന്നും എഴുന്നേറ്റു... പിന്നെ തന്റെ ഉടുമുണ്ട് ഒന്ന് മുറുക്കി ഉടുത്ത് മുറ്റത്തേക്കിറങ്ങി അവന്റെ അരികിലേക്ക് നടന്നു... ജീപ്പിൽ നിന്നും ഇറങ്ങിയ അരവിന്ദ് തിടുക്കത്തിൽ അയാൾക്കരികിലെത്തി... എന്നിട്ട് വൈദ്യരുടെ കരം തന്റെ കൈക്കുള്ളിലാക്കിയിട്ട് വിറയാർന്ന ശബ്ദത്തിൽ ചോദിച്ചു:
" സ്വാമീ ... ആ സ്ത്രീ അവർ ...അവരാരാണ് ...? അവരാണോ എന്റെ അമ്മ...?"
അല്പനേരം അവന്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കിയ വൈദ്യർ അരവിന്ദിനോട് ചോദിച്ചു:
'' അവർ നിന്നോട് അങ്ങനെ പറഞ്ഞോ ...? "
ഇല്ല പക്ഷെ അവർ അപ്പായെ തിരക്കിയാണ് ഇവിടെ വന്നത് ...അവരുടെ കൈയ്യിൽ അപ്പായുടെ ഒരു ഫോട്ടോയും ഉണ്ടായിരുന്നു...
ഇവിടെ വെച്ച് അവർക്ക് വർഷങ്ങൾക്ക് മുൻപ് ഒരു ആൺ കുഞ്ഞ് ജനിച്ചിരുന്നുവെന്നും, ആ കുഞ്ഞിനെ മക്കളില്ലാതിരുന്ന അപ്പാക്ക് വളർത്താനായ് ഏൽപ്പിച്ചിരുന്നുവെന്നും അവർ പറഞ്ഞു ... അവനെ കണ്ടെത്താനായാണ് അവർ ഇപ്പോൾ ഇവിടെ എത്തിയിരിക്കുന്നത്. "
ഒന്ന് നിർത്തിയി അവൻ വൈദ്യരുടെ അടുത്തേക്ക് കുറച്ചു കൂടി ചേർന്ന് നിന്ന് അപേക്ഷാ ഭാവത്തിൽ ചോദിച്ചു :
"അങ്ങനെയെങ്കിൽ ആ കുഞ്ഞ് ഞാനല്ലെ സ്വാമി…? അവർ തിരക്കുന്നത് എന്നെ അല്ലെ ...? എനിക്കൊരു മറുപടി തരണം... സ്വാമിക്ക് അതറിയാം... എന്റെ ചോദ്യത്തിനുത്തരം ദയവായി സ്വാമി പറയണം.”
" ഉം... "
എന്ന് അമർത്തി മൂളിയ വൈദ്യർ മുറ്റത്ത് കൂടി അല്പദൂരം മുന്നോട്ട് നടന്നു... പിന്നെ
മുറ്റത്തിന്നരികിലായ് ഓല വിരിച്ചുണ്ടാക്കിയ പന്തലിനടിയിലെ തവാരണയിൽ... വെച്ചിരിക്കുന്ന ഏലത്തൈകളുടെ അരികിലേക്ക് ചെന്നെത്തി... അത് നനക്കാനായ് വെച്ചിരുന്ന സ്പ്രിംഗ്ളർ ഓൺ ചെയ്ത് ഒഴുകുന്ന വെള്ളത്തിന്റെ ശക്തി ക്രമപ്പെടുത്തിയ വൈദ്യർ ...ചിതറി വീഴുന്ന ആ വെള്ളത്തുള്ളികളിലേക്ക് നോക്കികൊണ്ട് അവനോട് പറഞ്ഞു:
"ചില സത്യങ്ങൾ അങ്ങനെയാണ് അരവി " വൈദ്യർ അവനെ അങ്ങനെയാണ് വിളിച്ചിരുന്നത്.
എത്ര നാൾ ചാരം മൂടിക്കിടന്നാലും അത് നീങ്ങുമ്പോൾ എരിയുന്ന കനൽ തെളിയുക തന്നെ ചെയ്യും... അവർ നിന്നെ തേടി വന്ന സ്ഥിതിക്ക് ഇനിയും, അത് മൂടി വെക്കേണ്ട കാര്യം എനിക്കില്ല ... നിന്റെ അപ്പായും അത് തന്നെയാണ് ആഗ്രഹിച്ചിരുന്നത് ...അതുകൊണ്ടാണ് പിള്ളയുടെ അവസാന നാളുകളിൽ അവിടം വിട്ട് ഈ നാട്ടിലേക്ക് പോരണം എന്ന് പറഞ്ഞ് നിന്നെ നിർബന്ധിച്ചിരുന്നത്... തന്റെ തെറ്റ് മനസ്സിലാക്കി, എന്നെങ്കിലും മീര നിന്നെ തേടി വന്നാൽ നീ അവരോടൊപ്പം പോകണമെന്ന് നിന്റെ അപ്പാ ആഗ്രഹിച്ചിട്ടുണ്ടാവും .... അന്ന് നിന്നോട് സത്യം പറയാൻ ധൈര്യം പിള്ളക്ക് ഉണ്ടായിക്കാണില്ല ... ഒരു പക്ഷെ അത് നിന്നോടുള്ള സ്നേഹക്കൂടുതൽ കൊണ്ടാവാം ...സത്യം തിരിച്ചറിഞ്ഞാൽ നീ ഉപേക്ഷിച്ച് പോയെങ്കിലോ എന്ന ഭയം കൊണ്ടുമാവാം...അതുമല്ലെങ്കിൽ നിന്റെ ജീവൻ തന്നെ അപകടത്തിലാവും എന്ന ഭീതി കൊണ്ടുമാവാം.... “
അവസാനം പറഞ്ഞ വാക്കുകളിൽ വൈദ്യരുടെ ശബ്ദത്തിൽ വല്ലാത്ത ഗൗരവം കലർന്നിരുന്നു.
തെല്ലിട നിർത്തിയ വൈദ്യരോട് ഇതിന് മറുപടിയെന്ന വണ്ണം അരവിന്ദ് പറഞ്ഞു:
"സ്വാമീ... ഓർമ്മ വെച്ച കാലം തൊട്ടേ എനിക്ക് എല്ലാം അപ്പായാണ് ... അമ്മയെ കുറിച്ചുള്ള അവൃക്തമായ ചില ഓർമ്മകളേ എന്നിക്കുള്ളൂ... ഞങ്ങൾ “ ഒസള്ളിയിൽ “ എത്തി അധിക കാലം കഴിയും മുൻപെ പനി വന്ന് വേണ്ട ചികിത്സ കിട്ടാതെ അമ്മാ മരണപ്പെട്ടു ... അന്ന് തൊട്ട് എനിക്ക് വേണ്ടിയാണ് അപ്പാ ജീവിച്ചത്... എന്നെ കരുതിയാണ് മറ്റൊരു വിവാഹം പോലും കഴിക്കാതിരുന്നത് ... സത്യം അറിഞ്ഞാൽ പോലും ഞാൻ അപ്പായെ പിരിഞ്ഞ് പോകില്ലായിരുന്നു... “
ഒരു വട്ടം ദീർഘ നിശ്വാസമെടുത്തിട്ട് അവൻ തുടർന്നു:
'’ഒരു കാര്യം ഇപ്പോൾ എനിക്ക് ഉറപ്പായി... ഞാൻ തന്നെയാണ് ആ സ്ത്രീ അന്വേഷിച്ചെത്തിയ ആൾ... ഇനി എനിക്ക് അറിയേണ്ടത് എന്റെ യഥാർത്ഥ അച്ഛനാരെന്നാണ്...? എന്തിനാണ് ആ സ്ത്രീ ഞങ്ങളെ ഉപേക്ഷിച്ച് വേറെ വിവാഹം കഴിച്ചതെന്നാണ് ...? “
കണ്ഠമിടറിക്കൊണ്ട് അവൻ പറഞ്ഞ് നിർത്തി.
ചിന്താഭാരത്താൽ വിവശനായ് നിന്ന അവന്റെ മുഖത്തേക്ക് അല്പസമയം നോക്കിയിരുന്ന ശേഷം... എന്തോ ആലോചിച്ച വൈദ്യർ, സ്വരം താഴ്ത്തി സാവധാനം അവനോട് പറഞ്ഞു:
" ആ കാര്യങ്ങൾ നിനക്കറിയണമെങ്കിൽ പത്ത് മുപ്പത് വർഷം മുൻപ് നടന്ന ഒരു ചതിയുടെ കഥ നീ അറിയണം കുഞ്ഞെ…!
ഇത് പറയുമ്പോൾ വൈദ്യരുടെ ശബ്ദം വല്ലാതെ ചിലമ്പിച്ചിരുന്നു .... അയാളുടെ കൺകോണുകളിൽ ചെറുതായ് നനവു പടരുകയും ചെയ്തു ."
അപ്പോഴേക്കും അവർക്കരികിലേക്ക് വൈദ്യരുടെ ചെറുമകൾ രണ്ട് ഗ്ലാസ്സിൽ സംഭാരവുമായി വന്നു ... അത് കൈയ്യിൽ വാങ്ങിയ വൈദ്യർ ഒരു ഗ്ലാസ്സ് അരവിന്ദിന് കൊടുത്തിട്ട് പറഞ്ഞു " ഇത് കുടിക്ക് ... ബാക്കി എന്നിട്ടാവാം."
(തുടരും)
അരുൺ -

To Be continued - 
Read all parts here : - https://goo.gl/4HGjHi

Written by:  Arun V Sajeev, Nallezhuth

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot