നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വീട്ടച്ഛൻ


ഇതൊരു ആത്മഹത്യാ മുനമ്പാണ് .ചെങ്കുത്തായ ഈ പാറയുടെ മുനമ്പിൽ നിന്നാൽ ഞങ്ങളുടെ ഗ്രാമം മുഴുവൻ കാണാം. കാലൊന്നിടറിയാൽ ഒരിക്കലും തിരിച്ചു വരാത്ത ഒരു ലോകത്തേക്ക് പോകുകയും ചെയ്യാം .ഞാനിതു രണ്ടാം തവണയാണ് ഇവിടെ വരുന്നത് . ആദ്യത്തെയും രണ്ടാമത്തെയും ഇടവേളയാണ് എന്റെ കഥ .ഞാൻ നിങ്ങളോടെന്റെ കഥ പറയുകയാണ് .അവർത്തനവിരസതയുണ്ടായാൽ എന്നോട് ക്ഷമിക്കണം കേട്ടോ .കാരണം തോറ്റുപോയ എല്ലാ ജീവിതങ്ങളുടെയും പൊതുവായ ഒന്ന് ചിലപ്പോൾ എനിക്കുമുണ്ടായിരിക്കും .
ഞാനെന്നും തോറ്റുപോയ ഒരാളായിരുന്നു.
എത്ര ശ്രമിച്ചിട്ടും എനിക്കൊരിക്കലും പോലും ജയിക്കാൻ കഴിഞ്ഞില്ല .പഠിക്കുന്ന കാലത്തു കഷ്ടിച്ച് പരീക്ഷകൾ കടന്നു കൂടുന്ന ഒരു വിദ്യാർത്ഥി, എത്ര ശ്രമിച്ചാലും കണക്കും സയൻസുമൊന്നും ഓർമകളിൽ നിൽക്കാറില്ല .സ്പോർട്സിലോ കലാമത്സരങ്ങളിലോ പങ്കെടുക്കാത്ത കഴിവുമില്ല .ആരാലും ശ്രദ്ധിക്കപ്പെടാതെ ഞാൻ ഒരു വഴിക്കങ്ങനെ പൊയ്ക്കൊണ്ടിരുന്നു .എന്റെ ചേട്ടൻ നന്നായി പഠിക്കും .അച്ഛനും അമ്മയും എന്നോട് ചേട്ടനെ കണ്ടു പഠിക്ക് എന്ന് പറയാത്ത ദിവസമില്ല.പുസ്തകത്തിലെ പഠിക്കാൻ ഉള്ളത് പോലും പഠിക്കാൻ പ്രയാസമുള്ള ഞാൻ എങ്ങനെ ഒരു വ്യക്തിയെ കണ്ടു പഠിക്കും?കഴിവില്ലായ്മയും ബുദ്ധിയില്ലായ്മയും എന്റെ തെറ്റാണോ ?ചേട്ടൻ പഠിച്ചു മിടുക്കനായി നല്ല ജോലി സമ്പാദിച്ചു വിവാഹമൊക്കെ കഴിഞ്ഞു സ്വസ്ഥമായി . ഞാനും ജോലിക്കായി ശ്രമിച്ചു നോക്കി പലയിടങ്ങളിലും പോയി .ഒരിടത്തും വിജയിച്ചില്ല . കല്യാണം കഴിച്ചാൽ ചിലപ്പോൾ നന്നായാലോ എന്ന് കരുതിയാവണം അച്ഛനും അമ്മയും എന്നെ കൊണ്ട് വിവാഹം കഴിപ്പിച്ചു .മായ ,എന്റെ ഭാര്യ എന്നെ പോലെയല്ല കേട്ടോ .പഠിച്ചിട്ടുണ്ട് .മിടുക്കിയാണ് .ജാതകത്തിൽ ഒരു ദോഷം ഉളളത് കൊണ്ടാണ് പാവത്തിന് എന്നെ വിവാഹം ചെയ്യേണ്ടി വന്നത് .അവളാണ് ഒരു ചെറിയ കച്ചവടം ചെയ്യാമെന്ന് പറഞ്ഞതും ഉള്ള സ്വര്ണമെല്ലാം വിറ്റുഒരു കച്ചവടം തുടങ്ങിയതും .
അവളുള്ളപ്പോൾ ഒരു വല്ലാത്ത ഊർജം എന്നിൽ നിറയും .എന്നിട്ടും കച്ചവടം അമ്പേ പരാജയമായി .അവളുട കൈയിൽ രണ്ടു വളകളും കഴുത്തിൽ ഒരു നേർത്ത താലിമാലയും ശേഷിച്ചു .എന്റെ ഒപ്പം ജീവിക്കാൻ തുടങ്ങിയതിനു ശേഷം അവളുട കഷ്ടകാലം ആരംഭിച്ചുവെന്നു വേണമെങ്കിൽ പറയാം. പക്ഷെ എനിക്കത്ഭുതം അതല്ല .അവളുട മുഖത്തു സങ്കടമോ പരിഭവമോ പരാതിയോ ഉണ്ടായിരുന്നില്ല .ഒരിക്കൽ പോലും അവളെന്നെ കുറ്റപ്പെടുത്തിയില്ല .അവളെന്നെ ഒന്ന് വഴക്കു പറഞ്ഞെങ്കിൽ എന്ന് ഞാൻ കൊതിച്ചിട്ടുണ്ട് .ഞാൻ ദയനീയമായി അവളെ നോക്കുമ്പോളൊക്കെ അവളെന്നോട് പറയും
"സാരോല്ല അപ്പുവേട്ടാ നമുക്കു വേറെ എന്തെങ്കിലും നോക്കാം .സത്യത്തിൽ അപ്പുവേട്ടന് എന്ത് ചെയ്യാനാണ് കൂടുതൽ ഇഷ്ടം ?അല്ലെങ്കിൽ എന്താണ് കൂടുതൽ ഇഷ്ടം ?"
ആദ്യമായിരുന്നു ഒരു വ്യക്തി എന്നോട് എന്റെ ഇഷ്ടങ്ങളെ കുറിച്ച് ചോദിക്കുന്നത് ..സത്യത്തിൽ എനിക്കെന്താണിഷ്ടം ഞാൻ ചിന്തിച്ചു തുടങ്ങി
എനിക്ക് ചെടിയും പൂക്കളുമൊക്കെ വലിയ ഇഷ്ടമാണ് .കൃഷി ചെയ്യാനും വലിയ ഇഷ്ടം തന്നെ .
"പറ അപ്പുവേട്ടാ ..അപ്പുവേട്ടനെന്താണോ ഇഷ്ടം അത് ചെയ്താലേ വിജയിക്കൂ..ഇനി അത് പരാജയപ്പെട്ടാലും കുഴപ്പമില്ല പി എസ് സി ലിസ്റ്റിൽ എന്റെ പേരുണ്ട് എനിക്ക് ജോലി കിട്ടും .നമുക്കൊരു കുഴപ്പോമില്ല "
ഞാൻ അവളെ എന്നോട് ചേർത്ത് പിടിച്ചു
"ഞാൻ ഒരു തോൽവിയാണു അല്ലെടി ?"
"എല്ലാവരും എല്ലായ്പ്പോളും വിജയിച്ചാൽ എന്താണ് രസം അപ്പുവേട്ടാ ?"അവൾ ചിരിച്ചു
അവളുട പേരിൽ കുറച്ചു സ്ഥലമുണ്ട് ഞങ്ങൾ ബാക്കിയുള്ള സ്വർണമൊക്കെ പണയം വെച്ചു..താലിമാല കഴുത്തിൽ നിന്നൂരി ഒരു കറുത്ത ചരടിൽ ഇടുമ്പോൾ പോലും ആ മുഖം പ്രസന്നമായി തന്നെ ഇരുന്നു അവളുട സ്ഥലത്തു കുറച്ചു ഭാഗത്തും ചെടികളും കുറച്ചു ഭാഗത്തു കൃഷിയുമായി തുടങ്ങി .പക്ഷെ കേരളം മുഴുവൻ മുങ്ങിപ്പോയ പ്രളയത്തിൽ ഞങ്ങളുടേതെല്ലാം ഒലിച്ചു പോയി.
എന്റെ അച്ഛൻ ആദ്യമായി എന്നെ തല്ലി.അതും മായയുടെ മുന്നിൽ വെച്ചു തന്നെ .ശപിച്ചു
"നീ നശിച്ചു പോകുമെന്ന് ഉറക്കെ പറഞ്ഞു
അന്നാണ് ഞാൻ ആദ്യമായി ഈ മുനമ്പിൽ വന്നത്
എന്റെ മനസ്സിൽ ഒന്നുമുണ്ടായിരുന്നില്ല .അവൾ പോലും .
മുന്നോട്ടാഞ്ഞ എന്റെ കൈയിൽ ഒരു പിടിത്തം വീണു
"ഒന്നിച്ചാകാം അപ്പുവേട്ടാ .."ആ കണ്ണുകളിൽ തീ
അവളെ കെട്ടിപ്പിടിച്ചു പൊട്ടിക്കരയവേ മരിക്കാന് എനിക്ക് മനസ്സില്ല എന്ന് ഞാൻ ലോകത്തോട് ഉറക്കെ പറഞ്ഞു.തോറ്റു തോറ്റു ഇനി തോൽക്കാനും എനിക്ക് വയ്യ .
എന്റെ പെണ്ണിന് വേണ്ടി എനിക്ക് ജീവിക്കണം .പക്ഷെ എങ്ങനെ ?
ബാക്കിയുള്ള സ്ഥലം ഈടു വെച്ചു ഗ്രാമീണബാങ്കിൽ നിന്ന് ലോൺ എടുത്തു.
"അവസാന പിടിവള്ളിയാണ് .ഇത് വേണോ ?" ഞാൻ അവളോട് ചോദിച്ചു .ഒരു പുഞ്ചിരി ആയിരുന്നു മറുപടി
തുടക്കം ക്ലേശം തന്നെയായിരുന്നു .പതിയെ കൃഷി ഞങ്ങൾക്ക് ലാഭം തന്നു തുടങ്ങി .ഇതിനിടയിൽ അവൾക്കു ജോലി കിട്ടി .ഞങ്ങൾ ചെറിയ ഒരു വീട് വെച്ചു .രണ്ടു മുറിയും അടുക്കളയും ചെറിയ ഒരു വരാന്തയുമുള്ള വീട് .
പകൽ കൃഷിയുടെ കാര്യമെല്ലാം നോക്കി കഴിഞ്ഞു എനിക്ക് ധാരാളം സമയം ഉണ്ട് .
ഞാൻ എന്റെ വീട് വൃത്തിയാക്കും വസ്ത്രങ്ങൾ അലക്കി ഉണക്കി തേച്ചു വെയ്ക്കും .വൈകുന്നേരത്തേക്കുള്ള ഭക്ഷണം തയ്യാറാക്കി അവളെ കൂട്ടാൻ ബസ്‌സ്റ്റോപ്പിലേക്കു പോകും .അവൾക്കു ഞാൻ ഇതൊന്നും ചെയ്യുന്നത് ഇഷ്ടമല്ല .പക്ഷെ ഞാൻ ആണ് ജോലിക്കു പോയിരുന്നെതെങ്കിൽ അവൾ ഇതൊക്കെ ചെയ്യുമായിരുന്നില്ല ?ഞാനും അവളും ഒന്നായിരിക്കെ ഇതിൽ വേർതിരിവ് എന്തിന് ?
ഇന്ന് ഈ മുനമ്പിൽ നിൽക്കുമ്പോൾ എനിക്കൊരു സ്ഥാനക്കയറ്റം കിട്ടിയ ദിവസം ആണ് ഞാൻ ഒരു പെൺകുഞ്ഞിന്റെ അച്ഛനായിരിക്കുന്നു.
ജീവിതം എനിക്കൊരു അത്ഭുതമാകുകയാണ്
പിന്നെ ഞാൻ എന്തിനു ഈ മുനമ്പിൽ വന്നതെന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടാകും .
ഒരു ഓർമപ്പെടുത്തലാണ് ഇത്. ജീവിതം അവസാനിപ്പിക്കാനും വീണ്ടും വാശിയോടെ തുടങ്ങാനും ഞാൻ തീരുമാനിച്ചത് ഇവിടെ വെച്ചാണ്. മറക്കാൻ കഴിയുമോ എനിക്ക് ഈ സ്ഥലം? ആ രാത്രി?
ഉത്തരവാദിത്തം കൂടി
ഞാൻ ഇപ്പോൾ ഒരു അച്ഛനായിരിക്കുന്നു
അതെ ഞാൻ ഒരു വീട്ടച്ഛനായിരിക്കുന്നു.
അഭിമാനത്തോടെ ഞാൻ എന്നെ വിളിക്കും
"വീട്ടച്ഛൻ "

By : Ammu Santhosh

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot