Slider

വൈദേഹി - Part 3

0

രാഹുലിന്റെ അച്ഛനും അമ്മയ്ക്കും സഹിക്കാവുന്നതിൽ അധികമായിരുന്നു അശ്വതിയുടെ ഫ്രണ്ട്‌സ് കാട്ടിക്കൂട്ടിയത്...
"കുട്ടികളുടെ ഓരോ കുസൃതികൾ...അല്ലാതെന്താ?'ദേവൻ മേനോനെ നോക്കി പറഞ്ഞു. എന്നാൽ മേനോൻ ഗൗരവത്തിൽ തന്നെ നിന്നതേയുള്ളൂ.
"ഏതായാലും പന്തലിൽ വെച്ച് മാതാപിതാക്കൾക്ക് ദക്ഷിണ കൊടുക്കുവാൻ അവർ സമ്മതിച്ചല്ലോ...അത് തന്നെ മഹാഭാഗ്യം"
രാഹുലിന്റെ അമ്മയുടെ അഭിപ്രായം അതായിരുന്നു.
ചിരിച്ചു സന്തോഷിച്ചു നിൽക്കുന്ന അശ്വതിയുടെ കൈകൾ രാഹുലിന്റെ കൈകളിൽ വെച്ചുകൊടുക്കുമ്പോൾ ദേവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
വിവാഹശേഷം അശ്വതിയുടെ സുഹൃത്തുക്കൾ വധൂവരൻമാരുടെ ചുറ്റിനും കൂടി.
"അച്ചൂ ഈ മരത്തലയനെയാണോ നിനക്ക് ഭർത്താവായി കിട്ടിയത്?" കൂട്ടത്തിൽ തടിച്ച ഒരു പെൺകുട്ടി അശ്വതിയോട് ചോദിച്ചു.
അതുകേട്ടപ്പോൾ അശ്വതിയടക്കം എല്ലാവരും പൊട്ടിച്ചിരിച്ചു. രാഹുൽ ദേഷ്യം കടിച്ചുപിടിച്ചുകൊണ്ടാണ് അവിടെ നിന്നത്.തന്റെ നിയന്ത്രണം നഷ്ടമാകാതിരിക്കുവാൻ അയാൾ എല്ലാ ദൈവങ്ങളെയും മുറുകെപ്പിടിച്ചു.
"രാഹുൽ ഇതൊക്ക ഒരു സ്‌പോർട്മാൻ സ്പിരിറ്റിൽ എടുത്താൽ മതി" അശ്വതി രാഹുലിനോട് പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
രാഹുൽ അസ്വസ്ഥതയോടെ അശ്വതിയെ നോക്കി. ഫ്രണ്ട്സിന്റെ ചേഷ്ടകൾ അശ്വതി ആസ്വദിക്കുന്നത് അയാളുടെ മനോവിഷമത്തെ ഇരട്ടിയാക്കി.
ആൺകുട്ടികൾ അശ്വതിയെ ആലിംഗനം ചെയ്തപ്പോൾ വിവാഹമേ വേണ്ടായിരുന്നു എന്നാണ് രാഹുലിന് തോന്നി.
എന്നാൽ പെൺകുട്ടികൾ രാഹുലിനെ ആലിംഗനം ചെയ്യുവാൻ വന്നപ്പോൾ രാഹുൽ അറപ്പോടു കൂടി പിറകോട്ടു മാറി.
ചില പെൺകുട്ടികൾ അയാളുടെ എതിർപ്പ് കാര്യമാക്കാതെ തന്നെ അയാളെ ആലിംഗനം ചെയ്യുന്നത് കണ്ട അശ്വതിക്ക് ചിരിയടക്കുവാൻ സാധിച്ചില്ല.
പിന്നീട് ഫോട്ടോഗ്രാഫർമാരുടെ ഭരണമായിരുന്നു അവിടെ അരങ്ങേറിയത്. ചാഞ്ഞും ചെരിഞ്ഞും മരക്കൊമ്പിൽ കയറിയിരുന്നുമുള്ള ഫോട്ടോകൾ!!!
രാഹുലിന് നന്നായി വിശന്നു തുടങ്ങിയിരുന്നു.
അയാൾ രാജേഷിന്റെ ചെവിയിൽ പറഞ്ഞു.
"എനിക്ക് നന്നായി വിശക്കുണ്ട്...കുറച്ചു വെള്ളമെങ്കിലും കിട്ടിയിരുന്നെങ്കിൽ നന്നായിരുന്നു."
"ഇനി ബാക്കി കാര്യങ്ങൾ ഭക്ഷണത്തിനു ശേഷം"
രാജേഷ് എല്ലാവരോടുമായി പറഞ്ഞു.
"ചേട്ടന് വേണമെങ്കിൽ കഴിക്കുവാൻ പോയിക്കൂടെ?"കൂട്ടത്തിലൊരുത്തൻ രാജേഷിനോട് ചോദിച്ചു.
അതുകേട്ട് എല്ലാവരും ചിരിച്ചു.
"അതല്ല....രാഹുലിന് നന്നായി വിശക്കുന്നുണ്ട്' രാജേഷ് പറഞ്ഞു.
"അച്ചൂന് വിശക്കുന്നുണ്ടോ?" അപ്പു ചോദിച്ചു.
"ഇല്ല..."അശ്വതി ചിരിച്ചുകൊണ്ട് പറഞ്ഞു.
"അപ്പോൾ പിന്നെ രക്ഷയില്ല ബ്രോ...ഒരു കലാപരുപാടികൂടി കഴിഞ്ഞാൽ ഇവരെ ഞങ്ങൾ വിട്ടേക്കാം" അപ്പു പറഞ്ഞു.
രാജേഷിനു കലിയിളക്കിയെങ്കിലും അയാൾ ഒന്നും മിണ്ടിയില്ല.
"ചേട്ടൻ സർവയെർ ആണെന്നല്ലേ പറഞ്ഞത്. ചെറിയ ഒരു സ്ഥലം അളക്കാനുണ്ട്"
അപ്പു രാഹുലിനെ നോക്കി പറഞ്ഞു.
"ഇപ്പോഴോ?" രാഹുലും രാജേഷും ഒരുമിച്ചു ചോദിച്ചു.
"ഇപ്പോൾ തന്നെ...ഇതുകഴിഞ്ഞാൽ നമുക്ക് വിഭവ സമൃദ്ധമായ സദ്യ കഴിക്കാം" പ്രാഞ്ചി പറഞ്ഞു
കൂട്ടത്തിലൊരാൾ ഒരു തീപ്പട്ടിക്കമ്പ് രാഹുലിന്റെ കൈയ്യിൽ കൊടുത്തുകൊണ്ട് അളക്കുന്നതായി ആംഗ്യം കാണിച്ചു.
"ഈ തീപ്പട്ടിക്കമ്പു കൊണ്ട് ഈ ഓഡിറ്റോറിയത്തിന്റ ചുറ്റും ഒരു പ്രാവശ്യം അളക്കണം"
"എനിക്ക് പറ്റില്ല .."രാഹുൽ ദേഷ്യത്തോടെ പറഞ്ഞു.
"പറ്റില്ലെന്ന് പറഞ്ഞാൽ എങ്ങിനെയാ..കല്യാണം കഴിക്കുവാൻ ചേട്ടൻ ഫിറ്റാണോ എന്ന് അറിയേണ്ടേ?" കീരു ചോദിച്ചു.
"ഞാൻ അളക്കാം..."അശ്വതി ചിരിച്ചുകൊണ്ട് പറഞ്ഞു.
"വേണ്ട....ഈ ചേട്ടൻ തന്നെ അളന്നാൽ മതി" പ്രാഞ്ചി തീർത്തു പറഞ്ഞു.
"ഇത് തെമ്മാടിത്തരമാണ്..."രാജേഷ് ദേഷ്യത്തോടെ പറഞ്ഞു .
ആ സമയം മേനോനും ദേവനും അവിടേക്ക് തിടുക്കത്തിൽ എത്തി.
"ചെറുക്കനും പെണ്ണിനും ഇറങ്ങാനുള്ള സമയം ആയിരിക്കുന്നു ." ദേവൻ അക്ഷമയോടെ പറഞ്ഞു.
"നിങ്ങൾ ഭക്ഷണം കഴിച്ചിട്ട് ഡ്രസ്സ് മാറുവാൻ നോക്കിക്കോളൂ..."മേനോൻ കുട്ടികളെ നോക്കി പറഞ്ഞു.
"ഒരു ജോലികൂടി ബാക്കിയുണ്ട്...."കീരു ദേവനെ നോക്കി.
"എന്താണത്?" ദേവൻ ചോദിച്ചു.
"ഒരു തീപ്പട്ടിക്കമ്പുകൊണ്ട് ഈ ചേട്ടൻ ഈ ഓഡിറ്റോറിയം ചുറ്റിനും അളക്കണം..,ചെറിയ ഒരു ജോലി മാത്രം" പ്രാഞ്ചി പറഞ്ഞു.
"ദേവൻ ഇറ്റ് ഈസ്‌ ട്ടൂ മച്ച്" മേനോൻ ദേവനെ നോക്കി.
""മതി ആഘോഷിച്ചത്....എല്ലാവരും ഭക്ഷണം കഴിക്കുവാൻ അകത്തേക്ക് കയറ്' അത് പറഞ്ഞുകൊണ്ട് ദേവൻ അശ്വതിയുടെ കൈകളിൽപ്പിടിച്ചു വലിച്ചു.
രാഹുൽ നടക്കുവാൻ തുടങ്ങിയപ്പോൾ അപ്പു അയാളെ തടഞ്ഞു കൊണ്ട് പറഞ്ഞു.
"അളക്കാതെ ചേട്ടനെ ഞങ്ങൾ എവിടെനിന്നും അനങ്ങുവാൻ സമ്മതിക്കുകയില്ല"
'എങ്കിൽ ഞാൻ പോലീസിനെ വിളിക്കുവാൻ പോകുകയാണ്"മേനോൻ തന്റെ മൊബൈൽ കൈയ്യിലെടുത്തു.
പോലീസ് എന്നുകേട്ടപ്പോൾ എല്ലാവരും ഒന്നയഞ്ഞു.
രാഹുലും രാജേഷും മുന്നിൽ നിന്ന അപ്പുവുനേയും പ്രാഞ്ചിയേയും തള്ളിമാറ്റിയിട്ട് ഓഡിറ്റോറിയത്തിനകത്തേക്ക് ഓടികയറി.
എങ്ങിനെയെങ്കിലും വീട്ടിലൊന്നു ചെന്നുകിട്ടിയാൽ മതി....രാഹുൽ ആലോചിച്ചു.
ചെറുക്കനും പെണ്ണിനും യാത്രയാകുവാൻ സമയം ആയി.
അലങ്കരിച്ച കാറിലേക്ക് കയറുവാൻ തുടങ്ങിയ രാഹുലിനെ അശ്വതി തടഞ്ഞു.
"നമ്മൾ ബൈക്കിനാണ് പോകുന്നത്..,"അശ്വതി പറഞ്ഞപ്പോൾ രാഹുൽ ഞെട്ടിപ്പോയി
"ബൈക്കിനോ...പറ്റില്ല....നമുക്ക്‌ കാറിൽ പോയാൽ മതി" രാഹുൽ പറഞ്ഞു.
"രാഹുൽ...ഇന്നുമുതൽ രണ്ടുപേരുടെയും ഇഷ്ടങ്ങൾ നോക്കി വേണം നമുക്ക് ജീവിക്കുവാൻ"
"അതാണ് ഞാൻ പറഞ്ഞത് കാറിൽ കയറുവാൻ" രാഹുലിന് ദേഷ്യം വന്നു തുടങ്ങിയിരുന്നു.
"ഇറങ്ങുവാൻ സമയമായി...കുട്ടികളെ വേഗം കാറിൽ കയറൂ"
മേനോൻ തിടുക്കം കാട്ടി..
"അങ്കിൾ എന്റെ ഒരാഗ്രഹമാണ് ഇപ്പോൾ രാഹുലിനോടൊപ്പം ബൈക്കിൽ വീട്ടിലേക്ക്‌ പോകണമെന്നത് "അശ്വതി മേനോനെ നോക്കി പറഞ്ഞു.
"കുട്ടികളുടെ ഓരോ വികൃതികൾ...അല്ലാതെന്താ പറയുന്നത്?" ചമ്മിയ ചിരിയോടെ ദേവൻ പറഞ്ഞു.
"ഇത് വികൃതി അല്ല..വളർത്തുദോഷമാണ്" മിസ്സിസ് മേനോൻ ശാലിനിയെ നോക്കികൊണ്ടാണ് അങ്ങിനെ പറഞ്ഞത് . തന്റെ വിളറി വെളുത്ത മുഖം ശാലിനി കൈയിലിരുന്ന ടവൽ കൊണ്ട് മറച്ചുപിടിക്കുവാൻ ശ്രമിക്കുന്നത് കാണാമായിരുന്നു.
മേനോൻ ഒന്നും പറഞ്ഞില്ല....
"നീ ബൈക്കിൽ കയറിക്കോ..
അവൾക്കുള്ള വേല ഞാൻ വീട്ടിൽ ഒരുക്കി വെച്ചിട്ടുണ്ട്"
രാജേഷ് രാഹുലിന്റെ ചെവിയിൽ പറഞ്ഞു.
"എനിക്ക് ബൈക്ക് ഓടിക്കുവാൻ അറിയില്ല എന്ന് നിനക്ക് അറിഞ്ഞുകൂടേ?" രാഹുൽ ചോദിച്ചു.
"അത് സാരമില്ല...അവൾ ബൈക്ക് ഓടിച്ചുകൊള്ളും...നീ പുറകിൽ ഇരുന്നാൽ മതി" രാജേഷ് രാഹുലിനെ ആശ്വസിപ്പിച്ചു.
"എനിക്ക് പറ്റില്ല...."രാഹുൽ പറഞ്ഞു.
"നിങ്ങൾ ബൈക്കിലോ കാറിലോ എങ്ങിനെയെങ്കിലും വന്നാൽ മതി...പക്ഷെ മുഹൂർത്തത്തിന് മുൻപ് വീട്ടിൽ എത്തണം"
അതും പറഞ്ഞിട്ട് മേനോൻ തിടുക്കത്തിൽ തന്റെ കാറിനടുത്തേക്ക് നടന്നു.
"സാധാരണ ചെറുക്കനെ ഞങ്ങൾ ശവപ്പെട്ടിയിലാണ് കൊണ്ടുപോകുന്നത്" അശ്വതിയുടെ ബൈക്കുമായി അവരുടെ മുന്നിലെത്തിയ പ്രാഞ്ചി പറഞ്ഞു.
"പെട്ടിയൊരണ്ണം എടുക്കട്ടെ" ദൂരെ മാറി നിന്നിരുന്ന അപ്പു ചോദിച്ചു.
ഈ സമയം ബൈക്കിൽ കയറിയ അശ്വതി ബൈക്ക് സ്റ്റാർട്ട് ചെയ്തു നിർത്തിയിരുന്നു. രാഹുൽ ദയനീയമായി എല്ലാവരെയും നോക്കി. ഭക്ഷണം കഴിഞ്ഞ് കുറെ സമയം കഴിഞ്ഞിരുന്നത് ഭാഗ്യം!!!
അടുത്ത ബന്ധുക്കൾ മാത്രമായിരുന്നു അവർക്കുചുറ്റും കൂടിനിന്നിരുന്നത്.
"സാരമില്ല...എല്ലാം നല്ലതിനാണെന്ന് കരുതുക"
രാജേഷ് രാഹുലിനെ ആശ്വസിപ്പിച്ചു.
രാഹുൽ മനസ്സില്ലാമനസ്സോടെ ബൈക്കിനുപുറകിൽ കയറിയിരുന്നു.
ഈ സമയം കീരു രണ്ടു പേരെയും കൂളിംഗ് ഗ്ലാസ്സ് ധരിപ്പിച്ചിരുന്നു.
രാജേഷ് എന്തു വേലയാണ് വീട്ടിൽ തയാറാക്കി വെച്ചിരിക്കുന്നത് എന്നറിയുവാൻ രാഹുലിന് വല്ലാത്ത ആകാംഷയാണ് തോന്നിയത്.
രാഹുലിന്റെ വീട്ടിൽ എല്ലാം പഴയ ആചാരങ്ങൾ തന്നെയായിരുന്നു. നിലവിളക്കു കൊളുത്തി മംഗല്യസിന്ദൂരം അണിയിച്ചു അശ്വതി അവിടെ സ്വീകരിക്കപ്പെട്ടു.
"ഇനി ഒരു ചെറിയ ജോലികൂടി ഉണ്ട്..
അത് കഴിഞ്ഞാൽ നിങ്ങളായി നിങ്ങളുടെ പാടായി" രാജേഷ് അശ്വതിയോട് പറഞ്ഞു.
"എന്തു ജോലി?"അശ്വതി ചോദിച്ചു.
"പുതുപ്പെണ്ണിന് പണികളൊക്കെ അറിയാമോ എന്ന് നോക്കേണ്ടേ?'രാജേഷ് എല്ലാവരോടുമായിട്ട് ചോദിച്ചു.
"എനിക്ക് ജോലി ചെയ്യുവാൻ അറിയാം..
ഞാൻ ഒരു മെഡിക്കൽ റെപ്രെസെന്റേറ്റീവ് ആണ്"അശ്വതി പറഞ്ഞു.
"അതല്ല വീട്ടിലെ ജോലികൾ "രാജേഷ് പറഞ്ഞു.
"ശരി നിങ്ങൾക്ക് എന്താണ് അറിയേണ്ടത്?"അശ്വതി ചോദിച്ചു.
"അശ്വതിക്ക് വേണ്ടി രാഹുൽ ഇന്ന് ധാരാളം ചലഞ്ചുകൾ ഏറ്റെടുത്തു നടത്തി. അതിനാൽ അശ്വതിയും ഒരു ചലഞ്ച് ഏറ്റെടുത്തേ മതിയാകൂ"
'എന്താണത്?" ചുണ്ടിലെ ചിരി മായാതെ തന്നെ അശ്വതി ചോദിച്ചു.
രാജേഷ് അവരെ വീട്ടിലെ അരകല്ലിന്റെയടുത്തേക്കു കൊണ്ടുപോയി...വർഷങ്ങളായിട്ട് ആ കല്ല് ഉപയോഗിച്ചതിന്റെ അടയാളങ്ങളൊന്നും ആ കല്ലിൽ ഉണ്ടായിരുന്നില്ല.
മുളക്...പച്ച മാങ്ങ....ഉള്ളി...ഉപ്പ് എല്ലാം അവിടെ റെഡ്ഢി ആയിരുന്നു.
"ഒരു ചമ്മന്തി അരച്ച് എല്ലാവരെയും അശ്വതി ഞെട്ടിക്കണം"രാജേഷ് പറഞ്ഞു.
"അതൊന്നും വേണ്ട....ഇവിടെയിപ്പോൾ ആരും ചമ്മന്തി അരക്കാറില്ല" മിസ്സിസ് മേനോൻ പറഞ്ഞു.
"എനിക്ക് ചമ്മന്തി വലിയ ഇഷ്ടമാണ്...."രാഹുൽ ആവേശത്തോടെയാണ് അത് പറഞ്ഞത്.
അശ്വതി രാഹുലിനെ നോക്കി....അവളുടെ ചുണ്ടിലെ ചിരി മാഞ്ഞുപോയിരുന്നു.
'അറിയില്ലെങ്കിൽ വേണ്ട...അശ്വതി എല്ലാം ഒരു സ്പിരിറ്റിൽ എടുക്കുന്ന ആളാണ് എന്നുകരുതി ഞാൻ പറഞ്ഞതാണ്" രാജേഷ് പറഞ്ഞു.
അശ്വതി ചുറ്റും കൂടിനിന്നവരെ നോക്കി.
"ഞാൻ...ഞാൻ ചെയ്യാം..."അവൾ അമ്മിക്കല്ല് പൊക്കിയെടുത്തു.
അരകല്ലിൽ അമ്മിക്കല്ലു വെച്ചപ്പോൾതന്നെ അമ്മിക്കല്ല് അവളുടെ കൈയ്യിൽ നിന്നും തെന്നി താഴെ വീണു.
രാഹുൽ അടക്കം എല്ലാവരും അതുകണ്ട് പൊട്ടിച്ചിരിച്ചു.
വാശിയേറിയ അശ്വതി ചമ്മന്തി അരക്കുവാൻ തുടങ്ങി....ചതക്കുവാനല്ലാതെ അരയ്ക്കുവാൻ അവൾക്ക് സാധിച്ചില്ല...ഉള്ളി ചതഞ്ഞപ്പോൾ അവളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ പുറത്തേക്ക് വന്നു.
"മതിയോ?" വിയർത്തുകുളിച്ച അശ്വതി എല്ലാവരോടുമായി ചോദിച്ചു.
"പോരാ...പോരാ. നന്നായിട്ട് അരയണം"രാഹുൽ ആവേശത്തിൽ തന്നെയാണ്.
പണ്ടെന്നോ അവളുടെ അമ്മ ചെയ്യുന്നതിന്റെ നേരിയ ഓർമ്മകൾ മനസ്സിനുള്ളിൽ നിന്നും അടർത്തിയെടുത്ത് അവൾ എന്തെല്ലാമോ ചെയ്തു.
രാജേഷും കൂട്ടുകാരും ആരവങ്ങൾ ഇടുവാൻ മറന്നില്ല.
നെറ്റിയിലെ വിയർപ്പുകണങ്ങൾ തുടക്കുവാനായി അശ്വതി തന്റെ വലതുകൈ ഉയർത്തി. കയ്യിൽ മുളകു പറ്റിയിരിക്കുന്നത് അവൾ മറന്നുപോയിരുന്നു.
"അയ്യോ എന്റെ കണ്ണിൽ മുളകുപോയി.." കണ്ണുകൾ അടച്ചു മുഖം ഇരുവശത്തേക്കും കുടഞ്ഞുകൊണ്ട് അശ്വതി ഉറക്കെപറഞ്ഞു. ഇതിനകം ഇടതു കൈയ്യിൽ മുറുകെ പിടിച്ചിരുന്ന പിള്ളകല്ല് അവളുടെ പിടി വിട്ട് ഭൂമിയിൽ പതിച്ചു കഴിഞ്ഞിരുന്നു.
രാഹുൽ ഉറക്കെച്ചിരിച്ചുകൊണ്ട് പ്രിയ സുഹൃത്ത് രാജേഷിനെ നോക്കി. രാജേഷിനുള്ള അഭിന്ദനം ആ നോട്ടത്തിലുണ്ടായിരുന്നു.
"എന്തു പറ്റി മോളെ?
കരച്ചിൽ കേട്ട് അടുക്കളയിൽ നിന്നും പുറത്തേക്ക് വന്ന മിസ്സിസ് മേനോൻ ചോദിച്ചു.
(തുടരും)
---അനിൽ കോനാട്ട് 
അടുത്ത ഭാഗം - നാളെ ഇന്ത്യൻ സമയം 7.30 pm
എല്ലാ ഭാഗങ്ങളും  ഒരുമിച്ചുവായിക്കാൻ - : - https://goo.gl/wqBx8m
Read published parts here ( daily updated) : - https://goo.gl/wqBx8m
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo