നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഹെയർക്ലിപ്പ് (കഥ)


"ഇതല്ല. വളരെ നേരീയകമ്പി കൊണ്ടുണ്ടാക്കിയതാ. മുത്തൊക്കെയുള്ളത്. അതിലെ ബട്ടർഫ്ളൈസിന്റെ ചിറകുകൾ കാറ്റത്തിളകും. നല്ല ഭംഗിയാണ്. തലമുടിയിൽ ഇങ്ങനെ അള്ളിപ്പിടിച്ചിരിക്കുന്നതുപോലെയാ. നടക്കുമ്പോ അതിലെ ചിറകുകൾ ഇങ്ങനെ പറക്കുന്നതുപോലെ തോന്നും. ആ ടൈപ്പ് ഹെയർക്ലിപ്പാണ് ചോദിച്ചത്".
പൂമ്പാറ്റച്ചിറകുകൾപോലെ ഉയർന്നുവന്ന ബഷീർക്കയുടെ പുരികങ്ങൾ, എന്റെ വിശദമായ വിവരണത്തെ സാധൂകരിക്കുന്നതായിരുന്നു.
"ഓഹ് അതോ; അതൊക്കെ പഴയ ഫാഷനല്ലേ മോളേ. ഇപ്പോ അതൊക്കെ ഉണ്ടോ ആവോ. കണ്ടുപിടിക്കാൻ പ്രയാസാ. ന്നാലും പഴയസ്റ്റോക്കിൽ കാണുമോന്ന് നോക്കട്ടെ . നിക്ക്. "
അദ്ദേഹത്തിന്റെ മറുപടിയിൽ, പൂമ്പാറ്റയെ 'പിടികിട്ടിയ' എന്റെ സംതൃപ്തി കൂടി നിറഞ്ഞിരുന്നു. അറിയാവുന്ന ഇംഗ്ളീഷും, ഹിന്ദിയും, അറബിയും ചേർത്തുള്ള എന്റെ ആദ്യ വിശദീകരണത്തിൽ പരാജയപ്പെട്ട, ഫിലിപ്പിനി പയ്യനോട്, ബഷീർക്ക അറബിയിൽ 'പൂമ്പാറ്റക്ലിപ്പിനെ' വർണ്ണിച്ചുകൊടുക്കുമ്പോൾ അവന് ഞാനെന്റെ വിജയസ്മിതം കൈമാറാനും മറന്നില്ല. തിരികെ അവനെനിക്കൊരു പുഞ്ചിരി എറിഞ്ഞുതന്നതിൽ ചെറിയൊരു പുച്ഛം തുളുമ്പി നിന്നിരുന്നു. എങ്ങനെ പുച്ഛം നിറയാതിരിക്കും. ഉരുണ്ട ചോക്ളേറ്റ്, നീളൻ ചോക്ലേറ്റ്, സ്വർണ്ണക്കവറിൽ പൊതിഞ്ഞ ചോക്ലേറ്റ്, ക്രിസ്പി ചോക്ലേറ്റ് അങ്ങനെഓരോന്നും എവിടെ എന്ന് ചോദിച്ചുചോദിച്ച് അവന്റെ ക്ഷമ നശിച്ചുകാണും.
'അവൻ അത് തപ്പിനോക്കിയിട്ട് വരട്ടെ അപ്പോളേക്കും വേറെ എന്തെങ്കിലും വാങ്ങാനുണ്ടെങ്കിൽ മോള് വാങ്ങിക്കോ' എന്നുള്ള നിർദ്ദേശം നൽകി ബഷീർക്ക നടന്നകലുമ്പോൾ ആ വലിയ സൂപ്പർമാർക്കറ്റിന്റെ ഏത് കോണിലേക്ക് നീങ്ങണം എന്ന് നിശ്ചയമില്ലാത്ത മനസ്സുംഞാനും അവിടെതന്നെ നിന്നു.
ഏഴു വർഷത്തെ പ്രവാസത്തിനുശേഷം അറബിനാടിനോട് വിട പറയുമ്പോൾ കൂടെ കൂട്ടാൻ അത്തർ മണങ്ങൾക്കും, ചോക്ലേറ്റ്ബോക്സുകൾക്കുമൊപ്പം കുട്ടിക്കാലത്തെ ചില പിടിവാശികളും മോഹങ്ങളും കൂടി ലിസ്റ്റിട്ടിരുന്നു.
നീണ്ട ലിസ്റ്റ് കണ്ടപ്പോൾതന്നെ ആഷിക്ക കലിതുള്ളി
" ന്റെ ജൂമീ എന്തിത്? ഇതൊക്കെ ഇപ്പോ നാട്ടിലും കിട്ടും."
"ന്നാലും ഗൾഫിൽത്തെ സാധനങ്ങൾക്കൊക്കെ ഇച്ചിരി പവർ ണ്ടാവും ഇക്കാ അതല്ലേ. എനിക്കിതൊക്കെ വാങ്ങണം. പ്ലീസ് "
എന്റെ വാക്കുകളിൽ ഒളിപ്പിച്ചുവച്ച പ്രതികാരച്ചുവ, ഇക്കാക്ക് പിടികൊടുക്കാതെ വാക്യങ്ങളിൽ തന്നെ ഒളിച്ചിരുന്നു.
അവസാനത്തെ പ്ലീസിൽ ഇക്കായ്ക്ക് സുല്ലിടേണ്ടി വന്നു.
"ന്നാ ഒരു കാര്യംചെയ്യാം. നിന്നെ ഞാൻ ബഷീർക്കാടെ സൂപ്പർമാർക്കറ്റിൽ ഇറക്കിത്തരാം. എന്താ വേണ്ടേന്നുവച്ചാ വാങ്ങീട്ട് എന്നെ വിളിച്ചാമതി. അല്ലാതെ ഇതൊരു നടയ്ക്കുപോവില്ല. ഞാൻ ബഷീർക്കായെ വിളിച്ചുപറഞ്ഞോളാം "
ബഷീർക്കയുടെ സഹായത്താൽ ലിസ്റ്റിലെ സാധനങ്ങൾ ഒരുവിധം ബാസ്കറ്റിൽ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. ലിസ്റ്റിൽ എഴുതാത്തതും മനസ്സിൽ കുറിച്ചിട്ടതുമായ ആ പൂമ്പാറ്റകളും കൂടി കിട്ടിയാൽ മതി. അപ്പോളേക്കും സോയമോൾ അവളുടെ ടെഡി സെക്ഷൻ കയ്യേറിക്കഴിഞ്ഞിരുന്നു. മൂന്നു വയസ്സുകാരിയുടെ കൈയ്യിൽ കൊള്ളാവുന്നതിൽ അധികം ടോയ്സ്കൊണ്ട് അവൾ ബാസ്കറ്റ് നിറക്കുന്നത്കണ്ടപ്പോൾ, എഴുതിത്തേഞ്ഞ കുഞ്ഞുചോക്കു പെൻസിൽ ഭദ്രമായി കൈക്കുള്ളിൽ വച്ചുനടന്നിരുന്ന എന്നിലെ പഴയ അഞ്ചുവയസ്സുകാരിയെ ഓർമ്മ വന്നു.
അതേ. ബഷീർക്ക പറഞ്ഞതുപോലെ അതൊരു 'പഴയഫാഷൻ' തന്നെയാണ്. ഒരു ഇരുപത് വർഷം പഴയത്. ആ ഓർമ്മകൾക്കും നോവിനും അത്ര തന്നെ പുതുമയും ഉണ്ട്. ചെറീമ്മയുടെ രണ്ടു വയസ്സുകാരി മകളുടെ ചുരുൾമുടിയിലിരുന്ന് ആ പൂമ്പാറ്റക്ലിപ്പ് ഇപ്പോളും ചിറകുകൾ വിടർത്തി എന്നിലെ അതേ അഞ്ചുവയസ്സുകാരിയെ നോവിപ്പിക്കുന്നുണ്ട്.
ഗൾഫിൽ നിന്നെത്തിയ ഉപ്പാടെ അനിയനെ കാണാൻ കുഞ്ഞനിയന്റെ കൈയ്യും പിടിച്ച് ഒരഞ്ചുവയസ്സുകാരി. അന്ന് ചെറ്യുപ്പയുടെ വീട്ടിലേക്ക് കയറിച്ചെന്നത് വർണ്ണക്കടലാസിൽ പൊതിഞ്ഞ ചോക്ലേറ്റ്മധുരം ഉള്ളാലെ നുണഞ്ഞുകൊണ്ടാണ്. മുറിക്കകത്തെ കട്ടിലിൽ നിരത്തിയിട്ടിരുന്ന അനേകം 'ഗൾഫ് സാധനങ്ങൾ'. അവയിൽനിന്നും വരുന്ന ഗൾഫ്സുഗന്ധമാകട്ടെ ആ മുറിയാകെ പടർന്നിരുന്നു. ഇതുവരെ കണ്ടിട്ടില്ലാത്ത കളിപ്പാട്ടങ്ങൾക്കും, തുണിക്കെട്ടുകൾക്കും, ചോക്ലേറ്റ് ബോക്സുകൾക്കുമിടയിൽ അനുവാദമില്ലാതെ കണ്ണുകൾ പറന്നുനിന്നത്, നേർത്തസ്വർണ്ണക്കമ്പിയിൽ മുത്തുകൾകോർത്ത ചിറകുകളുള്ള ഒരു പിങ്ക്പൂമ്പാറ്റയിലാരുന്നു. ആ ചിറകുകൾ തൊടാനുയർന്ന എന്റെ കൈകളെ മനസ്സിലാക്കിയപ്പോളാവണം ചെറീമ്മയുടെ ശാസനസ്വരം ആ മുറിയാകെ മുഴങ്ങിയത്.
" ജൂമീ നീ അവനേയുംകൂട്ടി വരാന്തയിൽ പോയിരിക്ക്. ഞങ്ങൾ ഇതൊക്കെ ഒതുക്കിയിട്ടുവരാം ". കൈയ്യിലേക്ക് വച്ചുതന്ന രണ്ടു ചോക്ലേറ്റ് മിഠായികൾ അന്ന് ആ രണ്ടു കുരുന്നുകൾക്ക് ആത്മാഭിമാനമെന്തെന്ന് മനസ്സിലാക്കിത്തന്നു.
" രണ്ടിനും മര്യാദ എന്നതില്ല. എങ്ങനെ ഉണ്ടാവാനാ ചോത്തിയുടെ മക്കളല്ലേ " അടയുന്ന വാതിലിനപ്പുറം കേൾക്കുന്ന ചെറീമ്മയുടെ ശബ്ദത്തിലും, ചെറ്യുപ്പയുടെ ചിരിയിലും അടങ്ങിയ പരിഹാസം മനസ്സിലാകാതെപോയ 'ചോത്തിയുടെ മക്കൾ'. മതം മാറിക്കഴിഞ്ഞിട്ടും 'ചോത്തി' വിശേഷണപ്രിയയാകുന്നു. മതപരിവർത്തനം കൊണ്ടുപോലും പരിവർത്തനം ഏൽക്കാത്ത സമൂഹം.
ഒരുപക്ഷേ അന്നുമുതലാവാം അവഗണനയുടെ തീച്ചൂളകൾ ഹൃദയം പൊള്ളിക്കാൻ തുടങ്ങിയത്. കണ്മുന്നിൽ ചില വാതിലുകൾ അടയുന്നതിന്റെ പൊരുൾ തേടിപ്പോകാൻ തുടങ്ങിയത്. 'സങ്കരയിനങ്ങൾക്ക്' പരിഗണന കിട്ടാത്തതിന്റെ കാരണം മനസ്സിലായിത്തുടങ്ങിയത്.
'സങ്കരയിനങ്ങൾ'...മിശ്രവിവാഹത്തിലെ സന്തതികൾക്ക് ഇതിലും നല്ലൊരു വിശേഷണം ഉണ്ടോ?.
'ഉപ്പ മുസ്ലീമും ഉമ്മി ഹിന്ദുവും ആണല്ലേ.. അപ്പോ നീയൊരു നസ്രാണിയെ കെട്ടിക്കോ. അപ്പോ മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കാല്ലോ ' സൗഹൃദങ്ങൾക്കിടയിലെ പല പരിഹാസങ്ങളും ആസ്വദിക്കാൻ കഴിയാതെ പോയതും, ഉള്ളറകളിൽ ഉറങ്ങിക്കിടക്കുന്ന പക്വതയെത്താത്ത അതേ 'സങ്കരയിന'വിചാരം കൊണ്ടുതന്നെയല്ലേ.
മതസൗഹാർദ്ദത്തിന്റെ വീമ്പുപറഞ്ഞു പ്രകീർത്തിക്കുന്ന മിശ്രവിവാഹങ്ങളോട്, സർവ്വോപരി പ്രണയവിവാഹങ്ങളോട് പരമപുച്ഛമടക്കി ജീവിക്കാൻ പഠിപ്പിച്ച ജീവിതം. വർഗ്ഗീയതയെ ചോദ്യം ചെയ്യുന്ന വിപ്ലവാത്മകമായ മിശ്രവിവാഹങ്ങൾ, പക്ഷേ കുടുംബബന്ധങ്ങളിലേക്ക് പടരുമ്പോൾ മേൽപ്പറഞ്ഞ വിപ്ലവങ്ങൾ പ്രഹസനം മാത്രമാകുന്നു. കാലങ്ങൾക്കിപ്പുറവും കാര്യമായ മാറ്റങ്ങൾക്ക് വിധേയമാവാത്ത വിപ്ലവപ്രഹസനങ്ങൾ.
പൂമ്പാറ്റക്ലിപ്പിൽ നിന്ന് വിപ്ലവത്തിലേക്ക് കുടിയേറിയ എന്റെ ചിന്തകളെ കുടിയിറക്കിക്കൊണ്ടാണ് ആ ഫിലിപ്പിനി ഹെയർക്ലിപ്പും പൊക്കിപ്പിടിച്ചു കൊണ്ടുവന്നത്. പൊടിപിടിച്ച് നിറം മങ്ങിയവയെങ്കിലും എന്റെ കണ്ണുകളിൽ അവയ്ക്ക് തിളക്കമേറെയായിരുന്നു.
ഒരു സ്ട്രാപ്പിൽ പല വർണ്ണത്തിൽ അഞ്ചു ക്ലിപ്പുകൾ. ചിലതിന്റെ വർണ്ണക്കല്ലുകൾ ഇളകിപ്പോയിരുന്നു. ചിലതിന്റെ കമ്പികൾ അടർന്നും. എങ്കിലും ഉപോയോഗയോഗ്യമായ രണ്ടെണ്ണം ഞാൻ തെരഞ്ഞെടുത്തു.
ഒരെണ്ണം മഞ്ഞനിറത്തിലുള്ളതും മറ്റൊന്ന് വയലറ്റ് നിറത്തിലുള്ളതും.
വയലറ്റ് ക്ലിപ്പുമായി തിരക്കൊഴിഞ്ഞ മൂലയിലെ ചില്ലുകണ്ണാടിയ്ക്ക് മുന്നിൽനിന്ന് തലയിലെ സ്കാഫിനു മുകളിലൂടെ ക്ലിപ്പ് മുടിയിൽ തിരുകി ഞാൻ ഭംഗി നോക്കുമ്പോൾ ആശ്ചര്യചകിതരായ നാലു കണ്ണുകൾ എന്നെത്തന്നെ മിഴിച്ചുനോക്കുകയായിരുന്നു. എന്റെ രൂക്ഷനോട്ടത്തിൽ പകച്ചുപോയ ഫിലിപ്പിനി പയ്യൻ അവിടെ നിന്നു തടിതപ്പിയപ്പോളും സോയക്കുട്ടി കൗതുകം വിട്ടൊഴിയാതെ കയ്യടിച്ചു ചിരിച്ചുകൊണ്ടിരുന്നു. അന്നേരം ചില്ലു കണ്ണാടിയിലെ വയലറ്റ് പൂമ്പാറ്റ എന്റെ തലയിൽ നിന്നും പറന്നുപറന്ന് സോയമോളുടെ ചുരുണ്ടമുടിയിൽ സ്ഥാനംപിടിച്ചിരുന്നു. സ്വപ്നങ്ങളുടെയും, ആഗ്രഹങ്ങളുടെയും ചിറകുകൾ കൈമാറ്റം ചെയ്യപ്പെടുന്ന രസതന്ത്രം.
എന്നോ മോഹമായി മനസ്സിൽകയറിപ്പറ്റിയ പൂമ്പാറ്റകളാണ് ഉള്ളംകൈയ്യിൽ. കൈപ്പിടിയിൽ ഒതുങ്ങുന്നതുവരെയേ മോഹങ്ങളിൽ കൗതുകമുണ്ടാവൂ എന്ന് ദ്യോതിപ്പിച്ചുകൊണ്ട് അവയുടെ നിറം മങ്ങിനിൽക്കുന്നു. വെറും ഒരു ഹെയർക്ലിപ്പിനോടുള്ള കൗതുകം മാത്രമാണോ അതോ അപ്രാപ്യമായ മറ്റെന്തോ നേടിയെടുക്കാനുള്ള വാശിയോ എന്ന ആശയക്കുഴപ്പവുമായി മനസ്സും.
ഒടുവിലൊരുത്തരമെന്നോണം ചെറിയൊരു മധുരപ്രതികാരചിന്ത എന്റെ പുഞ്ചിരിയിൽ കയറിപ്പറ്റിയത് ഞാൻ പോലുമറിയാതെയായിരുന്നു. ആ പ്രതികാരചിന്തയിൽ ഒരു വർണച്ചിത്രം തെളിഞ്ഞുവരുന്നു. ദിവാസ്വപ്നങ്ങളുടെ ക്യാൻവാസിൽ ചലിക്കുന്ന ചില ചിത്രങ്ങൾ.
എനിക്കുവേണ്ടി തുറന്നുപിടിച്ച വാതിലിനുമുൻപിൽ ക്ഷീണിച്ച ചിരിയോടെ ചെറീമ്മ. അവർക്കു പുറകിലായി അവരുടെ മകൾ നീസയും. ആ പഴയ രണ്ടുവയസ്സുകാരി ഇന്ന് മറ്റൊരു രണ്ടുവയസ്സുകാരിയുടെ അമ്മയായിരിക്കുന്നു. മതപരിവർത്തനത്തിന്റെ കുങ്കുമച്ചോപ്പ് അവളുടെ തിരുനെറ്റിയിൽ സ്ഥാനമേറ്റിരുന്നു. മിശ്രവിവാഹത്തിന്റെ വേരുകൾ പടരുന്ന വഴികൾ നിശ്ചയിക്കാൻ മനുഷ്യർക്കാവില്ലല്ലോ. അവളുടെ കുഞ്ഞുപെണ്ണിന്റെ കൈയ്യിലേക്ക് മഞ്ഞ പൂമ്പാറ്റക്ലിപ്പ് വച്ചുകൊടുത്തു. ഞാൻ ചുമന്നതുപോലെ 'സങ്കരയിന ചിന്തകളുടെ ' ഭാണ്ഡം നിന്നെ വിഴുങ്ങാതിരിക്കട്ടെ എന്ന് അവളുടെ കുഞ്ഞുകാതിൽ മന്ത്രിക്കുമ്പോൾ ആ ക്യാൻവാസിൽ നിന്നും അനേകായിരം 'സങ്കരയിനപ്പൂമ്പാറ്റകൾ' ദൂരേക്ക് പറന്നകലുന്നു.
അവസാനിച്ചു
ബിനിത
1/9/20

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot