Slider

രഥോത്സവം

0

ഒറീസയിലെ പ്രശസ്തമായ ജഗന്നാഥ ക്ഷേത്രത്തിലെ ആഷാഢ മാസ രഥോത്സവത്തിന്റെ മുന്നൊരുക്കത്തിലാണ് പുരി നഗരം...!!
ഗോകുലത്തിൽ നിന്ന് മഥുരയിലേക്കുള്ള കൃഷ്ണന്റെ യാത്രയെ ഓർമ്മിക്കുന്ന ഈ ചടങ്ങിൽ,ക്ഷേത്രത്തിലെ വിഗ്രഹങ്ങളെ വലിയ രഥങ്ങളിലേറ്റി ഏതാണ് രണ്ടൂ മൈൽ ദൂരെയുള്ള ഗുണ്ടിച്ച ബാരി എന്ന സ്ഥലത്തേക്ക് കൊണ്ടു പോകുന്നു. ഒരാഴ്ച്ചക്ക് ശേഷം ഈ വിഗ്രഹങ്ങൾ തിരിച്ച് ക്ഷേത്രത്തിലേക്ക് കൊണ്ടൂ വരുന്നു.ആയിരക്കണക്കിന് പേർ ഈ വൻരഥങ്ങളെ തള്ളുകയും ഇതിനു മുമ്പിൽ ബന്ധിച്ചിരിക്കുന്ന കയറുകൾ വലിക്കുന്നതിനായി മൽസരിക്കുകയും ചെയ്യുന്നു. ഈ രണ്ടു മൈൽ ദൂരം യാത്രക്ക് രണ്ടു ദിവസം വരെ നീണ്ടു നിൽക്കാറുണ്ട്. മഴയുള്ള സമയത്ത് രഥചക്രം മണലിൽ താഴ്ന്നു പോകുന്നതിനാൽ യാത്ര കൂടുതൽ ദുഷ്കരമാകുന്നു.
ഭക്തിയുടെ പേരിലുള്ള ആത്മഹത്യകളും സ്വശരീരപീഠങ്ങളും..രഥചക്രത്തിനിടയിൽ പെട്ട് മരിക്കുന്നതിൽ പരം പുണ്യമില്ലത്രേ..തിക്കിലും തിരക്കിലും പെട്ട് അബദ്ധത്തിൽ ചക്രത്തിനടിയിൽ പെടുന്നവരും നിരവധി....!!
സന്ധ്യയോടടുക്കുന്ന പകൽ..
നഗരം തീർഥാടകരും നഗരവാസികളും മറ്റു വഴിയോരക്കച്ചവടക്കാരുമൊക്കെയായി തിരക്കിലാണ്..
“നീയെന്താ ഒന്നും മിണ്ടാത്തത്.. അയാളെങ്ങനെ ഇപ്പൊ?മല്ലീശ്വർ ബാബു...??
അസ്തമയ സൂര്യന്റെ പൊൻവെളിച്ചത്തിൽ ബഹളമയമായ തെരുവോരം കടന്നു,ഇടയ്ക്കു ഞങ്ങൾ വന്നിരിക്കാറുള്ള ആല്മരത്തിനു കീഴെ,ദൂരെ ജഗന്നാഥ ക്ഷേത്ര ഗോപുര ചക്രത്തിന്മേലുറപ്പിച്ച കൊടി കാറ്റിൽ ശക്തിയായി ഇളകുന്നതും,തൊട്ടരികിലൂടെ അനേകം പക്ഷികൾ കൂട്ടമായി പറന്നുയരുന്നതും നോക്കിയിരിക്കെ ഞാൻ ലക്ഷയുടെ പഴകി പിഞ്ഞിയ നരച്ച സൽവാറിൽ തൊട്ടുകൊണ്ടു ചോദിച്ചു..
ചോദ്യം കേട്ട് മുഖമുയർത്തിയ അവളുടെ കണ്ണിൽ ദേഷ്യവും പകയും ഇരമ്പിയാർക്കുന്നുണ്ടായിരുന്നു..
"അയാളെ കൊല്ലും ഞാൻ..വൈകാതെ.. നീ നോക്കിക്കോ..!!!”
ഞെട്ടലോടെ എന്റെ വിരലുകൾ അവളുടെ മെലിഞ്ഞ കൈത്തണ്ടയിലമർന്നപ്പോൾ എനിക്ക് നേരെ മുഖം തിരിച്ച ആ കണ്ണുകളിൽതിളങ്ങിയ ധൈര്യം കണ്ടു ഞാൻ ഭയന്ന് പോയി..
എന്റെ കൺമുന്നിലപ്പോൾ കുഞ്ഞു സോനുവിന്റെ അഴുകി വികൃതമായ മുഖം തെളിഞ്ഞു. തൊട്ടരികിൽ മണ്ണിൽ വീണുരുണ്ട് ഭ്രാന്തിയെപ്പോലെ അലമുറയിട്ടു കരഞ്ഞു തളർന്ന ലക്ഷ.. അവളല്ല ഇത്..!!
ചെറുപ്പത്തിലേ 'അമ്മ നഷ്ടപ്പെട്ടു..നാലഞ്ചു വര്ഷം മുൻപുള്ളോരു രഥയാത്രയിലെ തിക്കിലും തിരക്കിലും പെട്ട് അച്ഛനും മരിച്ചപ്പോൾ ലക്ഷയും അനിയത്തി സോനുവും ഗത്യന്തരമില്ലാതെ അകന്ന ബന്ധുവായ മല്ലീശ്വർ ബാബുവിന്റെ കൂടെ വീട്ടുജോലികൾ ചെയ്തു അവിടെയായി താമസം..
അങ്ങനെയിരിക്കെയാണ് സോനുവിന്റെ ദുരൂഹ മരണം.. ലക്ഷ തീർത്തും തനിച്ചായി..
"രഥോത്സവം കഴിയട്ടെ ലാവണ്യാ നീ നോക്കിക്കോ....അയാളെന്റെ മുന്നിൽ കിടന്നു പിടയ്ക്കും..കൊല്ലും ഞാനയാളെ.. എന്റെ സോനുവിനെ...."
പൂർത്തിയാക്കയുന്നതിന് മുൻപ് അവളുടെ സ്വരം വിറച്ചു..
സോനുവിനെ കൊന്നത്അയാളാണെന്നു മിക്കവർക്കും അറിയാം....ആരോരുമില്ലാത്തവരായതിനാൽ ഒരു പട്ടിയോ,പൂച്ചയോ ചത്തുപോയോരു ലാഘവത്തോടെ അയാളത് കൈകാര്യം ചെയ്തു.അല്ലെങ്കിലും തെരുവിലെ ജീവിതങ്ങൾക്ക് എന്ത് വില..?
ഞങ്ങൾക്ക് മുൻപിൽ അപ്പോൾ അങ്ങ് ദൂരെ വളരെ ഉയരത്തിലായി ക്ഷേത്ര ഗോപുരത്തിന്റെ ഏറ്റവും മുകളിൽ,വിഷ്ണുവിന്റെ സുദർശന ചക്രമായി വിശ്വാസികൾ കരുതുന്ന ചക്രത്തിന്മേൽ ഉറപ്പിച്ച കൊടി മാറ്റുന്നതിനായി ഒരാൾ കാലിടറാതെ കയറി പോകുന്ന കാഴ്ചയായിരുന്നു.
സൂര്യൻ പാതിയുംഅസ്തമിച്ചു..
"പോകാം.."
തീർഥാടകരും വഴി വാണിഭക്കാരും നിറഞ്ഞ തെരുവിന്റെ ബഹളങ്ങളിലൂടെ നീങ്ങുമ്പോൾ ഞങ്ങൾ തീർത്തും നിശ്ശബ്ദരായിരുന്നെങ്കിലും എന്റെ കൈ അവളുടെ കൈകോർത്തു മുറുകെ പിടിച്ചിരുന്നു.. കുഞ്ഞുന്നാളിലേ മുറുകെപ്പിടിച്ച വിരലുകൾ.
നെഞ്ചിൽ എന്നെ വല്ലാതെ ഭയപ്പെടുത്തികൊണ്ട് ഒരു രഥഭേരി മുഴങ്ങുന്നു..
ലക്ഷ പറഞ്ഞത് ചെയ്യുന്നവളാണ്..
അങ്ങനെയെങ്കിൽ......?
രഥോത്സവത്തിനു ഇനി ദിവസങ്ങൾ മാത്രം..!!
ഞങ്ങൾ ചെല്ലുമ്പോൾ അമ്മ വീടിനോട് ചേർന്നുള്ള ചായക്കടയിലേക്കുള്ള "ഗുൽഗുല" വറുത്തുകോരുന്നു..
ഊർന്നു പോകുന്ന നരച്ചു മങ്ങിയ സാരിയുടെ അറ്റം വലിച്ചു തലയിലേക്ക് നേരെയിട്ടുകൊണ്ട് അമ്മ " കനപ്പിച്ചെന്നെ നോക്കി..
“സവാരി കുറച്ചു കൂടുന്നുണ്ട് രണ്ടിന്റെയും.... രഥയാത്ര ഉത്സവമടുത്തു തുടങ്ങി..പുറം നാട്ടുകാർ ഒരുപാടുണ്ടാകും..പ്രായമായ പിള്ളേർ ഇങ്ങനെ കറങ്ങി നടക്കുന്നത് ശരിയല്ല.. “
പാചകത്തിനിടയിൽ തനിക്കു നേരെ നീട്ടിയ ഗുൽഗുല ഒരു ചെറു ചിരിയോടെ വാങ്ങിച്ചു കൊണ്ട് അമ്മയ്ക്ക് നേരെ ഒന്ന് കണ്ണിറുക്കി കാട്ടി അവൾ എന്നോട് യാത്ര പറഞ്ഞു വീട്ടിലേക്കു പോയി..
ലക്ഷ നടന്നു മറയുന്നതും നോക്കി നിൽക്കെ എന്റെ നെഞ്ചിൽ അത്യുച്ചത്തിൽ വീണ്ടും ആ രഥഭേരി മുഴങ്ങിക്കൊണ്ടിരുന്നു..!!
******* ********* *********
“ലാവണ്യാ.......!!?”
ചായക്കടയിൽ അച്ഛനെ സഹായിച്ചുകൊണ്ടിരുന്ന 'അമ്മ വെപ്രാളത്തോടെ എന്റരികിലേക്കു കിതപ്പോടെഓടി വന്നു..!!
"നീയറിഞ്ഞോ..ആ ദുഷ്ടൻ മല്ലീശ്വറിനെ നിന്റെ കൂട്ടുകാരി ലക്ഷ തുണ്ടം തുണ്ടമാക്കി അരിഞ്ഞിട്ടത്രേ....പോലീസും ചാനലുമൊക്കെയായി അവിടാകെ ബഹളമാ..."
പിന്നൊന്നും കേട്ടില്ല ഞാൻ.. !!
"ജഗന്നാഥ ദേവാ..."!!!
നെഞ്ചിൽ അലറി വിളിച്ചെത്തിയ രഥഭേരിയുടെ അകമ്പടിയോടെ ഒരായിരം മിന്നൽ പിണരുകൾ ഒരുമിച്ചു ഹൃദയഭിത്തികളിൽ തീ വര തീർത്ത ആഘാതത്തിൽ ഒരു കുതിപ്പായിരുന്നു ഞാൻ അവൾക്കരികിലേക്ക്.....പിന്നിൽ നിന്ന് 'അമ്മ വിലക്കിയെങ്കിലും എന്റെ കാലുകൾക്കു വേഗത കൂടിയതെ ഉള്ളൂ.. അവിടത്തെ കാഴ്ച കണ്ടതും തരിച്ചു വിറങ്ങലിച്ചു നിന്ന് പോയി ഞാൻ..
മുറ്റത്തു രക്തത്തിൽ കുളിച്ച മല്ലീശ്വര ബാബു..കുറച്ചകലെയായി നിന്ന് അയാളുടെ ഭാര്യയുടെ അലമുറയിടലും ബഹളവും..നിറയെ ആളുകൾ തിങ്ങി നിറഞ്ഞിരിക്കുന്നു.. പോലീസ്... മാധ്യമങ്ങൾ...മിന്നിപ്പൊലിയുന്ന ഫ്ലാഷ് ലൈറ്റുകൾ..
ലക്ഷ എവിടെ..??നീ പറഞ്ഞതുപോലെ ചെയ്തു കളഞ്ഞല്ലോ..
പോലീസ് ജീപ്പിൽ യാതൊരു ഭാവഭേദവും കൂടാതെ എന്റെ ലക്ഷ . പോകാൻ തയാറായി നിൽക്കുന്നു...എന്നെ കണ്ടതും അവളൊന്നു ചിരിക്കാൻ ശ്രമിച്ചു... എന്റെ നെഞ്ചു വിങ്ങി കാഴ്ച മറഞ്ഞു..
ജീപ്പ് അകന്നു പോകുന്നു..എന്റെ ലക്ഷ...!!
"ഓ ജഗന്നാഥാ.. എന്റെ ലക്ഷയെ കൊണ്ടുപോകല്ലേ....”
കണ്ണിലിരുൾ നിറഞ്ഞു ഉറക്കെ കരഞ്ഞു ഞാൻ നിലത്തേക്ക് വീണു...!!!
................
ഒരു നിമിഷം...!!
"ലാവണ്യാ ലാവണ്യാ.."കണ്ണ് തുറക്ക്... "ആരാണെന്നെ വിളിക്കുന്നത്..അമ്മയാണല്ലോ..!!
“അമ്മാ ലക്ഷയെ കൊണ്ടുപോയി.."
“ലക്ഷയെ എവിടെ കൊണ്ട് പോയെന്നാ? “നീയെന്താ സ്വപ്നം കണ്ടോ..നേരം ഒരുപാടായി..എണീക്കു..ഇന്നലെ രഥോത്സവം കഴിഞ്ഞ ക്ഷീണത്തിൽ നല്ലപോലെ കിടന്നുറങ്ങി.. എത്ര പേരാ മരിച്ചതെന്നറിയോ.. മുമ്പത്തേതിനേക്കാൾ ഒത്തിരി കൂടുതലാത്രേ ഈ വര്ഷം മരണ സംഖ്യ.."
'അമ്മ പൂരിക്കുള്ള മാവ് കുഴയ്ക്കുന്നു.. അടുപ്പത്തു തിളയ്ക്കുന്ന വെജിറ്റബിൾ ദാൽമ.
 അപ്പോഴാണ് അതൊരു സ്വപ്നമായിരുന്നെന്ന യാഥാർഥ്യത്തിലേക്ക് എന്റെ മിഴികൾ തുറന്നത്..!!
ഞങ്ങളുടെ ജഗത് ടി ഷോപ്പിൽ അച്ഛൻ ഉച്ചത്തിൽ തുറന്നു വെച്ചിരിക്കുന്ന റേഡിയോയിൽ നിന്ന് റാവ്വേന്ദ്ര നായിക്ക് പ്രഭാത വാർത്തകൾ കേൾക്കുന്നു..!
രഥോത്സവത്തിൽ തിക്കിലും തിരക്കിലും പെട്ട് ജീവൻ പോയവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ അനുശോചനം രേഖപ്പെടുത്തലും മരിച്ചവരുടെ കുടുംബങ്ങൾക്ക്സഹായ സഹകരണ വാഗ്ദാനവും..
"പിന്നെ..നീയറിഞ്ഞോ..ആ മല്ലീശ്വറും ഉണ്ട്
മരിച്ചവരുടെ കൂട്ടത്തിൽ.ചക്രത്തിൽ പെട്ട് ചതഞ്ഞു തീർന്നെന്ന കേട്ടത്..ജഗന്നാഥൻ കൊടുത്ത ശിക്ഷയാ.. ആ സോനുവിനോടുള്ള ക്രൂരതയ്ക്ക് തക്ക ശിക്ഷ കിട്ടി.. ലക്ഷ ഇതറിഞ്ഞു സന്തോഷിക്കുന്നുണ്ടാകും..സന്തോഷിക്കട്ടെ..ഇനിയെങ്കിലും ആ കുട്ടിക്ക് ഇത്തിരി മനസമാധാനം കിട്ടട്ടെ..”
ഇത് സ്വപനമോ..സത്യമോ..?
അമ്മയുടെ അശരീരി പോലെ യുള്ള ആ വാക്കുകൾ കേട്ട് അമ്പരപ്പോടെ ഞാൻ ചാടിയെണീറ്റു..
നെഞ്ചിലൊരു ചാറ്റൽ മഴ പെയ്തിറങ്ങിയ പ്രതീതി..
ഈ ലോകം കേൾക്കെ ഒന്നുറക്കെ പൊട്ടിച്ചിരിക്കാൻ തോന്നിയെനിക്ക്..!!!
അപ്പൊ അയാൾ മരിച്ചു..ജഗന്നാഥാ..!!
വിശ്വാസികൾ കരുതുന്ന പോലെ, “രഥചക്രത്തിൽപ്പെട്ടുള്ള” മല്ലീശ്വറിന്റെ മരണം പുണ്യമരണമല്ല..അതയാൾക്കുള്ള ശിക്ഷയാണ്..ശ്രീ ജഗന്നാഥന്റെ കടുത്ത ശിക്ഷ..!!
“എനിക്കിപ്പോൾ ലക്ഷയെ കാണണം...!!
“അതും പറഞ്ഞു അമ്മയുടെ മറുപടിക്കു കാക്കാതെ
ചായക്കടയും കടന്നു ക്ഷേത്ര റോഡിലൂടെ അവളുടെ വീട്ടിലേക്കു കുതിക്കുമ്പോൾദൂരെ പൊട്ടു പോലെ ക്ഷേത്ര ഗോപുരത്തിലെ കൊടി ജഗന്നാഥന്റെ അനുഗ്രഹ വിശറി പോലെ കാറ്റിൽ ഇളകിയാടുന്നു..
കൈകൾ കൂപ്പി.. അറിയാതെ എന്റെ കണ്ണുകൾ ഈറനണിഞ്ഞു..
കാറ്റിലൂടെ കാതുകളിലേക്കു ഒഴുകിയെത്തുന്ന ജഗന്നാഥ സ്തുതി ഗീതത്തിന്റെ ഈണം..
" ഓം ജഗന്നാഥ നമോ നമ .
ശ്രീ ജഗന്നാഥ നമോ നമ ..
ജയ് ജഗന്നാഥ നമോ നമ
ജഗതര നാഥാ നമോ നമ.."

By: Shyna Vilakkode
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo