#ഓർമകളുടെ പ്രതിധ്വനികൾ..
"അമ്മയ്ക്ക് വേദനിക്കുന്നുണ്ടോ?"
കയ്യിലെ മുറിവിൽ മരുന്ന് വച്ച് കെട്ടുമ്പോൾ പാതി മയക്കത്തിൽ അസ്വസ്ഥത പ്രകടിപ്പിച്ച അവരോടായി"സ്നേഹ സദനത്തിലെ"പെൺകുട്ടിയുടെ ആർദ്രമായ ചോദ്യമാണ് അടുത്തിരുന്ന ജയദീപിനെ ചിന്തകളിൽ നിന്നുണർത്തിയത്..!!
അയാൾ പ്രതീക്ഷയോടെ വീണ്ടുംഅവരുടെ മെലിഞ്ഞ വിരലുകളിൽ മുറുകെ പിടിച്ചു പാതിയടഞ്ഞ മിഴികളിലേക്കു ഉറ്റുനോക്കി..
“"അമ്മെ.." അയാളുടെ ശബ്ദം ഈറനണിഞ്ഞു ...
ഇല്ല മയക്കം വിട്ടൊഴിഞ്ഞിട്ടില്ല..
ഉണർന്നിരുന്നെങ്കിൽ...!!തന്നെ തിരിച്ചറിയുന്ന ആ നിമിഷമോർത്തപ്പോൾ അത്യാഹ്ളാദം നിറഞ്ഞൊരു ഉൾക്കിടിലമുണ്ടായി..
"അമ്മയ്ക്ക് വേദനിക്കുന്നുണ്ടോ..?" ആ ചോദ്യം പിന്നെയും ഓർമകളുടെ അടിത്തട്ടിൽ നിന്ന് ഒരു ആറു വയസുകാരന്റെ നേർത്ത സ്വരത്തിലൂടെ മുഴങ്ങി, നിമിഷനേരം കൊണ്ട് ഹൃദയത്തിൽ അനേകം മടക്കുകളുള്ള പ്രതിധ്വനികൾ ഉണ്ടാക്കുന്നു.. ഓർമകളുടെ പ്രതിധ്വനികൾ..!!
അടുക്കളയിൽ രണ്ടു പച്ച വിറകുകൾക്കുമേൽ ഒരു നുള്ളു തീ ഊതിപ്പരത്താനുള്ള തത്രപ്പാടിൽ വാശിയോടെ പൊങ്ങി വന്ന പുക കണ്ണിലേക്കടിച്ചിട്ടും അതിനേക്കാൾ വാശിയോടെ ശ്വാസം ഏങ്ങി വലിച്ചു തീയുതുന്ന 'അമ്മ.. !!
ഒരു തീപ്പൊരി പിടഞ്ഞുയർന്നു കടുംപുകയിൽ നില തെറ്റി വീണമരവേ ചെറു തുണിയാൽ അറ്റം കെട്ടിയ മുറിഞ്ഞ ചൂണ്ടു വിരലിൽ തൊട്ടുകൊണ്ടു അവൻ ആർദ്രമായി ചോദിക്കുന്നു..!
"അമ്മയ്ക്ക് വേദനിക്കുന്നുണ്ടോ?"
മഴയ്ക്കൊപ്പം വീടും മത്സരിച്ചുപെയ്യുകയായിരുന്നു അപ്പോൾ.... അന്തിക്ക് കണ്ണും ചുവപ്പിച്ചു ഉച്ചത്തിൽ "ഗണേശ ശരണം" പാടി വരുന്ന അവന്റെ അച്ഛന് മഴയും മഞ്ഞും വെയിലും എല്ലാം ഒരുപോലെ.. വീണിടത്തു കിടന്നുറങ്ങുന്ന പതിവായതിനാൽ വല്ലപ്പോഴും കീശയിൽ അവനായി കരുതിയിരുന്ന പരിപ്പുവടയോ പാരീസ് മുട്ടായിയോ മഴയോടൊപ്പം നനഞ്ഞു കുതിർന്നിട്ടുണ്ടാകും..കൊതിയോടെ കാത്തിരുന്ന ദിവസങ്ങളിൽ ചിലപ്പോൾ അച്ഛൻ വീടെത്താറുമില്ല..
അവന്റെ ലോകം 'അമ്മ മാത്രമായിരുന്നു, അമ്മയ്ക്ക് അവനും..
അവന്റെ ലോകം 'അമ്മ മാത്രമായിരുന്നു, അമ്മയ്ക്ക് അവനും..
അതിനിടയിൽ....!!
"സർ , ഒന്ന് താഴേയ്ക്ക് വരാമോ..ജോസഫീന മദർ അന്വേഷിക്കുന്നു.."
പെൺകുട്ടി വിനയത്തോടെ അറിയിച്ചപ്പോൾഓർമ്മകളിൽ നിന്നുണർന്നു ജയ്ദീപ് പ്രതീക്ഷയോടെ ഒരിക്കൽ കൂടി ബെഡ്ഢിൽ ചെരിഞ്ഞു കിടക്കുന്ന ആ ദൈന്യ രൂപത്തിലേക്ക് മിഴികളോടിച്ചു കൊണ്ട് പുറത്തുകടന്നു..
"അവർ തന്നെയാണെന്ന് ഉറപ്പിച്ചോ?"
ആകാംക്ഷയോടെ മദർ അന്വേഷിച്ചപ്പോൾ ഉള്ളിലെവിടെയോ ഒരു മിന്നലേറ്റ പ്രതീതി..!!
"അതെ..അത് തന്നെയാണ് എന്റെ 'അമ്മ. ഉണർന്നാൽ തീർച്ചയായും എന്നെ തിരിച്ചറിയും .....എനിക്കെന്റെ അമ്മയെ കൊണ്ടുപോകണം മദർ ..ഇനിയുള്ള കാലമെങ്കിലും 'അമ്മ എന്നോടൊപ്പം ഉണ്ടാകണം.."
അയാൾ ഒരു നിമിഷത്തേക്ക്ആ പഴയ ആറു വയസുകാരനായി അവർക്കുമുന്പിലിരുന്നു വിങ്ങിപ്പൊട്ടി..
അയാൾ ഒരു നിമിഷത്തേക്ക്ആ പഴയ ആറു വയസുകാരനായി അവർക്കുമുന്പിലിരുന്നു വിങ്ങിപ്പൊട്ടി..
"ടൗണിലെ കടത്തിണ്ണയിൽ നിന്ന് വയ്യാതെ കിടന്നിരുന്ന ഇവരെ ഒരാഴ്ച മുൻപാണ് കുറച്ചുപേർ ഇവിടെത്തിച്ചത്..സ്വന്തം പേരോ നാടോ ഒന്നും ഓർമയില്ല..ഇടയ്ക്കു ഉണ്ണി എന്ന് മാത്രം ഉച്ചരിക്കുന്നത് കേൾക്കാം ..”
"ഉണ്ണി ..ഞാനാണ് മദർ..'അമ്മ അങ്ങനെയാണ് വിളിച്ചിരുന്നത്.." അയാൾ തികട്ടി വന്ന അത്യാഹ്ലാദത്തോടെ ചാടിയെഴുന്നേറ്റു കൊണ്ട് പറഞ്ഞു.!!
അമ്മയെ എത്രയും പെട്ടെന്ന് കൊണ്ടുപോകാനുള്ള ഏർപ്പാടുകൾ ചെയ്തശേഷം അയാൾ വീണ്ടും ധൃതിയിൽ അവർക്കരികിലേക്കു ചെന്നു.!!
മാനസിക നില തെറ്റി എങ്ങോ പുറപ്പെട്ടു പോയ അമ്മയെ നീണ്ട ഇരുപത്തി രണ്ടു വര്ഷങ്ങള്ക്കു ശേഷം കണ്ടെത്തിയ മകനിലേക്കു ഓര്മകളുടെ പെരുമഴ വീണ്ടും പെയ്തുകൊണ്ടിരുന്നു.. !!
ഒരിക്കൽ അവന്റെ നിർബന്ധത്തിനു വഴങ്ങി ഒരു നരച്ച സാരി ചുറ്റി അവന്റെ കയ്യും പിടിച്ചു രണ്ടുമൂന്നു ബസുകൾ മാറി മാറി കയറി ഉച്ചയോടെ പറശ്ശിനിക്കടവ് മുത്തപ്പ സന്നിധിയിലെത്തിയത്..കടവിൽ ചെന്നു കാൽ കഴുകി ശുദ്ധി വരുത്തി കൂട്ടം കൂടി നിന്നവർക്കിടയിലൂടെ അവന്റെ വിരലുകളിൽ മുറുകെ പിടിച്ചു മുന്നോട്ടു നീങ്ങി നീങ്ങി ഒടുവിൽ മുത്തപ്പന്റെ മുൻപിൽ എത്തിയപ്പോൾ വിതുമ്പി നിന്നത്..
ദൈവം അമ്മയുടെ നിറം കെട്ടസാരിയിലേക്കും എട്ടു വയസുകാരന്റെ കരുവാളിച്ച മുഖത്തേക്കും മാറി മാറി നോക്കിയിരുന്നില്ലേ..?
"ന്റെ പൈതങ്ങളുടെ നൊമ്പരം ഞാനറിയുന്നുണ്ട് ..ഒക്കെ മുത്തപ്പൻ മാറ്റി തരും കെട്ടോ.."
മുത്തപ്പന്റെ ചായമിട്ട വിരലുകളിൽ മുറുകെ പിടിച്ചു കൊച്ചുകുട്ടികളെ പോലെ അമ്മ കരഞ്ഞതെന്തിനായിരുന്നു? കണ്ണീർ തുള്ളികൾ മുത്തപ്പന്റെ കാൽച്ചിലങ്കയിൽ വീണുതിർന്നപ്പോൾ കാതുകൊട്ടിയടക്കും പോലെ ചെണ്ട നാദം മുഴങ്ങി..
"ഇരുളിനൊരു വെളിയുണ്ടറിയണം ട്ടോ..ഊണിലും ഉറക്കിലും ഞാൻ തുണയുണ്ടട്ടോ ....."!!
കണ്ണീരിനിടയിലൂടെചിരിച്ചുകൊണ്ട് 'അമ്മ തലയാട്ടി..
ശേഷം അപരിചിതരായ കുറെ പേർക്കിടയിലിരുന്നു പുഴുങ്ങിയ പയറും തേങ്ങാപ്പൂളും ആർത്തിയോടെ വാരി തിന്നു..!!'അമ്മ ഒരു കഷ്ണം തേങ്ങാപ്പൂള് മാത്രമെടുത്തു..ശേഷിച്ചത് ചുരുട്ടി കയ്യിലെടുത്തു,ആർത്തിയോടെ ഭക്ഷിക്കുന്ന അവനെ നോക്കി വീണ്ടും കണ്ണീർ തുടച്ചു..
"ഉണ്ണീ വേഗം വാ..വീടെത്താൻ വൈകും.."
ക്ഷേത്രത്തിനു പുറത്തെ കളിക്കോപ്പുകളും വിഗ്രഹങ്ങളുമടങ്ങിയ കടകളുടെ നീണ്ട നിരകളിൽ വിസ്മയത്തോടെ കണ്ണോടിച്ചപ്പോൾ 'അമ്മ കയ്യിൽ പിടിച്ചു വലിച്ചു.
പിന്നെ ഒന്ന് സംശയിച്ചു സാരിത്തുമ്പിലെ കുരുക്കഴിച്ചു ചില്ലറത്തുട്ടുകൾ പെറുക്കിയെടുത്തു മുത്തപ്പന്റെ ചിത്രം പതിച്ച ഒരു കറുത്ത ചരട് മാല വാങ്ങി അവന്റെ കഴുത്തിലണിയിച്ചു..!!
അമ്മയുടെ കാതും കഴുത്തും എല്ലായ്പ്പോഴും ശൂന്യമായിരുന്നു..
ആ മാല ഒരു വിലപ്പെട്ട നിധിയായി നെഞ്ചോട് ചേർത്തിരുന്നു എന്നും.
"ഉണ്ണീ.......!!!"
'അമ്മ വിളിക്കുന്നു...
അയാൾ ഞെട്ടലോടെ പിടഞ്ഞെഴുന്നേറ്റു.....അമ്മെ....!!
കഴിഞ്ഞ ഇരുപത്തിരണ്ടു കൊല്ലമായി തൊണ്ടയിൽ കുരുങ്ങി നിന്ന ആ വിളി ഒരു തേങ്ങലായി ചിറകടിച്ചുയർന്നു അവർക്കു മുന്നിൽ പിടഞ്ഞു വീണു..!!
കഴിഞ്ഞ ഇരുപത്തിരണ്ടു കൊല്ലമായി തൊണ്ടയിൽ കുരുങ്ങി നിന്ന ആ വിളി ഒരു തേങ്ങലായി ചിറകടിച്ചുയർന്നു അവർക്കു മുന്നിൽ പിടഞ്ഞു വീണു..!!
അമ്മേടെ ഉണ്ണിയാ ഞാൻ...എന്നെ മനസിലായോ..?”
അവർ കണ്മിഴിച്ചു അയാളെ പകച്ചു നോക്കി..
“അമ്മയ്ക്കെന്നെ മനസിലായില്ലേ..ഓർത്തു നോക്ക്.. അമ്മയുടെ ഉണ്ണി,,!!അമ്മയെ കൊണ്ട് പോകാനാ ഞാൻ വന്നത്..”
അയാൾ അവരുടെ വിരലുകളിൽ ഒന്ന് കൂടി അമർത്തിപ്പിടിച്ചു മുന്നോട്ടാഞ്ഞപ്പോൾ അവർ ഭയത്തോടെ കൈ തട്ടി മാറ്റി എഴുന്നേൽക്കാൻ ശ്രമിച്ചു..
“ഞാൻ വരൂല.. ഇതെന്റെ ഉണ്ണിയല്ല.. ന്റെ ഉണ്ണി പഠിക്കാൻ പോയിരിക്യാ അങ്ങ് കോളേജില്..നല്ലോണം പഠിക്കും ന്റെ മോൻ..പത്താം ക്ലാസില് പസ്റ്റാ അവൻ ..അറിയോ..? ജോലി കിട്ടിയാല് ഓൻ എന്നെയും കൂടെ കൊണ്ടോകും..”
അവർ അയാളെ വീണ്ടും അകറ്റി മാറ്റി..
അയാൾ ഞെട്ടി തളർന്നു പരവശനായി..
അച്ഛൻ മരിച്ച ശേഷം പലരുടെയും കനിവാൽ പത്താം തരാം കഴിഞ്ഞുകോളേജിൽ ചേർന്ന സമയത്താണ് സ്വബോധം നഷ്ടപ്പെട്ടു അമ്മയെ കാണാതാകുന്നത്..ആ ഓര്മകളിലാണ് ഇപ്പോഴും 'അമ്മ.. തന്റെ അഭാവത്തിൽ ,കനത്ത ഏകാന്തതയിൽ അകപ്പെട്ടതാണോ അമ്മയെ വിഭ്രാന്തിയിലാക്കിയത്.. അറിയില്ല..!!
ഏറെനേരം എന്തൊക്കെ പറഞ്ഞിട്ടും അവരിൽ ഒരു മാറ്റവുമുണ്ടായില്ല.
ഇനിയെന്ത് ചെയ്യും..?
അയാൾ ചുമർ ചാരി നിന്ന് നിശബ്ദം കരഞ്ഞു..!!
“"വിഷമിക്കാതെ..പതുക്കെ 'അമ്മ ഓർമകളിലേക്ക് തിരിച്ചു വരും..ഉണ്ണിയെ തിരിച്ചറിയും..ഇവരേക്കാൾ നില തെറ്റിയ പലരും ഇവിടെ നിന്ന് വളരെ വേഗം സുഖം പ്രാപിച്ചിട്ടുണ്ട്..ഞങ്ങളുടെ ട്രീറ്റ്മെന്റിനെ കുറിച്ച് താങ്കൾക്കറിയാമല്ലോ..”
മുൻപിൽ അലിവോടെ ജോസഫീന മദർ..
ഇപ്പോഴും ഭൂതകാലത്തിന്റെ കരുവാളിച്ച ഓര്മകളിലെവിടെയോ കുരുങ്ങിക്കിടക്കുകയാണ് ആ മനസ്..!!
ഉണർത്താൻ ഈ ഉണ്ണിക്കു കഴിയാതെ വരുമോ?
ഏറെ നേരത്തിനു ശേഷം അയാൾ മെല്ലെയെഴുന്നേറ്റു..
അടുത്ത ദിവസം വരാമെന്നു പറഞ്ഞു ഉൾക്കടൽ പോലെയിളകുന്ന മനസുമായി പുറത്തിറങ്ങി കാറിനരികിലേക്കു തിരിയവേ ഒരിക്കൽക്കൂടി തിരിഞ്ഞു നോക്കി..
അടുത്ത ദിവസം വരാമെന്നു പറഞ്ഞു ഉൾക്കടൽ പോലെയിളകുന്ന മനസുമായി പുറത്തിറങ്ങി കാറിനരികിലേക്കു തിരിയവേ ഒരിക്കൽക്കൂടി തിരിഞ്ഞു നോക്കി..
"ഉണ്ണീ ..."
മുകൾനിലയിൽ ജനലഴിക്കപ്പുറം വീണ്ടും ആ വിളി മുഴങ്ങുന്നു..!!
ഓർമകളുടെ ഇരുണ്ട തരിശു നിലങ്ങളിൽ വെളിച്ചം വീഴാതിരിക്കില്ല..
"ഇരുളിനൊരു വെളിയുണ്ടറിയണം ട്ടോ..!!!"
"അതെ..ഇരുളിനൊരു വെളിച്ചമുണ്ടാകും..'
അമ്മ ഈ ഉണ്ണിയെ തിരിച്ചറിയും..!!
അമ്മ ഈ ഉണ്ണിയെ തിരിച്ചറിയും..!!
തിരിച്ചറിയാതിരിക്കില്ല..!!
ഓർമകളുടെ ഗുഹാന്തരങ്ങളിൽ നിന്ന് വീണ്ടുമാരോ മൊഴിയുന്നു..!
#shyna
#shyna
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക