*****ഓർമ്മകളിലെ തീചൂളകൾ *****
ഓർമ്മക്കുറിപ്പുകൾ ഭാഗം രണ്ട്
ഓർമ്മക്കുറിപ്പുകൾ ഭാഗം രണ്ട്
1983 ലെ പുൽപ്പള്ളി വെടിവയ്പ് കഴിഞ്ഞ് രണ്ടു മാസം വരെ ഞങ്ങൾ ഞാനും അമ്മയും ചേട്ടനും കാട്ടരുകിൽ ഏറ്മാടത്തിൽത്തന്നെയായിരുന്നു താമസിച്ചിരുന്നത്. ഇടയ്ക്ക് പോലീസുകാരും, പിന്നെ കാട്ടാനകളും, കാട്ടുപന്നികളുടേയും, കുരുങ്ങൻമാരുടേയും ശല്യങ്ങൾ ഉണ്ടായിരുന്നെങ്കിലും ഞങ്ങൾക്ക് സുഖം തന്നെയായിരുന്നു. മഴ കാരണം പുറത്തിറങ്ങാൻ വയ്യാത്ത അവസ്ഥ. അല്പം മഴ മാറിയാൽ കുരങ്ങൻമാർ കൂട്ടത്തോടെയിറങ്ങും. ഒരു ദിവസം മഴ കുറഞ്ഞ സമയം അമ്മച്ചി ഞങ്ങളുടെ ഉണ്ടായിരുന്ന ഒരേ ജോഡി നിക്കറും കുപ്പായവും അലക്കി ഉണങ്ങാനിട്ടുകൊണ്ട് ഞങ്ങളേയും കൂട്ടി കുളിക്കാൻ പോയി. തിരിച്ചു വന്നപ്പോൾ അതെല്ലാം കുരങ്ങൻമാർ കടിച്ചുകീറി നശിപ്പിച്ചിരുന്നു. അമ്മയ്ക്ക് ആകെ ഉണ്ടായിരുന്ന ഒരു സാരിയും നശിപ്പിച്ചിരുന്നു. വല്ലപ്പോഴും പള്ളിയിൽ പോയിരുന്നത് അതു ഉടുത്ത് കൊണ്ടായിരുന്നു.അങ്ങനെ മഴ മാറിക്കഴിയുമ്പോൾ പള്ളിക്കൂടത്തിൽ പോകാമെന്ന ആഗ്രഹം അങ്ങനെ അസ്തമിച്ചു. ഉടുതുണിക്ക് മറുതുണിയില്ലാത്ത അവസ്ഥ. അമ്മയുടെ ട്രങ്ക്കി പെട്ടിയിൽ സൂക്ഷിച്ചിരുന്ന ചാച്ചന്റെ പഴയ രണ്ട് ബനിയൻ ഞങ്ങൾക്ക് നാണം മറയ്ക്കാൻ നിക്കറും, കുപ്പായവുമായി... അഞ്ചാറു ദിവസങ്ങൾ കൂടി കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് നൂറോൻ കിഴങ്ങുകൾ കിട്ടാതെയായി. ഭൂമി തണുത്തതു കൊണ്ട് അതിന് പുതിയ വേരുകളും, മുളകളും വന്നത് കൊണ്ട് കയ്പ് രുചിയാകുകയും ഞങ്ങൾ പട്ടിണിയിലേക്ക് വീണ്ടും വീണു പോയി. ചില ദിവസങ്ങളിൽ പട്ടിണിയും ബാക്കിയുള്ള ദിവസങ്ങളിൽ. അമ്മ പുഴയിലും, പാടത്തും പോയി പാടവരമ്പിലെ പൊത്തുകളിൽ കൈയ്യിട്ടു തപ്പി മീനെയും, ഞണ്ടിനേയും പിടിക്കും (ചിലപ്പോൾ പൊത്തിൽ നിന്നും മനഞ്ഞിൽ, ആരൽ, തുടങ്ങിയ മീനുകളും, നീർക്കോലികളെ വരെ പിടിച്ചിട്ടുണ്ട്. അതിന്റെ കടിയേറ്റാൽ അത്താഴപ്പട്ടണി കിടക്കണമെന്ന് പറയുമെങ്കിലും അമ്മച്ചി'ഗരുഡക്കൊടി'യെന്ന നാടൻ മരുന്നിന്റെ ഇലകൾ തിന്നും) പുഴയെന്നു പറഞ്ഞാൽ പാടത്ത് നിറയേ മഴവെള്ളം ആയതിനാൽ അതും പുഴ പോലെ ആയിരുന്നു. പുഴയിൽ നിന്നും കയറുന്ന വെള്ളം താഴ്ന്ന് കിടക്കുന്ന പാടത്തേക്കു കയറി നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുമായിരുന്നു.
അപ്പനെക്കുറിച്ചു യാതൊരു വിവരവുമില്ല. ബന്ധു ജനങ്ങളും, നാട്ടുകാരും ഒറ്റപ്പടുത്തിയ ഒരു കുടുംബം എങ്ങനെയാണ് ജീവിക്കുന്നത്. പട്ടിണി തന്നെ പട്ടിണി. ഇതിനിടയിൽ അമ്മ പുതിയ മാർഗ്ഗം കണ്ടു പിടിച്ചു. മുളം ചുവട്ടിൽ മുളപൊട്ടുന്ന മുളംങ്കൂമ്പുകൾ വെട്ടിയെടുത്ത് അത് കൊത്തിയരിഞ്ഞ് മൂന്നു ദിവസത്തോളം വെള്ളത്തിലിട്ട് അതിന്റെ മക്ക് ( കയ്പ് ) മാറുമ്പോൾ പുഴുങ്ങി തിന്നും ഇതും ആദിവാസികൾ വെട്ടിക്കൊണ്ട് പോകുന്നത് കണ്ടാണ് അമ്മച്ചിക്ക് മനസ്സിലായത്. ഇത് വെറുതെ തിന്നുമ്പോൾ ശർദ്ദിക്കാതിരിക്കാൻ അമ്മച്ചി രാവിലെ എഴുന്നേറ്റ് കാട്ടിൽ കൂടിയും, പാടത്തോട് ചേർന്നു കിടക്കുന്ന കരവയൽ ഞങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ പൊയിൽ.ഈ പൊയിലിൽ കൂടി നടന്നു പാവക്കൂണുകൾ പറിച്ചു കൊണ്ടുവന്ന്. അടുത്തുള്ള വാറ്റുപുരയിലെ അടുപ്പിൽ വച്ച് വാഴയിലയിൽ പൊതിഞ്ഞു ചുട്ടുകൊണ്ടുവരുമായിരുന്നു . ഇതായിരുന്നു പലപ്പോഴും ഞങ്ങളുടെ ഭക്ഷണം. കർക്കടകമാസം പകുതിയായപ്പോഴേയ്ക്കും. പാടത്ത് കളപറിക്കാനും, കപ്പയ്ക്ക് കാടുപിറക്കാനും, പറമ്പുകളിൽ പണ്ടികളും തുടങ്ങി. എന്നാലും അമ്മയെ ആരും പണിക്കു വിളിച്ചില്ല. എല്ലാ ദിവസവും അമ്മ എന്തേലും ജോലി തേടി പോകും ആരും വിളിക്കില്ല എന്നാലും നിരാശയാകാതെ കാട്ടിൽ വീഴുന്ന വിറകു പെറുക്കി ഒരു കെട്ടാക്കി... പാതിരിയിലുള്ള ചായക്കടക്കാരൻ അപ്പുനായരുടെ കടയിൽ (അപ്പു നായർ മരിക്കുകയും, മകൻ ഓമനക്കുട്ടൻ കച്ചവടം തുടരുന്നുണ്ട് പാതിരിയിൽ അല്ല പകരം പെരിക്കല്ലൂർ കടവിൽ) കൊണ്ടുപോയിക്കൊടുക്കും. അന്ന് ഒരു കെട്ട് വിറകിന് ഒന്നര രൂപയാണ് കിട്ടുക. അങ്ങനെ രണ്ട് കെട്ട് വിറക് കൊടുത്താൽ കിട്ടുന്ന മൂന്നു രൂപയ്ക്ക് ഒരു സേറ് അരിയും, നൂറ് മില്ലി മണ്ണെണ്ണയും, തല മുറിയൻ മത്തി ഇരുനൂറ് ഗ്രാമും വാങ്ങിച്ചു കൊണ്ട്അമ്മച്ചി ചേമ്പിലയോ അല്ലെങ്കിൽ വാഴയിലയോ ചൂടിയോ അല്ലെങ്കിൽ നനഞ്ഞൊ ആയിരിക്കും വീട്ടിലെത്തുക. അത്രയും നേരം ഞങ്ങൾ ( ഞാനും, ചേട്ടനും) വഴിക്കണ്ണുമായി അമ്മച്ചിയെ കാത്തിരിക്കും. ഏകദേശം പത്തു ദിവസ ത്തോളം അമ്മ വിറക്കു ചുമന്നു. ഒരു ദിവസം വിറകും ചുമന്നുകൊണ്ട് പോകുന്ന അമ്മയെ പാടത്ത് വച്ച് അവിടെയുള്ള അല്പം സാമ്പത്തിക ശേഷിയുള്ള വീട്ടിലെ കണ്ണന്താനം മത്തായിച്ചേട്ടന്റെ ഭാര്യ ഏല്യാമ്മ ചേടത്തി കാണാനിടയായി.കാരണം വിറകു ചുമന്നു മടുത്തപ്പോൾ അമ്മച്ചി വിറകിന്റെ കെട്ടു താഴെയിട്ടു ക്ഷീണം മാറ്റാൻ റോഡു സൈഡിലെ കിണറിന്റെ കരയിൽ ഇരിക്കുമ്പോഴാണ് ചേടത്തി തുണിയലക്കാൻ വേണ്ടി ആ വഴി വന്നത് എന്താണെന്ന് കുശലം ചോദിച്ചപ്പോൾ അമ്മ കാര്യം പറഞ്ഞു ആരും പണിക്കു വിളിക്കാത്തതു കൊണ്ട് കാട്ടിൽ നിന്നും വിറകു ചുമന്ന് അപ്പു നായരുടെ ചായക്കടയിൽ കൊണ്ട് പോയി കൊടുക്കുന്നുവെന്നു പറഞപ്പോൾ ചേടത്തി പറഞ്ഞു.
"ആരു വിളിച്ചില്ലെങ്കിലും... കണ്ണന്താനം കുടുമക്കാര് വിളിക്കൂടി... മേരിയേ... നിന്നെ പണിക്ക്.. നാളെ മൊതല് നിയും പോരേടീ.... "
ചേടത്തി അമ്മയുടെ തലയിൽ വിറകുകെട്ട് പിടിച്ചു കൊടുത്തിട്ട് പറഞ്ഞു അമ്മച്ചി വിറകും ചുമന്ന് പാതിരിക്കുന്ന് കയറി. അന്നത്തെ സന്തോഷത്തിന് അമ്മച്ചി വന്നപ്പോൾ മൂന്ന് സുഖിയൻ ( ചെറുപയറും വെല്ലവും ചേർത്തുണ്ടാക്കുന്ന എണ്ണപ്പലഹാരം) വാങ്ങിച്ചു കൊണ്ട് വന്നു.
"ആരു വിളിച്ചില്ലെങ്കിലും... കണ്ണന്താനം കുടുമക്കാര് വിളിക്കൂടി... മേരിയേ... നിന്നെ പണിക്ക്.. നാളെ മൊതല് നിയും പോരേടീ.... "
ചേടത്തി അമ്മയുടെ തലയിൽ വിറകുകെട്ട് പിടിച്ചു കൊടുത്തിട്ട് പറഞ്ഞു അമ്മച്ചി വിറകും ചുമന്ന് പാതിരിക്കുന്ന് കയറി. അന്നത്തെ സന്തോഷത്തിന് അമ്മച്ചി വന്നപ്പോൾ മൂന്ന് സുഖിയൻ ( ചെറുപയറും വെല്ലവും ചേർത്തുണ്ടാക്കുന്ന എണ്ണപ്പലഹാരം) വാങ്ങിച്ചു കൊണ്ട് വന്നു.
കണ്ണന്താനത്തുകാർക്ക് പാടത്തും പറമ്പിലും പണിയെടുക്കുന്നത് കബനി പുഴയുടെ അക്കരെയുള്ള കർണാടകയിലെ ദൊഡ്ഢ ബൈരകുപ്പയിൽ നിന്നുള്ള പണിക്കാരായ 'ഗൗഡത്തികൾ ' ആണ് അവർ രാവിലെ കടത്തുതോണി കടന്നാണ് പണികൾക്കായി മറുകര വരുന്നത്. പിറ്റേന്നു മുതൽ അമ്മച്ചിയും ഞങ്ങളേയും കൂട്ടി കണ്ണന്താനക്കാർക്ക് പണിക്കുപോയി. ഞങ്ങളെ പാടത്തിന് മറുകരയുള്ള.കുടകപറമ്പിൽ ഫ്രാൻസീസ് (കുഞ്ഞൂഞ്ഞ്) ചേട്ടന്റെ പൊയിലിൽ കളിക്കാൻ വിട്ടിട്ട് അമ്മച്ചി പണിക്കിറങ്ങി.തലേന്ന് വൈകുന്നേരം അമ്മച്ചി കാട്ടരുകിലുള്ള ചെമ്പനാൽ കുടുംബത്തിന്റെ പറമ്പിലെ കവുങ്ങിൻ തോട്ടത്തിലെ മൂന്നാലുപാളയെടുത്തു കൊണ്ടുവന്നു ഞങ്ങൾക്ക് തല നനയാതിരിക്കാൻ തൊപ്പിയുണ്ടാക്കിത്തന്നിരുന്നു. അപ്പന്റെ പഴയ രണ്ട് നീളം കൂടിയ കീറിയ ബനിയനായിരുന്നു ഞങ്ങളുടെ വേഷം. അടിയിൽ എന്തെങ്കിലും ഇടാൻ നിക്കറില്ലായിരുന്നു എന്നതായിരുന്നു സത്യം.മഴ വരുമ്പോൾ പൊയിലിലെ കൂഴപ്ലാവിന്റെ ചുവട്ടിൽ പോയിനിൽക്കും ഞങ്ങൾ. വിശക്കുമ്പോൾ അമ്മ വരുന്നതും കാത്ത് നിൽക്കും. പത്ത് മണിയ്ക്ക് കാപ്പി കുടിയ്ക്കുവാൻ കയറുമ്പോൾ കിട്ടുന്ന ഭക്ഷണം കപ്പപ്പുഴുക്കും,കഞ്ഞിയും അല്ലെങ്കിൽ ചക്കപ്പുഴുക്കും, കഞ്ഞിയും എല്ലാവരും കഴിയ്ക്കുമ്പോൾ അമ്മ അതിൽ പകുതി ഒരു പാളയിലിട്ട് പാടവരമ്പത്തുകൂടി ഓടി വന്ന് ഞങ്ങൾക്ക് തരുമായിരുന്നു.എന്നിട്ട് വന്നതിനേക്കാൾ വേഗത്തിൽ തിരിച്ചും. അമ്മ വരുന്ന സമയങ്ങൾ ഞങ്ങൾക്കറിയാമായിരുന്നു.ഉച്ചയാകുമ്പോൾ അമ്മച്ചി മെല്ലെയായിരിക്കും വരുന്നത് ഭക്ഷണം കഴിഞ്ഞ് ഏകദേശം ഒരു മണിക്കൂർ വിശ്രമം ഉള്ളത് കൊണ്ടാണത്. ദയാലുവായിരുന്ന ഏല്യാമ്മ ചേടത്തി ഭക്ഷണം വിളമ്പുമ്പോൾ അമ്മയ്ക്ക് അല്പം കൂടുതൽ വിളമ്പുമായിരുന്നു.ഇത് ഏകദേശം കൊയ്ത്ത് കഴിയുന്നത് വരെ തുടർന്നു
കൊയ്ത്ത് കഴിഞ്ഞതിനു ശേഷമായിരുന്നു അമ്മയുടെ ആത്മധ്യൈര്യം ഞങ്ങളറിയുന്നത് (അന്ന് ഈ പറയുന്ന ആത്മധ്യൈര്യം എന്താണെന്ന് അറിയില്ലായിരുന്നു ) ഇതിനിടയിൽ ഞങ്ങൾ മഴ മാറിയപ്പോൾ കാടരുകിൽ നിന്നും കബനി പുഴയുടെ തീരത്തെ തേമാൻ കടവിലേക്ക് താമസം മാറ്റി.ഹൈറേഞ്ചിൽ പോയ തുരുത്തേൽ മൂപ്പൻ ( ആദ്യഭാഗത്തിൽ ഇതിനേക്കുറിച്ച് പറഞ്ഞിട്ടുണ്ട്) തിരിച്ചു വന്നു അദ്ദേഹമാണ് പറഞ്ഞത്
"എടീ... മേരീ...തേമാം കടവിലെ ചൊടലക്കാട്ടിൽ കൊറച്ച് സ്ഥലമൊണ്ട് അവടെയാരും വരില്ല നമ്മക്കവിടെ വെട്ടിത്തെളിച്ച് രണ്ട് കൂരവെക്കാം... ഈ കാട്ടരുകിലെ ആനേനേം പന്നിനേം പേടിക്കണ്ടല്ലോ.."
അമ്മച്ചി പറഞ്ഞു
"അതിനെന്താ അപ്പിച്ചി... അപ്പിച്ചിയൊണ്ടെങ്കിൽ ഞാനും മക്കളും വരാം..."
അങ്ങനെ അനാഥ ശവങ്ങളേയും, ആദിവാസികളുടെ ശവങ്ങളും ദഹിപ്പിക്കുകയും കുഴിച്ചിടുകയും ചെയ്യുന്നതോമാം കടവിൽ കുടിലുകെട്ടി ഞങ്ങൾ താമസമാരംഭിച്ചു..
അപ്പോഴേയ്ക്കും നവംബർ മാസമായിരുന്നു കണ്ണന്താനത്തുകാരുടെ പാടത്തു പണിയെടുത്ത വകയിൽ അമ്മച്ചി സൂക്ഷിച്ചു വച്ച നൂറ്റമ്പതു രൂപാ കൊണ്ട് ബൈരക്കുപ്പയിൽ പോയി പനയോല വാങ്ങിക്കൊണ്ട് വന്ന്കൂര മേഞ്ഞു വീണ്ടും. വറുതിയുടെ നാളുകൾ അവിടെയും അമ്മയുടെ സ്നേഹവും ധ്യൈര്യവും തുണയായി.
അങ്ങനെ അനാഥ ശവങ്ങളേയും, ആദിവാസികളുടെ ശവങ്ങളും ദഹിപ്പിക്കുകയും കുഴിച്ചിടുകയും ചെയ്യുന്നതോമാം കടവിൽ കുടിലുകെട്ടി ഞങ്ങൾ താമസമാരംഭിച്ചു..
അപ്പോഴേയ്ക്കും നവംബർ മാസമായിരുന്നു കണ്ണന്താനത്തുകാരുടെ പാടത്തു പണിയെടുത്ത വകയിൽ അമ്മച്ചി സൂക്ഷിച്ചു വച്ച നൂറ്റമ്പതു രൂപാ കൊണ്ട് ബൈരക്കുപ്പയിൽ പോയി പനയോല വാങ്ങിക്കൊണ്ട് വന്ന്കൂര മേഞ്ഞു വീണ്ടും. വറുതിയുടെ നാളുകൾ അവിടെയും അമ്മയുടെ സ്നേഹവും ധ്യൈര്യവും തുണയായി.
ചാച്ചൻ കുടകിലുണ്ടെന്ന് പരിചയക്കാരനായ 'മാസ്ഥി' എന്ന ആദിവാസിയിൽ നിന്നും അറിഞ്ഞ അമ്മ പ്രശ്നങ്ങൾ തീരുന്നതുവരെ അവിടെ തന്നെ കഴിഞ്ഞു കൊള്ളാൻ മാസ്ഥി വഴി പറഞ്ഞയച്ചു. ബീഡി വലിയ്ക്കുന്ന ശീലമുള്ളയാളായിരുന്നു ചാച്ചൻ, അമ്മ അഞ്ച്കെട്ട് 'സാധു ബീഡിയും' രണ്ട് ഒട്ടകം മാർക്ക് തീപ്പെട്ടിയും അയാളുടെ കൈയ് വശം കൊടുത്തുവിട്ടു.
കൈയ്യിലെ പണം തീർന്നിരുന്നത് കൊണ്ട് അരിയും മറ്റു സാധനങ്ങളും വാങ്ങിക്കാൻ നിർവ്വാഹമില്ല, വിറകു പെറുക്കാനാണെങ്കിൽ കാട്ടിലും പോകണം. കാടാണെങ്കിൽ തേമാൻ കടവിൽ നിന്നും ഒന്നര കിലോമീറ്ററോളം ദൂരത്തിൽ. അവിടുന്നു രണ്ട് കിലോമീറ്റർ ദൂരത്തിലാണ് അപ്പു നായരുടെ ചായക്കട അവിടെ നിന്നും വീട്ടിലേക്കെത്തണമെങ്കിൽ പെരിക്കല്ലൂർ പാടശേഖരം കടക്കണം.ഈ ബുദ്ധിമുട്ടുകൾ ഓർത്തപ്പോൾ പുതിയ മാർഗ്ഗം കണ്ടു പിടിക്കാൻ അമ്മച്ചി തയ്യാറായി.
കൈയ്യിലെ പണം തീർന്നിരുന്നത് കൊണ്ട് അരിയും മറ്റു സാധനങ്ങളും വാങ്ങിക്കാൻ നിർവ്വാഹമില്ല, വിറകു പെറുക്കാനാണെങ്കിൽ കാട്ടിലും പോകണം. കാടാണെങ്കിൽ തേമാൻ കടവിൽ നിന്നും ഒന്നര കിലോമീറ്ററോളം ദൂരത്തിൽ. അവിടുന്നു രണ്ട് കിലോമീറ്റർ ദൂരത്തിലാണ് അപ്പു നായരുടെ ചായക്കട അവിടെ നിന്നും വീട്ടിലേക്കെത്തണമെങ്കിൽ പെരിക്കല്ലൂർ പാടശേഖരം കടക്കണം.ഈ ബുദ്ധിമുട്ടുകൾ ഓർത്തപ്പോൾ പുതിയ മാർഗ്ഗം കണ്ടു പിടിക്കാൻ അമ്മച്ചി തയ്യാറായി.
പകൽ വാഴത്തടവെട്ടി പുഴയിൽ കൊണ്ടുവന്നു ചങ്ങാടം കെട്ടി തുഴഞ്ഞ് നടന്ന് കയങ്ങളിൽ കിടക്കുന്ന മരത്തടികളും, വിറകിൻ കഷണങ്ങളും, മുട്ടികളും, വേരുകളും കണ്ട് വയ്ക്കും.വൈകുന്നേരങ്ങളിൽ ഞങ്ങളേയും കൂട്ടി പോയി അത് മുങ്ങിയെടുത്ത് രാത്രി കൊത്തിക്കീറിയിടും പകൽ അതിന്റെ വെളളം വലിഞ്ഞ് ഉണങ്ങി കഴിയുമ്പോൾ ചെറിയ കെട്ടുകളാക്കി കബനിപുഴയുടെ മറുകരയിൽ കൊണ്ട് ചെന്ന് ഒരാൾക്കെടുക്കാൻ പാകത്തിലുള്ള വലിയ കെട്ടുകളാക്കി മൈസൂർ- മാനന്തവാടി പഴയ റോഡിലൂടെ ചുമന്ന് ബൈരക്കുപ്പയിലുള്ള പി പി മുഹമ്മദിന്റെ ഹോട്ടലിൽ കൊണ്ട് പോയി വില്ക്കും. അങ്ങനെ കിട്ടുന്ന രൂപകൊണ്ടാണ് അരിയും, ഉണക്കമീനും പച്ചക്കിറയും, തേങ്ങാ പൂളും വാങ്ങുന്നത്. അന്ന് ഒരു തോങ്ങാ പൂളിന് ഇരുപത്തിയഞ്ച് പൈസയാണ് വില.അമ്മച്ചിയുടെ കൂടെ തുണി സഞ്ചി പിടിച്ചു കൊണ്ട് ഞാനാണ് പോകുന്നത്. എനിക്ക് അന്ന് ഒരു കഷണം വെല്ലവും, ഒരു തേങ്ങാ പൂളും തിന്നാൻ തരും. ചിലപ്പോൾ പൊരിയും, പൊട്ടു കടലയും പൊതിഞ്ഞു വാങ്ങും വീട്ടിലിരിക്കുന്ന ചേട്ടന് വേണ്ടി. ഇങ്ങനെ കൊത്തിക്കീറാൻ കഴിയാത്ത മുട്ടികളും, വിറകുകളും പുഴയുടെ നടുക്കുള്ള തുരുത്തിൽ വലിയ കുഴികൾ കുഴിച്ച് ചൂളയ്ക്കിടും (വിറകും, മുട്ടികളും, മരത്തിന്റെ വേരുകളും കത്തിച്ച് മണ്ണിട്ടുമൂടിക്കഴിഞ്ഞാൽ അത് ചാരമാകാതെ കരിയാക്കുന്ന രീതിയാണ് ചൂള) മൂന്നു ദിവസങ്ങൾ കഴിഞ്ഞ് മാന്തിയെടുക്കുന്ന കരിക്കട്ടകൾ പ്ലാസ്റ്റിക്ക് ചാക്കിൽക്കെട്ടിച്ചുവന്ന് കൊല്ലൻമ്മാരുടെ ആലയിൽ കൊണ്ടുപോയി വില്ക്കും. എന്റെ ഓർമ്മയിലെ ആദ്യത്തെ വള്ളിനിക്കർ എനിക്കും ചേട്ടനും വാങ്ങി തന്നത് ഇങ്ങനെയാണ് അതുവരെ ഞങ്ങൾ സ്ക്കൂളിൽ പോയിരുന്നില്ല കാരണം ഇടാനും ഉടുക്കാനും ഒന്നുമില്ലായിരുന്നു. പഴയ രണ്ട് ബനിയനായിരുന്നു ഞങ്ങളുടെ നിക്കറും ഉടുപ്പും. ശരിക്കും പറഞ്ഞാൽ ചെറുപ്പത്തിൽ ഞങ്ങൾക്ക് ലഭിച്ചിരുന്ന അപ്പന്റെയും, അമ്മയുടേയും സ്നേഹം ഞങ്ങൾ അനുഭവിച്ചത് അമ്മയിൽ നിന്നു മാത്രമായിരുന്നു. എന്റെ ജീവിതത്തിൽ ഞാൻ കണ്ട, ഉരുക്കു വനിതയായിരുന്നു എന്റെ അമ്മ നിലാവു പോലെ സ്നേഹം ചൊരിഞ്ഞ എന്റെ അമ്മ (ഉടൻ തുടരുവാൻ കഴിയില്ല)
ബെന്നി ടി ജെ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക