ഇന്നെങ്കിലും കാണുമായിരിക്കും..അതോ...?!!
തുടികൊട്ടുന്ന ഹൃദയത്തോടെ അന്നും പതിവുപോലെ വൃന്ദ ടീച്ചർ മനോഹരമായി അണിഞ്ഞൊരുങ്ങി..
കണ്ണാടിയിലെ പ്രതിബിംബത്തിൽ, കണ്ണുകളിൽ ഒരു നനവ് കിനിഞ്ഞിറങ്ങുന്നുണ്ടോ..!!?
കണ്ണാടിയിലെ പ്രതിബിംബത്തിൽ, കണ്ണുകളിൽ ഒരു നനവ് കിനിഞ്ഞിറങ്ങുന്നുണ്ടോ..!!?
ബാഗെടുത്തു ചുമലിലേക്കിട്ടു തുളസി തറയിൽ നിന്ന് ഒരില നുള്ളി നീണ്ട മുടിക്കെട്ടിൽ തിരുകി ധൃതിയിൽ പുറത്തേക്കിറങ്ങി..
വിശാലമായ പാടവും കഴിഞ്ഞു,ചെമ്മൺ നിരത്തു വഴി ബസ്സ്റ്റോപ്പിലെത്താൻ ഏകദേശം പതിനഞ്ചു മിനിട്ടു വേണം.
എട്ടുമണിയുടെ "ധന്യ " കിട്ടിയാലേ ഉദ്ദേശിക്കുന്ന പോലെ റെയിൽവേ സ്റ്റേഷനിൽ എത്താനാകൂ..അല്ലെങ്കിൽ......ഇന്നും....!!
ദൂരെ നിന്ന് ഒരു പൊട്ടു പോലെ തെളിഞ്ഞു ആകാശ നീല സാരി ഭംഗിയായി ഞൊറിഞ്ഞുടുത്തു കാറ്റിലൂടെ,ഒഴുകി വരുന്ന ആ രൂപം കാൺകെ നെൽവയലിൽ കള പറിച്ചു കൊണ്ടിരിക്കുന്ന സ്ത്രീകൾ വിസ്മയപരരായി മന്ത്രിക്കും..
"സാക്ഷാൽ വാഗീശ്വരി ദേവി നേരിട്ടിറങ്ങി വരുന്ന പോലുണ്ട്..."
ധൃതിപ്പെട്ടുള്ള ആ ഓട്ടത്തിനിടയിലും അവർക്കൊരു പുഞ്ചിരി നൽകാനും കുശലാന്വേഷണം നടത്താനും വൃന്ദ ടീച്ചർ മറക്കാറില്ല..
ബസ്സിലിരിക്കവേ ഓർമ്മകളുടെ നദി പിറകോട്ടൊഴുകി..
ഒൻപതു മണിക്കുള്ള പരശുറാം...അതിലാണ് പതിവായി അദ്ദേഹം വരുന്നത്...
ഒൻപതു മണിക്കുള്ള പരശുറാം...അതിലാണ് പതിവായി അദ്ദേഹം വരുന്നത്...
ശ്രീഹരി മാസ്റ്റർ..!!
ആ പേരുച്ചരിക്കുമ്പോൾ തന്നെ ആകാശത്തിനു അക്കരെ, അപാരതയ്ക്കക്കരെ നിന്ന് ഒരായിരം സൂര്യോദയങ്ങൾ, അതിന്റെ വർണങ്ങൾ ഈ ഭൂമിയിൽ മുഴുവൻ വിതറി നിൽക്കുന്ന പോലെ തോന്നും...!
അതിമനോഹരമായി കവിതകൾ ചൊല്ലുന്ന ,എഴുത്തുകാരനും വാഗ്മിയുമായ സഹാധ്യാപകൻ വൃന്ദ ടീച്ചറുടെ ഹൃദയം കീഴടക്കി അവിടൊരു പ്രണയസൗധം പണിഞ്ഞു പാർപ്പുതുടങ്ങിയിട്ട് അധിക നാളായില്ല.. മനസുകൾ തമ്മിൽ പരസ്പരമടുത്തപ്പോൾ,പ്രണയത്തിന്റെ ആഴമറിഞ്ഞപ്പോൾ പിരിയാൻ വയ്യെന്ന് മാത്രമല്ല, ഒരുമിച്ചു ജീവിക്കാൻ ഈയൊരു ജന്മം പോരാ എന്ന അവസ്ഥയിലുമായി..
ശേഷം ശ്രീഹരി മാസ്റ്ററുടെ പ്രിയപ്പെട്ട "വെള്ളാമ്പൽപ്പൂവായി" വൃന്ദ ടീച്ചർ..
അതിനിടയ്ക്ക് വില്ലനായി വന്ന ട്രാൻസ്ഫർ..
ശ്രീഹരി മാഷിനെ മറ്റൊരു സ്കൂളിലേക്ക്പറിച്ചു നടപ്പെട്ടു..
ശ്രീഹരി മാഷിനെ മറ്റൊരു സ്കൂളിലേക്ക്പറിച്ചു നടപ്പെട്ടു..
ശേഷം ,ഒന്നു കാണാൻ ,ഒന്നോ രണ്ടോ വാക്കു സംസാരിക്കാൻ വൃന്ദ ടീച്ചർ പതിവായി ശ്രീഹരിമാസ്റ്റർ സ്കൂളിലേക്ക് പോകുന്ന പരശുറാമിന്റെ സമയത് റെയിൽവേ സ്റ്റേഷനിലേക്ക് ഓടിയെത്തും..!!
പരസ്പരമടുത്തു കാണുമ്പോൾ ഉള്ളിലെ കടൽത്തിരകൾ സ്നേഹാധിക്യത്താൽ ഇളകി മറിയും.. ചിലപ്പോൾ ദൂരെ നിന്ന് ഒന്നോ രണ്ടോ നിമിഷം മാത്രമുള്ള ഒരു കാഴച, ഒരു പുഞ്ചിരി ..
വിരഹവേനലിൽ ചാറ്റൽ മഴ പോലെ ഹൃദയത്തിൽ പെയ്തിറങ്ങുന്ന ഒരു നറു ചിരി..മറ്റു ചിലപ്പോൾ ആർദ്രമായ ഒരു വാക്ക്..”സുഖമല്ലേ..?. “ഇന്ന് എത്താൻ വൈകിയോ.."കത്ത് അയച്ചിട്ടുണ്ട് കിട്ടിയോ..?അപ്പോഴേയ്ക്കും ട്രെയിൻ പുറപ്പെടാനുള്ള സമയമാകും..
കൈ വീശി കാണിച്ചു കണ്ണിൽ നിന്ന് മറയുന്നതുവരെ മാസ്റ്റർ തന്റെ പ്രണയിനിയെ മതിവരാതെ ഉറ്റുനോക്കിക്കൊണ്ടിരിക്കും..!!
തന്റെ വെള്ളാമ്പൽപ്പൂവ്..!!
കാഴ്ച്ചയിൽ നിന്ന് അകന്നകന്നു പോകുന്ന ട്രെയിൻ.. കറുത്ത ഫ്രെയിം കണ്ണടയ്ക്കുള്ളിലെ പ്രണയക്കടലിരമ്പുന്ന ദീപ്തമായ കണ്ണുകളിലേക്കു ഒട്ടൊരു വേദനയോടെ വൃന്ദ ടീച്ചർ കണ്ണിമയ്ക്കാതെ നോക്കി നിൽക്കും..ഒടുവിൽഅവിടെ ബാക്കിയാകുന്നത് ജന്മാന്തര സ്മരണകൾ പോലെ അനന്തമായി നീളുന്ന റെയിൽ പാളവും ആത്മാവിലേക്ക് അരിച്ചിറങ്ങുന്ന കനത്ത വിഷാദവും....
പിന്നെ ആ കാഴ്ച കണ്ണിൽ നിറച്ചു നിധിപോലെ സൂക്ഷിച്ചു അടുത്ത പ്രഭാതത്തിലെ വിലപ്പെട്ട അഞ്ചോ പത്തോ നിമിഷങ്ങൾക്ക് വേണ്ടിമണിക്കൂറുകൾ എണ്ണിയുള്ള കാത്തിരിപ്പ്...!!
കാത്തിരിപ്പിന്റെ ദൈർഘ്യം...!!
കാത്തു കാത്തിരുന്ന് ചില ദിവസങ്ങളിൽ കാണാൻ പറ്റാതാകുമ്പോഴുള്ള വേദന..
"..എന്റെ..വെള്ളാമ്പലേ..മ്മുടെ കാര്യം ഞാൻ വീട്ടിൽ സംസാരിച്ചു..അടുത്താഴ്ച തന്റെ വീട്ടിൽ ഞാൻ വരുന്നുണ്ട്..തന്നെ പെണ്ണ് ചോദിക്കാൻ..സന്തോഷായില്ലേ...?"
ഒടുവിൽ വന്ന കത്തിലെ മാസ്റ്ററുടെ വാചകം..!!
വൃന്ദ ടീച്ചറുടെ സന്തോഷത്തിനു അതിരില്ലായിരുന്നു..ഈ ലോകം വെട്ടിപ്പിടിച്ച പ്രതീതി..എത്രയും പെട്ടെന്ന് തന്റെ പ്രിയപ്പെട്ടവനെ കാണാൻ ആ മനസ് വല്ലാതെ തുടിച്ചു..എന്നാൽ അതിനു ശേഷം മൂന്നു ദിവസമായി പരശുറാമിൽ മാസ്റ്ററെ കണ്ടില്ല..
ഇന്നെങ്കിലും കാണുമായിരിക്കും.......
ചിന്തകൾക്ക് വിരാമമിട്ടുകൊണ്ട് ഒരു നീണ്ട ചൂളം വിളി അടുത്ത് വരുന്നു...!!
പരശുറാം...!!!
യാത്രപുറപ്പെടാനുള്ള ആളുകൾ ഉണർന്നു തിരക്ക് കൂട്ടുന്നു...
എവിടെ..എവിടെ എന്റെ മാസ്റ്റർ..?
തീ പിടിച്ച മനസുമായി വൃന്ദ ടീച്ചർ ആളുകൾക്കിടയിലൂടെ മുന്നോട്ട് ഓടി...
********* *********** *********
"നോ..നിത്യാ...ഞാൻ , അങ്ങനല്ല പറഞ്ഞത്..എന്റെ കാൾ കാണാതിരിക്കുമ്പോൾ.ഓൺലൈൻ വരാതിരിക്കുമ്പോൾ നിനക്കൊന്നു അന്വേഷിക്കാലോ.."
രാഹുൽ തന്റെ അസംഖ്യം കാമുകിമാരിൽ ഒരാളായ നിത്യയുമായി വഴക്കിലായിരുന്നു......ട്രെയിൻ വരാൻ ഇനിയും പത്തു മിനിറ്റ് ബാക്കി... പുറം ലോകത്തിനു ചെവി കൊടുക്കാതെ രാഹുലിന്റെ സമീപമിരുന്ന അരുൺ തന്റെ പുതിയ കാമുകി വൈഗാലക്ഷ്മിക്കു വോയിസ് മെസ്സേജ് അയക്കുന്ന തിരക്കിലാണ്..
കഴുത്തുഒരു വശത്തേക്ക് ചെരിച്ചു പിടിച്ചു സെൽഫിക്ക് പോസ് ചെയ്യവേ പിന്നിൽ തന്റെ ക്യാമറയിൽ പതിഞ്ഞ രൂപത്തിലേക്ക് അവൻ കൗതുകത്തോടെ തിരിഞ്ഞു നോക്കി..
കവിളൊട്ടി, കണ്ണുകൾ കുഴിയിലാണ്ട്മുടി മുഴുവൻ നരച്ചു വിരൂപയും എല്ലും തോലുമായൊരു പ്രായം ചെന്ന സ്ത്രീ..പക്ഷെ അവരുടെ മെയ്ക്കപ്പ് കണ്ടാൽ ആരിലുമൊരു ചിരിയുണരും..........തോളിൽ മുഷിഞ്ഞൊരു ബാഗ്.. തിളങ്ങുന്ന പൊട്ടു കുത്തി, കണ്ണെഴുതിയിട്ടുണ്ട്.. കാതിൽ തൂങ്ങിയാടുന്ന വലിയ വളയ കമ്മൽ,മാല..കൈ നിറയെ പല കളറിലുള്ള വളകൾ..!!
പരിഹാസത്തോടെ അവരുടെ ചലനങ്ങൾ വീക്ഷിച്ചുകൊണ്ടിരിക്കുന്ന അരുണിനോടായി തൊട്ടടുത്തിരുന്ന മധ്യവയസ്കനായ അപരിചിതൻ പറഞ്ഞു..
"മനസ് തെറ്റിയതാ..കാണാൻ കൊള്ളാവുന്ന നല്ലൊരു ടീച്ചറാരുന്നു.. സ്ഥിരമായി പരശുറാമിൽ വന്നിരുന്ന ഒരു മാഷുമായിട്ട് കടുത്ത പ്രണയത്തിലായിരുന്നു. ഇവിടെ വെച്ചാണ് പതിവായി അവർ കണ്ടുമുട്ടിയിരുന്നത്..ഒരു ദിവസം പരശുറാമും ആ മാഷും വന്നില്ല..അപകടത്തിൽ പെട്ട് മരിച്ച മാഷിന്റെ വേർപാട് താങ്ങാനാകാത്ത ആഘാതത്തിൽ ഇവരിങ്ങനെയായി..എന്നും ട്രെയിൻ വരുന്ന സമയത്തു അവർ അണിഞ്ഞൊരുങ്ങി മാഷിനെ കാണാനെന്ന മട്ടിൽ വരും.. ട്രെയിൻ പോയിക്കഴിഞ്ഞാൽ ഒന്നും മിണ്ടാതെ തിരിച്ചു പോകും.."
ദൂരെ നിന്നും ഒരു നീണ്ട ചൂളം വിളി !!
സ്നേഹത്തിന്റെ ഊഷ്മളമായ ഓർമകളെ മറവിക്ക് വിട്ടുകൊടുക്കാതെ ഹൃദയത്തോട് ചേർത്തുപിടിച്ചുകൊണ്ട് വെള്ളാമ്പൽപ്പൂവേഎന്ന വിളിക്കു കാതോർത്തുകൊണ്ടു വൃന്ദ ടീച്ചർ ആളുകൾക്കിടയിലൂടെ മുന്നോട്ടു നീങ്ങി..
ശ്രീഹരി മാസ്റ്ററുടെ ദുരന്തമരണത്തോടെ സ്നേഹത്തിന്റെ മഹാ പർവതത്തിൽ നിന്ന് വിഭ്രാന്തിയുടെ കാണാ കയങ്ങളിലേക്കു വൃന്ദ ടീച്ചർ എടുത്തെറിയപ്പെട്ടെങ്കിലും അവരിന്നും മാസ്റ്റർക്ക് വേണ്ടി കാത്തിരിക്കുന്നു...
തിരയൊടുങ്ങാത്ത പ്രണയത്തിന്റെ ചുഴികളിൽ പെട്ട്, ആ ഓർമകളെ താലോലിച്ചു കൊണ്ട് എന്നും പതിവുപോലെ സുന്ദരിയായി പരശുറാമിന്റെ ചൂളം വിളിക്കു കാതോര്ത്തു കൊണ്ട്...!!
നഷ്ടപ്രണയത്തിന്റെ ഓർമകളിൽ നിന്ന് പുറത്തു കടക്കാനാകാതെ...!!
കാലവും കോലവും മാറിയതറിയാതെ...!!
കാലത്തിനും അപ്പുറത്തേയ്ക്കുള്ള കാത്തിരിപ്പ്..... !!
#Shyna vilakkode
NB:തന്റെ പ്രിയപ്പെട്ടവൻ മരണപ്പെട്ടിട്ടും ഭൂതകാലത്തിന്റെ ഓർമകളുമായി തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ മുടങ്ങാതെ, ട്രെയിനിന്റെ ചൂളം വിളിക്കു കാതോർത്തിരിക്കുന്ന പ്രിയദർശിനി ടീച്ചറെ കുറിച്ചുള്ള നെഞ്ചുരുക്കുന്ന വാർത്ത വായിക്കാനിടയായപ്പോഴാണ് ഇങ്ങനെയൊരു കഥ മനസിൽ പിറന്നത്..ട്രെയിൻ ഓടിച്ചിരുന്നൊരു ലോക്കെ പൈലറ്റുമായി പ്രണയത്തിലായിരുന്ന അവർ അദ്ദേഹത്തിന്റെ മരണത്തോടെ മാനസിക വിഭ്രാന്തിയിലായി..നിമിഷ നേരം കൊണ്ട് ഇന്നലയെയും ബന്ധങ്ങളെയും മറക്കുന്ന ഇന്നത്തെ യുഗത്തിൽ, അനശ്വര പ്രണയത്തിന്റെ പ്രതീകമായി ഓരോ ചൂളം വിളിക്കും കാതോർത്തു, കാലം പോകുന്നതറിയാതെ ഇന്നും തന്റെ പ്രിയതമനു വേണ്ടി കാത്തിരിക്കുന്ന പ്രിയദർശിനി ടീച്ചർക്ക് വേണ്ടി ഈ കഥ സമർപ്പിക്കുന്നു..!!
Shyna

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക