Slider

ഇളന്നി.

0
ഇളന്നി.
............
തേങ്ങ വലിക്കാൻ ചേന്നേട്ടന് സുഖല്ലാത്തോണ്ട് അന്ന് നാണുക്കുട്ടി ഏട്ടനാണ് വന്നത്. എനിക്ക് നല്ല സന്തോഷം തോന്നാതിരുന്നില്ല..കാരണമുണ്ട് .. നാണുക്കുട്ടി ഏട്ടനാണേൽ ഉള്ളിൽ വെള്ള കാമ്പ് ഊറി വരുന്ന പാകത്തിലുള്ള മധുരമുള്ള ഇളന്നി നോക്കി വെട്ടി തരും.. മൂപ്പരുടെ മൂർച്ചയുള്ള തിളങ്ങുന്ന കൊടുവാളു കൊണ്ട് ഇളന്നി ചെത്തുന്നത് ഒരു ഉഷാർ കാഴ്ച തന്നെയാണ്. വെള്ളം കുടിച്ച് കഴിഞ്ഞാൽ ബാക്കി ഭാഗം നെടുകെ പിളർന്ന് തൊണ്ട് ഒരു സ്പൂൺ പോലെ ആക്കി തരും.. മധുരമുള്ള ഇളം കാമ്പ് കോരി തിന്നാനാണത്. ഈ രുചി ആലോചിച്ച് നാവിൽ വെള്ളമൂറി തേങ്ങ പെറുക്കി കൂട്ടാനെന്ന വ്യാജേന ഞാൻ അവിടേം ഇവിടേം ഒക്കെ ചുറ്റി പറ്റി നിന്നു.
കുണ്ടാ.. ആ കൊതുമ്പും ഓലേം ഒക്കെ അപ്പറത്തേക്ക് മാറ്റിയിടണം ട്ടൊ... ഇത്താത്ത ആണ്... വല്ല്യ ആളാവാൻ വന്നതാണ്.. ഞാൻ മൈൻഡാക്കീല..ഓളെ നോക്കി കൊഞ്ഞനം കാണിച്ചപ്പോൾ ദേഷ്യം പിടിച്ച് അകത്തേക്ക് ചാടിത്തുള്ളി കയറിപ്പോയി.
നാണുക്കുട്ടി ഏട്ടൻ മുള കൊണ്ടുള്ള ഏണി ചാരി വെച്ച് തെങ്ങിൽ കയറാൻ തുടങ്ങി. പകുതി വരെയെ ഏണി ഉള്ളൂ.. ബാക്കി തളപ്പിട്ട് കയറണം.. ഒരിക്കൽ അങ്ങനെ കയറാൻ നോക്കി എന്റെ നെഞ്ചിലെ തോല് പോയതാലോചിച്ചപ്പോൾ ചിരി വന്നു. ഇന്നലെ മുഴുവൻ മഴയായതോണ്ട് തെങ്ങിൽ നല്ല വഴുക്കലുണ്ട്.നാണുക്കുട്ടി ഏട്ടൻ 8 പാക്ക് ആണെന്ന് തോന്നുന്നു.. നല്ല വഴങ്ങുന്ന മേലാണ്.. പക്ഷേ റാക്ക് കുടിക്കും.. അതെനിക്ക് ഇഷ്ടമല്ലായിരുന്നു..
കുറച്ച് തെങ്ങുകൾ കയറിക്കഴിഞ്ഞു.. ഓലയും തേങ്ങയുമൊക്കെ ഞാൻ മാറ്റിയിട്ടു.. ഇടക്ക് എനിക്ക് വേണ്ടി പാകമുള്ള ഇളന്നിയും വലിച്ച് ഇട്ടിരുന്നു... അത് പ്രത്യേകം എടുത്ത് ഒളിപ്പിച്ച് വെച്ചു.. എല്ലാ തെങ്ങും കയറിക്കഴിഞ്ഞ് വേണം നാണുക്കുട്ടി ഏട്ടനെ കൊണ്ട് വെട്ടിപ്പിക്കാൻ..
ഇനി കയറാനുള്ളത് വലിയൊരു കൊന്ന തെങ്ങിലാണ്... അതിൽ കാര്യമായി തേങ്ങയൊന്നുമില്ല.. ചേന്നേട്ടനാണേൽ ഒഴിവാക്കിയിടും... നാണുക്കുട്ടി എട്ടൻ ഒന്നും നോക്കാതെ വലിഞ്ഞ് കയറാൻ തുടങ്ങി.. ഏറ്റവും മുകളിലെത്തിക്കാണും.. പെട്ടെന്നാണ്...മൂപ്പർ ഒരു പിടിത്തവും കിട്ടാതെ വായുവിലൂടെ താഴേക്ക്... ഒരു നിലവിളി എന്റെ തൊണ്ടയിൽ കുരുങ്ങിപ്പോയി.. ആരൊക്കോ ഓടി വരുന്നതും തൊട്ടു നോക്കി എല്ലാം കഴിഞ്ഞെന്നു പറയുന്നതും ധൃതിയിൽ എടുത്ത് വണ്ടിയിൽ കൊണ്ട് പോവുന്നതുമൊക്കെ ഒരു മരവിപ്പിൽ കാണുന്നുണ്ടായിരുന്നു..
അന്ന് എടുത്തു വെച്ച ഇളന്നി പിന്നീട് തിരിഞ്ഞ് നോക്കാൻ തോന്നിയില്ല... മാസങ്ങൾ അങ്ങനെ തന്നെ ഇരുന്ന് പുറം തോട് ചുളിഞ്ഞ് അത് നശിച്ചു പോയി.. നോവുന്ന ഓർമ്മകൾ മാത്രം ബാക്കി വെച്ച് കൊണ്ട്...
- യൂനുസ് മുഹമ്മദ്.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo