Slider

നിന്നെയും തേടി - part 1

0
"അമ്മേ ഞാനിറങ്ങുവാ" അകത്തേക്ക് നോക്കി പറഞ്ഞിട്ട് പാർവ്വതി മുറ്റത്തേക്കിറങ്ങി.മഞ്ഞക്കരയുള്ള ചുവന്ന സാരിയാണ് വേഷം.തോളിൽ ബാഗും കയ്യിൽ ഒരു കുടയുമുണ്ട്. താഴേക്കുള്ള പടികളിറങ്ങാൻ തുടങ്ങുമ്പോഴാണ് പോസ്റ്റുമാൻ നാണുച്ചേട്ടൻ വരുന്നത് കണ്ടത്. അവൾ ചിരിച്ചു.പക്ഷേ നാണുച്ചേട്ടന്റേ മുഖത്ത് പതിവുപോലെ ആ ചിരി തെളിഞ്ഞില്ല.
"എന്താ നാണുവേട്ടാ സുഖമില്ലേ? മുഖത്തൊരു സന്തോഷമില്ലല്ലോ? അവൾ തിരക്കി."
"നാണുവേട്ടൻ ഒരുപാടുതവണ ഇവിടെ വന്നിട്ടുണ്ട്.പക്ഷേ മോൾക്കൊരു കത്തു തരാൻ വേണ്ടി ആദ്യമായിട്ടാ ഈ പടി ചവിട്ട്ണത് ". അദ്ദേഹം അവളുടേ മുഖത്തേക്ക് നോക്കി.ചെറിയൊരു അമ്പരപ്പ് അയാളുടെ മുഖത്ത് അവൾ കണ്ടു.അവൾക്കും അമ്പരപ്പ് തോന്നി.
" എനിക്ക് കത്തൊ! നോക്കട്ടെ. ആരാപ്പോ എനിക്ക് കത്തയക്കാൻ?". അവൾ കെെ നീട്ടി.നാണുചേട്ടൻ കത്തവൾക്ക് നൽകി.
കവറിന്റേ പുറത്ത് നല്ല ഭംഗിയിൽ തന്റേ അഡ്രസ്സ്. പാർവ്വതി എന്നുള്ളത് ഒരു പ്രത്യേക രീതിയിലാണ് എഴുതിയിരിക്കുന്നത്. പക്ഷേ മറുഭാഗത്ത് എഴുതിയ ആളുടെ അഡ്രസ്സില്ല. സംസാരം കേട്ട് ശാരദാമ്മയും പുറത്ത് വന്ന് നോക്കി. കത്ത് കണ്ട അവർ ചോദിച്ചു
"ആരുടേയാ മോളെ കത്ത്?"
"ആ...എനിക്കറിയില്ല" അവൾ കെെ മലർത്തി
"പൊട്ടിച്ച് നോക്ക് ".അമ്മക്ക് ധൃതിയായി.
അവൾ കവർ പൊളിച്ചു മെല്ലെ വായിക്കാൻ തുടങ്ങി.
.....................................................................................
4. 9. 1998
സ്ഥലം: .....................
ഒരുപാട് സ്നേഹത്തോടെ എന്റെ പാറുകുട്ടിക്ക്,
ഞാനങ്ങനെ തന്നെ വിളിച്ചോട്ടെ? എന്നെ ഒാർമ്മയുണ്ടോ? ഒരുപപാട് വർഷങ്ങൾക്കിപ്പുറം നിന്നേ നേരിൽ കാണണം എന്ന് തോന്നി. പിന്നെ തോന്നി നിനക്കൊരു സർപ്രെെസാവട്ടെ എന്ന്.കൂടുതൽ വിവരങ്ങൾ അടുത്ത കത്തിൽ.
എന്ന്
സ്വന്തം
* * * * * *
....................................................................................
പാർവ്വതി കത്ത് തിരിച്ചും മറിച്ചും നോക്കി.അവൾക്കൊന്നും മനസ്സിലായില്ല. നാണുച്ചേട്ടനും ശാരദാമ്മയും അവളെ തന്നെ നോക്കി നിൽക്കുന്നു.
"ഇതിൽ പേരൊന്നുമില്ലമ്മേ. ഏതോ പൂവാലന്മാരായിരിക്കും".
അവൾ ആശങ്കയോടെ വഴിയിലേക്കിറങ്ങി നടന്നു.ഓഫീസിലെത്തിയത് യാന്ത്രികമായിട്ടായിരുന്നു.സ്വന്തം സീറ്റിലെത്തി വെറുതെ ചാരിയിരുന്നു.മനസ്സുമുഴുവൻ ആ കത്തായിരുന്നു.ആരാണത് എഴുതിയത്?ഒരുപക്ഷേ വല്ല വായ്നോക്കികളും ആവും എന്ന് മനസ്സിനെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും മനസ്സിനെ പിടിച്ചു നിർത്താൻ അവൾ പാടുപെട്ടു.
"എന്താ ഇന്ന് ഒപ്പിടുന്നില്ലേ? മൂഡോഫിലാണല്ലോ?"
സഹപ്രവർത്തക രമയുടെ ചോദ്യമാണ് അവളേ ചിന്തയിൽ നിന്നുണർത്തിയത്.അവളൊന്നു ചിരിച്ചെന്നു വരുത്തി ഓഫീസിലേക്ക് പോയി.
"ഗുഡ് മോണിങ്ങ് സാർ"
"ഗുഡ് മോണിങ്ങ് "
അദ്ദേഹം രജിസ്റ്റർ മുന്നിലേക്ക് നീക്കി വെച്ചു. അവൾ ഒപ്പ് വെച്ചു വേഗം തിരിഞ്ഞു നടന്നു. അൽപസമയത്തിന് ശേഷം പാർവ്വതിയോട് ഓഫീസിലേക്ക് ചെല്ലാൻ വർഗീസ് ചേട്ടൻ വന്നു പറഞ്ഞു. പാർവ്വതി നേരേ ഓഫീസിലേക്ക് നടന്നു.
"എന്താ ടെെപ്പ് ചെയ്യാനുള്ള പേപ്പേഴ്സ് എടുക്കാതെ പോയത്"
"സോറി സാർ". അവൾ പേപ്പേഴ്സുമായി മേശക്കരികിലേക്ക് പോയി. പതുക്കെ ടെെപ്പ് ചെയ്യാൻ തുടങ്ങി. രമയോടൊപ്പം ഉച്ച ഭക്ഷണം കഴിച്ച് ടെെപ്പ് ചെയ്യൽ തുടർന്നു.
"എന്തായിത് ഇതുവരെ കഴിഞ്ഞില്ലേ. നേരം നാലു മണിയായി.എന്താ സ്വപ്നം കണ്ടിരിക്കുകയാണോ? ഇതിനാണോ ഓഫീസിൽ വന്നത്?" മാനേജറുടെ ചോദ്യം കേട്ടവൾ ഞെട്ടി.
"സോറി സർ" .അവൾ എഴുന്നേറ്റ് നിന്നു പറഞ്ഞു.
"എന്ത് സോറി . "നാളേ ഉച്ചക്ക് മുമ്പ് ഇതെല്ലാം എനിക്ക് കംപ്ലീറ്റ് ചെയ്ത് കിട്ടണം.മനസ്സിലായോ?"
" ഉവ്വ് സാർ" അവൾ പതുക്കെ തലതാഴ്ത്തി പറഞ്ഞു.
മാനേജർ കാബിനുള്ളിലേക്ക് പോയത് കണ്ട് രമ അവൾക്കരികിലെത്തി.
"എന്തുപറ്റി പാർവ്വതീ. ജയകൃഷ്ണൻ സാറിന് ഇതുവരെ നിന്നോട് ദേഷ്യപ്പെടേണ്ട ആവശ്യം വന്നിട്ടില്ലല്ലോ? രാവിലെ മുതൽ ഞാൻ ശ്രദ്ധിക്കുന്നതാ.അമ്മക്കെന്തെങ്കിലും?" രമ തിരക്കി.
"ഏയ് ഒന്നുമില്ല ". അവൾ ഒഴിഞ്ഞു മാറി.വെറുമൊരു ഊമകത്തിനുവേണ്ടി താനിങ്ങനെ തളരാൻ പാടില്ല..... പഴയപോലെ സജീവമാവാൻ അവൾ തീരുമാനിച്ചു.
നാലു നാളുകൾക്ക് ശേഷം നാണുചേട്ടൻ വീണ്ടും പടികടന്നെത്തി.
"മോളേ ഇന്നും കത്തുണ്ട്. ഊരും പേരുമില്ല".
വന്നപാടെ നാണുചേട്ടൻ കത്ത് പാർവ്വതിക്ക് നേരേ നീട്ടി. ഓഫീസ് അവധിയായതിനാൽ ചെടികൾക്ക് വെള്ളമൊഴിക്കുകയായിരുന്നു അവൾ. ഇളം നീല കളറുള്ള ചുരിദാറാണ് വേഷം. മുടി പിന്നിൽ ചുറ്റി കെട്ടി വച്ചിട്ടുണ്ട്. കത്ത് തുറന്ന് വായിക്കുന്നത് പ്രതീക്ഷിച്ചിരുന്ന നാണുചേട്ടനെ നിരാശനാക്കികൊണ്ട് അവൾ അകത്തേക്ക് പോയി....വീണ്ടുമൊന്ന് എത്തിനോക്കിയ ശേഷം നാണുചേട്ടൻ തിരിഞ്ഞു നടന്നു. അവൾ സ്വന്തം റൂമിലെത്തി.ശബ്ദമുണ്ടാക്കാതെ വാതിലിന്റേ ബോൾട്ടിട്ടു. മെല്ലെ കവർ പൊളിച്ചു.
.....................................................................................
ഒത്തിരി ഇഷ്ടത്തേടെ പാറുകുട്ടിക്ക് ,
രണ്ടു വർഷമായി ഞാൻ നിന്നെ
തിരയുന്നു.യാദൃശ്ചികമായാണ് എൽ.പി സ്കൂളിൽ നമ്മുടെ അദ്ധ്യാപികയായിരുന്ന വിലാസിനി ടീച്ചറെ കണ്ടു മുട്ടുന്നത്.അവർ നിന്റേ അമ്മയുടെ ബന്ധുവാണെന്ന് നേരിയ ഓർമ്മയുണ്ട്.എന്റെ ഭാഗ്യത്തിന് നിന്നെ കുറിച്ച് ചെറിയ തുമ്പ് കിട്ടി.ടെെപ്പ് റെെറ്റിങ്ങ് ചെയ്യുന്ന ഓഫീസ് അങ്ങനെ കണ്ടെത്തി.നീയറിയാതെ ഞാൻ നിന്നെ പിന്തുടർന്ന് വീടും കണ്ടുപിടിച്ചു.
ഞാൻ നിന്നരികിലെത്തി.ബാക്കി അടുത്ത കത്തിൽ.
എന്ന്
സ്വന്തം
******
....................................................................................
....തുടരും....
(മുബശ്ശിറ കെ.വി)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo