നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ബിരിയാണി.......!!!!!!!


ബിരിയാണി.......!!!!!!!
ഉച്ചയൂണിന്റെ സമയത്താണ് അവൻ എന്നോടത് ചോദിച്ചത്
"ഡാ നിനക്ക് പാലക്കാട് ൽ വച്ചേറ്റവും നല്ല ബിരിയാണി കഴിക്കണോ?? "
ചോദ്യം കേട്ട് ഞാൻ ഒന്ന് ആലോചിച്ചു . സംശയമില്ല ബിരിയാണി എന്റെ ഇഷ്ട ഭക്ഷണങ്ങളിൽ ഒന്നാണ്. പക്ഷെ എന്നെ ആലോചിപ്പിച്ചത് അതല്ല.
പൊതുവെ സാമൂഹിക പ്രതിബദ്ധത സ്വഭാവം ഉള്ളവനാ കക്ഷി , അവൻ എന്ത് ചെയുന്നുവെങ്കിലും അതിലൊരു മനുഷ്യ സ്നേഹം ഒളിഞ്ഞു കിടപ്പുണ്ടാകും , അല്ലെങ്കിൽ ഉപദേശം ആണ് പതിവ് . ആ അവൻ എന്നോട് ബിരിയാണി കഴിക്കണോ എന്ന് ചോദിക്കുന്നു. അതും പാലക്കാട് ൽ വച്ചേറ്റവും സ്വാദുള്ള ബിരിയാണി.
"പഹയന്റെ ഉള്ളിലിരുപ്പ് എന്താണാവോ ദൈവമേ?" എന്ന് ഞാൻ മനസ്സിൽ കരുതി.
പക്ഷെ ബിരിയാണിക്കു മുമ്പിൽ ഞാൻ വീണു.കൂടാതെ സമയം ഒരു മണി കഴിഞ്ഞു, വിശപ്പ് വയറിനെ തഴുകാൻ തുടങ്ങിയിരിക്കുന്നു. അവന്റെ ആ ഓഫർ ഞാൻ സ്വീകരിച്ചു.
" വാ പോകാം" അവൻ നടക്കാൻ തുടങ്ങി.
" ഡാ വണ്ടിയുണ്ട്, നമുക്കതിൽ പോകാം" ഞാൻ പറഞ്ഞത് അവൻ കേട്ട ഭാവമില്ല.
ബിരിയാണിയെ ഓർത്തു ഞാൻ അവന്റെ പിന്നാലെ വച്ചടിച്ചു. പഹയൻ ഒടുക്കത്തെ സ്പീഡിലാ നടത്തം , പതുക്കെ പോയാൽ ചിലപ്പോ ബിരിയാണി തീരുന്നതിനു മുമ്പ് അവിടെ എത്താനായില്ലേലോ. അത്രക്കും നല്ല ബിരിയാണി ആവുമ്പോ അതിനു ഡിമാണ്ടും കാണും.
ഞാനും അവന്റെ പിന്നാലെ വച്ചു പിടിച്ചു.
നടത്തം സ്പീഡ് കൂടുന്നതല്ലാതെ കുറയുന്നില്ല, കുറച്ചധികമായി നടത്തം എന്ന് തോന്നി തുടങ്ങി.
അതിനിടയിൽ അവൻ നല്ല റോഡ് ഉപേക്ഷിച്ചു കുറുക്കു വഴി പിടിച്ചിട്ടുണ്ട്. ഇതിനു മുമ്പ് ഇത് വഴി വന്നിട്ടില്ല. ഒട്ടും പരിചയമില്ലാത്ത സ്ഥലം. ഒരുപാട് നേരം നടത്തം തുടർന്നു , എന്റെ ക്ഷമ നശിച്ചു തുടങ്ങി.
" ഡാ, നീ എവിടേക്കാണ് ഈ ഉണ്ട പായുന്നപോലെ പോകുന്നതെന്നു പറ?"
ഞാൻ ഈ പറഞ്ഞതും അവൻ കേട്ടിട്ടേ ഇല്ല. എന്തായാലും ഇതുവരെ ആയി ഇനി കുറച്ചു കൂടി ഉണ്ടാവും . കുറച്ചു കഷ്ടപെട്ടാൽ എന്താ നല്ല ബിരിയാണി കഴിക്കാമല്ലോ . മനസ്സിനെ അത് പറഞ്ഞു ആശ്വസിപ്പിച്ചു.
പെട്ടന്ന് അവനൊന്നു നിന്നു.
"ഹാവൂ , എത്തി"
പക്ഷെ മുമ്പിൽ ഒന്നും കാണാൻ ഇല്ല. വെറും ഒരു മൊട്ട കുന്ന്.
" ഡാ ഇവിടെ ഹോട്ടൽ എവിടെ???ബിരിയാണി ? "
എന്റെ ചോദ്യത്തിൽ കുറച്ചു ദേഷ്യം ഉണ്ടായിരുന്നു. ആ തെണ്ടി അത് മനസിലാക്കിയിട്ടു തന്നെ ചിരിച്ചു കൊണ്ട് പറഞ്ഞു ,
" നിനക്ക് ഏറ്റവും നല്ല ബിരിയാണി കഴിക്കണോ? "
എനിക്ക് ദേഷ്യം വന്നു
"ബിരിയാണി കഴിക്കാൻ അല്ലെടാ ഇത്ര ദൂരം നടന്നു ഞാൻ നിന്നോടൊപ്പം വന്നത്? പോരാത്തതിന് ഇപ്പോ ഒരു ആനയെ തിന്നാൻ ഉള്ള വിശപ്പുണ്ട്"
അവനു വീണ്ടും ചിരി.
"ബിരിയാണി എങ്ങാനും നല്ലതലായിരിക്കണം അപ്പോ നിനക്ക് ഞാൻ കാണിച്ചു തരുന്നുണ്ട്. അപ്പോ കാണാം ചിരി എന്താണെന്നു"
അവൻ ഒരു കള്ള ചിരിയോട് കൂടെ പറഞ്ഞു,
" ദാ, ഈ കുന്നു കയറിയാൽ നിനക്ക് ഏറ്റവും നല്ല ബിരിയാണി കഴിക്കാൻ പറ്റും"
"ഈ കുന്നോ???"
ഞാൻ ആദ്യമേ ചിന്തിക്കണ്ടിയിരുന്നു ഈ തെണ്ടി ചുമ്മാതങ്ങു ഒന്നും പറയില്ല, ഇതിനു പിന്നിൽ വേറെയെന്തോ ഉണ്ടാവും എന്ന്. ഇത്രയധികം നടത്തിപ്പിച്ചതും പോരാ അവനിനിയെന്നെ ഈ കുന്നു കൂടി കയറ്റണം. പ്രകാശേട്ടന്റെ കടയിൽ നല്ല ഊണും മീൻ പൊരിച്ചതും ഉണ്ടാവും , അത് കഴിച്ചിരുന്നാൽ മതിയാർന്നു വെറുതെ ഈ തെണ്ടിക്കൊപ്പം ഇറങ്ങി തിരിച്ചു. ഇനി തിരിച്ചു പോയി അത് കഴിക്കാം എന്നാണേൽ ഇപ്പൊ തന്നെ വിശന്ന് പൊരിഞ്ഞു, ഇനി ഈ നടന്ന ദൂരമോർക്കുമ്പോൾ ഈ കുന്നു കയറുന്നത്‌ എളുപ്പമാണ് , പോരാത്തതിന് ബിരിയാണിയും കഴിക്കാം.
" അപ്പൊ എങ്ങനാ , കഴിക്കേണ്ടേ???"
" ഡാ തെണ്ടി നിനക്ക് ഞാൻ വച്ചിട്ടുണ്ട്. നീ നടക്ക്"
നട്ടുച്ച വെയിലത്തു അതും ഒരു ആനയെ തിന്നാൻ ഉള്ള വിശപ്പും വച്ച് ഞാൻ ആ കുന്നു കയറി, കൂട്ടുകാരനെ ശപിച്ചുകൊണ്ട്.
അവിടെ കടയൊന്നും കാണാൻ ഇല്ല. ആകെ ഉള്ളത് ഒരു ഓല മേഞ്ഞ കുടിലാണ് . ഇനി ഇതാണോ ഇവൻ പറഞ്ഞ കട. ഇവിടെയാണോ ഏറ്റവും നല്ല ബിരിയാണി ഉള്ളത്. കടയുടെ അടുത്തെത്തിയപ്പോൾ അപ്പുറത്തായി താഴെ നല്ല റോഡ് പോകുന്നു.
അപ്പൊ ഈ തെണ്ടി എന്നെ മനഃപൂർവം നടത്തിപ്പിച്ചതാണ്. ബിരിയാണി കഴിച്ചങ്ങു എത്തിക്കോട്ടെ ഇതിനെല്ലാം കൂടി അവനു ഞാൻ കൊടുക്കുന്നുണ്ട്
"കുമാരേട്ടാ ഒരു ബിരിയാണി, ഒരു ഊണ്"
ങേ??? ഊണു കഴിക്കാൻ ആണോ ഇവനീ ദൂരം നടന്നത്.?
"നോക്കണ്ടടാ എനിക്ക് ഊണ് മതി"
അപ്പോഴും അവന്റെ മുഖത്തു ഒരു കള്ള ചിരിയുണ്ടായിരുന്നു. കുറച്ചു നേരത്തെ കാത്തിരിപ്പിനൊടുവിൽ കുമാരേട്ടൻ ബിരിയാണിയും കൊണ്ട് വന്നു. പറയാതെ വയ്യ. അതിന്റെ മണം തന്നെ മതി അത് നല്ല സ്വാദുള്ള ബിരിയാണി ആണെന്ന് മനസ്സിലാക്കാൻ. ആദ്യത്തെ ഉരുള കഴിച്ചതും എന്റെ മുഖത്തു മാറിമറഞ്ഞ ഭാവങ്ങൾ കണ്ടിട്ടാവണം ആ തെണ്ടി ഉറക്കെ ചിരി തുടങ്ങി. ഞാൻ അതൊന്നും കാര്യമാക്കിയില്ല. വിശപ്പ് എന്നെ അന്ധനാക്കിയിരുന്നു ഇതിനോടകം. ഒന്നും നോക്കാതെ വാരി വലിച്ചു ഞാൻ അത് തിന്നു. കഴിഞ്ഞപ്പോൾ വീണ്ടും ആവശ്യപ്പെട്ടു, കുമാരേട്ടൻ സന്തോഷപൂർവം എന്റെ ഇലയിലേക്ക് ബിരിയാണി വീണ്ടും വിളമ്പി. അതും നിമിഷ നേരം കൊണ്ട് ഞാൻ കാലിയാക്കി. നല്ലൊരു ഏമ്പക്കവും വിട്ടു, ഒരു ഗ്ലാസ് വെള്ളവും കുടിച്ചു. എന്തെന്നില്ലാത്ത ആത്മ സംതൃപ്‌തി . കൂട്ടുകാരൻ കഴിച്ചു തുടങ്ങിയതെ ഉള്ളു. ഞാൻ ആർത്തിയോടെ കഴിക്കുന്നത് നോക്കിയിരിക്കുകയായിരുന്നു അവൻ.
"നോക്കി ചിരിക്കാതെ കഴിക്കടാ"
ഉള്ളിൽ ചിരിച്ചു കൊണ്ട് അവൻ കഴിക്കാൻ തുടങ്ങി. ആ ചിരിയുടെ പുറകിൽ പറയാതെ ഒളിച്ചു വച്ച എന്തോ ഒന്നുള്ളതായി എനിക്ക് തോന്നി.
കുമാരേട്ടനോട് കഴിച്ചതിനു എത്രയായി എന്ന് ചോദിച്ചു. നിഷ്കളങ്കനായ അയാൾ പറഞ്ഞു,
"ഊണിനു 20 , ബിരിയാണി കു 30 , ആകെ മൊത്തം 50"
ഞാൻ അന്തം വിട്ടു നിന്ന് പോയി. പറയാതെ വയ്യ . ഞാൻ കഴിച്ചതിൽ വച്ചേറ്റവും നല്ല ബിരിയാണി തന്നെ ആയിരുന്നു അത്. അതിനു വെറും 30 രൂപയോ? പേഴ്‌സ് തുറന്ന് അതിലെ 100 ന്റെ നോട്ട് മനഃപൂർവം കണ്ടില്ലെന്ന് നടിച്ചു 500 ന്റെ നോട്ട് എടുത്ത് കുമാരേട്ടന് കൊടുത്തു.
"അയ്യോ , കുഞ്ഞേ ചില്ലറ തരാൻ ഇല്ല, കുഞ്ഞു അടുത്ത തവണ വരുകയാണേൽ ചേർത്ത് തന്നാൽ മതി. കുമാരേട്ടൻ ഇവിടെ തന്നെയുണ്ട്"
നിഷ്കളങ്കമായ ആ മനുഷ്യന്റെ സംസാരം എന്നെ കൂടുതൽ വിസ്മയിപ്പിച്ചു.
"കുഴപ്പമില്ല കുമാരേട്ടാ, ഞാൻ ഇനിയും വരും , കുമാരേട്ടന്റെ ബിരിയാണി കഴിക്കാൻ , അപ്പൊ നമുക്ക് ഈ 500 ൽ നിന്നും കുറയ്ക്കാം, ഇത് കുമാരേട്ടൻ വച്ചോ."
അയാളുടെ മുഖത്തു നന്ദിയും വാത്സല്യവും കൂടി ചേർന്ന ഒരു ഭാവം നിഴലിച്ചു.
കൂട്ടുകാരൻ കഴിച്ചിറങ്ങി .
"എന്നാൽ പിന്നെ പോകല്ലേ??? "
ഞാൻ വന്ന വഴിയേ തിരിച്ചു നടക്കാൻ തുടങ്ങി . അവൻ
"എങ്ങോട്ടാ??? ഇതിലെ പോകാം പെട്ടെന്നു എത്തും"
"തെണ്ടീ, എന്നാൽ പിന്നെ വരുമ്പോളും ഇത് വഴി വന്നാൽ പോരാർനോ??"
"ഹാഹാ , നീ അല്ലേ പറഞ്ഞത് ഏറ്റവും സ്വാദുള്ള ബിരിയാണി കഴിക്കണം എന്ന് അതോണ്ടാണ് അത് വഴി വന്നത്."
ഇവൻ എന്നെ മണ്ടനാക്കുകയാണോ
"ഡാ, പൊട്ടാ വഴി ഏതായാലും ഇവിടെ തന്നെ അല്ലെ എത്തുന്നത്??, കഴിക്കുന്ന ബിരിയാണി മാറുന്നില്ല ലോ"
അവന്റെ മറുപടി വളരെ വിചിത്രമായിരുന്നു.
"ലോകത്തിൽ വച്ചേറ്റവും സ്വാദുള്ള ഭക്ഷണം ഏതാണെന്ന് അറിയുമോ നിനക്ക്? അത് മനുഷ്യന്റെ വിശപ്പ് ആണ്. വിശപ്പുള്ളപ്പോൾ ഏതൊരു ഭക്ഷണവും സ്വാദുള്ളതായി അനുഭവപ്പെടും, കുറ്റം പറയാൻ ഇല്ലാത്ത ഒരു നല്ല ബിരിയാണി കഴിച്ചപ്പോൾ നിനക്ക് അത് നീ കഴിച്ചതിൽ ഏറ്റവും മികച്ച ബിരിയാണി ആയി തോന്നിയതിനു കാരണവും അതാണ്"
എന്റെ ചിന്ത എവിടെയൊക്കെയോ ഓടി നടന്നു.
"അതെ ഏറ്റവും സ്വാദുള്ളത് മനുഷ്യന്റെ വിശപ്പിനാണ്, ആ സത്യമാണ് അവനെനിക്കു മനസ്സിലാക്കി തന്നത്"
അവനത് വേണമെങ്കിൽ അവിടിരുന്നും പറയാമായിരുന്നു. പക്ഷെ അവന്റെ മറ്റ് ഉപദേശങ്ങൾ കേട്ട് മറക്കുന്നത് പോലെ അതും ഞാൻ മറന്നേനെ , വിശപ്പ് എന്താണെന്ന് മനസിലാക്കി തന്നു അവൻ, വിശക്കുമ്പോൾ കഴിക്കുന്നതെന്തും സ്വാദേറിയതാണ് എന്ന് അവൻ മനസിലാക്കി തന്നു.
അതെ വിശപ്പ്‌ ആണ് ലോകത്തിൽ വച്ചേറ്റവും സ്വാദേറിയത്.
അവൻ തുടർന്നു .
"നിനക്കറിയോ, ഇത് ഞാൻ മനസ്സിലാക്കാൻ ഉണ്ടായ സാഹചര്യം??"
മറുപടിക്ക് കാത്തു നിൽക്കാതെ അവൻ തുടർന്നു
" ഒരു ട്രെയിൻ യാത്രക്കിടെ ഞാൻ ഒരു സ്റ്റേഷൻ ൽ നിന്നും ഇഡ്‌ലിയും വടയും വാങ്ങിച്ചു, കൂടെ ചട്ടിണിയും ഉണ്ടായിരുന്നു. ചട്ടിണി നന്നേ പുളിച്ചിരുന്നു, വായിൽ വയ്ക്കാൻ കൊള്ളാത്ത വിധം , ഛർദിക്കാൻ വന്നു. ആ ഭക്ഷണം എന്നെ അലോസരപെടുത്തി . ഞാൻ അത് കളയുവാനായി ജനാല തുറന്നു. എല്ലും തോലും മാത്രം അവശേഷിക്കുന്ന കാഴ്ച്ചയിൽ വികൃതം ആയ ഒരു രൂപം എന്റെ നേരെ കൈ നീട്ടി , ഭക്ഷണത്തിലേക്കും എന്റെ മുഖത്തേക്കുമായി മാറി മാറി നോക്കി. എന്റെ കയ്യിൽ ഉള്ളത് കേടു വന്ന ഭക്ഷണം ആയതോണ്ടു ഞാൻ മടിച്ചു. പക്ഷെ ആ ദയനീയമായ മുഖം എന്നെ തന്നെ നോക്കികൊണ്ടിരിക്കുന്നു , പോക്കറ്റ് ൽ നിന്നും ഒരു 10രൂപ നോട്ട് ഞാൻ എടുത്ത് കൊടുത്തു , ആ മനുഷ്യൻ അത് വാങ്ങി ,പക്ഷെ അത് കിട്ടിയിട്ടും അയാൾ പോകുന്നില്ല , ഇപ്പോളും എന്റെ മുഖത്തേക്കും ഭക്ഷണത്തിലേക്കും മാറി മാറി അയാൾ നോക്കികൊണ്ടിരിക്കുകയാണ് . വേറെ നിവർത്തിയില്ലാതെ ഞാൻ എന്റെ കയ്യിൽ ഉള്ള ഭക്ഷണത്തെ അയാൾക്ക്‌ വച്ച് നീട്ടി . അയാൾ അത് വാങ്ങിച്ചു ഒരു ഒഴിഞ്ഞ സ്ഥലത്തു പോയിരുന്നു ആർത്തിയോടെ കഴിക്കാൻ തുടങ്ങി. കുറച്ചു നേരം മുമ്പ് ഞാൻ ഇറക്കാൻ പ്രയാസപ്പെട്ട അതേ ഭക്ഷണം അയാൾ ഒട്ടും ഭാവ വ്യത്യാസമില്ലാതെ കഴിക്കുന്നു അതും ആർത്തിയോടെ. നിമിഷ നേരം കൊണ്ട് അയാൾ അത് മുഴുവനും കഴിച്ചു. ഏതു ഭക്ഷണമാണോ കേടു വന്നു എന്ന് വിചാരിച്ചു ഞാൻ വലിച്ചെറിയാൻ നിന്നത് അതേ ഭക്ഷണത്തെ ആണ് അയാൾ ഒട്ടും സങ്കോചമില്ലാതെ കഴിച്ചു തീർത്തത്. എനിക്കറിയാവുന്നത് കേടായ ഭക്ഷണത്തിന്റെ ദൂക്ഷ്യ വശങ്ങൾ ആയിരുന്നുവെങ്കിൽ അയാൾക്ക് അറിയാവുന്നത് ഒന്ന് മാത്രം ആയിരുന്നു. വിശപ്പ്‌. അതിനു മുമ്പിൽ കേടായത് എന്നോ നല്ലതെന്നോ വേർതിരിച്ചു കാണാൻ അയാൾക്കറിയില്ലാർന്നു . അന്ന് ഞാൻ മനസ്സിലാക്കിയത് വിശപ്പ് ആണ് സത്യം , രുചി നാവിൽ അല്ല മനസ്സിൽ ആണെന്നുള്ളതാണ്. അത് അനുഭവിച്ചറിയണം എന്നെ ഞാൻ കരുതിയുള്ളൂ. ബുദ്ധിമുട്ടിച്ചതിൽ നീ എന്നോട് ക്ഷമിക്കുമെന്നു വിചാരിക്കുന്നു"
ഇത് കൂടി കേട്ടപ്പോൾ ചിന്തകളുടെ ഒരു മതിൽകെട്ടു എന്റെ മനസ്സിൽ ഉയർന്നു. എങ്കിലും അത് പുറത്തു കാണിക്കാതെ ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു
"കുമാരേട്ടന്റെ ബിരിയാണി കഴിക്കാൻ നമുക്ക് ഒന്നൂടെ പോണ്ടേ?? പാലക്കാട് ലെ ഏറ്റവും നല്ല ബിരിയാണി"
അത് പറയുമ്പോൾ എന്റെ മനസ്സും വയറും ഒരുപോലെ നിറഞ്ഞിരുന്നു

Vaishakh Sudevan

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot