നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കഴകം- ഒരമ്മയുടെ ഓർമ്മക്കുറിപ്പ്

ഈ കഥ പോസ്റ്റ് ചെയ്യാൻ ലോക വനിതാ ദിനമായ ഇന്നത്തേക്കാൾ നല്ല മറ്റൊരു ദിനം ഇല്ലെന്ന് തോന്നി.
കഴകം- ഒരമ്മയുടെ ഓർമ്മക്കുറിപ്പ്
******
“എന്താ നിങ്ങള്‍ എണീക്ക്യായില്ല്യെ. മണി മൂന്നര ആയില്ലോ.”
ഇത്ര പെട്ടന്ന് മൂന്നരയയോ.. ഒന്ന് മയങ്ങിയല്ലേ ഉള്ളൂ എന്ന് തോന്നി.
“എണീക്ക്യായ്, ഇന്നലെ രാത്രി ടിവീല് ഒരു സിനിമ കണ്ടിരുന്നു..കെടന്നപ്പോള്‍ പത്തരമണി ആയ്യിട്ടുണ്ടാര്‍ന്നൂ.”
“നിങ്ങടെ ഈ സിനിമ കാണല്‍ കാരണം എന്റെ ഒറക്കം കൂടി ശരിയായില്ല. അതേയ്, സിനിമ കാണണം ച്ചാല്‍ ഉച്ചക്ക് കണ്ടോളു ., ഇത്പ്പോ നിങ്ങളും ഉറങ്ങിണില്ല എന്നേം ഒറങ്ങാന്‍ സമ്മതിക്കിണില്ല്യ...”
“നിങ്ങള് കെടക്കണംച്ചാല്‍ കൊറച്ചും നേരം കൂടി കെടന്നോളൂ, ഞാന്‍ കുളിച്ച് മാല കെട്ടീട്ട് നിങ്ങള് എണീറ്റാ മതി..”
“ഇനിപ്പോ ഒറങ്ങാന്‍ പറ്റുംന്ന് തോന്നിണില്ല്യ.. ന്നാലും ഒന്ന് കെടക്കാം, എനിക്ക്പ്പോ എണീറ്റിട്ട് ഒന്നും ചെയ്യാന്‍ ഇല്ല്യല്ലോ... ന്തായാലും കുളിക്കാന്‍ അടുപ്പത്ത് വെള്ളം വെച്ചിട്ടുണ്ട്.. ഞാന്‍ എടുത്തു കുളിമൂറീല് വെച്ച് തരാം. നിങ്ങള് നല്ല ഒറക്കായിരുന്നു, അതാ അപ്പൊ വിളിക്കാഞ്ഞേ.”
“ങ്ങും.. ഞാന്‍ എണീറ്റൂ എന്തായാലും..”
പണ്ടൊന്നും ഭർത്താവിനെ ചേട്ടാ എന്ന് വിളിക്കുന്ന ഒരു ശീലം ഉണ്ടായിരുന്നില്ല. "അതേയ്, നോക്കൂ, പിന്നെയ്, നിങ്ങൾ " എന്നൊക്കെ ആണ് സംബോധന ചെയ്യാറുള്ളത്. പിന്നെ കുട്ടികളായതോടെ കുട്ട്യോൾടെ അച്ഛനെന്ന് വിളിക്കാൻ തുടങ്ങി.
ഒരിക്കൽ എഴുന്നേറ്റ് കഴിഞ്ഞാൽ കുട്ട്യോൾടെ അച്ഛന് ഒറങ്ങാന്‍ പറ്റില്ല്യ. നേരത്തെ എണീറ്റ്‌ പോയി അടുപ്പില്‍ തീ കൂട്ടും, വെള്ളം ചൂടാക്കും, പിന്നെ ചായക്ക് വെള്ളം വെക്കും. ഞാന്‍ മാല കെട്ടി കഴിഞ്ഞാല്‍ ഒരുമിച്ച് ഇരുന്നു കുടിക്കും. ഇത്പ്പോ അഞ്ച്പത്ത് കൊല്ലായില്ലേ ഇങ്ങിനെ. പണ്ട് അദ്ദേഹത്തിന് ആലുവയിൽ ജോലി ഉണ്ടായിരുന്നപ്പോഴും കാലത്ത് നാലു മണിയാവുമ്പോഴേക്കും എഴുന്നേറ്റ് ചോറും കൂട്ടാനും ഉപ്പേരിയും ഒക്കെ ഉണ്ടാക്കിക്കൊണ്ടു അഞ്ചരയാവുമ്പോഴെക്കും ജോലിക്ക് പോവ്വാന്‍ ഇറങ്ങാറുണ്ട്‌. അഥവാ ഞാൻ എഴുന്നേൽക്കാൻ വൈകിയാലും ആൾ എല്ലാം ചെയ്യും. ഇക്കണ്ടകാലമൊന്നും അടുക്കളയിൽ ഞാൻ ഒറ്റക്ക് ആയിട്ടില്ല.
മാറ്റാന്‍ ഉള്ള തുണി ഒക്കെ ആയി വന്നപ്പോഴേക്കും ചൂട് വെള്ളം കുളിമുറിയില്‍ കൊണ്ട് വെച്ചിട്ടുണ്ടായിരുന്നു.
വരാന്തയില്‍ നിന്നാണ് പുറത്തെ മുറിയിലേക്കുള്ള വാതില്‍. രാത്രി നിലത്ത് ഒരു പായ ഇട്ടാണ് ആള് കിടക്കുക. പുറത്ത് ആരെങ്കിലും വന്നാൽ വരാന്തയുടെ ഗ്രില്ലിൽ കൂടി കാണുകയും ചെയ്യും. മുൻപ് ഞാന്‍ അകത്തെ മുറിയിലായിരുന്നു കിടന്നിരുന്നത്, ഇപ്പൊ കുറച്ചു കാലമായിട്ട് നല്ല സുഖമില്ലാത്ത കാരണം ഞാനും ഉറക്കം പുറത്തെ മുറിയിലാണ് . എനിക്ക് നിലത്ത് കിടക്കാൻ പറ്റില്ല അതിനാൽ കട്ടിലിലാണ് കിടക്കാറുള്ളത്.
കുളി കഴിഞ്ഞ് വരാന്തയിൽ വന്നപ്പോഴേക്കും കുട്ടികളുടെ അച്ഛൻ അടുക്കളയില്‍ ചായ ഉണ്ടാക്കി വച്ച് വീണ്ടും വന്ന് പായയിൽ കിടന്നിരുന്നു. ഇനി കുറച്ച് യോഗാഭ്യാസം ചെയ്യും, കൊല്ലങ്ങളായുള്ള ശീലമാണ്.
തലേന്ന് വൈകുന്നേരം പറിച്ച് വെള്ളം തളിച്ച് വെച്ചിരുന്ന പൂക്കള്‍ ഒക്കെ ഒരു ന്യൂസ്‌പേപ്പറിന്റെ മുകളില്‍ പരത്തി. ചെമ്പരത്തിയും, നന്ദ്യാർവട്ടവും, തുളസിയും പിന്നെ മുറ്റത്ത് കൂവളത്തില്‍ നിന്നും പറിച്ച കൂവളത്തിന്റെ ഇലയും. ശിവന്റെ അമ്പലമായതിനാൽ കൂവളത്തിന്റെ ഇല വളരെ പ്രധാനമാണ്. പറിക്കാനാണ് പ്രയാസം. ഇപ്പൊ വലിയ ഒരു മരമായി, തോട്ടി കൊണ്ട് പറിക്കലാണ് പതിവ്.
തേവർക്ക് അകത്തേക്ക് ഒരു തിരൂടി മാല, ഒരു തൂക്കുമാല, പിന്നെ കൂവളത്തിന്റെ മാലയും, പുറത്ത് ഗണപതിക്കും, ശാസ്താവിനും, ഓരോ മാല വീതം, ഭഗവതിക്ക് തെച്ചിപ്പൂ അല്ലെങ്കിൽ ചെമ്പരത്തിപ്പൂവിന്റെ ഒരു മാല. ചെത്തിപ്പൂ ഉണ്ടെങ്കില്‍ മാല കാണാൻ, നല്ല ഭംഗി ഉണ്ടാവും. പക്ഷെ കിട്ടാനാണ് ബുദ്ധിമുട്ട്. ഇന്ന് നിറമാല ഒന്നുംല്ല്യ അല്ലെങ്കില്‍ അതിനും കുറെ പൂക്കള്‍ വേണം.
“നിങ്ങക്ക് വയസ്സായി എന്നൊരു വിചാരോം ഇല്ല്യ.. ഈ കഴകം മതിയാക്കിക്കൂടേ.. ശരിക്ക് ഒറക്കോം ഇല്ല്യ, മരുന്നുകള്‍ ആണെങ്കില്‍ ഇത്ര അധികോം, അതിന്റെ ക്ഷീണം വേറെ. ഇനി ഇതും കൊണ്ട് ഈ വഴിയൊക്കെ നടന്നു പോയി വരണ്ടേ...” പായയില്‍ കിടന്നു തന്നെ കുട്ട്യോൾടെ അച്ഛന്‍ പിറുപിറുക്കാന്‍ തുടങ്ങി.
കുറച്ച് ദിവസം മുൻപ് വല്ലാത്ത ക്ഷീണവും, മുഖം മുഴുവൻ നീരും വന്നിരുന്നു . ആദ്യം എന്തോ അലർജി ആണെന്നാണ് കരുതിയത്. കുറെ ടെസ്റ്റും ചെക്കപ്പും ഒക്കെ കഴിഞ്ഞപ്പോളാണ് അറിഞ്ഞത് തലച്ചോറിൽ ഒരു നേരിയ ബ്ലോക്ക് ഉണ്ടെന്ന്. അതിന് കുറേ മരുന്നുണ്ട്. അത് കഴിച്ചാൽ വല്ലാത്ത ക്ഷീണം ആണ്. എന്റെ ക്ഷീണം കണ്ടിട്ടാവും എന്നും പറയും ഈ കഴകം മതിയാക്കാൻ
“നിങ്ങളോട് ഞാന്‍ പറഞ്ഞില്ലേ വരണ്ടാണ്, ഞാന്‍ പതുക്കെ നടന്നു പോയി വരാം. കഴകം വേണ്ടാന്നു പറയാൻ എളുപ്പാണ്, വേറെ ആരാ ചെയ്യാ, പിന്നെ ഈ വയ്യായ്ക ഒക്കെ തേവര് നോക്കിക്കൊള്ളും..”
“ഇതാപ്പോ നന്നായത്, എനിക്ക് വരാന്‍ പറ്റില്ല്യാന്ന് പറഞ്ഞില്ല്യല്ലോ...നിങ്ങക്ക് വയ്യാണ്ടായീന്നാ പറഞ്ഞെ.. ആ സ്ട്രോക്കിന്റെ മരുന്നിന് ഭയങ്കര ശക്ത്യാണ്, പകുതി വയ്യായ്യ അതിന്റെ ആണ്.”
“എനിക്ക് അങ്ങിനെ ഒരു വയ്യായേം ഇല്ല്യ.. നിക്ക് നിങ്ങടെ കാര്യം ആലോചിച്ചിട്ടാ പേടി, കണ്ണും ശരിക്ക് കാണില്ല്യ ചെവിയും കേക്കില്ല്യ, എന്നാല്‍ ഇതൊന്നും സമ്മതിച്ചു തരൂല്ല്യ. എന്തായാലും തേവര്‍ സമ്മതിക്കണ കാലം വരെ ഞാന്‍ ഈ കഴകം തുടരും, അവിട്ന്നു കിട്ടണ പൈസക്ക് വേണ്ട്യല്ല, തൊരു സുഖാ.. നിങ്ങക്ക് അത് പറഞ്ഞാല്‍ മനസ്സിലാവില്ല്യ.”
“നിങ്ങള് നടക്കുമ്പോ കാണണം, ഏതോ ഒരു പടുകിളവി നടക്കണ പോലെ ആണ് നടക്കാ., വയസ്സായീന്നു ഒരു ചിന്ത ഇല്ല്യ, പിന്നെങ്ങിന്യാ...”
"മനുഷ്യനായ വയസ്സാവും ഇന്നല്ലെങ്കില് നാളെ, എന്നുവെച്ച് ഒന്നും ചെയ്യാണ്ടെ വീട്ടില് ചടഞ്ഞ് കൂടി ഇരിക്കാൻ എനിക്ക് പറ്റില്ല്യ. "
" നിങ്ങളോട് പറയണത് വെറുതെയാണ് ന്ന് അറിയാം, ന്നാലും പറഞ്ഞൂന്ന് മാത്രം "
“അതേയ് ഞാന്‍ ആലോചിക്ക്യാ, അടുത്ത പ്രാവശ്യം മോന്‍ വരുമ്പോള്‍ ഒരു പഴയ കാറ് വാങ്ങാന്‍ പറഞ്ഞാലോന്ന്.. ബാങ്കില്‍ പൈസ വെറുതെ ഇട്ടിട്ട് എന്തിനാ.”
“കഴിഞ്ഞ പ്രാവശ്യം വന്നപ്പോള്‍ അവന്‍ ചോദിച്ചതല്ലേ ഇവിടെ കാറ് വാങ്ങ്യാ ആരാ ഓടിക്ക്യാന്ന്.. അവര് കൊല്ലത്തില്‍ ഒരിക്കല് വരുമ്പോ ഓടിക്കാന്‍ ഒരു കാറ് വാങ്ങണോ.. ആൾക്കാര് പറയും ടീച്ചർക്ക് പ്രാന്താന്നു. കാറ് വാങ്ങ്യാ പിന്നെ ഡ്രൈവര്‍ വെക്കണം, പെട്രോൾ അടിക്കണം, റിപ്പയർ ചെയ്യണം, അതൊന്നും എന്നേക്കൊണ്ട് പറ്റില്ല്യ, കൂടാണ്ടേ ആരെങ്കിലും ചോദിച്ചാല്‍ കൊടുക്കാണ്ടിരിക്കാനും പറ്റൂല്ല്യ.. എന്തിനാ വെറുതെ ഓരോ പുതിയ പുലിവാലുകള് പിടിക്കണേ..”
“നിങ്ങക്ക് എല്ലാത്തിനും ഓരോ മുട്ടുന്യായണ്ട്. അതേയ്, മാല കെട്ടിക്കഴിഞ്ഞു, നിങ്ങള് എന്റെ കൂടെ വരുണ്ടോ അതോ ഞാന്‍ പോട്ടേ.”
“ഞാനെന്താ വരാണ്ടെ, ഞാന്‍ നിങ്ങളെ കാത്ത് കിടക്കല്ലേ ഞാന്‍ ചായ എടുത്ത് വരാം, നിങ്ങള്‍ തയ്യാറാവൂ അപ്പോഴേക്കും”.
ഇതും പറഞ്ഞു പായ മടക്കിവെച്ച് കുട്ട്യോൾടെ അച്ഛന്‍ അടുക്കളയിലേക്ക് പോയി.
ഞാന്‍ സാരി ചുറ്റി വന്നപ്പോഴേക്കും ചായ കുടിച്ചോണ്ട് ആള് തളത്തിൽ ഇരിക്കുണ്ടായിരുന്നു. ചായ കുടിച്ച് വീട് പൂട്ടി, കെട്ടി വെച്ച മാലയെടുത്ത് ഇറങ്ങുമ്പോഴേക്കും നേരം പരപരാ വെളുക്കാന്‍ തുടങ്ങി.
അങ്ങേര് പറഞ്ഞത് കാര്യാണ്, ഇപ്പോള്‍ നടക്കാന്‍ ഒട്ടും പറ്റുന്നില്ല്യ, കാലുമ്മേ നീരും ഉണ്ട്. കഴിഞ്ഞ കൊല്ലം ഡെൽഹിയിൽ പോയപ്പോ ഒരു ചെരുപ്പ് വാങ്ങിയിരുന്നു, നല്ല കുഷ്യന്‍ ഉള്ളത്, അതിടുമ്പോള്‍ വേദന ഉണ്ടാവാറില്ല്യ, ഇന്ന് സെന്ററില്‍ പോവുമ്പോള്‍ അതേപോലത്തെ ഒരെണ്ണം ഇവിടെ കിട്ടുമോന്നു നോക്കണം.
തറവാട്ട് വക കഴകം ഉള്ള അമ്പലമാണ് ഈ ശിവക്ഷേതം, വളരെ പഴക്കമുള്ളതാണ്. ശിവലിംഗത്തിനെ ആണ് പൂജിക്കുന്നത്. ഇവിടെ നിന്നും ഒരു ഒന്നര-രണ്ട് കിലോമിറ്റര്‍ കാണും അവിടേക്ക്. ജീവിതത്തിന്റെ നല്ലൊരു ഭാഗം നടന്ന വഴിയാണ്. പണ്ട് അമ്മയായിരുന്നു കഴകം നോക്കി നടത്തിയിരുന്നത്. അമ്പലത്തിൽ നിന്നും ഒരു പാടം മുറിച്ച് കടന്നാൽ വാരിയം ആയി. ഞാൻ ജോലിയിൽ നിന്നും വിരമിച്ച ശേഷം അമ്മയ്ക്ക് വയ്യാതായതോടെ ഞാനും അമ്മയുടെ ഒരനിയത്തിയും കൂടി നോക്കി നടക്കാൻ തുടങ്ങി.
അറുപത്തിരണ്ടില്‍ ടി.ടി.സി പാസ്സായി ചെട്ടിയാരുടെ സ്കൂളില്‍ ടീച്ചറായി ജോലി കിട്ടി. അന്ന് ബസ്സ്‌ കുറവായിരുന്നു. ഏതാണ്ട് നാലഞ്ച് കിലോമീറ്റര്‍ നടന്നു വേണം അന്നൊക്കെ സ്കൂളില്‍ എത്താൻ. പിന്നെ കുറച്ച് കഴിഞ്ഞപ്പോൾ ബസ്സില്‍ ആയി യാത്ര. പണ്ട് തറവാട്ടിൽ നിന്നും കാലത്ത് മെയിന്‍ റോഡ്‌ വരെ നടന്നു ബസ്സ്‌ പിടിച്ച് പോവും. പിന്നെ കല്ല്യാണം കഴിഞ്ഞു, കുട്ട്യോൾടെ അച്ഛന് തിരുവനന്തപുരത്തായിരുന്നു ജോലി. അന്ന് കാലത്ത് ആഴ്ചയില്‍ ഒരിക്കലേ അദ്ദേഹം വീട്ടില്‍ വരാറുള്ളു. പിന്നെ മൂത്ത മോളായി, മൂന്നു കൊല്ലം കഴിഞ്ഞപ്പോള്‍ താഴെ മോനും ആയി. ഗർഭിണിയായ സമയത്തും ഈ വഴിയൊക്കെ നടന്ന് താണ്ടി തന്നെയാണ് ജോലിക്ക് പോയിരുന്നത്. മകന് എട്ടു വയസ്സുള്ളപ്പോള്‍ ആണ് ഞങ്ങള്‍ പുതിയ വീട് വെച്ച് മെയിന്‍ റോഡിന്നു അടുത്തേക്ക് മാറിയത്..
ഏതാണ്ട് നല്പ്പതിയെട്ടു കൊല്ലമായി നടക്കാന്‍ തുടങ്ങിയതാണ്‌ ഈ വഴിയിലൂടെ, ഇപ്പോൾ ആകപ്പാടെ മാറി. പണ്ട് കണ്ടങ്ങളുടെ നടുവിലൂടെ വരമ്പിലൂടെ നടക്കണമായിരുന്നു, ഇപ്പോള്‍ നല്ല ടാറിട്ട റോഡായി. ആ കാലത്ത് വയലിലേക്ക് ഇറങ്ങുമ്പോൾ തന്നെ മറുഭാഗത്ത് അമ്പലവും അതിന്റെ പിന്നിൽ തറവാടും കാണാമായിരുന്നു, ഇപ്പോള്‍ വീടുകള്‍ വന്നു നിറഞ്ഞു, വയലുകള്‍ ഇല്ല്യാണ്ടായി.
“ടീച്ചര്‍ ഇന്ന് പതുക്കെ ആണോ, മാഷ്‌ പോയീലോ. ചെമ്പരത്തി പൂവ് വേണോ അമ്പലത്തിലേക്ക്” ചന്ദ്രന്റെ ചോദ്യം കേട്ടാണ് സ്ഥലകാലബോധം ഉണ്ടായത്. അമ്പലത്തിലേക്കുള്ള വഴിയിലാണ് ചന്ദ്രന്റെ വീട്.
“അങ്ങോരുടെ ഒപ്പം നടന്നു എത്താന്‍ പറ്റില്ല്യ, പൂവ് ഞാന്‍ തിരിച്ചു വരുമ്പോള്‍ എടുക്കാം. ഇന്നേക്കുള്ളത് ഉണ്ട് ബാഗില്‍, നാളെ ചെലപ്പോ നിറമാല ഉണ്ടാവും.”
നിന്ന് സംസാരിക്കാന്‍ പറ്റില്ല്യ, പിന്നില് കണ്ടില്ലെങ്കില്‍ ശുണ്ഠിയെടുക്കാന്‍ തുടങ്ങും.
വഴിയില്‍ ദിവസവും കാണുന്ന പരിചയക്കാരോട് രണ്ടുവാക്ക് മിണ്ടി, കുറച്ച് പൂവും പറിച്ച് അമ്പലത്തില്‍ എത്തുമ്പോഴേക്കും ക്ഷീണമായി. വടക്കേ നടയിലൂടെ അകത്ത് കടന്നു മാല ചുറ്റമ്പലത്തില്‍ മാലകെട്ടുന്ന സ്ഥലത്ത് വെച്ച് അവിടെ ഇരുന്നു. ഇതിനകം കുട്ട്യോൾടെ അച്ഛന്‍ അമ്പലത്തിന്റെ മതിലകത്തുള്ള നന്ദ്യാർവട്ടത്തില്‍ നിന്നും പൂക്കൾ പറിക്കാൻ തുടങ്ങിയിരുന്നു. മാലയൊക്കെ എടുത്ത് വെള്ളം തളിച്ച് ഇരിക്കുമ്പോഴേക്കും തിരുമേനി എലച്ചീന്ത് തന്നു, മാല നടയ്ക്കൽ വെക്കാൻ.
“എന്ത് പറ്റി ടീച്ചറെ, വല്ലാതെ വയ്യായ്ക പോലെ.”
“വയസ്സായില്ലേ തിരുമേനി, പിന്നെ രണ്ടൂസായിട്ട് വയറ്റിലും നല്ല സുഖല്ല്യ..”
“അപ്പൊ ഡോക്ടറെ ഒന്ന് കാണിച്ചൂടേ, അവര് മരുന്ന് വല്ലതും തരും. ദഹനം ശര്യാവുണ്ടാവില്ല്യ, അതാണ്‌.”
“ദ്നുപ്പോ ഡോക്ടറെ കാണാന്‍ പോവ്വാനും ഒന്നും വയ്യ, വില്ല്വാദി ലേഹ്യംണ്ട് വാര്യത്ത്‌, അത് കഴിച്ചാല്‍ ശരിയാവും. ഇന്നലെ രാത്രി രണ്ട് ചപ്പാത്തി കഴിച്ചു. അതാവും ഭയങ്കരായിട്ട് വായു കയറീട്ടുണ്ട്.. അതൊന്നു ഡോക്ടറോട് പറയണം അടുത്ത പ്രാവശ്യം കാണുമ്പോള്‍.”
“വെച്ചിരിക്കണ്ടാ, ഡോക്ടറെ കാണിച്ചോളൂ, അതന്ന്യാ നല്ലത്.”
ഞാന്‍ മാല നടക്കല്‍ വെച്ചു തൊഴുതു. ഒരു പ്രദക്ഷിണം വച്ചു ഗണപതിക്കും, ശാസ്താവിനും മാല വെച്ചു തിരിച്ച് നടയ്ക്കൽ വന്നപ്പോഴേക്കും തിരുമേനി മാലകളെല്ലാമെടുത്ത് ചാർത്തിയിട്ടുണ്ടായിരുന്നു.
മാല ചാർത്തി തേവരെ കാണാന്‍ ഒരു വല്ലാത്ത ഭംഗിയാണ് ഇങ്ങിനെ കാണുമ്പോ ഉള്ള ഒരു സായൂജ്യം ഒന്ന് വേറെ തന്നെ ആണ്.
തിരുമേനി തന്ന തീർത്ഥം സേവിച്ച്, പ്രസാദം വാങ്ങി, ചന്ദനം തൊട്ട് ചുറ്റമ്പലത്തില്‍ ഇരിക്കുമ്പോള്‍ കുട്ട്യോൾടെ അച്ഛന്‍ പിന്നീന്ന് പറഞ്ഞു.
“ഞാന്‍ നടക്കട്ടെ, നിങ്ങള്‍ വരുമ്പോള്‍ വൈകില്ല്യേ.. കാലത്തേക്കുള്ള പലഹാരം ഞാന്‍ ഉണ്ടാക്കി വെക്കാം നിങ്ങള് വരുമ്പോഴേക്കും.”
“ഇന്നലെ അരച്ചുകലക്കി ഉണ്ടാക്യേന്റെ ബാക്കി ഒരു മുറി തേങ്ങ ഫ്രിഡ്ജില്‍ ഉണ്ട്. അതോണ്ട് ഇഞ്ചി ഇട്ട് ഒരു ചട്ണി ഉണ്ടാക്കിക്കോളൂ, വയറിനു നല്ല സുഖം തോന്നുന്നില്ല്യ. ഇഞ്ചി നല്ലതാ.”
“മാഷ്‌ പോവ്വാണോ..” ചോദിച്ചോണ്ട് മാധവൻ നായര്‍ അകത്തേക്ക് വന്നു. കുട്ട്യോൾടെ അച്ഛൻ അത് കേട്ടില്ലെന്ന് തോന്നുന്നു.
“ഞാന്‍ രണ്ടു മാല കെട്ടീട്ടെ പോവ്വൂ, ആൾക്ക് വേഗം നടക്കണം, എനിക്ക് അത് പറ്റില്ല, അങ്ങോരോട് പോയ്ക്കോളാന്‍ പറഞ്ഞു., അല്ല മാധവനേ കണ്ടിട്ട് കുറച്ച് ദിവസായില്ലോ, ഇവ്ടെ ഉണ്ടായിരുന്നില്ല്യേ ?.”
“ഇല്ല്യ, ഞങ്ങൾ മൂത്ത മോൾടെ അടുത്ത് കുറച്ച് ദിവസം പോയി, തിരുവനന്തപുരത്ത്. അവൾടെ കുട്ടിക്ക് സുഖണ്ടാർന്നില്ല്യ. അവൾക്കാണെങ്കില്‍ ലീവില്ല.”.
“അപ്പോ ഇവിടെ പാറുവമ്മേടെ കൂടെ ആരായിരുന്നു...”
“അമ്മേടെ കൂടെ എന്റെ താഴെയുള്ള മോള്‍ ഉണ്ടല്ലോ, അവൾക്കിത് ഡിഗ്രി അവസാന കൊല്ലാ..”
“ഓ, അത് ഞാന്‍ മറന്നു. അപ്പൊ കല്ല്യാണം ഒന്നും നോക്കാന്‍ തുടങ്ങീല്ല്യേ ?”
“നല്ല വല്ലതും ഉണ്ടെങ്കില്‍ ഒന്ന് പറഞ്ഞോളൂ. മൂത്തോൾക്ക് ടീച്ചര്‍ നല്ല ഒരു ബന്ധം കാട്ടിത്തന്നു. അവര്‍ നല്ല കുടുംബക്കാരാ.. ഇനി താഴെ ഉള്ളോൾക്കും കൂടി നല്ല വല്ല ബന്ധവും നോക്കിത്തരണം”
“അതൊക്കെ ഓരോരുത്തരുടെ തലേലെഴുത്താ മാധവാ, കുട്ട്യോട് തേവർക്ക് തിങ്കളാഴ്ച വ്രതം നോൽക്കാൻ പറയൂ തേവരുടെ അനുഗ്രഹം ഉണ്ടാവട്ടെ, നമുക്ക് ഓരോന്ന് കാണിച്ച് കൊടുക്കാന്‍ അല്ലേ പറ്റൂ, ബാക്കി എല്ലാം തേവരുടെ അനുഗ്രഹമല്ലേ..”
“ഉവ്വ്, അവള്‍ നോൽക്കുന്നുണ്ട്..”
“മാധവന്നായരെ, അവിടെ വർത്താനം പറഞ്ഞു നില്ക്കാണ്ടേ വന്ന് തേവരെ തൊഴുതു പ്രസാദം വാങ്ങിക്കോളൂ. ഞാന്‍ പൂജക്ക്‌ നട അടക്കാന്‍ പോവ്വാ..”, തിരുമേനി തിടുക്കം വെച്ചു.
“ന്നാ ശരി ടീച്ചറേ, തൊഴുതു വരാം”
ആരോ വഴിപാട് ആയി രണ്ടു മാല ചീട്ടാക്കിട്ടുണ്ട്. മാല കെട്ടി നടക്കല്‍ വെച്ച് കഴിയുമ്പോഴേക്കും സമയം ഏഴേമുക്കാല്‍ ആയി. തേവരെ ഒന്നുകൂടെ തൊഴുത് പ്രദക്ഷിണം വെച്ച് ഇറങ്ങാന്‍ നേരത്ത് കൌണ്ടറില്‍ നിന്നും ഉണ്ണി വിളിച്ചു പറഞ്ഞു.
“ടീച്ചറെ, നാളെ ഒരു പത്ത് മാല വേണം, ഒരു മിനി-നിറമാലയും ചുറ്റുവിളക്കും ഉണ്ട്”.
“ഉവ്വോ, അപ്പൊ ഇനി പൂവ്വ് ഉണ്ടാക്കണ്ടേ.. അമ്പലത്തില്‍ തൊഴാന്‍ വരുമ്പോള്‍ വീട്ടില്‍ നില്ക്കുന്ന പൂക്കള്‍ ശുദ്ധമായി പൊട്ടിച്ച് കൊണ്ടുവരാന്‍ അറിയണ ആൾക്കാരോടൊക്കെ ഒന്ന് പറയ്യൂ. പണ്ടത്തേപ്പോലെ ഓടിനടന്നു പൂവ്വ് പറിക്കാനൊന്നും ഞങ്ങൾ രണ്ടാൾക്കും വയ്യ.”
പറഞ്ഞു തീരുമ്പോഴേക്കും പുറത്തുനിന്നും നാണിയമ്മ വന്നു, കയ്യില്‍ ചേമ്പിലത്താളില്‍ കുറെ ചെത്തിപ്പൂക്കളും.
“ഞാന്‍ വിചാരിച്ചു ടീച്ചര്‍ പോയിട്ടുണ്ടാവുംന്ന്.”
“ഇല്ല, ഞാന്‍ പോവ്വായി, ഉണ്ണിയോട് പറയാർന്നു പൂവിന്റെ ക്ഷാമത്തിന്റെ കാര്യം. എന്തായാലും നാളേക്കുള്ള പൂക്കള്‍ തേവര്‍ തന്നെ ശരിയാക്കിത്തന്നു.” ഇത് കേട്ട് നാണിയമ്മ പല്ലില്ലാത്ത മോണ കാട്ടി മുഴുക്കെ ചിരിച്ചു.
ഇനി ഈ ദൂരം മുഴുവന്‍ തിരിച്ച് നടക്കണ്ട കാര്യം ആലോചിച്ചിട്ടു തന്നെ ക്ഷീണം തോന്നുന്നു..
തിരിച്ചു നടന്നു വീട്ടില്‍ എത്തുമ്പോള്‍ എട്ടേമുക്കാല്‍ ആയിരുന്നു.
പ്രാതല്‍ കഴിച്ച് കുറച്ച് നേരം ഇരുന്ന്, കടയില്‍ പോയി ഉച്ചക്ക് ഊണിനു കൂട്ടാനും ഉപ്പേരിക്കും കുറച്ച് പച്ചക്കറി വാങ്ങി, സൊസൈറ്റിയില്‍ കയറി ഒരു ഡിപ്പോസിറ്റ് പുതുക്കി വീട്ടില്‍ എത്തുമ്പോഴേക്കും പതിനൊന്നു മണി ആയിട്ടുണ്ടായിരുന്നു. അപ്പോഴേക്കും കുട്ട്യോൾടെ അച്ഛന്‍ പുറത്ത് ഇറയത്ത്‌ വിറകടുപ്പില്‍ അരി ഇട്ടിട്ടുണ്ട്. ഇനി കൂട്ടാനും ഉപ്പേരിയും അടുക്കളയില്‍ ഗ്യാസ് അടുപ്പില്‍ ഉണ്ടാക്കണം.
അപ്പോഴേക്കും ഗൾഫില്‍ നിന്നും മകളുടെ ഫോണ്‍ വന്നു. അവളുമായി സംസാരിച്ചു കഴിയുമ്പോഴേക്കും അച്ഛന്‍ അടുക്കളയില്‍ കൂട്ടാനുള്ള പണി തുടങ്ങിയിട്ടുണ്ടായിരുന്നു, കൂടെ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു. ന്നാല്‍ ഫോണ്‍ വന്നാല്‍ അതിന്റെ അടുത്തുനിന്ന് എല്ലാം കേള്‍ക്കും. ഒരുമണി ആവുമ്പോള്‍ ആൾക്ക് ഭക്ഷണം കിട്ടണം, അതായില്ലെങ്കിലോ എന്ന പേടിയാണ്.
ഊണ് കഴിച്ച് പാത്രങ്ങളൊക്കെ അടുക്കളയില്‍ വെച്ച് വരുമ്പോഴേക്കും അച്ഛന്‍ ഉച്ചയുറക്കത്തിന് കിടക്കാന്‍ പോയിരുന്നു. ഇനി നാല് മണി വരെ ഉറങ്ങും.
ടിവി ഓണ്‍ ചെയ്ത തളത്തില്‍ സോഫയുടെ മുകളില്‍ കിടന്നു. ന്യൂസ്‌ പേപ്പര്‍ വായിക്കാനു ള്ള സമയം ഇത് മാത്രം ആണ്. പേപ്പര്‍ മുഴുവന്‍ ഒന്ന് ഓടിച്ചിട്ട് വായിച്ചു. അപ്പോഴേക്കും ചെറുതായി ഉറക്കം വരാന്‍ തുടങ്ങി.
ഒന്ന് മയങ്ങി തുടങ്ങിയപ്പോള്‍ പുറത്ത് പോസ്റ്റ്മാന്‍ വന്നു. പിന്നെ കുറച്ചു നേരം ആളുമായി നാട്ടു കാര്യങ്ങള്‍ ഒക്കെ സംസാരിച്ചിരുന്നു. പോസ്റ്റ്മാന്‍ യാത്ര പറഞ്ഞു പോയി, വീണ്ടും സോഫയില്‍ വന്നു കിടന്നു, പക്ഷെ പിന്നെ ഉറക്കം വന്നില്ല.
അപ്പോഴാണ്‌ കുറച്ചു ദിവസം മുമ്പ് കൂടെ പഠിപ്പിച്ചിരുന്ന ടീച്ചറെ ട്രഷറിയില്‍ വെച്ച് കണ്ട കാര്യം ഓർമ്മ വന്നത്. ടീച്ചര്‍ കൊച്ചുമകന് വേണ്ടി ഒരു പെൺകുട്ടി വേണം എന്ന് പറഞ്ഞിരുന്നു. നല്ല ജോലിയാണ് ബംഗ്ലൂരില്‍, മാധവന്റെ മകൾക്ക് വേണ്ടി ഒന്ന് പറയാം. എഴുന്നേറ്റ് ഡയറിയില്‍ ടീച്ചറുടെ നമ്പര്‍ തപ്പി ടീച്ചറെ വിളിച്ചു, മാധവന്റെ മകളെ പറ്റി പറഞ്ഞു, അവർക്ക് വളരെ ഇഷ്ടപ്പെട്ട പോലെ തോന്നി. മാധവന്റെ നമ്പര്‍ ടീച്ചർക്ക് കൊടുത്തു, ഇനി അവരായി എന്താണെന്നു വെച്ചാല്‍ ആയിക്കോട്ടെ. എവിടെയാ യോഗം എന്ന് അറിയില്ലല്ലോ.
പടിഞ്ഞാറേ ഇറയത്ത്‌ കുറച്ച് നേരം ഇരുന്നു. ഒരു മൂന്നു മണി കഴിഞ്ഞാല്‍ പടിഞ്ഞാറ് നിന്നും നല്ല തണുത്ത കാറ്റ് വീശും. എന്നെ ഇറയത്ത്‌ കണ്ടപ്പോൾ മനക്കല്‍ കുഞ്ഞാത്തോല്‍ വന്നു. പിന്നെ കുറച്ചു നേരം അവരുമായി സംസാരിച്ചിരുന്നു.
അപ്പോഴേക്കും സമയം നാലര ആയിട്ടുണ്ടായിരുന്നു. കുട്ട്യോൾടെ അച്ഛന്‍ ഉറക്കും കഴിഞ്ഞു എഴുന്നേറ്റു. പിന്നെ അടുക്കളയില്‍ പോയി കാപ്പി ഉണ്ടാക്കി. അഞ്ചു മണിയായാല്‍ വെയില്‍ ഒന്ന് ചായും എന്നിട്ട് വേണം നാളെ നിറമാലക്കുള്ള പൂക്കള്‍ പറിക്കാന്‍ പോവണം. ഒന്ന് രണ്ടു വീടുകളില്‍ പോയി നോക്കണം, പിന്നെ അടുത്തുതന്നെ അനിയനും ഒരു അനിയത്തിയും വീട് വെച്ചിട്ടണ്ട് . അവരുടെ വീട്ടിലും ഒന്ന് കയറണം , അവിടെയും പൂക്കള്‍ കാണും. പിന്നെ അവിടെ ഇരുന്ന് കുറച്ച് നേരം സംസാരിക്കുക പതിവാണ്. വീട്ടുപറമ്പിലെ പൂക്കളും, കൂവളത്തിന്റെ ഇലയും ഒക്കെ അച്ഛന്‍ തന്നെ പൊട്ടിക്കും. ഞാന്‍ ഒരു സഞ്ചിയും എടുത്ത് പൂക്കള്‍ പൊട്ടിക്കാന്‍ ഇറങ്ങി.
തിരിച്ചെത്തിയപ്പോഴേക്കും സമയം ആറര കഴിഞ്ഞിരുന്നു. സൂര്യന്‍ അസ്തമിക്കാന്‍ തുടങ്ങി. കയ്യും കാലും കഴുകി വിളക്ക് കത്തിച്ച്, തുളസിത്തറയില്‍ തിരിവെച്ച് കുറച്ച് സമയം സന്ധ്യാനാമം ചൊല്ലി വന്നപ്പോഴേക്കും ടിവിയില്‍ സീരിയല്‍ തുടങ്ങിയിരുന്നു. പിന്നെ എട്ടരയ്ക്ക് അച്ഛന്‍ അങ്ങോട്ട്‌ വന്നു. കാലത്തെ ചോറില്‍ കുറച്ച് വെള്ളം ഒഴിച്ച് തളപ്പിച്ച് കഞ്ഞിയാക്കിയാണ് ആളുടെ രാത്രി ഭക്ഷണം. എനിക്ക് രണ്ടു ഗോതമ്പ് ദോശ ഉണ്ടാക്കണം, കാലത്തെ കൂട്ടാന്‍ കൂട്ടിക്കഴിക്കാന്‍ ഉണ്ട്.
രാത്രി ഭക്ഷണം കഴിഞ്ഞ് പാത്രമൊക്കെ കഴുകിവെച്ച് വന്നപ്പോഴേക്കും സമയം ഒൻപതര ആയി, അപ്പോഴെക്കും മുൻവശത്തെ വാതില്‍ ഒക്കെ പൂട്ടി അച്ഛന്‍ പോയി കിടന്നിരിക്കുന്നു. ഇനി ടിവിയുടെ ശബ്ദം കുറച്ച് വെച്ചിട്ടില്ലെങ്കില്‍ വന്നു വഴക്ക് പറയും. ഇന്നലെ രാത്രി കിടക്കാന്‍ വൈകിയതിന്റെ ചീത്ത കാലത്ത് കേട്ടതാണ്.
പത്ത് മണിയായി, ഇനി മകനെ ഒന്ന് വിളിക്കാം, അവന്‍ ഓഫീസില്‍ നിന്നും വന്നു തിരക്കൊക്കെ കഴിഞ്ഞിട്ടുണ്ടാവും ഇപ്പോള്‍.
എല്ലാം കഴിഞ്ഞപ്പോഴേക്കും പത്തരയായി. ഇപ്പോള്‍ കിടന്നില്ലെങ്കില്‍ നാളെ കാലത്ത് നേരത്തെ എഴുന്നേൽക്കാന്‍ പറ്റില്ല. കിടന്നാലും ഉറക്കം വരാൻ കുറെ സമയം എടുക്കും.
അങ്ങിനെ ഒരു ദിവസം കൂടി കഴിഞ്ഞു. നാളെ വീണ്ടും ഇതെല്ലാം ആവർത്തിക്കും, കഴിഞ്ഞ പത്തു വർഷങ്ങളിലെ ഓരോ ദിവസവും പോലെ. വരുന്ന ജൂണിൽ എഴുപതാം പിറന്നാൾ ആണ്. അത് കേമമാക്കണം എന്ന് മക്കൾ പറഞ്ഞിട്ടുണ്ട്. നാളെ അതിന് വിളിക്കാനുള്ളവരുടെ ഒരു ലിസ്റ്റ് കൂടി ഉണ്ടാക്കണം.
ഉറക്കം കൺപീലികളെ മെല്ലെ തടവുമ്പോളും നാളെ നിറമാലയ്ക്ക് കെട്ടാനുള്ള മാലകളായിരുന്നു മനസ്സ് നിറയെ, തേവരേ, എല്ലാവരേയും കാത്ത് രക്ഷിക്കണേ....
ഗിരി ബി വാരിയർ
08 March 2018

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot