Slider

മകളെത്തേടി

0
 Image may contain: 1 person, selfie and close-up
***********
നീണ്ട രണ്ടുവർഷത്തെ വിദേശവാസത്തിനുശേഷം ഇന്നലെയാണ് സലിം നാട്ടിൽ മടങ്ങിയെത്തിയത് .സലീമിനും ഭാര്യക്കും ഗൾഫിൽ ഒരേ കമ്പനിയിലാണ് ജോലി .വിവാഹം കഴിഞ്ഞിട്ട് വർഷം രണ്ടായെങ്കിലും കുട്ടികളില്ല .കുട്ടികളുണ്ടാവാൻ സാധ്യതയില്ല എന്നാണ് ഡോക്ടറന്മാർ വിധിയെഴുതിയിരിക്കുന്നത് .
സലിം പെട്ടെന്ന് നാട്ടിലേക്ക് മടങ്ങിയതിനുപിന്നിൽ ഒരുദ്ദേശമുണ്ട് .തന്റെ അവിഹിത ബന്ധത്തിലുണ്ടായ മകളെ ഒന്നുകാണുക .അവളുടെ ഉമ്മാ അനുവദിക്കുമെങ്കിൽ അവളെയും കൂട്ടിക്കൊണ്ട് ഗൾഫിലേക്ക് മടങ്ങുക .
തന്റെ മോളെയുംകൊണ്ട് ഷാഹിന അയൽവക്കത്തുള്ള അവളുടെ ബന്ധുവീട്ടിൽ എത്തിയിട്ടുണ്ടെന്ന് ഉമ്മാ വിളിച്ചറിയിച്ചതിനെത്തുടർന്നാണ് സലീം നാട്ടിലേക്ക് തിരിച്ചത് .
''എപ്പോളാണ് ഷാഹിന നാട്ടിലെത്തിയത് .?വീട്ടിലെത്തിയ ഉടനേ സലിം കുടുംബാംഗങ്ങളോട് ചോദിച്ചു .
''രണ്ടുദിവസംമുൻപ് .''ഉമ്മാ മറുപടിനൽകി .
''ഉമ്മാ അവളെക്കണ്ടോ .?അവളോട് സംസാരിച്ചിരുന്നോ .?''സലിം ആകാംഷയോടെ ചോദിച്ചു .
''കണ്ടു പക്ഷേ ,സംസാരിച്ചില്ല .എങ്ങനെസംസാരിക്കാനാണ് അവളുടെകൂടെ അവളുടെ പുതിയാപ്ലയുമുണ്ടായിരുന്നു.
അതുകേട്ടു സലീമിന്റെ മുഖത്തുനിരാശനിറഞ്ഞു .ഏതാനും നേരത്തെനിശബ്ദതക്കുശേഷം സലീം വീണ്ടും ചോദിച്ചു .
''ഉമ്മാ കണ്ടിരുന്നോ ഷാഹിനായുടെ കുട്ടിയെ .?''
''കണ്ടു കണ്ടിട്ടെന്തിനാ .''ഉമ്മാ വെറുപ്പോടെ പറഞ്ഞു .
ഉമ്മയുടെ ആ വെറുപ്പ്‌ എന്തിനാണെന്ന് നന്നായി അറിയാവുന്നതുകൊണ്ട് സലിം പിന്നെയൊന്നും മിണ്ടിയില്ല .
''മനുഷ്യനെ നാറ്റിക്കാനായിട്ട് എന്തിനാണവൾ ആ കുട്ടിയേയുംകൊണ്ട് വീണ്ടും ഈ നാട്ടിലേക്ക് വന്നത് .''ഉമ്മാ ആരോടെന്നില്ലാതെ പറഞ്ഞു .
''ഉമ്മാ ...''സലീമിന്റെ ശബ്ദം അറിയാതെയെന്നവണ്ണം ഉയർന്നുപൊങ്ങി .
പിന്നെയാരും ഒന്നും മിണ്ടിയില്ല .സലീം തന്റെ മുറിയിലേക്ക് നടന്നു .കട്ടിലിൽ കയറിക്കിടക്കുമ്പോൾ അവന്റെമനസിലേക്ക് പഴയകാലത്തെ ചിലഓർമ്മകൾ കടന്നുവന്നു .
തന്റെ അയൽവീടായ ഷാഹിനയുടെ മാമായുടെ വീട്ടിൽനിന്നുകൊണ്ട് കോളേജുപഠനത്തിനായി വന്നതാണ് ഷാഹിന .ഷാഹിനയും തന്റെ സഹോദരിയും ക്ലസ്‌മേറ്റായിരുന്നു കോളേജിൽ .അതുകൊണ്ട് തന്നെ പലപ്പോഴും സഹോദരിയെ കാണാനായി ഷാഹിന തന്റെ വീട്ടിൽ വരുമായിരുന്നു .അങ്ങനെ പോകവേ ഷാഹിനയുമായി താൻ അടുപ്പത്തിലായത് യാദൃച്ഛികം മാത്രം സലിം മനസ്സിലോർത്തു .
പിന്നീട് എത്രയോപ്രാവശ്യം ബസ്റ്റോപ്പിലും ,പാർക്കിലും ,ഐസ്‌ക്രീംപാർലറിലും ,കോളേജിലെ പൂമരത്തണലിലുമെല്ലാം വെച്ചുകൊണ്ട് താൻ ഷാഹിനയുമായി പ്രണയം പങ്കിട്ടു .ഒരിക്കലും പിരിയില്ല എന്നുതാൻ എത്രയോപ്രാവശ്യം അവൾക്ക് വാക്കുകൊടുത്തു .
എന്നിട്ടും താൻ അവളെ വഞ്ചിച്ചു .മൂന്നുവർഷങ്ങൾക്ക് മുൻപൊരു ദിവസം .
''എനിക്ക് ഗൾഫിൽ പോകാനൊരവസരം ഒത്തുവന്നിട്ടുണ്ട് .ഏതാനും ദിവസങ്ങൾക്കുള്ളിൽ ഞാൻ ഗൾഫിലേക്ക് പോകും .''സലിം അതുപറഞ്ഞപ്പോൾ ഷാഹിന ഞെട്ടിത്തരിച്ചുപോയി .കാരണം അപ്പോൾ ഷാഹിനയുടെ വയറ്റിൽ സലീമിന്റെ ജീവൻവളരുന്നുണ്ടായിരുന്നു.
''സലീം നീ എന്താണ് ഈ പറയുന്നത് .ഈ അവസ്ഥയിൽ നീ ഗൾഫിലേക്ക് പോയാൽ ...നമ്മുടെ പ്രണയം ,വിവാഹം ,എല്ലാത്തിലുമുപരി എന്റെവയറ്റിൽ വളരുന്ന നമ്മുടെ കുഞ് .എല്ലാ മോഹങ്ങളും നൽകി എന്നെ സ്വന്തമാക്കിയിട്ടൊടുവിൽ ..''ഷാഹിന നിറമിഴികളോടെ സലീമിനെ നോക്കി ചോദിച്ചു .
''കഴിഞ്ഞതൊക്കെ നമുക്ക് മറക്കാം .ബാപ്പയെയും ,ഉമ്മയെയും ധിക്കരിക്കാൻ എനിക്കാവില്ല .അതുകൊണ്ട് എത്രയുംവേഗം നമുക്കൊരാശുപത്രിയിൽ പോയി ഈ കുഞ്ഞിനെ കളയാം .''സലീം പറഞ്ഞു .
അന്ന് ഭീതിയോടെ തന്നെനോക്കികൊണ്ട് ഷാഹിന പറഞ്ഞവാക്കുകൾ ഒരിക്കൽകൂടി സലീമിന്റെ കാതിൽ മുഴങ്ങി .
''ഇല്ല ഞാൻ സമ്മതിക്കില്ല എന്റെ കുഞ്ഞിനെ നശിപ്പിക്കാൻ .എന്നിലെ മോഹങ്ങളും ,സ്വപ്നങ്ങളുമെല്ലാം കൂടിച്ചേർന്നു ജന്മമെടുത്തതാണ് ഈ കുഞ് .ഇതിനെ ഇല്ലാതാക്കുന്നത് എന്നെയില്ലാതാകുന്നതിനു തുല്ല്യമാണ് .നിങ്ങളെപ്പോലെ ഒരു ഭീരുവും സ്വാർത്ഥനുമായ ഒരാളെ സ്നേഹിച്ചതിന്റെ പേരിൽ ഞാൻ ദുഖിക്കുന്നു .അതിന്റെപേരിൽ ഒരുജീവനെ ഇല്ലാതാകാൻ ഞാൻ അനുവദിക്കില്ല .ഒരിക്കലും ഇതിന്റെ പെരുംപറഞ്ഞുഞാൻ നിങ്ങളെ തേടിവരികയുമില്ല .''അന്ന് ഷാഹിന പറഞ്ഞവാക്കുകൾ .
ഗൾഫിലെത്തി ഏതാനും നാളുകൾ കഴിഞ്ഞപ്പോൾ അറിഞ്ഞു .എല്ലാം മനസിലാക്കിക്കൊണ്ട് ഷാഹിനയെ അവളുടെഅകന്ന ബന്ധത്തിലുള്ള ഒരു യുവാവ് നിക്കാഹ് ചെയ്‌തെന്ന് .
അതിനു ശേഷം ഒരുവർഷം കഴിഞ്ഞപ്പോൾ ആദ്യഅവധിക്ക് നാട്ടിൽ വന്നപ്പോൾ തന്റെ വിവാഹം നടന്നു .ഇപ്പോൾ വർഷം രണ്ടാകുന്നു .കുട്ടികളില്ല ഇതുവരെ .നിരാശനിറഞ്ഞ ദിനങ്ങൾ .ഭാര്യക്ക് ഒരേനിർബന്ധം ഒരു കുട്ടിയെ ദത്തെടുക്കാൻ .സ്വന്തം ചോരയിൽ പിറന്നകുട്ടി ജീവിച്ചിരിക്കെ ...താനിതാ കുട്ടികളില്ലാതെ നീറിക്കഴിയുന്നു .ചെയ്തുപോയ തെറ്റിന് തമ്പുരാൻ തന്ന ശിക്ഷ .സലീം വേദനയോടെ മനസ്സിലോർത്തു .
പിറ്റേദിവസം രാവിലെതന്നെ ഷാഹിനയെയും മകളെയും കാണാനായി സലീം അവളുടെ ബന്ധുവീട്ടിലേക്ക് ചെന്നു .ഷാഹിനയും ഭർത്താവ് ഷെമീറും ചേർന്നാണ് സലീമിനെ സീകരിച്ചത് .അതിഥി സൽകാരമെല്ലാം കഴിഞ്ഞു . സലീമിന്റെ ആഗ്രഹം അറിഞ്ഞപ്പോൾ ഷാഹിന പറഞ്ഞു .
''എന്റെ മോൾ എന്റേതുമാത്രമാണ് .അവൾക്ക് മേൽ സലീമിന് ഒരവകാശവുമില്ല .ഉണ്ടെങ്കിൽത്തന്നെ അത് മൂന്നുവർഷങ്ങൾക്ക്മുൻപ് ഇല്ലാതായി .ഇന്നവൾക്കൊരു ബാപ്പയുണ്ട് .അത് എന്റെ ഭർത്താവായ ഷെമീറാണ് .അദ്ദേഹമിന്ന് എന്നെയും മോളെയും ജീവനുതുല്യം സ്നേഹിക്കുന്നു .അതുകൊണ്ട് തന്നെ എനിക്ക് സലീമിനോട് മറ്റൊന്നും സംസാരിക്കാനില്ല.'' പറഞ്ഞിട്ട് ഷാഹിന മോളെയും കൂട്ടി വീടിനകത്തേക്ക് നടന്നു .
ഒരുനിമിഷം എന്തുപറയണമെന്നറിയാതെ സ്തംഭിച്ചിരുന്ന സലീമിനെ നോക്കി ഷെമീർ പറഞ്ഞു .
''പ്രിയസുഹൃത്തേ താങ്കളുടെ അവസ്ഥയെനിക്ക് മനസിലാകും .പക്ഷേ ,എന്തുചെയ്യാം നിരാശയോടെ മടങ്ങാനാണ്‌ താങ്കളുടെ വിധി .കാരണം ഷാഹിനയെപോലെതന്നെയാണ് എനിക്ക് അവളുടെ മോളും .അവളെ എന്റെ സ്വന്തംമോളായിട്ടു കരുതിയാണ് ഞാൻ സ്നേഹിക്കുന്നത് .ഒരിക്കൽപോലും ഞാനവളെ അന്യയായി കരുതിയിട്ടില്ല .അതുകൊണ്ട് തന്നെ എനിക്ക് അവളെ പിരിയാനാവില്ല .എല്ലാം അറിഞ്ഞുകൊണ്ട് തന്നെയാണ് ഞാൻ ഷാഹിനയെ വിവാഹം ചെയ്തത് .''
''ഞാനും ചെറുപ്പകാലത്ത്‌ ഒരുപാട് തെറ്റുകൾ ചെയ്തുകൂട്ടി .ഒരുപാട് പാവപ്പെട്ടപെൺകുട്ടികളെ സ്നേഹിച്ചുവഞ്ചിച്ചു .അതിനെല്ലാം പരിഹാരമായിക്കൊണ്ട് ചെയ്തതെറ്റുകൾക്കൊരു പ്രായശ്ചിത്തമായി ഞാൻ ഷാഹിനക്കൊരു ജീവിതം കൊടുത്തു .അവളിന്നെന്റെ ജീവനാണ്, അവളുടെമോളും .അവരെപിരിഞ്ഞുകൊണ്ടൊരു ജീവിതം ഇനിഎനിക്കില്ല .''പറഞ്ഞിട്ട് അവൻ സലീമിനെ നോക്കി .
ഷാഹിനക്കും കുടുംബത്തിനും നന്മകൾ നേർന്നുകൊണ്ട് ആ വീട്ടിൽനിന്നും ഇറങ്ങിനടക്കുമ്പോൾ സലീമു മനസ്സിൽ ചിന്തിക്കുകയായിരുന്നു .
തനിക്ക് ഷെമീറിനെപോലെയൊരു മനുഷ്യനാകാൻ കഴിഞ്ഞില്ലല്ലോ എന്ന് .അവനെ ഭർത്താവായിക്കിട്ടിയ ഷാഹിനയും അവന്റ മകളാകാൻ കഴിഞ്ഞ തന്റെമോളും ഭാഗ്യവതികൾ തന്നെ .ആ ഓർമ്മകൾ അവന്റെ മനസ്സിൽ ഒരുകുളിർകാറ്റുവീശി .
------------------------------------
രചന-അബ്ബാസ് ഇടമറുക്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo