ചിന്തകളുടെ ഭാരം ഇറക്കി വെക്കാനാണ് നാഗരാതിർത്തിയിലുള്ള , മദ്യശാല തേടി അയാൾ നടന്നത് . ഉറുമ്പുകൾ പോലെ , അനങ്ങി അനങ്ങി പോകുന്ന വാഹന വ്യൂഹങ്ങൾക്കിടയിലൂടെ , ഉറപ്പിച്ചു വെച്ച കാലടികളുമായി അയാൾ നടന്നു . ലക്‌ഷ്യം ഉറപ്പുള്ളതും നന്നായി അറിയുന്നതും ആയതു കൊണ്ടാകാം , വളരെ സാവകാശമാണ് അയാൾ നടന്നത് .
ചിന്തകൾ വീണ്ടും ഉണർന്നു . ഈ വാഹന വ്യൂഹത്തിൽ ആരെല്ലാം ഉണ്ടാകാം . പകല് മുഴുവൻ പണിയെടുത്തു , സ്വന്തം വീട്ടുകാരിലേക്കു മടങ്ങുന്ന , അച്ഛൻ ..'അമ്മ .ഭാര്യ ..ഭർത്താവ് ..മകൻ ..മകൾ ..അങ്ങനെ അങ്ങനെ ..പിന്നെ അപൂർവം ചില ആശുപത്രി കേസുകൾ .. പിന്നെ , ഇരുളിൽ , ശീല്ക്കാരം മണക്കുന്ന സ്ത്രീ ശരീരങ്ങളെ തേടി ചിലർ. ചിന്തകള്‍ അവിടെ എത്തിയപ്പോള്‍ നെഞ്ചില്‍ ഒരു കൊള്ളിയാന്‍ മിന്നി .ചിലപ്പോള്‍ അയാളും ഉണ്ടാകും .ഇരുളിന്റെ മറവില്‍ ഇര പിടിയ്ക്കാന്‍ തെരുവിലേയ്ക്ക് . അയാൾ ..അയാളെ പോലെ പലർ ..
തെരുവിന് വെളിച്ചം പകരാനായി ഉയര്‍ന്നു നില്‍ക്കുന്ന വിളക്കിന്റെ കാലുകള്‍ ഒന്നില്‍ അയാള്‍ സ്വന്തം ശരീര ഭാരം ചാരി വെച്ചു. മുന്നില്‍ മങ്ങിയ വെളിച്ചത്തില്‍ ഇണ ചേരുന്ന രണ്ടു കരിനാഗങ്ങള്‍ അവയുടെ ചീറ്റല്‍ ഉയര്‍ന്നു കേള്‍ക്കാം..അവയുടെ രൂപം മാറുന്നു ..പെണ്നാഗത്തിനു സുമയുടെ മുഖം ..ഹാ , അയാള്‍ പല്ലിറുമ്മി..ഈ കൂട്ടത്തില്‍ , ഒറ്റ നോട്ടത്തില്‍ ആണിനെ മയക്കി കൊല്ലുന്ന ചില യക്ഷികളും കാണും സുമയെ പോലെ .യക്ഷികൾ , അതെ , വേറെന്തു പേരാണ് , ഇത്തരം പെണ്ണുങ്ങള്‍ക്ക് ചേരുക . സ്വന്തം ഭർത്താവിനെ ഉറക്കി കെടുത്തി , കാമുകനെ ഉറക്കറയിൽ വിളിച്ചു കയറ്റുന്ന യക്ഷികൾ ... ഭർത്താവിനെ അരികിൽ കിടത്തി , അതെ കട്ടിലിൽ രതികേളി ആടി തിമിർക്കുന്ന യക്ഷികൾ .അയാളുടെ ഓരോ ധമനികളിലും രക്തയോട്ടം കൂടി . നാട്ടിലും വീട്ടിലും നല്ല ഭാര്യ , ഇരുട്ടിൽ , അര നിഴൽ മറവിൽ , ശരീരത്തിന്റെ വിശപ്പ് തീർക്കുന്ന തേവിടിശ്ശികൾ..സ്ത്രീകൾ എല്ലാം ഇത്തരക്കാർ തന്നെ ..യക്ഷികൾ
നിഴലിന്റെ നീളം കുറഞ്ഞു വരുന്നു , സന്ധ്യ ആകുന്നു . പടം പൊഴിച്ച് കാത്തു കിടക്കുന്ന ഉരഗ വീരനെ പോലെ , വീഥിയുടെ ഇരുവശങ്ങളായിൽ ഒതുക്കി ഇട്ടിരിക്കുന്ന വാഹനങ്ങൾ മെല്ലെ ചലിച്ചു തുടങ്ങി . കൂടും കൂട്ടും തേടിയുള്ള യാത്രകൾ . തെരുവ് വിളിക്കുകൾ കണ്ണ് തുറന്നു തുടങ്ങി . ഇരുട്ട് വീഴുന്നു . ഒരുപക്ഷെ , ഭിത്തികൾക്ക് സംസാരിക്കാൻ നാവുണ്ടായിരുന്നെങ്കിൽ , എന്തെല്ലാം കഥകളാകും അവയ്ക്കു പറയാനുണ്ടാവുക . രഹസ്യ ഗൂഡാലോചനകൾ , സംഗമങ്ങൾ ....അകലെ , നീല വെളിച്ചം കത്തി നിൽക്കുന്ന , ഒരു ബോർഡ് . ഹോട്ടൽ ഡയാന , ബാർ അറ്റാച്ഡ്..അയാളുടെ കാലുകളുടെ വേഗം കൂടി ..ബോധം മറയും വരെ കുടിക്കണം ..സ്വതവേ ചുവന്ന കണ്ണുകള്‍ വീണ്ടും ചുവന്നു കുറുകി .
മുന്നോട്ടു നടക്കുന്നതിനിടയിൽ , ഒരു ആർത്ത നാദം, ഇരുളിൽ നിന്നും , വല്ലാത്തൊരു ശബ്ദം .അയാൾ തിരിഞ്ഞു നോക്കി .നടപ്പിന്റെ വേഗത കൊണ്ടാകാം അയാൾ കിതക്കുന്നുണ്ടായിരുന്നു . തന്റെ നിഴലിനെ കടന്നു , ഉടുമുണ്ട് വാരി ചുറ്റി , ഓടുന്ന , ഒരു ആൺ രൂപം ...
"ഡേയ് ...കാശ് , തന്നിട്ട് പോടാ ..പുണ്ട മകനെ ..."
ഇരുളിൽ നിന്നും ചിലമ്പിച്ച ശബ്ദം . തേങ്ങലിന്റെ ചീളുകൾ കാതിൽ വീണു പൊള്ളി . കാലുകൾക്കു ദിശ തെറ്റി , നീണ്ട കാൽവെപ്പുകൾക്കൊടുവിൽ, നഗരത്തിലെ , മാലിന്യ കൂമ്പാരത്തിന്റെ ഇടയിൽ , അയാളാ, തേങ്ങലിന്റെ ഉറവിടത്തിലെത്തി . ഒന്നും നന്നായി കാണാൻ കഴിയുന്നില്ല .
" വാങ്ക സാർ , പണ്ണുങ്ക സർ .. നൂറു രൂപ , കൊടുത്താൽ പോതും .. "
മുന്നിൽ സാരി , വലിച്ചു മാറ്റി , തുടകൾ അകറ്റി വെയ്ക്കുന്ന , ഒരു സ്ത്രീ രൂപം .
മിന്നി നിന്നിരുന്ന വഴി വിളക്ക്, തെളിഞ്ഞു . ഇരുട്ട് വിഴുങ്ങിയ തെരുവിന്റെ അനാഥമായ അവിടം , മെല്ലെ അയാൾക്ക് മുന്നിൽ തെളിഞ്ഞു . മുന്നിലൊരു സ്ത്രീയാണ് ..തമിഴത്തിയാണെന്നു തോന്നുന്നു . സ്ത്രീ എന്ന് പറയാൻ കഴിയില്ല ..സ്ത്രീ രൂപം .. കറുത്ത് മെല്ലിച്ചു , എണ്ണമയം ഇല്ലാത്ത മുടി , അഴിഞ്ഞു കിടക്കുന്നു ..കൊളുത്തുകൾ വിടുവിച്ച, ബ്ലൗസിനുള്ളിൽ , ഒട്ടി കിടക്കുന്ന മുലകൾ, അകത്തേയ്ക്കു വലിഞ്ഞു , ഇല്ലാതെയായ മുലക്കണ്ണുകൾ ..ചെളി പുരണ്ടു , വികൃതമായ കാലുകൾ അകറ്റി വെച്ചിരിക്കുന്നു ..തുടയിൽ പറ്റി പിടിച്ചിരിക്കുന്ന രേതസ്സിന്റെ അംശങ്ങൾക്കു ചുവപ്പു നിറം ..അറപ്പാണ് അയാൾക്ക് തോന്നിയത് .
" സർ , അന്ത പുണ്ടച്ചി മോൻ , കാര്യം സെയ്തിട്ടു , കാശ് തരാമേ ഓടിയാച്ചു സർ ...,.വലിക്കത് ..ആദ്യം കാശ് കൊടുങ്കോ അപ്പുറമാ , എന്ന വേണേൽ സെയ്യങ്കോ സർ ..."
മലയാളവും തമിഴും കലർന്ന സംസാരം . അയാളുടെ ശരീരത്തിലൂടെ രക്ത ഓട്ടം കൂടി .സകല നാഡീ ഞെരമ്പുകളും , വലിഞ്ഞു മുറുകും പോലെ .കൈ വീശി ആഞ്ഞടിക്കുമ്പോൾ , അയാൾ കണ്ണുകൾ അടച്ചു , മുന്നിൽ , അവൾ ..സുമ .
ആഹ് .....ചെറിയൊരു ശബ്ദം .. മുഖം പൊത്തി വീണിട്ടും , അവൾ എഴുന്നേറ്റിരുന്നു . ചുണ്ടിലൂടെ ഒലിച്ചിറങ്ങുന്ന , ചോര ..
"പോയ് ...ചത്തൂടെ ശവമേ .......ഇതിലും ഭേദം അതല്ലേ ...."
ആരോടോ പറയാൻ ബാക്കി വെച്ച വാക്കുകൾ പുറത്തേയ്ക്കു ..
അവളുടെ തല കുനിയുന്നു .തിരിഞ്ഞു നടക്കുമ്പോൾ , പിന്നിൽ നിന്നും അവൾ വിളിച്ചു ..
" സർ .. നിറയെ , മുയർച്ചി സെയ്‌തെ സർ ...ആണാൽ , മനസ്സ് കേക്കലെ ..രണ്ടു കൊളന്തൈകൾ ഇറുക്കെ സർ .. അഞ്ചു വര്ഷാച്ചു , ഇങ്കെ കേരളവിലെ , കാതൽ പണ്ണി ഓടി വന്നവൻകെ ..നല്ല താൻ ഇരുന്തേ ,കൊഞ്ചനാൾ മുന്നാടി വരേയ്ക്കും ...നല്ല താൻ പാത്തെ , എൻ പുരുഷൻ.. ആണാൽ എല്ലാം മുടിഞ്ചിച്ച് ,അഞ്ചാം മാടിയിലിരുന്ത് കീഴെ വീണിട്ടൻ , സാവലെ ,തളർന്തു പോയിട്ടെൻ.. ഉയിർ ഇറക്കു ..എന്ന സർ പാൻറേതു . കൊളന്തകൾ , പാസിക്കതെന്നു സൊല്ലി , അഴ്കിറേൻ.. എന്ന പാൻറേതെന്ന് എനിക്ക് തെരിയത്.. മൂടിയത് , സർ .. എൻ, പുരുഷനെയും കൊളന്തൈകളെയും കൊല സെയ്‌യാൻ ..ആവാത് ..."
അവളുടെ കരച്ചിലിന്റെ ചീളുകൾ , ആഴത്തിൽ നെഞ്ചിൽ തറയ്ക്കുന്നു . അവൾക്കു മുന്നിൽ , വെളിച്ചം മറച്ചു , അയാൾ തിരിഞ്ഞു നിന്നു . അവൾക്കു മുന്നിൽ , മുട്ട് കുത്തിയിരിക്കുമ്പോൾ , അയാളുടെ കണ്ണ് നിറഞ്ഞിരുന്നു . ചുണ്ടിൽ കട്ട പിടിച്ചു തുടങ്ങിയ രക്തം , കൈ കൊണ്ട് തുടച്ചു മാറ്റിയപ്പോൾ അയാൾക്ക് അറപ്പു തോന്നിയില്ല .കൈകൾ വിറച്ചിരുന്നു . കണ്ണുനീർ ഒഴുകി ഇറങ്ങിയ , കുഴിഞ്ഞ കവിൾത്തടങ്ങളിൽ അയാൾ കൈയ്യോടിച്ചു . പിഞ്ചി കീറിയ ,ബ്ലൗസ് കൂട്ടി ചേർത്ത് അയാൾ അവളുടെ മാറിലെ നഗ്നത മറച്ചു . വിറയ്ക്കുന്ന അവളുടെ കൈകളിൽ നൂറിന്റെ അഞ്ചു നോട്ടുകൾ ,വെച്ച് കൊടുത്തിട്ടു അയാൾ ഇത്രകൂടി പറഞ്ഞു ..
" ഇനി ഈ പണി ചെയ്യരുത് .. എന്നും ഇവിടെ വരണം .എന്റെ മരണം വരെ , ഞാൻ നോക്കും ... "
പിൻതിരിഞ്ഞു നടക്കുമ്പോൾ , ഓർമ്മകളിൽ , ഒന്നര വയസ്സുള്ള , ഒരു കുഞ്ഞിന്റെ കരച്ചിൽ ..ശക്തിയായി എന്തോ വലിച്ചെറിയപ്പെടുന്നു. അത് ഞാൻ തന്നെയാണ് ..എന്റെ ഒരു ഭാഗമാണ് . തെരുവിലേയ്ക്ക് തിരിയുന്ന , കോണിൽ എത്തിയപ്പോൾ അയാൾ ഒന്ന് നിന്നു, പിന്നിലേക്ക് കണ്ണുകൾ പായിച്ചു ..അകലെ , കെട്ടു പോയ , തെരുവ് വിളക്കിന്റെ മറവിൽ , നിലാവിന്റെ നേർത്ത വെട്ടത്തിൽ , മുട്ടിൽ ഇഴഞ്ഞു , മുന്നോട്ടു പോകുന്ന ഒരു സ്ത്രീ രൂപം .
നെഞ്ചിൽ വീണ്ടും ഒരു മിന്നൽ . ശരീരം തളർന്നപ്പോൾ അയാൾ മുന്നോട്ടാഞ്ഞു , കൈകൾ കാൽമുട്ടിൽ കുത്തി നിന്നു . ചുരുങ്ങി പോയ ജനനേന്ദ്രിയത്തിന് മേൽ , പരിഹസിച്ചു ചിരിക്കുന്ന , ഒരു കൂട്ടം ആളുകൾ . ആ കൂട്ടത്തിൽ അവളുണ്ട് സുമ ..ഇരുട്ടിനപ്പുറം ആളുകൾ മാറുന്നു .. ഇപ്പോൾ അവർ പരിഹസിക്കുകയല്ല . കൈ കൊട്ടുകയാണ് . അവരുടെ നടുവിൽ , ആ സ്ത്രീ ..കണ്ണീർ നിറഞ്ഞ ചിരിയുമായി ..
അയാൾ നടന്നു തുടങ്ങി .നഗരത്തിന്റെ തിരക്കിലേക്ക് .ചുറ്റും ഹോൺ മുഴക്കി പായുന്ന , വാഹനങ്ങൾ , ഈ കൂട്ടത്തിലും കുറെ സ്ത്രീകൾ ഉണ്ടാകും ..സ്വന്തം ഭർത്താവിന് വേണ്ടി , ജീവൻ പോലും കളയാൻ മനസ്സുള്ളവൾ, തന്റെ കുഞ്ഞിന് വേണ്ടി , എന്ത് വേദനയും സഹിക്കാൻ, തയ്യാറുള്ളവൾ .. യക്ഷികൾ മാത്രമല്ല ..ഇവിടെ മാലാഖമാരും ഉണ്ട് . കാമത്തേക്കാൾ വില സ്നേഹത്തിനും ബന്ധങ്ങൾക്കും നൽകുന്ന ചിലരെങ്കിലും ..അയാൾ ചിരിച്ചു .ഉറക്കെ . തെരുവിന്റെ പേരില്ലാത്ത ഏതോ കോണിൽ അയാൾ അപ്രത്യക്ഷനാകുമ്പോൾ , മുണ്ടിൽ പറ്റിയ രക്തക്കറയും ,രേതസ്സും കാട്ടി , ഒരാൾ വീമ്പു പറയുന്നുണ്ടായിരുന്നു . ഒരു വേശ്യയെ പറ്റിച്ച കഥ .
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക