
"രാത്രിയുടെ അന്ത്യയാമത്തിൽ അവൾ എഴുന്നേറ്റു.
ഇത്രയും നാൾ ഭർത്താവിൽ നിന്നും അയാളുടെ വീട്ടുക്കാരിൽ നിന്നും അനുഭവിച്ചു പോന്ന മാനസ്സികവും ശാരീരികവുമായ പീഢനങ്ങളിൽ നിന്നും എന്നെന്നേക്കുമായ ഒരു മോചനം നേടി.
എല്ലാവരും ഗാഢനിദ്രയിലാണെന്ന് ഉറപ്പ് വരുത്തി പതുക്കെ അടുക്കള വാതിൽ തുറന്ന് പുറത്ത് കടന്നു.
കിണർ ലക്ഷ്യമാക്കി നടക്കവേ മനസ്സിൽ അസ്വസ്ഥതയുടെ ഒരു തീക്കനൽ പുകഞ്ഞുക്കൊണ്ടേയിരുന്നു.
ഒരു ഉൾവിളി.
താൻ ആത്മഹത്യ ചെയ്താൽ അയാൾ മറ്റൊരു വിവാഹം കഴിക്കും അപ്പോൾ തന്റെ മക്കളുടെ ജീവിതം പെരുവഴിയിലാകും.
ഇല്ല സ്വയം ജീവിതം നശിപ്പിക്കാനാവില്ല. എന്ത് ദുരിതവും ദുഃഖവും അനുഭവിച്ചാലും പിടിച്ചു നിൽക്കുക തന്നെ.
അവൾ തിരിച്ചു നടന്നു.
അടുക്കള വാതിൽ സാക്ഷയിട്ട് അകത്തേക്ക് കയറുമ്പോൾ ലൈറ്റ് തെളിഞ്ഞു.
"എവിടെക്ക്യാടി ഈ നേരത്ത് ഇറങ്ങിപ്പോയേ.. "
ഭർത്താവിന്റെ അട്ടഹാസം കേട്ട് അവൾ ഞെട്ടി വിറച്ചു പോയി.
പിന്നെ സാവധാനം വിഷമം ഉള്ളിലൊതുക്കി പറഞ്ഞു.
പിന്നെ സാവധാനം വിഷമം ഉള്ളിലൊതുക്കി പറഞ്ഞു.
"നിങ്ങള് കാരണം പൊറുതി മുട്ടി ചാവാൻ പോയതാ.."
"എന്നിട്ടെന്ത്യേ ചാവാണ്ട് തിരിച്ചു വന്നേ.. "
" മക്കളെ ഓർത്തി ട്ടാ.."
"ഇനി ചാവാൻ പോവുമ്പാ മക്കളേം കൂട്ടി പൊക്കോളു. എനിക്ക് അവറ്റകളെ നോക്കാനൊന്നും പറ്റില്ല.. "
അയാളത് പറഞ്ഞ് തീരും മുൻപേ അവൾ അയാളുടെ മുഖത്ത് ആഞ്ഞൊരടി അടിച്ചു.
അന്നു തൊട്ട് ഇന്നേ വരെ അയാളെ കൊണ്ടോ അയാളുടെ വീട്ടുക്കാരെ കൊണ്ടോ അവൾക്കോ മക്കൾക്കോ ഒരു ദോഷവും ഉണ്ടായിട്ടില്ലെന്ന് അയൽപക്കക്കാർ പറയാറുണ്ടത്രേ.
പോളി പായമ്മൽ
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക