Slider

പയ്യൻ പയങ്കരമാന ബിസ്സിയാ(നർമ്മരചന)

0
Image may contain: 1 person, close-up
----------------------------------------
*റാംജി..*
ഒരു ഈസ്റ്റർ പകൽ ഞങ്ങളുടെ സ്ഥാപനം നിൽക്കുന്ന ബിൽഡിംഗ്‌ ഓണറിന്റെ ക്ഷണപ്രകാരം പുള്ളിയുടെ വസതിയിൽ എത്തിയതായിരുന്നു..
പോത്തുലർത്തിയതിനേയും,മട്ടനേം,ചിക്കൻപൊരിച്ചതിനേയും,അപ്പത്തിനേം,താറാവിനേം,ചപ്പാത്തിയും ഒക്കറ്റിനേയും വളരെ ക്രൂരമായി കടിച്ച്‌ ഉന്മൂലനം ചെയ്തുകൊണ്ടിരിക്കുമ്പോഴായിരുന്നു ബിൽഡിംഗ്‌ ഓണർ (അച്ചായൻ)
കരിമീൻ പൊള്ളിച്ചത്‌ പാത്രത്തിലോട്ട്‌ വിളമ്പുന്നത്‌..
പുള്ളിയുടെ മുഖത്തേക്ക്‌ നോക്കാതെ മനസിൽ പറഞ്ഞു
"ഹോ..ഇന്നു തിന്നു മരിക്കും എനിക്ക്‌ വയ്യാ" ഞാൻ മനസിൽ പറഞ്ഞു..
പക്ഷെ ,നിഷ്കളങ്ക ഭാവമിട്ടുകൊണ്ട്‌
പുള്ളിയുടെ മുഖത്തുനോക്കിപറഞ്ഞു "ഓ വേണ്ടായിരുന്നു അച്ചായാ..
എല്ലാം ഇവിടല്ലിയോ ഇരിക്കുന്നത്‌,
വേണ്ടുന്നത്‌ ഞങ്ങൾ എടുത്തുകഴിക്കില്ലിയോ.. "
ഒരു പത്ത്‌ പേർക്കെങ്കിലും തിന്നുവാനുള്ള വിഭവങ്ങൾ ഡൈനിംഗ്‌ ടേബിളിൽനിരത്തിവച്ചിട്ടുണ്ട്‌..ഇഫ്താർവിരുന്നിന് അറബികളുടെ ഭവനത്തുപോകുന്നപോലെ ,കണ്ണിനും വയറിനും,നാവിനുമൊക്കെ ആനന്ദം പകരുന്ന കമനീയമായകാഴ്ച്ച..
അപ്പോൾ അദ്ദേഹം പറഞ്ഞു .
"അതൊന്നും പറഞ്ഞാൽ പറ്റില്ല ...
നിങ്ങളുകഴിച്ചാലേ എനിക്ക്‌ സന്തോഷമാകുകയുള്ളു. "
കോളിംഗ്‌ ബെല്ലിന്റെ ശബ്ദം കേട്ടുകൊണ്ട്‌ അകത്തോട്ട്‌ നോക്കി ഈണത്തിൽ അച്ചായൻ വിളിച്ചു.. ..
"മോനേ ജോഷി..ഇങ്ങുവന്നെ..,പുറത്താരോ വിളിക്കുന്നു ഞാൻ നോക്കിയിട്ട്‌ വരാം,
ഇവിടിരിക്കുന്ന സാറന്മാർക്ക്‌ വേണ്ടുന്നതെന്താണന്നുവെച്ചാൽ എടുത്തുകൊടുക്ക്‌.. "
മറുപടിക്ക്‌ കാത്തുനിൽക്കാതെ അച്ചായൻ ഞങ്ങളോട്‌ പറഞ്ഞു.
"പുറത്ത്‌ എന്റെ സുഹൃത്തുക്കൾ വന്നിട്ടുണ്ട്‌ എന്നുതോന്നുന്നു, ഞാനിപ്പോൾ വരാം.. "
പുള്ളിപോയതക്കം നോക്കി കൂട്ടുകാരനും,ഞാനും മത്സരിച്ച്‌ പോത്തുലർത്തിയത്‌ പരസ്പരം കോരിയിട്ടു സഹായിക്കുകയായിരുന്നു. പാവം അച്ചായൻ കൂടുതൽ സന്തോഷിക്കട്ടെ എന്നുകരുതി ചെയ്തതാണ്..
പെട്ടന്ന് ഞങ്ങളുടെ തലക്കുമുകളിൽകൂടി ഒരു കൈ താറാവുകറിയുടെ പാത്രത്തിലേക്ക്‌നീണ്ടുവന്നു..
ചൂളിപോയ ഞങ്ങൾ
മുകളിലേക്ക്‌ നോക്കിയില്ല..
അശരീരിയെന്നവണ്ണം ആ രൂപം തുടർന്നു..
ഇതും കൂടികഴിക്ക്‌ സാറന്മാരെ..
അപ്പത്തിന്റെകൂടെ എന്നാ ടേസ്റ്റാണന്നറിയാവോ....
ഒഴിക്കട്ടെ..
സത്യം പറയുകയാണങ്കിൽ,എറിക്‌ ഗില്ലിന്റെ ശിൽപം പോലെ അവിടെ ഉറച്ചുപോയി,
ഞങ്ങൾകരുതിയത്‌ അച്ചായൻ അവിടുന്ന് പോയികഴിഞ്ഞപ്പോൾ,
പൂരംകഴിഞ്ഞ വടക്കും നാഥന്റെ അവസ്ഥയായെന്നാ...
മാനും,മാഞ്ചാതീം കാണില്ലെന്നുകരുതി..
ശ്ശെ..
ചെക്കനെപ്പോവന്നു...
ഞങ്ങൾ ബീഫുവിളമ്പി കളിച്ചത്‌ കണ്ടുകാണുമോ.. ഏയ്‌..
എന്നാലും....
എന്നാൽ സംശയിക്കുന്നതുപോലെ, പയ്യന്റെ മുഖത്ത്‌ മറ്റൊരുഭാവവുമില്ല..
വീണ്ടും ഏറുകണ്ണിട്ടുനോക്കി..അതെ..
അതിഥികളെ സത്കരിക്കുന്ന ആതിഥേയൻ തന്നെ ..
ഓരോ ചിക്കൻ പീസ്‌ പൊരിച്ചത്‌ അവൻ ഞങ്ങളുടെ പ്ലേറ്റിലേക്ക്‌ വെച്ചപ്പോഴാണ് വിശ്വാസമായത്‌.
ആ ചിക്കൻ പീസോടുകൂടി എറിക്‌ ഗില്ലിന്റെ ശിൽപ്പങ്ങൾക്ക്‌ ജീവൻവെച്ചു....
അവനെ അന്വഷിച്ച്‌ അവന്റെ ഫ്രൻഡ്സ്‌ വന്നതും, ഞങ്ങൾക്ക്‌ വീണ്ടും സ്വൈര്യമായി മൽപിടുത്തം നടത്തുവാനുള്ള കമനീയ അവസരമാണ് വീണുകിട്ടിയത്‌ ..
ബാഹ്യമായ ഇടപെടലുകളില്ലാതെ ഞങ്ങൾ രണ്ടുപരും കൂടെ മത്സരത്തോടെ ഏറ്റുമുട്ടി ശേഷിക്കുന്നവരെ കൂടി ഉന്മൂലനംചെയ്തുകൊണ്ടിരുന്നപ്പോളായിരുന്നു സ്നേഹനിധിയായ നമ്മുടെ അച്ചായൻ തന്റെ സുഹൃത്തുക്കളുമായി സന്നിഹിതനാകുന്നത്‌ ..
ഇതിനിടക്ക്‌
പുള്ളിയുടെ കണ്ണൊന്നുപാളി ഡൈനിംഗ്‌ ടേബിളിലേക്ക്‌ വന്നു.
പിന്നെകണ്ടത്‌ ; "യോയോ"ബോളിന്റെകൂട്ട്‌ അച്ചായന്റെ കണ്ണ് ഒരടി ദൂരത്തിൽ വിത്ത്‌ സ്പ്രിങ്ങോടുകൂടി ചാടികളിക്കുന്നു..
ആ കണ്ണുകൊണ്ടുതന്നെ ഞങ്ങളുടെ മുഖത്തേക്കും, ടേബിളിലേക്കും മാറി മാറി നോക്കി..
ശേഷം,
പുള്ളിയുടെമുഖത്തുനിന്നും ഞങ്ങൾ വായിച്ചെടുത്തത്‌ ഇപ്രകാരമായിരുന്നു..
"നീയൊക്കെ എന്നേ മുടിപ്പിച്ചേ അടങ്ങു ഇല്ലേടാ..
ഇനി ഈ വന്നിരിക്കുന്ന തിമ്മയ്യന്മാർക്ക്‌ എന്തുതിന്നാൻ കൊടുക്കുമെന്റെ കർത്താവേ....അല്ലേലും
ഈസ്റ്ററിന് ഇങ്ങനുള്ള അലവലാതികളെ ഒന്നും വിളിക്കരുതായിരുന്നു..
എന്റെ പിഴ
എന്റെ വലിയ പിഴതെന്നെയാ കർത്തേവേ.. "
എന്നൊക്കെയായിരുന്നു ഗ്രഹിച്ചെടുത്തത്‌..
അപ്പോൾ ഇവിടുത്തെ അങ്കമൊന്നും അറിയാത്ത അച്ചായന്റെ ഭാര്യ,കയ്യിൽ ഒരു ട്രേയിൽ ഗ്രേപ്പ്‌ ജ്യുസും കൊണ്ട്‌ വന്നത്‌..
അച്ചായന്റെ മനസുമാറുന്നതിനുമുൻപ്‌ ഞങ്ങൾ രണ്ടാളും അതിൽ കയറിപിടിച്ചു...
കണ്ണൊക്കെ യഥാ സ്ഥാനത്ത്‌ വന്നുകുടിയേറിയതിന്റെ സന്തോഷത്താൽ പുള്ളിപറഞ്ഞു..
കുടിക്ക്‌ സാറന്മാരെ,ഇങ്ങോട്ട്‌ ഇരുന്നാട്ടെ,സോഫാ ചൂണ്ടികാണിച്ച്‌ പറഞ്ഞു.
നല്ലൊരുദിവസമായി അവരെ വിഷമിപ്പിക്കണ്ടായെന്നുകരുതി സോഫായിൽ ഉപവിഷ്ടരായി..
സത്യത്തിൽ
കൈ കഴുകിയിട്ടില്ല.
ജ്യുസ്‌ അങ്ങോട്ട്‌ താഴ്ത്തി വയ്ക്കുവാനും തോന്നുന്നില്ല.
ഇനി അതുകണ്ടിട്ട്‌ അച്ചായനെങ്ങാനും തിരികെ എടുത്തുകൊണ്ട്‌ പോയാലോ..
അച്ചായൻ കാണുംവിധം ഒരോ സിപ്പ്‌ ജ്യുസ്‌ കുടിച്ച്‌ ഡൈനിംഗ്‌ ടേബിളിൽ കൊണ്ടുവച്ചു..
പെട്ടന്ന് കൈകഴുകി ഓടിവന്ന് ഗ്ലാസിൽ പിടുത്തമിട്ടു...
അങ്കത്തിനിടക്ക്‌ പലതവണ മൊബെയിൽ എന്നെ തോണ്ടിവിളിച്ചു കൊണ്ടിരുന്നു..
എനിക്കറിയാം നാണംകെടുമ്പോൾ തന്നെയത്‌ നിർത്തിക്കോളുമെന്ന്..
അതുകൊണ്ട്‌ ഞാൻ മൈൻഡ്‌ ചെയ്യാൻ പോയില്ല..
അങ്കപുറപ്പാടിനുമുന്നേതന്നെ,ഉന്മൂലനത്തിൽ കൂടുതൽ ശ്രദ്ധയൂന്നി എല്ലാറ്റിനേയും വകവരുത്തുവാൻ മൊബയിൽ നേരത്തേ തന്നെ വൈബറേറ്റർ ആക്കിവച്ചിരുന്നു..
കാഴ്ചക്കാരായിട്ട്‌ ആരെങ്കിലും പയറ്റ്‌ കാണാൻ വന്നിട്ടുണ്ടെങ്കിൽ അവർക്കും ബുദ്ധിമുട്ടാകരുതെല്ലോ..
അതുകൊണ്ടാണവൻ കിടന്നലറാതെ,ബഹുമാനത്തിൽ തോണ്ടിവിളിച്ചത്‌..
ഓരോ പാത്രങ്ങളിലെ പ്രതിയോഗികൾ ഒഴിയുമ്പോഴും ,അപായമണി കണക്കേ അവൻ തോണ്ടുകയാണ്..
ട്രയിൻ യാത്രയിൽ പണം പിരിക്കാൻ നടക്കുന്ന ഹിജഡകളെകാണുമ്പോൾ ഉറക്കം നടിക്കുന്നവരെപോലെ, അവനേ തീർത്തും ഞാൻ അവഗണിച്ചു..
എങ്കിലും ഒരുനാണവുമില്ലാതെ എന്റെ ശ്രദ്ധതിരിപ്പിച്ച്‌ ഉദ്യമത്തിനു ഭംഗം വരുത്തുന്നത്‌ സഹിക്കാതെ,ഞാൻ ഫോണെടുത്തു..
"എത്രനേരമായി ഞാൻ വിളിക്കുകയാണ്?എന്താടാ ഫോണെടുക്കാതിരുന്നത്‌.."
മറുപടിയൊന്നും കൊടുക്കുന്നില്ലെങ്കിലും..
വിളിച്ച കക്ഷി കത്തിക്കുകയാണ്..
എന്റെ വായനങ്ങുന്നുണ്ട്‌ പക്ഷെ, ആഗ്യാപ്പിലും,ശബ്ദമുണ്ടാക്കാതെ ഇറച്ചിയിൽകിടന്ന തേങ്ങാകൊത്തിനെ കോപത്തിൽ വകവരു ത്തികൊണ്ട്‌ ,എഫ്‌ എം റേഡിയോ കേൾക്കുന്ന ചങ്ക്‌ ബ്രോയേപോലെ ഞാൻ നല്ലൊരുശ്രോതാവായി മാറി..
"അവരോട്‌ പറഞ്ഞിരിക്കുന്ന സമയത്തെകുറിച്ച്‌ നിനക്കുവല്ല ബോധവുമുണ്ടായിരുന്നോ?
"അതൊക്കെകഴിഞ്ഞു മോനേ.. "
"ദേ ഇപ്പോഴും അവർ വിളിച്ചുകൊണ്ടിരിക്കുകയാണ്..
ഞാനെന്തുപറയണം..
നീ വരുന്നോ.,അതോ
ഇല്ലിയോ ഇപ്പോൾ പറയണം.. "
ഇത്രയും കത്തിച്ച സ്ഥിതിക്ക്‌ ആളെ പിടികിട്ടികാണുമെല്ലോ.അതെ ചേട്ടൻ തന്നെ
ഇന്ന് എനിക്ക്‌ വേണ്ടി പെണ്ണുകാണാൻ പോകണം എന്നുതീരുമാനിച്ചതായിരുന്നു..
ഈ തീറ്റിക്ക്‌ വന്നതുകൊണ്ട്‌,ഭാവിയിൽ തീറ്റിയുണ്ടാക്കിതരുന്ന പെണ്ണിനെ മറന്നുപോയിരുന്നു എന്നതായിരുന്നു വാസ്തവം.,
ബോധോദയം ഉണ്ടായപ്പോൾ പെട്ടന്ന് ബൈക്കെടുത്തു
,മരണകിണർ അഭ്യാസിയേപോലെ വീട്ടിലേക്ക്‌ ഓടിച്ചുപോയി..
ഈ ധൃതിക്കിടയിലും, നാണമില്ലാത്ത എന്റെ മൊബയിൽ തോണ്ടിവിളിച്ചു കൊണ്ടിരുന്നു..
ആരോഗ്യ ദൃഡഗാത്രനും,സുന്ദരനും,കോമളനും,സുമുഖനും,സർവ്വോപരി രാജകുമാരനെ പോലിരിക്കുന്നവനുമായ(പറയാനാണങ്കിൽ ഇനിയും ഒരുപാടുണ്ട്‌ തത്കാലം ഇതിൽ നിൽക്കട്ടെ..)
എന്നെ പെണ്ണിന്റെ വീട്ടുകാർക്കും,പെണ്ണിനും "ക്ഷാ" യങ്ങ്‌ ബോധിച്ചു..
കാർന്നോരന്മാരാരോ ബ്രോക്കറോട്‌ ചോദിക്കുന്നത്‌ അവ്യക്തമായി ഞാൻ കേട്ടു..
മറുപടിയെന്നോണം അയാൾ പറയുകയാണ്. "പയ്യൻ പയങ്കരമാന ബിസിയുള്ളവനല്ലിയോ"..
എന്നാലും വാക്കുപാലിച്ചുകൊണ്ട്‌ ഇന്ന് തന്നെ ഇവിടെ വരാൻ തോന്നിയെല്ലൊ..
ഇനി ഒന്നും നോക്കണ്ടാ, നമുക്കിതങ്ങ്‌ ഉറപ്പിക്കാം..
റാംജി റാം.✍🏻✍🏻✍🏻✍🏻
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo