നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

എന്റെ പ്രണയിനിക്കായ്



എന്റെ മോളെയൊന്ന് പ്രേമിക്കാമോ
ഞാൻ ചുറ്റും നോക്കി, വേറെയാരുമില്ല എന്നോട് തന്നെയാണ് ചോദ്യം
ഒന്നും തോന്നരുത്, മോൻ പ്രേമിച്ച പെൺകുട്ടികളുടെയൊക്കെ വിവാഹം പെട്ടെന്ന് നടക്കുന്നുണ്ടെന്ന് ചായക്കടയിൽ ഒരു വാർത്ത കേട്ടു. അന്വേഷിച്ചപ്പോൾ നാട്ടിലെത്തിയിട്ടുണ്ടെന്നുമറിഞ്ഞു. എത്ര നല്ല ആലോചന വന്നാലും അതെല്ലാം മുടങ്ങിപ്പോകുന്നു. അതാ ഞാൻ വന്നത്.
ഇത്രയും പറഞ്ഞ് എനിക്ക് ബാക്കിയുണ്ടായിരുന്ന മനസ്സമാധാനവുമായി ആ നരവീണ മനുഷ്യൻ ക്ഷേത്രത്തിനകത്തേക്ക് കയറിപ്പോയി
അച്ഛന്റെ പ്രായമായിപ്പോയി അല്ലേൽ ഇതിനുള്ള മറുപടി ശരിക്ക് കൊടുക്കാമായിരുന്നു. ഹാ ആ മനുഷ്യനോട് ദേഷ്യപ്പെട്ടിട്ട് എന്താ കാര്യം സംഗതി സത്യമല്ലേ.... പക്ഷെ പ്രണയിക്കാൻ വേണ്ടി ആരെയും പ്രണയിച്ചിട്ടില്ല.
എന്റെ കണ്ണിലെ പ്രണയത്തിന് ആദ്യ പ്രണയനി തന്ന സമ്മാനമായിരുന്നു പ്രവാസം.
ചേട്ടൻ ഗൾഫിൽ പോയാൽ എന്റെ അച്ഛൻ നമ്മുടെ വിവാഹത്തിന് സമ്മതിക്കുമെന്ന് പറഞ്ഞ പ്രാണപ്രേയസിക്ക് വേണ്ടി മണലാരണ്യത്തിലേക്ക് കുതിച്ച് ചാടിയവനാണ് ഞാൻ. അവിടുത്തെ ചൂട് കാറ്റ് അവളുടെ ചുടുനിശ്വാസമാണെന്ന് കരുതി തള്ളി നീക്കിയ ദിനങ്ങൾ. അവസാനം നാട്ടിലെത്തിയപ്പോൾ ചേട്ടൻ ഗൾഫിൽ മുടി വെട്ടിയാലും നാട്ടിൽ വെട്ടിയാലും ബാർബർ തന്നെയല്ലേ എന്ന് പറഞ്ഞ് എന്നെ അവൾ തഴഞ്ഞു. ഒരു മാസം തികയും മുമ്പേ മറ്റൊരുത്തന്റെ ഭാര്യയുമായി.ഹാ എന്തായാലും അവൾ നല്ലവണ്ണം ജീവിക്കട്ടെ
നാട്ടിൽ നല്ല നാടൻ തല കിട്ടുമ്പോൾ ഒരു പെണ്ണിന് വേണ്ടി അറബിത്തല തേടി പോയവൻ എന്ന പരിഹാസം സഹിക്കാനാവാതെ വീണ്ടും പറന്നു. പിന്നീടൊരു പോരാട്ടമായിരുന്നു. സിനിമയിലെപ്പോലെ കോടീശ്വരനൊന്നുമായില്ലേലും രണ്ട് ബ്യൂട്ടി പാർലറുകൾ തുറന്നു. പിന്നീടുള്ള അവധിക്ക് പണക്കാരനായി വരുന്നവന്റെ ഭൂതകാലം ചികഞ്ഞ് നോവിക്കാതിരിക്കാൻ മാന്യരായ നാട്ടുകാർ പ്രത്യേകം ശ്രദ്ധിച്ചു.
അരയാൽത്തറയിൽ എന്റെ ഗൾഫ് കഥകൾ കേൾക്കാൻ ഇത്തവണ ആളുകൾ കൂടുതലുണ്ടായിരുന്നെങ്കിലും കുറച്ച് ദിവസമായി ബസ്‌ സ്റ്റോപ്പിൽ നിന്ന് എന്നെ കൊത്തിവലിക്കുന്ന കണ്ണുകളെ ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഈ നാട്ടുകാരിയല്ലെന്നും കോളേജിൽ പോകാൻ സൗകര്യത്തിന് ബന്ധുവിന്റെ വീട്ടിൽ നിന്ന് പഠിക്കുകയാണെന്നും എത്ര കിട്ടിയാലും പഠിക്കാത്ത എന്നിലെ പ്രേമ രോഗി അന്വേഷിച്ചറിഞ്ഞു.
ആൽത്തറയിൽ ഞാൻ ഒറ്റയ്ക്കിരിക്കുന്നത് കണ്ട ഒരു ദിവസം അവൾ എന്റെയടുക്കലേക്ക് വന്നു.
എന്റെ സങ്കൽപത്തിലെ പുരുഷന് ചേട്ടന്റെ രൂപമാണെന്ന് അവൾ തുറന്നടിച്ച് പറഞ്ഞപ്പോൾ ഞാൻ പതറിപ്പോയി. ഞാൻ ചൂടുവെള്ളത്തിൽ വീണ പൂച്ചയാണെന്ന് പറഞ്ഞ് അവളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവളുടെ ദിവ്യപ്രണയത്തിന് അതൊന്നുമൊരു പ്രശ്നമേ അല്ലായിരുന്നു. ലീവ് കഴിഞ്ഞ് പോയെങ്കിലും ഞങ്ങളുടെ പ്രണയം ബദാമിന്റെയും അണ്ടിപ്പരിപ്പിന്റെയും കുങ്കുമപ്പൂവിനെയും രൂപത്തിൽ നാട്ടിലേക്കൊഴുകി.
അവൾക്ക് ഫോൺ അയച്ച് കൊടുത്ത് പതിനാറാം നാൾ എന്റെ പതിനാറിനുള്ള അരി അടുപ്പത്തിട്ട് കൊണ്ട് അവൾ പറഞ്ഞു
ചേട്ടൻ ബ്യൂട്ടിഷനാണെന്ന് പറഞ്ഞപ്പോൾ ഞാൻ കരുതിയത് ഫേഷ്യൽ ചെയ്യുന്ന ആളാണെന്നാണ്. മുടിവെട്ടുന്ന ബാർബർ ആണെന്നറിഞ്ഞില്ല. വ്യത്യസ്ഥനാമൊരു ബാർബറെ സത്യത്തിൽ ഞാൻ തിരിച്ചറിഞ്ഞില്ലെന്ന് പാടി കൂട്ടുകാരികൾ എന്നെ കളിയാക്കുന്നു. എനിക്കിനി വയ്യെന്ന് പറഞ്ഞ അവൾ അധികം താമസിയാതെ ഞാൻ അയച്ച് കൊടുത്ത ഫോണുമായി പുതിയ മേച്ചിൽപുറങ്ങൾ തേടിയിറങ്ങി.ഇതറിഞ്ഞ അവളുടെ വീട്ടുകാർ പഠിപ്പ് നിർത്തി അവളെ കെട്ടിച്ചയച്ചു.
ജോലിക്കാര്യം പറഞ്ഞ് അധിക്ഷേപിച്ചാണ് പ്രണയം തകർന്നതെന്നറിഞ്ഞ എന്റെ അമ്മ അടുത്തവരവിന് ഡോക്ടറേറ്റ് എടുക്കാൻ പഠിക്കുന്നവളെത്തന്നെ എനിക്ക് വേണ്ടി കണ്ട് വച്ചു. എത്രയൊക്കെ പെണ്ണിനെ വെറുത്താലും ചില ഹോർമോണുകൾ എന്നെ ചതിച്ചത് കാരണം ഒറ്റ നോട്ടത്തിൽ തന്നെ പെണ്ണിനെ എനിക്കിഷ്ടായി എന്ന് ഉറക്കെ വിളിച്ച് പറഞ്ഞു. പണത്തിന് മീതെ പറക്കുന്ന പരുന്തായി അവളുടെ അച്ഛനും അറുത്ത കൈക്ക് ഉപ്പ് തേക്കാത്ത അച്ഛനിൽ നിന്ന് സ്വർണ്ണം തട്ടിയെടുക്കാനുള്ള മാർഗ്ഗമായി മകളും ഈ ബന്ധത്തെ കണ്ടതോടെ കല്യാണത്തലേന്ന് അവൾ ഡോക്ടറേറ്റ് എടുത്ത ഒരുത്തന്റെ കൂടെ ഇറങ്ങിപ്പോയി.
അടുത്ത ജന്മത്തിൽ ചേട്ടന് വേണ്ടി പത്താം ക്ലാസ് തോറ്റ ഒരു പെണ്ണായി പുനർജനിക്കും, എന്നെ ശപിക്കരുതെന്ന് അവൾ എഴുതി വച്ച കത്ത് വായിച്ച് ബോധം പോയ എന്നെയും ഡോക്ടർ ഏറ്റെടുത്തു.
..............................................................
ഇത്രയും പെണ്ണുങ്ങളെ നല്ല രീതിയിൽ കെട്ടിച്ചയച്ച എന്നോട് ആ മനുഷ്യൻ മോളെ പ്രേമിക്കാമോ എന്ന് ചോദിച്ചതിലെന്താ തെറ്റ്
എടാ മഹീ നീ ഇത് ഏത് ലോകത്താ, ഞാനെത്ര നേരമായി വന്നിട്ടെന്നറിയാമോ
ഞാൻ ഗതകാല സ്മരണകളിലേക്ക് ഊളിയിട്ടിറങ്ങുകയായിരുന്നു സഹോ
ടാ ദേ ആ അമ്പലത്തിൽ നിന്നിറങ്ങി വരുന്ന കിളവൻ അയാളുടെ മകളെ പ്രേമിക്കാമോ എന്ന് എന്നോട് ചോദിച്ചു
ആഹാ എന്ത് നല്ല പ്രാക്ടിക്കലായ അപ്പൻ, ക്ഷേത്രത്തിൽ കയറി മംഗല്യസൂക്തപുഷ്പാഞ്ജലികഴിപ്പിക്കുന്നതിന് പകരം നിന്റെയടുത്ത് വന്ന് കാര്യം പറഞ്ഞല്ലേ, ഫുദ്ധിമാൻ
എടാ ഉണ്ണീ ഞാനിതൊരു വെല്ലുവിളിയായാണ് എടുക്കുന്നത് ഇനി ഞാനവളെ മാത്രമേ കെട്ടൂ
നീ ഇതെന്തറിഞ്ഞിട്ടാ അവൾക്ക് മറ്റേ രോഗമുണ്ട് എന്ത് രോഗം
ആണുങ്ങളെ കണ്ടാൽ ഓക്കാനം വരും, ഫെമിനിസ്റ്റാ
ഓഹോ അപ്പോൾ അവൾ അപ്പനു മുമ്പേ ഭൂജാതയായവളാണല്ലേ. ഇനി ഞാൻ അവളെ കെട്ടി അവൾ ഇരട്ടപെറ്റ് കിടക്കുന്നത് കണ്ടിട്ടേ തിരിച്ച് പോകൂ
....................................................
മുടി പൊക്കിട്ടിവച്ച് നടന്ന് വരുന്നത് കണ്ടാൽ അവൾ പെരുന്തച്ചന്റെ സന്തതി ആണെന്ന് തോന്നു. ബ്രോക്കർ നാണു ചേട്ടൻ കഴിഞ്ഞാൽ ഇത്തരത്തിലൊരു കാലൻ കുടയും മുഖത്തിന് ചേരാത്ത കണ്ണടയും ഇവൾ മാത്രമേ ഉപയോഗിക്കൂ. ഫെമിനിസ്റ്റാണെങ്കിൽ ഇവൾക്ക് പെണ്ണിനെ പോലെ നടന്നൂടേ ആണിനെ അനുകരിക്കാൻ ശ്രമിക്കുന്നതെന്തിനാ
ഞാൻ അവളുടെ അടുത്തേക്ക് നടന്നു
എടാ മഹീ വെളുപ്പംകാലത്ത് വെളിവില്ലാതെ ഓടുന്ന മാവേലി എക്സ്പ്രസിലാ നീ തല വെക്കാൻ പോകുന്നത്. ഇഷ്ടമാണെന്ന് നാളെ പറഞ്ഞാൽ പോരേ
കൊച്ചേ എനിക്ക് നിന്നെ ഇഷ്ടമാണ് നിന്നെ കെട്ടിയാൽ കൊള്ളാമെന്നുണ്ട്, ഗൾഫിൽ മുടി വെട്ടാണ് ജോലി
എന്തിനാ ഇങ്ങനെ തുറിച്ച് നോക്കുന്നെ. തല വെട്ടൊന്നുമല്ല മുടി വെട്ടാണ്, നിനക്ക് എന്നെയും എന്റെ ജോലിയും ഇഷ്ടമാകുന്നത് വരെ ഞാൻ പുറകേ നടക്കും അത് നിന്റെ അച്ഛനോടുള്ള എന്റെ വാശിയാണ്
അതേ മനുഷ്യാ എല്ലാ ജോലിക്കും അതിന്റെതായ മാന്യതയുണ്ട് പക്ഷെ
പെൺകുട്ടികളെ തടഞ്ഞ് നിർത്തി അസഭ്യം പറയുന്നത് ശരിയാണോ
ആഹാ സഭ്യമേതാ അസഭ്യമേതാ എന്നറിയാത്ത കുട്ടിയാണോ ഇത്ര വലിയ കുടയും പിടിച്ച് മുടി പാരച്ചൂട്ട് പോലെ പൊക്കി വച്ച് നടക്കുന്നത്.
അവൾക്കിഷ്ടമല്ലെങ്കിലും പിന്നീടുള്ള കൂടിക്കാഴ്ച അവൾ അറിഞ്ഞും അറിയാതെയും പതിവാക്കി.വാശിപ്പുറത്ത് തുടങ്ങിയതാണെങ്കിലും ഞാൻ പതിയെ ഒരു പ്രേമ രോഗിയായി മാറിയത് പതിയെ തിരിച്ചറിഞ്ഞു.
എന്നെ കാണാത്ത ദിവസങ്ങളിൽ അവൾ തിരിഞ്ഞ് നോക്കുന്നത് കണ്ടപ്പോൾ ഈ എക്സ്പ്രസ് എന്റ ട്രാക്കിലൂടെ ചലിച്ച് തുടങ്ങിയെന്ന് മനസ്സിലാക്കി. എങ്കിലും ഇഷ്ടം തുറന്ന് പറയും വരെ ഞാൻ അവളുടെ നിഴലായ് കൂടെ നടന്നു.
ഒരു ദിവസം ബസ്സിൽ കണ്ണ് കാണാത്ത ഒരാൾ ബസ്സ് ബ്രേക്കിട്ടപ്പോർ അവളുടെ ദേഹത്ത് അറിയാതെ തട്ടി. അവളിലെ ഫെമിനിസ്റ്റ് ചാടി എണീറ്റ് അയാളുടെ കരണത്ത് ആഞ്ഞടിച്ചു. സത്യമറിയാതെ പ്രതികരിച്ച അവളുടെ കവിളിൽ എന്റെ കൈ പതിച്ചു. അവൾ കരഞ്ഞ് കൊണ്ട് ബസ്സിൽ നിന്ന് ഇറങ്ങുന്നത് കണ്ട് ഞാനുമിറങ്ങി. എന്റെ പെണ്ണ് തെറ്റ് ചെയ്യുന്നത് കണ്ടപ്പോൾ അറിയാതെ തല്ലിപ്പോയി നീ എന്നോട് ക്ഷമിക്ക്
അവൾ പൊട്ടിക്കരഞ്ഞന്റ തോളിലേക്ക് ചാഞ്ഞു. ഇത്രേ ഒള്ളോ എന്റെ ഫെമിനിസ്റ്റ് കുട്ടി, ആണിന്റെ കൈ ടെ ചൂടും നെഞ്ചിലെ സ്നേഹവും അനുഭവിച്ചറിഞ്ഞ ഒരു പെണ്ണും ഫെമിനിസ്റ്റാവൂല്ല.
അവൾ കണ്ണീർ തുടച്ച് എന്നെ നോക്കിച്ചിരിച്ചു.
ഞാനവളുടെ പെരുന്തച്ചൻമുടിയുടെ കെട്ടഴിച്ചിട്ട് മുടിയിൽ തലോടിയിട്ട് പറഞ്ഞു ഇനി ഈ മുടി പുറത്ത് വെട്ടണ്ടാട്ടോ
............................................................
എന്തായാലും നാട്ടിലെ തലകളെല്ലാം ബംഗാളികൾ ബുക്ക് ചെയ്ത സ്ഥിതിക്ക് ഇനി നാട്ടിൽ നിന്നിട്ട് കാര്യമില്ല, പ്രവാസത്തിന്റെ ഒറ്റപ്പെടലിലേക്ക് ഒരു കൂട്ടായി അച്ഛന്റെ ഈ ഫെമിനിസ്റ്റ് മോളെ താലികെട്ടി കൊണ്ടു പൊക്കോട്ടേ
സ്വന്തം മകളെ പ്രേമിക്കാൻ പറഞ്ഞ ലോകത്തെ ഒരേ ഒരു അച്ഛനോട് അനുഗ്രഹം വാങ്ങി നാളെ ഞങ്ങൾ പറക്കുകയാണ് ഹണിമൂൺ ആഘോഷിക്കാൻ....
ജീവിതം ചിലപ്പോൾ അങ്ങനെയാണ് പ്രതീക്ഷിച്ച സമയത്ത് തട്ടിത്തെറിപ്പിച്ചാലും അപ്രതീക്ഷിതമായ സമയത്ത് അതിലും വില പിടിച്ച സൗഭാഗ്യം കൊണ്ട് വന്ന് തരും. ഓരോ അരി മണിയിലും എഴുതിയിട്ടുണ്ടല്ലോ അതിന്റെ അവകാശിയുടെ പേര് പക്ഷെ ആ അരിച്ചാക്ക് അവളുടെ അച്ഛൻ തന്നെ തലയ്ക്ക് ചുമന്ന് കൊണ്ട് തരുമെന്ന് സ്വപ്നത്തിൽപ്പോലും കരുതിയില്ല

By Anamika AAmi

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot