നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സൂപ്പർ റെസ്റ്റാറന്റ്

Image may contain: Ajoy Kumar, beard, closeup and indoor


Ajoy Kumar
കഴിഞ്ഞ തവണ ഏതോ കാര്യത്തിന് പോകുന്ന വഴിയാണ് നിലമേൽ എന്ന സ്ഥലത്തെ ഒരു റെസ്റ്റാറന്റ് കണ്ടത്.ഒരു വലിയ ഹോട്ടലിനോട് ചേർന്ന് ഉള്ള സൂപ്പർ റെസ്റ്റാറന്റ് . നല്ല കിടു ലുക്ക് .ഉൽഘാടനം അപ്പൊ കഴിഞ്ഞതേ ഉള്ളെന്നു തോന്നുന്നു.നിറയെ ബലൂണുകൾ.പ്യുവർ വെജ് ആയതു കൊണ്ട് ഞങ്ങളുടെ കൂടെ വന്ന ശ്യാമയുടെ വല്യമ്മയും പറഞ്ഞു എന്നാൽ പിന്നെ ഇവിടെ കേറാം. അച്ചുവും കിച്ചുവും ഇല്ലാതിരുന്നത് കൊണ്ട് എല്ലാർക്കും വെജ് മതി
പുത്തനച്ചി പുരപ്പുറം തൂക്കുമെന്നു പറഞ്ഞ പോലെയായിരുന്നു കാര്യങ്ങൾ. കാർ തുറന്നിറങ്ങി ഒന്ന് ഔട്ട് ഡോർ മൂത്രമൊഴി ആയാലോ എന്നാലോചിച്ചതേ ഉള്ളു.പടാർ എന്നൊരു ശബ്ദം,.പീരങ്കി വെടി വെച്ചത് പോലെ .ഞെട്ടിപ്പോയി.തിരിഞ്ഞു നോക്കിയപ്പോൾ ഒരു എക്സ് സർവീസ് സെകുരിറ്റി സലൂട്ടടി എന്ന വ്യാജേന നിലത്തു ആഞ്ഞു ചവിട്ടിയതാണ്. ആ ശബ്ദം കേട്ടപ്പോൾ ശ്യാമയും വല്യമ്മയും എല്ലാം അകത്തേക്കോടിയതു കാരണം ഞാനും കാർ ലോക്ക് പോലും ചെയ്യാതെ പുറകെ ഓടി.
അകത്തു തിരക്കിന് യാതൊരു കുറവുമില്ല,.കൂടുതലും അമേരിക്കയിൽ നിന്നും വന്നെന്നു തോന്നിക്കുന്ന ആളുകൾ ആണ്,നല്ല തടിയും കുഞ്ഞു നിക്കർ വേഷവും. പ്രാമിൽ ഇരുന്നുറങ്ങുന്ന കുഞ്ഞുങ്ങൾ.വല്ല വിധവും ഒരു മേശ ഒപ്പിച്ചു ഞങ്ങൾ ഇരുന്നു.ആരും അടുത്തേക്ക് വരുന്നില്ല, ആകെ ഉള്ള രണ്ടോ മൂന്നോ റ്റൈ ധാരികൾ ഓടി നടക്കുന്നു.എന്തൊക്കെയോ കൺഫ്യൂഷനുകൾ.
അടുത്ത് കൂടി മൈൻഡ് ചെയ്യാതെ പോയ ഒരു റ്റൈ ധാരിയെ ഞാൻ പിടിച്ചു നിറുത്തി.
സാറെ ഇപ്പൊ വരാം...
ഇപ്പൊ വരണ്ട, ഞങ്ങടെ ഓർഡർ എടുത്തിട്ട് പോയാൽ മതി. എന്തെല്ലാം ഉണ്ട് ?
ഒരു സ്കോഡ.രണ്ടു ഇന്നോവ.പിന്നെ ലോറിയും
ങേ,
സോറി സാർ, ഞാൻ ഈ ഹോട്ടലിലെ ഡ്രൈവർ ആണ്, സപ്പ്ളൈക്ക് ആൾ തികയാത്തതിനാൽ എന്നേം ഇവിടെ പിടിച്ചു നിറുത്തി
ശോ പാവം ..ആട്ടെ .എന്തെല്ലാമുണ്ട് ?
പുള്ളി റ്റൈ എടുത്തു കണ്ണീർ തുടച്ചു, പിന്നെ പറഞ്ഞു .ചിക്കൻ ബിരിയാണി. മട്ടൻ ബിരിയാണി,പൊറോട്ട മുട്ട.അപ്പോം ഫിഷ് മോലീം.
എന്റെ വാ തുറന്നു വന്നു , കൊതി കാരണം തുപ്പൽ ഒലിച്ചിറങ്ങി...വല്യമ്മ പോകാൻ എണീറ്റു. പറഞ്ഞു കൊണ്ടിരുന്ന അയാളും വെള്ളമിറക്കുന്നു
ഇതൊക്കെ ആണോ ഇവിടെ ? വെജ് അല്ലെ ? ശ്യാമ ദേഷ്യത്തിൽ ചോദിച്ചു,
ഹേയ് ഇതൊക്കെ ഉണ്ടെങ്കിൽ നന്നായേനെ എന്ന് പറഞ്ഞതാ.ഇവിടെ ഇതൊന്നും കിട്ടൂല മാഡം.ഇവിടെ ആകെ പൂരി ,ഇഡ്ഡലി. നെയ് റോസ്‌റ്, പൊടി ദോശ. അട ദോശ പിന്നെ ലതും
ഏത് ?
മദാലസ
ങേ
മസാലദോശ..സോറി
എനിക്കൊരു പൊടി ദോശ ഞാൻ പറഞ്ഞു,
പണ്ട് ശ്യാമയുടെ ഓഫീസിലെ ഒരു ബ്രാഹ്മിൻ ലേഡി ഉണ്ടാക്കി തന്ന പൊടി ദോശ എനിക്കോർമ്മ വന്നു.ദോശപ്പൊടി എണ്ണയിലോ നെയ്യിലോ കുതിർത്ത് അകത്തെ വശത്ത് തേച്ചു ചുട്ടെടുക്കുന്ന ദോശയാണ് പൊടി ദോശ
എനിക്ക് അട ദോശ.വല്യമ്മ പറഞ്ഞു,ശ്യാമ പിന്നെ ആഫ്രിക്കൻ വനാന്തരങ്ങളിൽ പോയാലും ഇഡ്ഡലി മാത്രമേ ഓർഡർ ചെയ്യാറുള്ളു.അങ്ങനെ ഓർഡറുമായി ഡ്രൈവർ സപ്പ്ളയർ പോയി
ഏകദേശം അര മണിക്കൂർ കഴിഞ്ഞപ്പോൾ ഞാൻ ഒരാളെ വിളിച്ചു പറഞ്ഞു
.
ഹേയ് അര മണിക്കൂർ ആയി ഞങ്ങൾ ഓർഡർ ചെയ്തിട്ട് . ഒന്നും വന്നില്ല ട്ടോ
അയാൾ അടുത്തേക്ക് വന്നു, സാർ ക്ഷമിക്കണം,ഇന്നലെ തുടങ്ങിയതേ ഉള്ളു. അതിന്റെ കുറച്ചു കൺഫ്യൂഷൻസ്.അതാ ആ വന്നവർ ഇന്നലെ രാത്രി ഓർഡർ ചെയ്തതാണ്,അത് വരുന്നതേ ഉള്ളു.
ഒരു കുടുംബം ഇരുന്നുറങ്ങുന്നു. കൊള്ളാം. നല്ല സ്ഥലത്താണ് കയറിയത്.അതിനിടെ ഇപ്പുറത്തിരുന്ന ആളിന്റെ മേശയിൽ സപ്പ്ളയർ രണ്ടു വട കൊണ്ട് വെച്ചു. അപ്പുറത്തെ ടേബിളിൽ ഇരുന്ന ഒരു തടിയൻ എണീറ്റു വന്നു അത് അയാളുടെ മേശപ്പുറത്തേക്ക് മാറ്റി.അപ്പോൾ ഇയാൾ ചൂടായി
എടോ എന്റെ വട ആണിത്
അല്ല എന്റെ വട ആണ് രണ്ടു മണിക്കൂർ ആയി ഞാൻ പറഞ്ഞിട്ട്
എന്റെ ആണെന്ന് .ഞാനും നേരത്തെ പറഞ്ഞതാ
ഈ വട എന്തായാലും എന്റെയാണ്
അത്രയും ആയപ്പോൾ അടുക്കളയിൽ നിന്നും ഒരാൾ വന്നു, ആരും അടി ഉണ്ടാക്കേണ്ട.എന്റെ വടയാണ്
താനാരാ?
ഞാനാണ് ഇവിടത്തെ കുക്ക്. ഞാൻ ഉണ്ടാക്കിയ വടയാണ്, എന്റെ വട
മാനേജർ വന്ന് കുക്കിനെ പിടിച്ചു അകത്തേക്ക് കൊണ്ട് പോയി. നല്ല ഹോട്ടൽ. ഭാവിയുണ്ട് ഞാൻ ശ്യാമയോട് പറഞ്ഞു
അത്രയും ആയപ്പോൾ വല്യമ്മ ഓർഡർ ചെയ്ത അട ദോശ വന്നു.കണ്ടപ്പോൾ നെയ് റോസ്‌റ് പോലെ ഉണ്ട് .ഞാൻ സപ്പ്ളയറെ വിളിച്ചു
ഇത് നെയ് റോസ്‌റ് ആണല്ലോ , ഞങ്ങൾ അട ദോശയല്ലേ പറഞ്ഞത്
അയാൾ അടുത്ത് വന്നു ദോശയെ കുറെ നേരം നോക്കി.ഇതാണ് സാർ അട ദോശ
അല്ലല്ലോ,ഇത് നെയ് റോസ്‌റ് ആണ്
അയാൾ വീണ്ടും അതിനെ തുറിച്ചു നോക്കി. പിന്നെ മാനേജരെ വിളിച്ചു. അയാളും ഇയാളും കൂടി അതിനെ നോക്കി
സാറെ ഇത് അട ദോശ തന്നെ
അതെങ്ങനെ നെയ് റോസ്‌റ് എങ്ങനെ അട ദോശ ആവും
സാരമില്ല അജോയ് ഞാൻ ഇത് കഴിച്ചോളാം ,വല്യമ്മ മദർ തെരേസ ആയി മാറി
അത് വേണ്ട. അട ദോശ ഓർഡർ ചെയ്താൽ അതല്ലേ തരേണ്ടത് .എനിക്ക് ദേഷ്യം വന്നു
സാർ ,മാനേജർ ഈറൻ കണ്ണുകളോടെ പറഞ്ഞു, പത്തിരുപതു വർഷമായി ഞാൻ ഹോട്ടൽ ഇൻഡസ്ട്രിയിൽ ഉണ്ട്.
അത് കൊണ്ട്?
ആ അനുഭവം വെച്ചു പറയുകയാണ്.എന്റെ 'അടയാണേ സത്യം ഇത് 'അമ്മ ദോശയാണ്, കണ്ടാൽ ആ ഒരു ലുക്ക് ഇല്ലെന്നേ ഉള്ളു,
'അമ്മ ദോശയോ?
സോറി , അമ്മയാണെ സത്യം ഇത് അട ദോശയാണെന്ന് .എന്റെ അമ്മയെ കണ്ടാൽ ഇതാ ഈ അമ്മയെ പോലെ ഇരിക്കും. വല്യമ്മയെ ചൂണ്ടി മാനേജർ പറഞ്ഞു
അതൊക്കെ എന്തിന് ഇപ്പൊ പറയണം? മാത്രമല്ല ഇത് അട ദോശയാണെങ്കിൽ ആ സാധനം എന്താണ് ?
അപ്പുറത്തെ മേശയിൽ നെയ് ദോശ ചോദിച്ച ആളിന്റെ മുന്നിൽ ഇരിക്കുന്ന കണ്ടാൽ ഇതുപോലെയുള്ള സാധനം ചൂണ്ടിക്കാണിച്ചു ഞാൻ ചോദിച്ചു
സാർ ഒന്ന് ശ്രദ്ധിച്ചു നോക്കൂ. ആ ദോശയുടെ ഒരു ലുക്ക് കണ്ടോ.അതിൽ മാറ്റമില്ലേ?
ഞങ്ങൾ എല്ലാരും അയാളുടെ ദോശയിൽ തുറിച്ചു നോക്കുന്നത് കണ്ട അയാൾ നാക്കു നീട്ടിക്കാണിച്ചിട്ട് പ്ളേറ്റ് എടുത്തു പുറം തിരിഞ്ഞിരുന്നു കഴിക്കാൻ തുടങ്ങി
എന്തായാലും ഇത് അട ദോശയല്ല അല്ല അല്ല അല്ല ഞാൻ പറഞ്ഞു
ഗളും....ഒരു ശബ്ദം . പ്രശ്നപരിഹാരത്തിനായി വല്യമ്മ ആ ദോശ സാമ്പാറിൽ മുക്കി വിഴുങ്ങിയ ശബ്ദമാണ്. എന്നിട്ടു കണ്ണും തള്ളിയിരിക്കുന്നു.വെള്ളം വെള്ളം വെള്ളം...
മാനേജർ ഓടിപ്പോയി കുറെ വെള്ളം എടുത്തു വല്യമ്മയുടെ വായിലേക്കൊഴിച്ചു ..അമ്മെ അമ്മയാണമ്മേ 'അമ്മ ..എനിക്ക് പിറക്കാതെ പോയ 'അമ്മ
ഓഹോ...എന്നാൽ പിന്നെ എന്തോ ആവട്ടെ ഞാൻ സബ്ജക്റ്റ് വിട്ടു
അതിനിടെ ശ്യാമ ഓർഡർ ചെയ്ത ഇഡ്ഡലി വന്നു,ഉടനെ തന്നെ , നേരത്തെ കണ്ട തടിയൻ വന്ന് അത് എടുത്തു കൊണ്ട് അയാളുടെ ടേബിളിലേക്കു പോവുകയും ചെയ്തു,രണ്ടു മണിക്കൂർ മുൻപേ അയാൾ ഓർഡർ ചെയ്ത ഇഡ്ഡലി ആണതെന്ന്. പിന്നെയും കുറെ നേരം കഴിഞ്ഞപ്പോൾ ആണ് പൊടി ദോശയും ഇഡലിയും ഒരുമിച്ചു കളിച്ചു ചിരിച്ചു സംസാരിച്ചു കൊണ്ട് ഒരു ട്രേയിൽ കയറി വന്നത്
പൊടി ദോശ കഴിക്കാൻ എടുത്ത ഉടനെ ഞാനും അടുത്തിരുന്ന എല്ലാവരും തുമ്മാൻ തുടങ്ങി.എന്താണ് കാര്യം? ദോശപ്പൊടി എണ്ണ ചേർക്കാതെ അത് പോലെ ദോശക്കകത്തു വെച്ചിരിക്കുന്നു.ഫാൻ കാറ്റ് അടിച്ചപ്പോൾ അത് അതിന്റെ പാട്ടിനു പോയി അടുത്തിരുന്നവരുടെ അണ്ണാക്കിൽ കയറി,
വേറെ ആരുടെയോ ടേബിളിൽ വെച്ച കാപ്പി അയാൾ ഓർഡർ ചെയ്തതാണെന്ന് പറഞ്ഞു എടുത്തു കൊണ്ട് വന്ന തടിയൻ തുമ്മിക്കൊണ്ട് എന്നോട് ചോദിച്ചു ഹാഛീ....ഹെ..ഹെന്താ...ഹിത് ..ഹാഛീ..
ആ ആ ഛീ...പോ..പോ...
ഹാ ഛീ...ഹെങ്ങോട്ടു പോകാൻ ..ഹാ ഛീ
ആ അതല്ല...പൊടി ഹാ ... ഛീ ...പൊടി ദോശയാണെന്ന്
അങ്ങനെ തുമ്മൽ മാമാങ്കത്തിന് ശേഷം പൈസയും കൊടുത്തു പോകാൻ നേരം ഞാൻ മാനേജരെ വിളിച്ചു
ഇതാണോ പൊടി ദോശ ?
അതേ സാർ..എന്റെ 'അമ്മ സത്യമായും അതാണ് പൊടി ദോശ
അമ്മയെ ഒന്നും വിളിക്കണ്ട, ഞാൻ സമ്മതിച്ചു പക്ഷെ ഒരു ചെറിയ സജഷൻ
എന്താ സാർ? ഇനി അച്ഛനെ കൊണ്ട് സത്യം ചെയ്താൽ മതിയോ ?
അതല്ല, ഈ ദോശയുടെ പേരില്ലേ, പൊടി ദോശ എന്നുള്ളത് മാറ്റി വടി ദോശ എന്നാക്കാൻ പറ്റുമോ ? ഇപ്പൊ വേണമെന്നില്ല ,എന്നെങ്കിലും
വടി ദോശയോ ? അതെന്തിനാ സാർ?
താമസിയാതെ ഈ കുന്തം വാങ്ങുന്ന ഏതെങ്കിലും ഹതഭാഗ്യൻ ആ ദോശയിലെ പൊടി ശ്വസിച്ചു തുമ്മി തുമ്മി വടിയാവും..അപ്പൊ പൊടി ദോശ മാറ്റി വടി ദോശ എന്നാക്കിയാലും മതി

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot