Slider

ആദ്യരാത്രി സങ്കൽപം

0

മുഖത്താകെ കരിപുരണ്ട് തുളുമ്പാൻ നിന്നിരുന്ന ആകാശം പോലും ആ വാർത്ത കേട്ട് പൊട്ടിക്കരഞ്ഞു
ഇന്നെന്റെ കാമുകന്റെ കല്യാണമാണ്
മഴയുടെ ഇരമ്പലിൽ എന്റെ നെഞ്ചിന്റെ തേങ്ങൽ ആരും കേൾക്കാതിരിക്കാൻ ഞാൻ നന്നേ പണിപ്പെട്ടു. രാത്രിയാവുംതോറും എന്റെ ഹൃദയമിടിപ്പ് കൂടി വന്നു. ഇന്നവന്റെ ആദ്യരാത്രിയാണ്.വെറും മൂന്ന് മാസത്തെ പ്രണയമായിരുന്നെങ്കിൽപ്പോലും ഞങ്ങളൊന്നിച്ച് സ്വപ്നം കണ്ട ആദ്യരാത്രി .ഞങ്ങളുടെ ആദ്യരാത്രിയിൽ മഴ പെയ്യണമെന്ന് ഒരു പാട് ആഗ്രഹിച്ചിരുന്നു, എന്നിട്ട് സിനിമയിലെപ്പോലെ സെറ്റും മുണ്ടും ഉടുത്ത് മുല്ലപ്പൂവെച്ച്, നെറ്റിയിൽ ചുവന്ന പൊട്ടും കാലിൽ കിലുങ്ങുന്ന കൊലുസുമിട്ട് കൈയ്യിൽ ഒരു പാൽഗ്ലാസ്സുമായി മുറിയിൽ വരണമെന്ന് അവൻ എന്നോട് പറഞ്ഞിരുന്നു.
എന്റെ കണ്ണുകൾ എന്നെ ചതിക്കുന്നു, വായാടിപ്പെണ്ണുങ്ങൾ കരയാൻ പാടില്ല, ഞാൻ മുകളിലേക്കുള്ള പടവുകൾ കയറി ബാൽക്കണിയിൽപ്പോയി മഴ നോക്കിയിരുന്നു.
എനിക്കവന്റെ കണ്ണുകളോടായിരുന്നു പ്രണയം. ചെമ്പൻ കണ്ണുള്ള കട്ടി മീശയുള്ള സുന്ദര പുരുഷൻ.
പ്രണയം അസ്ഥിക്ക് പിടിക്കുമെന്നുറപ്പായപ്പോൾ ഞാൻ അമ്മയോട് പറഞ്ഞു. എടീ എന്ന് വിളിച്ചാൽ എന്താടാ എന്ന് ചോദിക്കുന്ന പ്രകൃതമുള്ള എനിക്ക് പ്രണയമെന്ന് അമ്മ ആദ്യം വിശ്വസിച്ചില്ലെങ്കിലും കാമുകനെപ്പറ്റി അന്വേഷിച്ചതും അവന്റെ സ്വഭാവദൂഷ്യത്തിന്റെ നീണ്ട ലിസ്റ്റ് തന്നതും പെട്ടെന്നായിരുന്നു.പ്രണയം തലയ്ക്ക് പിടിച്ചാൽ വീട്ടുകാരുടെ വാക്കുകൾ പാഷാണമാകുമല്ലോ. പക്ഷെ എന്റെ കൂട്ടുകാരിയുടെ കാമുകൻ പറഞ്ഞ ആദ്യരാത്രിയിലും മഴയും കൊലുസും ചുവന്ന പൊട്ടും സെറ്റും മുണ്ടും എല്ലാം ഉണ്ടെന്നറിഞ്ഞപ്പോൾ മനസ്സിലാക്കി ഞാൻ അവന് പലരിൽ ഒരാൾ മാത്രമായിരുന്നു എന്ന് .
ചതിയനായിരുന്നെങ്കിലും എന്റെ ആദ്യാനുരാഗം ആയിരുന്നില്ലേ അവൻ, അവന്റെ ആദ്യ രാത്രിയെപ്പറ്റി ആലോചിച്ചിട്ട് സഹിക്കാൻ പറ്റുന്നില്ല.
നെഞ്ചിന്റെ വിങ്ങൽ അകറ്റാൻ കവിത എഴുതിയാലോ, ഞാൻ ആദ്യമായി തൂലികയെടുത്തു
മഴയെ നോക്കി കഷ്ടപ്പെട്ട് എഴുതി
മഴ അന്നും ഇന്നുമെൻ നഷ്ടസ്വപ്നത്തിന്റെ
നനവുള്ളൊരോർമയാം കൂട്ടുകാരി
പിന്നെ വരിയൊന്നും വരുന്നില്ല, കവിത നമുക്ക് പറ്റുന്ന പണിയല്ല, വല്ല ആണായിരുന്നെങ്കിൽ താടി വളർത്താമായിരുന്നു. ഒന്ന് കറൻറ് പോയിരുന്നെങ്കിൽ കൊതുക് കടിച്ചെങ്കിലും അവന്റെ ആദ്യ രാത്രി കുളമായേനെ എന്ന് ഓർത്ത് കെഎസ്ഇബി ക്കാരെ പ്രാകി .കല്യാണത്തിന് മഴ പെയ്യാൻ വേണ്ടി ചിരവനാക്കിൽ നിന്ന് തേങ്ങാപ്പീര വാരിത്തിന്ന് എനിക്ക് ബാക്കിയായത് വിരശല്യം മാത്രം, അവന് മഴയുള്ള ആദ്യ രാത്രി .എന്റെ നെടുവീർപ്പ് കേട്ട് അമ്മ മുകളിലേക്ക് വന്നു
കാതുകുത്തിയവൻ പോയാൽ കടുക്കനിട്ടവനെ ഈ അമ്മ കൊണ്ട് വന്ന് തരും
അമ്മേ എനിക്ക് വെളുത്ത ചെക്കൻമാരെ പേടിയാ, കറുത്തിട്ട് ,ഒരു തേപ്പ് കിട്ടിയ ചെക്കനെ മതി.
എന്റെ ആഗ്രഹം പോലെ ഒരു പുരുഷ മാലാഖ വന്നെത്തി. മെയിൽ നഴ്സ് ആയതിന്റെ പേരിൽ പ്രണയിച്ചവൾ തേച്ചിട്ട് പോയവൻ.സ്വന്തം ഭർത്താവിനെ ബ്രദറേ എന്ന് വിളിക്കാമെന്ന സന്തോഷത്തിൽ ഞങ്ങളുടെ കല്യാണം മംഗളകരമായി നടന്നു. മഴ മാത്രം പെയ്തില്ല. ആദ്യരാത്രിയിൽ സെറ്റും മുണ്ടും പൂവും കൊലുസും പോയിട്ട് ഒരു ഗ്ലാസ്സ് പാല് പോലും കിട്ടിയില്ല. പെങ്ങളില്ലാത്തവനെ കെട്ടുന്നതിന്റെ നഷ്ടം ഞാൻ മനസ്സിലാക്കി.
ആർഭാടങ്ങളൊന്നുമില്ലാതെ ആദ്യരാത്രി കടന്നു പോയി. മധുവിധുവിന്റെ മധുരം മാറുംമുമ്പേ ഗർഭിണിയായതോടെ മഴക്കാലത്തെ ആദ്യരാത്രി ഒരു നടക്കാത്ത സ്വപ്നം മാത്രമായി .
വർഷങ്ങൾ കടന്ന് പോയി പല മാറ്റങ്ങളും സംഭവിച്ചു, പൂർവ്വ കാമുകൻ ഭാര്യയെ തൊഴിലുറപ്പിന് വിട്ട് അംബാനി കനിഞ്ഞ് തന്ന ഇൻറർനെറ്റിൽ ഹൈടെക് വല വീശൽ നടത്തുന്നു. ആരും വീളിക്കാതെ ജൂൺ മാസത്തിൽ മഴ കടന്ന് വരുന്നു. മെട്രോ ട്രെയിൻ സ്വകാര്യ അഹങ്കാരമായി കൊച്ചിക്കാരുടെ തലയ്ക്ക് മീതെ ചീറിപ്പാഞ്ഞോടുന്നു.
ഒരു കാര്യത്തിൽ മാത്രം മാറ്റം വന്നില്ല മഴ കാണുമ്പോൾ എന്റെ മനസ്സ് മയിലിനെപ്പോലെ നടക്കാതെ പോയ ആർഭാടപൂർണ്ണമായ ആദ്യരാത്രിയെ ഓർത്ത് പീലി വിടർത്തും.
മഴ നോക്കിയുള്ള എന്റെ നെടുവീർപ്പ് കാണുമ്പോൾ ഏട്ടൻ പറയും
ഒരു ദിവസം നിന്റെ ആശയങ്ങ് തീർത്ത് തരാം, ചുവന്ന പൊട്ടും സെറ്റുമുണ്ടും പാൽഗ്ലാസും പിന്നെന്തൊക്കെയാ
പിന്നേ അപ്പൂസ് ,മുറിയിൽ കൂടെ കിടക്കുമ്പോഴല്ലേ ആദ്യ രാത്രി ഒന്ന് പോ മനുഷ്യാ
പുറത്ത് നല്ല മഴ, ഒരവസരം കിട്ടിയിരുന്നെങ്കിൽ ഈ കലവറ നമുക്കൊരു മണിയറ ആക്കാമായിരുന്നു മുട്ടപൊരിച്ച് കൊണ്ടിരുന്ന എന്നെ നോക്കി ഏട്ടൻ പറഞ്ഞു
അമ്മേ അപ്പൂസിന് ഇന്ന് അപ്പൂപ്പന്റേം അമ്മൂമ്മ ടേം കൂടെ കിടന്നാൽ മതി, അമ്മാമ്മയ്ക്ക് നല്ല കഥയറിയാം
വൈദ്യൻ കൽപിച്ചതും രോഗി ഇച്ഛിച്ചതും പാല്
നിന്റെ അമ്മയ്ക്ക് കഥ എഴുതാൻ മാത്രമേ അറിയൂ പറയാൻ അറിയില്ല മോൻ അവിടെപ്പോയ് കിടന്നോട്ടോ
അപ്പോളെങ്ങനാ നമ്മളാ ആദ്യരാത്രി റീ ക്രിയേറ്റ് ചെയ്യുവല്ലേ, ഈ മഴ തോരും മുമ്പ് സാധനങ്ങളൊക്കെ അറേഞ്ച് ചെയ്തോ. ഇനിയെങ്ങാനും ആഗ്രഹങ്ങളൊടുങ്ങാതെ ഈ മൊതലെങ്ങാനും ചത്ത് പോയാൽ കിലുങ്ങുന്ന കൊലുസുമായി പ്രേതമായിട്ടും സ്വസ്ഥത തരില്ല
ഓ അങ്ങനാണേൽ വേണ്ട
ടീ പെണ്ണേ ഇനി ഇത് പോലൊരു അവസരം കിട്ടൂല്ല നീ പിണങ്ങാതെ പോയി പാല് തിളപ്പിക്ക്
ആർക്കാ മോളേ ഈ രാത്രി പാല്
അത് അത് ചേട്ടന് മസിലുണ്ടാകാൻ പ്രോട്ടീൻ പൗഡർ കലക്കാൻ ആണമ്മേ
അവനോട് ഈ എൻഡോസൾഫാൻ കഴിക്കൽ നിർത്താൻ ഞാൻ പല തവണ പറഞ്ഞിട്ടുണ്ട് പിന്നേം തുടങ്ങിയോ അവന്റെയൊരു മസില്
രാത്രി പതിനൊന്ന് മണി. വീട്ടിലെ പൂച്ചക്കുഞ്ഞ് വരെ ഉറങ്ങി. പുറത്ത് മഴ തകർത്ത് ചെയ്യുകയാണ്, എന്റെ ആഗ്രഹ സഫലീകരണത്തിനായി ഏട്ടൻ ഉറക്കം വന്നിട്ടും കണ്ണിൽ മണ്ണെണ്ണ ഒഴിച്ച് കാത്തിരുന്നു. ഞാൻ ശബ്ദമുണ്ടാക്കാതെ അമ്മയുടെ അലമാര തുറന്ന് സെറ്റും മുണ്ടെടുത്ത് ഉടുത്തു, വാലിട്ട് കണ്ണെഴുതി നെറ്റിയിൽ ചുമന്ന പൊട്ടും കുറിയും വരച്ചു, മുറ്റത്തിറങ്ങി മുല്ലച്ചെടിയിൽ ആകെയുണ്ടായിരുന്ന ഒരു പൂവെടുത്ത് തലയിൽ വച്ച് കാലിൽ കൊലുസണിഞ്ഞ് പാൽഗ്ലാസ്സുമായി മുറിയിൽ കയറി വാതിൽ കുറ്റിയിട്ടു.ഏട്ടൻ പഴയ സിനിമയിലെ നായകനെപ്പോലെ ജനലരികിൽ മഴ നോക്കി നിന്നു. എന്റെ കയ്യിൽ നിന്ന് പാൽഗ്ലാസ് വാങ്ങി മേശയിൽ വെച്ചു. ഞങ്ങൾ ചേർന്നിരുന്നു.എന്റെ താടിയിൽ പിടിച്ച് മുഖം പയ്യെ ഒന്ന് ഉയർത്തിയതും പെട്ടെന്ന് ഒരു ഇടിവെട്ട് കറൻറ് പോയി
അയ്യോ ഏട്ടാ അപ്പൂസിന് ഇടിവെട്ട് പേടിയാ ഏട്ടന്റെ കൈ തട്ടിമാറ്റി അപ്പുറത്തെ മുറിയിലേക്ക് ഓടി മോനെയെടുത്തു.മാതൃത്വം ഉണർന്നപ്പോൾ എന്റെ സിനിമാ സ്റ്റൈൽ കോസ്റ്റ്യൂമിന്റെ കാര്യം ഞാൻ മറന്ന് പോയി. അമ്മ ഒന്നും ചോദിച്ചുമില്ല ഞാനൊന്നും പറഞ്ഞുമില്ല മോനുമായി മുറിയിൽക്കയറി വാതിലടച്ചപ്പോൾ പുരുഷമാലാഖ കളിയാക്കി ചിരിച്ച് കൊണ്ട് ചോദിച്ചു
ആദ്യരാത്രി കുളമായാലും ബാക്കിയുള്ള ഡേയും നൈറ്റും നീ ഹാപ്പി അല്ലേടി പെണ്ണേ
പിന്നല്ലാതെ, എനിക്ക് വളരെ സന്തോഷമുണ്ടേട്ടാ ,ഈ വട്ടിനൊക്കെ കൂട്ട് നിൽക്കുന്ന കണവനെ കിട്ടിയതിൽ , അച്ഛനയും അമ്മയും ഇതൊക്കെ മറക്കും വരെ ഒരാഴ്ച വീട്ടിൽപ്പോയി നിന്നാലോ
അയ്യടാ ഈ മഴക്കാലം കഴിയും വരെ ഞാനെങ്ങോട്ടും വിടില്ല, ഈ നാടക വേഷമൊക്കെ അഴിച്ച് മാറ്റി ഒരു സാധാരണ വേഷമിട്ട് വന്ന് കിടന്നുറങ്ങാൻ നോക്കടീ
മരംഭൂതമേ
പ്രണയം നഷ്ടപ്പെട്ടാൽ എല്ലാം നഷ്ടപ്പെട്ടെന്ന് കരുതരുത് ,വിവാഹ ശേഷമുള്ള പ്രണയം സുന്ദരവും മക്കൾക്ക് നൽകാവുന്ന സമ്പാദ്യവുമാണ്
അനാമിക ആമി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo