Slider

'പെരുന്നാൾ കോടി'

0
Image may contain: 1 person
സൽമ തൊണ്ട് പൊട്ടിച്ചു ചില്ലറ പൈസ ഒരു കിഴിയിലാക്കി കെട്ടിവച്ചു. മറ്റേ തൊണ്ട് പൊട്ടിച്ച് ചുരുറ്റി മടക്കി ഇട്ട നോട്ടുകൾ നിവർത്തി തരംതിരിച്ചു വച്ചു.
നേരം പുലർന്നു തുടങ്ങിയിരിക്കുന്നു. സൽമ മുറ്റത്തേക്കിറങ്ങി ഗെയിറ്റ് മലർക്കെ തുറന്നു വച്ചു. തിരിച്ച് അകത്തേക്ക് കയറി തരം തിരിച്ചു വച്ച നോട്ടുകൾ ഭദ്രമായി സൂക്ഷിച്ചു വച്ചു.
മുറ്റത്ത് ആരോ വന്നതായി തോന്നിയ സൽമ വേഗം പൂമുഖത്തെത്തി. ഒരു പന്ത്രണ്ട് വയസ്സുകാരൻ. പുഞ്ചിരിച്ചു കൊണ്ട് നിൽക്കുന്നു. അവന്റെ കുസൃതിയുള്ള പുഞ്ചിരിയും നോട്ടവും കണ്ടപ്പോൾ സൽമയുടെ ഉള്ളൊന്നു നടുങ്ങി.
വേഗം അകത്തേക്ക് പോയി നൂറിന്റെ ഒരു നോട്ടെടുത്തു.
പിന്നെ ആലോചിച്ചു. ഇവന്റെ കൂടെ വേറേയും കുട്ടികളുണ്ടാകും. ഇവന് നൂറ് കൊടുത്താൽ ഇവൻ അവരോട് പറയും. അപ്പോൾ അവരും അവരുടെ സുഹൃത്തുക്കളും പിന്നെ നടത്തക്കാരെല്ലാവരും വന്ന് കൈ നീട്ടും. എല്ലാവർക്കും തികയുകയുമില്ല.
പിന്നെ വരുന്നവർക്ക് അതൊരു വിഷമമാവുകയും ചെയ്യും.
സൽമ നൂറിന്റെ നോട്ട് അവിടെത്തന്നെ വച്ചു പത്തിന്റെ ഒരു നോട്ടെടുത്തു.
വേഗം പൂമുഖത്തെത്തി.അപ്പോഴും അവന്റെ കുസൃതിച്ചിരി മാഞ്ഞിട്ടുണ്ടായിരുന്നില്ല. ആ പത്ത് രൂപ നോട്ട് അവന് കൈമാറുമ്പോൾ അവന് ഒന്നുകൂടി ചിരിച്ചു. എന്നിട്ട് കൈ കൊണ്ട് ഒരു ലൈക്ക് സൽമക്ക് സമ്മാനിച്ച് വേഗത്തിൽ നടന്നു പോയി.
ആ പോക്കും നോക്കി സൽമ അൽപ നേരം നിന്നു. അവളുടെ ഹൃദയത്തിന്റെ അകത്തളങ്ങളിൽ നിന്ന് മാതൃത്വത്തിന്റെ ഒരു തേങ്ങൽ ഉയർന്നു വന്നു രണ്ടും കണ്ണുകളേയും നിറച്ചു കഴിഞ്ഞു.
പിന്തിരിഞ്ഞു പോകാൻ നേരത്താണ് ഭർത്താവ് കൈയും പുറകിൽ കെട്ടി വരുന്നത് കണ്ടത്.
" കൈനീട്ടം വിറ്റോ" അകത്തേക്ക് കയറിക്കൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹം അത് ചോദിച്ചത്.
മറുപടി സൽമ ഒരു മൂളലിൽ ഒതുക്കി.
പ്രാഥമിക കൃത്യങ്ങളെല്ലാം നിർവ്വഹിച്ച് സൽമ ഖുർആനെടുത്ത് പൂമുഖത്ത് വന്ന് ഇരുന്നു.
റോഡിലൂടെ നടത്തക്കാർ പോകാൻ തുടങ്ങിയിരിക്കുന്നു. കൂടുതലും കുട്ടികളും സ്ത്രീകളുമാണ്.
എല്ലാവരും വലിയ വീടുകൾ നോക്കിയാണ് നടക്കുന്നത്.ഈ കൊച്ചു വീട്ടിൽ ഒന്നും ഉണ്ടാകില്ലാന്ന് അവർ കരുതി കാണും. താൻ വളരെ താൽപര്യത്തോടും സന്തോഷത്തോടെ യും ഒരുക്കി കൂട്ടി വച്ച പണം അവകാശികൾക്ക് തന്നെ കിട്ടട്ടെ. അത്തരം ആളുകളെ പടച്ചോൻ തന്നെ തന്റെ മുന്നിലെത്തിക്കട്ടെ.
സമയം അതിവേഗം നീങ്ങിക്കൊണ്ടിരുന്നു. സൽമ ഖുർആനിലേക്കും ഒഴിഞ്ഞ മുറ്റത്തേക്കും നോക്കി നെടുവീർപ്പിട്ടു കൊണ്ടിരുന്നു.
ഉറക്കച്ചടവോട് കൂടി ഭർത്താവ് മുന്നിലെത്തിയപ്പോഴാണ് സമയത്തിന്റെ കാര്യം സൽമ അറിയുന്നത് തന്നെ.
"എന്തെങ്കിലും കൊണ്ടുവരേണ്ടതുണ്ടോ"
"ശർക്കര".. ഭർത്താവിന്റെ ചോദ്യത്തിന് സൽമ ഒന്നും ആലോചിക്കാതെ മറുപടി പറഞ്ഞു.
അപ്പോൾ അങ്ങകലെ നിന്ന് ളുഹർ ബാങ്കിന്റെ അലയൊലികൾ കേൾക്കാൻ തുടങ്ങിയിരുന്നു.
സൽമ വേഗം വുളുവെടുത്ത് നമസ്കാരം നിർവ്വഹിച്ച ശേഷം ഒന്ന് കിടന്നു.
കോളിംഗ് ബെൽ മുഴങ്ങുന്നത് കേട്ടാണ് സൽമ ഉറക്കമുണർന്നത്.
സമയം ഒരു പാടായിരിക്കുന്നു.
വേഗം എണീറ്റ് ഭർത്താവിന് വാതിൽ തുറന്നുകൊടുത്തു.
താൻ ഒരുപാട് സമയം ഉറങ്ങിയതായി സൽമ മനസ്സിലാക്കി.
ശർക്കര അപ്പം ഉണ്ടാക്കാൻ ഭർത്താവിനെ ഏൽപിച്ച് അവൾ വീണ്ടും നമസ്കരിക്കാനായി നിന്നു.
ഇന്ന് റമളാനിലെ ഇരുപത്തിയേഴാം രാവാണ്. ഇന്നാണ് ഏറ്റവും പുണ്യമുള്ള രാവ്. വലിയ സഹായങ്ങളൊന്നും തന്നെക്കൊണ്ട് ചെയ്യാൻ കഴിയില്ലെങ്കിലും ഒരു വർഷമായി താൻ ഒരുക്കി വച്ചിരുന്നത് ഈ ഒരു ദിവസത്തിന് വേണ്ടിയായിരുന്നു. ഈ പണം വിതരണം ചെയ്തതിന് ശേഷമാവണം ലൈലത്തുൽ ഖദറിനെ പ്രതീക്ഷിച്ച് ഭജന ഇരിക്കാൻ.
തൊട്ടടുത്തുള്ളവരെല്ലാം സാമ്പത്തികമായി തരക്കേടില്ലാത്തവരാണ്. അവർക്കൊന്നും ധർമ്മം കൊടുക്കേണ്ടതില്ല. കുറച്ചു കൂടി താഴെ ഇറങ്ങിപ്പോണം.പാവപ്പെട്ടവരുടെ വീടുകളിലേക്ക്.
നോമ്പുതുറക്കുള്ള വിഭവങ്ങളെല്ലാം റെഡിയായിക്കഴിഞ്ഞു.ഇനി അര മണിക്കൂർ കൂടിയേ ബാക്കിയൊള്ളു ബാങ്ക് കൊടുക്കാൻ.
ഭർത്താവിനിന്നൊരു നോമ്പുതുറയുള്ളതിനാൽ നേരത്തേ പോയിട്ടുണ്ട്.
മലർക്കെ തുറന്ന് കിടക്കുന്ന ഗെയിറ്റ് അടയ്ക്കാൻ വേണ്ടിയാണ് സൽമമുറ്റത്തേക്കിറങ്ങിയത്.
മുറ്റത്തെ ടൈൽസിട്ട പിൻതറയിൽ കിടക്കുന്ന ഒരാളെ കണ്ട് സൽമ ഞെട്ടി.
"പടച്ചോനെ ഇതാ കുട്ടിയാണല്ലൊ".
"എന്താ മോനെ ഈ നേരത്ത് ഇവിടെ കെടക്ക്ണ്?"
'ഞാനൊറങ്ങീതാ'
" അപ്പൊനീ വീട്ടില് പോയില്ലേ?"
"ഇല്ല".
"നീയല്ലെ രാവിലെ ഇവിടെ വന്നത്"
"അതെ"
"നിനക്ക് നോമ്പുണ്ടോ?"
" ഉം".
" എന്നാ വാ.ബാങ്ക് കൊടുക്കാനായി. ഇനി ഇവിടെ ഇരിക്കണ്ട. അകത്തേക്കിരിക്കാ.. "
" വേണ്ട. ഞാൻ പോവ്വാ.. ഞാൻ അറിയാതെ ഒറങ്ങിപ്പോയതാ"..
" അപ്പൊ നിന്റെ വീടെവിടാ?"
" മേലെ പാടത്താ "
" അള്ളോ... അവിടേക്ക് ഇനി എങ്ങനാ പോവ്വാ... ബസ്സില്ലല്ലോ?"
" ഞാൻ നടന്ന് പോവും".
"നോമ്പ് തുറക്കാൻ നേരത്തിന് അങ്ങോട്ടെത്തൂല. ഇവിടെന്ന് നോമ്പ് തൊറന്നിട്ട് പോവ്വാ... ഇവിടെ വേറെ ആരും ല്ല.. ഞാൻ മാത്രേ ഒള്ളൂ...."
സൽമയുടെ ഹൃദയം തുടികൊള്ളുകയായിരുന്നു. തന്റെ കൈകൾ എന്തിനോ കൊതിക്കുകയാണ്.ചുണ്ടിൽ താരാട്ടുപാട്ടിന്റെ ഈണം അരിച്ചെത്തുന്നതായി അവൾ അറിഞ്ഞു.
അവൻ ആർത്തിയോടെ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നത് അവൾ നോക്കി നിന്നു.
അവന്റെ മുഖത്തപ്പോൾ തനിക്ക് പിറക്കാതെ പോയ മകന്റെ ഭാവങ്ങളാണെന്ന് അവൾക്ക് തോന്നി.
"മോൻ നടത്തക്കാരനേർന്നോ?"
'ഉം'
"എത്ര രൂപാ കിട്ടി?"
"അഞ്ഞൂറ്".
"എന്നിട്ടെന്താ മോറ് തെളിയാത്തെ?".
" ഇതോണ്ട് തെക യൂല"
"എന്തിനാ തെകയാത്തെ?"
"ഇനിക്കും ന്റെ പെങ്ങന്മാർക്കും ഡ്രസ്സ് വാങ്ങാൻ ഇത് തെകയോ?".
"നിനക്ക് ഉപ്പയും ഉമ്മയും ഇല്ലെ?".
"ഉമ്മയുണ്ട്. ഉപ്പയില്ല"
'അപ്പൊ യത്തീമാണല്ലെ?'
"ഉം"
"ഇത്ര നേരം വൈകിയാൽ ഉമ്മാക്ക് ബേജാറാവൂലെ?"
"ബേജാറാവും"
"അപ്പൊ ഉമ്മ തെരഞ്ഞ് നടക്കൂലെ?"
"ഉമ്മാന്റെ കാല് ഉളുക്കീ ക്ക്ണ്. ഉമ്മാക്ക് നടക്കാൻ പറ്റൂല"
"എന്നാ ഞാൻ ഉമ്മാക്ക് ഫോൺ വിളിക്കാ.. ഇവിടണ്ടെന്ന് പറയാ.. ആ പാവം ബേജാറായിരിക്കിണ് ണ്ടാവും''.
"ഉമ്മാന്റടുത്ത് ഫോണില്ല".
"പടച്ചോനെ... അപ്പൊന്താ ചെയ്യാ.. ആ ഉമ്മാക്ക് എത്ര ബേജാറ്ണ്ടാവും??.
"ഉമ്മ ന്നോട് ഉച്ചക്ക് ചെല്ലാൻ പറഞ്ഞതാ. കുട്ട്യേൾക്കൊക്കെ പത്തുർപ്യെ കൊട്ക്ക് ണൊള്ളു.
നൂറോളം പെരേല് കേറി യി ട്ടാ അഞ്ഞൂറ് ആയത്. അതോണ്ട് ഞാൻ പൊരേക്ക് പോയാല് കുട്ട്യേള് ഉടുപ്പിന് കരയൂലെ".
അവന്റെ നിഷ്ക്കളങ്കമായ സംസാരം കേട്ട് സൽമ ഒന്ന് നെടുവീർപ്പിട്ടു.
"ഇങ്ങളെത്ര മക്കളാ..?"
"നാല് മക്കളാ.. മൂത്തത് ഞാനാ. ഇന്റെ താഴെ മൂന്ന് പെൺകുട്ട്യോള്''.
"ഇങ്ങക്ക് കുടുംബക്കാരൊന്നും ഇല്യേ?".
"ഉം"
"അവരൊന്നും സഹായിക്കൂലെ?".
"ആദ്യം ഒക്കെ തന്നീന്ന് ഇപ്പൊ കിട്ട ലില്യ".
"മോന് നിസ്കരിക്കണ്ടെ..."
"ഉം".
"മോന് നിസ്കരിച്ചൊ ഞാനും നിസ്കരിക്കട്ടെ.. കാക്ക വന്നിട്ട് നിന്നെ വീട്ടിലെത്തിച്ച് തരും".
"കാക്കയോ അതാരാ?"
"കാക്ക എന്നെ കല്യാണം കഴിച്ച ആള്.. ഒരു നോമ്പ് തുറക്ക് പോയതാ.. കുറച്ച് കഴിയും വരാന്..
കാക്കാനെ നീ പേടിക്കേണ്ട.. ഞങ്ങൾക്ക് കുട്ടികളില്ല. കാക്കാക്ക് നിന്നെ ഇഷ്ടപ്പെടും".
അവന് നമസ്കരിക്കാൻ മുസ്വല്ല വിരിച്ച് സൽമ എടുത്തു വച്ച നോട്ടുകൾ മുഴുവനും എടുത്തു.
എന്നിട്ട് നമസ്കാര പ്പായയിൽ കയറി അവർ പ്രാർത്ഥിച്ചു.
"പടച്ചവനേ...... സ്വീകരിക്കണമേ......".
ഹുസൈൻ എം കെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo