Slider

ബീഡിത്തുഞ്ചത്തെ സ്നേഹക്കനലുകൾ..

0
Image may contain: 1 person, eyeglasses, beard, closeup and indoor

പണ്ട്, ജോലി കഴിഞ്ഞു സൈക്കിൾ ചവുട്ടി രാത്രിയിൽ വീട്ടിലേക്കു വരുന്നത്, ഇടവഴി വഴിയാണ്. പ്രധാന റോഡിൽ നിന്നും പിരിയുന്ന ഒരു ചെറിയ റോഡും അതിൽ നിന്നും പിരിയുന്ന ഒരിടവഴിയും താണ്ടി വേണം എന്റെ ഗ്രാമത്തിലേക്കുള്ള മറ്റൊരു പ്രധാന റോഡിൽ എത്താൻ !
രാത്രി എട്ടുമണിയോടെ അടുക്കുന്ന സമയത്ത് ആ ഇടവഴിയിലും പരിസരത്തും കുറ്റാക്കുറ്റിരുട്ടാണ്. വഴിയുടെ ഒരുവശത്ത് ആൾപ്പാർപ്പില്ലാത്ത ഒരു വീടിന്റെ മതിലാണ്. മറുവശത്തു മറ്റൊരു വീടിന്റെ പിന്നാമ്പുറത്തെ വാഴത്തോപ്പും. മധ്യഭാഗത്തായി ഇടവഴിയെ ഉയർത്തിതാഴ്ത്തുന്ന ഒരു കനാൽ ഉണ്ട്.
കണ്ണിൽ കുത്തിയാൽ അറിയാത്ത ആ ഇരുട്ടിൽ നിറുത്താതെ ബെല്ലടിച്ചാണ് ഞാൻ പോകാറുള്ളത്.
എതിരെ ആരെങ്കിലും വന്നാൽ അറിയിക്കാൻ വേണ്ടിക്കൂടി ആണത്. ഏതു നിമിഷവും ആരെങ്കിലുമായി ഒരു കൂട്ടിയിടി പ്രതീക്ഷിച്ചാണ് ആ സമയത്തെ സഞ്ചാരം !
അങ്ങനെ പോകവേ, ഒരു രാത്രിയിൽ കനാൽ കയറ്റത്തിന് തൊട്ടുമുൻപ് ഞാൻ വഴി മധ്യത്തിൽ ഒരു ചുവന്ന തീക്കനൽ കണ്ടു.
അതൊരു ചെറിയ ബിന്ദു ആയിരുന്നെങ്കിലും കൂരിരുട്ടിൽ അസാമാന്യമായി ജ്വലിക്കുന്നു ണ്ടായിരുന്നു.
ഞാൻ പേടികൊണ്ട് അറിയാതെ സൈക്കിൾ ബെല്ലടിച്ചു പോയി. ആ സന്ദർഭത്തിൽ അതീവ നിശബ്ദത ആയിരുന്നു അഭികാമ്യമെങ്കിലും ഞാൻ വിപരീതമായാണ് പ്രവർത്തിച്ചുപോയത് !
ഞാൻ അടുത്തേക്കു ചെല്ലുമ്പോൾ ആ തീപ്പൊട്ട് ഒരു വശത്തേക്ക് നീങ്ങി. ഒപ്പം ബീഡിപ്പുകയുടെ മണവും അനുഭവപ്പെട്ടു. വലിഞ്ഞു മുറുകിനിന്ന എൻ്റെ ഞരമ്പുകൾ അയഞ്ഞു : ഓ.. ആരോ പുകവലിക്കുകയാണ്. പേടിക്കാനൊന്നുമില്ല. ആശ്വാസമായി. വിജിഗീഷുവിനെപ്പോലെ ഞാൻ വെപ്രാളം ഉപേക്ഷിച്ചു ചവിട്ടി നീങ്ങി.
പിന്നീടുള്ള മിക്കവാറും രാത്രികളിൽ ഞാൻ ആ ബീഡിക്കനൽ തിളക്കം കാണാറുണ്ടായിരുന്നു.
അതു പതിവായതോടെ ഞാൻ ഒരു അടയാളം പോലെ, ഒരു നിത്യ സാന്നിധ്യമായി അതു ഇടവഴിയിൽ പ്രതീക്ഷിച്ചു പോന്നു.
ചില സമയത്ത് ബീഡിക്കനലിന്റെ ജ്വലനം തീവ്രമായും ചിലപ്പോൾ മങ്ങിയും കാണപ്പെട്ടു.
അതാരായിരിക്കും? എന്തിനായിരിക്കും അങ്ങനെ സ്ഥിരം ആ മനുഷ്യൻ അവിടെ വന്നുനിന്നു പുകയെടുക്കുന്നത്? -തുടങ്ങിയ ചിന്തകൾ വന്ന് ബീഡിപ്പുക പോലെ എന്നെ വട്ടം ചുറ്റാൻ തുടങ്ങി.
-ചിലപ്പോൾ പുകവലിയോട് വീട്ടുകാരുടെ എതിർപ്പുണ്ടാകാതിരിക്കാൻ, അവരുടെ കൺവെട്ടത്തു നിന്നു മാറി നിൽക്കുന്നതാവാം.
-ചിലപ്പോൾ ജീവിതത്തിൽ അനുഭവിക്കേണ്ടി വന്ന ദുര്യോഗങ്ങളെ ഓർത്തു ആത്മനിന്ദയോടെ പുകച്ചു തള്ളുന്നതാവാം.
-ചിലപ്പോൾ ഭാര്യയോട് പിണങ്ങി അന്തക്ഷോഭമടക്കാൻ ഇരുട്ടിൽ വന്ന് പുകക്കുന്നതാകാം.
-ചിലപ്പോൾ അവിഹിത ബന്ധങ്ങളുടെ ഏർപ്പാടിന് മുന്നോടിയായി ഗൂഢമായ പരിസരനിരീക്ഷണത്തിനു വരുന്നതാകാം.
കനലിനു തിളക്കം കൂടുതൽ തോന്നിക്കുന്നത് അയാൾ മനഃസംഘർഷകൊണ്ടു ആഞ്ഞുവലിക്കുന്നതുകൊണ്ടാണെന്നും തിളക്കം കുറഞ്ഞു കാണുന്നത് അയാൾ ഉന്മേഷത്തോടെ ആസ്വദിച്ചു വലിക്കുന്നതുകൊണ്ടാണെന്നും ഞാൻ നിരൂപിച്ചു.
മുഖമോ രൂപമോ വ്യക്തമായി കാണാതെ ഒരു ഒരു ചെറിയ കനൽ പൊട്ടിലൂടെ മാത്രം അയാളുടെ സാന്നിധ്യമറിഞ്ഞു ഞാൻ മിക്കരാത്രികളിലും ആ വഴി കടന്നു പോയി.
അങ്ങനെയിരിക്കെ മറ്റൊരു ചിന്ത എൻ്റെ മനസ്സിൽ കുമിളയിട്ടു പൊങ്ങാൻ തുടങ്ങി.
ഒരു വേള, അയാളൊരു ചിത്തഭ്രമക്കാരൻ ആയിരിക്കുമോ? വഴിപോക്കരെ ആരെയെങ്കിലും തക്കം പാർത്തിരുന്നു ഉപദ്രവിക്കുന്ന ഒരുവൻ?!
ഇരുട്ടിൽ നിന്ന്, ഏതു നിമിഷവും ഒരു കൈ പാഞ്ഞുവന്ന് എൻ്റെ മുഖത്ത്‌ പതിയുമെന്നു ഞാൻ ഭയന്നു തുടങ്ങി.
അങ്ങനെ ഒരു രാത്രിപ്പാച്ചിലിൽ, ഇടവഴിയിൽ, ആ തീക്കനൽ കണ്ടില്ല. അയാളുടെ സാന്നിധ്യമില്ലായ്മ സൃഷ്‌ടിച്ച നേരിയ ശൂന്യതാ ബോധത്തിൽ, ഇരുട്ടിൽ ഞാൻ മുന്നോട്ടു ചവിട്ടി നീങ്ങി. അപ്പൊഴെന്തോ സൈക്കിൾ ബെല്ലടിക്കാൻ ഞാൻ മറന്നു പോവുകയും ചെയ്തു.
പെട്ടെന്ന് സൈക്കിളിന്റെ ഇടത്തെ ഹാൻഡിൽ എന്തിലോ ഒന്നിടിച്ചുരസിപ്പോയി!
"അയ്യോ " എന്ന എൻ്റെ നിലവിളിയും,
"ശ്രദ്ധിച്ച്, ശ്രദ്ധിച്ച്." -എന്ന ഒരു പരുക്കൻ സ്വരവും ഒരുമിച്ചുയർന്നു.
പുറകേ പഴയ ബീഡിക്കനൽ ജ്വലിക്കുന്നതും കാണായി !
ഞാൻ പോലുമറിയാതെ സൈക്കിൾ നിന്നു.
"അയ്യോ, വല്ലതും പറ്റിയോ " ഞാൻ വെപ്രാളത്തോടെ തിരക്കി.
"ഇല്ല, അതുസാരമില്ല " പരുക്കൻ സ്വരം പറഞ്ഞു.
"ഞാൻ കണ്ടില്ല, കേട്ടോ " പരിതാപത്തോടെ ഞാൻ പറഞ്ഞു.
"ഇന്നെന്താ കൊച്ചൻ നേരത്തേ പോന്നെ? "
അയാൾ ചോദിച്ചു.
"അൽപ്പം നേരത്തേ പോയിട്ട് ഒരത്യാവശ്യമുണ്ടായിരുന്നു " ഞാൻ അറിയിച്ചു.
"ഉം.. "
"ന്നാ.. ഞാൻ.. " ഞാൻ ബീഡിക്കനലിനെ നോക്കി ചോദിച്ചു.
"ഉം.. " കനൽപൊട്ട് മെല്ലെ ആടി. ആൾ തലയാട്ടിയതാണെന്നു മനസ്സിലായി.
"പോകുമ്പോ ഒന്നു ശ്രദ്ധിച്ചോ, വളവു തിരിയുമ്പോ, അപ്പുറത്തെ വീട്ടുകാർ ചെമ്മണ്ണിറക്കി കൂന ഇട്ടിട്ടുണ്ട്"
"ആയിക്കോട്ടെ, നോക്കാം " പറഞ്ഞിട്ട് ഞാൻ ചവുട്ടി നീങ്ങി.
അതു ശരിയായിരുന്നു, വഴി പകുതിയും മൂടിയാണ് മണ്ണു കുന്നുപോലെ ഇറക്കിയിട്ടിരിക്കുന്നത്. അയാൾ പറഞ്ഞിരുന്നില്ലെങ്കിൽ, ഞാൻ ചവുട്ടി കുന്നിന്റെ മുകളിലേക്കു പോയേനെ.. !!
നന്ദിയോടെ ഞാൻ ആ തീക്കനലിനെ സ്മരിച്ചു.
പിന്നീട് ഞാൻ അതുവഴി കടന്നു പോകവേ അയാളുമായി ചെറിയ സൗഹൃദ സംഭാഷണങ്ങൾ നടത്താൻ തുടങ്ങി.
ഇന്നു താമസിച്ചോ "
"മഴയത്തെന്താ കൊച്ചനേ നനഞ്ഞുപോന്നെ?" "
"ഇന്നലെ കണ്ടില്ലല്ലോ "
"സൂക്ഷിച്ചു പോ.. അവിടെ ഒരു മരക്കമ്പ് വീണു കിടപ്പുണ്ട് "
ഇങ്ങനെയുള്ള സംസാരവും അതിനുള്ള എൻ്റെ മറുപടികളും പതിവായി.
ഞങ്ങൾ തമ്മിൽ ക്രമേണ ഒരു സ്നേഹബന്ധം ഉടലെടുക്കുകയും ചെയ്തു.
ജീവിതയാത്രയിൽ വേണ്ട മാർഗനിർദേശങ്ങളും മുന്നറിയിപ്പുകളും തരാൻ സ്നേഹാധികാരമുള്ള ഒരു മുതിർന്ന ബന്ധു നമുക്കുവേണ്ടി നിലകൊള്ളുന്നു എന്നതു പോലെ ഒരു തോന്നൽ ഈ ബന്ധത്തിൽ നിന്നെനിക്കുണ്ടായി.
ക്രമേണ ഞാൻ അങ്ങോട്ടും ഓരോന്ന് ചോദിക്കാൻ തുടങ്ങി :
"ഇന്നലെ ചേട്ടനെ കണ്ടില്ലല്ലോ "
"ഒരു ദിവസം എത്രകെട്ടു ബീഡി വലിക്കും !"
"ഈ വഴിയിൽ ഒരു പോസ്റ്റ്‌ ഇട്ട് ലൈറ്റ് കൊടുത്താൽ എന്താ "
ഇങ്ങനെയൊക്കെയുള്ള സൗഹൃദ വാക്കുകൾ കൈമാറുന്നതല്ലാതെ പരസ്പരം ഒന്നു കണ്ടിട്ടു കൂടിയില്ല എന്ന കാര്യം, എന്നിൽ കൗതുകവും ജിജ്ഞാസയും ഉണ്ടാക്കി.
എങ്ങനെ ഒന്നു കാണും?
ഒരിക്കൽ ഉച്ചക്കു ശേഷം അവധിയെടുത്തു പോകുമ്പോൾ ഞാൻ ഇടവഴിയിലുടനീളം നോക്കി. ആരെയും കണ്ടില്ല.
കണ്ടിരുന്നെങ്കിൽ വിശദമായി ഒന്നു പരിചയപ്പെടായിരുന്നു.
നാളുകൾ, കാലവും ഞാനും കൂടി ചവുട്ടിനീക്കി..
കർക്കിടകം വന്നു..
തോരാതെ പെയ്യുന്ന മഴ.
എന്നും, എനിക്ക് മഴ നനയാൻ ഇഷ്ടമാണ്.
മഴയത്തു കുടചൂടാതെ ഓരോ രോമകൂപങ്ങളിലും വീഴുന്ന സ്ഫടികത്തുള്ളികളുടെ കുളിരാസ്വദിച്ച്, നനഞ്ഞലിഞ്ഞു നടക്കാൻ കൊതിയാണ്.
ദൈവം, മനുഷ്യന് നേരിട്ടു നൽകുന്ന വര പ്രസാദമത്രേ മഴ !
ആ മഴയത്തും രാത്രിയിൽ ഞാൻ നനഞ്ഞു സൈക്കിൾ ചവുട്ടി ഇടവഴിയിലൂടെ പാഞ്ഞു.
ബീഡിക്കനലിന്റെ ഉടമയുടെ കാര്യം മറന്നുപോയിരുന്നു ഞാൻ. എന്നെത്തന്നെയും ഞാൻ വിസ്മരിച്ചുപോയിരുന്നു.
ആകാശത്തുനിന്നും ആരോ നടത്തുന്ന വെൺപൂക്കളുടെ വൃഷ്ടി പോലെ മഴ എന്നെ ആകമാനം ചൂടി.
പിന്നെ മറ്റെന്തോർക്കാൻ?
പെട്ടെന്ന് മുന്നിൽ ആ പരുക്കൻ ശബ്ദം മുഴങ്ങി :
"അങ്ങോട്ടു പോകണ്ട കൊച്ചനേ "
ഒപ്പം പതിവില്ലാത്ത വിധം വലുപ്പത്തിൽ ബീഡിക്കനൽ പെട്ടന്ന് തെളിഞ്ഞു ജ്വലിച്ചു.
ഞാൻ സൈക്കിൾ നിറുത്തി, പിന്നെ
വായിലേക്ക് കയറിയ മഴവെള്ളം തുപ്പിക്കളഞ്ഞുകൊണ്ട് ഞാൻ ചോദിച്ചു:
"എന്തുപറ്റി "
"അപ്പുറത്ത് ലൈൻ പൊട്ടിവീണു കിടപ്പുണ്ട് "
എൻ്റെ ഉള്ളൊന്നു കാളി. !
ഞാൻ വേഗം സൈക്കിൾ തിരിച്ചു.
"ചേട്ടൻ ഈ മഴയത്തു നിൽക്കുന്നതെന്തിനാ "
ഞാൻ ചോദിച്ചുകൊണ്ട് തിരിഞ്ഞു നോക്കിയപ്പോൾ കനൽ കണ്ടില്ല.
**********************************************
പിറ്റേന്നു രാവിലെ ഞാൻ പതിവുപോലെ ഇടവഴി വഴിയാണ് ജോലിക്കു പോയത്.
ഇടവഴി തുടങ്ങുന്നതിനു മുൻപായി ഒരു മാവിൻ കൊമ്പ് വീണുകിടപ്പുണ്ടായിരുന്നു.
സാമാന്യം വലിയ കൊമ്പ് ആരൊക്കെയോ പിടിച്ചു വഴിയുടെ അരികിൽ ഒതുക്കി വെക്കാൻ ശ്രമിക്കുന്നുണ്ട്.
അതിനടുത്തായി വൈദ്യുത ബോർഡിലെ ജീവനക്കാർ പൊട്ടിവീണ ലൈൻ അഴിച്ചു മാറ്റുന്നതും കണ്ടു.
ഇന്നലെ അയാൾ പറഞ്ഞ കാര്യം പെട്ടെന്നോർമ്മ വന്നു.
ഞാൻ സൈക്കിൾ നിറുത്തി ഇറങ്ങി ജീവനക്കാരുടെ അരികെ ചെന്നു.
"ഞാനിന്നലെ അറിയാതെ ഇതുവഴി പോകേണ്ടതായിരുന്നു, പക്ഷേ സമയത്ത് ആ ചേട്ടൻ വിലക്കിയതു കൊണ്ട്.." ഞാൻ ആത്മഗതം പോലെ പറഞ്ഞു.
ജീവനക്കാരിൽ എന്നെ പരിചയമുള്ള ആൾ ജോലി നിറുത്തി മുഖമുയർത്തി നോക്കി.
"ആ സമയത്ത് ആരാണ് പറഞ്ഞത്?" അയാൾ ചോദിച്ചു. പിന്നെ തുടർന്നു പറഞ്ഞു :
"അല്ല, ആസമയത്ത് അങ്ങനെ പറയാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഒരു മരണം നടക്കില്ലായിരുന്നു, അതാ പറഞ്ഞതേയ്‌.. "
"ആരു മരിച്ചു? " ഉദ്വിഗ്നതയോടെ ഞാൻ തിരക്കി.
"പാക്കരേട്ടൻ " മറ്റെയാൾ അവിടുന്ന് കിഴക്കോട്ടുള്ള ഒറ്റയടിപ്പാതയിലേക്കു വിരൽ ചൂണ്ടി.
അവിടെ ഏതാനും ആളുകൾ തളം കെട്ടിനിൽക്കുന്ന വെള്ളത്തിൽ തൊടാതെ അങ്ങിങ്ങു മാറി നിൽക്കുന്നുണ്ട്.
ഒറ്റയടിപ്പാത അവസാനിക്കുന്ന വളവിനപ്പുറം ഒരു വീടുണ്ടെന്നും മരിച്ചയാൾ ആ വീട്ടിലേതാവാമെന്നും ഞാൻ ഊഹിച്ചു.
"ഇങ്ങേരെന്തിനീ പെരുമഴയത്തങ്ങോട്ടുവന്നെന്നാ ഞാനാലോചിക്കുന്നേ " ജീവനക്കാരൻ താടിക്കു കൈകൊടുത്തു കൊണ്ടു ചോദിച്ചു.
"അങ്ങേർക്കെപ്പഴും ബീഡിവലിക്കണം ; അതിനങ്ങേരുടെ മോൻ സമ്മതിക്കത്തില്ല, അവനെ വെട്ടിച്ചു വരുന്നതല്ലേ " മാവിൻ കൊമ്പ് പിടിച്ചു വഴിയരികിലൊതുക്കിവെച്ച ഒരു നാട്ടുകാരൻ പറഞ്ഞു.
എൻ്റെ മനസ്സൊന്നു ക്ലാന്തി..
ആരാണപ്പോൾ മരിച്ചത്.?
പെരുമഴയത്ത്, ഇരുട്ടിൽ, ആളിയമരുന്ന ഒരുതീക്കനലിന്റെ ഓർമ്മ എന്നിൽ തെളിഞ്ഞണഞ്ഞു, ഒരു മാത്ര.
'അങ്ങോട്ടു പോകണ്ട കൊച്ചനേ.. ' പരുക്കൻ ഒച്ച ചെവിയിൽ മുഴങ്ങി
"ആ ഇടവഴിയിൽ നിന്നൊരാൾ എപ്പോഴും പുകവലിക്കുന്നത് കാണാം -അതാണോ " ഞാൻ ഒന്നുകൂടി ഉറപ്പിക്കാൻ വേണ്ടി ചോദിച്ചു.
"അതുതന്നെ.. പറ പറാ ന്ന് ഒച്ചയുള്ള.. " നാട്ടുകാരൻ പറഞ്ഞു.
എനിക്ക് ദേഹം കുളിർന്നു.. ഞാൻ വളരെ പതിയെ സൈക്കിൾ മുൻപോട്ടു തള്ളി നടന്നു.
ശ്വാസം വിലങ്ങുന്നുണ്ട്..
എന്നെ രക്ഷപെടുത്തിയിട്ട് മരണത്തിനു കീഴടങ്ങിയോ..?
അറിഞ്ഞുകൊണ്ട് അങ്ങനെയൊരാൾ വിഡ്ഢിത്തം കാട്ടുമോ?
അതോ മരണത്തിനു ശേഷം എനിക്കു മുന്നറിയിപ്പ് തരാൻ വന്നതാണോ..?
എനിക്കു ശരീരം കിടുകിടുത്തു.
എനിക്ക് ആ മുഖം കാണണമെന്ന് ഒട്ടും തോന്നിയില്ല ഇപ്പോൾ.
ശരീരമെന്ന ചട്ടക്കൂടിന്റെ പരിമിതികൾ ഇല്ലാത്ത സ്നേഹത്തിന്റെ, കരുതലിന്റെ ഒരു കനൽപ്പൊട്ടോർമ്മ മനസ്സിൽ കിടക്കണമെങ്കിൽ ആ രൂപത്തിന് മുഖമില്ലാതിരിക്കുന്നതാണ് നല്ലത്. !!
പിറ്റേന്ന് എനിക്കു പനിച്ചു തുടങ്ങിയിരുന്നു. അതിന്റെ ആലസ്യത്തിൽ പകലുറക്കത്തിൽ വീഴവേ, ഞാനൊരു കിനാവു കണ്ടു.
അതിൽ, ഇരുട്ടിൽ തെളിഞ്ഞ ഒരു ബീഡിക്കനലും പുകമണവും ഉണ്ടായിരുന്നു.
*******************************************
Rbk Muthukulam
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo