Slider

അടയാളം

0
Image may contain: Giri B Warrier, smiling, standing, sky, outdoor and nature
"ഇവിടെ എപ്പോഴും ഇങ്ങിനെ തണുപ്പാണോ?"
നേരിയ കോളറില്ലാത്ത ക്രീം കളറിലുള്ള ബനിയന് മുകളിലൂടെ ഷാൾ മൂടിപ്പുതച്ചു കൊണ്ട് അയാൾ ചായക്കടക്കാരനോട് ചോദിച്ചു.
"ഇവിടെ അധികവും തണുപ്പാണ്, മഴ പെയ്താൽ പിന്നെ പറയുകയും വേണ്ട."
മുൻവശത്തെ ബെഞ്ചിൽ ഇരിക്കുന്ന കാരണവർക്ക് ചായ കൊടുത്തുകൊണ്ട് ചായക്കടക്കാരൻ മറുപടി കൊടുത്തു.
"താഴ്‌വാരത്തേക്ക് ഇനി ബസ്സ് എപ്പോഴാണ് ? " അയാൾ ചോദിച്ചു.
"ഇനിയിപ്പം നാളെയെ കാണൂ സാറേ"
"എങ്ങിനെയെങ്കിലും താഴ്‌വാരത്തെത്തിയാൽ പിന്നെ ടാക്സി കിട്ടും. എന്തെങ്കിലും വഴിയുണ്ടോ മാഷേ?"
"ഒരൊറ്റ വഴിയെ ഉള്ളൂ, പക്ഷെ അത്‌ നടക്കുമോ എന്നറിയില്ല .."
"എന്താത് ?"
"ഇന്നത്തെ അവസാനത്തെ ട്രിപ്പ് ലോഡുമായി മരം കയറ്റിപ്പോവുന്ന ഒരു വണ്ടി വരുമിപ്പോൾ. സാധാരണ അവർ ആരെയും കൊണ്ടുപോകില്ല, എന്തായാലും ശ്രമിക്കാം, ബാക്കിയൊക്കെ സാറിന്റെ ഭാഗ്യം പോലെ . അപ്പോൾ സാറിന്റെ വണ്ടി എന്തു ചെയ്യും?"
"അത്‌ സാരമില്ല, നാളെ ഒരു മെക്കാനിക്കിനെ കൂട്ടി ഡ്രൈവറെ വിടാം. വണ്ടിയുടെ ആക്സിൽ ഒടിഞ്ഞിരിക്കുകയാണ്. ഇവിടെ മൊട്ടക്കുന്നിൽ ഷൂട്ടിങ്ങിനു പറ്റിയ ഒരു സ്പോട്ട് നോക്കി വന്നതാണ്"
"അപ്പൊ സാറ് സിനിമാക്കാരൻ ആണല്ലേ? "
"അതെ."
പറഞ്ഞുതീരുമ്പോഴേക്കും വളവ് തിരിഞ്ഞ് ഒരു ലോറി വന്ന്‌ ചായക്കടയുടെ മുൻപിൽ നിർത്തി . ഡ്രൈവറുടെ സീറ്റിൽനിന്നും മുഷിഞ്ഞ ചുരിദാറിന്റെ മുകളിൽ കാക്കിനിറത്തിലുള്ള ഒരു ഷർട്ടിട്ട് ഒരു സ്ത്രീ ഇറങ്ങി വന്നു.
"എന്താ പ്രഭേട്ടാ സുഖല്ലേ, ഇന്ന് ചേച്ചി എവിടെ?"
"ചെറ്യേ ഒരു ജലദോഷോം പനീം, അവള് വീട്ടിലാണ്. പങ്കി എവിടെ? "
"അവള് ടയർ ഒക്കെ ഒന്നു നോക്കാണ്, ഇറക്കല്ലേ. രണ്ട് പ്ലേറ്റ് പൂട്ടും കടലേം എടുത്തോളൂ, അവളിപ്പം വരും."
"ജാന്വോ, ഒരാളെ താഴ്‌വാരത്ത്‌ വിട്വോ?"
"അത്‌ പറ്റില്ല്യാ, ഞാൻ ആരെയും കൂടെ കൊണ്ടുപോവ്വാറില്ല്യാന്നു പ്രഭേട്ടന് അറിയാലോ?"
"ഇതങ്ങനെ അല്ല ജാനൂ, ആ സാറിന്റെ കാറ് കേടായി, സാറിന് ഇന്നന്നെ തിരുവനന്തപുരത്ത് എത്തണം."
അയാളെ ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു.
"ഞങ്ങള് രണ്ട് പെണ്ണങ്ങളാ ഈ വല്ല്യേ വണ്ടീം കൊണ്ട്‌ പോണേ, അതൊരു റിസ്കാ, അതോണ്ടാ."
"മോള് തിരുവനന്തപുരത്ത് ഒരു ആശുപത്രിയിൽ സുഖല്ല്യാണ്ടെ ആക്കീരിക്ക്യാണ് എന്ന് പറഞ്ഞ് ഭാര്യേടെ ഫോൺ വന്നു. എന്റെ കാറ് ആണെങ്കിൽ കേടായി. താഴ്‌വാരത്തെത്തിയാൽ ടാക്സി കിട്ടും. ഒന്നു വിട്ടാൽ സഹയാവും. താഴത്ത്ന്ന് വണ്ടി ഇവിടെ എത്തുമ്പോഴേക്കും സന്ധ്യാവും, രാത്രി വഴീല് ആന ഇറങ്ങുംന്നാ ഈ മാഷ്‌ പറയണേ." അയാൾ പറഞ്ഞു.
"ജാനു, പറ്റുമെങ്കിൽ താഴ്‌വാരം വരെ ഒന്നാക്ക്‌.."
"ശരി സാറേ, ഞങ്ങൾ ഭക്ഷണം കഴിക്കട്ടെ.."
അപ്പോഴേക്കും മകൾ പങ്കജവും എത്തി. ജാനു മകളോട് പതിയെ എന്തോ പറഞ്ഞു.
ചായക്കടക്കാരൻ പോയി അയാളുടെ അടുത്തിരുന്നു എന്നിട്ട് പറഞ്ഞു.
"ജാനൂവിന്റെ ജീവിതത്തിൽ പുരുഷന്മാർ അവൾക്ക് നല്ല ഓർമ്മകൾ ഒന്നും നൽകിയിട്ടില്ല. അതുകൊണ്ട്‌ എല്ലാ പുരുഷന്മാരെയും വെറുപ്പും ഭയവുമാണ്."
"ങും എനിക്കും തോന്നി, എന്തായാലും കൊണ്ടുപോകാമെന്ന് സമ്മതിച്ചല്ലോ .. "
പത്ത് മിനിട്ടിനുള്ളിൽ വണ്ടി താഴ്‌വാരം ലക്ഷ്യമാക്കി യാത്ര തുടങ്ങി.
കുറച്ചു നേരം ആരും ഒന്നും സംസാരിച്ചില്ല. നിശ്ശബ്ദതക്ക് വിരാമമിട്ടുകൊണ്ട് അയാൾ പറയാൻ തുടങ്ങി.
"ഞാൻ ഒരു കഥാക്യത്താണ്, സംവിധായകനാണ്, മനുഷ്യരുടെ പച്ചയായ ജീവിതമാണ് എന്റെ സിനിമകൾ. ടൂവീലർ പോലും പേടിച്ചോടിക്കുന്ന സ്ത്രീകളുള്ള ഒരു സമൂഹത്തിൽ നിന്നും മാറി നിങ്ങൾ ഇത്രയും അപകടം നിറഞ്ഞ, അതിലുപരി കഠിനമായ ഒരു ജോലി ചെയ്യുന്നുണ്ടെങ്കിൽ, അതിന്റെ പിന്നിൽ എന്തെങ്കിലും ഒരു കഥ കാണും.. അതറിയാൻ എനിക്ക്‌ ആഗ്രഹമുണ്ട്, പറയാൻ നിങ്ങൾക്ക് സമ്മതമാണെങ്കിൽ. "
" ഒരു ശാപം കിട്ടിയ ജന്മാണ്. അതിനെപ്പറ്റി
പറയാൻ പോലും എനിക്ക് വെറുപ്പാണ് സാർ..."
"പറയൂ, ഒരു പക്ഷേ എനിക്ക് ലോകത്തിന് കൊടുക്കാൻ ഒരു സന്ദേശം കാണും."
"എന്റെ അച്ഛൻ ഒരു ലോറി ഡ്രൈവർ ആയിരുന്നു. അമ്മ ഒരു കൂലിപ്പണിക്കാരിയും. അച്ഛനുമമ്മക്കും ഏക മകളായി ജനിച്ചു. രണ്ടു പേർക്കും ഞാൻ കഴിഞ്ഞേ മറ്റെന്തും ഉണ്ടായിരുന്നുള്ളൂ. പത്താം ക്ലാസ്സ് കഴിഞ്ഞ് കോളേജിൽ പഠിക്കുന്ന സമയത്ത് എന്റെ മനസ്സൊന്ന്' പാളി. കോളേജിൽ വച്ച് ഞാൻ മുരളിയുമായി പരിചയപ്പെട്ടു ആ പരിചയം സ്നേഹമായി മാറാൻ അധികസമയം വേണ്ടി വന്നില്ല. . നഗരത്തിലെ ഒരു പണക്കാരന്റെ മകനായിരുന്നു മുരളി.
മുരളിയുടെ സ്നേഹത്തിൽ പതിരുകാണാൻ എനിക്ക്‌ കഴിഞ്ഞില്ല. മുരളിയുടെ സ്നേഹം നഷ്ടപ്പെടുമോ എന്ന് കരുതി അയാളുടെ എല്ലാ ആഗ്രഹങ്ങൾക്കും കൂട്ടുനിന്നു, അയാൾക്ക് വേണ്ടി ഉടുതുണി അഴിക്കാൻ വരെ.
അവൾ തുടർന്നു "ആഴ്ചകൾക്ക്‌ ശേഷം വളരെ നിർബന്ധിച്ചപ്പോൾ ഒരിക്കൽ മുരളിയുടെ കൂടെ മൂന്നാറിൽ പോകേണ്ടി വന്നു. കോളേജിൽ നിന്നും പോകുന്ന ഒരു സ്റ്റഡി ടൂർ എന്നാണ് വീട്ടിൽ പറഞ്ഞത്. ആ യാത്രയാണ് എന്റെ ജീവിതം തലകീഴാക്കി മറിച്ചത്‌..."
"അന്ന് മൂന്നാറിൽ ഒരു റിസോർട്ടിൽ വൈകീട്ട്‌ മുറിയിൽ കയറിവന്ന നാല്‌ യുവാക്കളെ കണ്ട്‌ പകച്ചിരുന്ന എന്റെ മുൻപിൽ ചിരിച്ചുകൊണ്ട്‌ നിന്ന മുരളിയിൽ ഒരു കൂട്ടിക്കൊടുപ്പുകാരന്റെ രൂപമാണു ഞാൻ കണ്ടത്‌. മുരളിയുടെ കൂടെ ഉണ്ടായിരുന്നവരിൽ മൂന്നു പേരെയും മുന്‍പും കണ്ടിട്ടുള്ളവരാണ്. പക്ഷെ ഒരു സൌഹൃദത്തിനപ്പുറം ഇത്തരത്തിലൊരു ഉദ്ദേശം അവര്‍ക്കോ, മുരളിക്കോ ഉണ്ടായിരുന്നെന്ന് ഞാന്‍ ഒരിക്കലും കരുതിയില്ല. എന്നെ വെറുതെ വിടണമെന്ന് കെഞ്ചിയെങ്കിലും അവരത് ചെവി കൊണ്ടില്ല. മദ്യത്തിന്റെയും ലഹരിയുടെയും പിടിയിലായിരുന്നിട്ടുകൂടി അവർക്ക്‌ കാട്ടുപോത്തുകളുടെ ശക്തിയായിരുന്നു. അവരുടെ കാമപ്പേക്കൂത്തുകൾക്ക് ശേഷം തളർന്നു പോയ ഞാൻ നടക്കാനുള്ള ശക്തി കൈവരിച്ച് ലക്ഷ്യബോധമില്ലാതെ പുറത്തേക്ക് നടന്നു, മഞ്ഞുമൂടിയ വഴികളിലൂടെ. ഒരായിരം ചിന്തകൾ ആ നിമിഷങ്ങളിൽ മനസ്സിലൂടെ മിന്നി മറഞ്ഞു പോയി. അച്ഛനേയും അമ്മയേയും എങ്ങിനെ അഭിമുഖീകരിക്കുമെന്നതായിരുന്നു ഏറ്റവും വലിയ പ്രശ്നം. ജീവിതം അവസാനിപ്പിക്കുകയല്ലാതെ മറ്റൊരു ഉപായവും മനസ്സിൽ വന്നില്ല. റോഡിന് വലതു വശത്ത് മഞ്ഞുമൂടിക്കിടക്കുന്ന ഗര്‍ത്തത്തിലേക്ക് ഞാൻ എടുത്തുചാടി."
ഒരു നിമിഷം നിർത്തിയിട്ട് അവൾ വീണ്ടും തുടർന്നു.
"പിന്നീട് ഓർമ്മ വരുമ്പോൾ മുൻപിൽ കണ്ടത് കരഞ്ഞു വീർത്ത മുഖവുമായി കട്ടിലിന്നരികിൽ ഇരിക്കുന്ന അമ്മയേയും, അടക്കാനാവാത്ത ദേഷ്യമുണ്ടായിരുന്നിട്ടും ശാന്തനായി നിൽക്കുന്ന അച്ഛനെയുമായിരുന്നു. എന്റെ വയറ്റില്‍ ഒരു ജീവന്റെ തുടിപ്പുണ്ടെന്നു പരിശോധനയില്‍ അറിഞ്ഞുവെന്ന് അമ്മ പറഞ്ഞു. ഞാന്‍ ചാടിയത് ഗര്‍ത്തത്തിലേക്ക് അല്ലായിരുന്നു, വീണത് താഴെ വഴിയിലേക്കാണ്‌. ആ സമയത്ത് അതുവഴി വന്ന ഒരു ലോറിക്കാരന്‍ ആണ് എന്നെ ആശുപത്രിയില്‍ എത്തിച്ചത്.
തെറ്റുകള്‍ ഏറ്റുപറഞ്ഞു രണ്ടുപേരോടും ഞാന്‍ മാപ്പിരന്നു. അച്ഛന്‍ എന്റെ തലയില്‍ തലോടിയതല്ലാതെ ഒന്നും പറഞ്ഞില്ല. ആശുപത്രിയില്‍ നിന്നും പോന്ന് വീട്ടില്‍ എത്തിയ ദിവസം വൈകീട്ട് അച്ഛന്‍ എന്തോ കാര്യത്തിന്നു പുറത്ത് പോയി.
രാത്രി വളരെ വൈകി തിരിച്ചെത്തിയ അച്ഛന്‍ ലോറിയിൽ നിന്നും ഇറങ്ങി വീട്ടിനകത്ത് കയറുമ്പോഴേക്കും അമ്മയുടെ ശരീരത്തിലേക്ക് കുഴഞ്ഞു വീഴുകയായിരുന്നു. അപ്പോഴാണ് അച്ഛന്റെ തലയില്‍ നിന്നും ഊർന്നിറങ്ങുന്ന ചോര ശ്രദ്ധിച്ചത്.
എന്റെ കയ്യിലേക്ക് ലോറിയുടെ താക്കോൽ വെച്ചു തരുമ്പോൾ അച്ഛന്റെ കൈ വിറക്കുന്നുണ്ടായിരുന്നു. നടന്ന കാര്യങ്ങൾ എങ്ങനെയോ പറഞ്ഞു തീർത്തു. മുരളിയെ തേടി പോയ അച്ഛൻ അയാളുടെ വിവാഹം ഉറപ്പിച്ചതാണ് അറിഞ്ഞത്. വാക്കുതർക്കം മൂത്തു, ലോറിക്ക് ഊടുവെയ്ക്കാനുള്ള മരത്തടി കൊണ്ടു അച്ഛൻ മുരളിയെ ആക്രമിച്ചു. ഒഴിഞ്ഞു മാറിയ അയാൾ അച്ഛന്റെ കയ്യിൽനിന്നും തടി പിടിച്ചു വാങ്ങി അച്ഛന്റെ തലയിൽ ആഞ്ഞടിച്ചു. പിന്നീട് ‌ ബൈക്ക് എടുത്ത് രക്ഷപ്പെടാൻ ഒരുങ്ങിയ അവനെ തലയ്ക്ക് പറ്റിയ മുറിവ് സാരമാക്കാതെ അച്ഛൻ ലോറിയിൽ പിന്തുടർന്ന് അടുത്തുള്ള പറയിടുക്കിലേക്കു തട്ടി തെറിപ്പിച്ചു. പറഞ്ഞവസാനിപ്പിക്കുമ്പോഴേക്കും അച്ഛന്റെ ബോധം മറയാൻ തുടങ്ങി. ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും അച്ഛനെ രക്ഷിക്കാനായില്ല.
അന്ന് മുതല്‍ ഞാന്‍ വളയം പിടിക്കാന്‍ തുടങ്ങി. ജന്മനാട്ടിലെ സ്ഥലം വിറ്റ് പുതിയ സ്ഥലത്തേക്ക് ചേക്കേറി. അവിടെ ഞാന്‍ ഭര്‍ത്താവ് മരിച്ച ഒരു സ്ത്രീ മാത്രമായി. മകളെ വളര്‍ത്തി വലുതാക്കി.
മകള്‍ക്കിപ്പോള്‍ പതിനെട്ട് വയസ്സ്‌ കഴിഞ്ഞു. പത്താം ക്ലാസ്സ്‌ കഴിഞ്ഞപ്പോള്‍ അവൾ പഠിപ്പ് നിര്‍ത്തി, പിന്നെ എന്റെ കൂടെ സഹായിയായി കൂടി. സ്വരക്ഷക്കുള്ള പരിശീലനം അവൾക്ക് കിട്ടിയിട്ടുണ്ട്.
"എന്നിട്ട് മുരളി ?" അയാൾക്ക് ജിജ്ഞാസ അടക്കാന്‍ ആയില്ല.
"ഇല്ല, അയാൾ രക്ഷപ്പെട്ടു. ഒരു ജീവിച്ഛവമായി കഴിഞ്ഞ പത്തൊമ്പത് വർഷമായി കിടക്കയിൽ, ഒരു വാക്ക് മിണ്ടാനോ, ശരീരമൊന്ന് അനക്കാനോ കഴിയാതെ !"
"അന്ന് നിന്നെ നശിപ്പിച്ചവരെ പിന്നീട് കണ്ടിരുന്നോ.."
"സര്‍, നാലിൽ മൂന്നു പേരും ഓരോരോ അപകടങ്ങളില്‍ മരിച്ചു."
"അപകടങ്ങളിലോ? മനസ്സിലായില്ല "
"സര്‍, വണ്ടിയല്ലേ, റോഡിലല്ലേ ഓടുന്നത്, തട്ടലും മുട്ടലും ഒക്കെ ഉണ്ടാവില്ലേ. അവരുടെ തലവിധി ... "
"ങ്ങും...നീ മുരളിയെ കണ്ടിരുന്നുവോ പിന്നീട് എപ്പോഴെങ്കിലും ?"
"ഉവ്വ് സര്‍, മുരളിയുടെ മൂന്നാമത്തെ കൂട്ടുകാരന്റെ മരണം കഴിഞ്ഞപ്പോള്‍ ഒരു ദിവസം ഞാന്‍ മുരളിയുടെ വീട്ടില്‍ പോയിരുന്നു കാണാന്‍..."
" എന്തായിരുന്നു അയാളുടെ പ്രതികരണം ?"
" കണ്ണുകളിൽ നനവുണ്ടായിരുന്നോ എന്ന് ഒരു സംശയം."
"അപ്പോൾ നാലാമൻ?"
" അയാളെ ഞാൻ പിന്നീടൊരിക്കലും കണ്ടിട്ടില്ല, സാർ."
" അവരുടെ വിധി നിശ്ചയിച്ചത് നീയ്യായിരുന്നു. ചെയ്തത് ശരിയാണെന്ന് നിനക്ക് തോന്നുന്നുണ്ടോ?"
"ശരിയും തെറ്റും നിശ്ചയിക്കാന്‍ ഞാന്‍ ആരാണ് സാര്‍. തെറ്റ് ചെയ്തവർക്ക് ശിക്ഷ കിട്ടണം എന്ന് ഞാൻ വിശ്വസിക്കുന്നു. അതിന് ദൈവം വരും എന്ന് പറഞ്ഞു കാത്തിരുന്നിട്ട് ഫലമില്ല. ചിലപ്പോൾ ആ ദൌത്യം ദൈവം മനുഷ്യനെ ഏൽപ്പിക്കും. അവിടെ നിസ്സഹായയായ ഇരയുടെ ശരി മാത്രമാണ് ശരി. "
അപ്പോഴേക്കും അയാളുടെ ഫോൺ അടിക്കാൻ തുടങ്ങി.
"ഒരു നിമിഷം, ഭാര്യയുടെ കോളാണ്."
ഫോൺ എടുത്ത് അയാൾ സംസാരിക്കാൻ തുടങ്ങി.
" ഞാൻ താഴ്‌വാരത്തെത്തി . ടാക്സി കാത്ത് നിൽക്കുകയാണ്, ടാക്സിയിൽ കയറിയിട്ട് വിളിക്കാം." അത്രയും പറഞ്ഞ് ഫോൺ കട്ട് ചെയ്തു..
"സാറേ, ഇനിയും അഞ്ചാറ് കിലോമീറ്റർ ഉണ്ട് താഴ്‌വാരത്തെത്താൻ, എന്തിനാ എത്തിയെന്ന് പറഞ്ഞത്?"
"ഭാര്യ വല്ലാതെ പേടിക്കും. അല്ലെങ്കിൽ തന്നെ അവൾക്ക് വല്ലാത്ത ഭയമാണ്. സ്ത്രീകളുടെ കൂടെയാണ് യാത്ര എന്നുകൂടി അറിഞ്ഞാൽ പിന്നെ അതുമതി."
താഴ്‌വാരത്തെത്തുമ്പോഴേക്കും ഇരുട്ട്‌ പടർന്നിരുന്നു. അങ്ങാടിയിലേക്കുള്ള വഴിയിൽ അയാളെ ഇറക്കി. ഹെഡ്ലൈറ്റിന്റെ പ്രകാശത്തിൽ പുതച്ചിരുന്ന ഷാൾ എടുത്ത് കയ്യിൽ തൂക്കിപ്പിടിച്ച് അയാൾ നടന്നു പോകുന്നതും നോക്കി ജാനു ഇരുന്നു, പിന്നെ സാവകാശം വണ്ടി മുന്നോട്ടെടുത്തു.
*****
കാലത്ത് എഴുന്നേറ്റ ഉടനെ ജാനു പത്രം നോക്കി. മുൻപേജിൽ തന്നെ അയാളുടെ ഫോട്ടോ ഉണ്ടായിരുന്നു. കൂടെ വാർത്തയും "അഞ്ജാത വാഹനം ഇടിച്ച് സംവിധായകൻ മരിച്ചു" വാർത്തയുടെ താഴെ പരേതന്റെ ഭാര്യയുടെ വാക്കുകളും ചേർത്തെഴുതിയിരുന്നു "താഴ്‌വാരത്തിൽ വന്നിറങ്ങി ടാക്സി കാത്തു നിൽക്കുമ്പോഴായിരുന്നു എന്നെ അവസാനം വിളിച്ചത് ".
ജാനുവിന് മനസ്സിൽ എന്തെന്നില്ലാത്ത ആശ്വാസം തോന്നി.
വണ്ടിയിൽ കയറുമ്പോൾ ചെറുവിരൽ അറ്റുപോയ വലതുകൈ കണ്ടപ്പോഴേ സംശയം തോന്നിയതാണ് , പിന്നെ നാലാമനെപ്പറ്റി പറയുമ്പോൾ അയാളുടെ മുഖത്തെ പരിഭ്രാന്തിയും, അവസാനം ഷാൾ മാറ്റിയപ്പോൾ കഴുത്തിൽ കണ്ട പരന്നുകിടക്കുന്ന വൃത്തികെട്ട കറുത്ത മറുകും, അടുത്ത നിമിഷം ആ സംശയം ദുരീകരിച്ചു. ജീവിതത്തിൽ ഒരിക്കലും കണ്ടുപിടിക്കാനാവില്ലെന്ന് കരുതിയ നാലാമന്റെ അടയാളങ്ങൾ ...
******
ഗിരി ബി വാരിയർ
14 ജൂൺ 2018
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo