Slider

സ്റ്റാച്യു ഓഫ്‌ മണ്ടികേറ്റം

0
Image may contain: Lipi Jestin, indoor

ഞ്ഞുണ്ണി ഓടിക്കോ....
ദേ ബസ്‌ വരണ്‌..!"
ഇതും പറഞ്ഞ്‌ എന്റെ
ചേച്ചി ച്ചുണ്ണി അകത്തേക്കൊരോട്ടം!!
റോഡിൽ കൂടി ബസ് പോകുന്നതിന് മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്ന ഞാൻ എന്തിനാ വെറുതെ അകത്തേക്ക് ഓടുന്നേ!!
ഞാൻ കലുംകുഷമായി ചിന്തിച്ചു.
ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല..
അവൾ എട്ടിലേക്ക് കാലെടുത്തു കുത്തിയപ്പോൾ മുതൽ തുടങ്ങിയതാണ് ഈ നെട്ടോട്ടം!അവള് മാത്രം അല്ല അവൾടെ തലക്ക് മൂത്ത ലിൻസിയും ഈ നെട്ടോട്ടത്തിന്റെ മദ്ധ്യസ്ഥയാണ്.
വീടിന്റെ മുൻപിലുള്ള റോഡിൽ കൂടി അഞ്ചു മിനിട്ട് ഇടവിട്ട്‌ ബസും കാറും പോകും.അതു പതിവാണ്.
ഞങ്ങളുടെ മുറ്റം അന്ന് മതിൽ കെട്ടി തിരിച്ചട്ടില്ല.
ഞങ്ങളുടെ മാത്രമല്ല...
അയൽപക്കത്തും അങ്ങനത്തെ ഒരു സിസ്റ്റം അന്ന് നിലവിൽ ഇല്ല!
ഓരോ ബസും ഞങ്ങളുടെ വീടിന്റെ വലതു ഭാഗത്തുള്ള മണ്ടികേറ്റം മന്തുള്ള കാല് വലിച്ചു വെച്ച്‌ വരുന്നവരെ പോലെ മന്ദം മന്ദം വലിഞ്ഞു കയറി ഞങ്ങടെ വീടിന്റെ വളവ് പാടുപെട്ട് വളച്ച് ഇടത് വശത്തുള്ള മണ്ടികേറ്റം സ്റ്റോപ്പിൽ നിർത്തും.അത്രയും നേരം ആ ബസിനകത്ത് ഇരിക്കുന്നവർക്കും നിൽക്കുന്നവർക്കും ഞങ്ങളുടെ വീടിന്റെ മുക്കിലും മൂലയിലും നടക്കുന്ന എല്ലാ കലാ പരിപാടികളിലും കണ്ണുടക്കും.ആയിരം കണ്ണുകൾ ഒരുമിച്ച് ഒരാളെ നോക്കുമ്പോൾ ആ നോട്ടം കിട്ടുന്ന ആൾക്കുള്ള സഭാകമ്പം..ദതാണ് ഇവരെയിട്ട് ഇങ്ങനെ നെട്ടോട്ടം ഓടിക്കുന്നത്!!.
എനിക്കാ കമ്പമില്ല!പക്ഷെ ദേഷ്യമുണ്ട്...ഇവറ്റകളോട്...
കളിയുടെ
രസംകൊല്ലികളോട്!!.
ഇറയത്ത് ചീട്ടു കളിച്ചു കൊണ്ടിരിക്കുമ്പോൾ,
കല്ല് കളിച്ചു കൊണ്ടിരിക്കുമ്പോൾ, വളപ്പൊട്ട്‌,തീപ്പെട്ടി പടം, വട്ട്...ഇമ്മാതിരി കളി കളിച്ചു കൊണ്ടിരിക്കുമ്പോളൊക്കെ ഏതെങ്കിലും ബസിന്റെയോ കാറിന്റെയോ ഹോണടി കേൾക്കുമ്പോൾ ഇവറ്റകൾ രണ്ടും വാലും കുത്തി പായും.എന്നിട്ട് ചിലപ്പോൾ തിണ്ണക്ക് പുറകിൽ കുനിഞ്ഞിരിക്കും.ചിലപ്പോൾ വാതിലിന്റെ കർട്ടന്റെ പുറകിൽ പോയി ഒളിച്ചു നിൽക്കും!അല്ലെങ്കിൽ വീടിനകത്തേക്ക് ഓടി കയറി ജനൽ കർട്ടന്റെ ഇടയിലൂടെ നോക്കി ബസ് ആ വളവ് തിരിഞ്ഞു കഴിയുമ്പോൾ വേഗം ഇറങ്ങി വന്ന് കളി തുടരും.!
കളിയെ ശല്യപ്പെടുത്തിയ ബസ്സിനെ ശപിച്ചു കൊണ്ട് ബസിനകത്തുനിന്നും വരുന്ന ആ ആയിരം കണ്ണുകളെ ഞാൻ ദേഷ്യം കൊണ്ട് ചുക ചുകാന്ന് ചുവന്ന എൻറെ രണ്ട് തീ പന്തങ്ങൾ കൊണ്ട് നോക്കി ദഹിപ്പിക്കും!.
ചിലപ്പോൾ എനിക്ക് കൂട്ടായി പൊക്കമനുസരിച്ച്‌ ഇറയത്ത് നിരന്നിരിക്കുന്ന അഞ്ചാറ് പൂച്ച കുഞ്ഞുങ്ങളുമുണ്ടാകും! ഞാനും പടിഞ്ഞാറയിലെ വിപീനും ചാക്കിൽ കെട്ടി താഴത്തെ പാടത്തേക്ക് നാട് കടത്തിയിട്ടും തിരികെ വന്ന് ആധിപത്യം സ്ഥാപിച്ച ചാരയും കറുപ്പും നിറത്തിലുള്ള കുട്ടി കുറുമ്പികൾ!
ചില ദിവസങ്ങളിൽ അവരുടെ നെട്ടോട്ടം കൊണ്ട് ഇറയത്ത് ഒറ്റക്കാക്കി ഉപേക്ഷിക്കപ്പെടുന്ന എന്റെ സീൻ കോണ്ട്രയാകും. സീരിയസ്സായി ബസ്സിലേക്കു നോക്കിയിരിക്കുന്ന എന്റെ ചെവിയിൽ
ഈർക്കിലി വലയത്തിൽ ചിലപ്പോൾ അച്ചിങ്ങാ തൂങ്ങി കിടപ്പുണ്ടാകും...
ചിലപ്പോൾ പ്ലാവില തൊപ്പി തലയിലേറിയിട്ടുണ്ടാകും.അതു കാണുമ്പോൾ ബസിലുള്ളവർ ചിരിക്കും.
പക്ഷെ അപ്പോഴും എന്റെ ഭാവത്തിന് യാതൊരു വ്യത്യാസവും ഉണ്ടാകാറില്ല.
ഫീലിംഗ്.. കോപം തന്നെ!.
ഒരിക്കൽ ഞാൻ ചോദിച്ചു...
"നിങ്ങളിങ്ങനെ ഹോണിനനുസരിച്ച്‌ വാണം വിട്ടപോലെ ഓടുന്നതെന്തിനാണ് ഹേ!!
"അതേയ്... മുതിർന്ന പെണ്കുട്ടികൾ മുറ്റത്തിങ്ങനെ നാലാള് കാണേ ഇരിക്കാൻ പാടില്ലത്രേ!"
"ആ നാലാൾ നമ്മുടെ വീട്ടിലേക്ക്‌ നോക്കാതിരുന്നാൽ നമുക്ക് എല്ലാവർക്കും ഇവിടെ സുഖമായി ഇരുന്നു കളിക്കാമായിരുന്നു.അല്ലെ?"
സിലബസിൽ ഇല്ലാത്ത ചോദ്യം കേട്ട പോലെ രണ്ടും എന്നെ മിഴിച്ചു നോക്കിയത് മാത്രം മിച്ചം!
സ്വന്തം വീട്ട് മുറ്റത്ത് സന്തോഷമായും സമാധാനപരമായും ഇരിക്കാൻ പറ്റാത്ത ഇന്ത്യയിൽ വന്ന് പിറന്നതിനെയോർത്ത് ഞാൻ എന്ന നാലാം ക്ലാസുകാരി അന്ന് ആദ്യമായി ലജ്ജിച്ചു.
പക്ഷെ എന്റെ ഇരിപ്പ് ഞാൻ തുടർന്നു.ആ ഇരിപ്പ് കൊണ്ട് ഇന്ത്യക്ക് വരുന്ന നഷ്ടങ്ങൾ എന്തൊക്കെയാണെന്ന് ഒന്ന് കണക്കെടുക്കണമല്ലോ!!
ഒരിക്കൽ ഞാനും ച്ചുണ്ണിയും ലിൻസിയും കൂടിയിരുന്ന് ഇറയത്ത് കല്ലു കളിക്കുകയായിരുന്നു.കളിയിൽ മുഴുകിയത് കൊണ്ട് ഹോണടി കേട്ടില്ല! ബസ് മന്ദം മന്ദം മണ്ടികേറ്റം കയറി വന്നപ്പോളാണ് ഈ മഹതികൾക്ക് തങ്ങൾക്ക് പ്രായപൂർത്തി ആയ കാര്യം ഓർമ്മ വന്നത്. ഇറയത്തെ വരാന്തയിൽ നിലത്തേക്ക് കാലിട്ട് ഒരു സൈഡ് ചെരിഞ്ഞിരുന്ന ലിൻസിക്ക് എണീറ്റ് ഓടുവാനുള്ള ഗ്യാപ്പ് കിട്ടി. ചമ്രം പടിഞ്ഞിരുന്ന ച്ചുണ്ണിക്ക് അത് കിട്ടിയില്ല. ലിൻസി ഓടിപ്പോയി വാതിലിന്റെ കർട്ടന് കയ്യും കാലും വെച്ച പോലെ ചെന്നു നിന്നു.ച്ചുണ്ണി ഓടിയെത്തും മുൻപേ ബസ് വീട്ടു മുറ്റത്തെത്തി.
രണ്ടു തിണ്ണക്ക് ഒത്ത നടുവിലായി സ്റ്റെപ്പിൽ എത്തിച്ചേർന്ന നമ്മടെ ച്ചുണ്ണി മാനഹാനിയിൽ നിന്നും രക്ഷപെടാൻ ഒരു ഉപായം കണ്ടു പിടിച്ചു. വേഗം കണ്ണുമടച്ച് കയ്യും കൂപ്പി പിടിച്ച് രൊറ്റ നിപ്പ്!! ബസ്സിലെ ആൾക്കാർ വല്ല സ്റ്റാച്യു ആണെന്ന് വിചാരിച്ചോട്ടേന്ന് !! ഹഹഹ!
മണ്ടികേറ്റത്തെ ഈ സ്റ്റാച്യുവിനെ കണ്ട് ബസ്സിലുള്ള സർവ്വരും സീരിയസ്സായ ഈ ഞാനും അന്ന് തലതല്ലി കുറെ ചിരിച്ചു കൂട്ടി.ഇപ്പോഴും ആ നിപ്പ് എന്റെ മനസ്സിൽ നിന്നും മാഞ്ഞിട്ടേയില്ല!!
സമർപ്പണം: മറ്റുള്ളവർ എന്തു വിചാരിക്കും എന്നു കരുതി ജീവിതം മുഴുവൻ നെട്ടോട്ടം ഓടി ജീവിക്കുന്നവർക്ക് മാത്രം ഈ കഥ സമർപ്പിക്കുന്നു.

By: Lipi Jestin
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo