Slider

വണ്ടിക്കാള" - കഥോദയം - (1)

0
Image may contain: Bindu S Bindu S

"വണ്ടിക്കാള"
"മോനേ... ഇനിയാരോടാ രാമേട്ടൻ
കടം ചോദിക്കുക, ഇനിയാരാ എനിക്ക് കടം തരിക..."
നിറഞ്ഞകണ്ണുനീർ പുറത്തേക്കു തുളുമ്പാതെ തന്റെ കൈചേർത്തുപിടിച്ച ആ വൃദ്ധനെ ആശ്വസിപ്പിക്കാനെന്നപോലെ, ജോയി തന്നോടുചേർത്തുനിർത്തി.
എന്നിട്ട് അയാളുടെ ദുഃഖത്തെ അകറ്റാനെന്നവണ്ണം തള്ളവിരൽകൊണ്ട് ആ കണ്ണുനീർ തുടച്ചു.
ഇരുപത്തഞ്ച് വർഷത്തെ പ്രവാസി ജീവിതം മതിയാക്കി യാത്ര തിരിക്കാനൊരുങ്ങുന്ന ജോയിയുടെ കമ്പനി മെസ്സിലെ പാചകക്കാരനായ രാമേട്ടനുമായി അന്നുതൊട്ടേയുള്ള ബന്ധമാണ്.
പ്രാരാബ്ധക്കാരനായ അയാൾ ഓരോ മാസവും വീട്ടിലേക്കയക്കുന്ന തുകയിൽ വരുന്ന കുറവ് നികത്തുന്നത് ജോയിയോട് കടം വാങ്ങിയിട്ടായിരിക്കും. ആ മാസം പകുതിയാകുമ്പോഴേക്കും ആ തുക
എങ്ങനെയെങ്കിലും തിരിച്ചു കൊടുക്കുകയും ചെയ്യും.
"ഹായ് ഭായ് ... എപ്പോഴാ ഫ്ലയിറ്റ്?"
അടുത്ത റൂമിലെ താമസക്കാരൻ.
നാളെ ഉച്ചയ്ക്ക് ശേഷമാ ,
ജോയിയുടെ മറുപടി.
ഇവിടംവിട്ടാലും ഞങ്ങളെയൊക്കെ ഓർക്കണേ...
ഓ... പിന്നെന്താ ..ഞാനാരേയും മറക്കില്ല.
അവള് വന്നില്ലേ മോനേ... നിന്നെ യാത്രയാക്കാൻ .
ഇല്ല വന്നില്ല, വരും. അവളെ കാത്തുനില്ക്കയാ ഞാൻ.
രാമേട്ടന്റെ ചോദ്യത്തിനു ജോയി മറുപടി പറഞ്ഞു തീർന്നില്ല, പുറകിലൊരു കാൽപ്പെരുമാറ്റം കേട്ട് അവർ രണ്ടുപേരും
ഒന്നിച്ചു തിരിഞ്ഞുനോക്കി.
ആയിഷ, അവളുടെ പർദ്ദയ്ക്കു വെളിയിലെ തുടുത്ത മുഖം മങ്ങിയിരിക്കുന്നു. പതിവു ചിരിയില്ല.
എന്നാ രാമേട്ടൻ ഒന്നു പുറത്തിറങ്ങിയിട്ടു വരാംമോനേ.
നിങ്ങൾ സംസാരിച്ചിരിക്കൂ.
അതു പതിവുള്ളതാ. ആയിഷ വന്നാൽ രാമേട്ടൻ പിന്നെയവിടെ നില്ക്കില്ല.
എന്താടി... നിന്റെ മുഖമിങ്ങനെ... കുരങ്ങുചത്ത കുറവനെപ്പോലെ ...
അതുകേട്ട് ആയിഷയൊന്നു തേങ്ങി.
അച്ചായോ... ഇനി ഞാനാരോട് എന്റെ സങ്കടം പറയും.
ഓ... അതിനാണോ. rഅതിനല്ലേ വീഡിയോ കാൾ. എന്റെ സാമീപ്യം നിന്റെയടുത്തില്ലെന്നെയുള്ളു.
ഏതായാലും എന്റെ ആയിഷക്കുട്ടി അച്ചായനു നല്ല ഒരു ചായയിട്ടു തന്നേ .നാളെമുതൽ പറയാൻ നീയില്ലല്ലോയെന്റെ കൂടെ.
അവസാനത്തെ വാക്കുകൾ പറഞ്ഞപ്പോൾ ജോയിയുടെ തൊണ്ടയിടറി. അതുവരെ പിടിച്ചു നിന്ന ആയിഷ എല്ലാ നിയന്ത്രണങ്ങളുംവിട്ട് പൊട്ടിക്കരഞ്ഞു.
പേരിട്ടു വിളിക്കാനറിയാത്ത ഒരു ബന്ധത്തിന്റെ നൊമ്പരം അവർക്കിടയിൽ കുറച്ചുനേരംകൂടി നീണ്ടുനിന്നു.
ചെറുപ്പത്തിലേ ബാപ്പ നഷ്ടപ്പെട്ട ആയിഷ വീട്ടിലെ മൂത്ത കുട്ടിയായിരുന്നു. അവൾക്കുതാഴെ
ആറു മക്കൾ. കുടുംബത്തിന്റെ ഭാരം ചുമക്കാൻ അയൽക്കാരനും നാട്ടിലെ പ്രമാണിയുമായ മൂസഹാജിയാരുടെ ഗൾഫിലുള്ള മകളുടെ വീട്ടിൽ വീട്ടുവേലയ്ക്കു വന്നവൾ. ഒരു സുഹൃത്താണ് നന്നായി പാട്ടുപാടുന്ന ആയിഷയെ തനിക്കു പരിചയപ്പെടുത്തി തന്നത്. ഗൾഫിലെ മലയാളി അസോസിയേഷന്റെ നേതൃത്വം ഉള്ള താൻ തുടർന്ന് ആയിഷയെ അതിലെ
നിറഞ്ഞ സാന്നിധ്യമാക്കി മാറ്റുകയായിരുന്നു.
അവളുമായുള്ള തന്റെ അടുപ്പത്തെ പലരും തെറ്റിദ്ധരിച്ചെങ്കിലും മറ്റുള്ളവരുടെയൊക്കെ തെറ്റിദ്ധാരണ തിരുത്താൻ അവർ രണ്ടുപേരും തയ്യാറായതും ഇല്ല.
പിറ്റേദിവസം, യാത്രപറയാൻ വന്ന സുഹൃത്ത് സഞ്ചയത്തെകണ്ട് ജോയിക്ക് അൽഭുതം തോന്നി. ഇത്രയുംസ്നേഹിതർ ഈ അന്യദേശത്ത് തന്നെയറിയുന്നവരോ...!
നാട്ടിലെ എയർപോർട്ടിൽ
ഫ്ലയിറ്റിറങ്ങി കാറിലേക്കു കയറവേ ഭാര്യയുടെ മുഖത്ത് വലിയ തെളിച്ചമൊന്നും കാണാത്തത് ജോയി ശ്രദ്ധിച്ചു.
വീട്ടിലെത്തിയതിനുശേഷം കാരണമന്വേഷിച്ചപ്പോൾ അകാരണമായി പൊട്ടിത്തെറിച്ച ഭാര്യയുടെ പെരുമാറ്റം അയാളെ വേദനിപ്പിച്ചു. രാത്രിയിൽ ബെഡ് റൂമിൽവച്ച് കാര്യം തിരക്കാമെന്നു കരുതി കാത്തിരുന്നു. പക്ഷെ ജോയിയുടെ പ്രതീക്ഷകളെ അസ്ഥാനത്താക്കി പുതപ്പും തലയിണയും എടുത്ത് അവൾ മറ്റൊരു മുറിയിലേക്കു പോയപ്പോൾ അയാൾ തരിച്ചിരുന്നുപോയി . എങ്കിലും അത് മെൻസ്ട്രേഷൻ സമയത്തെ മാറിക്കിടക്കലായിരിക്കുമെന്ന് സമാധാനിച്ചു.
പിറ്റേദിവസം അവളോട് കാര്യം തിരക്കിയപ്പോൾ ഇനിയിങ്ങനെയൊക്കെ മതി. കുട്ടികൾ വലുതായി എന്ന അവളുടെ ഒഴുക്കൻ മട്ടിലുള്ള മറുപടി കേട്ട് അയാൾ അമ്പരന്നു.
കുട്ടികൾ വലുതായ കാര്യം നീ പറയാതെത്തന്നെ എനിക്കറിയാവുന്ന കാര്യമല്ലേ ജീനാ...
പക്ഷെ നീയോർക്കണം,
ഞാൻ ഒരു ചെറുപ്പക്കാരനാണ്. എല്ലാ വികാരവിചാരങ്ങളും അടങ്ങിയ ഒരാൾ.
അതിനവൾ ഒരു മറുപടിയും പറയാതെ തിരിഞ്ഞുനിന്നു.
ദിനംപ്രതി കൂടിവന്ന ഭാര്യയുടെ അകൽച്ചയുടെ കാരണം കണ്ടെത്താനാകാതെ അയാൾ അസ്വസ്ഥനായി. അവസാനം ഒരു സുഹൃത്തിനോട് തുറന്നു പറഞ്ഞു.
" നിന്റെ കൈയിൽ സമ്പാദ്യമൊന്നും ഇല്ലായെന്ന് കരുതിക്കാണും, അല്ലെങ്കിൽ വല്ല നെറ്റ് ചാറ്റിലോ ആയിരിക്കും ".
ഹേയ്... അങ്ങനെയാവാൻ വഴിയില്ല . കാരണം അവൾ നെറ്റ് ഉപയോഗിക്കാറില്ല. പിന്നെ സമ്പാദ്യം അതുതന്റെ കൈയിൽ എത്രമാത്രം ഉണ്ടെന്നവൾക്കു നന്നായിട്ടറിയാവുന്നതുമാണ്.
അങ്ങനെയിരിക്കെ ഒരുദിവസം ഭാര്യയുടെ ഫോണിൽ പരിചയമില്ലാത്ത റിസീവ്ഡ് കാൾ കണ്ടു. ചാറ്റ് ഹിസ്റ്ററിയിൽ സംസാരം ഉണ്ടായിട്ടുണ്ടെന്നും മനസ്സിലായി. ആ നമ്പറിലേക്കയാൾ
തിരിച്ചു വിളിച്ചെങ്കിലും മറുഭാഗത്ത് പ്രതികരണം ഉണ്ടാകാതായപ്പോൾ ജോയിക്ക് കാര്യങ്ങളുടെ കിടപ്പ് മനസ്സിലായി.
അതേക്കുറിച്ച് അവളോട് തുറന്നു ചോദിച്ചപ്പോൾ ഒരു പൊട്ടിത്തെറിയായിരുന്നു. കൂടെ ആരാണെന്നറിയില്ല എന്ന മറുപടിയും . പിന്നെയൊരു ആത്മഹത്യ ഭീഷണിയും. ഭാര്യയുടെ നിസ്സഹകരണം അവളിൽമാത്രം ഒതുക്കിനിർത്തി കുടുംബത്തിൽ ഒരു പ്രശ്നം ഉണ്ടാകാതിരിക്കാൻ വേണ്ടി മാത്രം അയാൾ മക്കളോട് കൂടുതൽ അടുക്കാൻ ശ്രമിച്ചു. പക്ഷെ ജനിച്ചനാൾതൊട്ടേ മക്കൾക്ക് അച്ഛൻ വീട്ടിൽ വർഷത്തിലൊരിക്കൽ എത്തുന്ന നല്ലൊരു അതിഥിമാത്രമായിരുന്നു. അതുകൊണ്ടു തന്നെ അച്ഛനോടുള്ള മക്കളുടെ വാക്കുകളിൽ നിയന്ത്രണവും മിതത്വവും ഉണ്ടായിരുന്നു. എങ്കിലും മൂത്തത് പെൺകുട്ടിയായതുകൊണ്ട് അവൾ പപ്പയോട് അടുപ്പം കാട്ടിയിരുന്നെങ്കിലും രണ്ടാമത്തെ മകൻ, അവന്റെതു മാത്രമായ ലോകത്തിലായിരുന്നു.
ഇടയ്ക്ക് ഒരു ദിവസം തീൻമേശയിൽ വച്ച് വറുത്ത മത്സ്യ മില്ലാത്തതിനാൽ വഴക്കടിച്ച് ഭക്ഷണം കഴിക്കാതെ ഇറങ്ങിപ്പോയ മകനെ ശാസിച്ചപ്പോൾ അവന്റെ മറുപടി,
ഓ പപ്പയ്ക്കെന്താ... ഫിഷ് ഇല്ലാതെ ഞാൻ ഭക്ഷണം കഴിക്കില്ല എന്നറിയില്ലേ... അവന്റെ വാക്കുകളിൽ നീരസം.
തന്നെ മക്കൾക്കുപോലും വേണ്ടാതാകുകയാണോ... അകന്നു നിൽക്കുമ്പോഴുണ്ടായ ഭാര്യയുടെയും കുട്ടികളുടേയും സ്നേഹം ഇനിയുള്ള കാലമെങ്കിലും നേരിട്ട് അനുഭവിക്കാമെന്നു കരുതി നാട്ടിലേക്കു വന്നത് മണ്ടത്തരമായോ.. ദൂരത്തായിരിക്കുമ്പോൾ കാണിച്ച സനേഹം വെറും പ്രകടനമായിരുന്നുവെന്ന തിരിച്ചറിവിൽ അയാളുടെ ഉള്ള് തേങ്ങി... കുടുംബത്തിലെ മുതിർന്നയാൾ അതും ആണുങ്ങൾ കരയാൻ പാടില്ല. ഇവിടെ ഇനിയും തുടർന്നാൽ ഉള്ളിലെനീറ്റൽ കണ്ണീരായി പുറത്തേക്കു വരും. അതുകൊണ്ട് മടങ്ങിപ്പോകാം. ഗൾഫ് തന്നെയാണ് തന്റെ സ്വന്തം നാട് . ഇവിടെ സന്ദർശക വിസയിൽ എത്തിയതാണ്.
നാട്ടുകാരുടെയും സ്വന്തക്കാരുടെയും മുന്നിൽ പേരിനൊരു ബന്ധമുണ്ടല്ലോ,
അതിനൊരു ഉലച്ചിൽവന്നാൽ നാളെയത് മക്കളുടെ ഭാവിയെ ബാധിക്കും. അതുകൊണ്ടു തിരിച്ചു പോവുക തന്നെ.
പോകുന്ന കാര്യം പറഞ്ഞപ്പോൾ മകൾമാത്രം സങ്കടപ്പെട്ടു. ഇനിയെന്നാണ് പപ്പ വരിക?
എന്റെ മോളുടെ കല്യാണത്തിന്. അന്ന് ഒരുപാട് അതിഥികൾ വരില്ലേ,
ആ കൂട്ടത്തിൽ പപ്പയും വരും. മോളുടെ കല്യാണം നടത്തിത്തരേണ്ടത് പപ്പയുടെ ഉത്തരവാദിത്വമല്ലേ. എന്നിട്ടെന്റെ മോളുടെ കല്യാണം ഭംഗിയായി നടത്തി വീണ്ടും പപ്പ തിരിച്ചുപോകും.
പപ്പ ഞങ്ങളോടൊപ്പം എന്നും ഉണ്ടാകുമെന്ന് പറഞ്ഞിട്ട്...
നിങ്ങളെക്കാൾ മുന്നെ നിങ്ങളുടെ അമ്മയല്ലെ ഞാൻ കണ്ടത്. എന്നുമാത്രം മകളോട് പറഞ്ഞു. കാര്യം മനസ്സിലായതുകൊണ്ടോ അല്ലാത്തതുകൊണ്ടോ അവൾ പിന്നെയൊന്നും പറഞ്ഞില്ല.
ജീവിതാവസാനംവരെ ആർക്കൊ വേണ്ടി അദ്ധ്വാനിക്കാൻമാത്രം വിധിക്കപ്പെട്ട, വെറുമൊരു വണ്ടിക്കാളയാണ് താൻ എന്ന തിരിച്ചറിവിൽ, അകന്നുപോയ ബന്ധത്തെ ഒരു വിധത്തിലും യോജിപ്പിക്കാവില്ലെന്നറിഞ്ഞു ജോയി വീണ്ടും ഗൾഫിന്റെ മണ്ണിലേക്കു തിരിച്ചു പോവുകയാണ്.
അവിടെ അയാളെ കാത്തിരിക്കാൻ രക്തബന്ധമില്ലാത്ത, സ്നേഹം മാത്രം നൽകാൻ തയ്യാറായ ഒത്തിരിപ്പേരുണ്ട് എന്ന തിരിച്ചറിവോടെ ...
- ബിന്ദു സുന്ദർ -
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo