
=========
വളര്‍ച്ചയുടെ ഏതോ നിമിഷങ്ങളില്‍ സ്വയം സത്വം തിരിച്ചറിയപ്പെടുകയും , അത് സ്ഥാപിക്കാന്‍ പരിശ്രമിക്കുമ്പോള്‍ പരിഹാസങ്ങളും , വാക്ശരങ്ങളും , വേദനകളും ഒരു ശാപം പോലെ ഏറ്റു വാങ്ങേണ്ടി വന്ന ഒരു വിഭാഗം ആളുകള്‍ നമുക്കിടയിലുണ്ട്. അവരുടെ ഒരു പ്രതിനിധിയാണ് മേരിക്കുട്ടി.
അതിജീവനത്തിന്റെ ഓരോ കനല്‍വഴികളും അവള്‍ കടന്നു പോകുന്നത് അത്രയധികം കഠിനമായ ഒരു പാതയിലൂടെയാണ്. നമ്മള്‍ എന്താണെന്ന് ആദ്യം തിരിച്ചറിയേണ്ടത് നമ്മള്‍ തന്നെയാണ്. പക്ഷെ ആ തിരിച്ചറിവില്‍ ജീവിക്കാന്‍ തുടങ്ങുമ്പോള്‍ ഒരു ട്രാന്‍സ്ജെന്‍ഡറിനെ സംബന്ധിച്ചിടത്തോളം അതെത്ര മാത്രം ദുരിതമാണെന്ന് മുന്‍വിധികള്‍ മാറ്റിവെച്ച് അവരെയൊന്ന് അടുത്തറിയാന്‍ ശ്രമിച്ചാല്‍ നമുക്ക് സാധിക്കും.
''ഞാന്‍ മേരിക്കുട്ടി'' എന്ന ചിത്രം കണ്ടിറങ്ങിയപ്പോള്‍ മനസ്സില്‍ തോന്നിയ ചില കാര്യങ്ങളാണ് മുകളില്‍ പങ്കു വെച്ചത്. എന്റെയൊരു ട്രാന്‍സ്ജെന്‍ഡര്‍ സുഹൃത്തിനോടുള്ള സംസാരമദ്ധ്യേ അയാള്‍ പറയുകയുണ്ടായി ''അവനില്‍ നിന്നും അവനിലേക്ക് തന്നെ ഒരു മടങ്ങിവരവല്ല ഞങ്ങള്‍ ആഗ്രഹിക്കുന്നത് അവനില്‍ നിന്നും അവളിടങ്ങളിലണയാനാണ്..., ജീവിക്കാനാണ്''.
ഈ ചിത്രത്തെ പറ്റി കേട്ടതു മുതല്‍ കാണാന്‍ ആകാംക്ഷ ഏറെ ആയിരുന്നു. ഇന്നിതു കണ്ടിറങ്ങിയപ്പോള്‍ മനസ്സിലായി കാത്തിരിപ്പ് വെറുതെ ആയില്ലാന്ന്. അത്രക്കും മികച്ചൊരു ദൃശ്യാനുഭവമായിരുന്നു. ജയസൂര്യയുടെ കരിയറിലെ ഏറ്റവും മികച്ചൊരു കഥാപാത്രത്തെ അതിഭാവുകത്വങ്ങളുടെ ചേരുവകളില്ലാതെ മനോഹരമായി അവതരിപ്പിച്ചു .
ഒരോ ചിത്രങ്ങളും എഴുത്തുകാരനെന്ന നിലയിലും , സംവിധായകനെന്ന നിലയിലും രഞ്ജിത് ശങ്കര്‍ തന്റെ വ്യക്തി മുദ്ര പതിപ്പിക്കുന്നു എന്നത് ഈ ചിത്രവും അടയാളപ്പെടുത്തുന്നു. മാത്തുക്കുട്ടിയില്‍ നിന്നും മേരിക്കുട്ടിയിലേക്ക് , (അനിവാര്യമായ തന്റെ പൂര്‍ണ്ണതയിലേക്ക് ) മാറാന്‍ ശ്രമിക്കുന്ന ജയസൂര്യയുടെ കഥാപാത്രം നേരിടുന്ന പ്രശ്നങ്ങളും ഒപ്പം തന്റെ ജീവിതത്തിലെ ഏറ്റവും വലിയ മോഹം സാക്ഷാത്ക്കരിക്കാന്‍ നടത്തുന്ന ശ്രമങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
പള്ളിലച്ചനായി ഇന്നസെന്റെും , എസ്സ് എെ കുഞ്ഞിപ്പാലുവായി ജോജോയും , സുഹൃത്ത് ആല്‍വിന്‍ എന്ന കഥാപാത്രമായി അജു വര്‍ഗ്ഗീസും, കളക്ടറായി സുരാജ് വെഞ്ഞാറമൂടും മികച്ച പ്രകടനം കാഴ്ച്ച വെക്കുന്നു എന്ന് പറയുന്നതിനോടൊപ്പം ഇതിലെ ഒരു ചെറിയ കഥാപാത്രങ്ങള്‍ക്കു പോലും വ്യക്തമായ ഒരു എെഡന്റിറ്റി ഉണ്ടെന്നുള്ളത് എടുത്തു പറയേണ്ട കാര്യമാണ്.
ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും രഞ്ജിത്ത് ശങ്കര്‍ തന്നെയാണ്. ഛായാഗ്രഹണം വിഷ്ണു നാരായണന്‍ നിര്‍വ്വഹിച്ചിരിക്കുന്നു. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് ആനന്ദ് മധുസൂദ്ദനനാണ്. ''ദൂരെ ദൂരെ ഇതള്‍ വിരിയാനായൊരു സ്വപ്നം കാത്തു നില്‍ക്കുന്നു'' എന്ന ഗാനം ബിജു നാരായണന്റെ ആലാപനമികവില്‍ ഏറെ നന്നായിട്ടുണ്ട് .
''ഈ ലോകം ആണിന്റെതല്ല, ഈ ലോകം പെണ്ണിന്റേയുമല്ല...മറിച്ച് അത് കഴിവുകളുടേതാണ്....'' അത് തന്നെയാണ് യാഥാര്‍ത്ഥ്യം ...ആണിനും, പെണ്ണിനും ഉപരിയായി ഈ ലോകം ഓരോ വ്യക്തിയേയും അടയാളപ്പെടുത്തുന്നത് അവരുടെ കഴിവുകള്‍ കൊണ്ട് തന്നെയാവട്ടെ. അതിനുള്ള ആര്‍ജ്ജവം കാണിക്കാന്‍ ഈ സമൂഹം തയ്യാറാവട്ടെ....!! അങ്ങനെ നമുക്കു ചുറ്റുമുള്ള ഓരോ മേരിക്കുട്ടിമാരുടേയും കനവുകള്‍ യാഥാര്‍ത്ഥ്യമാകട്ടെ...!! അവളിടങ്ങളിലണയട്ടെ...!!!
By Sarath Mangalath
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക