Slider

ആനന്ദ ഭവനം

0


Anamika AAmi
ബാലേട്ടാ എന്റെ വയറ്റിലൊന്ന് ചെവി വെച്ചേ,കേട്ടോ
എന്ത്, നല്ല ഗുളു ഗുളു ശബ്ദം എന്താ നീ കഴിച്ചേ
പോ മനുഷ്യാ,അച്ഛാ എന്നൊരു വിളികേട്ടോ
സത്യമാണോ
ഉം
...........................................................
ഏട്ടാ കുഞ്ഞിന് ഐസ്ക്രീം കഴിക്കാൻ തോന്നുന്നു. വേഗം കൊണ്ടു വാ
ഇതാ ഐസ്ക്രീം, എനിക്കറിയായിരുന്നു നീ ഇത് ചോദിക്കുമെന്ന് അതുകൊണ്ട് ഗർഭിണിയാണെന്നറിഞ്ഞപ്പോൾ തന്നെ ഫാമിലി പാക്ക് തന്നെ വാങ്ങിച്ചു.
ഏട്ടാ എനിക്ക് ചക്ക കഴിക്കാൻ തോന്നുന്നു, പ്ലാവിൽ കയറി ഒരു ചക്ക ഇട്
നീ ഈ ഗർഭം മുതലെടുക്കുകയാണേല്ലേ
നിങ്ങൾ അവന് ഐസ്ക്രീം വേണമെന്ന് പറഞ്ഞപ്പോൾ വാങ്ങിക്കൊടുത്തു. എന്റെ ഒരു ആഗ്രഹം പറഞ്ഞപ്പോൾ നടത്തുന്നില്ലല്ലേ. ഇപ്പോഴെ അവനോടാ സ്നേഹം എന്നെ വേണ്ട
ഒന്ന് പോ പെണ്ണെ,ചക്കയെങ്കിൽ ചക്ക,വേറെ എന്തെങ്കിലും വേണോ എന്റെ മുത്തിന്.
ഇപ്പോൾ ചക്ക മാത്രം മതി, പ്ലാവിൽ നിന്ന് അത് മാത്രമല്ലേ കിട്ടൂ.
...............................................................
ദേ മനുഷ്യ നിങ്ങളോടൊരു നൂറ് തവണ പറഞ്ഞിട്ടുണ്ട് മുറ്റത്ത് നിന്ന് മൂത്രമൊഴിക്കരുതെന്ന്. മുറ്റം മുഴുവൻ എന്തൊരു നാറ്റമാ.എനിക്കറപ്പാണ് ഈ നാറ്റം.
ഇനി പ്രസവം കഴിഞ്ഞാൽ കുഞ്ഞിന്റെ മുത്രമണമൊക്കെ സഹിക്കേണ്ടതല്ലേ. ഇത് ഇപ്പൊഴെ ശീലമാക്കിക്കോ
കുഞ്ഞുണ്ടായാലും എന്റെ വൃത്തിക്കൊന്നും ഒരു കുറവും വരില്ല.
......................................................
അങ്ങനെ ഗർഭാലസ്യത്തിന്റെയും കാത്തിരിപ്പിന്റേയും നാളുകൾക്ക് അന്ത്യം കുറിച്ച് അവൻ ഞങ്ങളുടെ ജീവിതത്തിലേയ്ക്ക് കടന്നു വന്നു.
ആയിരംപുർണ്ണചന്ദ്രൻ മാരുടെ തേജസ്സാണ് ഈ മുഖത്ത്, അതെങ്ങനെയാ ഞങ്ങളുടെ ആങ്ങളയെ വാർത്ത് വെച്ചിരിക്കയാണല്ലോ.
ബാലേട്ടന്റെ പെങ്ങൻമാരെല്ലാം പറഞ്ഞു. എന്റെ ആഗ്രഹം പോലെ തന്നെ നമ്മുടെ മോൻ ബാലേട്ടനെ പോലെയാ.
സന്ധ്യേ നമുക്കിവനെ ഒരു ഡോക്ടറാക്കണം
ബാലേട്ടാ നമുക്ക് ഇവന് ആനന്ദ് എന്ന് പേരിടാം.
ആനന്ദ് ബാല എന്നിടാം
ഏട്ടാ എങ്കിൽ സന്ധ്യയുടെ, എസ് കൂട്ടി ഇട്ടാൽ ആനന്ദ് എസ് ബാല എന്നാക്കാം.
അപ്പോൾ അവൻ ഡോക്ടറാകുമ്പോൾ എല്ലാവരും എസ്‌ ബി സാർ എന്ന് വിളിക്കും.
ഹോ നിന്റെയൊരു ബുദ്ധി.
അതേ, എന്റെ ബുദ്ധി കിട്ടിയാൽ മാത്രമേ ഡോക്ടറാക്കാൻ പറ്റൂ.
..................................................................
നീയെന്തടാ മുത്തേ ചിരിക്കാത്തെ. അച്ഛനെപ്പോലെ ഗൗരവക്കാരനാണോ.
ഏട്ടാ ഈ നാലര മാസത്തിലും ഇവന്റെ കഴുത്ത് ഉറയ്ക്കാത്തതെന്താ. നമുക്കൊന്ന് ഡോക്ടറെ കണ്ടാലോ.
അവന് ഒരു കുഴപ്പവുമില്ല. എന്നാലും നിന്റെ സംശയം തീരട്ടെ.
ജനിതക ടെസ്റ്റുകളുടെ റിസൾട്ട് അനസരിച്ച് കുഞ്ഞിന് ഡൗൺസിൻട്രോം ആണ്. സാധാരണ ഇത് ഗർഭകാല സ്കാനിങ്ങിൽ അറിയേണ്ടതായിരുന്നു
ഞങ്ങൾ എവിടെ കൊണ്ട് പോയും ചികിൽസിക്കാൻ തയ്യാറാണ് ഡോക്ടർ.
ഇത്തരത്തിൽ ബുദ്ധിവൈകല്ല്യമുള്ള കുഞ്ഞിന് നല്ല പരിചരണമാണ് ആവശ്യം. എവിടെ കൊണ്ട് പോയി ചികിൽസിച്ചാലും ഞങ്ങൾക്ക് ചെയ്യാൻ പറ്റുന്നതിനപ്പുറത്ത് ആർക്കും ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ല.
സ്വപ്നങ്ങളെല്ലാം ഒരു നിമിഷം കൊണ്ട് തകർന്നടിഞ്ഞപ്പോൾ പൊട്ടിക്കരയാൻ പോലും പറ്റാതെ നിർജ്ജീവമായ അവസ്ഥയിൽ ഞാനും ഏട്ടനും ഇരുന്നു.
നിങ്ങളിങ്ങനെ തളരരുത്. ഇത് പോലെ ഒരുപാട് കഞ്ഞുങ്ങളുണ്ട്. മാതാപിതാക്കളാണ് അവരുടെ അശ്രയം. നമ്മൾ ഇത്തരം കാര്യങ്ങളെ കൈകാര്യം ചെയ്യേണ്ട രീതിയാണ് ശ്രദ്ധിക്കേണ്ടത്, അവരെ അവരുടെ ബുദ്ധി വളർച്ചയ്ക്കനുസരിച്ച് സ്വയം പര്യാപ്തനാക്കാനാണ് ശ്രമിക്കേണ്ടത്
.....................................................................
ഒരു ആൺ കൊച്ചുണ്ടായപ്പോൾ എന്തായിരുന്നു പെണ്ണിന്റെ അഹങ്കാരം ഇപ്പോ എന്തായി ഇനി നമ്മുടെ പെൺകുട്ടികൾക്ക് ഈ അസുഖമുള്ള കുട്ടി കാരണം നല്ലൊരു വീട്ടിൽ നിന്ന് ഒരു ചെക്കനെ കിട്ടുമോ എന്നാ എന്റെ പേടി.
ചേച്ചി നമുക്കൊരു ജോൽസ്യനെ കൊണ്ട് പ്രശ്നം വച്ച് നോക്കിയാലോ. ഇനി വല്ല ദൈവ കോപമാണോന്നറിയാലോ.
നാത്തൂൻമാരുടെ അടുക്കളയിലെ അടക്കം പറച്ചിലുകൾ എന്റെ നെഞ്ചിൽ തീ കോരിയിട്ടു.
മനസ്സിന്റെ നെരിപ്പോട് കത്തിയെരിയുമ്പോൾ ഗർഭപാത്രം പോലും ചോര തുപ്പി പുറത്ത് കടന്നു.രണ്ടാമതൊരു കുഞ്ഞിനെപ്പോലും സമ്മാനിക്കാതെയാണ് വേദനകളെല്ലാം മുഴുയുടെ രൂപത്തിൽ ഗർഭപാത്രത്തെ തട്ടിയെടുത്തു.
ഞങ്ങളുടെ മൂത്രം മണക്കുന്ന മുറിയും കുഞ്ഞുസിന്റെ വീൽച്ചെയറും, ഞങ്ങൾക്ക് മാത്രം മനസിലാകുന്ന അവന്റെ ഇണക്കങ്ങളും പിണക്കങ്ങളും ആയിരുന്നു ഈ കഴിഞ്ഞ പതിനെട്ട് വർഷവും ഞങ്ങളുടെ ലോകം.
പല തവണ പനിയും അതിന് കൂട്ടായെത്തുന്ന അപസ്മാരവും അവനെ തളർത്തിക്കളയാൻ ശ്രമിക്കുമ്പോഴും ഞങ്ങൾ അവനെ തിരിച്ച് പിടിക്കും.
ഇത്തവണ എന്തോ മനസ്സ് പിടക്കുന്നു. ധൈര്യം ചോർന്ന് പോകുന്നു
.......................................................................
ഡോക്ടർ,നിങ്ങൾക്ക് ഇത് വെറും ബുദ്ധിമാന്ദ്യമുള്ള കുട്ടിയായിരിക്കും. പക്ഷെ ഇവൻ ഞങ്ങളുടെ ജീവനാണ്. ഞങ്ങളുടെ മകനാണ്. ഇത്രയും പറഞ്ഞപ്പോഴേക്കും കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു.
മാഡം, ഞാൻ പറഞ്ഞുവന്നത് ഈ ആശുപത്രിയിൽ ചില പരിമിതികൾ ഉണ്ട്. ഞങ്ങൾ ചെയ്യാവുന്നതൊക്കെ ചെയ്തു. നിങ്ങൾക്ക് അത്രയ്ക്ക് നിർബന്ധമാണെങ്കിൽ വീട്ടിലേയ്ക്ക് മടക്കണ്ട വേറെ ഏതെങ്കിലും സുപ്പർ സ്പെഷാലിറ്റി ഹോസ്പ്പിറ്റലിലേക്ക് മാറ്റു.
എന്തിനാണ് ഞാൻ എല്ലാവരോടും ഇങ്ങനെയൊക്കെ ദേഷ്യത്തിൽ സംസാരിക്കുന്നത്. കുഞ്ഞൂസ് ആശുപത്രിയിൽ ആയതിൽ പിന്നെ ആരോടാ എന്താ പറയേണ്ടതെന്ന അറിവ് നഷ്ടമായിരിക്കുന്നു.മറ്റുള്ളവരെല്ലാം ഞങ്ങൾക്കൊരു ബാധ്യത ആയാണ് ഈ മകനെ കാണുന്നത്. പക്ഷെ അമ്മേ എന്നൊരു വിളി കേൾക്കാൻ ഭാഗ്യമില്ലാത്തവളാണ് ഞാൻ. പക്ഷേ കുഞ്ഞൂസേ എന്ന വിളി കേൾക്കുമ്പോൾ നിഷ്ക്കളങ്കമായി അവൻ ഞങ്ങളെ കെട്ടി പിടിക്കുമായിരുന്നു. അവനെക്കൊണ്ട് അതേ സാധിക്കുമായിരുന്നുള്ളു,അതിൽ ഞങ്ങളുടെ വിഷമങ്ങൾ ഇല്ലാതാകും.
സന്ധ്യേ നീ എന്തോർത്ത് കൊണ്ട് ഇരിക്കുവാ. വാ നമുക്ക് വേറെ വല്ല ആശുപത്രിയിലേയ്ക്കും കൊണ്ട് പോകാം. അബുലൻസ് ഇപ്പോൾ വരും.
ശരി ബാലേട്ടാ, നമ്മളിനി ആർക്ക് വേണ്ടിയാ ഈ സ്വത്തൊക്കെ കാത്ത് വെച്ചേക്കുന്നെ. എന്ത് വില കൊടുത്തും മോനെ തിരിച്ചു പിടിക്കണം.
അത് കേട്ടപാടെ ബാലേട്ടന്റെ പെങ്ങൻമാരുടെ മുഖമെല്ലാം ദേഷ്യത്തോടെ ചുമന്നു തുടുത്തു.
കുഞ്ഞൂസിന്റെ മരണം കാത്ത് നിൽക്കുന്ന കഴുകൻമാരെ പോലെ അവർ ആശുപത്രിക്ക് ചുറ്റുo വട്ടമിട്ട് പറന്നു.
ആലപ്പുഴയിൽ നിന്ന് എറണാകുളത്തെ സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റലിലേയ്ക്ക് ആബുലൻസ് ചീറിപ്പാഞ്ഞു.
.........................................................
കുഞ്ഞിന്റെ നില കുടുതൽ വഷളായിക്കൊണ്ടിരിക്കുന്നു. പ്രതീക്ഷയുടെ നേരിയ വെളിച്ചം പോലുമില്ലാതാകുന്നു.
ഒരാഴ്ച്ചയായി വെന്റിലേറ്ററിൽ , ഏട്ടാ അവനെ എന്തിനാ ഇങ്ങനെ വേദനിപ്പിക്കുന്നത്.രക്ഷപ്പെടുമെന്ന് ഒരു ഉറപ്പും ഡോക്ടർമാർ പറയുന്നില്ല. അവരോട് വെന്റിലേറ്റർ ഊരാൻ പറ ബാലേട്ടാ. വേദന ഇല്ലാത്ത ലോകത്തേക്ക് അവൻ പൊക്കോട്ടെ.
കുഞ്ഞൂസേ ഈ അമ്മയ്ക്ക് മാപ്പ് താ. ഇനി ഇത് മാത്രമേ നിനക്ക് വേണ്ടി ചെയ്യാനാവൂ.
………………..............................................
എപ്പോഴാ അടക്കുന്നത് ബാലാ
നാളെ മതി
ഇന്ന് രാത്രിതന്നെ വെച്ചൂടേ.
വേണ്ട ഏട്ടാ നാളെ മതി. നമുക്ക് ഒരു രാത്രി കൂടി അവന്റെ കൂടെ കഴിഞ്ഞൂടെ.
നോക്ക് എട്ടാ എന്തൊരു ശാന്തതയാണ് കുഞ്ഞുവിന്റെ മുഖത്ത്.
എട്ടാ ഹാളിൽ നിന്നെത്ത് നമ്മുടെ മുറിയിൽ കൊണ്ടുപോയി വെക്കാം.
ഇനി നമുക്ക് ഇവനെ കെട്ടിപ്പിടിച്ച് കിടക്കാൻ പറ്റില്ല.
ഇത്രയും വർഷത്തെ സ്നേഹവും വൽസല്യവുമല്ലൊം ഒരു പുകച്ചുരുളുകളായ് മാറുന്നത് നോക്കി നിൽക്കാൻ സാധിക്കാതെ ഞാൻ കുഴഞ്ഞ് വീണു.
എല്ലാവരും പോയി. ഞാനും ബാലേട്ടനും മാത്രമായി കുഞ്ഞുസില്ലാതെ മുറിയിൽ വല്ലാത്തൊരു ശൂന്യത.
അവൻ നേരത്തേ പോയത് നന്നായി സന്ധ്യേ, നമ്മുടെ കാലം കഴിഞ്ഞാൽ അവൻ എല്ലാവർക്കും ഒരു ബാധ്യതയായേനേ......
ഇനി ആർക്ക് വേണ്ടി ജീവിക്കണം.ലക്ഷ്യമില്ലാതെ മാസങ്ങളോളം മനസ്സ് അലഞ്ഞ് നടന്നു.
സന്ധ്യേ നമുക്കൊരു കുഞ്ഞിനെ ദത്തെടുത്താലോ. നമ്മുടെ മോനെ പോലെ വൈകല്യമുള്ള കുഞ്ഞുങ്ങൾ ഉണ്ടാകുമ്പോൾ ഉപേക്ഷിക്കുന്ന ഒരുപാട് പേരുണ്ട്. നമുക്ക് അങ്ങനെ ഒരു കുഞ്ഞിനെ ദത്തെടുക്കാം. ആനന്ദും അവന്റെ മുറിയുമെന്ന അവരുടെ പരിമിതമായ ലോകം വിശാലമായപ്പോൾ ജീവതത്തിലേയ്ക്ക് പുതുവെളിച്ചം കടന്നു വന്നു.
ഇന്ന് ബാലന്റെയും സന്ധ്യയുടെയും ആനന്ദ ഭവനം ഇത് പോലുള്ള ഒരുപാട് കുഞ്ഞുങ്ങളുടെ അശ്രയമാണ്.
ദൈവത്തിന്റെ സ്വന്തം കുഞ്ഞുങ്ങളെ, പരിചരിക്കുന്നതിലും പുണ്യം ഒരു ദേവാലയത്തിനും നൽകാനാവില്ല.അതിൽ ആനന്ദം കണ്ടെത്തുന്നവരാണ് ഭൂമിയിലെ ദൈവങ്ങൾ. ഇങ്ങനെയുള്ള ബാല്യങ്ങളെ തെരുവിലേക്ക് വലിച്ചെറിയാതെ നെഞ്ചോട് ചേർത്ത് പിടിക്കാൻ ഓരോ അമ്മയ്ക്കും സാധിക്കട്ടെ.......
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo