നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സൂസീടെ കുടുക്ക

Image may contain: 1 person, closeup
**********************
കോശിമാപ്ളേടെ മോൻ പീറ്ററിന്റേത് സംഭവബഹുലമായ കല്യാണമായിരുന്നു. ഗ്രാമം നഗരത്തിനു വഴിമാറുന്നതിനുമുമ്പ്, കാലങ്ങൾക്കുമുമ്പാണ് ഈ കഥ നടക്കുന്നത്.
കോശിമാപ്ള നാട്ടുകാർക്ക് വളരെ വേണ്ടപ്പെട്ടവനാണ്. അത്യാവശ്യം വേണ്ടപ്പെട്ട സാമ്പത്തികസ്ഥിതി. രണ്ട് ആൺമക്കളാണ് കോശിമാപ്ളയ്ക്ക്. ഞങ്ങടെ നാട്ടില് മുസ്ലീംസ് ഇല്ലായിരുന്നു. അതിനാലാണോ എന്നറിയില്ല, ക്രിസ്ത്യാനികളെയാണ് മാപ്ളമാരെന്ന് പണ്ടുതൊട്ടേ വിളിക്കണത്.
മലഞ്ചരക്കിലെ ലാഭംകൊണ്ട്, മക്കളായ തോമസും പീറ്ററും ജാതിക്കാക്കുരുപോലേ വളർന്ന് കല്യാണപ്രായമായി. തോമസ് പഠിക്കാൻ മിടുക്കനായിരുന്നോണ്ട് ഗവൺമെന്റ് ജോലി കിട്ടി, ഒരു ടീച്ചറുപെണ്ണിനേം പ്രേമിച്ചു കെട്ടി സെറ്റപ്പായി. കോശിമാപ്ളയ്ക്ക് ഇല്ലാത്ത ദുശ്ശീലങ്ങൾ എണ്ണംപറഞ്ഞ് ചെയ്താണ് പീറ്റര്‍ വളർന്നത്. കള്ള്, കഞ്ചാവ്, പെണ്ണുപിടുത്തം, ചീട്ടുകളി ഇത്യാദി കലകളിലെല്ലാം അഗ്രഗണ്യനായിരുന്നു രണ്ടാമനായ പീറ്റര്‍. പഠിച്ച്പഠിച്ച് ആറാംക്ളാസ്സിലെത്തിയപ്പോഴേക്കും പഠിപ്പിക്കുന്ന ചാക്കോമാഷ്ക്കുവരെ ദിനേശ്ബീഡി നീട്ടിത്തുടങ്ങി. എന്തായാലും മാഷ്, കമ്പനി കൊടുക്കാത്തതിനാലാണോ തന്‍റെ സംസ്ക്കാരവുമായി യോജിച്ചുപോവാത്തതിനാലാണോ ആറാംക്ളാസിലേ പീറ്റർ പുസ്തകങ്ങളോടുള്ള ചങ്ങാത്തം അവസാനിപ്പിച്ചു.
ആറാംക്ളാസ് പഠിച്ചവനെ കളക്ടറാക്കാൻ വകുപ്പില്ലാത്തതിനാൽ കോശി തന്‍റെ മലഞ്ചരക്കിന്‍റെ ട്രിക്സ് പഠിപ്പിച്ചുകൊടുത്ത് കൂടെക്കൂട്ടി. കള്ളിന്‍റെ മണമടിച്ചും ബീഡീടെ പുകയടിച്ചും മടുത്തപ്പോൾ കോശ്യാപ്ള പീറ്ററിനോട് പറഞ്ഞു:
"ടാ പീറ്ററേ, രണ്ടെണ്ണത്തില് ഒരെണ്ണം തലതിരിഞ്ഞ് പോണംന്ന് മോളിലിര്ക്കണ പുള്ളി പണ്ടു സൃഷ്ടി നടത്തുമ്പളേ തീരുമാനിച്ചിട്ട്ണ്ട്. നീയ്യ്ദ്ദേദ് സ്വഭാവത്തില് പോയീന്ന് ന്ക്കറിയൂല. എന്തൂട്ട്ണേലും ഇനി കച്ചോടം നീ തന്നെങ്ങട് ചെയ്താമതീട്ടാ"
അപ്പന്‍റെകൂടെ പോകുമ്പോള് വെള്ളമടീം, ബീഡിവലീം എങ്ങനേയും തരാക്കമെന്നുവച്ചാലും നേരമ്പോക്കിനൊരു വകുപ്പുമില്ലാതെ വിഷമിച്ചിരുന്ന പീറ്ററിന് ഇതു കേട്ടപ്പളേ ഉള്ളിൽ വേങ്ങൂപ്പൂരത്തിന് പൊട്ടിക്കണ മാലപ്പടക്കോം ഗർഭംകലക്കിഗുണ്ടും ഒന്നിച്ചു പൊട്ടി.
അങ്ങനെ പീറ്ററ് സ്വന്തമായി മലഞ്ചരക്കുരംഗത്ത് കാലും തലയും ഒന്നിച്ചു കുത്തി. പറ്റിപ്പ് എന്ന കച്ചവടത്തിന്‍റെ രസതന്ത്രം നന്നായി അറിയാവുന്ന പീറ്ററ്, കച്ചവടത്തിൽ അഗ്രഗണ്യനായി. അപ്പനേക്കാൾ കൂടുതൽ സ്ഥലങ്ങളിൽ മലഞ്ചരക്ക് മുതലാളിയായി. എന്തുട്ടായിട്ടെന്താ, പട്ടിക്ക് മീശ വന്നാൽ അമ്പട്ടനെന്തുകാര്യം എന്നു പറഞ്ഞപോലേ, എത്ര കിട്ടിയാലും വീട്ടിലേക്ക് ഗുണമൊന്നുമുണ്ടായില്ല. എല്ലാം പീറ്ററ് തന്‍റെ സഹജവാസനകളെ പ്രോത്സാഹിപ്പിക്കാൻ ചെലവാക്കി.
ആലോചിച്ച കല്യാണാലോചനകളെല്ലാം നല്ലവരായ നാട്ടുകാർ മുടക്കുകയും അവസാനം ആലോചനകളൊന്നും വരാത്ത സ്ഥിതിയുമായതിൽ പീറ്ററെന്ന ധൂർത്തപുത്രനെയോർത്ത് കോശിമാപ്ള ദുഃഖിതനായി നടക്കുന്ന കാലത്താണ് പോത്താനിക്കാടുള്ള പുള്ളീടെ അനിയൻ അവറാച്ചനും പെണ്ണുമ്പിള്ള അന്നക്കുട്ടീം വേങ്ങൂരിലേക്ക് വിസിറ്റ് നടത്തീത്.
കോശിമാപ്ളേടെ സങ്കടക്കടൽകണ്ട് അവറാച്ചന്‍റെ മനസ്സലിഞ്ഞപ്പോൾ അന്നക്കുട്ടീടെ മനസ്സിൽ ലഡ്ഡു പൊട്ടി. കാരണം വേറൊന്നുമല്ല, പോത്താനിക്കാട്ടെ വീടിന്‍റെ അയൽപക്കക്കാരായ പലചരക്ക് കച്ചവടക്കാരൻ പാപ്പച്ചന്‍റെയും സാറാമ്മേടേം ഇളയമോള് സൂസിക്കൊച്ച് പുരയും നിറഞ്ഞ്, പറമ്പും കവിഞ്ഞ് നില്ക്കാണ്. അയൽപക്കക്കാര് പച്ചപിടിച്ചുപോണത് കണ്ടൂടാത്ത അന്നക്കുട്ടി ഒന്നുരണ്ടുതവണ അവരുമായി ഒന്നും രണ്ടും പറഞ്ഞ് ഒടക്കീതുമാണ്. ആ പെണ്ണിനെ ഈ പീറ്ററിന്‍റെ തലേല്കെട്ടിവച്ചാൽ അവരുടെ കാര്യം കട്ടപൊകയായിക്കോളും എന്ന കാഞ്ഞബുദ്ധിയാണ് അന്നക്കുട്ടിയെ ലഡ്ഡു പൊട്ടിച്ചത്.
അന്നക്കുട്ടി അന്നൊരു ഞായറാഴ്ച അവറാച്ചന്‍റെ വിലക്കുകൾ മറികടന്ന് ശീമകൊന്നവേലിയും കടന്ന് അയൽപക്കത്ത് അടുപ്പിലെ പോത്ത് വേവാൻ കാത്ത് ഉമ്മറത്തിണ്ണയിൽ ചാരുകസേരയിൽ കിടന്നിരുന്ന പാപ്പച്ചനരികിലെത്തി ചിരിച്ചുനിന്നു. പന്തം കണ്ട പെരുച്ചാഴി കണക്ക് അന്തിച്ചുനിന്ന പാപ്പച്ചനോട് അന്നക്കുട്ടി മൊഴിഞ്ഞു.
"സാറാമ്മയെന്ത്യേ പാപ്പച്ചൻചേട്ടാ?"
തെറിപറയാൻ മാത്രം വായതുറക്കുന്ന അന്നക്കുട്ടീടെ മധുരസ്വരം അടുക്കളേല് പോത്തുകറീടെ വേവ് നോക്കണ സാറാമ്മേനെ ഞെട്ടിച്ചുകളഞ്ഞു. ഈ പെണ്ണുംപിള്ള എന്നാത്തിനുള്ള പുറപ്പാടാണെന്നറിയാൻ അടുപ്പിലെ കൊള്ളിയെടുത്ത് പുറത്തിട്ട് തീ കുറച്ച് സാറാമ്മ പുറത്തേക്കു വന്നു.
"ഇതാരാ, അന്നക്കുട്ടി ചേടത്ത്യോ? കേറിയിരിക്ക് ചേട്ടത്തി."
ഇത്ര ഊഷ്മളമായ സ്വീകരണം അന്നക്കുട്ടി സ്വപ്നത്തിൽപ്പോലും വിചാരിച്ചതല്ല. പതുക്കെ ആ തിണ്ണേലോട്ട് കയറിയിരുന്ന് അന്നക്കുട്ടി ഡയലോഗുകൾ പുറത്തിട്ടു തുടങ്ങി.
"നിങ്ങളോടെന്നും മോശായിട്ടേ ഞാൻ പെരുമാറീട്ടൊള്ളൂ. കഴിഞ്ഞയാഴ്ച ഞാൻ ധ്യാനം കൂടി, ഞാനാകെ മാനസാന്തരപ്പെട്ടു. ഇത്ര അയലോക്കത്തിരുന്നോണ്ട് നിങ്ങളോടുചെയ്ത തെറ്റിനൊക്കെ ഞാൻ മാപ്പ് ചോദിക്കുന്നു.
അതിലും പ്രധാനപ്പെട്ട ഒരു കാര്യം പറയാനാണ് ഞാൻ വന്നത്. അതുമൂലം എന്‍റെ തെറ്റിനൊരു പ്രായാശ്ചിത്തവും ആയാലോന്ന് വിചാരിച്ചു. നമ്മുടെ സൂസിമോൾക്ക് ഒരാലോചനയുമായിട്ടാ ഞാൻ വന്നേക്കണേ. നമ്മുടെ വേങ്ങൂരിലെ കോശിച്ചായന്‍റെ മോൻ പീറ്ററിന് മലഞ്ചരക്ക് കച്ചോടാണ്. നല്ല തങ്കപ്പെട്ട കൊച്ചനാ. നല്ല നിലേലാ അവര് ജീവിക്കണേ. മ്മക്കൊന്ന് നോക്ക്യാലോ?"
ഇത്രയ്ക്ക് മാനസാന്തരം വന്ന അന്നക്കുട്ടീനെ പാവം പാപ്പച്ചനും സാറാമ്മേം കണ്ണും പൂട്ട്യങ്ങട് വിശ്വസിച്ചു.
അങ്ങനെ ആ ആലോചനയങ്ങട് മുറുകി.
അന്നക്കുട്ടിയിൽ പൂർണ്ണമായും വിശ്വസിച്ച്, ആ പാവങ്ങൾ കൂടുതൽ അന്വേഷണത്തിനൊന്നും നില്ക്കാതെ അതങ്ങ് ഉറപ്പിക്കുകയും മനസ്സമ്മതം കഴിയുകയും ചെയ്തു. ഇതുവരെ കഥയിൽ വരാതിരുന്ന സൂസിപ്പെണ്ണ് അതിനുശേഷമാണ് രംഗത്തുവരുന്നത്. കാരണം മനസ്സമ്മതത്തിനുശേഷമാണ് ഈ പറ്റിപ്പ് അവള്‍ക്ക് മനസ്സിലായത്. മനസ്സമ്മതശേഷം തന്നെക്കാണാൻ കൊതിമൂത്തു വന്ന പീറ്ററിനോട് സൂസി മനസ്സു തുറന്നു.
"പീറ്ററേട്ടാ, മനസ്സമ്മതം കഴിഞ്ഞിട്ടാണ് ഞങ്ങള് നിങ്ങളെപ്പറ്റി അറിഞ്ഞേ. ഇനീപ്പോ ഇതീന്ന് മാറ്യാ ഞങ്ങളാകെ നാണംകെടും. നിങ്ങൾക്ക് എല്ലാവിധ ദുശ്ശീലങ്ങളും ഉണ്ടെന്നറിഞ്ഞു, ഇത്തിരി കുടിക്ക്യോ, വലിക്ക്യോ ചെയ്താലും എനിക്ക് സാരോല്ല്യ. പെണ്ണുപിടുത്തോം, ചീട്ടുകളീം എനിക്കിഷ്ടല്ല. ഇനീപ്പോ നിങ്ങൾക്കു മാറാൻ പറ്റൂല്ലെങ്കീ നിങ്ങള് കാശ് കൊടുത്തല്ലേ പെണ്ണുങ്ങള്ടെ അട്ത്ത് പോണേ? എന്നേം അങ്ങനെ കണ്ടാമതി. എന്‍റെ അടുത്തേക്ക് എന്നും 50 രൂപേമായിട്ട് വന്നാമതി."
സത്യമെല്ലാം മുഖത്തു നോക്കി വിളിച്ചുപറഞ്ഞിട്ടും പീറ്ററിന് ഒരു കൂസലുമുണ്ടായില്ല. അന്നത്തെ കൂടിക്കാഴ്ചയവസാനിപ്പിച്ച് അവർ പിരിഞ്ഞു. അതിനുശേഷം കല്യാണത്തിനാണ് അവരു തമ്മിൽ കണ്ടത്.
അങ്ങനെ പീറ്റർ സൂസീടെ കഴുത്തിൽ മിന്ന് ചാർത്തി, ദാമ്പത്യജീവിതം ആരംഭിച്ചു. പീറ്ററിന് കല്യാണം കഴിഞ്ഞിട്ടും പഴയശീലങ്ങൾ മറക്കാനായില്ല. എന്തൊക്കെ കലാപരിപാടിക്കു പോയാലും പീറ്ററ് ദിവസോം 50 രൂപ ഉണ്ടാക്കും. അത് വൈകിട്ട് സൂസിക്ക് കൊടുക്കും. പീറ്ററ് ഈ കാശിടാൻ ഒരു കുടുക്കയും സൂസിക്ക് വാങ്ങിനല്കി.
അങ്ങനെ അവരുടെ ദാമ്പത്യം മുന്നോട്ടു നീങ്ങി. ഒരു ദിവസം ആ കുടുക്ക നിറഞ്ഞു. സൂസിയും പീറ്ററും അത്താഴം കഴിഞ്ഞ് കിടക്കണേനുമുമ്പ് ആ കുടുക്ക പൊട്ടിക്കാനിരുന്നു. ചുറ്റികയ്ക്ക് ഒരടി കൊടുത്തപ്പോൾ പണം നിറഞ്ഞ് വീർപ്പുമുട്ടിയ കുടുക്ക പിളർന്ന് നോട്ടുകൾ പുറത്തെത്തി. മൺകഷണങ്ങൾ പറക്കിക്കളയാൻ തുടങ്ങിയ പീറ്റർ പെട്ടെന്ന് ഞെട്ടിത്തെറിച്ച് സൂസിയെ നോക്കി, അലറി.
"ഡീ കഴ്വേറ്ടെ മോളേ, നീയെന്ന ചതിക്യാർന്നൂല്ലേ?! എന്നും ഞാൻ നിനക്ക് 50-ന്‍റെ നോട്ടല്ലേടീ തന്നേ? ഇതിലെവട്ന്നാടീ പോർക്കേ, 10-ന്റേം 100-ന്റേം നോട്ട് വന്നേ?!"
കുടുക്ക പൊട്ടിച്ചപ്പോൾ പീറ്റര്‍ കൊടുത്തതു കൂടാതെ, അഞ്ചെട്ട് പത്തിന്‍റെ നോട്ടും മൂന്നാല് 100-ന്‍റെ നോട്ടും കണ്ടതാണ് പീറ്ററിനെ ഭ്രാന്തനാക്കീത്.
ഇതൊക്കെ കേട്ടിട്ട് ഒരു കുലുക്കവുമില്ലാതെ സൂസി അരിശം മൂത്തുനില്ക്കുന്ന പീറ്ററിനോട് പറഞ്ഞു:
"അതോ, അതിന് നിങ്ങളിത്ര ചൂടാവണ്തെന്തിനാ! നൂറിന്‍റെ നോട്ട് മ്മടെ അച്ചന്‍റെ മോൻ കുറച്ചുനാൾമുമ്പ് പേർഷ്യേന്ന് വന്ന് രണ്ടൂന്നെവസം നിന്നില്ലേ, അപ്പോ അവൻ തന്നതാ. പിന്നെ പത്തിന്‍റെ നോട്ട്, അത് മ്മടെ അപ്പൻ തന്നതാ. അപ്പനോട് കണക്ക് പറയാൻ പറ്റോ??!!
കലി മൂത്തുനിന്ന പീറ്റര്‍, ഈ മറുപടി കേട്ടതോടെ ചങ്കില്‍ പിച്ചാത്തി കേറ്റ്യപോലേ ഇരുന്നുപോയി. അതിനു ശേഷമാണ് പീറ്റർ ഇത്തിരിയെങ്കിലും നന്നായേന്നാണ് ആളുകള് പറയണത്!!!
രാജേഷ് വെളിയത്ത്.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot