The biggest ever archive in Malayalam Literature. 2.5 crores pageviews, 12000+ creations, 1500+authors and adding on....

New Posts

Post Top Ad

Your Ad Spot

Friday, September 21, 2018

പാതിവഴികൾ

Image may contain: 1 person, indoor

•••••••••••••••••••••••••••••••••••••••
ബസ്‌ സ്റ്റോപ്പിനു പിറകിൽ കാർ ഒതുക്കി വച്ച്‌ ബാഗുമെടുത്ത്‌ ബസ്സ്‌ കാത്ത്‌ നിൽക്കുമ്പോൾ മനസ്സ്‌ നിറയെ ആധിയായിരുന്നു.
ഒരു മണിക്കൂറിലധികം ‌ യാത്രയുടെ ദൂരമുണ്ട്‌ ജോലി സ്ഥലത്തേക്ക്‌.
ഈ സ്റ്റോപ്പിൽ നിന്ന് സീറ്റ്‌ കിട്ടിയില്ലെങ്കിൽ വലിയ ബുദ്ധിമുട്ടാണു.
അടുത്ത രണ്ട്‌ സ്റ്റോപ്പുകൾപ്പുറത്തെ പ്രധാന കവലയിൽ നിന്നുള്ള ആളുകൾ കയറുന്നതോട്‌ കൂടി ബസ്സ്‌ നിറയുകയും പിന്നീടുള്ള യാത്ര ഏറെ ദുസ്സഹമാകുകയും അത്‌ ആ ദിവസത്തെ തന്നെ വെറുക്കുന്നതിലേക്കും എത്താറുണ്ട്‌.
അത്‌ കൊണ്ട്‌ തന്നെ കാലത്തെ കുളി കഴിഞ്ഞ്‌ കൃഷ്ണന്റെ മുന്നിലെ കൈകൂപ്പലിൽ ആദ്യ ആവശ്യം ഇത്‌ തന്നെയാണു പതിവ്‌.
കൃഷ്ണൻ ചതിച്ചില്ല. പ്രായമായ ഒരാളെ തള്ളി മാറ്റി തിക്കി തിരക്കി ബസ്സിൽ കയറിപറ്റിയപ്പൊ നാണിച്ച്‌ പോയി. ബസ്സിൽ പാതിയിലധികം സീറ്റുകളും കാലി. മുഖം മറ്റുള്ളവരിലേക്കെത്തിക്കാതെ അടുത്ത്‌ കണ്ട നല്ലൊരു വിൻഡോ സീറ്റിനടുത്തേക്ക്‌ നീങ്ങി. ഇരിക്കും മുന്നെ മഞ്ഞു തുള്ളികളിറ്റു വീണ സീറ്റ്‌ ടൗവ്വൽ കൊണ്ട്‌ തുടക്കാൻ മറന്നില്ല.
സീറ്റിൽ ചാഞ്ഞിരുന്ന് ധൃതിയിൽ ബാഗ്‌ ‌ മടിയിൽ വച്ച്‌ ഫോണെടുത്ത്‌ നെറ്റ്‌ ഓണാക്കി ഫേസ്‌ ബുക്ക്‌ ലോഗ്‌ ഇൻ ചെയ്ത്‌ തുറന്നു നോക്കി.
വീട്ടിൽ നിന്നിറങ്ങിയതിനു ശേഷം മാത്രമേ ഇപ്പൊ ഫേസ്ബുക്ക്‌ തുറക്കാറുള്ളൂ.
പതിവ്‌ പോലെ മെസ്സഞ്ചറിൽ വന്ന മണിശബ്ദങ്ങളിൽ കണ്ണോടിച്ച്‌ നിരാശയോടെ നോട്ടിഫിക്കേഷനുകൾ ഓപ്പൺ ചെയ്തു.
‌ താഴോട്ട്‌ സ്ക്രോൾ ചെയ്ത്‌ പോകുന്നതിനിടയിലാണു ഫ്രന്റ്ഷിപ്പ്‌ സെലിബ്രേറ്റിംഗ്‌ എന്ന നോട്ടിഫിക്കേഷൻ കണ്ടത്‌. അസാധാരണമല്ലാത്തത്‌ കൊണ്ട്‌ തന്നെ തുറന്ന് പോലും നോക്കാതെ താഴോട്ട്‌ പോയി.
നോട്ടിഫിക്കേഷൻ എല്ലാം ഓപ്പൺ ചെയ്ത്‌ വീണ്ടും മുകളിലേക്ക്‌ വരുന്നതിനിടയിലാണു ആ നോട്ടിഫിക്കേഷനിൽ വിരൽ തട്ടി അത്‌ ഓപ്പണായത്‌‌.
“വിപിൻ ഏന്റ്‌ യു സെലിബ്രേറ്റിംഗ്‌ ഫൈവ്‌ ഇയേർസ് ഓഫ്‌ ഫ്രണ്ട്ഷിപ്പ്‌ ഓൺ ഫേസ്‌ ബുക്ക്‌”.
“സുക്കറണ്ണാ എന്ത്‌ അഞ്ച്‌ വർഷം, പത്താം ക്ലാസ്സിൽ ഒന്നിച്ച്‌ ഒരു ബെഞ്ചിൽ പഠിച്ചവരാ ഞങ്ങൾ, അപ്പൊളാ തന്റൊരു അഞ്ച്‌ വർഷം”
എന്ന് മനസ്സിൽ പറഞ്ഞ്‌ ചിരിച്ച്‌ കൊണ്ട്‌ ആ പോസ്റ്റ്‌ അവനെ കൂടി ടാഗ്‌ ചെയ്ത്
‌ “ ഡാ മുട്ട കള്ളാ”
ന്ന് മുകളിൽ എഴുതി ചേർത്ത്‌ ഷെയർ ചെയ്തു.
ഗൂഢമായ ഏതോ ആലസ്യത്താൽ ഫോൺ മെല്ലെ കീശയിൽ തിരുകി ആ സീറ്റിലേക്ക്‌ കൂടുതൽ ചാഞ്ഞ്‌ ഞാൻ കണ്ണുകൾ മെല്ലെ അടച്ചു.
സർക്കാർ യു പി സ്കൂളിലെ അധ്യാപകരായ അച്ഛനും അമ്മക്കും ഒന്നിച്ചാണു ആ നാട്ടിലേക്ക്‌ ട്രാൻസ്ഫർ കിട്ടിയത്‌. ഒരു മലയോരമേഖല.
‌അച്ഛന്റെ കൂടെ ട്രാൻസ്ഫർ വേണമെങ്കിൽ ഈ സ്കൂളിൽ മാത്രമേ പറ്റൂ എന്ന നില വന്നപ്പൊ മാറിയതാ ഞങ്ങൾ. തനി കാട്ടുമൂല.
തന്റെ സ്കൂളിലേക്കുള്ള യാത്രയായിരുന്നു ഏറെ കഷ്ടം. വലിയൊരു കുന്ന് കയറി പോയി വരാനുള്ള മടി, “ഈ ഒരു വർഷം കഴിഞ്ഞാൽ പട്ടണത്തിലെ ഏതെങ്കിലും കോളേജിലെ ഹോസ്റ്റലിൽ ചേർത്ത്‌ പഠിപ്പിക്കാം” എന്ന അച്ഛന്റെ വാക്കിനു മുന്നിൽ സഹിക്കുകയായിരുന്നു.
ടൗണിലെ വലിയ സ്കൂളുകളിൽ പഠിച്ച്‌ വന്ന തനിക്ക്‌ അവിടത്തെ അന്തരിക്ഷം വല്ലാതെ അസ്വസ്ഥത ഉളവാക്കുന്നതായിരുന്നു.
ആദ്യ ദിവസങ്ങളിൽ ക്ലാസ്സ്‌ മുറികളോടും പരിസരങ്ങളോടും വല്ലാത്ത വെറുപ്പായിരുന്നു.
ക്ലാസ്സ്‌ മുറികളിൽ ഇരുന്നുള്ള ഉച്ച ഭക്ഷണം കഴിക്കലായിരുന്നു ഏറെ ബുദ്ധിമുട്ട്‌. പലരുടെയും പാത്രങ്ങൾ തുറന്നാൽ പുറത്തേക്ക്‌ വരുന്ന പഴകിയ മണം കാരണം ചില ദിവസങ്ങളിൽ ഉച്ചഭക്ഷണം കഴിക്കാൻ തന്നെ പറ്റാത്ത അവസ്ഥയിലും ചിലപ്പോൾ കഴിച്ചത്‌ ചർദ്ദിക്കുന്നതിലേക്കും എത്തി.
മൂന്ന് നാലു ദിവസമായി ഇങ്ങനെ തുടരുന്നതിനിടയിലാണു ഒരു ദിവസം ഉച്ചക്ക്‌ അവൻ എന്റെ അടുത്തേക്ക്‌ വന്നത്‌.
“വിപിൻ എം. കെ “
അവൻ സ്വയം പരിചയപ്പെടുത്തുകയും, ഭക്ഷണം കഴിക്കാത്തതെന്തെന്നും വിരോധമില്ലെങ്കിൽ ഒന്നിച്ച്‌ കഴിക്കാമെന്നും പറഞ്ഞപ്പോളാണു ഞാനവനെ ശ്രദ്ധിക്കാൻ തുടങ്ങിയത്‌.
എണ്ണ തേച്ച്‌ മിനുക്കി ഇരു വശങ്ങളിലേക്കും ചീകിയൊതുക്കിയ മുടി, നെറ്റിയിലൊരു ഭസ്മക്കുറി, വൃത്തിയുള്ള വെള്ള ഷർട്ടും ഒറ്റമുണ്ടും. ഇതായിരുന്നു അവന്റെ വേഷം.
ഒറ്റ ബെഞ്ചിലായിരുന്നെങ്കിലും അങ്ങേ തലക്കൽ ഇരിക്കുന്ന അവനെ ആദ്യമായി കാണുന്നത്‌ പോലെ ഞാൻ അടിമുടി നോക്കി. പുസ്തകം കൊണ്ടു വന്ന പ്ലാസ്റ്റിക്‌ കൂട്‌ തുറന്ന് അവൻ ഒരു പൊതിയുമായി ബെഞ്ചിൽ രണ്ടുകാലുകളും വിടർത്തി വച്ച്‌ ഇരുന്നു. എന്നോടും അഭിമുഖമായി ഇരിക്കാൻ ആംഗ്യം കാണിച്ചു. ഞാനും എന്റെ ടിഫിൻ ബോക്സുമായി അവനെതിരായി അവൻ ഇരുന്നത്‌ പോലെ ഇരുന്നു.
അവൻ അവന്റെ പൊതി തുറന്നു.
വാഴയിലയിൽ പൊതിഞ്ഞു കൊണ്ടു വന്ന ചോറിലും അതിന്റെ അരികിലുണ്ടായിരുന്ന തേങ്ങാചമ്മന്തിയിൽ നിന്നും ഉയർന്ന സ്വാദൂറുന്ന മണം എന്റെ മൂക്കിലൂടെ പടർന്ന് നാവിലെത്തി അതിലെ രസമുകുളങ്ങൾക്ക്‌ പുതിയൊരു അനുഭവമാകുകയായിരുന്നു.
പുതിയ സ്കൂൾ തുറന്ന് അന്നാദ്യമായി ഞാൻ വയറു നിറയെ ഉച്ചഭക്ഷണം കഴിച്ചു.
അമ്മ കാലത്ത്‌ ഉണ്ടാക്കി തന്ന മുട്ട ഓംലെറ്റിന്റെ കാൽഭാഗവും ഒരു നുള്ള്‌ പപ്പടവും നൽകി അവന്റെ തേങ്ങാ ചമ്മന്തിയുടെ മുക്കാൽ ഭാഗവും കൂട്ടി ഞാൻ അന്ന് മുതൽ ആസ്വദിച്ച്‌ ഉക്ഷഭക്ഷണം കഴിക്കാൻ തുടങ്ങി.
ഭക്ഷണത്തിനിടയിൽ അവൻ ഒരു പാട്‌ സംസാരിക്കുമായിരുന്നു,
അച്ചനുപേക്ഷിച്ച അവരെ അമ്മ കൂലിപ്പണിയെടുത്താണു പഠിപ്പിക്കുന്നതെന്നും അവനും വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളിലും ജോലി ചെയ്താണു അവനും അനിയത്തിയും അച്ഛന്റെ അമ്മയുമുള്ള ആ കുടുംബം മുന്നോട്ട്‌ പോകുന്നതെന്നുമൊക്കെ അവൻ പറയുമ്പോളും എന്റെ ചിന്തയിൽ മുഴുവൻ ഇത്രയും സ്വാദുള്ള ചമ്മന്തിയായിരുന്നു.അത്‌ കൊണ്ട്‌ തന്നെ മിക്കവാറും അവന്റെ സംസാരം കഴിയുമ്പോളേക്കും അവന്റെ ചമ്മന്തി തീർന്നിരുന്നു. എങ്കിലും പച്ച ചോർ കുഴച്ച്‌ തിന്നുമ്പോൾ പിന്നെയും അവനെന്തൊക്കെയോ പറയുന്നുണ്ടാകും.
ദിവസങ്ങളിങ്ങനെ കഴിയുന്നതിനിടയിലാണു തോമസ്‌ എന്നൊരു കുട്ടി ഞങ്ങളുടെ സ്കൂളിൽ പുതുതായി ചേർന്നത്‌. അവന്റെ ഡാഡി എന്തോ അസുഖം മൂലം പെട്ടെന്ന് ഗൾഫിലെ ജോലി മതിയാക്കി നാട്ടിലേക്ക്‌ വന്നത്‌ കൊണ്ടാണു അവൻ ‌ ഈ സ്കൂളിലേക്ക്‌ മാറി ചേർന്നത്‌.
അവൻ ക്ലാസ്സിൽ വന്നത്‌ മുതൽ ഞാൻ അവന്റെ കൂടെ ‌ കൂടാൻ തുടങ്ങി. അവൻ ആ കാട്ടുമൂലയിലെ സ്കൂളിൽ എന്റെ നിലക്ക്‌ പറ്റിയ ഒരു കൂട്ടുകാരൻ എന്ന നിലയിൽ എനിക്ക്‌ വലിയൊരു ആശ്വാസമായിരുന്നു.
അവൻ വരുമ്പൊ കൊണ്ടു വരുന്ന ചോക്ലേറ്റുകളും ബദാം പിസ്ത ഒക്കെയും ഞങ്ങൾ ഇന്റർബെൽ സമയത്തും ഉച്ചക്കും ഒക്കെ കഴിക്കാൻ തുടങ്ങി. വിപിൻ അസുഖമായി വരാതിരുന്ന ഈ ദിവസങ്ങളിൽ അവന്റെ കൂടെയായി ഉച്ചഭക്ഷണവും. വിപിൻ അസുഖം മാറി സ്കൂളിൽ വന്ന ദിവസം തോമസിന്റെ കൂടെ അവൻ കൊണ്ടു വന്ന നൂഡിൽസ്‌ കഴിച്ച്‌ കൊണ്ടിരിക്കുന്നതിനിടയിലാണു വിപിൻ “ചമ്മന്തി വേണ്ടേ” എന്ന് ചോദിച്ച്‌ അരികിലെത്തിയത്‌. “വേണ്ടാ” എന്ന് പറഞ്ഞ്‌ അവനെ തിരിച്ചയക്കുന്നതിനിടയിൽ എന്റെ പ്ലേറ്റിൽ നിന്നും ഓലെറ്റിന്റെ ഒരു കഷണം മുറിച്ചെടുത്ത്‌ വായിൽ വെക്കുന്നത്‌ കണ്ട അവനെ തോമസാ ആദ്യം വിളിച്ചത് “‌ മുട്ട കള്ളാ” ന്ന്. ഉടനെ ചിരിച്ച്‌ കൊണ്ട്‌ ഞാൻ പറഞ്ഞു ഇപ്പൊളാ അവന്റെ ഇനീഷ്യൽ കറക്റ്റായത്‌.
വിപിൻ .“മുട്ട കള്ളൻ”
ഞാനും തോമസും പൊട്ടിച്ചിരിക്കുന്നതിനിടയിൽ വിപിൻ ജനാലയ്ക്കൽ പോയി അത്‌ പുറത്തേക്ക്‌ തുപ്പുന്നതും അവന്റെ കണ്ണുകൾ നിറഞ്ഞതും ഒന്നും ഞാൻ കാര്യമാക്കിയില്ല.
കൊല്ലപരീക്ഷക്ക്‌ രണ്ടാഴ്‌ച ബാക്കിനിൽക്കെ തോമസ്‌ തന്നൊരു ചോക്ലേറ്റ്‌ കഴിച്ച്‌ ബോധം കെട്ട്‌ വീണ എന്നെ എടുത്ത്‌ വണ്ടിയിൽ കിടത്തിയത്‌ വിപിൻ ആണെന്നും, മൂന്നാലു ദിവസം കഴിഞ്ഞ്‌ തോമസിനെ മയക്കുമരുന്ന് കേസ്സിൽ സ്കൂളിൽ വന്ന് പോലീസ്‌ അറസ്റ്റ്‌ ചെയ്ത്‌ കൊണ്ടു പോയതുമൊക്കെ പരീക്ഷക്ക്‌ കൂടെ ഉണ്ടായിരുന്ന കൂട്ടുകാരൻ പറഞ്ഞാണറിഞ്ഞത്‌.
കൊല്ലങ്ങൾ ഇന്നലെ എന്നത്‌ പോലെ ഓടിയകലുന്നതിനിടയിലാണു അഞ്ച്‌ വർഷങ്ങൾക്ക്‌ മുന്നെ ഓഫീസിൽ ജോലിക്കിടയിൽ ഒരു റിക്വസ്റ്റായി എന്റെ ഫോണിന്റെ സ്ക്രീനിൽ വിപിൻ എം. കെ എന്ന അവൻ വീണ്ടും വന്നത്‌. പഴയ കൂട്ടുകാരൻ എന്ന നിലയിൽ ഏഡ്‌ ചെയ്തെങ്കിലും ഞാൻ കാര്യമായി ശ്രദ്ധിച്ചില്ല. ഒരു അരമണിക്കൂർ ‌ കഴിഞ്ഞ് പുറത്തിറങ്ങി ‌ ഒരു സിഗരറ്റ്‌ വലിക്കുന്നതിനിടയിൽ എഫ്‌ ബി നോക്കിയ ഞാൻ ഞെട്ടി പോയി.
അന്ന് വരെ ഞാൻ ഇട്ട എന്റെ എല്ലാ പോസ്റ്റുകൾക്കും അവൻ ലൈക്കും കുടുംബമായുള്ള ഫോട്ടോകൾക്കൊക്കെ ഭാവുകങ്ങളും സ്നേഹപ്രകടനങ്ങളുമായി ഒരു പാട്‌ കമന്റുകളും നൽകിയ അവന്റെ ടൈംലൈനിലും ഞാൻ കയറി നോക്കി.
അയ്യായിരം ഫ്രണ്ട്സ്‌ ഉള്ള അവന്റെ ടൈം ലൈനിൽ നിറയെ എഴുത്തുകൾ.
അവന്റെ കുട്ടിക്കാലം, സ്കൂൾ, നാട്‌ കൂട്ടുകാർ അമ്പലം അങ്ങനെ എല്ലാറ്റിനെ കുറിച്ചും അവൻ കുത്തിക്കുറിച്ചിട്ടുണ്ട്‌. മൂന്നാലെണ്ണം കണ്ണോടിച്ച്‌ വായിച്ച്‌ “നന്നായിട്ടുണ്ട്,‌ കൊള്ളാം” ന്നൊക്കെ കമന്റിട്ട്‌ ഞാൻ ജോലിയിൽ മുഴുകി.
വൈകുന്നേരം ഇറങ്ങിയപ്പൊ ഫോൺ നോക്കിയ ഞാൻ ഒരു കുന്ന് നോട്ടിഫിക്കേഷൻ കണ്ട്‌ വീണ്ടും ഞെട്ടി. അത്‌ മുഴുവൻ അവന്റെ പോസ്റ്റിനു വന്ന കമന്റുകളുടെ നോട്ടിഫിക്കേഷനായിരുന്നു. അതിനു ശേഷം ഞാനവന്റെ പോസ്റ്റുകൾക്ക്‌ കമന്റിട്ടില്ല.
കുറച്ച്‌ ദിവസം കഴിഞ്ഞ്‌ അവനെന്റെ ഇൻബോക്സിൽ വിശേഷങ്ങൾ അറിയാൻ വന്നപ്പോൾ ഞാനത്‌ അവനോട് പറയുകയും ചെയ്തു. അതിനു ശേഷം ആ സംസാരവും അവസാനിച്ചു.
ബസ്സ്‌ ഇറങ്ങി ഓഫീസിലേക്ക്‌ നടക്കുമ്പോളും എന്റെ ചിന്തയിൽ മുഴുവൻ "മുട്ട കള്ളൻ” എന്നതിന്റെ താഴെ അവനു കിട്ടുന്ന പരിഹാസകമന്റുകളായിരുന്നു.
പതിനൊന്ന് മണിക്ക്‌ ചായ കുടിച്ച്‌ സിഗരറ്റുമായി പുറത്തിറങ്ങിയ ഞാൻ ജിജ്ജാസയോടെ ആ പോസ്റ്റ്‌ നോക്കിയെങ്കിലും ആ പോസ്റ്റിനു താഴെ യാതൊരു കമന്റുകളും കാണാത്തതിനാൽ അവന്റെ ടൈംലൈനിൽ കയറി നോക്കി.
നാലുവർഷങ്ങൾക്ക്‌ മുന്നെ ആരൊക്കെയോ ഇട്ട അവന്റെ ഫോട്ടോകൾക്കും അനുശോചനകുറിപ്പുകൾക്കും മുകളിൽ ഞാനിട്ട
“മുട്ട കള്ളൻ” എന്നെ നോക്കി പല്ലിളിക്കുന്നുണ്ടായിരുന്നു.
വിരലുകൾക്കിടയിലൂടെ ആത്മാവിനെ വരെ പൊള്ളിച്ച്‌ ആ സിഗരറ്റ്‌ കുറ്റിയും..
✍️ഷാജി എരുവട്ടി..

No comments:

Post Top Ad

Your Ad Spot