നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

*എന്റെ അമ്മയെ സ്നേഹിച്ച ആൾ*

Image may contain: Rbk Muthukulam

----------------------------------------------------------------------
(ചെറുകഥ)
"ഞാൻ നിങ്ങളുടെ അമ്മയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു, പണ്ട് "
എന്റെ മുൻപിൽ നിന്ന് ആ വയോവൃദ്ധൻ ഇത് പറയുമ്പോൾ അതിനു നൽകേണ്ട പ്രതികരണം എന്താണെന്നു ഞാൻ മനസ്സിൽ പരതി നോക്കി.
ഒന്നുകിൽ അനിഷ്ടം പ്രകടിപ്പിക്കാം, അല്ലെങ്കിൽ പരിഹാസം. അതുമല്ലെങ്കിൽ വെറുപ്പ് .
പക്ഷെ ഈ വികാരപ്രകടനങ്ങളെയെല്ലാം നിഷ്പ്രഭമാകും വിധം ശാന്ത ഗംഭീരമായ ഒരു മറുഭാവം എനിക്കു നൽകിക്കൊണ്ടാണ് അയാൾ നിന്നത്.
എന്നെപ്പോലും അമ്പരപ്പിച്ചുകൊണ്ട് ഞാൻ അയാളോട് അകത്തു കയറി ഇരിക്കുവാൻ ബഹുമാനപൂർവം പറഞ്ഞു.
റോഡരികിൽ ഓട്ടോറിക്ഷ വന്നു നിൽക്കുന്നതും ആരോ മുറ്റത്തേക്ക് നടന്നു വരുന്നതും ജോലിക്കുപോകാൻ തയാറെടുക്കുന്നതിനിടയിൽ മുറിക്കുള്ളിൽ നിന്ന് തന്നെ ശബ്ദങ്ങളിലൂടെ ഞാൻ അറിഞ്ഞിരുന്നു.
മുരടനക്കം കേട്ടു പുറത്തേക്കു വന്നു നോക്കുമ്പോൾ ആണ്.മുക്കാലും നരച്ചതെങ്കിലും ഐശ്വര്യം പ്രസരിക്കുന്ന മുഖവും ഒത്ത ശരീരവുമായി നിൽക്കുന്ന അദ്ദേഹത്തെ കണ്ടത്.
ഇതിനു മുൻപ് കണ്ടിട്ടില്ലാത്ത അയാളെ ഓർമ്മകളിൽ നിന്നും തപ്പിയെടുക്കാൻ ഞാൻ ശ്രമിക്കുമ്പോളാണ് യാതൊരു മുഖവുരയുമില്ലാതെ സ്വയം പരിചയപ്പെടുത്തിയത്.:
"ഞാൻ നിങ്ങളുടെ അമ്മയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു, പണ്ട് "..!!
അകത്തേക്ക് , എന്റെ ക്ഷണപ്രകാരം കയറിയെങ്കിലും അദ്ദേഹം ഇരിക്കാതെ എന്നെത്തന്നെ സാകൂതം വീക്ഷിച്ചു. പിന്നെ പറഞ്ഞു:
"മോനെ കാണണമെന്ന് ഒരുപാടു ആഗ്രഹിച്ചിരുന്നു..എനിക്കു പിറക്കാതെ പോയ മകനെപ്പോലെയല്ലേ "
പെട്ടെന്ന് എന്റെ ചെവിയരികിൽ "ശ്ശെ" എന്നൊരു ശബ്ദം കേട്ടു. തിരിഞ്ഞു നോക്കാതെ മനസ്സിലായി, എന്റെ ഭാര്യയാണ്..!
പിന്നെ സ്ത്രീകൾക്കുമാത്രം സാധിക്കുന്ന, ഏറ്റവും പതിഞ്ഞ സ്വരത്തിൽ എനിക്ക് ഇക്കിളിയാകും വിധം എന്റെ ചെവിയിൽ അവൾ മന്ത്രിച്ചു:
"ഏട്ടനോട് ഞാൻ പറഞ്ഞിട്ടില്ലേ , കുറെ മാസങ്ങൾക്കു മുൻപ് ഇങ്ങേർ വന്നിരുന്നു , അമ്മയെ കാണാൻ "
അപ്പോളാണ് എനിക്കും ഓർമ്മ വന്നത്, ഒരിക്കൽ ഇദ്ദേഹം വന്നതായി അറിഞ്ഞതാണ്. അന്ന് ഞാൻ വീട്ടിൽ ഉണ്ടായിരുന്നില്ല. ജോലികഴിഞ്ഞു വന്നപ്പോൾ അക്കാര്യം ഭാര്യ പറഞ്ഞതുമാണ്. അന്നത്, കുറച്ചു അനിഷ്ടത്തോടെയാണ് അവൾ അറിയിച്ചത്.
കുഴിയിലേക്ക് കാലുനീട്ടിയിരിക്കുമ്പോളാണൊ ഇതൊക്കെ പറഞ്ഞുകൊണ്ട് വരുന്നത്, നാണമില്ലേ അയാൾക്ക്-എന്നൊക്കെ അവൾ കുറ്റപ്പെടുത്തി.
അത്ര പരിഷ്കൃതമല്ലാത്ത ചുറ്റുപാടുകളിൽ വളർന്നു വന്നതുകൊണ്ട് മാമൂലുകളും ചിട്ടകളുമൊക്കെ അവളുടെ ലോകത്തെ ചുരുക്കിക്കളഞ്ഞിരുന്നു.
അന്ന് വന്നപ്പോഴും അയാൾ അങ്ങനെയാണ് പരിചയപ്പെടുത്തിയതെന്നും അവൾ പറഞ്ഞതാണ്. എനിക്ക് അതുകേട്ടപ്പോൾ അന്ന് അസ്വസ്ഥത തോന്നുകയും ചെയ്തിരുന്നു.
"പോട്ടെ , നീ പോയി ചായയിടൂ . അമ്മയെ കാണാൻ ഒരാൾ വന്നിരിക്കുന്നുവെന്നു പറയ് " ഞാൻ അവളെ പറഞ്ഞു വിട്ടു .
അദ്ദേഹം കസേരയിൽ ഇരുന്നു. പിന്നെ എന്നെ നോക്കിക്കൊണ്ടു പറഞ്ഞു.
"ഞാൻ ആന്ധ്രയിലാണ് താമസിക്കുന്നത് വര്ഷങ്ങളായി..ഫാമിലിയുമൊക്കെ അവിടെയാണ്..അവിടെ ബിസിനസ് ആണ് "
പണ്ടുവന്നപ്പോൾ ഇതൊക്കെ അദ്ദേഹം പറഞ്ഞതായി അറിഞ്ഞിരുന്നു എന്ന് ഞാൻ പറഞ്ഞു.
"ഭാര്യ മരിച്ചു , മക്കളൊക്കെ ബിസിനസ് ഏറ്റെടുത്തു ..അല്പം ഫ്രീ ആയി. അതാണ് നാട്ടിലൊക്കെ ഇടയ്ക്കു വരുന്നത്. ഇന്ന് തിരികെ പോകുകയാണ് "
ഞാൻ തലയാട്ടിക്കൊണ്ടു പുഞ്ചിരിച്ചു.
"പോകുമ്പോൾ ഇവിടെ വന്നുകണ്ടിട്ട് പോകാമെന്നു കരുതി"
അപ്പോഴേക്കും അമ്മയുടെ നിഴലനക്കം പുറകിൽ കണ്ടു.
അമ്മയെ കണ്ടതും അദ്ദേഹത്തിന്റെ മുഖം കൂടുതൽ പ്രസന്നമായി. കണ്ണുകളിൽ സ്നേഹം നിറഞ്ഞു.
എനിക്ക് അമ്മയുടെ മുഖം ഒന്ന് കാണണമെന്ന് തോന്നി. സ്വാഭാവികമായിട്ടെന്ന നാട്യത്തിൽ ഞാൻ തലതിരിച്ച് അമ്മയെ നോക്കി.
പരിചയക്കാരനെ കണ്ടതിന്റെ പ്രസന്നതയല്ലാതെ മറ്റൊന്നും ആ മുഖത്തു കണ്ടില്ല.
പ്രായാധിക്യവും രോഗാതുരതയും കൊണ്ട് 'അമ്മ ക്ഷീണിച്ചു പോയിരുന്നു.
മരുന്നുകളുടെ തുടർച്ചയായ ഉപയോഗം അമ്മയെ വശം കെടുത്തി.
ചെറുപ്പത്തിൽ വളരെ സുന്ദരിയായിരുന്നുവെന്നു പലരും പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്.
ആ സമയത്താവണം അദ്ദേഹം വിവാഹാലോചനയുമായി ചെന്നത്.
പിന്നീടെന്തുകൊണ്ട് അമ്മ അദ്ദേഹത്തെ വിവാഹം കഴിച്ചില്ല എന്നൊരു ചോദ്യം മനസ്സിൽ കുരുങ്ങിക്കിടക്കുന്നുണ്ട്.
വിവാഹം കഴിച്ചിരുന്നെങ്കിൽ തീർച്ചയായും ഇന്നത്തേക്കാൾ എത്രയോ ഭേദപ്പെട്ട ജീവിതം നയിക്കാമായിരുന്നു.
കൂടുതൽ നല്ല വീട്
കൂടുതൽ ആഭരണങ്ങൾ
കൂടുതൽ മെച്ചപ്പെട്ട ഭക്ഷണങ്ങൾ
കൂടുതൽ ഉന്നതമായ സ്ഥാനം.
പിന്നെ-
സർവ്വോപരി അദ്ദേഹത്തെ പോലെ ഒരാളുടെ കറകളഞ്ഞ സ്നേഹം.!
ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും ജരാനര ബാധിച്ചിട്ടും ഒളിമങ്ങാത്ത അൻപ്!
അമ്മ പിന്നെന്തിനു അച്ഛനെ വിവാഹം കഴിച്ചു?
ഞാൻ അമ്പരപ്പോടെ അമ്മയെ നോക്കികൊണ്ടു മനസ്സിൽ ചോദിച്ചു.
അമ്മ ഒരുകൈകൊണ്ടു വാതിൽപ്പടിയിൽ ഭാരമർപ്പിച്ചു നിൽക്കുകയാണ്, പുറത്തെവിടേക്കോ നോക്കിക്കൊണ്ട്.
ഓട്ടോക്കാരൻ ഹോണടിച്ചു.
അയാളോട് , വരുന്നു എന്ന് കയ്യുയർത്തിക്കാണിച്ചുകൊണ്ട് അദ്ദേഹം എഴുന്നേറ്റു.
"ഞാൻ പോവുകയാണ് , ട്രെയിന്റെ സമയം തെറ്റും "
പിന്നെ പോക്കറ്റിൽ നിന്നും കുറച്ചു രൂപയെടുത്ത് അമ്മയുടെ കൈകളിൽ തിരുകി.
"ഇത് വാങ്ങൂ '
“അയ്യോ അതൊന്നും വേണ്ട കേട്ടോ" എന്ന് പറഞ്ഞുകൊണ്ട് അമ്മ കൈ കുതറിച്ചു. നാണക്കേടുതോന്നിയിട്ടാവണം അമ്മയുടെ മുഖം വിളറിയിരുന്നു.
ഞാൻ നോക്കിയപ്പോൾ വിവർണമായ മുഖത്തു സന്തോഷം വരുത്തി അദ്ദേഹം വീണ്ടും അമ്മയെ നിർബന്ധിക്കുന്നു:
“മടിക്കാതെ വാങ്ങൂ..വേറൊന്നും വിചാരിക്കണ്ട"
അത് വാങ്ങിയില്ലെങ്കിൽ അദ്ദേഹത്തിന്റെ മനസ്സ് നന്നായി വേദനിക്കുമെന്നു എനിക്ക് തോന്നി.
അമ്മ എന്നെ നിസ്സഹായതയോടെ നോക്കി. ഈ സന്ദർഭത്തെ മകന്റെ മുൻപിൽ വെച്ച് എങ്ങനെ അഭിമുഖീകരിക്കണമെന്നറിയാതെ അമ്മ കുഴങ്ങുകയാണ്.!
ഞാൻ ഒരുനിമിഷം ഒന്നാലോചിച്ചു.:
പിന്നെ പറഞ്ഞു: "അത് വാങ്ങിച്ചോളൂ അമ്മേ"
അമ്മ പിന്നെയും മടിച്ചു നിൽക്കുന്നതുകണ്ട് ഞാൻ അവിടെനിന്നു പിൻവാങ്ങി.അടുക്കളയിലേക്കു ചെന്നു.
ഭാര്യ ചായയിട്ടുകൊണ്ട് നിൽക്കുകയാണ്.
അദ്ദേഹത്തിന്റെ സാന്നിധ്യം അവൾക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല .
ഞാൻ തിരികെ അമ്മയുടെ അടുത്തേക്ക് ചെന്നു.
അമ്മയുടെ കയ്യിൽ പണം ഇരിക്കുന്നു. എന്നാൽ പിടിച്ചു-പിടിച്ചില്ല എന്ന മട്ടിൽ, വേണമെങ്കിൽ താഴെ വീണു പൊയ്ക്കൊള്ളട്ടെ എന്ന ഒരു തിരസ്കരണ രീതിയിൽ ആണ് അമ്മ പണം കയ്യിൽ വെച്ചിരിക്കുന്നത്.
മനസ്സാൽ,അമ്മ അത് സ്വീകരിച്ചിട്ടില്ലെന്ന് എനിക്കു മനസ്സിലായി!
പക്ഷെ അദ്ദേഹത്തിന്റെ മുഖത്തു നല്ല സന്തോഷമുണ്ടായിരുന്നു.
"ഞാൻ വരട്ടെ" അദ്ദേഹം ഞങ്ങളെ നോക്കി സ്നേഹത്തോടെ ചിരിച്ചുകൊണ്ടു പറഞ്ഞു:
"ഇനി കാണാൻ പറ്റുമോ എന്നറിയില്ല, പ്രായമല്ലേ !"
അമ്മ ഒന്നും മിണ്ടാതെ നോക്കി നിന്നു.
അദ്ദേഹം ഇറങ്ങി ഓട്ടോറിക്ഷയിൽ കയറി കൈവീശി യാത്ര പറഞ്ഞു.
വാഹനം അകന്നു പോയി.
എനിക്കജ്ഞാതമായ ഒരു വിഷമം എന്നെ ഗ്രസിച്ചു
അമ്മ അപ്പോൾത്തന്നെ തിരിഞ്ഞു നടന്നു മുറിയിലേക്ക് പോയി.
അമ്മക്കൊന്നു നല്ലപോലെ സ്നേഹത്തോടെ ചിരിക്കാമായിരുന്നു അദ്ദേഹത്തോട്.-ഞാനോർത്തു.

വർഷങ്ങളിത്ര കഴിഞ്ഞിട്ടും എന്നോ തോന്നിയ ഒരിഷ്ടം ജീവിതത്തിന്റെ ഈ സായന്തനത്തിലും ഹൃദയത്തിൽ സൂക്ഷിക്കുന്ന ആ അസാധാരണ മനുഷ്യൻ ഒരു ചെറു ചിരിയെങ്കിലും അർഹിക്കുന്നില്ലേ?
അല്ലെങ്കിൽ വേണ്ട !
അമ്മ അദ്ദേഹത്തോട് സ്നേഹത്തോടെ ചിരിക്കാതിരിക്കുന്നതാണ് എനിക്കിഷ്ടം! എന്റെ സ്വാർത്ഥതക്കു ആ ചിരി ദഹിക്കില്ല !
ഭാര്യ, ചായയുമായി മന്ദം വന്നു.
"അല്പം കൂടി കഴിഞ്ഞു വന്നാൽ മതിയായിരുന്നു.!" ഞാൻ കുറ്റപ്പെടുത്തി.
"പോയോ കക്ഷി" അവൾ ഉദ്ദിഷ്ടകാര്യം സിദ്ധിച്ചതുപോലെ വിജയസ്മേരം പൊഴിച്ചു:
"എനിക്കേ അങ്ങോട്ട് പിടിക്കുന്നില്ല അയാളെ !"
പിന്നെ അവൾ ചുമരിൽ തൂങ്ങുന്ന അച്ഛന്റെ ഫോട്ടോയിലേക്കു നോക്കി:
"ഇപ്പൊ അച്ഛനുണ്ടാവണമായിരുന്നു ഇവിടെ...!!"
ചായ മൊത്തിക്കുടിച്ചുകൊണ്ടു ഞാൻ അച്ഛന്റെ പടത്തിൽ നോക്കി.
മുഴുവൻ സമയ മദ്യപാനിയായി ജീവിച്ചു,രോഗിയായിട്ടാണ് അച്ഛൻ മരിച്ചത്.
തിക്തഫലങ്ങൾ എല്ലാം അമ്മയാണ് അനുഭവിച്ചത്.
മുൻപേ പ്രണിയിച്ചുതുടങ്ങി; ശേഷം വീട്ടുകാർ നടത്തിക്കൊടുത്ത വിവാഹമായിരുന്നു.അവരുടേത്.
എന്തുകൊണ്ടും അച്ഛനെക്കാൾ യോഗ്യനായ,സ്നേഹവാനായ ഒരാളുടെ അഭ്യർത്ഥന തള്ളിക്കളയാൻ മാത്രം അവിവേകിയായിരുന്നോ അമ്മ ?!
ഇപ്പോൾ തന്നെ ഇത് ചോദിക്കണമെന്ന് എനിക്ക് തോന്നി.
അകത്തെ മുറിയിൽ , കട്ടിലിൽ കിടക്കുന്ന അമ്മയുടെ അരികിലേക്ക് ചെന്നു. അമ്മ കണ്ണടച്ചു കിടക്കുകയാണ്.
അമ്മയുടെ മനസ്സിൽ നഷ്ടബോധം ഉണ്ടെന്നു തോന്നി. ഒരു തെറ്റായ തീരുമാനം ജീവിതത്തെ വളരെ പിന്നോട്ടടിച്ചു കളഞ്ഞതിന്റെ ആത്മനിന്ദ!
കട്ടിലിൽ ഇരുന്നപ്പോൾ അമ്മ എന്നെ നോക്കി.
"അത്രയും നല്ല ഒരു മനുഷ്യനെ, അമ്മ എന്തുകൊണ്ടാണ് ഒഴിവാക്കിയത് ?"
അമ്മ എന്നെ നോക്കി ചിരിച്ചു. പിന്നെ മെല്ലെ പറഞ്ഞു:
"അദ്ദേഹം എന്നെ കിട്ടിയില്ലെങ്കിൽ മറ്റൊരാളെ വിവാഹം കഴിക്കാൻ ഒരുക്കമായിരുന്നു. അങ്ങനെ ചെയ്യുകയും ചെയ്തു." അമ്മ ഒന്ന് നിറുത്തിയിട്ടു പറഞ്ഞു:
"പക്ഷെ നിന്റെ അച്ഛന് എന്നെ കൂടാതെ ജീവിക്കാൻ വയ്യായിരുന്നു..!"
അത് വളരെ ശരിയായിരുന്നു. അമ്മ ഉള്ളതുകൊണ്ടാണ് അത്രയും നാൾ അച്ഛൻ ജീവിച്ചിരുന്നത് തന്നെ..!
എന്നിട്ടും ഞാൻ ഒരു ചോദ്യം കൂടി ചോദിച്ചു:
"അമ്മക്ക് ഒട്ടും നഷ്ടബോധമില്ലേ, ഇപ്പോൾ അതോർക്കുമ്പോൾ ?"
"ഇല്ല" 'അമ്മ ചിരിയോടെ എന്റെ ശിരസ്സിൽ തഴുകിക്കൊണ്ടു മന്ത്രിച്ചു:
"അതുകൊണ്ടല്ലേ നിന്നെ എനിക്ക് കിട്ടിയത്..എങ്ങനെ തട്ടിക്കിഴിച്ചു നോക്കിയാലും എനിക്ക് ലാഭം മാത്രമേ ഉള്ളൂ ..!!"
പിന്നെ എനിക്ക് ചോദ്യങ്ങൾ ഉണ്ടായിരുന്നില്ല!
അമ്മക്ക് ഉത്തരങ്ങളും !!

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot