
****** **** **** ***** **** **** ***
കുരുത്തക്കേടിൽ നിന്നൊക്കെ നന്നായി വരുന്ന കാലമാണ്. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞു വെക്കേഷൻ ടിവിക്ക് മുന്നിലും ഉറക്കയജ്ഞത്തിനും ഒക്കെയായി വീതിച്ചു കൊടുത്ത് നടക്കുന്ന കാലം.
അവധിയെന്നത് പെണ്പിള്ളേർക്ക് അടുക്കളപണി പഠിക്കാൻ ഉള്ളതാണ് എന്ന അച്ഛമ്മയുടെ പ്രഖ്യാപനം അമ്മ കണ്ണിൽ ചോരയില്ലാതെ എന്നിലേക്ക് അടിച്ചേൽപ്പിക്കാൻ തുടങ്ങി.
അച്ഛമ്മയെ സോപ്പിട്ടു അടുക്കളപണിയിൽ നിന്നും രക്ഷപെടാൻ നോക്കിയിട്ടും രക്ഷയില്ലാതായി. അങ്ങനെ രണ്ട് പേരുടെയും മുന്നിൽ അടിയറവു പറഞ്ഞു എന്തൊക്കെയോ പഠിക്കാൻ തുടങ്ങി. ഞാനുണ്ടാക്കിയത് കഴിക്കുന്ന ഭാവിയിലെ ഭർത്താവിനെ ഓർത്ത് ചിരിച്ചും സഹതപിച്ചും എന്റെ ദേഷ്യം തീർത്തു കൊണ്ടിരുന്നു. ആ ദേഷ്യം വിരൽ മുറിയലിലും കൈ പൊള്ളലുമൊക്കെയായി അടയാളങ്ങൾ തന്നു.
അങ്ങനെ ഒരു സന്ധ്യാനേരം, നാമജപം കഴിഞ്ഞു ഞാൻ ഓടി മുറിയിലേക്ക് പോയി. അനിയത്തിമാരും അമ്മയും അച്ഛമ്മയും ടിവിക്ക് മുന്നിലും. ഇനി ചോറുണ്ണാൻ നേരമായലെ അവരെഴുന്നേൽക്കൂ. ആ നേരം വരെ എനിക്ക് കുംഭകർണ്ണസേവ. കിടക്കും മുന്നേ ജനാലയൊക്കെ അടച്ചു നല്ലൊരു ഉറക്കവും തുടങ്ങി.
പെട്ടെന്ന് എന്തോ ശബ്ദം കേട്ട പോലെ,കണ്ണ് തുറന്നു നോക്കിയപ്പോൾ ഒന്നും കണ്ടതില്ല.സമയം എട്ടരയായി. അമ്മയെവിടെയെന്നു നോക്കിയപ്പോൾ എല്ലാരും കോലായിൽ ഇരുന്നു വർത്തമാനം പറയുന്നു. വീണ്ടും വെട്ടിയിട്ട വാഴ പോലെ ഉറക്കത്തിലേക്ക്. ഒൻപതു മണിക്ക് എഴുന്നേറ്റു നോക്കുമ്പോൾ അമ്മയൊക്കെ അപ്പുറത്തെ റൂമിലേക്ക് പോയിരുന്നു. ഉണ്ണാൻ വിളിക്കുന്നില്ലല്ലോ എന്നോർത്തു ഞാൻ റൂമിലേക്ക് കയറുമ്പോഴാണ് മനോഹരമായ ആ കാഴ്ച കണ്ടത്
രണ്ടു ജനൽ പാളികൾ മലർക്കെ തുറന്നു കിടക്കുന്നു. ആകാശത്ത് പൂർണ്ണ ചന്ദ്രൻ. ഹോ !! എന്തൊരു ഭംഗി. ജനലഴി പിടിച്ചു ആ നിലാവിന്റെ സൗന്ദര്യം ആസ്വദിച്ചു നിന്നു.
അങ്ങനെ നോക്കി നോക്കി നിൽക്കെ എന്റെ ഉറങ്ങി ക്ഷീണിച്ച മസ്തിഷ്ക്കം ഒട്ടും ദയയില്ലാതെ എന്നെ ഓർമ്മിപ്പിച്ചു 'പൊട്ടത്തി, നീ പിടിച്ചിരിക്കുന്ന ജനാല മുന്നേ നീ അടച്ചതാണ്, ഇപ്പോൾ തുറന്നിരിക്കുന്ന ജനാല നീ തുറന്നതല്ല' എന്നു. കാലിൽ നിന്നൊരു വിറയൽ അടിവയറ്റിൽ എത്തി അവിടെ അഞ്ചാറ് സ്ഫോടനം നടത്തി നിലവിളി രൂപത്തിൽ തൊണ്ടയിൽ കുടുങ്ങി നിന്നു. കൈയ്യെത്തിച്ചു ജനൽ അടച്ചു ഓടി അമ്മയുടെ റൂമിലേക്ക്.
"ജനൽ അടച്ചത് ആരോ തുറന്നു"
കേൾക്കേണ്ട താമസം 'അമ്മ ഫയറിങ് തുടങ്ങി
"പോത്ത് പോലെ കിടന്നുറങ്ങിയാൽ ഇങ്ങനെ ഓരോന്ന് സ്വപ്നം കാണും. ഉള്ളതും തിന്നു പോയി കിടന്നുറങ്ങാൻ നോക്ക്"
ശരിയാ, അജ്ജാതി ഉറക്കമല്ലേ, ചിലപ്പോൾ അതാവും. ഒരു ആത്മഗതം ഞാൻ എനിക്ക് തന്നെ കൊടുത്തു ഉള്ളതും തിന്നു മിണ്ടാണ്ട് അമ്മയുടെ റൂമിൽ കിടന്നു. പേടിയൊന്നും കൊണ്ടല്ല ചെറിയ ഭയം അത്രയേ ഉള്ളൂ.
അമ്മയും കുഞ്ഞനിയത്തിയും താഴെ പായ വിരിച്ചു കിടന്നു. രാത്രി പന്ത്രണ്ടു മണിയായപ്പോൾ ആരോ എന്നെ കുലുക്കി വിളിക്കും പോലെ തോന്നിയിട്ടാണ് ഞെട്ടിയത്.
"ദൈവേ, കള്ളൻ കുലുക്കി വിളിക്കാൻ തുടങ്ങിയോ?!!"
മെല്ലെ ഒരു കണ്ണ് തുറന്നു നോക്കുമ്പോൾ 'അമ്മ നിലത്തിരുന്നു വിളിക്കുന്നു.
"എന്താ അമ്മേ, ഉറങ്ങാനും സമ്മതിക്കൂല്ലേ?"
"നിന്റെ നശിച്ച ഉറക്കം, നീയൊന്നു എണീക്ക്"
അമ്മയുടെ ശബ്ദം മാറി, ഇനി ഉറങ്ങിയാൽ നടുപുറത്ത് അടി കിട്ടും
"എന്താ കാര്യം"
" നീ നോക്ക്," 'അമ്മ കൈ ചൂണ്ടിയയിടത്ത് നോക്കിയപ്പോൾ കണ്ണു മിഴിച്ചു വാ തുറന്ന പടിയായി ഞാനും
ആ റൂമിന്റെ ജനലും മലർക്കെ തുറന്നു കിടക്കുന്നു. പഴയ വീടായത് കൊണ്ട് ജനൽ പാളികൾ കൊളുത്ത് ഇടാൻ പറ്റാറില്ല. വലിച്ചടക്കാനെ കഴിയൂ. പുറത്തേക്ക് നോക്കിയപ്പോൾ നിലാവ് മുകളിലേക്ക് നീങ്ങിയിട്ടുണ്ട്.
അമ്മ ഇരുന്ന് വിയർക്കാൻ തുടങ്ങി. ലൈറ്റ് ഇടാൻ എഴുന്നേൽക്കാൻ പോലും വിറയൽ കാരണം കഴിയുന്നില്ല. എങ്ങനെയൊക്കെയോ എഴുന്നേറ്റ് റൂമിലെ ലൈറ്റിട്ടു. ഉറക്കം ഒഴിഞ്ഞു നേരം വെളുപ്പിച്ചു ഞങ്ങൾ.
പുലർച്ചെ എഴുന്നേറ്റ് മുറ്റത്ത് നോക്കിയപ്പോൾ രണ്ട് ജനലിന്റെയും താഴെയും , പറമ്പിലെ അഴുക്ക് വെള്ളം കെട്ടികിടക്കുന്ന ചെളിയിലും കാല്പാദങ്ങൾ.
എന്നാലും നേരം ഒൻപത് മണി മുതൽ രാത്രി പന്ത്രണ്ടു മണി വരെ ക്ഷമയോടെ കക്കാൻ കാത്തു നിന്ന കള്ളനെ സമ്മതിച്ചു. ആ പൂനിലാവത്ത് കൊതുകു കടിയും കൊണ്ട് ഇരുട്ടിൽ ഇങ്ങനെയൊക്കെ നിന്നല്ലോ ന്റെ കള്ളാ... !!

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക