The biggest ever archive in Malayalam Literature. 2.5 crores pageviews, 12000+ creations, 1500+authors and adding on....

New Posts

Post Top Ad

Your Ad Spot

Sunday, September 23, 2018

ദൈവം തന്ന വെള്ളക്കോട്ട്

Image may contain: 1 person, selfie, closeup and indoor


ഒരു ജനുവരി മാസമായിരുന്നു അത് .പുലരികൾക്ക് തണുപ്പുണ്ടായിരുന്നു , പകലുകൾക്ക് നല്ല ചൂടും .
ഒരു സാധാരണ ഞായറാഴ്ചയായിരുന്നു ഉച്ചവരെ .
മുൻപും പിൻപും എന്ന് വേർതിരിച്ചെഴുതാവുന്നത്ര വലിയൊരു മതിൽക്കെട്ട് ജീവിതത്തിന് നടുവിൽ പണിതുയർത്തപ്പെട്ട മറക്കാനാവാത്ത ഞായറാഴ്ച .
അച്ഛന്റെ സുഹൃത്തിന്റെ വീട്ടിലായിരുന്നു ഞങ്ങൾ താമസിച്ചിരുന്നത് , ഏതാണ്ട് ഒന്നര വർഷത്തോളമായി .
വാടകയ്ക്കല്ല .
മലനാട്ടിലെ എട്ടേക്കറോളം വരുന്ന സ്ഥലവും വീടും വിറ്റ് കുറച്ചു കൂടി സൗകര്യമുള്ളയിടത്ത് വാങ്ങാൻ തീരുമാനിച്ചത് ഞങ്ങളുടെ പറമ്പിലുണ്ടായ വലിയൊരു ഉരുൾപൊട്ടലിന് ശേഷമായിരുന്നു .
അപ്പോഴാണ്,
ദൈവദൂതനെപ്പോലെ അച്ഛന്റെ സുഹൃത്തായ ഡോക്ടർ വന്നത് .
താൻ സഹായിക്കാമെന്ന് അയാൾ വാക്ക് തന്നു .
സ്ഥലം വിറ്റ് കിട്ടിയ പണം വെറും രണ്ടാഴ്ചത്തേക്ക് മറിക്കാൻ ചോദിച്ചപ്പോൾ ഒരു മറു ചോദ്യം പോലുമില്ലാതെ അച്ഛൻ കൊടുത്തു .
ഞങ്ങൾ വിശ്വസിക്കുകയും പ്രവർത്തിക്കുകയും ചെയ്തിരുന്ന സംഘടനയുടെ നേതൃസ്ഥാനം വഹിക്കുന്ന വ്യക്തി കൂടി ആയിരുന്നു അയാൾ .
സംഘടനയുടെ ആവശ്യത്തിനാണ് എന്ന് പറഞ്ഞപ്പോൾ മറ്റൊന്നും ആലോചിച്ചില്ല .അവിശ്വാസത്തിന്റെ കണിക പോലും ഉണ്ടായിരുന്നുമില്ല.
ആഴ്ചകളും മാസങ്ങളും കടന്നു പോയി..
അവധികൾ പലതും അടുത്ത അവധിക്ക് വഴിമാറി .
പിണങ്ങി ശത്രുതയിലാകാതെ സമാധാനപരമായി അയാളിൽ നിന്ന് പണം വാങ്ങണമെന്ന് പലരും അച്ഛനെ ഉപദേശിച്ചു .
പണം കൊടുത്തതിന് ഞങ്ങളുടെ പക്കൽ തെളിവെന്നും ഉണ്ടായിരുന്നില്ല.
പണം വാങ്ങിയത് സംഘടനയ്ക്ക് വേണ്ടിയാണെന്നും അതിനാൽ സംഘടന തിരിച്ച് കൊടുക്കണമെന്നുമായി അയാൾ . എന്നാൽ സംഘടനക്ക് യാതൊരറിവുമില്ലെന്നും അയാൾ വ്യക്തിപരമായി വാങ്ങിയത് അയാൾ തന്നെ മടക്കി നൽകണമെന്നും സംഘടന തീർത്തു പറഞ്ഞു.
ചുരുക്കത്തിൽ ആ വടംവലിക്ക് നടുവിൽ ഞങ്ങളുടെ കുടുംബം ഞെരിഞ്ഞമർന്നു കൊണ്ടിരുന്നു.
കുടുംബത്തിന്റെ സാമ്പത്തികസ്ഥിതി അതിവേഗം മോശമായിക്കൊണ്ടിരുന്നു.
കൃഷിക്കാരനായിരുന്ന അച്ഛൻ കിട്ടുന്ന ജോലികൾക്ക് പോയിത്തുടങ്ങി.
തടി ചുമക്കാനും മറ്റും പോയി തോളൊക്കെ നീര് വച്ച് വരുന്ന അച്ഛനെ നോക്കി കരയുന്ന അമ്മയുടെ മുഖം ഇന്നലത്തെയെന്ന പോലെ എനിക്കോർമ്മയുണ്ട് .
ഞങ്ങൾ താമസിച്ചിരുന്ന വീടിനെ വീടെന്ന് പറയാമായിരുന്നോ എന്നെനിക്കറിഞ്ഞുകൂടാ ....
ചുവരുകൾ തേയ്ക്കാത്ത .....
തറയിടാത്ത......
കറണ്ടില്ലാത്ത ഒരു വീട് ...
വെള്ളം , കുറച്ച് ദൂരെ നിന്ന് കോരിക്കോണ്ട് വരണമായിരുന്നു.
എങ്കിലും അതൊരു അടച്ചുറപ്പുള്ള വീടായിരുന്നു ...
അതിനൊരു വലിയ സുരക്ഷിതത്വം ഉണ്ടായിരുന്നു .
പത്താം ക്ലാസിന്റെ പരീക്ഷച്ചൂടൊന്നും എന്നെ ബാധിച്ചു തുടങ്ങിയിട്ടുണ്ടായിരുന്നില്ല.
എങ്കിലും ഡിസ്റ്റിംഗ്‌ഷനിൽ കൂടുതൽ മാർക്ക് കിട്ടും എന്നെനിക്ക് ഉറപ്പുണ്ടായിരുന്നു .
രാവിലെ പതിവ് പോലെ കുറച്ച് സമയം പഠിച്ചുവെന്നാണ് ഓർമ്മ .
പിറ്റെ ദിവസം മലയാളത്തിന്റെ യൂണിറ്റ് ടെസ്റ്റ് ഉണ്ടായിരുന്നു .
അടുത്തുള്ള കൂട്ടുകാരികളുടെയൊപ്പം രണ്ട് പറമ്പുകൾക്കപ്പുറത്തുള്ള കുളത്തിൽ പോയി അലക്കി കുളിച്ച് ഉച്ചയ്ക്ക് മുൻപ് തിരിച്ചെത്തി .
ചോറുണ്ടു .
അന്ന് അമ്മയൊരു പായസവും ഉണ്ടാക്കിയിരുന്നു ....
അരിയും പയറും ശർക്കരയുമിട്ട് .......
ഓണത്തിനോ വിഷുവിനോ അല്ലാതെ ഒരു പിറന്നാളിന് പോലും പായസമുണ്ടാക്കാത്ത വീട്ടിൽ എന്തിന് വേണ്ടിയായിരുന്നു അന്ന് ആ പായസം അമ്മയുണ്ടാക്കിയത് ....
ജീവിതം കണ്ണീർക്കയത്തിലേക്ക് വഴുതി വീഴുന്നതിന്റെ നേരിയ സൂചന പോലും ഉണ്ടായിരുന്നില്ലല്ലോ ...
ആറാമിന്ദ്രിയം അമ്മയോട് പറഞ്ഞിരുന്നുവോ കയ്പ് നിറയാൻ പോവുകയാണ് ഇനി ജീവിതത്തിലെന്ന് ...!
അറിയില്ല ...
പായസം ഇഷ്ടമേയല്ലാതിരുന്ന ഞാൻ അന്ന് വയറ് നിറയെ പായസം കുടിച്ചുവെന്ന് അമ്മ ഇടയ്ക്കിടെ പറയാറുണ്ട് .
ഒരു കനത്ത മഴക്ക് പ്രകൃതി കോപ്പുകൂട്ടിത്തുടങ്ങിയിരുന്നു .
പരിചയമില്ലാത്ത എട്ടു പത്തു പേർ ഞങ്ങളുടെ വീടന്വേഷിച്ച് എത്തിയപ്പോൾ അച്ഛൻ വയറു നിറച്ച് ഉണ്ട് കൈ കഴുകി കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളു .
ആ വീടും പറമ്പും പണയം വച്ച് അച്ഛന്റെ സുഹൃത്ത് പണം കടം വാങ്ങിയിരുന്നത്രേ ... !
പലിശ പോലും അടയ്ക്കാതായിട്ട് ഒരു പാട് നാളായിരിക്കുന്നു .
വീട്ടിലെ താമസക്കാരെ ഇറക്കി വിട്ട് സ്ഥലം ഏറ്റെടുക്കാൻ വന്നതായിരുന്നു അവർ .
അഗ്നിയെക്കാൾ പൊള്ളുന്ന ഒരു വലിയ ജീവിത സത്യം നിസഹായതയുടെ ആഴക്കയത്തിലേക്ക് തള്ളിയിട്ട് പച്ചക്ക് മുന്നിലവതരിച്ചപ്പോൾ മരവിച്ച് നിൽക്കാനല്ലാതെ മറ്റൊന്നിനുമായില്ല ; ആർക്കും ....!
അച്ഛന്റെ അപേക്ഷകളോ അമ്മയുടെ കണ്ണീരോ നിസഹായരായ രണ്ട് കുട്ടികളുടെ ദൈന്യതയോ അവരിലാരുടെയും ഹൃദയത്തിൽ കരുണയുടെ കണിക പോലും ഉരുവാക്കിയില്ല.
അല്ലെങ്കിലും അവരുടെ ജോലിക്ക് അതൊരു അനാവശ്യ വികാരമാണല്ലോ ....
ചതിക്കപ്പെട്ടതിന്റെ വേദനയുടെയും നിസഹായതയുടെയും പാരമ്യത്തിൽ തിളച്ചുരുക്കിയ സങ്കടവും ദേഷ്യവും പുറത്തേക്കൊഴുകിയത് രണ്ടാളിന്റെ കരുത്തിന്റെ രൂപത്തിലായിരുന്നുവെന്ന് തോന്നുന്നു .
ഒരക്ഷരം മിണ്ടാതെ അച്ഛനൊറ്റയ്ക്ക് വീട്ടു സാധനങ്ങൾ മുഴുവൻ വാരി പുറത്തിട്ടു.
മുറ്റത്ത് ചിതറി വീണ പലചരക്ക് സാധനങ്ങൾക്കിടയിൽ നിന്ന് ഏതോ ഡബ്ബയിലടച്ച് അമ്മ സൂക്ഷിച്ചിരുന്ന നാണയങ്ങളിൽ ഒന്നു രണ്ടെണ്ണം എനെറ്റയടുത്തേക്ക് ഉരുണ്ടുവന്നു .
ഒരു പ്രതീകം പോലെ ....
മുറ്റത്തിനപ്പുറത്തെ മൺതിട്ടയിൽ വീണു കിടക്കുന്ന കരിയിലകൾക്ക് മുകളിലേക്ക് അയയിൽ നിന്നെടുത്തിട്ട തുണികളിൽ എനിക്കാകെയുണ്ടായിരുന്ന കളർ ഡ്രസും ഉണ്ടായിരുന്നു.
ഒരു കൊച്ചു ഷെൽഫിൽ സൂക്ഷിച്ചിരുന്ന എന്റെയും അനിയന്റെയും പുസ്തകങ്ങൾ വാരി വെളിയിലിട്ടത് അപ്പോൾത്തന്നെ ഞാൻ പെറുക്കിയെടുത്തു.
അമ്മ പൊന്നുപോലെ സൂക്ഷിച്ചിരുന്ന ചില്ലു പാത്രങ്ങൾ പലതും മുറ്റത്തേക്ക് ചിതറി വീണപ്പോൾ ഞങ്ങൾക്കറിയാമായിരുന്നു; അച്ഛന്റെ ഹൃദയം അതിലും നുറുങ്ങിയ അവസ്ഥയിലായിരിക്കുമെന്ന് ..
ഏതോ സിനിമകളിൽ കണ്ടിട്ടുള്ള കുടിയൊഴിപ്പിക്കലുകളുടെ നോവുന്ന ദൃശ്യങ്ങൾ തിരശീലവിട്ട് സ്വന്തം മുറ്റത്തവതരിച്ചപ്പോൾ ചിത്രങ്ങൾക്ക് ഒരു മങ്ങലുമില്ലാത്ത വിധം ഹൃദയം അതിന്നും സൂക്ഷിച്ചു വച്ചിട്ടുണ്ട് .
പുതിയൊരു താഴിട്ടുപൂട്ടി അവർ മുറ്റം കടന്നപ്പോൾ പെരുമഴതുള്ളിക്കൊരു കുടം വീതം മഴ പെയ്തിറങ്ങി ; ഞങ്ങളുടെ നിറുകയിലേക്ക് .
നനയാതെ സൂക്ഷിക്കാൻ വിലപ്പെട്ടതായി പിഞ്ചിത്തുടങ്ങിയ ഒരു പുസ്തകസഞ്ചി മാത്രമേ എനിക്കുണ്ടായിരുന്നുള്ളു .
ഇറയത്ത് അരകല്ലിൻ മുകളിലേക്ക് നനയാതിരിക്കാൻ നേരത്തെ പെറുക്കി വച്ച പുസ്തകങ്ങൾക്ക് മുകളിലേക്ക് സഞ്ചി വച്ച് ശിരസിലേക്ക് മഴയേറ്റുവാങ്ങി അലക്കു കല്ലിലേക്ക് ഇരുന്നപ്പോൾ ചാർളി ചാപ്ലിന്റെ വാക്കുകൾ ഞാൻ കേട്ടിട്ടുണ്ടായിരുന്നില്ല.
"മഴയത്ത് നടക്കാനാണെനിക്കിഷ്ടം
ഞാൻ കരയുന്നത് ആരുമറിയില്ലല്ലോ "
പക്ഷേ, അത് സത്യമായിരുന്നുവെന്ന് ഞാനന്ന് അനുഭവിച്ചറിഞ്ഞതാണ് .
ഒന്നും മനസ്സിലാകാതെ നിന്ന കുഞ്ഞനിയനെ കെട്ടിപ്പിടിച്ച് അമ്മ വിങ്ങിപ്പൊട്ടിക്കരഞ്ഞു .
അമ്മയുടുത്തിരുന്ന സാരിയുടെ ഇളം മഞ്ഞ നിറം എനിക്കിന്നും ഹൃദയത്തിൽ നിസഹായതയുടെ ബിംബമാണ് .....
ഭയം നിറഞ്ഞ മിഴികളോടെ നിന്ന അനിയന്റെ മുഖം ഹൃദയം പിളരുന്ന വേദനയുടെയും ....
മഴത്തുള്ളികൾ എന്നെ കുളിരാൽ വിറപ്പിക്കുകയാണോ അതോ തിങ്ങിനിറഞ്ഞ സങ്കടം എത്ര ശ്രമിച്ചിട്ടും അടങ്ങാതെ ഏങ്ങലടികളായി തെറിച്ചു വീണ് എന്നെ വെട്ടി വിറപ്പിക്കുകയാണോ എന്നെനിക്ക് തീർച്ചയില്ലായിരുന്നു .
ഇനിയെന്ത് എന്ന ആ വലിയ ചോദ്യത്തിന് മുന്നിൽ തലകുനിച്ച് നിന്ന അച്ഛൻ കരഞ്ഞില്ല.
കുടുംബം എന്ന ഭാരം അച്ഛനിലുണ്ടാക്കിയ ആത്മ സംഘർഷത്തിന്റെ കഠിനത ആ മുഖത്ത് കാണാമായിരുന്നു .
സ്വന്തം 'ജീവിതത്തിലെ പ്രതാപകാലം അച്ഛൻ ഓർത്തിട്ടുണ്ടാവണം .
എനിക്ക് കടുത്ത അപമാനമാണ് തോന്നിയത് .ഒരു നാട്ടിൽ കുറച്ച് നാളുകൾക്ക് മുൻപ് വരെ രാജാക്കൻമാരെ പോലെ ജീവിച്ചിരുന്നതാണ് .
ഇവിടെ വെറും തെരുവ് തെണ്ടികളായി മാറിയിരിക്കുന്നു ..
തല ചായ്ക്കാനൊരിടമില്ലാതെ ...
ഉണ്ണാനുമുടുക്കാനുമില്ലാതെ ....
സെക്യൂരിറ്റി കൊടുത്ത് ഒരു വാടക വീട് തരപ്പെടുത്താൻ കഴിയാത്തത്ര മോശം സ്ഥിതിയിലേക്ക് ഞങ്ങളുടെ സാമ്പത്തികാവസ്ഥ താണുപോയിരുന്നു .ഞങ്ങൾ പ്രവർത്തിച്ചിരുന്ന സംഘടനയിൽ നിന്ന് ഒരു കൂട്ടം ആളുകൾ വിവരമറിഞ്ഞെത്തി .
താമസിച്ചിരുന്ന വീടിന്റെ മുറ്റത്തിനപ്പുറം സംഘടനയുടെ സ്ഥലമായിരുന്നു .അവിടെ നിലമൊരുക്കി ആസ്ബസ്റ്റോസ് ഷീറ്റുകൾ കൊണ്ടും ടാർപോളിൻ കൊണ്ടും ഒരു ഷെഡ് ഉണ്ടാക്കി.
സന്ധ്യ കനക്കുന്നതിന് മുൻപ് വലിച്ചു വരിയിട്ടിരിക്കുന്ന സാധനങ്ങൾ അതിനുള്ളിലാക്കി ഞങ്ങൾ തളർന്നിരുന്നു.
ഇതും വീടാണ് ......
അടച്ചുറപ്പില്ലാത്ത ... സുരക്ഷിതത്വമില്ലാത്ത അസ്തിത്വമില്ലാത്ത വീട് ....
ഞങ്ങളുടെ വീട് ....!
'ഇവിടെയെന്താ സർക്കസുകാർ വന്നോ ........?'
എന്ന വഴിപോക്കരുടെ ഉച്ചത്തിലുള്ള ചോദ്യം ആത്മവിശ്വാസത്തിന്റെ അവസാന കച്ചിത്തുരുമ്പും ഞങ്ങളിൽ നിന്ന് അറത്തു കളഞ്ഞു .
ഇങ്ങനെ എത്ര നാൾ ....?
അമ്മയൊരു മണ്ണെണ്ണ വിളക്ക് കൊളുത്തി .
മലയാളം പുസ്തകമെടുത്ത് നെഞ്ചോടു ചേർത്ത് പൊട്ടി വന്ന കരച്ചിലിനെ തടയാതെ ഞാനാണ് ചോദിച്ചത്; അമ്മയോടും അച്ഛനോടും ....
" നമുക്ക് മരിക്കാം .... എല്ലാവർക്കും കൂടി ... ഇങ്ങനെ നാണംകെട്ട് നമ്മളെന്തിനാ ജീവിക്കുന്നെ ....?? നമ്മൾ നാല് പേര് മരിച്ചാൽ ആർക്കും ഒരു നഷ്ടവും വരാനില്ല .... "
എന്തോ കുത്തിനിറച്ച ചാക്കുകെട്ടിന് മുകളിലിൽ തകർന്നിരുന്ന അച്ഛനെ നോക്കി ഉച്ചത്തിൽ കരഞ്ഞുകൊണ്ട് അമ്മ അതാവർത്തിച്ചു ..
" നമുക്ക് മരിക്കാം"
കരച്ചിലിനിടയിലും വല്ലാത്തൊരുറപ്പ് ആ ശബ്ദത്തിനുണ്ടായിരുന്നു.
പുറത്ത് ഇരുട്ടിനെ കീറി മുറിച്ചു കൊണ്ട് മിന്നലുകൾ ഇടയ്ക്കിടെ ഭൂമിയെ എത്തി നോക്കുന്നുണ്ടായിരുന്നു .
നിശബ്ദമായി
തണുത്ത കാറ്റ് റബ്ബർ മരങ്ങളെ ആട്ടുകയും ഉലയ്ക്കുകയും ചെയ്തു .
പിടിച്ചു നിൽക്കാനാവാതെ മണ്ണെണ്ണ വിളക്ക് കണ്ണടച്ചു .
ഉച്ചത്തിൽ കരഞ്ഞുകൊണ്ട് അനിയൻ അമ്മയെ കെട്ടിപ്പിടിച്ചു ......
"എന്നെ കൊല്ലല്ലേ അമ്മേ ..... എനിക്ക് മരിക്കാൻ
പേടിയാ .... "
ഒരു ആറാം ക്ലാസുകാരന്റെ നൊന്ത് നുറുങ്ങിയ ഹൃദയത്തിൽ നിന്ന് വന്ന ആ കുഞ്ഞ് ശബ്ദത്തേക്കാൾ വലിയൊരു ഇടിമുഴക്കം ഞാനിതുവരെ കേട്ടിട്ടില്ല .
അത് തന്ന വേദനയെക്കാൾ തീവ്രതയുള്ള ഒരു സങ്കടക്കയവും കടലും ഞാൻ കണ്ടിട്ടില്ല .....
അതിനെക്കാൾ ആഴത്തിൽ മുറിവുണ്ടാക്കിയ ഒരായുധവും അതിന് മുൻപോ ശേഷമോ എന്റെ ഹൃദയത്തിൽ കൊണ്ടിട്ടില്ല .
ആ നിമിഷങ്ങളെ ....
ആ ദിവസങ്ങളെ എങ്ങനെയാണ് ഞങ്ങൾ അതിജീവിച്ചത് ....? എനിക്കറിയില്ല ....
രാത്രി വളരുന്നതിനൊപ്പം മഴ പെയ്തു കൊണ്ടിരുന്നു .
കുന്ന് കൂടിയും നിരന്നുമായിക്കിടക്കുന്ന സാധനങ്ങൾക്ക് നടുവിൽ മനോവ്യഥയുടെ ഒറ്റപ്പെട്ട തുരുത്തുകളിൽ കുടുങ്ങിയ മനസുമായി ഞങ്ങൾ നാലുപേരും ഇരുന്നു .
നിരന്ന് കിടക്കുന്ന സാധനങ്ങൾക്കിടയിൽ ഞങ്ങൾക്ക് കിടക്കാൻ സ്ഥലമുണ്ടായിരുന്നില്ല ...
അറിയാതെ വീണ് പോകുന്ന ഏങ്ങലടികളും പൊട്ടിക്കരച്ചിലുകളും ദീർഘനിശ്വാസങ്ങളും ആരും ഉറങ്ങിയിട്ടില്ലെന്ന് ഇടയ്ക്കിടെ ഓർമ്മപ്പെടുത്തി .
ഒരു കുഞ്ഞ് ഇരുട്ടുപോലും ഭയമായിരുന്ന എന്റെ അനിയൻ അമ്മയെ കെട്ടിപ്പിടിച്ച് ഇരുന്നതല്ലാതെ വിളക്ക് ചോദിച്ചതേയില്ല ....
അവന്റെ കുഞ്ഞു മനസ്സിലും തോന്നിയിട്ടുണ്ടാവും ഇനി ഇരുട്ടാണെന്ന് ......
**********************
ഏറെ നേരത്തെ അലച്ചിലിനൊടുവിൽ
താഴ് വശം കാണാൻ പറ്റാത്തത്ര ആഴമുള്ള ഒരു കൊക്കയുടെ അറ്റത്ത് ഞാനെത്തി .
ഭൂമിയുടെ വിളുമ്പ് അതാണെന്നെനിക്ക് തോന്നി ... താഴെ ശൂന്യതയാണെന്നും ...
എല്ലാ സങ്കടങ്ങളിൽ നിന്നും രക്ഷ നേടാൻ ഞാനൊരു പാട് ശ്രമിച്ചു .നിയന്ത്രണംതെറ്റിയ ഓരോ ചിന്തയും അഭയം പ്രാപിച്ചത് മരണമെന്ന കറുത്ത സത്യത്തിന്റെ പാദങ്ങളിലാണ് ...
ഞാൻ തീരുമാനിച്ച് കഴിഞ്ഞിരുന്നു .
എന്നിട്ടും ,മനസ് രണ്ടായി തിരിഞ്ഞ് നിന്ന് യുദ്ധം ചെയ്തു .
ഇനിയൊന്നും സഹിക്കാനാവില്ലെന്ന തോന്നലിന് ....
എന്നിലെ നിരാശയ്ക്ക്, പ്രതീക്ഷകളെ ജയിക്കാനായില്ല;അവ അത്രമേൽ ദുർബലമായിരുന്നു .
എന്നെക്കാൾ ദുരിതമനുഭവിക്കുന്ന ഒരു പാട് പേർ ലോകത്തുണ്ടാവും .
താരതമ്യപ്പെടുത്താൻ ഭേദപ്പെട്ട ഒരു മുൻകാലമുണ്ടായിരുന്നതുകൊണ്ടായിരിക്കാം എന്റെ വീഴ്ചയുടെ ആഴവും നൊമ്പരങ്ങളുടെ കാഠിന്യവും കൂടിയത് ....
എന്നിട്ടും ,
കണ്ണടച്ച് ഒരു നിമിഷം നിന്ന് ദൈവമേ എന്ന് വിളിച്ച് ഞാൻ താഴേക്ക് മറിഞ്ഞു .
ശരീരത്തിന് അല്പവും ഭാരം തോന്നിയില്ല. പട്ടുമെത്തയിലേക്ക് ചെന്ന് വീണതു പോലെയാണ് തോന്നിയത്.
മരണം ഇത്ര സുഖകരമാണോ...?
ഞാൻ ചുറ്റും നോക്കി .
അഭൗമ പ്രഭ ചൊരിയുന്ന ഒരു മനുഷ്യന്റെ നീട്ടിപ്പിടിച്ച കൈകളിൽ കിടക്കുകയാണ് ഞാൻ എന്നെനിക്ക് വിശ്വസിക്കാനായില്ല.
ഇതാണോ മരണം.....?
ഇതാണോ യമദേവൻ ?
ഞാൻ താഴെയിറങ്ങി.
പൊക്കം കുറഞ്ഞ് വെളുത്ത് തുടുത്ത് താമരപ്പൂവിന്റെ നിറമുള്ള ,വെള്ളമുണ്ട് ചുറ്റിയ അദ്ദേഹം നിലാവ് നിഷ്പ്രഭമാകും വിധം ചിരിച്ചു ...
എന്നിട്ട് ,എന്റെ തോളിൽ തട്ടി.
മഞ്ഞിന്റെയത്ര തണുപ്പുള്ള ആ കൈകൾക്ക് പൂവിൻെറയത്ര മൃദുലതയുണ്ടായിരുന്നു .
ഹൃദ്യമായൊരു സുഗന്ധവും....
എന്തിനെന്നറിയാതെ ഞാനെന്റെ രണ്ട് കൈകളും അദ്ദേഹത്തിന്റെ നേർക്ക് നീട്ടി .
വൃത്തിയായി മടക്കിയ ഒരു വെള്ളക്കോട്ട് ...
ഡോക്ടർമാർ ഇടുന്ന തരം ...
കൂടെ ഒരു സ്റ്റെതസ്കോപ്പും ,നീട്ടിപ്പിടിച്ച എന്റെ കൈകളിലേക്ക് ഒരു നനുത്ത ചിരിയോടെ അദ്ദേഹം വച്ചു തന്നു ....
അമ്പരപ്പിന്റെ നിശ്ചലതവിട്ട് ഒരു നിമിഷം കഴിഞ്ഞാണ് ഞാൻ ആ മുഖത്തേക്ക് നോക്കിയത് ...
അവിടെ നിറഞ്ഞ് നിന്ന സ്വർണ്ണ പ്രകാശത്തിന് നടുവിൽ നിന്ന് വെള്ള ചിറകുകളുള്ള ഒരു ചിത്രശലഭം പറന്ന് പോയി ....
പതിഞ്ഞ താളത്തിൽ എവിടെ നിന്നോ ഓംകാര നാദം കേൾക്കുന്നുണ്ടായിരുന്നു.
* * * * * * * * * * * * * * * *
അധികം ദൂരത്തല്ലാതെയെവിടുന്നോ പ്രാർത്ഥനാ ഗീതങ്ങൾ കേട്ടു ....
നേരം വെളുത്ത് തുടങ്ങുന്നതേയുണ്ടായിരുന്നുള്ളു ......
കണ്ടതൊന്നും ഒരു സപ്നമായി തള്ളിക്കളയാൻ എനിക്കായില്ല. വെറുമൊരു നാട്ടിൻ പുറത്തുകാരിയായ പതിനഞ്ചു
വയസുകാരി ആ സ്വപ്നത്തെ കടലോളം ആഴത്തിൽ ഹൃദയത്തിൽ കുറിച്ചിട്ടു .
സ്വയം അതിലേക്ക് അലിഞ്ഞു ചേർന്നു .
അതൊരു യാത്രയായിരുന്നു....
ഇരുളിൽ നിന്ന് വെളിച്ചത്തിലേക്ക് .....
ഇന്ന് ,
തിരിഞ്ഞു നോക്കുമ്പോൾ ചിലപ്പോഴൊക്കെ ആ ദിവസങ്ങൾക്ക് ഞാൻ നന്ദി പറയാറുണ്ട് ....
എന്നിൽ വാശിയുടെ തീ ആളിക്കത്തിച്ചതിന് ...
എന്നെ അതിലിട്ട് നീറ്റി നീറ്റി പാകം വരുത്തിയതിന് ....
ഇന്നും കെടാത്ത കനലുകൾ മനസ്സിൽ അവശേഷിപ്പിക്കുന്നതിന് ....
നന്ദി മാത്രേയുള്ളൂ ,
ആ ദിവസങ്ങളെ അതിജീവിക്കാൻ കരുത്തു തന്ന ദൈവത്തോട് ......
'ദൈവം തന്ന ആ വെള്ളക്കോട്ടിനോട് '
Dr. Salini C K

1 comment:

Naseef said...

ഒറ്റയിരുപ്പിന് വായിച്ചു..പ്രതിസന്ധി ഘട്ടത്തിൽ കൈവെടിയാനുള്ളതല്ല ജീവിതം, തരണം ചെയ്തു മുന്നേറാനുള്ള സന്ദേശം

Post Top Ad

Your Ad Spot