നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഭ്രമം
*************************************
"സ്വപ്നങ്ങള്‍ കാണാന്‍ മോഹിച്ചവള്‍.. ചിറകുകള്‍ തേടിയവള്‍.. ഒടുവില്‍ പറന്നു മുകളിലെത്തിയപ്പോള്‍ കടംകിട്ടിയ ചിറകു കരിഞ്ഞു പോയവള്‍.. ചിറകു തിരികെ ചോദിച്ചവനോട് പറയാന്‍ ഉത്തരമില്ലത്തവള്‍.. ഭൂമിയെന്ന യാഥാര്‍ത്ഥ്യത്തിലേക്ക് പതിച്ചു കൊണ്ടിരിക്കുന്നവള്‍....."
മീര .......
ആരാണവൾ ...
അറിയില്ല ....
പേര് മീരാ. എറണാകുളത്തു എവിടെയോ താമസം എന്നാണു പറഞ്ഞത് .പാലാരിവട്ടം എന്നോ മറ്റോ ആണ് പറഞ്ഞത് .അവളെ തേടിയാണ് മലപ്പുറത്തു നിന്നും ഞാനീ നഗരത്തിൽ എത്തിയിരിക്കുന്നത്. കേരളത്തിന്റെ വ്യാവസായിക തലസ്ഥാനം . കണ്ണെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന , കോൺക്രീറ്റ് കെട്ടിടങ്ങൾ .ഇടതടവില്ലാതെ ഹോൺ മുഴക്കി പരസ്പരം കീഴടക്കിയും പിന്തള്ളിയും മുന്നോട്ടു പോകുന്ന വാഹനങ്ങളുടെ നീണ്ട നിരകൾ .തനിക്കു എങ്ങോട്ടാണ് പോകേണ്ടത് .എവിടെയാണ് അവൾ ...മീരാ ..കൈയ്യിലുള്ള കൊച്ചു ബാഗ് നെഞ്ചോട് ചേർത്തു പിടിച്ചു എറണാകുളം സൗത്ത് സ്റ്റേഷനിൽ നിന്നും മുന്നോട്ടു നടക്കുമ്പോൾ എന്ത് ചെയ്യണം എന്നോ ..എങ്ങോട്ടു പോകണമെന്നു ഒന്നും അറിയാത്തതു പോലെ ..
ഇന്നലെ രാത്രി .. അവൾ അയച്ച അവസാനത്തെ മെസേജ് ..
"റോയ് ..മരണത്തിനും ,l എനിക്കും ഇടയിലുള്ള അദൃശ്യമായ ആ ഭിത്തി ഞാൻ ഇന്ന് ഭേദിക്കാൻ പോകുന്നു .. മരണമെന്ന നിത്യതമായ വിസ്മൃതിയിലേക്ക് ഞാൻ പോകുന്നു ..പ്രിയ കൂട്ടുകാരാ നിന്നോട് മാത്രം യാത്ര ചോദിക്കുന്നു .........."
പച്ച വെളിച്ചം കെട്ടു ..മെസ്സേജ് ഒന്നും അവൾ കാണുന്നില്ല ..കുറച്ചു കഴിഞ്ഞപ്പോൾ മനസ്സിലായി അവൾ അക്കൗണ്ട് ഡിലീറ്റ് ചെയ്തിരിക്കുന്നു .....
എന്ത് ചെയ്യും ..കണ്ണിലാകെ ഇരുട്ട് കേറുന്നു .. നെഞ്ചിൽ എന്തോ കോർത്തു വലിക്കും പോലെ ... മീരാ.. അവളതു ചെയ്യുമോ ..അറിയില്ല..അവൾ ഏതു സമയത്തു എന്താ ചെയ്യുക എന്ന് ദൈവത്തിനു പോലും പറയാൻ പറ്റില്ല .. ചിലപ്പോ തോന്നും അവൾക്കു വട്ടാണെന്ന് ചിലപ്പോ തോന്നും അവൾ എന്റെ ഏകാന്തതയിലെ തോന്നലുകളുടെ ഭ്രാന്തൻ സൃഷ്ടികളിൽ ഒന്ന് മാത്രമാണെന്ന് .. പക്ഷെ അഭിലാഷിനും അരുണിനും അവളെ അറിയാമല്ലോ ..അവരുമായും അവൾ ഫ്രണ്ട് ആണ് ..അപ്പോൾ അവളെന്റെ തോന്നൽ അല്ല ...അവൾ ഇവിടെ ഉണ്ട് ..ഈ നഗരത്തിൽ എവിടെയോ ..എനിക്കവളെ കണ്ടെത്തണം. കണ്ടെത്തിയേ ഒക്കൂ ......
എത്ര ദൂരം നടന്നു എന്ന് ഓർമ്മയില്ല .. മുന്നിൽ കണ്ട ബസ് സ്റ്റോപ്പിലെ ഇരുമ്പു ബെഞ്ചിൽ ഇരുന്നു .. കണ്ണ് തുറയ്ക്കാൻ പറ്റുന്നില്ല ..തീ പോലെ പൊള്ളുന്ന ചൂട്. സൂര്യൻ കത്തി ഉരുകുന്നു .. കണ്ണിൽ ചുട്ടു പഴുപ്പിച്ച സൂചികൾ കുത്തി ഇറക്കും പോലെ .. ഇന്നലെ രാത്രി ഒട്ടും ഉറങ്ങിയിട്ടില്ല ..ബെഞ്ചിൽ ചാരി .മെല്ലെ കണ്ണുകൾ അടച്ചു ..
എട്ടു മാസങ്ങൾക്കു മുൻപുള്ള ഒരു കന്യാകുമാരി യാത്രയിലാണ് , കാലനെ പോലെ പാഞ്ഞു വന്നൊരു പാണ്ടി ലോറി പപ്പയെയും മമ്മിയെയും അനുജനെയും കവർന്നു കൊണ്ടാണ് പോയത് .കാലത്തിനു പറ്റിയ ഒരു തെറ്റ് പോലെ എന്നെ മാത്രം ബാക്കി വെച്ച് ..തനിച്ചായ വീട്ടിൽ ആർക്കും വേണ്ടാതെ ഒറ്റപ്പെട്ട എത്രയോ നാളുകൾ .. ഭ്രാന്തിനും ബോധത്തിനും ഇടയിൽ സ്വയം നഷ്ടപ്പെട്ട എത്രയോ രാത്രികൾ ..അങ്ങനെ ഒരു രാത്രിയിലാണ് മീരാ ജേക്കബ് എന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നത് .. ഒരു ഫ്രണ്ട് റിക്വസ്റ്റ് .. പ്രൊഫൈൽ പരിശോധിച്ചപ്പോൾ നിറയെ കവിതകളും കുറിപ്പുകളും കൊണ്ട് നിറഞ്ഞു നിൽക്കുന്നു .. വേദനയും ഏകാന്തതയും ..തീവ്രമായ വിരഹവും നിറഞ്ഞു നിൽക്കുന്ന ഹൃദയത്തിൽ തറക്കുന്ന വരികൾ ...
ഔപചാരികത ഒട്ടും ഇല്ലാതെ അവൾ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നു .. സ്വയം നഷ്ടപ്പെടുത്തിയ ഒരു പ്രണയത്തിനു വേണ്ടി സ്വയം നശിക്കുന്ന ഉരുകി തീരുന്ന ഒരു പെൺകുട്ടി .. അവൾ സംസാരിച്ചത് മുഴുവൻ അവനെ കുറിച്ച് ആയിരുന്നു .. അവളുടെ അച്ചായനെ കുറിച്ച് മൃഗങ്ങളെയും പക്ഷികളെയും ഏറെ സ്നേഹിക്കുന്ന നന്നായി കള്ളു കുടിക്കുന്ന .. മനോഹരമായി കവിതകൾ എഴുതുന്ന അവൾ കഴിഞ്ഞാൽ പിന്നെ മോണിക്ക ബെല്ലൂസിയെ സ്നേഹിക്കുന്ന അവളുടെ അച്ചായൻ ... പിന്നെ അവരുടെ അപൂർവങ്ങളിൽ അപൂർവമായ പ്രണയവും ..
അപ്പന്റെയും അമ്മയുടെയും ഒറ്റ മോൾ. അമ്മക്കൊപ്പം നാട്ടിൽ എറണാകുളത്തു. പപ്പാ പുറത്തു , ദോഹയിൽ ബിസിനെസ്സ് ചെയ്യുന്നു. ഒറ്റപ്പെട്ട സായാഹ്നങ്ങളിൽ എവിടെയോ വെച്ച് ഓർക്കൂട്ട് എന്ന സൗഹ്രദ കൂട്ടായ്മയിൽ വെച്ച് കണ്ടു മുട്ടിയ ഒരു ക്രിസ്ത്യാനി പയ്യൻ . കാഞ്ഞിരപ്പള്ളിയാണ് സ്വദേശമെങ്കിലും റെയിൽവേ ഉദ്യോഗസ്ഥനായ പപ്പയുടെ കൂടെ ലോകം ചുറ്റുന്ന നല്ലൊരു അച്ചായൻ. വീട്ടിൽ ഇരിക്കാനോ മീരയെ നോക്കാനോ സമയം ഇല്ലാത്ത മമ്മിയിൽ നിന്നും എന്നേ മനസ്സ് കൊണ്ട് അകന്നു കഴിഞ്ഞിരുന്നു മീര .. അച്ചായന്റെ എഴുത്തിൽ അവൾ അവളെ തന്നെ കാണുക ആയിരുന്നു .. തീവ്രമായ ഒരു അനുരാഗത്തിലേക്കു ആ ബന്ധം നീളാൻ അധികനാൾ വേണ്ടി വന്നില്ല ...
അവരുടെ ദിനങ്ങൾ ആയിരുന്നു പിന്നെ അവർ നടത്തിയ യാത്രകൾ .. ഒരിക്കലും അവൾ അയാളുടെ പേര് പറഞ്ഞില്ല .. ശരീരം കൊണ്ടും മനസ്സ് കൊണ്ട് അവർ ഒന്നായി കഴിഞ്ഞിരുന്നു .. വന്യമായ തീവ്രമായ ആ യാത്രകളും സംഗമങ്ങളും എന്നെ വല്ലാതെ വീർപ്പു മുട്ടിച്ചിരുന്നു .. അവളോട് മിണ്ടാൻ മാത്രമായി ഫേസ്ബുക് തുറക്കുന്നത് തന്നെ അയാളുടെ ചില എഴുത്തുകൾ അവൾ പലപ്പോഴായി അയച്ചു തന്നിരുന്നു .. അത് വായിക്കുമ്പോൾ ഒക്കെ അത് ഞാൻ തന്നെയാണോ എന്ന് വരെ എനിക്ക് സംശയം തോന്നിയിരുന്നു ..അത്രമേൽ തീവ്രമായ പ്രണയവും വേദനയും ഒറ്റപ്പെടലും ......
പിന്നെ ഒരുനാൾ അവളുടെ പപ്പക്കും മമ്മിക്കും വേണ്ടി എല്ലാം അവൾക്കു മറക്കേണ്ടി വന്നു. അവളുടെ പപ്പക്കും മമ്മിക്കും പറ്റിയ അബദ്ധം മകളും കാണിക്കുന്നു എന്ന് വന്നപ്പോൾ പപ്പാ വല്ലാതെ ദേഷ്യപ്പെട്ടു. ഭീഷണിപ്പെടുത്തി .. ഭീഷണി അച്ചായനെ കൊന്നു കളയും എന്നുവരെ ആയപ്പോൾ എല്ലാം ഉപേക്ഷിക്കാൻ അവൾ തയ്യാറായി .. സ്വയം സൃഷ്‌ടിച്ച ഒരായിരം കാരണങ്ങളുടെ കറുത്ത നിഴലിൽ അവൾ അയാളെ മുറിവേൽപ്പിച്ചു. തന്റെ ഇടുങ്ങിയ ലോകത്തേയ്ക്ക് തിരിച്ചു പോന്നു ..പക്ഷെ ഏറെ താമസിയാതെ ഡിവോഴ്സ് ആയ പപ്പയും അമ്മയും അവളെ വീണ്ടും ഭ്രാന്തിന്റെ വക്കു വരെ എത്തിച്ചു. ആർക്കു വേണ്ടിയാണോ , അവളുടെ പ്രണയം അവൾ നഷ്ടപ്പെടുത്തിയത് അവർ പിരിഞ്ഞപ്പോൾ അവൾക്കത് സഹിക്കാൻ പറ്റുന്നതിലും അധികം ആയിരുന്നു ..
പപ്പ ദോഹയ്ക്കു ചെല്ലാൻ വിളിച്ചു എങ്കിലും അവൾ പോയില്ല . ഒറ്റയ്ക്ക് അവൾ ഇവിടെ ഈ നഗരത്തിൽ അവളുടെ അച്ചായന്റെ ഓർമ്മകൾക്കൊപ്പം അയാളുടെ ഇഷ്ടപ്പെട്ട മദ്യമെല്ലാം വാങ്ങി വെച്ച് കുടിച്ചു ..കുടിച്ചു ..പലപ്പോഴും ..സ്വയബോധം നഷ്ടപ്പെട്ട പോലെ ആയി .. അങ്ങനെയാണ് ..ഫേസ്ബുക്കിൽ എന്റെ എഴുത്തുകൾ കാണുന്നതും ഞാനുമായി ഫ്രണ്ട് ആകുന്നതും ...ഒരുപാട് തവണ ഞാൻ അവളോട് പറഞ്ഞു അവന്റെ വീട്ടിൽ ചെല്ലാൻ പക്ഷെ അവൾ തയ്യാറല്ലായിരുന്നു . ഒരിക്കൽ കുത്തി നോവിച്ചു ഇറങ്ങി പോന്നിട്ടും ഇനി ഒരു തിരിച്ചു പോക്ക് ഇല്ലാ എന്ന് .... അവൾക്കു വേണ്ടി ഞാൻ കരയുകയും ചിരിക്കുകയും ചെയ്തു .............
അവളുടെ ഭ്രാന്തിന്റെ അവസാനത്തെ അധ്യായമായിരുന്നു മുടി മുഴുവൻ വെട്ടികളഞ്ഞത്. അയാളെ കാണാൻ വേണ്ടി അച്ചായന്റെ അപ്പാപ്പന്റെ ആണ്ടിന് അയാൾ തീർച്ചയായും പള്ളിയിൽ വരുമെന്ന് അവൾ പൂർണമായും വിശ്വസിച്ചു. അയാളെ കാണണം പക്ഷെ ഒരിക്കലും അത് അയാൾ അറിയാൻ പാടില്ല ..മുടി മുഴുവൻ മുറിച്ചു അവൾ അന്ന് പോയി .അയാളെ കാണാൻ ... ഒരിക്കൽ കൂടി ആ മുഖം ഒന്ന് കാണാൻ അവൾ അത്രയ്ക്ക് ആഗ്രഹിച്ചിരുന്നു .. ഇന്നലെ ആയിരുന്നു ആ ദിവസം .. രാവിലെ അവൾ മെസ്സേജ് അയച്ചിരുന്നു ..പോകുവാ എന്ന് ... പിന്നെ , രാത്രിക്കാണ് ആ മെസ്സേജ് വന്നത് ശരിക്കും അവൾ മരിയ്ക്കാൻ പോകുവാണോ ....ഇന്നലെ എന്താണ് സംഭവിച്ചത് അവർ കണ്ടോ .. അറിയില്ല .....ഒന്നും അറിയില്ല .രാവിലെ ആദ്യത്തെ ട്രെയിന് കയറി പോന്നതാണ് ..
പാലാരിവട്ടം ..പാലാരിവട്ടം ....
ഞാൻ പിടച്ചെഴുന്നേറ്റു .. ആളുണ്ട് .. സ്റ്റാർട് ചെയ്തു .ഓടി തുടങ്ങിയ ചുവന്ന ബസിൽ ചാടി കയറുമ്പോൾ ആരൊക്കയോ ചീത്ത വിളിക്കുന്ന കേട്ടു ....
ഇവനൊക്കെ എവിടുന്ന് വരുന്നു ആവോ ...
ബസ് എടുക്കുന്ന സമയം വരെ വായി നോക്കി നിക്കും ...
ചാകാൻ വേണ്ടി ഇറങ്ങിയതാകും ..
ഒന്നിനും ചെവി കൊടുത്തില്ല ..
ചേട്ടാ ..ഒരു പാലാരിവട്ടം ... സ്റ്റോപ്പ് ആകുമ്പോൾ ഒന്ന് പറയണേ ..
പാലാരിവട്ടം എവിടെയാ ഇറങ്ങേണ്ട ...??
തികച്ചും അപ്രതീക്ഷിതമായ ചോദ്യം ..പെട്ടു എന്ത് പറയും ..
അത് ..അത് പിന്നെ .... പാലാരിവട്ടം .. ജംഗ്ഷനിൽ .......എങ്ങനെയോ പറഞ്ഞൊപ്പിച്ചു ..
അയാളുടെ മുഖത്തെ പുച്ഛഭാവം കണ്ടില്ലെന്നു നടിച്ചു ..
താൻ എങ്ങോട്ടാണ് പോകുന്നത്. അവിടെ ചെന്ന് എങ്ങനെയാ അവളെ കണ്ടു പിടിക്കുക ... റെസിഡൻഷ്യൽ കോളനി ആണെന്ന് അറിയാം .. അവിടെ ഏതോ ഒരു വീട്ടിൽ ... എല്ലാ വീട്ടിലും കേറി ചോദിക്കാൻ പറ്റുമോ ... അറിയില്ല ..വരണ്ടായിരുന്നു .. ഇതുവരെ കണ്ടിട്ടില്ല ..ശബ്ദം പോലും കേട്ടിട്ടില്ല ...എന്ത് ഭാവിച്ചാ ഞാൻ ....
പാലാരിവട്ടം ഇറങ്ങാൻ ഉണ്ടോ ...
ഉണ്ട് ....ഉണ്ട് .. ചാടി ഇറങ്ങി ..
മൂന്നും കൂടിയ പാലാരിവട്ടം സിഗ്നലിനു മുന്നിൽ പകച്ചു നിൽക്കുമ്പോൾ എങ്ങോട്ടു പോകണമെന്ന് അറിയില്ലായിരുന്നു .. മുന്നിൽ നിര നിരയായി നിരന്നു കിടക്കുന്ന വാഹനങ്ങൾ .. ഒച്ച് ഇഴയുംപോലെ, ഇടയ്ക്കു ഒന്ന് അനങ്ങിയ ശേഷം വീണ്ടും നിശ്ചലമാകുന്നു .. കുറച്ചു അകലെമാറി ഉയർന്നു നിൽക്കുന്ന ഏതോ പള്ളിയുടെ കുരിശ് .. തിക്കി തിരക്കി വാഹനങ്ങളുടെ ഇടയിലൂടെ റോഡ് ക്രോസ്സ് ചെയ്യുന്ന കുറെ ആളുകൾ .. ചുറ്റും തല ഉയർത്തി നിൽക്കുന്ന ബഹുനില കെട്ടിടങ്ങൾ ... സിഗ്നൽ മാറുന്നതു അനുസരിച്ചു വാഹനത്തിനു വേഗത കൈവരികയും ..പിന്നെ വീണ്ടും പഴയ പോലെ ആവുകയും ചെയ്യുന്നു ...
ഞാൻ മുന്നോട്ടു നടന്നു. വീതി കൂടിയ വഴിയിലൂടെ ഇടത്തും വലത്തും എങ്ങോട്ടെയൊക്കയോ പോകാനുള്ള ചെറു വഴികൾ .. ധൃതി വെച്ച് കടന്നു പോകുന്നു ആളുകൾ ..ഇവിടെ ഞാൻ എങ്ങനെയാ അവളെ കണ്ടു പിടിക്കുക .....
നേരെ നടന്നു ചെന്ന് കയറിയത് ഒരു പള്ളി മുറ്റത്തേക്കാണ്. ചെരുപ്പ് നടയിൽ അഴിച്ചു വെച്ച് ..ഒരുപാളി മാത്രം തുറന്നു വെച്ച പള്ളിയുടെ വിശാലമായ അകത്തളത്തേയ്ക്കു ..നിര നിരയായി നിരത്തി ഇട്ടിരിക്കുന്ന തടി ബെഞ്ചുകൾ. അവയിൽ ഒന്നിൽ ഇരുന്നു ..ബാഗ് ഊരി ഒതുക്കി വെച്ച് .. മുട്ടുകുത്തി ..കണ്ണുകൾ അടച്ചു ..ഒന്നും പറഞ്ഞില്ല .. കണ്ണുകൾ നീറി വിങ്ങുന്നതും ഏങ്ങലടച്ചു ഒരു കരച്ചിൽ നെഞ്ചിലൂടെ അരിച്ചു കയറുന്നതും ഞാൻ അറിഞ്ഞു .. എത്ര നേരം അങ്ങനെ ഇരുന്നു എന്ന് എനിക്കറിയില്ല ......
കുഞ്ഞേ ........
തോളിൽ ആരോ തൊട്ടപ്പോളാണ് കണ്ണ് തുറന്നതു. അപ്പൂപ്പൻ താടി പോലെ നരച്ചു, വെള്ളക്കുപ്പായം ഇട്ട ഒരു അച്ചൻ .....
എന്താ കുഞ്ഞേ ...നീ എന്തിനാ കരയുന്നെ ...എന്ത് പറ്റി .........
ഞാൻ മെല്ലെ കണ്ണുകൾ തുടച്ചു ...
അച്ചാ ..ഇവിടെ ..മീര ജേക്കബ് ..എന്നൊരു കുട്ടി ഉണ്ടോ ....??
അവസാന പ്രതീക്ഷയാണ് ...
മീരയോ .. അങ്ങനെ ചോദിച്ചാൽ.. ഒരുപാട് മീരയും ..മീര ജേക്കബ് ഉം കാണും ..വീട്ടു പേര് അറിയുമോ കുഞ്ഞേ ......
ഇല്ലച്ചോ ...എനിക്ക് വേറെ ഒന്നും അറിയില്ല .. ഇവിടെ എവിടെയോ ആണ് വീട് എന്ന് മാത്രം അറിയാം .. ഇന്നലെ അവൾ മരിയ്ക്കാൻ പോകുന്നു എന്നൊരു മെസ്സേജ് അയച്ചു ... എന്റെ വീട് മലപ്പുറത്താ. ഇവിടെ ഒന്നും എനിക്കറിയില്ല ...
അച്ചൻ ..നരച്ച താടി തിരുമ്മി ...
വേറെ എന്തെങ്കിലും .. അച്ഛന്റെ ജോലിയോ മറ്റോ ...
അറിയാം ..അറിയാമച്ചോ .. അവളുടെ അച്ഛന് ദോഹയിൽ എന്തോ ബിസിനെസ്സ് ആണ് ....
അച്ചന്റെ കണ്ണുകൾ ഒന്ന് പിടഞ്ഞു ...
മീര ...മീരാ ജേക്കബ് ....എനിക്കറിയാം അങ്ങനെ ഒരു മീരയെ ...അത് താൻ അന്വോഷിക്കുന്ന മീര ആണോ എന്നൊന്നും എനിക്കറിയില്ല ..അവർ ഈ പള്ളിയിലെ അംഗം ഒന്നും ആയിരുന്നില്ല ..എന്നാൽ പോലും . എല്ലാ ദിവസവും വൈകുന്നേരം ഇവിടെ വരുമായിരുന്നു .. കുറെ കരയും ..ചോദിച്ചാൽ ഒന്നും പറയില്ല .. ചിരിക്കും .. എനിക്ക് വേണ്ടി പ്രാർത്ഥിക്കണം എന്നൊക്കെ പറയും .അവളുടെ പേരെന്റ്സ് ഡിവോഴ്സ് ആയീന്നു മറ്റോ ആരോ പറഞ്ഞറിയാം ...
ആട്ടോ ..തനിക്കു അവളെ എത്ര നാളായി അറിയാം ..
ഒരു ആറുമാസം അച്ചാ ... ഫേസ്ബുക് വഴിയാ പരിചയപ്പെട്ട ..ഇന്നലെ രാത്രിയാണ് അവൾ അവസാന മെസ്സേജ് അയച്ചത് ...അച്ചാ ...ഇവിടെ അടുത്ത് മരണം എന്തെങ്കിലും ..ഇന്ന് ...
അച്ചൻ താടി തിരുമ്മി ..എന്തെല്ലാമോ ആലോചനയിൽ ആയിരുന്നു ...
അച്ചാ ....
ങ്ഹാ ... ഇന്നലെ രാത്രിയോ .......അങ്ങനെ എങ്കിൽ .. അത് അവൾ ആകില്ല. ഞാൻ പറഞ്ഞ മീരാ ... കാരണം ..ഞാൻ പറഞ്ഞ മീരാ ..ഏകദേശം ഒരു ആറു മാസം മുൻപ് ..അവൾ ആത്മഹത്യ ചെയ്തിരുന്നു ..
എന്റെ കണ്ണിൽ , ഇരുട്ട് കയറും പോലെ തോന്നി .. എന്റെ മുന്നിൽ നിന്ന ..അച്ചൻ ഉറക്കെ ചിരിക്കുന്നു ..നിർത്താതെയുള്ള ചിരി എനിക്ക് കേൾക്കാം ..അത് അച്ചനല്ല, അയാളുടെ രൂപം മാറി വരുന്നു .. വെളുത്ത താടിയിൽ നിറയെ പാമ്പുകൾ ..വായിൽ നിന്നും ഇറങ്ങി വരുന്ന ദംഷ്ട്രകൾ .. ഞാൻ പള്ളിയിൽ നിന്നും ഇറങ്ങി ഓടി .. വാതിൽ തള്ളി തുറന്നു നടകൾ ഓടി ഇറങ്ങുമ്പോൾ പള്ളിയുടെ വലിയ വാതിൽ എനിക്ക് മുന്നിൽ കൊട്ടി അടയ്ക്കപെട്ടു ..എങ്കിലും എനിക്ക് കേൾക്കാം പള്ളിയുടെ അകത്തു നിന്നും ..ഉറക്കെ ..ഉറക്കെ ..ആ ചിരി ...
വിയർത്തു കുളിച്ചു വേച്ചും വീണും . ഞാൻ ഓടി ..മുൻപിൽ കണ്ട ഏതെല്ലാമോ വഴികളിലൂടെ ....
അച്ചായാ ........
അത് അവളാണ് ..മീരാ ...അയ്യോ ..എന്റെ മീര മരിച്ചു ..
കുഞ്ഞേ .....
അത് അയാൾ ..അച്ചനല്ല ..അയാൾ പിശാചാ ...
എങ്ങനെ ഒക്കെയോ .. റെയിൽവേ സ്റ്റേഷനിൽ വന്നു .. വിയർത്തു കുളിച്ചു. ഷർട്ടിൽ നിറയെ ചെളിയുമായി എത്തിയ എന്നെ ആരൊക്കയോ നോക്കുന്നുണ്ടായിരുന്നു .. ചെരുപ്പ് എടുക്കാൻ മറന്നു .. ബാഗ് ഉം .....പോക്കറ്റിൽ തപ്പി നോക്കി ...ഭാഗ്യം പേഴ്സ് ഉണ്ട് ..
ചൂളം കുത്തി വന്ന , മാന്ഗ്ലൂർ ട്രെയിനിൽ കേറി ...അധികം ആളിലില്ലാത്ത കംപാർട്മെന്റിലെ ഒഴിഞ്ഞ മൂലയിൽ ഇരിക്കുമ്പോഴും , ഞാൻ വല്ലാതെ അണക്കുണ്ടായിരുന്നു ..........എന്റെ പേര് ഞാൻ ഓർത്തെടുക്കാൻ ശ്രമിക്കുമ്പോളൊക്കെയും പരാജപ്പെട്ടുക്കൊണ്ടേയിരിക്കുന്നു...
റോയീ... മ്മ്ഹഹ്ഹ.. ആരോ വിളിച്ചോ..
അച്ചായാ ......
ആ വിളി ...
മീരാ .......
നീ എവിടെയാ ...
ഞാൻ ഇവിടെ ഉണ്ടല്ലോ അച്ചായാ ...
തലയ്ക്കകത്തു നിന്നും ചൂളം വിളി ഉയരുന്നു .. കണ്ണടച്ച് ...തലച്ചോറിന്റെ അകത്തുകൂടി ..മിന്നി മായുന്ന ചില മായ കാഴ്ചകൾ ..
അച്ചായാ ....
മീരാ .....
എന്നെ അമർത്തി ചുംബിക്കൂ ....ചുണ്ടുകൾ വേർപിരിയാതെ , ഇടവേളകൾ ഇല്ലാതെ എന്നെ ചുംബിച്ചു കൊണ്ടേ ഇരിക്കൂ .. നിന്റെ ചുണ്ടുകളുടെ നനവിൽ , ഞാൻ സ്വയം അലിഞ്ഞു.. അലിഞ്ഞു . നിന്നിൽ ചേരും വരെ ..എന്നെ ചുംബിച്ചു കൊണ്ടേ ഇരിക്കൂ ...
മീരാ ...
രാത്രിയാണ് ..ചുറ്റിനും ഇരുട്ടും ..ഞങ്ങൾ ഏതോ കാടിന്റെ ഉള്ളിലാണ് .. ചുറ്റും മിന്നാ മിനുങ്ങിന്റെ നേരിയ വെളിച്ചം മാത്രം .. ആകാശം മറച്ചു ഉയർന്നു നിൽക്കുന്ന , വലിയ വൃക്ഷങ്ങൾ .....
ആഹ് .....
തല പൊട്ടുന്ന പോലെ .......ഞാൻ മുടിയുടെ കൈ കോർത്തു പിടിച്ചു ..
ഒരു മെസ്സേജ് ...ഞാൻ വണ്ടി ഓടിക്കുകയാണ് ...
അച്ചായാ ..എന്നെ മറക്കണം .. ഇനി എന്നെ അന്വോഷിക്കരുത്
....കണ്ണുകളിൽ ഇരുട്ട് കയറും പോലെ ...കാൽ അറിയാതെ ആക്‌സിലേറ്ററിൽ അമരുന്നു ..മുന്നിലേക്ക് , പാഞ്ഞു വരുന്ന ഒരു ലോറി ..മരണം ....ഞാൻ ഒന്നും കണ്ടില്ല ....
മോനെ ....
ചേട്ടായി ...........
അവസാനമായി ചെവിയിൽ മുഴുങ്ങുന്നതു ഇത് രണ്ടുമല്ല ..
അച്ചായാ ....എന്നെ ചുംബിക്കൂ .. അമർത്തി ചുംബിക്കൂ ..നിന്നിൽ മരിച്ചു , നിന്നോട് ചേരും വരെ ..എന്നെ ചുംബിച്ചു കൊണ്ടേ ഇരിക്കൂ ...
റോയിച്ചാ .............
ചങ്കിൽ ആരോ ചൂണ്ട ഇട്ടു കൊളുത്തി വലിക്കും പോലെ ...
മെല്ലെ എഴുന്നേറ്റു ... ആടി ..ആടി ...വാതിലിനു അടുത്തേക്ക് ..ഉള്ളിൽ ചില ഓർമ്മകൾ , ചിറകടിച്ചു പറന്നുയരുന്നു ..
റോയിച്ചാ ... നിന്നെ പിരിയുന്നതാണ് എന്റെ മരണം ..നിനക്കപ്പുറം ഞാനില്ല ..ഞാനില്ല റോയിച്ചാ ....
അച്ചായാ .......ഇന്നിപ്പോ എത്ര ആയി .....
ഓഹ് ...നിങ്ങൾക്കു എന്റെ വയറൊന്നും ഇഷ്ടമാകില്ലല്ലോ , കൈ മാറ്റ് ..എന്നിട്ടു .നിങ്ങളുടെ , മോണിക്ക ബെല്ലുസി യുടെ വയറിൽ പോയി പിടിക്ക് ...
അയ്യേ .... ഇതെന്തൊരു മനുഷ്യനാ ...ആരെങ്കിലും കാണുംന്നു ...
ശ്ചി ..വൃത്തികെട്ടവൻ .... ദേ അച്ചായാ ..കളി കുറച്ചു കൂടുന്നുണ്ട് ട്ടോ ...
അച്ചായാ .....
ഞാൻ കണ്ണ് തുറന്നു ...ട്രെയിൻ ഇപ്പൊ കുറ്റിപ്പുറം , പാലത്തിനു മുകളിലാണ് ....
റോയിച്ചാ .....ദാ ഇവിടെ ....
അങ്ങകലെ .. അവിടെ ..മീരാ ...എന്റെ മീര ... നിലാവിനെ സ്നേഹിച്ച എന്റെ മീരാ .....
മീരാ ......
അച്ചായാ .......ദേ ..ഒന്നിങ്ങോട്ടു വന്നേ .....
വാതിലിൽ പിടിച്ചു നിന്നുരുന്ന കൈകൾ വേർപെട്ടു .. ട്രെയിനിന്റെ വാതിൽ ഒന്ന് തുറന്നടഞ്ഞു ......
അയ്യോ .....
അയാൾ എവിടെ ....
ഇവിടെ നിന്നിരുന്ന ആ ചെറുപ്പക്കാരൻ എവിടെ ....
അയാൾ ചാടിയോ ...
ആരോ ..ചങ്ങല വലിക്കാൻ തുടങ്ങി ...
എന്താ എന്താ ...
ആരോ ട്രെയിനിൽ നിന്നും പുഴയിലേക്ക് ചാടി ......
ചൂളം മുഴക്കി പാഞ്ഞു പോകുന്ന ട്രെയിനിന്റെ മുകളിലൂടെ , രണ്ടിണ പ്രാവുകൾ ..കൊക്കുരുമ്മി , പറന്നുയർന്നു .. വെള്ള വിരിച്ച ആകാശത്തിന് നടുവിലൂടെ ....ചിറകുകൾ വിരിച്ചു .....കൂടണയാൻ ഇഷ്ടപ്പെടാത്ത രണ്ടിണകുരുവികൾ ............
കിതച്ചു നിന്ന ട്രെയിനിൽ നിന്നും ആളുകൾ ഇറങ്ങി ..പാലത്തിലോട്ടു ഓടി വരുന്നുണ്ടായിരുന്നു ................
(അവസാനിച്ചു )
വാൽകഷ്ണം : മീരയുടെ ഡയറിക്കുറിപ്പുകൾ :
(( ഏകാന്തതയുടെ ഇരുളറയില്‍
തളര്‍ന്നുറങ്ങിയപ്പോള്‍ എന്‍റെ കണ്ണുകള്‍ അടഞ്ഞിരുന്നില്ല
വിജനാമായ വീഥിയില്‍ നിന്‍ നിഴല്‍ നോക്കി അവ ഉണര്‍ന്നിരുന്നു.
ക്രൂരമായ പരിഹാസങ്ങള്‍ തുളഞ്ഞു കയറിയ കാതുകളെ
മൂടിവെയ്ക്കാതെ നിന്‍റെ വരവിനായ് കാതോര്‍ത്തിരുന്നു ഞാന്‍
എന്നില്‍ ഹൃദയമിടിപ്പ് ഇനിയും നിലച്ചിട്ടില്ല,
എങ്കിലും ഇന്ന് ഞാന്‍ മരിച്ചിരിക്കുന്നു.
പ്രണയം എനിക്കന്ന്യമെന്ന തിരിച്ചരിവിലും
നിന്‍റെ സാമീപ്യം ഞാന്‍ ആഗ്രഹിക്കുന്നു.
തുടിക്കുന്ന എന്‍റെ ഹൃദയം തേടി നീ വരുമെന്ന്
വെറുതെ ആശിക്കുന്നു........!!! മീരാ ))
വേദനയിൽ ഞാൻ നിഴൽ നഷ്ട്ടപെട്ട രൂപത്തെ പോലെ അലയുന്നത് നീ കാണുന്നുവോ..?
നീ എന്നെ ഉപേഷിച്ച ആ നിമിഷം തന്നെ ഞാൻ മരണപെട്ടിരുന്നു .
എന്നാൽ ജീവൻ ഇല്ലാത്ത ഈ അവസ്ഥയിലും വേദന എന്നത് എന്നിൽ നിന്നു വിട്ടു മാറുന്നില്ല..
നിന്റെ ഓർമ്മകൾ എന്നെ വീണ്ടും കൊന്നുകൊണ്ടേ ഇരിക്കുന്നു...
എന്നെന്നേക്കുമായി എന്റെ ശരീരത്തിന്റെ ചലനം നിലച്, ഞാൻ അഗ്നിക്ക് ഇരയാകുമ്പോൾ എങ്കിലും നീ എന്നെ ഒന്ന് കാണുവാൻ വരുമോ ....മീരാ
പെയ്യാന്‍ മടിച്ചു നിന്ന മേഘങ്ങളള്‍ക്ക് താഴെ
എന്‍റെ പ്രണയത്തെ ഞാന്‍ തുറന്നു വിടുന്നു.
ഇനി മഴ പെയ്യുമ്പോള്‍ നിന്‍ജനാലകള്‍ക്ക്
ചാരെ ചെവിയോര്‍ത്തിരിക്കുക നീ...
നീ അറിയാതെ പോയ കഥകളും
കേള്‍ക്കാതെ പോയ വാക്കുകളും
മഴ നിനക്ക് പറഞ്ഞുതരും.....
അപ്പോള്‍ ഒരു തുള്ളി കണ്ണുനീര്‍
നിന്‍ മിഴിയറിയാതെ പെയ്താല്
എന്‍റെ സ്നേഹത്തിന്റെ ആഴത്തെക്കുറിച്ചു
ഞാന്‍ പറയാതെ തന്നെ നീ അറിയും.......മീരാ))
സമർപ്പണം : മീരക്ക്
എബിൻ മാത്യു കൂത്താട്ടുകുളം
28-07-2016

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot