Slider

ലിഫ്റ്റ്

0

Image may contain: 4 people, people smiling, outdoor
ഉച്ച ആകുന്നതേ ഉള്ളു.. നല്ല മഴയ്ക്കുള്ള സാധ്യത ഉണ്ട്...എന്നോടെന്തോ കലിപ്പുള്ളതു പോലെ ഒരു മഴ തുള്ളി കണ്ണിൽ ശക്തമായി അടിച്ചു.. അറുപതു രൂപയ്ക്ക് വാങ്ങിയ ബ്രാൻഡ് നെയിം ഉള്ള കൂളിംഗ് ഗ്ലാസ്‌ എടുത്തു വച്ചു...
കുറച്ചു കൂടെ സ്പീഡ് കൂട്ടി....മിക്കവാറും പോകാറുള്ള വഴിയാണ്..
വഴിയിൽ ഉള്ള എഞ്ചിനീയറിംഗ് കോളേജിലേക്ക് തല തിരിക്കാതെ നോക്കി...അങ്ങനെ നോക്കുമ്പോൾ കൃഷ്ണമണി കണ്ണിന്റെ സൈഡിൽ വന്നു മുട്ടും ചിലപ്പോൾ കൃഷ്ണമണിയുടെ പകുതി വെളിയിൽ ചാടും അത് ഞാൻ കൈകൊണ്ടു എടുത്തു പഴയസ്ഥാനത്തു വയ്ക്കാനാണ് പതിവ് .. തല വെട്ടിക്കാതെ നോക്കിയാൽ ഒരു ഗുണമുണ്ട് .കണ്ണാടി ഉള്ളതു കൊണ്ട് നമ്മള് നല്ല പയ്യൻ ആണെന്ന് അവര് വിചാരിച്ചോളും......കണ്ണാടിക്കുള്ളിക്കുള്ളിലൂടെ നമ്മുക്ക് എല്ലാം കാണുകയും ചെയ്യാം
അടുത്ത വളവിൽ ലിഫ്റ്റ് ചോദിക്കുന്ന ഒരു കൈ കണ്ടു..... അവിടെ ലിഫ്റ്റ് ചോദിക്കുന്നവരെ സ്ഥിരം കാണാറുണ്ട്..
പണ്ട് നമ്മളും സ്കൂളിലേക്ക് നടന്നു പോകുമ്പോൾ പ്രതീഷയോടെ എല്ലാ വണ്ടിക്കും നോക്കിയിരുന്നു...
അത് കൊണ്ട് ലിഫ്റ്റ് ചോദിക്കുന്നവരെ നമ്മൾയാധൊരു ദാക്ഷിണ്യവും കാണിക്കാതെ കയറ്റി കൊണ്ട് പോകും..
ലിഫ്റ്റ് ചോദിച്ച കയ്യുടെ ഉടമയെ ഞാൻ ഒന്നുകൂടി നോക്കി....
ഒരു പെൺകുട്ടിയാണ്..
വണ്ടി അല്പം മുൻപിലായി നിന്നു... ""ചേട്ടായീ ജംഗ്ഷനിലേക്ക് ആണോ ""
"ആം "എന്ന് പറഞ്ഞു തിരിഞ്ഞപ്പോൾ അവൾ പുറകിൽ കയറിയിരുന്നു...
"പോകാം " അവൾ പറഞ്ഞു...
അമ്മയല്ലാതെ മറ്റൊരു സ്ത്രീയും കയറിയിട്ടില്ലാത്ത എന്റെ വണ്ടിയിൽ ഒരു പെൺകുട്ടി കയറിയിരിക്കുന്നു...
മൂടിക്കെട്ടി വന്ന ആകാശം അപ്പോളേക്കും തെളിഞ്ഞിരുന്നു..എന്റെ മനസ്സും ...
""ചേട്ടായീ ആ കണ്ണാടി ഒന്ന് തരുവോ ഭയങ്കര പൊടി ""
അവൾ കൈ നീട്ടി...
ഞാൻ കൊടുത്തു..
""ആഹാ റെയ്ബാൻ ഒക്കെയാണല്ലോ ""
""അയ്യേ ഡ്യൂപ്ലിക്കേറ്റ് ആണല്ലേ "" അവൾ ചോദിച്ചു... അവൾ വെള്ളം തുടച്ചപ്പോൾ റെയ്ബാൻ എന്നെഴുതിയിരുന്നത് മാഞ്ഞു പോയി എന്ന് തോന്നുന്നു..
അവളുടെ ഫോൺ റിംഗ് ചെയ്തു..
കൂട്ടുകാർ ആരൊ ആണ്. ഏതോ
സാറിനെ നല്ല തെറി അവൾ ഫോണിൽ കൂടി പറഞ്ഞു.. .. "തെണ്ടി എന്നോടാ അവന്റെ കളി "എന്ന് പറഞ്ഞു അവൾ ഫോൺ വച്ചു...
ഞാൻ കണ്ണാടിയിൽ കൂടി അവളെ നോക്കി... അവൾ എന്നെ നോക്കി ചിരിച്ചു.....
""ചേട്ടാ ഒന്നു നിർത്തിക്കെ പെട്ടെന്ന് പെട്ടെന്ന് ""ഞാൻ ബ്രേക്ക് ഒരു നിമിഷം തപ്പിയ ശേഷം വണ്ടി നിർത്തി...
"ഒരു സെക്കൻഡ് ""അവൾ അവിടെ നിർത്തിയിട്ടിരുന്ന ഒരു ഐസ്ക്രീം വണ്ടിയുടെ അടുത്തേക്ക് ഓടി പോയി... ഒരു ഐസ് ക്രീം വാങ്ങി കഴിച്ചോണ്ട് വന്നു...
"ചേട്ടന് വേണ്ടല്ലോ അല്ലെ ""
"ബാ പോകാം"' അവൾ പറഞ്ഞു...ഐസ് ക്രീം എന്ന് പറഞ്ഞാൽ മരിച്ചു വീഴുന്ന എന്നോടാണ് അവൾ വേണ്ടല്ലോ എന്ന് ചോദിച്ചത് .. ശരിക്കും ഒരെണ്ണം കഴിച്ചാൽ കൊള്ളാമെന്നുണ്ടായിരുന്നു... ..
ബൈക്കിന്റെ പുറകിൽ ഇരുന്നു അവൾ
എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു...വിദ്യാഭ്യാസ സമ്പ്രദായത്തെ കുറിച്ചോ.. അധ്യാപകരുടെ മാറേണ്ട ശൈലിയെ പറ്റിയോ അവരുടെ പെരുമാറ്റത്തെക്കുറിച്ചോ ഒക്കെ..
എന്താ ചേട്ടായിയുടെ പേര് അവൾ ചോദിച്ചു.... ഞാൻ എന്റെ പേര് പറഞ്ഞു..
അവളോട്‌ ഞാൻ ഒന്നും ചോദിച്ചില്ല.... പലതും ചോദിക്കാൻ വന്നെങ്കിലും ജാഡ ഇട്ടിരുന്നു...
ഇറങ്ങിയപ്പോൾ അവൾ താങ്ക്സ് പറഞ്ഞു കൂയ് കൂയ് എന്ന് വിളിച്ചു ഒരു ബസ്സിൽ ഓടി കയറി പോയി.....
അവിടുന്ന് പത്തു മിനിറ്റ് മതി വീട്ടിലേക്കു... വീണ്ടും മഴ തുടങ്ങി.... അപ്പോളാണ് ഗ്ലാസ്‌ അവളുടെ കയ്യിൽ ആണെന്നൊർത്തത്..
പിന്നെ തിരിച്ചു പോയിട്ട് കാര്യമില്ലല്ലോ.. അവൾ കാറി കൂവി പോയില്ലേ...
"അമ്മേ ... കഴിക്കാൻ എന്തേലും വിശക്കുന്നു"" എന്ന് പറഞ്ഞാണ് വീട്ടിലേക്കു കയറിയത്..
അമ്മ :""മോൻ ഒന്നും കഴിച്ചില്ലേ ??""
ഞാൻ: ഇല്ലാ എന്തേ ഇവിടെ ഒന്നുമില്ലേ ??""
അമ്മ :"'ഐസ്ക്രീം കഴിച്ചില്ലേ ??"" അമ്മയുടെ മുഖത്ത് നാണം .
""ഐസ്ക്രീമോ ഞാനോ" പഴയകാല നടൻ ഉമ്മറിനെ പോലെ ഞാൻ ചോദിച്ചു..
അമ്മ:"ഇന്നു ഏത് പെണ്ണിന്റെ കൂടെയാ കറങ്ങാൻ പോയത്.. ""
ചോദ്യം കേട്ടാൽ എന്നും ഓരോരുത്തരുടെ കൂടെ കറങ്ങി നടക്കുവാണെന്ന്..
ഞാൻ അമ്മയെ നോക്കി ചിരിച്ചു...
""കണ്ടോ അവന്റെ കള്ളച്ചിരി.... എല്ലാരേം കൊണ്ടു പറയിപ്പിച്ചു നടന്നോ ""അമ്മ അടുക്കളയിലേക്ക് പോയി...
"ഒരു പണിയും ഇല്ലാത്ത കുറെ നാട്ടുകാരുണ്ട്... പെങ്ങളുടെ കൂടെ പോലും പോകാൻ പറ്റില്ല... അവര് കഥ ഉണ്ടാക്കും ""എന്ന് പറഞ്ഞു ഞാൻ അടുക്കളയിലേക്ക് ചെന്നു...
"അപ്പനും ഞാനും അറിയാതെ നിനക്ക് ഏത് പെങ്ങളാ ""അമ്മ ചോദിച്ചു..
""എന്റമ്മോ ഞാൻ ഒരു ഉപമ പറഞ്ഞതാ. ""
അമ്മ :""ആരാടാ ആ പെണ്ണ് നല്ലതാണോ ??""
ഞാൻ :എന്റമ്മേ അത് ആ കൊച്ചു എന്നോട് ലിഫ്റ്റ് ചോദിച്ചപ്പോൾ കൊടുത്തതാ... അല്ല ആരാ അമ്മയോട് ഇത് പറഞ്ഞത്.. ""
അമ്മ:""അത് നമ്മുടെ ജോമോൾ അവളും കെട്ടിയവനും കൂടെ പള്ളിയിൽ പോകുന്ന വഴി കണ്ടെന്നു....
വെറുതെ കൊതിപ്പിച്ചു.. ഞാൻ ഓർത്തു മോൻ മിടുക്കനായെന്ന് "" അമ്മ ചോറ് എടുത്തു വച്ചു....
ജാഡ ഇടണ്ടാരുന്നു.. പേര് ചോദിച്ചാൽ മതിയാരുന്നു...... കണ്ണാടിയിൽ കൂടി കണ്ട അവളുടെ മുഖം,താങ്ക്സ് പറഞ്ഞപ്പോൾ ഉള്ള ചിരി എല്ലാം വല്ലാതെ മനസ്സിൽ നിറഞ്ഞു നിന്നു.. ആ കുറുമ്പും അലമ്പും എനിക്ക് ഒത്തിരി ഇഷ്ടായി..
പിന്നീട് ആ വഴിക്ക് കുറെ പ്രാവിശ്യം പോയെങ്കിലും ഒരു പെൺകുട്ടി പോലും ലിഫ്റ്റ് ചോദിച്ചില്ല...
അങ്ങനെ ഇരിക്കെ കോളേജിൽ പഠിക്കുന്ന ഒരു പയ്യനെ കണ്ടു... അവനോടു സംസാരിച്ചു വന്നപ്പോൾ ചുമ്മാ അവളെ കുറിച്ചും ചോദിച്ചു..
ഇങ്ങനെ ഒക്കെയാണ് കാണാൻ അറിയാമോ എന്ന് ആ പയ്യനോട് ചോദിച്ചു.. . ....
രണ്ടു അടയാളം അങ്ങോട്ട്‌ പറഞ്ഞപ്പോൾ മൂന്നു എണ്ണം അവൻ ഇങ്ങോട്ട് പറഞ്ഞു...
അവൻ പേര് പറഞ്ഞു... ""അമ്മു എലിസ്സബത്ത്... മെക്കാനിക്കൽ എഞ്ചിനീയറിംഗിലെ ഏക പെൺകുട്ടി... തല്ലിപ്പൊളി.. അലമ്പ്.. വെള്ളമടി വരെ ഉണ്ട് ചേട്ടാ "" ഞാൻ അവനെ കാണിക്കാൻ വേണ്ടി ഞെട്ടി..
അന്നവൾ പറഞ്ഞ തെറി ഒക്കെ കൂട്ടിവായിക്കുമ്പോൾ ഇവൻ പറഞ്ഞതൊക്കെ ശരി ആകാനാണു സാധ്യത...
""പിന്നെ ആ ചേച്ചിയോട് എന്തോ വൃത്തികേടു പറഞ്ഞ സാറിനെ തെറി വിളിച്ചു കോളേജിൽ നിന്ന് പോയതാ... ""
എനിക്ക്ന സന്തോഷമായി നമ്മുടെ ലെവൽ ആണ് ..വീട് ഒക്കെ കണ്ടുപിടിച്ചു... ഫേസ്ബുക്കിൽ ഒരു ശ്രമം നടത്തി.. ആ അക്കൗണ്ട് അവൾ ഉപയോഗിക്കുന്നില്ല എന്ന് മനസ്സിലായി...അവളെ തപ്പുന്ന ഉദ്യമം ഉപേക്ഷിച്ചു.......എങ്കിലും അവളോട്‌ ഉള്ള ഇഷ്ടം മനസ്സിൽ കിടന്നു...
***************************
""അമ്മു "" അവൾ നാണത്തോടെ പേര് പറഞ്ഞപ്പോൾ എനിക്ക് അത്ഭുതമായിരുന്നു..
മാട്രിമോണിയലിൽ ഒക്കെ കൊടുത്തു മടുത്തു...ഇവർക്ക് പരസ്യം മാത്രമേ ഉള്ളോ ശരിക്കും കല്യാണം താവളം നടക്കാറുണ്ടോ എന്ന് മാട്രിമോണിയലിനെ കുറിച്ച് ചിന്തിച്ചിരിക്കുമ്പോളാണ് ബ്രോക്കർ വന്നത്..
ഇനി എനിക്ക് ഒന്നും കാണണ്ട ചേട്ടൻ ആളെ കണ്ടു പിടിച്ചിട്ടു പറഞ്ഞാൽ മതി..
ഒരു പെൺകുട്ടി ഉണ്ട് ദാ ഫോട്ടോ നോക്കിക്കേ എന്ന് പറഞ്ഞു അദ്ദേഹം എന്റെ കയ്യിൽ ഫോട്ടോ തന്നത്.....
ഫോട്ടോ നോക്കിയിട്ട്
വാ ചേട്ടാ പോകാം എന്ന് പറഞ്ഞു ഞാൻ തന്നെ മുൻപിൽ ഇറങ്ങി.......
അപ്പോളാണ് അവളുടെ നാണം..
""ഇത്ര നാണത്തിന്റെ ആവിശ്യം ഉണ്ടോ ??""ഞാൻ ചോദിച്ചു...
'"വേണ്ടേ ??വേണ്ടല്ലേ..
എന്നാ പറ അളിയാ " അവൾ എന്നെ അളിയാ എന്ന് വിളിച്ചപ്പോൾ എന്റെ നെഞ്ചു ഒന്ന് പാളി..
"ഒന്നുമില്ല അളിയാ...അളിയൻ എന്നെ ഓർക്കുന്നുണ്ടോ ?? "" എന്ന് ചോദിക്കാൻ എനിക്ക് ഒരു പതിനാലു സെക്കൻഡ് എടുത്തു..പതിനാലു സെക്കന്റിനു മുന്നേ ഞാൻ തല താഴ്ത്തിയത് കൊണ്ട് അവൾ പരാതി ഒന്നും കൊടുത്തില്ല
"ഇല്ലാ അതിനു നമ്മൾ മുൻപരിചയം ഒന്നുമില്ലല്ലോ...മാത്രമല്ല ഞാൻ കുറെ നാളായിട്ട് ചെന്നൈയിലാരുന്നു..അവൾ പറഞ്ഞു..""
ഓഹോ.. അന്നവൾ ചെന്നൈക്കാണ് കോളേജിൽ ആരോടും പറയാതെ പോയത് "ഞാൻ മനസ്സിൽ ഓർത്തു .
""മൂന്നു നാലു വർഷം മുൻപ് ഒരു ദിവസം കോളേജിന്റെ അവിടുന്ന് തന്നെ പൊക്കിയെടുത്തു ജംഗ്ഷനിൽ വിട്ടത് ഓർക്കുന്നില്ലേ ??""ഞാൻ ചോദിച്ചു..
എന്റെ ചേട്ടാ... ഞാൻ സ്ഥിരം ലിഫ്റ്റ് അടിച്ചാ വരുന്നതും പോകുന്നതും... ചേട്ടായിയെ ഓർക്കുന്നില്ല... വേറെ കുറെ ചേട്ടന്മാരെ ഓർക്കുന്നുണ്ട്... അവരൊക്കെ എന്റെ ഫേസ്ബുക് ഫ്രണ്ട്‌സാ.....അവൾ ചിരിച്ചു....
അപ്പോൾ ഉണ്ടായ എന്റെ തലചുറ്റൽ മാറുന്നത് ആദ്യരാത്രിയിൽ അവൾ എനിക്ക് ഒറിജിനൽ റെയ്ബാൻ സമ്മാനമായി തന്നിട്ട് ഒരു കാര്യം പറഞ്ഞപ്പോൾ ആണ്..
""ചേട്ടായിയോട് അന്ന് ഞാൻ ചുമ്മാ പറഞ്ഞതാ എന്നും ലിഫ്റ്റ് അടിക്കും എന്ന്...അന്ന് ഉടക്കുണ്ടാക്കി കോളേജിൽ നിന്നും ഇറങ്ങിയതാരുന്നു . ആ സമയത്തു വേറെ വണ്ടിയില്ലാരുന്നു അതാ .....
പിന്നെ ബാക്കിയെല്ലാ കൂതറ പരിപാടിയും കാണിച്ചിട്ട് ഉണ്ടേലും വേറെ ആരുടേം കൂടെ പോയിട്ടില്ല കെട്ടോ...ഇനി ചേട്ടായീടെ ആയിട്ട് എനിക്ക് അലമ്പ് ഒന്നുമില്ലാതെ അടങ്ങി ഒതുങ്ങി ജീവിക്കണം.. ""
കല്യാണം ഉറപ്പിച്ച അന്ന് തൊട്ടു ഞങ്ങൾ പ്രേമിച്ചു തുടങ്ങിയിരുന്നു... നല്ല നിഷ്കളങ്കയായ സ്നേഹമുള്ള ഒരു ഭാര്യ ആകാൻ അവൾക്കു കഴിയുമെന്നു എനിക്ക് ഉറപ്പുണ്ടായിരുന്നു...
"ന്റെ പൊന്നേ നിന്റെ കുറുമ്പും അലമ്പും ഒന്നും നിർത്തല്ലേ"" എന്ന് പറഞ്ഞു
അവളെ ചേർത്തു പിടിച്ചു ആദ്യത്തെ ഉമ്മ വയ്ക്കുമ്പോൾ ആദ്യം ഞങ്ങൾ കണ്ടപ്പോൾ പെയ്യാതെ പോയ മഴ പുറത്തു പെയ്തു തുടങ്ങിയിരുന്നു......
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo