നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പെങ്ങളുടെ കല്യാണം

Image may contain: 1 person, eyeglasses

കല്യാണം വിളിക്കാൻ പോയിട്ടുണ്ടോ നിങ്ങള് ? നല്ല രസാണ്..
കുറച്ച് നാൾ മുൻപ്, ഒരു ദിവസം... രാവിലെ പത്തു മണിയായിക്കാണും..
മാനൂന്റെ പുന്നാര പെങ്ങളുടെ കല്യാണത്തിന് ക്ഷണിക്കാനുള്ളവരുടെ പേരെഴുതിയ നോട്ട് ബുക്ക് വായിച്ചിട്ട് ചങ്ക് സമീർ അവനെ ഒരു ജാതി നോട്ടം നോക്കി.
"ന്റെ മാനോ... ഇതൊക്കെ ആരാണെന്ന് എങ്ങിനെ അറിയാനാ ?
ഇന്നലെ രാത്രി ആലോചിച്ചിരുന്ന് മാനുന്റെ ഉമ്മച്ചി എഴുതി കൊടുത്തതാ. പ്ളസ് ടു വരെ ദുബായിൽ പഠിച്ച മാനൂന് ആണെങ്കിൽ നാട്ടുകാരെ വല്യ പിടിയുമില്ല.. അപ്പഴാ...!
"എനിക്കറിയില്ലാ... അതോണ്ടല്ലേ മുത്തേ നിന്റെ അടുത്തേക്ക് വന്നത് !"
" ഉം.. നോക്കട്ടെ...ദിപ്പ ശരിയാക്കി തരാം.. "
പേനയെടുത്ത സമീർ ഇടക്കിടക്ക് ഒന്നാലോചിച്ച് അതിൽ എന്തോ എഴുതുന്നതു കണ്ടു മാനുവൊന്നെത്തി നോക്കി.
ഓരോ പേരുകാരുടേയും നേരേ ബേക്കറി, ഹാർഡ് വെയർ, കുലുക്കി സർബത്ത്... എന്നൊക്കെ എഴുതി വെച്ചത് മാനു സന്തോഷത്തോടെ കണ്ടു. ഇവൻ ആളു കൊള്ളാല്ലോ !
ഒരു പത്തു മിനുട്ടു കൊണ്ട് തന്നെ അവൻ ആ ലിസ്റ്റിലെ പേരുകാരെയൊക്കെ ഐഡന്റിഫൈ ചെയ്തു എഴുതി.
"കണ്ടാ.... ഇപ്പ ഇതാരൊക്കെ ആണെന്ന് എളുപ്പം അറിയാം. അപ്പോ വാ.. നമ്മളു ഒരു ബട്ടർ സ്കോച്ച് ഷേയ്ക്ക് അടിച്ച് വിളി തുടങ്ങുന്നു. വൈകുന്നേരം ധാബേന്ന് തന്തൂർ റൊട്ടിയും ബട്ടർ ചിക്കനുമടിച്ച് വിളി അവസാനിപ്പിക്കുന്നു. ന്തേയ്.. എങ്ങിനുണ്ട്..?"
പെങ്ങൾടെ കല്യാണത്തിന് രണ്ടാഴ്ചയേ ബാക്കിയുള്ളു. അടുത്തയാഴ്ച വാപ്പിച്ചി ദുബായീന്ന് എത്തുന്നതിന് മുമ്പ് കല്യാണം വിളിയൊക്കെ തീർത്തോളണമെന്നാണ് ഓർഡർ. സപ്ളി ബാക്കിയുണ്ടന്നും പറഞ്ഞു വെറുതെ നടക്കണേനും ഒരതിരില്ലേ ? സമീറിനാണെങ്കിൽ തോന്നക്കൽ പഞ്ചായത്തിലെ ഓരോ വീടും കാണാപാഠം. പ്രത്യേകിച്ച് മൊഞ്ചത്തി കുട്ടികള് ഉള്ള വീടുകൾ. ബട്ടർ ചിക്കനെങ്കി ബട്ടർ ചിക്കൻ..
"എന്റെ പൊന്നു സമീറേ... ഷേയ്ക്ക്...കോഴിയൊക്കെ മ്മക്ക് വാങ്ങാം. പക്ഷേങ്കില് വിളിക്കാൻ പോണ വീട്ടില് ന്റെ മുത്ത് ആരേം കണ്ണിറുക്കി കാണിക്കര്ത് ! ഏറ്റാ ?"
ഓൻ മാനൂനെ ഒന്നു നോക്കി പല്ലിറുമ്മി..
"മ്മളെ ഒരു വെറും ജലന്ധർ ആക്കര്ത്ട്ട്രാ പട്ടീ..! നിക്കറിയാം ആര്ട് അട്ത്ത്... എന്തൊക്കെ പറയാന്ന്.. ഹൂം.."
ഷേയ്ക്കിന്റെ മേലെ അഹങ്കാരത്തോടെ ഇരുന്ന ചെറിപ്പഴം കൊണ്ടവൻ പല്ലു തേച്ചു. പിന്നെ നുണഞ്ഞു നുണഞ്ഞിറക്കി. ഫ്രീക്കൻ താടിയിൽ പറ്റിപ്പിടിച്ചിരുന്ന ഐസ്കീം ശകലങ്ങൾ നാവു നീട്ടി നക്കി. പിന്നെ കല്യാണം വിളിക്കായി ബൈക്കുമെടുത്ത് ഇറങ്ങി തിരിച്ചു.
ഈ ചങ്ക് സമീർ ഒരു സംഭവം തന്നെയാണ് ട്ടാ...! കൂട്ടുകാരൻ എന്ന് പറഞ്ഞാ ഇവനെ പോലെ ആവണം.
ഓരോ വീട്ടിലേക്കും കേറുന്നതിനു മുൻപേ തന്നെ ആ വീട്ടിലാരൊക്കെയുണ്ട്, ആരെയൊക്കെ പ്രത്യേകം അന്വേഷിക്കണമെന്നൊക്കെ അവൻ മാനൂന് ക്ളൂ കൊടുത്തു കൊണ്ടിരുന്നു. കല്യാണം വിളി ഉഷാറായി മുൻപോട്ടു പോയി കൊണ്ടിരിക്കുമ്പഴാണ് സംഗതികളുടെ ആരംഭം.
ഒരു വലിയ തറവാടിന്റെ ഗേറ്റ് കടന്ന് ടൈൽ പാകിയ വഴിയിലൂടെ ബൈക്ക് ആ മുറ്റത്തെത്തിയപ്പോഴേക്കും ചങ്ക് ക്ളാസ് എടുത്തു കൊടുത്തു.
"ഡാ... ഇത് നാട്ടിലെ പ്രമുഖ പ്രമാണിയായ സെയ്താലിക്കാടെ വീട്. ഏറ്റവും ഇളയ മോന്റെ ഫാമിലിയാ ഇപ്പോ തറവാട്ടിലുള്ളത്. ബാക്കി മൂന്ന് ആൺമക്കളുടെ വീട് ദേ... പറമ്പില് ആ കാണുന്നത് ഒക്കെ. കെട്ടിച്ചു വിട്ട രണ്ട് പെൺ മക്കളുടെ ഫോൺ നമ്പറും വാങ്ങണമെന്ന് ഉമ്മ പ്രത്യേകം.. ദേ.. ദിതിലു എഴുതീട്ടുണ്ട്. "
ഉത്തരവാദമുള്ള, കാര്യഗൗരവുള്ള ഒരു ആങ്ങളയായി മാനു കാളിങ്ങ് ബെല്ലിൽ വിരലമർത്തിയതും ഒരു കോറസ് കേട്ടു.
"ഹാപ്പി ബർത്ത് ഡേ റ്റൂ യൂ... ഹാപ്പി ബർത്ത് ഡേ റ്റൂ യൂ... ഹാപ്പി ബർത്ത് ഡേ ഡിയർ കുക്കുടൂ...."
രണ്ടാളും ഒന്നു മുഖത്തോടു മുഖം നോക്കിയപ്പോഴേക്കും ബർത്ത് ഡേക്കാരൻ തന്നെയെന്ന് തോന്നുന്ന ഒരു രണ്ടോ മൂന്നോ വയസ്സുകാരൻ വന്നു നിഷക്കളങ്കമായി ചിരിച്ചു. അച്ചോടാ... പാവം ! പിന്നെ ചാടിത്തുള്ളി മറിഞ്ഞു. കേക്കിന്റെ ശകലങ്ങൾ അവന്റെ മുഖത്തുണ്ടായിരുന്നു. റബർ പാലു കുടിച്ചാണാവോ ഇത് വളർന്നതെന്ന് ആലോചിച്ച് നില്ക്കേ സെയ്താലിക്കാടെ ഇളയ മോൻ ചിരിയോടെ "ഹാ... ഹാരിത്.." എന്നൊരു ചോദ്യവുമായി വന്നു.
കല്യാണം വിളിക്കാൻ വന്നതാന്നു പറഞ്ഞപ്പോഴേക്കും അകത്തു നിന്നു വലിയൊരു സൈന്യം തന്നെ ഇറങ്ങി വന്നു. പഴയ കുടുംബ സുഹൃത്തിന്റെ മോനേയും കൂട്ടുകാരനേയും കണ്ടതോടെ..." ഹള്ളോ.... എത്ര നാളായി പുള്ളേനേ കണ്ടിട്ട്..." എന്നൊക്കെ പറഞ്ഞ് വല്യമ്മമാരും പെണ്ണുങ്ങളും ചുറ്റി വളഞ്ഞു.
ഈ പുള്ള എന്റെ ഒക്കത്ത് എത്ര അപ്പിയിട്ടതാന്നറിയോന്ന് പെണ്ണുങ്ങൾ പരസ്പരം വാദിച്ചു. പിന്നെ സ്നേഹത്തോടെ അകത്തേക്ക് കൂട്ടികൊണ്ടു പോയി ബെർത്ത് ഡേ കേക്ക് കൊടുത്തു. ടാങ്ക് കലക്കിയ വെള്ളം കൊടുത്തു.. ( ആ ടാങ്ക് അല്ല.. ഇത് വേറേ ടാങ്ക് ) ഇനീപ്പോ ബിരിയാണീം തിന്നിട്ട് പോയാ മതിന്നും പറഞ്ഞ് ഒരേ നിർബന്ധവും.
സ്നേഹവായ്പുകൾക്കിടയിൽ മാനു ഓദ്യോഗിക കല്യാണ വിളിയിലേക്ക് കടന്നു. അതിനിടയിൽ ബുക്ക് നോക്കി നാല് ചേട്ടനനിയന്മാര്, രണ്ടു പെങ്ങന്മാര് എന്ന് ചങ്ക് പുറകിൽ നിന്ന് മന്ത്രിച്ചു കൊടുക്കലും ആ ബുക്ക് അന്നത്തെ വീട്ടിലെ താരം കുക്കുടുമോൻ വന്ന് തട്ടിപറിച്ചിട്ട് പോയി.
"ഇനീപ്പ എങ്ങടും പോകണ്ട... അയിശേം ജമീലേം പുയ്യാപ്പളമാരും ഒക്കെ ഇബടെ തന്നെ ഇണ്ടല്ലാ.. എല്ലാരേം നേരിട്ടു തന്നെ വിളിച്ചോളിൻ.." എന്നവർ വളരെ സന്തോഷത്തോടെ പറഞ്ഞു. മാനു കേക്ക് തിന്ന സന്തോഷത്തോടെ ഓരോരുത്തരോടായി കുശലാന്വേഷണങ്ങളും കല്യാണം വിളിയും നടത്തിക്കൊണ്ടിരുന്നു.
അപ്പോഴാണ് ഒരു അശരീരി എല്ലാവരേയും സ്തബ്ദരാക്കി ഉയർന്നത്.
" എണ്ണക്കള്ളൻ സെയ്താലി...!"
ഒരു ഞെട്ടലോടെ, എല്ലാവരുടേയും കണ്ണുകൾ ആ ശബ്ദത്തിന്റെ ഉടമസ്ഥനു മേൽ തിരിഞ്ഞു. ആറിലോ ഏഴിലോ പഠിക്കുന്ന ഒരു പെൺകൊച്ച് അവർ ക്ഷണിക്കാൻ കൊണ്ടു പോയ നോട്ട് ബുക്ക് കുക്കുടുവിൽ നിന്ന് വാങ്ങി തന്റെ മലയാള ഭാഷാ പരിജ്ഞാനം പ്രകടിപ്പിച്ചതാണ്.
നാട്ടിലെ വീരശൂര പരാക്രമിയും പ്രമാണിയുമായ സെയ്താലി ഹാജിയെ തന്റെ ശ്രവണ സഹായി വളരെ വ്യക്തമായതു കേൾപ്പിച്ചു കൊടുത്തു.."എണ്ണക്കള്ളൻ... "
ചെറുപ്പകാലത്തെ ചില ദാരിദ്ര കഥകളിലേക്ക് സെയ്താലിക്ക മനസ്സു കൊണ്ടു പോകുമ്പോ, മറ്റുള്ളവർക്കു തടയാനോ, വാങ്ങാനോ കഴിയുന്നതിനു മുമ്പു അവൾ അടുത്തതും വായിക്കാൻ തുടങ്ങി.
"ജമ്പറുകണ്ണൻ മുഹമ്മദാലി..."
തന്റെ പിതാവിന്റെ പഴയ സ്ഥാനപ്പേര് കേട്ട് തന്നെ വാ പൊളിച്ചു നിന്നിരുന്ന സെയ്താലിക്കാടെ മൂത്ത മകൻ മുഹമ്മദാലിയുടെ വായിൽ നിന്നും അപ്പോൾ ഒരു കഷണം കേക്ക് പീരങ്കിയുണ്ട പോലെ തെറിച്ചു പോയി.
സമീർ മാനുവിനെ ഒന്നു തോണ്ടി പ്ളിംഗിത വദനനായി വായനക്കാരിയുടെ കയ്യിലെ ബുക്കിലേക്കാംഗ്യം കാട്ടി. പുറകിലെവിടുന്നോ പല്ലിറുമ്മുന്ന ശബ്ദം ഡോൾബിയിൽ കേട്ടു ദേഹത്ത് കുളിരു കോരി.
ഒറ്റ നിമിഷം കൊണ്ടു തൊണ്ട വറ്റിവരണ്ടു ഭാരതപ്പുഴയായി..
"കുളക്കോഴി പരീത്.."
പത്രക്കാരെ കണ്ടാൽ വായിൽ തോന്നിയത് വിളിച്ചു പറയുന്ന ഒരു എം എൽ എ യേപ്പോലെ സ്ഥലകാല ബോധമില്ലാത്ത ആ പിശാശ് കൊച്ച് വായന തുടരുകയാണ്..
മാനുവിന്റെ കണ്ണിലിരുട്ടു കയറി. കാലുകൾ തളരുന്നതു പോലെ.. കയ്യിലെ ടാങ്ക് ഗ്ളാസ് വിറച്ചു തുളുമ്പിക്കൊണ്ടിരുന്നു..
സെയ്താലിക്കയും സന്തതിപരമ്പരകളും പുയ്യാപ്ളമാരും ഒക്കെ വായിക്കുന്ന കൊച്ചിനേയും അവരേയും ചുവന്ന കണ്ണുകളോടെ കത്തി ഭാവത്തിൽ മാറി മാറി നോക്കി.
മാനൂന്റെ ചെവിക്കരികിലേക്ക് തല കൊണ്ടുവന്ന് "ബാ... പൂവാം..." എന്നൊരു വിറക്കുന്ന മന്ത്രണം നടത്തി സമീർ. വിളറി വെളുത്ത് നിൽക്കുന്ന ആ വീട്ടുകാർക്കിടയിലൂടെ നടക്കാൻ പറ്റാതെ കല്ലു പോലെ നിന്നു പോയി മാനു. അതിനിടക്ക് ഭാവിയിലെ മലയാളം അധ്യാപിക പിന്നേയും അതിന്റെ നശിച്ച വായന തുടർന്നു.
"പലിശക്കാരൻ അന്ത്രു.... തൊരപ്പൻ ബാവ... ഒളിച്ചോട്ടം ആയിശ... പടക്കം ജമീല..." ഹോ... എന്തൊരു അച്ചരപ്പുടത !
എന്തും വരട്ടെയെന്നുറപ്പിച്ച് സമീർ മാനൂന്റെ കൈയും വലിച്ചു പിടിച്ചു പുറത്തേക്ക് ഓടി. ബൈക്കിനടുത്തേക്ക് എത്തിയപ്പോ ആ വൃത്തികെട്ട സാധനം ആണെങ്കിൽ സ്റ്റാർട്ട് ആവുന്നുമില്ല.
ബൈക്കും തള്ളി റോഡിലേക്കോടുമ്പോ പുറകിൽ ചില അശരീരികൾ കേൾക്കുന്നത് ആ ചങ്ക്സ് കേട്ടില്ലെന്ന് വച്ചു.
" ജമ്പറുകണ്ണൻ നിന്റെ വല്യാപ്പ.."
"തൊരപ്പൻ നിന്റെ വാപ്പ.."
"പടക്കം നിന്റെ വല്യുമ്മ.. "
©അഷ്റഫ് തേമാലി പറമ്പിൽ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot