നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചിലമ്പൊലി (കഥ )


എറണാകുളം സൗത്ത് സ്റ്റേഷനിൽ, രണ്ടാം നമ്പർ പ്ലാറ്റ് ഫോമിൽ വെച്ച് രാകേഷിന്റെ കൈ പിടിച്ചു യാത്ര ചോദിച്ചതിന് ശേഷവും, പിന്നെയും വളരെ നേരം കഴിഞ്ഞാണ് ഞാൻ വണ്ടിയിലേക്ക് കയറിയത്.
വാതിൽക്കൽ നിന്ന് രാകേഷിനെ നോക്കിയപ്പോൾ അവൻ തോളിൽ കിടന്ന ഷോൾഡർ ബാഗെടുത്തു അതിലെന്തോ തിരയുന്നു. വിലപ്പെട്ടതെന്തോ അവൻ എനിക്ക് കൈമാറുമെന്ന് മനസിൽ ഒരു തോന്നൽ. . ബാഗിൽ നിന്നും അവൻ വലിച്ചെടുത്ത കറുത്ത ചട്ടയുള്ള ഡയറിഎന്റെ തോന്നൽ തെറ്റിച്ചുമില്ല..
രണ്ടു മാസം മുന്നേ എന്നെ വിട്ടുപോയ എന്റെ പ്രിയപ്പെട്ട അച്ഛന്റെ ഡയറി ..
അതെങ്ങിനെ അവന്റെ കൈയിൽ ?
അമ്പരന്നതിലേക്ക് നോക്കി നിൽക്കുന്ന എന്റെ കൈയിലേക്ക് അവൻ അത് നീട്ടിയതും വണ്ടി മെല്ലെ നീങ്ങി തുടങ്ങി.. അത് മാറോടു ചേർത്ത്പിടിച്ചു നിന്നപ്പോൾ , എന്തോ പറയാനുള്ളതു പോലെ അവന്റെ കണ്ണുകൾ തിളങ്ങി.... എന്നിട്ടും മൗനം ഞങ്ങളെ ഒരു വലക്കുള്ളിൽ കുരുക്കി . അതിനുള്ളിൽ ശ്വാസം നഷ്ട്ടപ്പെട്ടു കൊണ്ടിരിക്കുന്ന രണ്ടു മീനുകളെ പോലെ ഹൃദയങ്ങൾ പിടഞ്ഞു.
ഉച്ച നേരത്തു സ്റ്റേഷനിൽ വീശിയടിച്ച കാറ്റിന് പോലുംവല്ലാത്ത മരവിപ്പ്..
ഇനി… ഒരു കൂടിക്കാഴ്ച രണ്ടു വര്ഷങ്ങള്ക്കു ശേഷം മാത്രം.
അവനിട്ടിരുന്ന കറുത്തഷർട്ട് ഒരു പൊട്ടു പോലെ ദൂരെ ദൃശ്യമാവുന്ന വരെ നോക്കി നിന്നു . പിന്നെ ബാഗുമെടുത്തു ഞാൻ കംപാർട്മെന്റിന് അകത്തേക്കു നടന്നു..
നിറഞ്ഞു തുളുമ്പിയ കുടം പെട്ടെന്നെടുത്തു നിലത്തേക്ക് കമിഴ്ത്തി പോലെ ഒരു ശൂന്യത എനിക്ക് തോന്നി..
പതിനൊന്നാം സീറ്റിൽ ഇരിക്കുമ്പോഴും എത്രയും പെട്ടെന്ന് ഡയറി തുറക്കാൻ മനസ് വെമ്പൽ കൊണ്ടു .അതിനോടൊപ്പം തന്നെ ഇതെങ്ങിനെ രാകേഷിന്റെ കൈയിൽ എത്തിയെന്ന ചിന്തയും..
വലിയ രണ്ടു ബാഗുകൾ സീറ്റിനടിയിൽ ഒതുക്കി വെച്ച് ,ഹാൻഡ് ബാഗ് അരികിൽ വെച്ച് ജനാലക്കരികിൽ ഒതുങ്ങിയിരുന്നു. ബോഗിയിൽ വലിയ തിരക്കില്ല. രാകേഷ് പറഞ്ഞത് ശരിയാണ്. ഭുവനേശ്വർ വരെ ആരാണ് രണ്ടു ദിവസം ട്രെയിനിൽ യാത്ര ചെയ്തു പോവുന്നത് ?
ചിന്തകളുമായി കൂട്ടുപിടിച്ചു , ഓർമകളെ കൂട്ട് വിളിച്ചു ഇങ്ങിനെയൊരു യാത്ര എന്റെ സ്വപ്നമാണ്..
ഒറ്റയ്ക്ക്..
ഏറ്റവുമൊടുവിൽ , ഒറ്റയ്ക്ക് നീണ്ട യാത്ര ചെയ്തത് അനന്തുവിന്റെ മുംബൈയിലെ ഫ്ലാറ്റിൽ നിന്നും അച്ഛന്റെ അടുത്തേക്ക് നാട്ടിലേക്കു മടങ്ങുമ്പോഴാണ്.. ആറു വര്ഷങ്ങള്ക്കു മുന്നേ..
അന്നെന്റെ കൂടെ കൂട്ടായി ഉണ്ടായിരുന്നത് അനന്തു വലിച്ചെറിഞ്ഞപ്പോൾ പൊട്ടിപോയ എന്റെ പ്രിയപ്പെട്ട ചിലങ്കയുടെ സ്വർണ്ണ മുത്തുകൾ മാത്രം..
ചിതറിയപോയ സ്വപ്നങ്ങളെ പോലെ അവ കണ്ണുകൾക്ക് മുന്നിൽ ഉരുണ്ടു കളിച്ചു.
ആ യാത്രയിൽ പലപ്പോഴും വണ്ടിയുടെ വാതിലിനരികിൽ ഞാൻ ചെന്ന് നിന്നു. പുറത്തെ കട്ട പിടിച്ച ഇരുട്ടിൽ നിന്ന് പലപ്പോഴും മരണമെന്നെ മാടി വിളിച്ചു.. മകളുടെ മനസറിഞ്ഞു അത് തടയാനെന്ന മട്ടിൽ ഇടക്കിടെ അച്ഛന്റെ ഫോൺ വിളികൾ . അച്ഛനെക്കാൾ നന്നായി എന്നെ അറിഞ്ഞത് ആരാണ്?
പിന്നെ ഒരു പോരാട്ടമായിരുന്നു. മകളെ ജീവിതത്തിലേക്ക് തിരിച്ചു പിടിക്കാൻ അച്ഛനും പൊട്ടിച്ചിതറിയ മുത്തുകൾ വാരി കൂട്ടാൻ മകളും..
മടിയിലിരിക്കുന്ന കറുത്ത ഡയറി കൈയിലെടുത്തു..
രണ്ടു മാസം മുന്നേ ഒരു വെള്ളിയാഴ്ചയാണ് ഈ ഡയറി അവസാനമായി കണ്ടത് . രാവിലെആറു മണിക്ക് പതിവ് പോലെ ചായയുമായി മുറിയിലേക്ക് ചെല്ലുമ്പോൾ അച്ഛൻ ബാത്റൂമിലായിരുന്നു. കറുത്ത് ചട്ടയുള്ള ഈ ഡയറി അച്ഛന്റെ കട്ടിലിൽ അലക്ഷ്യമായി കിടന്നിരുന്നു. എന്നും രാത്രിയിൽ അച്ഛൻ അതിൽ എഴുതുന്നത് കാണാം. പിന്നീട് അതിൽ കൂടെ ഒരിക്കൽ കൂടെ കണ്ണുകൾ ഓടിച്ചു തലയണക്കടിയിൽ വെച്ച് കിടന്നുറങ്ങും.
ബെഡ്റൂമിലെ അച്ഛന്റെ ചുവർ അലമാരകൾ നിറയെ എഴുതി തീർന്ന ഒരു പാട് ഡയറികൾ ഉണ്ട്. എല്ലാം കറുത്ത നിറത്തിൽ . ഇടക്ക് അവയെല്ലാമെടുത്തു പൊടി തുടച്ചു വെക്കുമ്പോൾ എന്താണ് അച്ഛൻ അതിൽ എഴുതിയിരിക്കുന്നതെന്നറിയാൻ ആകാംഷ തോന്നുമെങ്കിലും ഒരു പേജ് പോലും ഇന്ന് വരെ മറിച്ചു നോക്കിയിട്ടില്ല.
അന്നും കിടക്കയിലെ ഡയറിയിലേക്കു കൈകൾ നീണ്ടു. പിന്നെ സ്വയം ശാസിച്ചു, ഡയറി എടുത്തു മേശക്കു മുകളിൽ വെച്ച്, അച്ഛന്റെ കിടക്ക തട്ടി വിരിച്ചു. അപ്പോഴേക്കും അച്ഛൻ ബാത്റൂമിൽ നിന്നും പുറത്തേക്കു വന്നിരുന്നു.
പിറ്റേന്ന് രാവിലെ ചായയുമായി ചെന്നപ്പോൾ ഡയറി നെഞ്ചോട് ചേര്ത്തു പിടിച്ചു അച്ഛൻ കിടക്കുന്നു.
അവസാനമായി അച്ഛൻ എഴുതിയ കുറിപ്പുകൾ നീല മഷിയിൽ അതിൽ തെളിഞ്ഞു കിടന്നിരുന്നു...
പിന്നീട് ഒരാഴ്ചക്ക് ശേഷമാണു ആ ഡയറിയെ കുറിച്ച് ഓര്മ വന്നത്. വീട് മുഴുവൻ തിരഞ്ഞിട്ടും അത് കണ്ടെത്താൻ കഴിഞ്ഞില്ല. രാകേഷിനോട് പല തവണ ചോദിക്കണമെന്ന് കരുതി .അച്ഛൻ മരിച്ചപ്പോൾ ആദ്യം ഓടി വന്നത് അവനായിരുന്നല്ലോ?അവന്റെ കൈയിൽ അതെങ്ങിനെ വരാൻ ..അല്ലെങ്കിൽ അത് അവനു എന്തിനു എന്ന് ചോദ്യങ്ങൾ സ്വയം ചോദിച്ചു, അതിനെ വിട്ടു കളഞ്ഞു. ഡയറി തുറന്നു ,സെപ്തംബര് പതിനൊന്നിന് അച്ഛൻ അവസാനമായി നീല മഷിയിൽ കുറിച്ച കുറിപ്പുകളിൽ കണ്ണോടിച്ചു..
ദൈവമേ......
ഒരിക്കല് പോലും മനസിലുള്ളത് അച്ഛൻ എന്നോട് പറഞ്ഞില്ലലോ ?
“വെറുതെ കിടക്കുകയല്ലേ മോളെ വീടിന്റെ മുകൾ വശം ? നമുക്കു എന്തിനാണ് ഇത്ര വലിയ വീട്. എന്റെ ഒരു സുഹൃത്തിന്റെ മകൻ ,രാകേഷ് ഇവിടെ ബാങ്കിൽ ട്രാൻസ്ഫർ ആയി വരുന്നുണ്ട്. അവനു കൊടുക്കാം. നല്ല പയ്യനാണ്. നമുക്കു ഒരു ശല്യവും അവനെ കൊണ്ട് ഉണ്ടാവില്ല. പ്രത്യേകിച്ചും നിന്റെ ഡാൻസ് ക്ലാസിനു. “
രാകേഷ് വന്ന അന്ന് മാത്രമാണ് ഞാൻ അവനെ കണ്ടത്. ഇടക്ക് അച്ഛൻ നടക്കാൻ ഇറങ്ങുമ്പോൾ മുകളിലേക്ക് നോക്കി സംസാരിക്കുന്നതു കാണാം. ചിലപ്പോഴൊക്കെ എന്റെയും അച്ഛന്റെയും സംസാരത്തിനിടയിൽ പെട്ടെന്ന് വരുന്ന ഒരു ചാറ്റൽ മഴ പോലെ അവൻ കടന്നു വരും. വന്നത് പോലെ ആ വിഷയം പോവുകയും ചെയ്യും .
അന്ന് ,ആ ശനിയാഴ്ച രാവിലെയാണ് ഞാൻ ആദ്യമായ് അവനെ തേടി മുകളിലേക്കു ഓടിയത്. അതിലും വേഗത്തിൽ അവനെന്റെ മനസിലേക്ക് ഓടിക്കയറുന്നമെന്നറിയാതെ …
അച്ഛന്റെ മരണ ശേഷം അനന്തുവുമായി പിരിഞ്ഞ ശേഷമുള്ള അവസ്ഥയിലേക്ക് തന്നെ ഞാൻ തിരിച്ചു പോയി....ഡാൻസ് ക്ലാസിനു വരുന്ന കുട്ടികളെ തിരിച്ചയച്ചു . നടരാജ വിഗ്രഹത്തിനു മുന്നിലിരിക്കുന്ന ചിലങ്കകൾ പലവട്ടം കൈയിലെടുത്തു. കുനിഞ്ഞു കാലിലണിയാൻ ശ്രമിച്ചെങ്കിലും കഴിയാതെ തിരിച്ചു വെച്ചു .
എനിക്കിനി നൃത്തം ചവിട്ടാൻ സാധിക്കില്ല.. മീര എന്ന നർത്തകി മരിച്ചു.. അവളുടെ അച്ഛനോടൊപ്പം..
ആ നർത്തകിയെ ആണ് രാകേഷ് എന്ന മൃതസഞ്ജീവനി പുനർജനിപ്പിച്ചത് ..
രണ്ടാഴ്ച കഴിഞ്ഞു ഒരു ദിവസം ഒന്നും ചെയ്യാനില്ലാതെ ബെഡ് റൂമിൽ തലയിണയിൽ മുഖമമർത്തി കിടക്കുമ്പോഴാണ് പുറത്തെ കാളിങ് ബെൽ മുഴങ്ങിയത്.
മുഖം തുടച്ചു വാതിൽ തുറന്നപ്പോൾ രാകേഷ്.
“മീര, ഞാൻ അകത്തേക്കു കയറട്ടെ.. “
“മീര “എന്നാദ്യമായി അവൻ വിളിച്ചു കേട്ടപ്പോൾ എന്തോ വല്ലായ്മ തോന്നി. രാകേഷിന് ഇരുപത്തിയൊന്പത് വയസായെന്നും വിവാഹാലോചനകൾ നടക്കുന്നു എന്നും അച്ഛൻ പറഞ്ഞതായി ഓർത്തു. എങ്ങിനെ വന്നാലും ആറേഴു വയസു എനിക്ക് കൂടുതലുണ്ട് . ഡാൻസ് ക്ലാസിനു വരുന്ന കുട്ടികൾ വിളിക്കുന്ന പോലെ , ടീച്ചർ എന്ന് വിളിക്കാമായിരുന്നു..
അവൻ അകത്തേക്ക് കടന്നു ,സോഫയിൽ ഇരുന്നപ്പോഴും ഞാൻ വാതിൽക്കൽ തന്നെ നിൽക്കുകയായിരുന്നു .
‘ മീര ഇരിക്ക്. എനിക്ക് സംസാരിക്കാനുണ്ട് ‘
മീര വീണ്ടും ഡാൻസ് ക്ലാസുകൾ തുടങ്ങണമെന്നും ബുക്ക് ചെയ്ത പരിപാടികൾ നടത്തണമെന്നും അവൻ പറഞ്ഞപ്പോൾ യാന്ത്രികമായി തല കുലുക്കി.
പിനീടുള്ള വൈകുന്നേരങ്ങളിൽ അവൻ നിത്യ സന്ദര്ശകനായപ്പോൾ അവന്റെ ആജ്ഞകളെ. പതിയെ പതിയെ അനുസരിച്ചു തുടങ്ങി. കുട്ടികൾക്ക് ചുവടു പറഞ്ഞു കൊടുക്കുമ്പോൾ, വലിയ ഹാളിന്റെ മൂലയിൽ ഒതുങ്ങിയിരുന്നു നോക്കുന്ന അവനെ സ്നേഹിച്ചു തുടങ്ങി..
ഒന്നര വർഷത്തോളമായി രാകേഷ് വീടിന്റെ മുകൾ നിലയിൽ താമസിക്കുന്നു. പക്ഷെ വഴിവക്കിൽ എവിടെ വെച്ച് കണ്ടാലും എനിക്കവനെ തിരിച്ചറിയാൻ കഴിയില്ലായിരുന്നു. അത്രയ്ക്ക് അപരിചിതമായിരുന്നു അവന്റെ രൂപം.
എത്ര പെട്ടെന്നാണ് അവന്റെ രൂപവും ഭാവങ്ങളും ശബ്ദവും എല്ലാമെനിക്ക് പരിചിതമായത്?
എത്ര പെട്ടെന്നാണ് ചിതറി തെറിച്ച സ്വപ്നങ്ങളെ അവൻ ചിലങ്ക കെട്ടിച്ചത്..? രാവും പകലും മറന്നു, വെയിലും മഴയും അറിയാതെ അവ നൃത്തം തുടങ്ങിയത്..
“ രാധ റാണി നാഛേ .. നാഛേ രെ ..
കി രാധ റാണി നാഛേ ...”
ഞാനവനെ ,അവനറിയാതെ പ്രണയിച്ചു തുടങ്ങി..
എങ്കിലും അവന്റെ സാമീപ്യത്തിൽ തുള്ളി ചാടുന്ന മനസിനെ പലവട്ടം ശാസിച്ചു. "അരുത് മീര . അവൻ നിനക്കൊരു നല്ല സുഹൃത്താണ് . സുഹൃത്ത് മാത്രം. ഏഴ് വയസെങ്കിലും ഇളയവൻ... നിന്നെക്കാൾ മുതിർന്ന അനന്തുവിനു നിന്നെ മനസിലാക്കാൻ സാധിച്ചില്ല. വെറുതെ സ്വപ്നങ്ങളുടെ ചില്ലു കൊട്ടാരം പണിയരുത്. ഉടഞ്ഞു വീണാൽ മുറിവേൽക്കും.. അനന്തുവിനെ മറക്കാൻ നിനക്ക് നിന്റെ അച്ഛൻ കൂടെയുണ്ടായിരുന്നു. ഇനി താങ്ങായി നീ മാത്രമേ ഉണ്ടാവു എന്ന ഓര്മ വേണം. ”
പിനീട് രാകേഷിന്റെ സാമീപ്യത്തിൽ സ്വയം മറന്നു കുതിരയെപ്പോലെ ചാടുന്ന മനസിനെ പിടിച്ചു കെട്ടി. ഈ ഭുവനേശ്വർ യാത്രയും അത്തരമൊരു പിടിച്ചു കെട്ടലാണ് .അവനിൽ നിന്നും ദൂരേക്ക് .. വളരെ ദൂരേക്ക്..
രണ്ടു വര്ഷം കഴിഞ്ഞു മടങ്ങി വരുമ്പോൾ അവൻ വിവാഹിതനായി കാണും..
"മീര .. മീരയുടെ വലിയ ആഗ്രഹമാണ് ഒഡീസി നൃത്തമെന്നു അങ്കിൾ പലതവണ എന്നോട് പറഞ്ഞിട്ടുണ്ട്. അവിടത്തെ കല ക്ഷേത്രയിൽ എല്ലാം റെഡി ആക്കിയിട്ടുണ്ട്. അങ്കിളിനെ വിട്ടു ഇത്ര ദൂരം പോവാൻ മീര കൂട്ടാക്കാതിരുന്നത് രണ്ടു വർഷത്തെ നീണ്ട പഠനകാലം കൊണ്ടായിരുന്നു എന്നും അങ്കിൾ പറഞ്ഞിട്ടുണ്ട് .മീര പോയി വരൂ..വലിയൊരു നർത്തകിയായി മടങ്ങി വരണം,മാധവി മുദ്ഗലിനെ പോലെ,സൊനാലിയെ പോലെ...”
സ്ത്രീക്ക് പുരുഷൻ അവളുടെ വീഴ്ച്ചകളിലും ഉയർച്ചകളിലും താങ്ങായി നിൽക്കുന്നവനാവണം . ഏതു പൊരി വെയിലിലും ഒരു വടവൃക്ഷമായി അവൾക്ക് തണലേകുന്നവന് .. അവനു പ്രായമില്ല, ജാതിയില്ല, മതവുമില്ല ,സൗന്ദര്യവുമില്ല. അങ്ങിനെ നിൽക്കുന്ന ഒരാൾ
അച്ഛനായാലും കാമുകനായാലും ഭർത്താവായാലും മകനായാലും സുഹൃത്തായാലും അവൾക്കു പുരുഷൻ മാത്രം..
രാകേഷ് പുരുഷനായിരുന്നു. എന്നിലെ ആഗ്രഹങ്ങളെ , കഴിവുകളെ വളർത്താൻ കൂടെ നിന്ന പുരുഷൻ..
ചെറുപ്പം മുതലേ കളിച്ചു വളർന്ന അനന്തു ഇടക്ക് എപ്പോഴോ സ്വാർത്ഥനായി. നൃത്തം കഴിഞ്ഞു തളർന്നു വരുന്ന രാവുകളിൽ “കണ്ടിടത്തു പോയിആടി കൊഴഞ്ഞു വരുമ്പോൾ നിനക്ക് കവലിരിക്കാൻ ഞാൻ നിന്റെ കാവൽ പട്ടിയല്ല “എന്നവൻ അലറി .
വാക്കുകൾക്കു വാളിനേക്കാൾ മൂർച്ച കൂടിയപ്പോൾ ശരീരത്തിനും മനസിനുമേറ്റ ക്ഷതങ്ങൾക്ക് ആഴം കൂടി.
“ഇനി നീ നൃത്തം ചവിട്ടരുത്. “
അവസാനമായി പറഞ്ഞു, അനന്തു ചിലങ്കൾ വലിച്ചെറിഞ്ഞു. അതോടെ അത്രയും വർഷങ്ങൾ അവനേകിയ മുറിവുകൾ പഴുത്തു ചീഞ്ഞു .. രണ്ടു വർഷമാണ് ,നടന്നു തുടങ്ങിയ പ്രായം മുതൽ ഒപ്പം കൂട്ടിയ ചിലങ്കകളെ അവനു വേണ്ടി മാറ്റി വെച്ചത്.
“നൃത്തമില്ലാതെ എനിക്ക് ജീവിക്കാൻ വയ്യ അച്ഛാ “എന്ന് പറഞ്ഞപ്പോൾ മറുത്തൊന്നും പറയാതെ അച്ഛൻ പറഞ്ഞു. “എന്റെ മോൾ ഇങ്ങു പോരു ..”
ഞാൻ കണ്ട ഒരേ ഒരു പുരുഷൻ എന്റെ അച്ഛൻ മാത്രമായിരുന്നു.
ഇനി ഒരു ഭർത്താവ് നിനക്ക് വേണ്ടേ എന്ന് അച്ഛനും എനിക്കൊരു ഭർത്താവ് വേണമെന്ന് ഞാനും പറഞ്ഞതേയില്ല. മറ്റൊരു വിവാഹം എന്റെയും അച്ഛന്റെയും സംസാരത്തിൽ കഴിഞ്ഞ വർഷങ്ങളിൽ കടന്നു വന്നതേയില്ല.
പക്ഷെ, ഞാനിപ്പോൾ കൈയിൽ പിടിച്ചിരിക്കുന്ന ഈ കറുത്ത ഡയറിയിലെ താളുകളിലെ നീല അക്ഷരങ്ങൾ എന്നോട് സംസാരിക്കുന്നത് അച്ഛന്റെ വാക്കുകളാണ്..
" മോളെ , അച്ഛനറിയാം . നൃത്തവും അച്ഛനും മാത്രമാണ് നിന്റെ ജീവിതമെന്നു. പക്ഷെ ഇന്ന് രാകേഷ് എന്നോട് സംസാരിച്ചു. അവനു നിന്നെ വിവാഹം കഴിക്കണമെന്നുണ്ടെന്നു. അവൻ അനന്തുവിനെ പോലെയല്ല. നിന്നെക്കാൾ, നിന്റെ നൃത്തത്തെ സ്നേഹിക്കുന്നവൻ. എനിക്കറിയാം, രാകേഷ് നിന്റെ ആഗ്രഹങ്ങൾക്ക് ഒരിക്കലും എതിര് നിൽക്കില്ല. പക്ഷെ എനിക്ക് പേടിയാണ് മോളെ.. നിന്നെ... പിന്നെ വിവാഹ മോചിതയായ മകളെ , പ്രായത്തിൽ ഇളയവനായ പാവം മകന്റെ തലയിൽ കെട്ടി വെച്ചു എന്നാരോപിക്കാൻ തയ്യാറായി നിൽക്കുന്ന എന്റെ കൂട്ടുകാരനെ.. സമൂഹത്തെ.. അത് കൊണ്ട് തന്നെ രാകേഷ് പല നാളുകളായി പറയുന്ന ഈ കാര്യം എനിക്ക് നിന്നോട് പറയാൻ ധൈര്യം തോന്നിയതേയില്ല. അച്ഛന്റെ ഈ ഇഷ്ടം ,ഗുരുവായൂരപ്പന്റെ കൈകളിൽ സമർപ്പിക്കുകയാണ്. ഭഗവാൻ നിന്നെ കാത്തു രക്ഷിക്കട്ടെ.. അച്ഛൻ ഇല്ലെങ്കിലും "
നീല മഷിയിൽ നനവ് പടരുത് ഞാൻ അറിഞ്ഞു.
കണ്ണ് തുടച്ചു, പുറത്തേക്ക് നോക്കുമ്പോൾ ചെറിയ ചാറ്റൽ മഴ.. കാറ്റിലൂടെ മഴ തുള്ളികൾ വീണ് നീല മഷി പടരാതിരിക്കാൻ ജനാലയുടെ ഷട്ടർ താഴ്ത്തി. വീണ്ടും അച്ഛന്റെ വരികളിലേക്കു നോക്കി കൊണ്ട് ഞാനിരിക്കുമ്പോൾ ബാഗിലിരുന്നു ഫോൺ ശബ്ദിച്ചു.
അത് രാകേഷ് ആയിരിക്കുമെന്ന് എനിക്ക് തോന്നി. എന്റെ തോന്നലുകൾ ശരിയെന്നു ബോധ്യപ്പടുത്തി ഫോണിൽ അവന്റെ ശബ്ദം.
തിളച്ചു മറിഞ്ഞു കിടക്കുന്ന മരുഭൂമിയിലേക്ക് പെയ്യുന്ന മഴ പോലെ …
" മീര.. നീയിപ്പോൾ അങ്കിളിന്റെ ഡയറി വായിച്ചു കഴിഞ്ഞു കാണുമെന്നു എനിക്കറിയാം. അങ്കിൾ അതിൽ എഴുതിയിരിക്കുന്നത് ശരിയാണ് ,ഞാൻ നിന്നെ ഇഷ്ടപ്പെടുന്നു. സ്നേഹിക്കുന്നു. നിന്റെ നൃത്തത്തെ പ്രണയിക്കുന്നു. ഞാൻ കാത്തിരിക്കും. രണ്ടു വര്ഷം കഴിഞ്ഞു നീ വരുമ്പോൾ നിന്റെ വീടിന്റെ മുറ്റത്തു നിന്റെ സ്വപ്നങ്ങളിലെ നൃത്ത വിദ്യാലയം പൂർത്തിയിട്ടുണ്ടാവും. അങ്കിൾ പറഞ്ഞത് പോലെ...
"
പിന്നെയും എന്തൊക്കെയോ അവൻ പറഞ്ഞു കൊണ്ടിരുന്നു. ഞാനതൊന്നും കേട്ടതേയില്ല..
മനസ്സിൽ , വേദി ഒരുങ്ങി..
പാദങ്ങൾ ചിലങ്ക അണിഞ്ഞു ...
കൈകാലുകൾ അതിദ്രുതം ചലനം തുടങ്ങി..
ചിലമ്പൊലി മുഴങ്ങി..
" രാധ റാണി നാഛേ .. നാഛേ രെ ...
കി രാധ റാണി നാഛേ ...”
പ്രണയത്തിന്റെ ഈ ചിലമ്പൊലികൾ അവസാനിക്കാതിരുന്നെങ്കിൽ ...

*** സാനി മേരി ജോൺ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot