നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

രണ്ടു ഭാര്യമാർ

Image may contain: Jainy Tiju, smiling, outdoor

" മോളെ, ആനീസേ, ഒന്നിങ്ങോട്ട് വന്നേ ".
അപ്പച്ചന്റെ പരിഭ്രമം കലർന്ന വിളികേട്ടാണ് ഞാൻ അടുക്കളയിൽ നിന്നും ഓടിച്ചെന്നത്. മൊബൈലും കയ്യിൽ പിടിച്ചിരുന്നു വിറയ്ക്കുകയായിരുന്നു അപ്പച്ചൻ..
" മോളെ, നമ്മുടെ ജോസിമോൻ, അവനെന്തോ ആക്‌സിഡന്റ് ആയെന്നോ ഹോസ്പിറ്റലിൽ ആണെന്നോ ഒക്കെ വിൻസി വിളിച്ചു പറഞ്ഞു. നിന്നെയും കൊണ്ട് വേഗം ചെല്ലാൻ.. "
" അയ്യോ എന്റെ ഈശോയെ " എന്നൊരു വിളിയോടെ ഞാൻ ഒരുനിമിഷം തളർന്നു സോഫയിലേക്കിരുന്നു.. പിന്നെ മനഃസാന്നിധ്യം വീണ്ടെടുത്ത് പെട്ടന്ന് അപ്പച്ചനോടൊപ്പം കാറിനരികിലേക്ക് ഓടി.
" മോളെ, പിന്നെ... ലിസാമ്മയോടും അമ്മച്ചിയോടും ഇപ്പോഴൊന്നും പറയണ്ട എന്ന് പറഞ്ഞു.. നിന്റെ പപ്പായെ വിളിച്ചു പറഞ്ഞിട്ടുണ്ട്. "
ജോച്ചാച്ചൻ, എന്റെ ഒരേ ഒരു സഹോദരൻ.. അവനെനിക്ക് വെറുമൊരു സഹോദരൻ മാത്രം ആയിരുന്നില്ല.. സുഹൃത്ത്, വഴികാട്ടി, എല്ലാമായിരുന്നു. ജോച്ചാച്ചന്റെ ഭാര്യ ലിസ ചേച്ചി എന്റെ സ്വന്തം ചേച്ചി തന്നെ ആയിരുന്നു. പപ്പായും അമ്മച്ചിയും അവരുടെ രണ്ടു മാലാഖക്കുഞ്ഞുങ്ങളുമായി സ്വർഗ്ഗമായിരുന്നു ആ വീട്.
വിൻസിച്ചായൻ അവിടെ മരുമകനായിരുന്നില്ല, മകൻ തന്നെ ആയിരുന്നു. ഏത് കാര്യവും വിൻസിച്ചായന്റെ അഭിപ്രായം ചോദിക്കാതെ ജോച്ചാച്ചനോ പപ്പയോ ചെയ്തിട്ടില്ല.
വിൻസിച്ചായൻ വിദേശത്തായിരുന്നു.. അത്യാവശ്യം നല്ല നിലക്കായിരുന്നു ഞങ്ങളുടെ ജീവിതം.. അതിനിടയിൽ നല്ലൊരു ജോലി ഇല്ലാത്ത സഹോദരൻ എനിക്കൊരു വേദന ആയിരുന്നു. അങ്ങനെ ആണ് വിൻസിച്ചായൻ ചെറിയ തോതിൽ ഒരു കൺസ്ട്രക്ഷൻ കമ്പനി തുടങ്ങിയതും അതിന്റെ മേൽനോട്ടത്തിന് ജോച്ചാച്ചനെ ഏല്പിച്ചതും.. പിന്നീട് അച്ചാച്ചന്റെ കഴിവിലും സമർഥ്യത്തിലും കമ്പനി വളർന്നു. ജോച്ചാച്ചൻ കമ്പനിയുടെ ഷെയർ ഹോൾഡർ ആയി. അവരും നന്നായി ജീവിച്ചു തുടങ്ങി.
" മോളെ, ഇറങ്ങു, ആശുപത്രി എത്തി "
അപ്പച്ചന്റെ ശബ്ദമാണെന്നേ ചിന്തകളിൽ നിന്നും ഉണർത്തിയത്. അകത്തേക്ക് കേറിയപ്പോഴേ കണ്ടു, ഐസിയു വിനു മുന്നിൽ എല്ലാം തകർന്ന പോലെ ഇരിക്കുന്ന പപ്പാ. കുറച്ചപ്പുറത്ത് കയ്യിൽ മുഖം താങ്ങി വിൻസിച്ചായൻ.. പപ്പാ എന്ന് വിളിച്ചു ഞാൻ ഓടിച്ചെന്നപ്പോൾ ഒന്നും മിണ്ടാനാവാതെ പപ്പാ ഐസിയു വിനകത്തേക്ക് വിരൽ ചൂണ്ടി. ഞാൻ വിൻസിച്ചായന്റെ അടുത്തേക്ക് ഓടി..
" വിൻസിച്ചാ, എന്താ എന്റെ അച്ചാച്ചന് പറ്റിയെ? പറ, അവനു കുഴപ്പം ഒന്നുമില്ലല്ലോ, പറ ഇച്ചായാ" .
ഒന്നുമില്ലെടി അവന്, എന്ന് ആശ്വസിപ്പിക്കുമെന്നു വെറുതെ എങ്കിലും പ്രതീക്ഷിച്ച എന്നെ പാടെ തകർത്തുകൊണ്ട് വിൻസിച്ചായൻ പൊട്ടിപ്പിളർന്നു കരഞ്ഞു.
" ആനിക്കൊച്ചേ, എന്നോട് ക്ഷമിക്കെടി, ഞാനാ... എന്റെ കൈ കൊണ്ടാ അവൻ.... വേണമെന്ന് വെച്ചിട്ടല്ല. അന്യനാട്ടിൽ കിടന്നു അധ്വാനിച്ചു ഞാനുണ്ടാക്കിയ പണം കൊണ്ടു തുടങ്ങിയ ഈ കമ്പനി വെച്ചു അവനെന്നെ ചതിച്ചു എന്ന് കേട്ടപ്പോൾ സഹിച്ചില്ലെടി. വാക്കു തർക്കത്തിനിടെ പിടിച്ചു തള്ളിയതാ, വീഴുമെന്നു കരുതിയില്ല... എന്റെ തെറ്റാടി.. ഞാൻ എവിടെയും പറയാം, പോലീസിലും കീഴടങ്ങാം... എനിക്കിത് സഹിക്കാൻ വയ്യ... "
കേട്ടതൊന്നും വിശ്വസിക്കാനാവാതെ മരവിച്ചിരുന്ന ഞാൻ പകുതിയൊന്നും കേട്ടില്ല. പക്ഷെ, പപ്പായും മറ്റുള്ളവരും ഇങ്ങോട്ട് ശ്രദ്ധിക്കുന്നു എന്ന് തോന്നിയപ്പോൾ വിൻസിച്ചായന്റെ വായ പൊത്തിപ്പിടിക്കാനാണ് എനിക്കപ്പോൾ തോന്നിയത്.
" മിണ്ടല്ലേ ഇച്ചായാ, ആരോടും ഒന്നും പറയല്ലേ.. അവന്റെ ആയുസ്സിന് വേണ്ടി പ്രാർത്ഥിക്കാം നമുക്ക്. "
പറഞ്ഞു പൂർത്തിയാക്കുന്നതിനു മുൻപേ, ഐസിയു വിനകത്ത് നിന്നും ഒരു ട്രോളി പുറത്തേക്കു വരുകയും എന്റെ പൊന്നുമോനെ " എന്നൊരു അലർച്ച പപ്പയിൽ നിന്നുയരുന്നതും ഞാൻ ഒരു പുകമഞ്ഞിനിടയിലൂടെ എന്നപോലെ കണ്ടു. ബോധം മറഞ്ഞു ഞാൻ പിന്നിലേക്ക് വീണതോ ആരുടെയോ കൈകൾ എന്നെ താങ്ങിയതോ ഒന്നും ഞാൻ അറിഞ്ഞില്ല.
ഓർമ വന്നപ്പോൾ ഞാൻ ക്യാഷ്വാലിറ്റിയിൽ ആയിരുന്നു. ചാടിയെണീറ്റ ഞാൻ ആദ്യം തിരഞ്ഞത് വിൻസിച്ചായനെ ആയിരുന്നു.
" ആനി, നമുക്ക് വീട്ടിലേക്കു പോവാം. അപകടമരണം ആയതുകൊണ്ട് പോസ്റ്റ്മോർട്ടം കഴിഞ്ഞേ ബോഡി കിട്ടൂ ".
വിൻസിച്ചായൻ എന്റെ മുഖത്തേക്ക് നോക്കാൻ ബുദ്ധിമുട്ടി. മറുപടി ഒന്നും പറയാതെ ഞാൻ അദ്ദേഹത്തോടൊപ്പം നടന്നു.
വീടിന്റെ ഗേറ്റിൽ ചെന്നപ്പോഴേ കേൾക്കാമായിരുന്നു അമ്മച്ചിയുടെയും ലിസ ചേച്ചിയുടെയും അലമുറ. ഞാൻ തളർന്നു വിൻസിച്ചായന്റെ തോളിലേക്ക് ചാരി. ആരൊക്കെയോ വന്ന് എന്നെ താങ്ങിപ്പിടിച്ച് അകത്തേക്ക് കയറ്റി.. അതിനിടയിൽ കൂടി നിന്നവരെല്ലാം നടന്ന സംഭവത്തെക്കുറിച്ചറിയാൻ വിൻസിച്ചായനെ ചുറ്റിയിരുന്നു. അകത്തേക്ക് കയറുന്നതിനിടയിൽ അരുതേ ' എന്നൊരു ഭാവത്തോടെ ഞാൻ ഇച്ചായനെ നോക്കി.. അദ്ദേഹം എന്നെയും...
എന്നെക്കണ്ടതും ആർത്തലച്ചു കരഞ്ഞ അമ്മച്ചിയെയും ലിസാചേച്ചിയെയും കെട്ടിപിടിച്ചു പരിസരം മറന്നു പൊട്ടിക്കരയുന്നതിനിടക്കും എന്റെ മനസ്സ് വിൻസിച്ചായനിലേക്കു പാളിപ്പോകുന്നതോർത്ത് ഉള്ളിലെവിടെയോ ഒരു കുറ്റബോധം തോന്നി.
മരിച്ചു മരവിച്ചു കിടക്കുന്ന കൂടപ്പിറപ്പിനേക്കാൾ ജയിലിൽ പോയേക്കാവുന്ന ഭർത്താവിനെ ഓർത്ത് മനസ്സുപിടയുന്നതു കൊണ്ട് ഞാനറിയാതെ അസ്വസ്‌ഥയായി.
"പണി നടക്കുന്ന ബിൽഡിങ്ങിൽ എന്തിനോ പോയതായിരുന്നു. പണിക്കാരും ഇല്ലായിരുന്നു ഇന്ന്. മഴ പെയ്തു തെന്നിക്കിടക്കുകയല്ലേ, പ്രതീക്ഷിച്ചു കാണില്ല. വിൻസെന്റ് അപ്പോൾ അവിടെ ചെന്നതുകൊണ്ട് കണ്ടു. ഹോസ്പിറ്റലിൽ കൊണ്ടോവാൻ പറ്റി. പക്ഷെ,.... സമയം അടുത്താൽ പിന്നെ പറഞ്ഞിട്ടെന്താ കാര്യം ".
കൂടി നിൽക്കുന്നവർ വരുന്നവരോട് സംഭവം വിവരിക്കുന്നുണ്ട്. ചോദിക്കുന്നവരോടൊക്കെ വിൻസിച്ചായൻ എന്തൊക്കെയോ പറയുന്നുണ്ട്.
സമയം കടന്നു പോകുന്നതും വീട്ടിൽ ബന്ധുക്കൾ നിറയുന്നതും ഒന്നും അറിയുന്നുണ്ടായിരുന്നില്ല. " കൊണ്ടു വന്നു " എന്നാരോ അടക്കി പറയുന്നത് കേട്ടു.
വെള്ള പുതച്ചു ഉമ്മറത്തു കിടക്കുന്നത് കൂടപ്പിറപ്പാണ്. " ആനിക്കൊച്ചേ " എന്ന വിളി ഇനിയില്ല. ബോധം നഷ്ടപ്പെട്ടിരുന്നെങ്കിൽ എന്ന് ഞാൻ തീവ്രമായി ആഗ്രഹിച്ചു.. കാരണം തുന്നിക്കൂട്ടിയ ആ ശരീരം കാണുന്തോറും ഞാൻ വിൻസിച്ചായനെ വെറുത്തു പോകുമോ എന്ന് ഞാൻ ഭയപ്പെട്ടിരുന്നു. പിന്നീടുള്ള ഓരോ ചടങ്ങുകളും ഒരു ദുസ്വപ്നമെന്നപോലെ കടന്നു പോയി.
അടക്കിയതിന്റെ രണ്ടാം ദിവസം വിൻസിച്ചായൻ വീട്ടിലേക്കു പോകാൻ ഒരുങ്ങി.
കൂടെ ഞാനും. ഈ വീട്ടിൽ ഞാൻ ശ്വാസം മുട്ടി മരിക്കുമെന്ന് തോന്നി. എന്റെ വിഷമം മനസ്സിലായിട്ടോ എന്തോ ആരും എതിർപ്പ് പറഞ്ഞില്ല.
വീട്ടിൽ എത്തിയ ഞാൻ ആദ്യം ആവശ്യപ്പെട്ടത് തിരിച്ചു ദുബായിക്ക് പോകാനുള്ള പേപ്പറുകൾ ശരിയാക്കാനായിരുന്നു. ഇത്തവണ കുട്ടികളെ നാട്ടിലെ സ്കൂളിൽ ചേർക്കാൻ ഉദ്ദേശിച്ചായിരുന്നു വന്നത്. പക്ഷെ വേണ്ട. ഇനിയീ നാട്ടിൽ നിൽക്കാൻ എനിക്ക് വയ്യെന്ന് തോന്നി. ഈ നാട് എനിക്കെന്റെ ഇച്ചായനെ കൂടെ നഷ്ടപ്പെടുത്തുമെന്നു പേടി.
ആരോടും പറഞ്ഞില്ല. ഒരു മാസത്തിനുള്ളിൽ ടിക്കറ്റ് വന്നു. യാത്ര പറയാനായാണ് ഞാൻ വീട്ടിലേക്കു ചെന്നത്. ഈയൊരു സാഹചര്യത്തിൽ ഞാൻ കൂടെ പോകുന്നതിൽ അമ്മച്ചിക്ക് നല്ല വിഷമം ഉണ്ടായിരുന്നു. " ജോക്കുട്ടന്റെ നാല്പത്തൊന്നു കഴിഞ്ഞു പോയാൽ പോരെ " എന്നു മാത്രം അപ്പച്ചൻ ചോദിച്ചു. കുട്ടികളുടെ അഡ്മിഷന്റെ കാര്യം പറഞ്ഞു ഞാൻ ആ വിഷയം മാറ്റി.
ലിസ ചേച്ചിയെ അവിടെ ഒന്നും കാണാത്തത് കൊണ്ട് ഞാൻ റൂമിലേക്ക്‌ ചെന്നു. ജോച്ചാച്ചന്റെ ഫോട്ടോയുടെ മുന്നിൽ കണ്ണീരോടെ ചേച്ചി ഉണ്ടായിരുന്നു.
" ചേച്ചി... " ഞാൻ പതിയെ വിളിച്ചു. ചേച്ചി ഒന്ന് ഞെട്ടിയതുപോലെ തോന്നി.
കയ്യിലിരുന്ന പാസ്ബുക്ക് ഞാൻ മേശപ്പുറത്ത് വെച്ചപ്പോൾ ചേച്ചി ചോദ്യഭാവത്തിൽ എന്നെ നോക്കി.
" ഇത്, ചേച്ചി, നമ്മുടെ കൺസ്ട്രക്ഷൻ മറ്റൊരു ടീമിനെ ഏൽപ്പിച്ചു. മുടക്കുമുതൽ തിരിച്ചു കിട്ടിയതിന്റെ ഒരോഹരിയാണ്. പത്തുലക്ഷം രൂപ കുട്ടികളുടെ പേരിൽ ബാങ്കിലിട്ടു. അതാ... " എനിക്ക് വാക്കുകൾ വിക്കി.
" കോമ്പൻസേഷൻ ആണോ "
" അയ്യോ, അല്ല ചേച്ചി. ജോചാച്ചനുണ്ടെങ്കിലും അവന് അർഹതപ്പെട്ട പണമാണിത്. " ഞാൻ പറഞ്ഞു.
" പോട്ടെ ചേച്ചി, പെട്ടിയൊന്നും ഒതുക്കിയിട്ടില്ല. നാളെ വൈകുന്നേരം ആണ് ഫ്ലൈറ്റ്. " യാത്ര പറഞ്ഞു ഞാൻ വേഗം റൂമിൽ നിന്നിറങ്ങി.
" കൂടപ്പിറപ്പിനേക്കാൾ വലുത് കെട്ടുതാലി തന്നെ അല്ലെ മോളെ? "
പതിഞ്ഞതെങ്കിലും മൂർച്ചയുള്ള ചേച്ചിയുടെ സ്വരത്തിൽ ഞാൻ ഞെട്ടിത്തിരിഞ്ഞു.
" കുറച്ചു നാളായി ജോച്ചായൻ വല്ലാത്ത പിരിമുറുക്കത്തിലായിരുന്നു. പണമിടപാടിൽ വിൻസിക്ക് എന്തോ സംശയം പോലെ എന്നു പറഞ്ഞപ്പോൾ ഞാൻ പറഞ്ഞതാ ഇതു വിട്ടോളാൻ. അപ്പോൾ പറഞ്ഞു ഈ പണി കൂടെ തീർത്തുകൊടുത്തിട്ട് വിട്ടേക്കാം എന്ന്. കൂട്ടുകച്ചവടം ബന്ധം തകർക്കുമെങ്കിൽ അത് വേണ്ടെന്നു വെക്കാമെന്നും.. "
"ജോച്ചായൻ വീണ അതേ സമയം വിൻസെന്റ് അവിടെ ഉണ്ടായിരുന്നു എന്ന് സൈറ്റ് എഞ്ചിനീയർ സുധീഷ് പറഞ്ഞപ്പോഴേ എനിക്ക് സംശയം ഉണ്ടായിരുന്നു . ഇച്ചായന്റെ മരണത്തിനു ശേഷം ഒരിക്കൽ പോലും വിൻസി എന്റെ മുന്നിൽ വരാതായപ്പോൾ സംശയം ഇരട്ടിച്ചു .ഇപ്പൊ ഇതാ കുട്ടികളെ ഇനി ഇവിടെയാ പഠിപ്പിക്കുന്നത് എന്ന് പറഞ്ഞു ദുബായിൽ നിന്നു വന്ന നീ , കൂടപ്പിറപ്പിന്റെ നാല്പത്തൊന്നു പോലും കൂടാതെ ഇത്ര ധൃതി പിടിച്ചു തിരിച്ചു പോകുന്നു എന്നറിഞ്ഞപ്പോൾ ഞാൻ ഉറപ്പിച്ചു ഇതിൽ നിങ്ങൾക്ക് മനസ്സറിവുണ്ടെന്ന്‌ ."
ഞാൻ ഞെട്ടിത്തകർന്നു നിൽക്കുകയായിരുന്നു . എന്നും സ്നേഹവും ആർദ്രതയും നിറഞ്ഞു നിന്നിരുന്ന ലിസാചേച്ചിയുടെ മിഴികൾ ,കഴിഞ്ഞ കുറെ ദിവസങ്ങളായി കണ്ണീരുണങ്ങാത്ത ആ മിഴികളിൽ അഗ്നി പാറുന്നത് എനിക്ക് കാണാമായിരുന്നു .
" ചേച്ചീ , എന്നോട് ക്ഷമിക്ക് ചേച്ചി ...അറിഞ്ഞുകൊണ്ടല്ല വിൻസിച്ചായനു ഒരു കൈയബദ്ധം പറ്റിയതാ ..കുറ്റബോധം കൊണ്ട് തകർന്നിരിക്കാ ആ മനുഷ്യൻ . എന്നെ കൈവിടല്ലേ ചേച്ചീ ...ആങ്ങള നഷ്ടപ്പെട്ട എനിക്കിനി ഭർത്താവു കൂടെ നഷ്ടപ്പെടാൻ വയ്യ . സ്വാർത്ഥയായി പോയി ചേച്ചീ ഞാൻ ...."
ഞാൻ എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു .
" നീ പേടിക്കണ്ട . ഞാൻ ഇത് പോലീസിൽ ഒന്നും പറയില്ല . അതെനിക്ക് കഴിവില്ലാഞ്ഞിട്ടോ ഇച്ചായനോട് സ്നേഹമില്ലാഞ്ഞിട്ടോ അല്ല , നിന്റെ കണ്ണീരു വീണാൽ എന്റിച്ചായന്റെ ആത്മാവു പോലും പൊറുക്കത്തില്ല..പിന്നെ എന്റെ മക്കൾ കരയുന്നത് പോലെ നിന്റെ മക്കൾ കൂടെ കരയുന്നത് എനിക്ക് കാണാൻ വയ്യ . നീ പൊയ്ക്കോ . പക്ഷെ ,ഇനി നീയോ നിന്റെ ഭർത്താവോ ഈ വീടിന്റെ പടികടന്നു വരരുത് . വീണ്ടും അവന്റെ മുഖം കാണേണ്ടി വന്നാൽ എനിക്കെന്നെ നിയന്ത്രിക്കാൻ കഴിഞ്ഞെന്നു വരില്ല . സത്യം അറിഞ്ഞാൽ നിന്നെ ഏറ്റവും വെറുക്കുന്നത് നമ്മുടെ പപ്പയും അമ്മച്ചിയുമാവും .പിന്നെ നീ എന്നും നെഞ്ചോട് ചേർത്തുപിടിക്കുന്ന എന്റെ മക്കളും . വേണ്ട ,അവരുടെ മനസ്സിൽ നിങ്ങൾ നന്നായി തന്നെ ഇരുന്നോട്ടെ . "
പറഞ്ഞവസാനിപ്പിച്ചപ്പോഴേക്കും ചേച്ചി കരഞ്ഞുപോയിരുന്നു .ഈ കേട്ടതിന്റെയെല്ലാം പകപ്പിൽ മറ്റേതോ ലോകത്തെന്നപോലെ നിൽക്കുമ്പോൾ ചാട്ടുളി പോലെ വീണ്ടും വാക്കുകൾ ചീറി വന്നു .
" പോകുമ്പോൾ ഇതുകൂടി കൊണ്ടുപോയ്‌ക്കോ . എന്റിച്ചായന്റെ ജീവനു നീയിട്ട വില . ഇനി ഈ കുടുംബം പോറ്റാൻ ഞാൻ മതി ."
എന്റെ നേർക്ക് അവജ്ഞയോടെ നീട്ടിയ പാസ്ബുക്ക് അറിയാതെ വാങ്ങിപ്പോയ ഞാൻ പുറത്തേക്കിറങ്ങിയതും പിന്നിൽ റൂമിന്റെ വാതിലടഞ്ഞതും ഒന്നിച്ചായിരുന്നു .
എനിക്കറിയാം ,ആ വാതിലിനപ്പുറം ചങ്കുപൊട്ടിക്കരയുന്ന പെണ്ണിന്റെ ഭിക്ഷയാണ് എന്റെ ഇനിയുള്ള ജീവിതമെന്ന് .
" പോട്ടെ " എന്നൊരു വാക്കുകൊണ്ട് അമ്മച്ചിയോടും പപ്പയോടും യാത്ര പറഞ്ഞു, അപ്പച്ചനോട് സംസാരിച്ചു കൊണ്ടിരുന്ന വിൻസിച്ചായന്റെ കയ്യും പിടിച്ചു ഇറങ്ങുമ്പോൾ ഒന്നും മനസ്സിലാവാതെ എല്ലാരും എന്നെ അമ്പരന്നു നോക്കുന്നുണ്ടായിരുന്നു . പൊട്ടിവന്നൊരു കരച്ചിൽ കടിച്ചമർത്തി ഓടുമ്പോൾ പൂമുഖച്ചുവരിൽ കത്തിച്ച മെഴുതിരിയുടെ പുറകിൽ ചിരിച്ച മുഖമുള്ള കൂടപ്പിറപ്പിന്റെ ഫോട്ടോക്ക് മുന്നിൽ ഒരു നിമിഷം നിന്നു .
'ഒന്നുമില്ല എനിക്ക് തിരികെത്തരാൻ .. ഞാൻ ജീവിച്ചിരിക്കുമ്പോൾ നിന്റെ ഭാര്യയും മക്കളും അനാഥരാവില്ല എന്നൊരു വാക്കു മാത്രം ......
ജെയ്‌നി ടിജു .

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot