Slider

വേനൽമഴ

0
Image may contain: 1 person, closeup and indoor
"കുട്ടി ഇതൊന്നു ശരിയായോ നോക്കു, കുറെ ദിവസായി നടക്കുണു "
അല്പം വിറയാർന്ന ശബ്ദം എവിടെയോ കേട്ടു മറന്ന പോലെ...!!
പുതിയതായി ചാർജ് എടുത്ത സെക്ഷനിൽ എന്നെ കാത്തു കിടന്ന ഫയൽ കൂമ്പാരങ്ങളിൽ ഒന്നിൽ വിരസമായി ഉടക്കി കിടക്കുകയായിരുന്നു മനസ്സ്.
മെല്ലെ മുഖമുയർത്തി നോക്കി... വലതു കയ്യിൽ നീട്ടിപ്പിടിച്ച കവറും ഇടതു കയ്യിൽ ഒരു കറുത്ത ബാഗും കുടയുമായി നിൽക്കുന്ന രൂപം. ഓർമകളുടെ പഴകി ദ്രവിച്ച പുസ്തക താളുകളിലെവിടെയോ നിറം മങ്ങിയൊരു ചിത്രം പോലെ.
കാലത്തിന്റെ കുത്തൊഴുക്കുകൾ മുഴുവന്‍ ഏറ്റു വാങ്ങിയൊരു മുഖം. കറുത്ത ഫ്രെയിമുള്ള കണ്ണടക്കു പിന്നിൽ ജീവൻ നഷ്ടപെട്ട കണ്ണുകളിലേക്കു ഒന്നേ നോക്കിയുള്ളൂ.
ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു.....
"ദിവാകരൻ മാഷ്"...
ഫയൽ നീക്കി എണീറ്റു...!!
ഒരു നിമിഷം ഒന്നും പറയാനാവാതെ ആ മുഖത്തു നോക്കി നിന്നപ്പോൾ ഓർമ തുണ്ടുകൾ പെറുക്കി പിറകോട്ടു പായുകയായിരുന്നു മനസ്സ്.
സ്കൂൾ കലോത്സവത്തിന് ഒന്നാം സമ്മാനം കിട്ടിയ കവിത ചൊല്ലി സ്റ്റേജിൽ നിന്നും ഇറങ്ങി വരുമ്പോൾ നിറഞ്ഞ ചിരിയോടെ ദിവാകരൻ മാഷ് മുന്നിൽ.......
"കവിത നന്നായി ട്ടോ.. ഇനിയും എഴുതണം. "
തലയിൽ കൈ വച്ചു മാഷ് അത് പറഞ്ഞപ്പോൾ ഉള്ളിൽ ആയിരം മഴവില്ലുകൾ ഒന്നിച്ചു വിരിഞ്ഞ പോലെ.
പിന്നീട് മാഷിന്റെ കണക്കു ക്ലാസ്സിൽ കൂട്ടിയും കിഴിച്ചും പിഴക്കുമ്പോൾ അതേ നിറഞ്ഞ ചിരിയോടെ മാഷ് വീണ്ടും മുന്നിൽ...
"കണക്കും ഒരു കവിതയാണ് കുട്ടി...അക്കങ്ങളൊക്കെ തെറ്റാതെ അടുക്കും ചിട്ടയോടും കൂടി ചേർത്ത്
വെച്ചാൽ കിട്ടുന്ന മനോഹരമായ ഒരു കവിത... "
കണക്കു തനിക്കു എന്നുമൊരു ബാലികേറാമല ആയിരുന്നല്ലോ
ആ നിമിഷം തന്നെയാവണം താനും മെല്ലെ കണക്കിനെ ഇഷ്ടപ്പെട്ടു തുടങ്ങിയതും.
മക്കളില്ലാത്ത മാഷിന്റെ നിറഞ്ഞു തുളുമ്പുന്ന സ്നേഹ വാത്സല്യങ്ങൾ അനുഭവിച്ചറിഞ്ഞ നിമിഷങ്ങൾ എത്രയോ ഏറെ. പിന്നീട് മാഷ് സ്ഥലം മാറ്റം വാങ്ങി പോയപ്പോൾ മനസ്സിൽ വല്ലാത്തൊരു ശൂന്യത അനുഭവപ്പെട്ടിരുന്നു കുറെകാലം. എന്നിട്ടും മാഷ് പലപ്പോഴായി ഉരുവിട്ട് തന്ന ഉപദേശങ്ങൾ, നന്മ തുണ്ടുകൾ ഒക്കെ കൈ വിട്ടു കളയാതെ ഉള്ളിൽ എവിടെയോ സൂക്ഷിച്ചു വച്ചിരുന്നല്ലോ ഞാൻ.
'' കുട്ടി പുതിയ ആളാണോ , ഈ സീറ്റില്‍ മുന്‍പ് വേറൊരാളായിരുന്നു..!! ഇതൊന്ന് ശരിയാക്കിത്തരാമോ..? ബാങ്കില്‍ ഒരു അത്യാവിശ്യത്തിന് കൊടുക്കാന്‍ ആയിരുന്നു.''
മാഷിന്റെ വാക്കുകൾ ചിന്തയിൽ നിന്നുയർത്തി..
"മാഷിന് എന്നെ മനസ്സിലായോ...? പെരിങ്ങോട് ഗവണ്മെന്റ് ഹൈ സ്കൂളിൽ... മാഷിന്റെ ക്ലാസ്സിൽ ആയിരുന്നു ഞാൻ... പയ്യാരത്തെ... "
കറുത്ത കണ്ണടക്കു പിറകിൽ ഓർമ്മകൾ ഒപ്പിയെടുക്കാൻ പാടുപെടുന്ന കണ്ണുകൾക്കു പെട്ടെന്ന് ജീവൻ വെച്ച പോലെ...
"പയ്യാരത്തെ ജയകൃഷ്ണന്റെ... "
"അതേ മാഷെ.. മോളാണ് "
"അച്ഛനിപ്പോ? "
"റിട്ടയേർഡ് ആയി... നാട്ടിൽ കുറച്ചു കൃഷിയൊക്കെ ആയി കഴിയുന്നു "
വരണ്ട ചുണ്ടുകളുടെ കോണിൽ ഒരു പുഞ്ചിരി മിന്നി മറഞ്ഞു.... "ഇപ്പോഴും കവിത എഴുതാറുണ്ടോ ".
വാത്സല്യത്തിന്റെ നറുമണം ചുറ്റും നിറയുമ്പോൾ മനസ്സ് ഒരു പതിനഞ്ചു കാരിയിലേക്കു വീണ്ടും പിന്തിരിഞ്ഞോടുന്നു
ഈശ്വരാ മാഷ് അതൊക്കെ ഇപ്പോഴും ഓർക്കുന്നുണ്ടോ....!!
ഒരിക്കൽ താൻ ഓമനിച്ചു നട്ടു വളർത്തിയ കവിതപ്പൂക്കൾ... ജീവിതപാച്ചലിൽ പാതിവഴിയെ മഴ നനയാതെയും വെയിലേൽക്കാതെയും വാടി കരിഞ്ഞു പോയല്ലോ അവയൊക്കെയും.. ഞാൻ പോലും അറിയാതെ
എന്നിട്ടും മാഷിനെ സന്തോഷിപ്പിക്കാനായി പറഞ്ഞു..
"വല്ലപ്പോഴും "
"മാഷെന്താ ഇവിടെ? "..
"ഒരു വരുമാന സെര്‍ട്ടിഫിക്കറ്റിനു വേണ്ടിയാ.. കുറെയായി അപേക്ഷ കൊടുത്തിട്ടു.. ഇതു കിട്ടീട്ടു വേണം ബാങ്കിൽ ചെന്ന് കൊടുക്കാൻ . ഒരു ലോണിന് അപേക്ഷിക്കാനാണ്.. ''
"ഞാൻ നോക്കാം മാഷെ.. ടീച്ചർ ഇപ്പോ? "
"കിടപ്പിലാണ്... എന്റെ പെൻഷൻ കൊണ്ടു മരുന്ന് വാങ്ങാൻ പോലും തികയിണില്ല ".
"മാഷിരിക്കു.. ഞാൻ നോക്കട്ടെ "
"കുട്ടി ഒന്ന് നോക്കു . കുറെ ആയി നടക്കുണു.. "
മുന്നിലെ ഫയൽ കൂമ്പാരത്തിൽ നിന്നും പണിപ്പെട്ടു മാഷിന്റെ ഫയൽ തിരഞ്ഞെടുത്തു... തുറന്നു നോക്കിയപ്പോൾ ഉള്ളിൽ പതഞ്ഞു പൊങ്ങിയ രോഷം മെല്ലെ കടിച്ചിറക്കി...
എല്ലാം ശരിയാക്കി വച്ചിരിക്കുന്നു.. ഒരു ഒപ്പ് മാത്രം മതി.. ഇതിനു വേണ്ടിയാണോ ഈ പാവം മനുഷ്യനെ...
"ഇപ്പൊ ശരിയാക്കി തരാം മാഷെ "
ഒപ്പ് വാങ്ങി വന്ന് സർട്ടിഫിക്കറ്റ് മാഷിന് നേരെ നീട്ടുമ്പോൾ മനസ്സ് അത് വരെ അനുഭവിക്കാത്ത ഒരു ആനന്ദം അറിയ്യുകയായിരുന്നു
"വളരെ ഉപകാരം.. അച്ഛനോട് അന്വേഷണം പറയു.. "
അത് പറയുമ്പോൾ മാഷിന്റെ കണ്ണുകൾ സജലങ്ങളായോ..?
ഒരു ദയനീയ ചിത്രം പോലെ മാഷ് മെല്ലെ നടന്നു നീങ്ങിയപ്പോൾ എന്തൊക്കെയോ വികാരങ്ങളുടെ പുറകെ പായുകയായിരുന്നു മനസ്സ്.
തിരിച്ചു വന്നു മാഷ് മേശ പുറത്തു വച്ച കവർ തുറന്നു അതിലെ അപേക്ഷ എടുത്തു നിവർത്തി... അതിൽ നിന്നും എന്തോ ഒന്ന് നിലത്തു വീണത് കുനിഞ്ഞെടുക്കാൻ ശ്രമിക്കുമ്പോഴാണ് കണ്ടത് ..
മുഷിഞ്ഞ ഒരു നൂറു രൂപ നോട്ട്..!
ഒരു നിമിഷം ഹൃദയ മിടിപ്പുകൾക്കു താളം തെറ്റിയ പോലെ ..
ഗുരുദക്ഷിണ വാങ്ങി അനുഗ്രഹിക്കേണ്ട ആ കൈകളിൽ നിന്ന്..!!
.നോട്ട് കയ്യിൽ പിടിച്ചു ഓഫീസിൽ നിന്നും ഇറങ്ങി ഓടുമ്പോൾ മാഷ് പോയി കാണരുതേ എന്ന ഒരു പ്രാർത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളു.
ഇല്ല, ചുട്ടു പൊള്ളുന്ന വെയിലില്‍ ദൂരെ ഒരു ചോദ്യചിഹ്നം പോലെ നടന്നു നീങ്ങുന്ന മാഷ്..!!
"എന്താ മാഷെ ഇത് "
ഓടി മുന്നിൽ ചെന്ന് നോട്ട് മാഷിന് നേരെ നീട്ടി ഒരു നിമിഷം എന്തൊക്കെയോ വികാരങ്ങൾ ആ മുഖത്തു മിന്നിമറഞ്ഞു
"അത്... അവിടെ മുൻപ് ഇരുന്ന ആൾ... ഇവിടെ ഇതൊക്കെ പതിവാ... ഞാൻ ഓർത്തില്ല.. കുട്ടിക്ക് ഒന്നും തോന്നരുത് "
രൂപ മെല്ലെ മാഷിന്റെ കൈയിൽ വച്ചു കൊടുത്തിട്ടു പറഞ്ഞു
"ഇല്ല മാഷെ.. മാഷ് പഠിപ്പിച്ചതൊന്നും ഞാൻ മറന്നിട്ടില്ല.. "
അപ്പോൾ ആ കണ്ണിൽ കണ്ട തിളക്കത്തിന് നൂറു അർഥങ്ങൾ ഉണ്ടെന്നു തോന്നി...! വർഷങ്ങൾക്കു ശേഷം ഒരിക്കൽ കൂടി ആ കൈകൾ ശിരസ്സിൽ പതിഞ്ഞു...!!
"ഉള്ളിലെ ഈ നന്മ.. അത് കൈ വിടാതെ മുറുക്കെ പിടിച്ചോളൂട്ടോ... ഇതിൽ കൂടുതൽ ഒന്നും വേണ്ട എന്റെ കുട്ടികളിൽ നിന്ന്... നന്നായി വരും.. ഈശ്വരൻ അനുഗ്രഹിക്കട്ടെ . "
ഗുരു വചനങ്ങൾ..!!
പൊള്ളുന്ന മീനച്ചൂടിൽ നിനക്കാതെ പെയ്‌ത വേനൽ മഴ പോലെ അവ മനസ്സിനെ കുളിർപ്പിച്ചു ചുറ്റും പെയ്‌തിറങ്ങി..!!
ശ്രീകല മേനോൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo